A Unique Multilingual Media Platform

The AIDEM

Articles National Politics

സമ്പൂര്‍ണ്ണ ഫാസിസത്തിലേക്കുള്ള ചുവടുവെപ്പുകള്‍

  • March 6, 2023
  • 1 min read
സമ്പൂര്‍ണ്ണ ഫാസിസത്തിലേക്കുള്ള ചുവടുവെപ്പുകള്‍

ആവര്‍ത്തനം ക്ഷമിക്കുക. അടിയന്തരാവസ്ഥയിലെ മാദ്ധ്യമസെന്‍സര്‍ഷിപ്പിനേക്കാള്‍ ഭയാനകമായ ഒരവസ്ഥയെയാണിപ്പോള്‍ ഇന്ത്യന്‍ മാദ്ധ്യമരംഗം അഭിമുഖീകരിക്കുന്നത്. രാജ്യത്തുനടക്കുന്ന ജനാധിപത്യവിരുദ്ധപ്രവണതകളെ വസ്തുനിഷ്ഠമായി റിപ്പോര്‍ട്ടുചെയ്യാനും വിലയിരുത്താനും മുന്‍നിരയിലുണ്ടായിരുന്ന അപൂര്‍വ്വം മുഖ്യധാരാമാദ്ധ്യമങ്ങളിലൊന്നായ എന്‍.ഡി.ടി.വിക്കെതിരെ സാമ്പത്തികക്കുറ്റങ്ങളാരോപിച്ച് നടത്തിയ റെയിഡുകള്‍ സ്വതന്ത്രമാദ്ധ്യമങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. എന്നിട്ടും വഴങ്ങാതിരുന്ന ആ ചാനലിന്റെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും വിശ്വസ്ഥനായ അദാനിയിലേക്ക് കൈമാറ്റംചെയ്യപ്പെട്ടുവെന്നതും സ്വതന്ത്രമാദ്ധ്യമങ്ങളുടെ മുന്നിലുള്ള അപായസൂചനയാണ്. പ്രണോയ് റോയ് പുറത്തുപോയി ആഴ്ച്ചകൾക്കുള്ളില്‍ത്തന്നെ വസ്തുനിഷ്ഠമായ ഭരണകൂടവിമര്‍ശനത്തില്‍നിന്ന് ആ ചാനല്‍ പിന്‍വാങ്ങിയെന്നുമാത്രമല്ല, ബി.ജെ.പി വക്താക്കളുടെയും നേതാക്കളുടെയും വ്യാജഭാഷ്യങ്ങള്‍ക്ക് മുന്‍ഗണനനല്‍കി ഇതരമാദ്ധ്യമങ്ങളെപ്പോലെ നിഷ്പക്ഷതാനാട്യത്തോടെ വാര്‍ത്തകള്‍ അവതരിപ്പിക്കുവാനും അവര്‍ നിര്‍ബ്ബന്ധിതരായിക്കഴിഞ്ഞു. മുഖ്യധാരാ ടെലിവിഷനുകളെല്ലാം മോദിസര്‍ക്കാരിന്റെ വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെയും ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെയും പ്രചാരകരായതോടെ അപ്രഖ്യാപിതമായ ഒരു മാദ്ധ്യമസെന്‍സര്‍ഷിപ്പിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മോദിഭക്തനും അസഹിഷ്ണുതയുടെ ആള്‍രൂപവുമായ അര്‍ണ്ണാബ് ഗോസ്വാമിമാരെപ്പോലുള്ളവര്‍ക്കുമാത്രം മാദ്ധ്യമപ്രവര്‍ത്തനം സാദ്ധ്യമായ ഒരു രാജ്യമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ മാറിക്കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഈ അപകടകരമായ അവസ്ഥ, നമ്മുടെ ജനാധിപത്യംതന്നെ അപകടത്തിലാണെന്നതിന്റെ പ്രത്യക്ഷ സൂചനയാണെന്ന തിരിച്ചറിവിലേക്കുണരാന്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്കും മാദ്ധ്യമങ്ങള്‍ക്കുതന്നെയും കഴിയുന്നില്ലെന്നതാണ് വൈപരീത്യം.                                                          

നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിലേറിയതുമുതല്‍ സംഘപരിവാരത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വര്‍ഗ്ഗീയ അജണ്ടകളുടെ സ്തുതിപാഠകരാവാന്‍ സന്നദ്ധമല്ലാത്ത ഇന്ത്യന്‍ മാദ്ധ്യമങ്ങളെ നിശ്ശബ്ദമാക്കുവാന്‍ പാര്‍ട്ടിസംവിധാനങ്ങളോടൊപ്പം ഔദ്യോഗിക ഏജന്‍സികളെയും ഉപയോഗിക്കുകയെന്നത് പതിവായിരിക്കുന്നുവെന്ന് ആഗോള മാദ്ധ്യമസംഘടനകള്‍പോലും ആശങ്കപ്പെടുന്നതിനിടെയാണ് വിദേശമാദ്ധ്യമങ്ങളെക്കൂടി ഭീഷണിപ്പെടുത്തുവാനുള്ള ശ്രമങ്ങളാരംഭിച്ചത്. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തിനകത്തും പുറത്തും വിമര്‍ശനവിധേയമായ സന്ദര്‍ഭത്തിലാണ് ഇന്ത്യയിലെ ബി.ബി.സി ആപ്പീസുകളില്‍ ആദായനികുതിവകുപ്പിന്റെ സര്‍വ്വേ എന്ന വ്യാജപ്പേരിലുള്ള റെയിഡുകളും, കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളുടെ പിന്തുണയോടെ ബി.ബി.സിക്കെതിരായ സംഘപരിവാര്‍ കാമ്പെയിനും നടന്നത്. മോദിയുടെ ‘മന്‍ കീ ബാത്ത്’ ഏറ്റുപാടാന്‍ തയ്യാറല്ലാത്ത ഇന്ത്യയിലെ രാജ്യാന്തരപ്രശസ്തരായ കരണ്‍ ഥാപ്പറേയും രവീഷ് കുമാറിനെയും ബര്‍ക്കാദത്തിനെയും പോലുള്ള രണ്ട് ഡസനിലേറെ ടെലിവിഷന്‍ ജേർണലിസ്റ്റുകള്‍ ബി.ജെ.പിസര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് മുഖ്യധാരാ മാദ്ധ്യമങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടുവെന്നതും നിസ്സാരമല്ല. രാജ്യം അപ്രഖ്യാപിതമായ ഒരടിയന്തരാവസ്ഥയിലാണെന്നതിന് ഇതിലേറെ തെളിവാവശ്യമുണ്ടോ?

നരേന്ദ്ര മോദി

അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരയാണ് ഇന്ത്യയെന്നും ഇന്ത്യയാണ് ഇന്ദിരയെന്നും പ്രചരിപ്പിച്ചുകൊണ്ട് ഇന്ദിരാവിമര്‍ശകരെ ഇന്ത്യാവിരുദ്ധരായി ചിത്രീകരിക്കുവാന്‍ ചില നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ കുറേക്കൂടി അക്രമാസക്തമായ രീതിയില്‍ നടപ്പാക്കുവാന്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാരും ഭരണമുന്നണിയും ജാഗരൂകരാണ്. മോദിയെയെന്നല്ല, അദ്ദേഹത്തിന്റെ സുഹൃത്തായി അറിയപ്പെടുന്ന ശതകോടീശ്വരനായ വ്യവസായി അദാനിയുടെ സാമ്പത്തികക്രമക്കേടുകളെ വിമര്‍ശിക്കുന്നതും രാജ്യത്തിനെതിരായ ഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നതാണ് തമാശ. മോദിയെ വിമര്‍ശിക്കുന്നവര്‍ രാജ്യവിരുദ്ധരാണെന്ന് സ്ഥാപിച്ചുകൊണ്ട് മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകള്‍ക്ക് കവചമൊരുക്കുന്ന ഗീബല്‍സിയന്‍ തന്ത്രത്തിന്റെ പുതിയ ഉദാഹരണമാണ് കേംബ്രിജ് സര്‍വ്വകലാശാലയില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രഭാഷണത്തിനെതിരെയുള്ള ബി.ജെ.പിയുടെ സംസ്‌കാരശൂന്യമായ പ്രതികരണങ്ങള്‍. മഹത്തായ ജനാധിപത്യത്തെ അട്ടിമറിക്കുവാനാണ് മോദിസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന അവരുടെ വിചിത്രവാദം ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് തീര്‍ത്തും നിരക്കുന്നതാണെന്നും സമ്മതിക്കണം.

ഈസ്റ്റ് ഇന്ത്യാകമ്പനിയും ബ്രിട്ടീഷ് സാമ്രാജ്യത്വവും കൈകോര്‍ത്ത് ഇന്ത്യയെ കൊള്ളയടിച്ചിരുന്നതുപോലെ, തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും അവരെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന കോര്‍പ്പറേറ്റുകളും ചേര്‍ന്ന് രാജ്യത്തെ സമഗ്രാധിപത്യത്തിലേക്ക് നയിക്കുകയാണിപ്പോള്‍. ഇന്ത്യയിലെ സ്വതന്ത്രമാദ്ധ്യമങ്ങളെ ഭീഷണികൊണ്ടും കോര്‍പ്പറേറ്റ് മൂലധനംകൊണ്ടും സമ്പൂര്‍ണ്ണമായി വരുതിയിലാക്കിയ മോദിസര്‍ക്കാര്‍, ഔദ്യോഗിക മാദ്ധ്യമങ്ങളെ ഔദ്യോഗികമായിത്തന്നെ ആര്‍.എസ്.എസിന്റെയും സംഘപരിവാരത്തിന്റെയും നുണഫാക്ടറികളുടെ വിതരണക്കാരാക്കി മാറ്റിക്കഴിഞ്ഞു. ഇന്ത്യയുടെ ഹിന്ദുത്വവല്‍ക്കരണം എന്ന അജണ്ടയുടെ ഭാഗമായി പരോക്ഷമായി നടത്തിയിരുന്ന പദ്ധതികള്‍ ഇപ്പോള്‍ സര്‍ക്കാര്‍തന്നെ യാതൊരു മറയുമില്ലാതെ നേരിട്ട് നടപ്പാക്കുകയാണ്. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ദൂരദര്‍ശന്റെയും ആകാശവാണിയുടെയും വാര്‍ത്താസ്രോതസായിരുന്ന പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ ( പി.ടി.ഐ) ഒഴിവാക്കി ആര്‍ എസ് എസ് വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറുമായി പ്രസാര്‍ഭാരതിയുണ്ടാക്കിയ കരാര്‍. അടിയന്തരാവസ്ഥക്കാലത്ത് ആകാശവാണിയെ ‘ഇന്ദിരാവാണി’യെന്ന് വിശേഷിപ്പിച്ചത് എല്‍.കെ. അദ്വാനിയാണ്. ഇന്നിപ്പോള്‍ ആകാശവാണിയും ദൂരദര്‍ശനുംമാത്രമല്ല, സ്വതന്ത്രമാദ്ധ്യമങ്ങളെന്നറിയപ്പെടുന്ന കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളും മോദിവാണിയായി മാറിയിരിക്കുന്നു. ജനങ്ങളുടെ ശബ്ദമല്ല, മൻ കി ബാത്താണ് മാദ്ധ്യമങ്ങളിലൂടെ സദാ കേള്‍ക്കുന്നത്.

പി.ടി.ഐ ഓഫീസ്

 

മാദ്ധ്യമസ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തമുള്ള ഇന്ത്യയിലെ ഏറ്റവും വലുതും അറുനൂറോളം പ്രൊഫഷനല്‍ ജേര്‍ണലിസ്റ്റുകളുമുള്ള  ഇന്ത്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ഒരിക്കലും സ്വതന്ത്രമാദ്ധ്യമങ്ങളോളം സ്വതന്ത്രമായിരുന്നില്ലെങ്കിലും ഭരണകൂടത്തിനെതിരായ പ്രതിപക്ഷവിമര്‍ശനങ്ങളെ അത് തമസ്‌കരിക്കാറുണ്ടായിരുന്നില്ല. സ്വന്തമായ നിലപാടുകളെടുക്കാറില്ലെങ്കിലും ഒരു സംഭവത്തെസ്സംബന്ധിച്ച വിവിധ കാഴ്ച്ചപ്പാടുകള്‍ നല്‍കുകയെന്ന അടിസ്ഥാന മാദ്ധ്യമധര്‍മ്മം പാലിക്കുന്നതില്‍  പി.ടി.ഐ എക്കാലവും ശ്രദ്ധിച്ചിരുന്നു. സമതുലിതമായ ഒരു സമീപനമാണ് പി.ടി.ഐയുടെ മുഖമുദ്ര. എന്നാല്‍, മോദിസര്‍ക്കാരിനും സംഘപരിവാര രാഷ്ട്രീയത്തിനും ഹിതകരമല്ലാത്തതും പ്രൊഫഷനലുമായ എഡിറ്റോറിയല്‍ സമീപനമാണ് പി.ടി.ഐയുടേതെന്ന് തിരിച്ചറിഞ്ഞ നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍, ഏതാനും വര്‍ഷങ്ങളായി ആ വാര്‍ത്താ ഏജന്‍സിയെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയായിരുന്നു. പ്രസാര്‍ ഭാരതിയുടെ കീഴിലുള്ള ആകാശവാണിക്കും ദൂരദര്‍ശനും വാര്‍ത്തകള്‍ നല്‍കുവാന്‍ പി.ടി.ഐക്കുണ്ടായിരുന്ന കരാര്‍ രണ്ടുവർഷം മുമ്പാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. പി.ടി.ഐ ഈടാക്കുന്ന വരിസംഖ്യ വളരെക്കൂടുതലാണെന്ന വിചിത്രവാദം ഉന്നയിച്ച് ഇന്ത്യയുടെ ഏറ്റവും പഴയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ പുറത്താക്കിയ സര്‍ക്കാറിന്റെ ഗൂഢോദ്ദേശ്യം വെളിപ്പെട്ടത് ഇപ്പോഴാണ്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള കരാര്‍ റദ്ദാക്കി പകരം കരാര്‍ ഒപ്പിട്ടിരിക്കുന്നത് ആര്‍.എസ്.എസ് പ്രത്യയശാസ്ത്ര പ്രചരണത്തിനായി വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപകരിലൊരാളാള്‍കൂടിയായ ശിവറാം ശങ്കര്‍ ആപ്‌തെയും ആര്‍.എസ്.എസ്. സൈദ്ധാന്തികനായ എം.എസ്. ഗോള്‍വാള്‍ക്കറും ചേര്‍ന്ന് 1948-ല്‍ സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന ഹിന്ദുത്വ വാര്‍ത്താ ഏജന്‍സിയെയാണ്. മാദ്ധ്യമങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടക്കനുകൂലമായ വാര്‍ത്തകള്‍ തിരുകിക്കയറ്റുകയും ചരിത്രത്തെ വക്രീകരിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കുകയുംചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാരംഭിച്ച ഹിന്ദുസ്ഥാന്‍ സമാചാര്‍, 2017 മുതല്‍ തന്നെ ദൂരദര്‍ശനും ആകാശവാണിക്കും സൗജന്യമായി വാര്‍ത്തകള്‍ നല്‍കുന്നുണ്ടായിരുന്നു. ഔദ്യോഗിക മാദ്ധ്യമങ്ങളിലും സ്വകാര്യ മാദ്ധ്യമങ്ങളിലും സാമൂഹിക മാദ്ധ്യമങ്ങളിലുമെല്ലാം വ്യാജവാര്‍ത്തകള്‍ പ്ലാന്റ്‌ചെയ്യാനായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയുടെ  മീഡിയസെല്‍ ഉള്‍പ്പടെയുള്ള വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ നുണഫാക്ടറികളുടെ അധീനതയിലേക്ക് ഒരു ജനാധിപത്യ രാജ്യത്തിന്റെ ഔദ്യോഗിക മാദ്ധ്യമങ്ങളെ ഭരണകൂടം തീറെഴുതിക്കൊടുക്കുകയെന്നാല്‍ ആ രാജ്യം ഫാസിസത്തിലേക്ക് ചുവടുവെച്ചുകഴിഞ്ഞുവെന്നാണ് അര്‍ത്ഥം. മതേതര ജനാധിപത്യ ഇന്ത്യയുടെ  ഔദ്യോഗിക വാര്‍ത്താ മാദ്ധ്യമങ്ങളെ ഹിന്ദുസ്ഥാന്‍ സമാചാറുമായുള്ള കരാറിലൂടെ സമ്പൂര്‍ണ്ണമായി ഹിന്ദുത്വവല്‍ക്കരിക്കുവാന്‍ മുതിര്‍ന്ന മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷപ്പാര്‍ട്ടികളോ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ പങ്കാളിത്തമുള്ള നമ്മുടെ വന്‍കിട മാദ്ധ്യമങ്ങള്‍ക്കുപോലുമോ ശബ്ദമുയര്‍ത്താന്‍ ഭയപ്പെടുന്നുവെന്നതാണ് കൗതുകകരമോ ലജ്ജാകരമോ ആയ സംഗതി.  

ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന ഹിന്ദുത്വ ഏജന്‍സിയെയാണ് ഇനിമുതല്‍ ആകാശവാണിയും ദൂരദര്‍ശനും വാര്‍ത്തകള്‍ക്കായി ആശ്രയിക്കേണ്ടെതെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിൽ,  സംഘപരിവാരത്തിന് അനുകൂലമായ വാര്‍ത്തകള്‍ക്ക് ഒദ്യോഗിക മാദ്ധ്യമങ്ങളെ ഉപയോഗിക്കുക എന്ന അജണ്ട മാത്രമല്ല ഉള്ളത് എന്നതാണ് ശ്രദ്ധേയമായ സംഗതി. പ്രസാര്‍ഭാരതിയുടെ കീഴിലുള്ള മാദ്ധ്യമങ്ങളുടെ വരിസംഖ്യയിനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ആര്‍.എസ്എ.സ് പ്രചരണ ഏജന്‍സിക്ക് കോടികള്‍ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. പ്രസാര്‍ ഭാരതിയുമായി കരാറൊപ്പിട്ടതോടെ ഹിന്ദുസ്ഥാന്‍ സമാചാര്‍ പുതിയ ആസ്ഥാനം കണ്ടെത്തുകയും വിപുലീകരിക്കുകയും ചെയ്തുവെന്നോര്‍ക്കുക. 2017 മുതല്‍ ദൂരദര്‍ശനും ആകാശവാണിക്കും മറ്റേത് മാദ്ധ്യമങ്ങള്‍ക്കുമെന്നപോലെ തങ്ങളുടെ പ്രചരണസാഹിത്യം സൗജന്യമായി നല്‍കിയ ഹിന്ദുസ്ഥാന്‍ സമാചാറിന് കോടികളുടെ വരിസംഖ്യയാണ് പ്രസാര്‍ ഭാരതിയില്‍നിന്ന് കരാര്‍പ്രകാരം വര്‍ഷംതോറും ലഭിക്കുക. ഒരു വര്‍ഗ്ഗീയപ്രസ്ഥാനത്തിന്റെ വാര്‍ത്താ ഏജന്‍സിക്ക് അതിന്റെ അജണ്ട നടപ്പാക്കുവാനായി പണം നല്‍കി ഇന്ത്യയിലെ ഔദ്യോഗികമാദ്ധ്യമങ്ങളെ ഉപയോഗിക്കുവാനവസരം നല്‍കുന്ന ആപത്കരമായ നടപടി മതേതര ജനാധിപത്യ ഇന്ത്യയുടെ ഫാസിസത്തിലേക്കുള്ള ആദ്യചുവടുവെപ്പാണെന്നതില്‍ സംശയമില്ല.

ഹിന്ദിസ്ഥാൻ സമാചാറിന്റെ ലോഗോ

തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്കെതിരായ നേരിയ വിമര്‍ശനങ്ങളെപ്പോലും രാജ്യദ്രോഹപ്രവര്‍ത്തനമായി ചിത്രീകരിക്കുകയും വിമര്‍ശകരെ വ്യാജമായ ക്രിമിനല്‍ക്കേസുകളില്‍ കുരുക്കുകയും ചെയ്യുന്ന പ്രവണത അപായകരമാംവിധം വ്യാപകമായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശതകോടീശ്വരനായ വ്യവസായി അദാനിയും തമ്മിലുള്ളതായി കരുതപ്പെടുന്ന ബന്ധം സംശയാസ്പദമാണെന്ന്  ആരോപിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരക്കെതിരെ ക്രിമിനല്‍ക്കേസെടുത്ത് വിമാനത്തില്‍നിന്ന് അറസ്റ്റ്‌ചെയ്ത സംഭവമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. പ്രധാനമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണ് ആ പരാമര്‍ശമെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ത്തന്നെ ആ സാന്ദര്‍ഭികപരാമര്‍ശത്തിലൂടെ പ്രധാനമന്ത്രിയെ വ്യക്തിഹത്യ നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വിശദീകരിച്ചുകൊണ്ട് പവന്‍ ഖേര കോടതിയില്‍ നിരുപാധികം ക്ഷമപറഞ്ഞുവെങ്കിലും അദ്ദേഹത്തിനെതിരെ ചുമത്തിയ കേസ് നിലനില്‍ക്കുകയാണ്. സുപ്രീം കോടതിയുടെ അനുകൂലമായ താല്‍ക്കാലിക ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ ഖേര ജയിലിലടയ്ക്കപ്പെടുമായിരുന്നു. സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ വിധവയെന്നും രാഹുല്‍ഗാന്ധിയെ പപ്പുവെന്നും പൊതുയോഗങ്ങളില്‍ നിര്‍ദ്ദയം ആക്ഷേപിക്കാറുള്ള പ്രധാനമന്ത്രി മോദിയും അനുയായികളും ജവഹര്‍ലാല്‍ നെഹ്രുവിനെതിരെപ്പോലും ആവര്‍ത്തിക്കുന്ന അവാസ്തവമായ ആരോപണങ്ങളും നീചമായ പരിഹാസങ്ങളും മാദ്ധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ക്കുപോലും വിധേയമാകാറില്ലെന്നതും ശ്രദ്ധേയമാണ്. സംഘപരിവാരത്തിന്റെ പ്രചരണങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും സാധൂകരണം നല്‍കുകയെന്ന അധാര്‍മ്മിക പ്രവര്‍ത്തനത്തിലാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം മാദ്ധ്യമങ്ങളും മുഴുകിയിരിക്കുന്നത്. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മുതല്‍, ബിജെപിയുടെ പ്രാദേശിക നേതാക്കളും വക്താക്കളും വരെയുള്ളവര്‍ പ്രതിപക്ഷ പാര്‍ട്ടികളോടും നേതാക്കളോടും, ചോദ്യങ്ങളുന്നയിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരോടും പ്രതികരിക്കുന്ന രീതി ശ്രദ്ധിക്കുന്നവര്‍ക്കറിയാം അവരെ നയിക്കുന്ന അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ഫാസിസറ്റ് മനോഭാവത്തിന്റെയും പ്രത്യയശാസ്ത്രം എത്രത്തോളം പ്രാകൃതമാണെന്ന്. അധികാരലഹരിയുടെ ഉന്മാദപ്രകടനങ്ങളാണ് ടെലിവിഷന്‍ ഷോകളില്‍ അവര്‍ നടത്തുന്നത്. പ്രതിപക്ഷബഹുമാനത്തോടെയുള്ള സംവാദവും സാമാന്യമര്യാദയും സമചിത്തതയുമുള്ള പ്രതികരണങ്ങളും അവര്‍ക്ക് അന്യമായിരിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മാത്രമല്ല, ഗാന്ധിഘാതകരെ ന്യായീകരിച്ചുകൊണ്ട് പരോക്ഷമായി രാഷ്ട്രപിതാവിനെപ്പോലും നിന്ദിക്കുവാനും ഇന്ത്യയുടെ ഭൂതകാലചരിത്രത്തെ റദ്ദാക്കാനും, സംഘപരിവാരമാണ് ഇന്ത്യയെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള അപഹാസ്യമായ ഈ ഉദ്യമത്തോട് അതേ മട്ടില്‍ പ്രതികരിക്കുകയായിരുന്നില്ല കോണ്‍ഗ്രസിന്റെ ദേശീയവക്താവായ പവന്‍ ഖേരയെപ്പോലൊരാള്‍ വേണ്ടിയിരുന്നതെന്ന് പറയാതെവയ്യ. ഗാന്ധിച്ചിത്രത്തില്‍ വീണ്ടും വെടിവെച്ചുരസിക്കുന്ന സാധ്വിമാരെയും ഗാന്ധിഘാതകനെ വിശുദ്ധനായി കൊണ്ടാടുന്ന ബിജെപി നേതാക്കളെയും അനുയായികളെയും ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബി.ജെ.പിനേതൃത്വത്തെ അതേ നാണയത്തില്‍  നേരിടുകയല്ല വേണ്ടത്. എന്നാല്‍, ആ അനൗചിത്യത്തിന്റെ പേരില്‍ ഒരു പ്രതിപക്ഷപ്പാര്‍ട്ടിയുടെ ദേശീയവക്താവിനെ ക്രിമിനല്‍ കുറ്റവാളിയെപ്പോലെ അറസ്റ്റ്‌ചെയ്യാന്‍ മുതിര്‍ന്ന ഭരണകൂട നടപടി മിതമായ ഭാഷയില്‍പ്പറഞ്ഞാല്‍ ഫാസിസത്തിന്റെ മന:ശ്ശാസ്ത്രം പങ്കിടുന്നവരുടെ അധികാരോന്മാദത്തിന്റെ പ്രകടനമാണ്. അധികാര ദുര്‍വ്വിനിയോഗത്തിലൂടെ പ്രതിപക്ഷത്തെ ഇല്ലായ്മചെയ്യാനുള്ള ബൃഹദ്പദ്ധതിയുടെ ഭാഗം തന്നെയാണ് പവന്‍ ഖേരയ്‌ക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയും.                

കേരളത്തിലെ ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും നിസ്സാരവല്‍ക്കരിക്കുവാനായി ഇവിടെ നാമമാത്രമായിപ്പോലും സ്വാധീനവും, ജനപ്രാതിനിദ്ധ്യവും ഇല്ലാത്ത ബിജെപിയെപ്പോലൊരു വര്‍ഗ്ഗീയപ്പാര്‍ട്ടിയെ വളര്‍ത്തിയത് കേരളത്തിലെ മുന്‍നിര ടെലിവിഷന്‍ ചാനലുകളാണ്. ഏത് വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും ആരും അതുവരെ കേട്ടിട്ടില്ലാത്ത ഏതൊക്കെയോ ബി.ജെ.പി വക്താക്കളെ വിളിച്ചിരുത്തി അന്യമതവിദ്വേഷവും വര്‍ഗ്ഗീയതയും ആഭാസവും വിളിച്ചുപറയാന്‍ അവസരം നല്‍കുന്ന ടെലിവിഷന്‍ ചാനലുകളാണ് കേരളത്തില്‍ വര്‍ഗ്ഗീയതകള്‍ക്ക് തിരികൊളുത്തിയതെന്നതിന് അവരുടെ ആര്‍ക്കൈവല്‍ ഫൂട്ടേജുകള്‍തന്നെ തെളിവുനല്‍കും. ചാനലുകള്‍ സൃഷ്ടിച്ചെടുത്ത വര്‍ഗ്ഗീയക്കോമരങ്ങളാണ്  ചാനലുകളിലൂടെ ജനങ്ങളെ നിത്യേന ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രവണതക്ക് ആക്കംകൂട്ടുന്നതില്‍ ഏഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനം തന്നെ ലഭിക്കുകയുംചെയ്യും. ഒരു സെക്കുലര്‍ മാദ്ധ്യമമെന്ന നിലയില്‍ ആ ചാനലിന് ആധ്യകാലത്തുണ്ടായിരുന്ന സല്‍പ്പേരാണ് അതിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ എന്ന ബി.ജെ.പി മന്ത്രികൂടിയായ വ്യവസായിയുടെ വരവോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ നയത്തിലുണ്ടായ വ്യതിയാനം കാണാതിരുന്നുകൂടാ. ഭരണകൂടവിമര്‍ശനമാണ് മാദ്ധ്യമധര്‍മ്മമെന്ന ആപ്തവാക്യത്തെ മറയാക്കി കേരളത്തിലെ മാറിമാറിവരുന്ന ഇടത്-വലത് മുന്നണികളെ ആക്രമിച്ചുകൊണ്ട് രണ്ട് മുന്നണികളും ഒരുപോലെ കൊള്ളാത്തതാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് അതിന്റെ പതിവുരീതി. അവര്‍തന്നെ നേതാക്കളായി ഉയര്‍ത്തിക്കൊണ്ടുവന്ന ബിജെപി വക്താക്കളിലൂടെ ഇടതിനും വലതിനും ബദലായി കേരളം ഉറ്റുനോക്കുന്നത് ബി.ജെ.പിയെ ആണെന്ന പ്രതീതി സൃഷ്ടിക്കുവാനുള്ള അപഹാസ്യശ്രമമാണ് ഈ ചാനലിന്റേതെന്ന നിരീക്ഷണം ഇടതുപക്ഷവിരുദ്ധതയെ മുറുകെപ്പിടിക്കുന്ന ഇതര കോര്‍പ്പറേറ്റ് ചാനലുകള്‍ക്കും ബാധകമാണ്. ചിന്താ ജെറോമിനെപ്പോലൊരു യുവ കമ്യൂണിസ്റ്റ് നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഹീനമായ കമ്പോള മാദ്ധ്യമസംസ്‌കാരവും വിമര്‍ശിക്കപ്പെടേണ്ടതാണ്. കമ്യൂണിസ്റ്റുകാരിക്ക് പി.എച്ച്.ഡി ബിരുദമോ എന്ന പുരുഷ-ഫ്യൂഡല്‍ മനോഭാവമാണ് ആ സ്ത്രീക്കെതിരെ കേരളത്തിലെ വലതുപക്ഷ മാദ്ധ്യമങ്ങള്‍ നിരന്തരം നടത്തുന്ന കാമ്പെയിനിലൂടെ വെളിപ്പെടുന്നത്. ചാഞ്ഞമരത്തില്‍ ഓടിക്കയറുന്ന മാദ്ധ്യമങ്ങളുടെ അതിസാമര്‍ത്ഥ്യം തങ്ങളെയും തിരിഞ്ഞുകൊത്തുമെന്ന് മാദ്ധ്യമപ്രവര്‍ത്തകരും ഓര്‍മ്മിക്കുന്നില്ല.

ഒരു വാര്‍ത്താമാദ്ധ്യമം നിഷ്പക്ഷമെന്ന് നടിച്ചുകൊണ്ട് അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് തുറന്നുകാട്ടപ്പെടേണ്ടതും വിമര്‍ശിക്കപ്പെടേണ്ടതുമാണ്. എന്നാല്‍, അത് ആ മാദ്ധ്യമസ്ഥാപനത്തിലെ ജേർണലിസ്റ്റുകളെ വ്യക്തിപരമായി വേട്ടയാടിക്കൊണ്ടാവരുതെന്ന നിഷ്ഠയാണ് ഇടതുപക്ഷത്തിനുണ്ടാവേണ്ടത്. മാദ്ധ്യമങ്ങളോടും മാദ്ധ്യമ പ്രവര്‍ത്തകരോടുമുള്ള ബി.ജെ.പിയുടെയും നരേന്ദ്ര മോദിസര്‍ക്കാരിന്റെയും ഫാസിസ്റ്റ് മനോഭാവം ഇടതുപക്ഷത്തിന് മാതൃകയായിക്കൂടാ. ഇടതുപക്ഷത്തിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയും രാജ്യസഭാംഗവുമായ എളമരം കരീം ഏഷ്യാനെറ്റിലെ മുതിര്‍ന്ന ജേർണലിസ്റ്റ് വിനു വി. ജോണിനെതിരെ നല്‍കിയ പൊലീസ് കേസ് തങ്ങളുടെ പക്ഷത്തല്ലാത്തവരെ വേട്ടയാടുന്ന സംഘപരിവാറിന്റെ അതേ അസഹിഷ്ണുതയുടെ ഫലമാണ്. വഴക്കുണ്ടാക്കുന്ന വികൃതിക്കുട്ടികള്‍ അദ്ധ്യാപകരോട് സ്വയംരക്ഷാര്‍ത്ഥം പറയുന്നതരം ബാലിശമായ ഒരു കളവുപറഞ്ഞുകൊണ്ടാണ് വിനു വി.ജോണിനെതിരെ എളമരം കരീം എന്ന കേരളത്തിലെ സര്‍വ്വാദരണീയനായ ഒരു ഇടതുപക്ഷ നേതാവ് കേസുകൊടുത്തിരിക്കുന്നത്. ഇടതുപക്ഷത്തിനാകെ നാണക്കേടുണ്ടാക്കുന്ന ഒരു സംഭവമാണത്.

വിനു വി ജോൺ

ഹര്‍ത്താലില്‍ സമരക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ ആവലാതിയെ നിസ്സാരവല്‍ക്കരിക്കുകയും ജനകീയ പ്രക്ഷോഭത്തിനെതിരെയുള്ള കാമ്പെയിന്റെ ഭാഗമാണ് ആ ആവലാതിയെന്നും വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിച്ച എളമരം കരീമിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകനായ വിനു വി ജോണിനെന്നല്ല, ഏത് പൗരനും അവകാശമുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ആക്രമിക്കുകയെന്നത് ഈ മാദ്ധ്യമങ്ങളുടെ അജണ്ടയാണെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍. സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണം എളമരം കരീമിനോ കുടുംബാംഗങ്ങള്‍ക്കോ നേരെയാവുമ്പോഴേ അതിന്റെ വേദന എളമരത്തിന് മനസിലാവുകയുള്ളൂ എന്ന വിനു വി ജോണിന്റെ ഒരു സ്വാഭാവിക പ്രതികരണത്തെ കലാപാഹ്വാനവും വധാഹ്വാനവുമെല്ലാമായി ചിത്രീകരിച്ച് സമൂഹത്തിലുള്ള തന്റെ പദവിയുടെ പിന്‍ബലത്തില്‍ ആ മാദ്ധ്യമപ്രവര്‍ത്തകനെതിരെ അടിസ്ഥാനരഹിതമായൊരു ക്രിമിനല്‍ കേസുനല്‍കിയത് അനുചിതമായെന്ന് കരുതുന്നവരോടൊപ്പമാണ് ഇതെഴുതുന്നയാളും. വിമര്‍ശനങ്ങളോട് ഇത്രയും കടുത്ത അസഹിഷ്ണുത കാണിക്കുന്നവര്‍ ജനാധിപത്യവിരുദ്ധരാണെന്ന് പറയാനും നമ്മളാരും മടിക്കേണ്ടതില്ല. ഇടതുപക്ഷത്തിന് നിരക്കാത്ത ഒരു ചീത്തപ്രവണതയാണ് ഇത്തരം അസഹിഷ്ണുതകളും. സംഘപരിവാരത്തിന്റെ ജനാധിപത്യവിരുദ്ധ അജണ്ടകള്‍ക്ക് പരോക്ഷമായ സാധൂകരണം നല്‍കുവാനേ അത് സഹായകമാവൂ.


സമകാലിക മാധ്യമ പ്രവണതകളെ കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനമുായ ഒ.കെ ജോണി എഴുതുന്ന പംക്തി ‘ഇവിടെ ഇപ്പോൾ’ ദി ഐഡം പ്രസിദ്ധീകരിക്കുന്നു. മുൻ ലക്കങ്ങൾ വായിക്കാം, ഇവിടെ ഇപ്പോൾ



Subscribe to our channels on YouTube & WhatsApp

About Author

ഒ. കെ. ജോണി

ഡോക്യുമെന്ററി സംവിധായകൻ, സിനിമ നിരൂപകൻ, സഞ്ചാര സാഹിത്യകാരൻ, മാധ്യമ നിരീക്ഷകൻ.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

നന്നായി, ജോണി, അഭിവാദ്യങ്ങൾ…