മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 7
സീൻ 3
സ്റ്റേജിന്റെ പിന്നിലുള്ള സ്ക്രീനിൽ പുതിയ വാർത്തകൾ കാണുകയാണ് ആനന്ദും ബ്രിജേഷും. അവരുടെ രൂപം നിഴലായി സദസ്സിലുള്ളവർക്ക് കാണാം. ദില്ലിയിലെ അശോകാ റോഡാണ് രംഗം. യജ്ഞത്തിനുവേണ്ടി 50X50 അടി വലിപ്പമുള്ള ഒരു കുണ്ഡം കുഴിച്ചിരിക്കുന്നു. ചന്ദനവിറകുകൾ കെട്ടുകെട്ടായി കുഴിയിലേക്ക് വെച്ച് രണ്ട് പുരോഹിതന്മാർ തീ കൊടുക്കുന്നു. അതിനുശേഷം നെയ്യൊഴിക്കുമ്പോൾ തീ ആളിക്കത്തുന്നു. ക്യാമറയുടെ കണ്ണെത്തുന്ന ദൂരത്തോളം യജ്ഞത്തിൽ പങ്കെടുക്കാനെത്തിയ രുദ്രാക്ഷമാലയണിഞ്ഞ കാവിവസ്ത്രമണിഞ്ഞ സന്ന്യാസികളെ കാണാം. തീ ആളിക്കത്തുന്നതോടെ ദൃശ്യങ്ങൾ അവസാനിക്കുകയും സ്റ്റേജിൽ സാധാരണ വെളിച്ചം നിറയുകയും ചെയ്യുന്നു)
ആനന്ദ് (ബ്രജേഷിനുനേരെ തിരിഞ്ഞ്): അത് കാണാൻ ഗംഭീരമായിട്ടുണ്ട്! പക്ഷേ നമ്മുടെ മുമ്പിലുള്ള വലിയ ചോദ്യം, എന്നാണ് തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ്. താങ്കളുടെ അച്ഛനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ, തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന അഭിപ്രായക്കാരാണ്.
ബ്രജേഷ്: മുസ്ലിങ്ങൾ തിരിച്ചുവന്ന് വോട്ടർമാരുടെ എണ്ണം പഴയതുപോലെയാവാൻ അവർ കാത്തിരിക്കുകയാണെന്ന് ഞാൻ ഊഹിക്കുന്നു.
ആനന്ദ്: മുസ്ലിങ്ങൾ തിരിച്ചുവരാൻ പോവില്ലെന്ന് അവർക്കറിയാം. തിരഞ്ഞെടുപ്പ് ആവുന്നതും നീട്ടിവെപ്പിച്ച്, ആ സമയത്തിനുള്ളിൽ പുതിയ തന്ത്രങ്ങൾ കണ്ടുപിടിക്കുകയാണ് അവരുടെ മനസ്സിലിരിപ്പ്. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നേരിടാൻ അവർക്കാവില്ല. അവരുടെ നിർഭാഗ്യത്തിന് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ജാതീയമായി മറുഭാഗത്തായിപ്പോയി. വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് അവരുടെ ആവശ്യം.
ബ്രജേഷ്: നേരത്തേ നടത്തിയാൽ എന്ത് ഗുണമാണ് അവർ പ്രതീക്ഷിക്കുന്നത്?
ആനന്ദ്: അത് വ്യക്തമല്ലേ? മുസ്ലിങ്ങൾ പോയതോടെ, ത്രികോണ, ചതുഷ്കോണ, ബഹുകോണമത്സരങ്ങൾക്ക് അർത്ഥമില്ലാതായി. നോക്കൂ, ജനസംഖ്യയുടെ 30 ശതമാനം ഉയർന്ന ജാതിക്കാരാണെങ്കിൽ, 70 ശതമാനം ദളിതരും ആദിവാസികളും മറ്റ് പിന്നാക്കജാതിക്കാരുമാണ്. എണ്ണത്തിന്റെ കണക്കെടുത്താൽ ഉപരിവർഗ്ഗക്കാർ എത്രയോ പിന്നിലാണ്.
ബ്രജേഷ് (ശബ്ദത്തിൽ ആകാംക്ഷയോടെ): അച്ഛനും അനിതയ്ക്കും എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. നിലവിലെ സാഹചര്യത്തിൽനിന്ന് എന്തെങ്കിലും ഗുണം കൊയ്യാമെന്നും, മുസ്ലിങ്ങളുടെ സ്വത്ത്, ദരിദ്രരുടേയും അധസ്ഥിതരുടേയും ഉന്നമനത്തിനായി ഉപയോഗിക്കാമെന്നുമാണ് അനിത ഇപ്പോഴും വിശ്വസിക്കുന്നത്. ഒരു പുതിയ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുണ്ടാക്കാൻ ദളിതരും, ആദിവാസികളും പിന്നാക്കജാതികളും മാത്രമല്ല, സവർണ്ണരും ഒരുമിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് അവളുടെ വിശ്വാസം.
ആനന്ദ് (കൗതുകത്തോടെ): ഒരു ഹിന്ദു സോഷ്യലിസ്റ്റ് സമൂഹമോ? സ്വപ്നം നല്ലതാണ്, സംശയമില്ല. പക്ഷേ അത് സ്വപ്നമായിത്തന്നെ അവശേഷിക്കുകയേ ഉള്ളു.
(ഡെസ്കിൽനിന്നുള്ള ഒരു പത്രപ്രവർത്തകൻ ഓടിവരുന്നു).
പത്രപ്രവർത്തകൻ: സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നമ്മുടെ ബ്യൂറോ ഒരു എക്സ്ക്ലൂസിവ് വാർത്ത ഫ്ലാഷ് ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി സ്ഥാനർത്ഥിയായി, ദളിത് സമാജ് അവരുടെ നേതാവിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന്. അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ പ്രഖ്യാപനമുണ്ടാവും. ഇത് കലിയുഗമാണ് സർ, കലിയുഗം!
ബ്രജേഷ്: ഇതൊരിക്കലും സാധ്യമല്ല.
ആനന്ദ്: ഭാരതം ഒരു ദളിത് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
(സ്റ്റേജിലെ വെളിച്ചം കെടുന്നു. പുതിയ വാർത്തകളുമായി ഒരു വനിതാ ന്യൂസ് അവതാരകയുടെ ശബ്ദം കേൾക്കാം).
ന്യൂസ് വായനക്കാരിയുടെ ശബ്ദം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവെപ്പിലേക്കും പൊതുമുതൽ നശിപ്പിക്കലിലേക്കും നയിക്കുന്നവിധത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നതായി വാർത്തയുണ്ട്. രാജ്യതലസ്ഥാനത്ത് ക്രമസമാധാനപാലനത്തിനായി പൊലീസിനെ വിന്യസിച്ചിരിക്കുന്നു. അധസ്ഥിതി ജാതിക്കാരുടെ ഒരു മുന്നണിയാണ് പ്രതിഷേധിക്കാരെ നയിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. നിഗൂഢമായ സാഹചര്യത്തിൽ മുസ്ലിങ്ങൾ അപ്രത്യക്ഷമായതിനെത്തുടർന്ന്, അവർ തിരിച്ചുവരുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ, സുപ്രീം കോടതിയുമായി ചർച്ച ചെയ്ത് തീരുമാനിച്ചതിനെത്തുടർന്നാണ് അവർ പ്രതിഷേധം ആരംഭിച്ചത്.
പ്രതിഷേധങ്ങൾ ആളിപ്പടരുന്നതിനാൽ, സാഹചര്യങ്ങൾ നിയന്ത്രണാതീതമാകുമെന്ന് പൊലീസ് ഭയക്കുന്നു. മുസ്ലിങ്ങളുടെ തിരിച്ചുവരവിനും, തിരഞ്ഞെടുപ്പിന്റെ സമാധാനപൂർണ്ണമായ നീട്ടിവെക്കലിനും സഹായിക്കുന്നതിനായി ഗംഭീരമായ ഒരു യജ്ഞം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പിൽ നടക്കുന്നതിനാൽ, പ്രതിഷേധം കൊണ്ടുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിനായി സൈന്യത്തെ വിളിക്കാനിടയുണ്ടെന്ന് ഒരു ഉന്നത പൊലീസുദ്യോഗസ്ഥൻ അറിയിച്ചു.
ആരാധനാസ്ഥലങ്ങളെ സംരക്ഷിക്കുന്നതിനായി സൈന്യത്തോടും അർദ്ധസൈനികവിഭാഗത്തിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സ്ത്രീകൾ ശിവലിംഗപൂജ ചെയ്യുന്ന ലഖ്‌നോവിലെ പഡായിൻ കീ മസ്ജിദിലേക്ക് പൊലീസ് പോയിട്ടുണ്ട്. മുസ്ലിങ്ങൾ രാജ്യത്തില്ലാത്തതിനാൽ, കലാപമൊന്നും ഉണ്ടാവില്ലെന്ന ധാരണയിൽ മസ്ജിദിൽ പൊലീസിന്റെ സാന്നിധ്യം ആവശ്യമില്ലെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, മുസ്ലിങ്ങൾ തിരിച്ചുവന്നാൽ, ഒരു മസ്ജിദിൽ നടക്കുന്ന പൂജ കലാപത്തിലേക്കും വർഗ്ഗീയതയിലേക്കും നയിച്ചേക്കാമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മുസ്ലിങ്ങളുടെ അപ്രത്യക്ഷമാകൽ, അവരുടെ സ്വത്തുക്കളും കച്ചവടങ്ങളും വീടുകളും കൈയ്യടക്കാനുള്ള ശ്രമങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ദളിതരും മറ്റ് പിന്നാക്കവിഭാഗങ്ങളുമാണ് ആദ്യം ആ സ്വത്തുക്കളിൽ അവകാശവാദമുന്നയിച്ചതെങ്കിലും, അധികം താമസിയാതെ, ഉയർന്ന ജാതിക്കാരും ആ വഴി പിന്തുടർന്നുകഴിഞ്ഞിരിക്കുന്നു.
പലയിടങ്ങളിലും തീ വളരെ വേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നതിനാൽ ആകാശത്തുനിന്ന് അഗ്നിശമനജലം തളിക്കാൻ വായുസേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ ഓഫീസ് സമുച്ചയങ്ങൾക്കും കെട്ടിടങ്ങൾക്കും തീ ഭീഷണിയാവുന്നുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി അടിയന്തര ക്യാബിനറ്റ് സമ്മേളനം വിളിച്ചിരിക്കുന്നു.
അതേസമയം, കശ്മീരിൽ, സമ്പൂർണ്ണ വാർത്താവിനിമയ നിരോധം ചുമത്തിയിട്ടുണ്ടെങ്കിലും വിദേശലേഖകരുടെ ഒരു ചെറിയ സംഘം ശ്രീനഗറിലുണ്ട്. പാർലമെന്റ് ആക്രമണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി വധിക്കപ്പെട്ട ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങൾ ശ്രീനഗറിലുള്ള രക്തസാക്ഷികളുടെ ശ്മശാനമായ ഈദ്ഗാഹിൽ സംസ്കരിച്ചുവെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു. ദു:ഖമാചരിക്കുന്നവർ കറുത്ത വസ്ത്രമണിഞ്ഞ്, ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങൾ ഒരു ജാഥയായി കൊണ്ടുപോവുകയും ഔപചാരികമായി അടക്കംചെയ്യുകയും ചെയ്തിരിക്കുന്നു.
മുസ്ലിങ്ങൾ ഇന്ത്യയിൽനിന്ന് അപ്രത്യക്ഷമായത്, താഴ്വരയിൽ നിയോഗിച്ചിരിക്കുന്ന സൈന്യ-അർദ്ധസൈനിക വിഭാഗങ്ങൾക്കിടയിൽ അനിശ്ചിതാവസ്ഥ വ്യാപിപ്പിച്ചിരിക്കുന്നു. തങ്ങളുടെ സഹോദരന്മാരുടെ കൂടെ അപ്രത്യക്ഷരാകാതിരുന്ന താഴ്വരയിലെ സമുദായാംഗങ്ങൾ, അവർ അവകാശപ്പെടുന്നതുപോലെ ഇന്ത്യൻ മുസ്ലിങ്ങളാണോ, കശ്മീരി മുസ്ലിങ്ങളാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
(ന്യൂസ് റീഡറുടെ ശബ്ദം താഴ്ന്ന് സ്റ്റേജിൽ വെളിച്ചം വരുന്നു. ആനന്ദും ബ്രജേഷും വാർത്തകളെക്കുറിച്ച് അനൗപചാരികമായ സംസാരത്തിൽ)
ആനന്ദ് (തന്നോടുതന്നെ): ഞാൻ പറയുന്നത് എഴുതിവെച്ചോളൂ. ഈ രാജ്യം ഇനിയൊരിക്കലും പഴയതുപോലെ ആവില്ല. മുസ്ലിങ്ങൾ തിരികെ വന്നാൽപ്പോലും.
ബ്രജേഷ്: സുഖകരമായ സമയമല്ല വരാൻ പോകുന്നതെന്ന് എനിക്കറിയാം. സത്യത്തിൽ, ഓരോ നിമിഷവും പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്. എന്നാലും, ഈ ആശയക്കുഴപ്പത്തിനിടയിലും ഒരു ചെറിയ പ്രതീക്ഷയുണ്ട്. ഞാൻ താങ്കളുമായി പങ്കുവെക്കാൻ പോവുന്ന കാര്യങ്ങൾ വിചിത്രമായി നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ ഇന്നത്തെ ഈ അയഥാർത്ഥ സാഹചര്യത്തിൽ എന്തും സംഭവിക്കാവുന്നതേയുള്ളു. (അല്പസമയത്തിനുശേഷം, ഒരു രഹസ്യം പങ്കിടുന്നതുപോലെ ശബ്ദം താഴ്ത്തിക്കൊണ്ട്) സർക്കാരിലെ എന്റെ സ്രോതസ്സുകൾ പറയുന്നത്, മതേതര, സാംസ്കാരികസമന്വയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പഴയ മൈഹാർ രാജാവിന്റെ ദർബാറും ബാരാബങ്കിയിലെ ദർഗ്ഗയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ സൂഫി ആചാര്യൻ ബൻസയിലെ ഷാ അബ്ദുൾ റസാഖിന്റെ ആത്മാവും തമ്മിൽ ഒരു ചർച്ച നടന്നിട്ടുണ്ടെന്നാണ്.
ആനന്ദ് (അവിശ്വാസത്തോടെ): അത് അത്ഭുതമായിരിക്കുന്നു. മൈഹർ രാജവംശം ഏതാണ്ട് സമകാലികമാണെങ്കിലും ഷാ അബ്ദുൾ റസാഖ് 17-ആം നൂറ്റാണ്ടിലെയല്ലേ? അതുമാത്രമല്ല, എന്തുകൊണ്ട് മൈഹാർ രാജവംശം? മാത്രമല്ല മധ്യപ്രദേശിലെ മൈഹാർ ദർബാറും ഉത്തർ പ്രദേശിലെ ബാരാബങ്കിയിലുള്ള ഒരു ദർഗ്ഗയും തമ്മിൽ എങ്ങിനെയാണ് പരസ്പരം ബന്ധപ്പെട്ടത്?
ബ്രജേഷ്: ബൻസയും മൈഹാറും തമ്മിലുള്ള ബന്ധം മനസ്സിലാവണമെങ്കിൽ അല്പം പിന്നോട്ടു പോകണം. താങ്കൾക്കറിയാവുന്നതുപോലെ, മൈഹാറിലെ ആസ്ഥാനഗായകനായിരുന്നു ബാബ അലാവുദ്ദീൻ ഖാൻ. മൈഹാറിലെ പ്രധാന മൂർത്തിയായ മാ ശാരദ, അഥവാ സരസ്വതീ ദേവിയുമായി അദ്ദേഹത്തിന് ആത്മീയമായ ഒരു ബന്ധമുണ്ടായിരുന്നു. ഇനി, ബൻസയിലെ കാര്യമാണെങ്കിൽ, ഷായുടെ അടുത്ത ശിഷ്യനായിരുന്നു കവിയും, കൃഷ്ണഭക്തനുമായ മൗലാനാ ഹസ്രത്ത് മൊഹാനി. മുഷായിര അവതരിപ്പിക്കുന്നതിനായി മൈഹർ സന്ദർശിക്കുന്നതിനിടയിൽ ഒരിക്കൽ അദ്ദേഹം അലാവുദ്ദീൻ ഖാൻ സാഹേബുമായി കണ്ടുമുട്ടുകയുണ്ടായി. അതിനുശേഷം, മൈഹാറും ബൻസയും തമ്മിൽ ഒരു ആത്മീയബന്ധം രൂപപ്പെട്ടു എന്ന് പറയപ്പെടുന്നു.
ആനന്ദ്: ദർബാറിൽ എന്തായിരുന്നു ചർച്ച ചെയ്യപ്പെട്ടത്?
ബ്രജേഷ്: മുസ്ലിങ്ങൾ പോയതിനുശേഷം, ഇന്ത്യയിലുള്ള സൂഫി ദേവാലയങ്ങളിൽ ഒരു അസ്വസ്ഥത ഉണ്ടായിട്ടുണ്ടെന്ന് (ഒന്ന് നിർത്തി) ഷാ റസാഖ് ബാബ, മൗലാനാ ഹസ്രത്ത് മൊഹാനിയെ കൺവീനറായി നിയമിച്ചിട്ടുണ്ടെന്ന്.
ആനന്ദ്(ആശയക്കുഴപ്പത്തിലായപോലെ): എന്തിന്റെ കൺവീനർ?
ബ്രജേഷ്: മുസ്ലിങ്ങളുടെ അപ്രത്യക്ഷമാകലിനെക്കുറിച്ച് ഒരു പ്രത്യേക കോടതി നിലവിൽ വന്നിട്ടുണ്ടെന്ന് അറിയില്ലേ? ഒരുപക്ഷേ നിങ്ങൾ ആ വാർത്ത കാണാൻ വിട്ടുപോയിട്ടുണ്ടാവും. എന്തായാലും, ആ കോടതി ആവശ്യപ്പെട്ട ഒരു കാര്യം, ഒരു പതിനൊന്നംഗ ജൂറിയെ നിയമിക്കണമെന്നാണ്. ഹസ്രത്ത് മൊഹാനി അതിന്റെ കൺവീനറുമായിരിക്കും.
ആനന്ദ്: അത് വിചിത്രമായിരിക്കുന്നു. ഞാൻ ഉദ്ദേശിച്ചത്, ഈ ജൂറികളുള്ള ഒരു പ്രത്യേക കോടതി വിചിത്രമായിരിക്കുന്നു എന്നാണ്..ഈ ജൂറി സംവിധാനം 1950-ൽത്തന്നെ എടുത്തുകളഞ്ഞിട്ടുണ്ടെന്നുള്ളത് അറിയാമായിരിക്കുമല്ലോ. അതിനെ പുനരുജ്ജീവിപ്പിക്കുക എന്നത് വിചിത്രമായിരിക്കുന്നു. അതുപോട്ടെ, ആരാണ് ഈ പ്രത്യേക കോടതി സ്ഥാപിച്ചത്? മാത്രമല്ല, ഈ ജൂറി എങ്ങിനെയുള്ളതായിരിക്കും? (ഒന്ന് നിർത്തി) അത്, വിട്ടുപോയവരുടെ ഭാഗത്തേക്ക് ചായുന്ന ഒന്നായിരിക്കുമോ? (ന്യൂസ് ഡെസ്കിൽനിന്നുള്ള ഒരു പത്രപ്രവർത്തകന്റെ വരവ് ആനന്ദിനെ തടസ്സപ്പെടുത്തുന്നു)
പത്രപ്രവർത്തകൻ: പ്രത്യേക കോടതിയിലെ ജൂറി സമതുലിതമായ ഒന്നായിരിക്കുമെന്ന് വാർത്തയുണ്ട്. മുസ്ലിമുകളും ഹിന്ദുക്കളും അടങ്ങിയ ഒന്ന്. ഒരേയൊരു ഉപാധി മാത്രമേയുള്ളു. ഒരു ബഹുസ്വര ഇന്ത്യയിൽ വിശ്വസിക്കുന്നവരും, ഇതരമതങ്ങളോട് പരസ്പര ബഹുമാനവുമുള്ളവരാവണമെന്ന്.
ആനന്ദ് (ഉപേക്ഷയോടെ): അസംബന്ധം..മതേതര വിഭ്രമം..അഴുകിയ സാധനം.
ബ്രജേഷ് (മൊബൈലിലെ ഒരു സന്ദേശം വായിക്കുന്നു): സുപ്രീം കോടതി സ്ഥാപിച്ചിരിക്കുന്ന പ്രത്യേക കോടതി ജനങ്ങളുടെ കോടതിയായിരിക്കില്ല. സർക്കാരിന്റെ കരാറിനെക്കുറിച്ച് എനിക്ക് കിട്ടിയ സന്ദേശത്തിൽ പറയുന്നത്, മൈഹർ ദർബാർ റസാഖ് ബാബയുടെ ഭക്തരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജൂറിയിലേക്ക് സാൽബെഗിനെപ്പോലെയുള്ളവരുടെ പേര് നിർദ്ദേശിക്കുന്നുണ്ടെന്നുമാണ്. 17-ആം നൂറ്റാണ്ടിലെ ഒരു കവിയാണ് സാൽബെഗ്. പോരാത്തതിന് ജഗന്നാഥ ഭഗവാന്റെ ഒരു ഭക്തനും.
ആനന്ദ്: സാൽബെഗിന്റെ ഭക്തിഗീതങ്ങൾ എനിക്ക് പരിചിതമാണ്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു മുഗൾ പ്രമുഖനായിരുന്നു, അമ്മ ഒരു ബ്രാഹ്മണസ്ത്രീയും. അമ്മയുടെ സ്വാധീനമായിരുന്നു അദ്ദേഹത്തിൽ കൂടുതലായും ഉണ്ടായിരുന്നത്. സാൽബെഗിന്റെ പാട്ടുകളില്ലാതെ ഒരു ജഗന്നാഥ യാത്രയും പൂർണ്ണമാവില്ല (ഒന്ന് നിർത്തി).. ആ പാട്ടുകൾക്ക് ഏറ്റവുമധികം പ്രചാരം കിട്ടിയത് സിക്കന്ദർ ആലമിലൂടെയാണ്. അദ്ദേഹം 2010-ൽ മരിച്ചു. സാൽബെഗിന്റെ പാട്ടുകൾ സിക്കന്ദറിനേക്കാൾ ഭംഗിയിൽ ആരും പാടിയിട്ടില്ല. അദ്ദേഹത്തിന്റെ മകൾ നസിയ ആ പാരമ്പര്യം തുടർന്നുപോരുന്നു.
ബ്രജേഷ് (മൊബൈൽ വീണ്ടും ശബ്ദിച്ചപ്പോൾ അയാൾ സന്ദേശം വായിക്കുന്നു): ബൻസ നിർദ്ദേശിച്ച ജൂറിയുടെ ലിസ്റ്റ് വന്നിട്ടുണ്ട്. ഞാനത് വായിക്കാം. (തൊണ്ട ശരിയാക്കുന്നു) സാൽബെഗ്, റാസ്ഖാൻ, അല്ലാഹ്ദിയാ ഖാൻ, മൊഹ്സിൻ കകോർവി, സന്ത് കബീർ, മുൻഷി ചന്നുലാൽ ദിൽഗിർ, ഗുരു നാനാക്ക് മഹാരാജിന്റെ അജ്ഞാതനായ ഒരു പ്രതിനിധി, അബ്ദുൾ റഹിം ഖാൻ-ഇ-ഖാന, തുളസീദാസ്, മഹാത്മാ ഫൂലെ, അമീർ ഖുസ്രു.
ആനന്ദ് (കളിയാക്കിക്കൊണ്ട്): ലിസ്റ്റിലുള്ളവരൊക്കെ മഹാന്മാർതന്നെ..ഒരു സംശയവുമില്ല..പക്ഷേ അവരൊക്കെ വർഷങ്ങൾക്കുമുമ്പ്, നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ, മരിച്ചവരല്ലേ.
ബ്രജേഷ്: ഞാൻ മനസ്സിലാക്കിയത്, പുരോഹിതന്മാർ, ആദ്ധ്യാത്മിക ശക്തിയുപയോഗിച്ച് ഈ ആത്മാവുകളെയൊക്കെ വിളിച്ചുവരുത്തുന്നു എന്നാണ്. ഡോക്ടർമാരും, ജഡ്ജിമാരും പുരോഹിതന്മാരും ചേർന്ന് ആദ്യം ഈ ജൂറികളെയൊക്കെ അംഗീകരിക്കുകയും അവരുടെ ആധികാരികത സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ആനന്ദ്ജി, ഇതൊക്കെ അശാസ്ത്രീയവും യുക്തിക്ക് നിരക്കാത്തതുമായി തോന്നാം. പക്ഷേ ഇപ്പോൾ സംഭവിച്ചതിനും – ഒരു സമുദായം ഒന്നടങ്കം അപ്രത്യക്ഷമായതിന് – അതിനും വിശദീകരണമൊന്നുമില്ലല്ലോ. നമ്മുടെ അവിശ്വാസം തത്ക്കാലം മാറ്റിവെക്കുക. അതേ നമുക്ക് ചെയ്യാനുള്ളു. മുസ്ലിങ്ങളുടെ അപ്രത്യക്ഷമാകലിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ചരിത്രപ്രധാനമായ ഈ കോടതിയിലെ ഏറ്റവും വലിയ ആകർഷണകേന്ദ്രം ഈ ജൂറിയായിരിക്കുമെന്നതിന് ഒരു സംശയവുമില്ല.
ആനന്ദ്: ജൂറിയിലെ പേരുകൾ ഇന്ത്യയുടെ വിജ്ഞാനത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. കൺവീനർതന്നെയായിരിക്കുമോ വക്താവും?
ബ്രജേഷ്: ജൂറി അംഗങ്ങൾ ഒരു രഹസ്യബാലറ്റിലൂടെ അവരുടെ വക്താക്കളെ തിരഞ്ഞെടുക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ആനന്ദ്: ഇത് സത്യമാണെങ്കിൽ വലിയ താത്പര്യത്തൊടെയായിരിക്കും കോടതി നടപടികൾ വീക്ഷിക്കപ്പെടുക. ലൈവായി കാണിക്കുകയാണെങ്കിൽ, ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരിക്കും ഇത്..
(വെളിച്ചം മങ്ങുന്നു)
തുടരും… അടുത്ത സീൻ ഒക്ടോബർ 7ന് വായിക്കുക.
തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ
പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ