A Unique Multilingual Media Platform

The AIDEM

Articles Literature Politics Society

മരുഭൂമികൾ ഉണ്ടാകുന്നത്* ഈവിധമൊക്കെയാണ്

  • August 14, 2022
  • 1 min read
മരുഭൂമികൾ ഉണ്ടാകുന്നത്* ഈവിധമൊക്കെയാണ്

സയീദ് നഖ്‌വിയുടെ ‘ബീയിംഗ് ദി അദർ’ എന്ന പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കപ്പെട്ടത് 2016-ലായിരുന്നു. 2017-ലാണ് മലയാളത്തിലേക്ക് ആ പുസ്തകം ഞാൻ പരിഭാഷപ്പെടുത്തിയത്.

ചെന്നൈയിലെ (അന്നത്തെ മദ്രാസ്) ഇന്ത്യൻ എക്സ്പ്രസ്സിൻ്റെ പത്രാധിപച്ചുമതലയുണ്ടായിരുന്ന കാലത്തെ അദ്ദേഹത്തിൻ്റെ ചില ലേഖനങ്ങളും, സ്റ്റേറ്റ്സ്മാനിലും മറ്റും വന്നിരുന്ന ചില എഴുത്തുകളും കണ്ടിരുന്നുവെന്നതിൽക്കവിഞ്ഞ്, സയീദ് നഖ്‌വി എന്ന പത്രപ്രവർത്തകനെകുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു എന്നുവേണം പറയാൻ. ഫിദൽ കാസ്ട്രോ, നെൽ‌‌സൺ മണ്ടേല തുടങ്ങി എണ്ണം പറഞ്ഞ ലോകനേതാക്കളിൽ പലരേയും ദീർഘമായി അഭിമുഖം നടത്തിയ പത്രപ്രവർത്തകൻ എന്നൊരു പരിവേഷവുമുണ്ടായിരുന്നത്തെ അന്നത്തെ സയീദിന്.

എന്നാൽ, ‘ബീയിംഗ് ദി അദർ’ എന്ന പുസ്തകം അദ്ദേഹത്തെ മറ്റൊരു വെളിച്ചത്തിലൂടെ കാണാൻ സഹായിച്ചു. മറ്റുള്ളവർ പറയാൻ മടിക്കുന്ന അപ്രിയങ്ങളായ സത്യങ്ങളെ ധൈര്യസമേതം ആ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നത് കണ്ട് അത്ഭുതപ്പെടുകയുണ്ടായി. ആ പുസ്തകത്തിൻ്റെ പ്രചാരണവുമായി ബന്ധപ്പെട്ട് പാലക്കാട്ട് അദ്ദേഹം വന്നപ്പോഴാണ് കൂടുതൽ അടുക്കാനും ആ പുസ്തകം മലയാളത്തിലാക്കാനുമുള്ള അവസരം എനിക്ക് കൈവന്നത്. അതിന് നിമിത്തമായതാകട്ടെ, വെങ്കിടേഷ് രാമകൃഷ്ണൻ എന്ന പത്രപ്രവർത്തകനുമായുള്ള എൻ്റെ അടുത്ത സൗഹൃദവും.

പലരുടേയും ഉപബോധമനസ്സിൽ കിടന്നിരുന്നതും എന്നാൽ, തുറന്ന് പറഞ്ഞാൽ വർഗ്ഗീയമായി മുദ്രകുത്തപ്പെട്ടേക്കാവുന്നതുമായ വിഷയത്തെയാണ് അദ്ദേഹം ആ പുസ്തകത്തിൽ കൈകാര്യം ചെയ്തത്. അവധ് എന്ന പ്രദേശത്തിൻ്റെ സാംസ്കാരികവൈവിധ്യ പാരമ്പര്യത്തിൽനിന്ന് വന്ന ഒരു വ്യക്തിയെ ഇന്ത്യയിലെ മുസ്ലിങ്ങളുടെ അപരവത്കരണം ആഴത്തിൽ വേദനിപ്പിച്ചതിൻ്റെ നേർചരിത്രം. അതിൽനിന്ന് സയീദ്, ആ അപരവത്ക്കരണത്തിൻ്റെ ചരിത്രത്തിലേക്ക്, മുൻ‌വിധികളില്ലാതെ പ്രവേശിക്കുകയാണ് പുസ്തകത്തിലൂടെ.

സയീദിൻ്റെ പുതിയ പുസ്തകം ‘ദ് മുസ്ലിം വാനിഷസ്’ നാടകത്തിൻ്റെ രൂപത്തിൽ എഴുതപ്പെട്ട ഒന്നാണ്. തുടക്കം മുതലേ അത് നമ്മെ വിഭ്രാമകമായ ഒരു ഭാവനാലോകത്തേക്ക് ആനയിക്കുന്നു. 20 കോടി മുസ്ലിങ്ങൾ അപ്രത്യക്ഷരാകുന്ന ഒരു രാജ്യത്തിലേക്കും കാലത്തിലേക്കുമാണ് പ്രവേശിച്ചുകൊണ്ടാണ് നാടകം ആരംഭിക്കുന്നത്. അവരുടെ ഭാഷയും സംസ്കാരവും, കവിതകളും, ഗാനങ്ങളും സ്മാരകങ്ങളുമൊക്കെ അവരോടൊപ്പം അപ്രത്യക്ഷമാവുന്നു. അവർ ഉപേക്ഷിച്ചിട്ടുപോയ സമ്പത്ത് മുഴുവൻ കൈയ്യടക്കാൻ തയ്യാറായി നിൽക്കുന്ന മറ്റ് വർഗ്ഗങ്ങൾ. കറുത്ത ഹാസ്യത്തിൻ്റെ ഭാഷയിൽ സയീദ് പറഞ്ഞുവെക്കുന്നത്, ‘ബീയിംഗ് ദി അദറിൽ’ അദ്ദേഹം എഴുതിയ അതേ ആശങ്കകളാണ്.

ചരിത്രവും വർത്തമാനകാല സംഭവങ്ങളും സങ്കല്പവും ഇടകലർത്തി, ഒരു മാജിക്കൽ റിയലിസത്തിൻ്റെ ഭാഷയിലാണ് സയീദ് നഖ്‌വി ഈ നാടകം നമ്മിലേക്കെത്തിക്കുന്നത്. ഇതിലെ പല കഥാപാത്രങ്ങളും ജീവിച്ചിരുന്നവരും ജീവിക്കുന്നവരുമായ ആളുകളെ നമ്മളെ ഓർമ്മിപ്പിച്ചേക്കും. ജീവിച്ചിരുന്നവർ നാടകത്തിൽ വരികയും ചെയ്യുന്നു.

ബീയിംഗ് ദ് അദറിലെ ആശങ്കളാണ് ഈ പുസ്തകത്തിലും നഖ്‌വി പങ്കുവെക്കുന്നതെന്ന് പറഞ്ഞല്ലോ. ആ ആശങ്കകൾ ഇന്ന് കൂടുതൽക്കൂടുതൽ യാഥാർത്ഥ്യമാകാൻ പോവുകയാണെന്ന് തോന്നിപ്പിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ ജീവിക്കുന്നതും ഇന്ത്യ ഇന്ന് കടന്നുപോകുന്നതും. ബാബറി മസ്ജിദ് എന്ന മുറിവിൽനിന്ന് തുടങ്ങിയ കറുത്ത കാലം.

2002-ഓടെ ബാബറി മസ്ജിദിൽനിന്നും ഇന്ത്യ കുറേക്കൂടി മുന്നോട്ട് പോവുന്നത് നാം കണ്ടു. ഗുജറാത്തിലെ വംശഹത്യ. ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയുടെ മൌനാനുവാദത്തോടെ, ഒരു സർക്കാർ സംവിധാനം ഒരുമിച്ച് വിവിധ തലങ്ങളിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ആ ജിനസൈഡ്. നൂറുകണക്കിനാളുകൾ പട്ടാപ്പകൽ കൊല്ലപ്പെട്ടു. പതിനായിരങ്ങൾ വഴിയാധാരമായി. മുസ്ലിമുകളുടെ വീടുകളും സ്ഥാപനങ്ങളും ജീവനും പിച്ചിച്ചീന്തപ്പെട്ടു. അന്ന്, അതിൽ ഭാഗഭാക്കായിരുന്നവരൊക്കെ പിന്നീട് കുറ്റവിമുക്തരാവുന്നതും, രാജ്യത്തിൻ്റെ ഉന്നതസ്ഥാനങ്ങളിൽ അമരുന്നതും കാണാനുള്ള ദുർവ്വിധി നമുക്കുണ്ടായി.

2014-ഓടെ ഇന്ത്യ ഒരു പൂർണ്ണ തിയോക്രാറ്റിക്ക് സ്റ്റേറ്റിലേക്കുള്ള അതിൻ്റെ നശിച്ച പ്രയാണം ആരംഭിച്ചു. കന്നുകാലിക്കടത്തലിൻ്റേയും, ഗോമാംസം കൈവശംവെച്ചുവെന്ന സംശയത്തിൻ്റേയും പേരിൽ 2014 മുതലിങ്ങോളം 200-ഓളം ആളുകളാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ആക്രമിക്കപ്പെട്ടത്. 45 ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഓർക്കണം, പശുവിൻ്റെയും ഗോമാംസത്തിൻ്റേയും കന്നുകാലിക്കടത്തലെന്ന സംശയത്തിൻ്റേയും പേരിൽ മാത്രം നടന്ന ആക്രമണങ്ങളുടേയും ജീവനാശത്തിൻ്റേയും ഏകദേശ കണക്കാണിത്.

2014 മുതൽ മുസ്ലിങ്ങൾക്കെതിരേ നടന്ന വിദ്വേഷപ്രചാരണത്തിൻ്റേയും പരസ്യമായ ആഹ്വാനങ്ങളുടേയും കണക്ക് കൂടുതൽ ഭീതിദമാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം‌തന്നെ 2015-2020-നുമിടയിൽ, വിദ്വേഷപ്രചാരണങ്ങൾ നാലുമടങ്ങ് വർദ്ധിച്ചതായാണ് കാണിക്കുന്നത്. ഈയടുത്ത് ഹരിദ്വാറിൽ ധർമ്മസംസദിൽ നടന്നത്, ഇതുവരെ നടന്നതിൽ‌വെച്ചേറ്റവും പരസ്യവും എല്ലാ പൊതുമര്യാദകളും ലജ്ജയില്ലാതെ ലംഘിക്കുന്നതുമായ മുസ്ലിംവിരുദ്ധ ആഹ്വാനമായിരുന്നു. അതിനെതിരേ കേസെടുക്കാൻ‌പോലും, സുപ്രീം കോടതി ആജ്ഞാപിക്കേണ്ടിവന്നു. അതുവരെ, പ്രധാനമന്ത്രി മുതൽ, പൊലീസ് സേനവരെയുള്ള എല്ലാ സംവിധാനങ്ങളും ആ വിഷപ്രയോഗത്തിനെതിരേ കടുത്ത മൗനമായിരുന്നു പുലർത്തിയിരുന്നത്. പബ്ലിക്ക് സർവ്വീസ് കമ്മീഷനിൻ്റെ പരീക്ഷകളിലൂടെ മുസ്ലിങ്ങൾക്ക് സർക്കാർ ജോലി കിട്ടുന്നതിനെതിരേ സുദർശൻ ചാനൽ നടത്തിയ അറപ്പുളവാക്കുന്നതായ വിദ്വേഷപ്രചാരണം നമ്മൾ കേട്ടതാണ്.

ജമ്മു-കശ്മീരിനെ ഇന്ത്യൻ മുഖ്യധാരയിലേക്ക് കൊണ്ടുവരാനെന്ന പേരിൽ 2019 ഓഗസ്റ്റ് 5-ന് നടത്തിയ നിയമനിർമ്മാണം, അവിടുത്തെ മുസ്ലിങ്ങളെ കൂടുതൽ അപരവത്ക്കരിക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളു. ഓഗസ്റ്റ് 5-ന് രണ്ടാഴ്ച മുമ്പുമുതൽ, കേന്ദ്രസർക്കാർ ആ സംസ്ഥാനത്തെയും അതിലെ ജനങ്ങളെയും അക്ഷരാർത്ഥത്തിൽ ബന്ദികളാക്കുകയായിരുന്നു. ഇന്ന് ജമ്മു-കശ്മീർ, അതിൻ്റെ എഴുപത്തഞ്ച് വർഷത്തെ ഏറ്റവും വലിയ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോവുകയാണ്. പൊലീസും പട്ടാളവും വളഞ്ഞുപൂട്ടിയ ഒരു പ്രദേശം. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വാർത്താവിനിമയ-ഇന്റർനെറ്റ് അടച്ചുപൂട്ടലുകൾ, അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉപജീവനം വഴിമുട്ടിയ മുസ്ലിം ജനത, കർശനമായ സുരക്ഷാബന്തവസ്സിൽനിന്ന് പുറത്തിറങ്ങാൻ ധൈര്യമില്ലാതെ ഹൗസിംഗ് കോളനികളിൽ കഴിയേണ്ടിവരുന്ന പണ്ഡിറ്റുകളടക്കമുള്ള എല്ലാ ജനവിഭാഗങ്ങൾ. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകളിൽ ദിവസേനയെന്നോണം കൊല്ലപ്പെടുന്ന ക്രമസമാധാനപാലകരും, സേനാവിഭാഗങ്ങളും.

2002-ലെ ഹിന്ദുത്വത്തിൻ്റെ പരീക്ഷണശാലയായ ഗുജറാത്തിൽനിന്ന് വെറുപ്പിൻ്റെ വ്യാപാരികൾ ഇന്ന് ഉത്തർപ്രദേശിലെത്തിനിൽക്കുന്നു. മുസ്ലിങ്ങളുടെ വേഷവിധാനത്തിനും ഭക്ഷണരീതിക്കും, ഭാഷയ്ക്കും, ആരാധനാക്രമങ്ങൾക്കും എതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് യോഗിയുടെ വേഷമണിഞ്ഞ് വന്നിരിക്കുന്ന അജയ് സിംഗ് ബിഷ്ത് എന്ന മനുഷ്യൻ. ഹിന്ദുക്കളും മുസ്ലിങ്ങളും ഉൾപ്പെടുന്ന പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ, അതിൽ മുസ്ലിങ്ങളെ കുറ്റക്കാരാക്കുകയും, അവരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് നിരപ്പാക്കുകയുമാണ് അവിടെ. നൂറുകണക്കിന് മുസ്ലിങ്ങളാണ് ഒരൊറ്റ ദിവസംകൊണ്ട് വഴിയാധാരമായിത്തീർന്നത്. ദില്ലിയിലും ഇതേ നാടകമാണ് അനുദിനം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെവർ നിയമാനുസൃതമായിരുന്ന കെട്ടിടങ്ങളാണ് ഒരൊറ്റ പകലുകൊണ്ട് അനധികൃത കെട്ടിടങ്ങളായി മുദ്രയടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇതെല്ലാം നടക്കുന്നത് താഴേത്തട്ടുകളിലാണെന്ന് ധരിക്കരുത്. വേഷവും ഭാഷയും നോക്കി ‘കുറ്റവാളികളെ’ തിരിച്ചറിയാൻ കഴിയുമെന്ന് പരസ്യമായി പ്രസംഗിക്കുന്ന ഒരു ഭരണാധികാരിയുടെ അനുഗ്രഹാശീർവ്വാദങ്ങളോടെ നടക്കുന്ന വിഭജനശ്രമങ്ങളാണ് ഇവ. ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെപ്പോലും മതത്തിൻ്റെ പേരിൽ വെറുതെ വിടാൻ കൂട്ടാക്കാതിരുന്ന വെറുപ്പിൻ്റെ, വിഭജനത്തിൻ്റെ രാഷ്ട്രീയമാണ് ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ദില്ലിയിലെ കലാപകാലത്ത്, ജനപ്രതിനിധികൾപോലും, മുസ്ലിം വംശഹത്യയ്ക്കായുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഇന്ദ്രപ്രസ്ഥത്തിൻ്റെ തെരുവുകളിൽ ആൾക്കൂട്ടത്തെ നയിച്ചത്. അവിടെനിന്ന്, മറ്റൊരു യഥാർത്ഥ വംശഹത്യയിലേക്കുള്ള ദൂരം വളരെ വളരെ ഹ്രസ്വമാണ്. സർക്കാരിൻ്റെ എല്ലാ സംവിധാനവും, മുസ്ലിങ്ങൾക്കെതിരേ അണിനിരക്കാൻ തുടങ്ങിയിരിക്കുന്നു.

സയ്യിദ് നഖ്‌വിയുടെ ‘മുസ്ലിം വാനിഷസ്’ എന്ന ഈ കൃതി, നാടകത്തിൻ്റെ രൂപത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളതെങ്കിലും, മേൽചൊന്ന ഈ കെട്ട കാലത്തെക്കുറിച്ചുള്ള സൂചനകൾതന്നെയാണ് നമുക്ക് നൽകുന്നത്. നാടകത്തിലെ ആ കാലം ഒരിക്കലും സംഭവിക്കരുതേ എന്ന് നമുക്ക് ആഗ്രഹിക്കാമെന്നുമാത്രം. ഹിന്ദുക്കൾക്കെതിരേ പാക്കിസ്ഥാനിൽ നടക്കുന്ന അതിക്രമങ്ങളിൽനിന്ന് രക്ഷപ്പെട്ട് ദില്ലിയിലേക്ക് ട്രെയിനുകളിൽ പലായനം ചെയ്യുന്ന ചില കുടുംബങ്ങളുടെ ചിത്രങ്ങൾ കണ്ടത് ഇന്നാണ്. ഇന്നത്തെ ഇന്ത്യ ഇതുപോലെ തുടർന്നാൽ, നാളെ ഇത് തിരിച്ചും സംഭവിക്കാം. കൂടുതൽ ഭീകരവും, വ്യാപകവുമായ പ്രത്യാഘാതങ്ങളായിരിക്കും ക്ഷണിച്ചുവരുത്തുക. ഇന്ത്യയെത്തന്നെ ഇല്ലാതാക്കാൻപോരുന്ന ഒന്ന്. അതിൻ്റെ എല്ലാ ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. നമ്മൾ ശരിക്കും ഭയക്കുകതന്നെ വേണം.

പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ അടൂർ ഗോപാലകൃഷ്ണനും, അഷീസ് നന്ദിയും, കബീർ ഖാനും, മാർക്ക് ടല്ലിയും, മേഘ്നാദ് ദേശായിയും, ഹൻസാൽ മേത്തയും, സയ്യിദ് മിർസയും, അരുൺ ഷൂരിയും എല്ലാം ആ ഉത്കണ്ഠകൾ പങ്കുവെക്കുന്നുണ്ട്.

സയീദ് നഖ്‌വിയുടെ പുതിയ പുസ്തകത്തിൻ്റെ ശരിയായ വായന, ആ ഒരു ഭീതിദവും ആസന്നവുമായ ഭവിഷ്യകാലത്തിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.



*ആനന്ദിൻ്റെ പുസ്തകത്തിനോട് കടപ്പാട്

 

 

About Author

രാജീവ് ചേലനാട്ട്

രാജീവ് ചേലനാട്ട്. പാലക്കാട് സ്വദേശം. ഗൾഫിലും ഇറാഖിലും തൊഴിൽ ജീവിതം കഴിഞ്ഞ് മാതൃഭൂമി പാലക്കാട് യൂണിറ്റിൽ പ്രൂഫ് റീഡറായി ജോലി ചെയ്തു. ടീസ്റ്റ സെതൽ വാദിൻ്റെ Beyond Doubt, സയീദ് നഖ്‌വി യുടെ Being the Other, ടഗോറിൻ്റെ 3 Essays in Nationalism എന്നിവ മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് പ്രസിദ്ധികരിച്ചു. നിലവിൽ പി.സായ് നാഥിൻ്റെ നേതൃത്വത്തിലുള്ള പാരി ഇന്ത്യയുടെ മലയാളം ഭാഷാ എഡിറ്റർ/ പരിഭാഷാ ചുമതല വഹിക്കുന്നു.