A Unique Multilingual Media Platform

The AIDEM

International Podcast Saeed Naqvi Column

ഉക്രയ്ൻ സ്ഥിതിവിശേഷം അമേരിക്കൻ കുതന്ത്രങ്ങളുടെ ഫലം

  • February 26, 2022
  • 1 min read
ഉക്രയ്ൻ സ്ഥിതിവിശേഷം അമേരിക്കൻ കുതന്ത്രങ്ങളുടെ ഫലം

ആഗസ്റ്റിൽ അമേരിക്കൻ സൈന്യം അഫ്ഗാനിൽനിന്ന് പിൻവാങ്ങിയതിന് ശേഷമുണ്ടായ പ്രക്രിയകളുടെ തുടർച്ചയാണ് ഇന്ന് ഉക്രയിനിൽ ഉണ്ടായിരിക്കുന്ന സ്ഥിതിവിശേഷം. അമേരിക്കൻ ശക്തി അതിന്റെ ഏറ്റവും താഴ്ന്ന, നിരാശാജനകമായ അവസ്ഥയിലാണ് ഉള്ളതെന്ന് ആ ദിവസങ്ങളിൽ നിരീക്ഷിക്കപ്പെട്ടിരുന്നു. 1975ൽ വിയറ്റ്നാമിലേറ്റ തിരിച്ചടിക്ക് സമാനമായിട്ടാണ് അഫ്ഗാൻ സാഹചര്യം കണക്കാക്കപ്പെടുന്നത്.
അമേരിക്കയിൽ ബൈഡന്റെ ജനപ്രിയതക്ക് സാരമായ ഇടിവ് വന്ന സാഹചര്യത്തിലാണ് അഫ്ഗാനിൽ നിന്നും അമേരിക്ക പിന്മാറിയത് എന്നതും ശ്രദ്ധേയമാണ്. ബാങ്ക്വെയുടെ പ്രേതത്തെപോലെ ട്രംപിന്റെ വീഴ്ചകളും തന്റെ തന്നെ വാഗ്ദാനങ്ങളും ബൈഡന്റെ പിന്നാലെയുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥ മോശമായി. ആഭ്യന്തര സാഹചര്യങ്ങളെല്ലാം പ്രസിഡന്റിന് പ്രതികൂലമായാണ് നീങ്ങിയിരുന്നത്. അപ്പോഴാണ് അദ്ദേഹം അഫ്ഗാനിസ്ഥാനിൽ ഇങ്ങനെയൊരു നീക്കം നടത്തിയത്. ഖസാക്കിസ്ഥാനിലും പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിലവിലെ ഭരണകൂടത്തെ മാറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. റഷ്യയുടെ സാന്നിധ്യം ശക്തമാവുകയും ചെയ്തു. സോവിയറ്റ് യുണിയന്റെ തകർച്ചക്ക് ശേഷം റഷ്യയുടെ നേതൃത്വത്തിൽ രൂപംകൊണ്ട പ്രാദേശികമായ സഖ്യങ്ങളും സന്ധികളുമനുസരിച്ചു ഖസാക്കിസ്ഥാൻ പ്രസിഡന്റ് തൊകയെവിന്റെ ആവശ്യപ്രകാരം റഷ്യ സഹായത്തിനെത്തി. അപ്പോൾ സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കൻ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി- “പ്രശസ്തമായൊരു ചൊല്ലുണ്ട്, ഒരു റഷ്യക്കാരൻ നിങ്ങളുടെ വീട്ടിലേക്ക് വിരുന്ന് വന്നാൽ ചിലപ്പോഴയാൾ തിരിച്ചുപോയേക്കില്ല എന്ന് “. പക്ഷെ അവർ ഖസാക്കിസ്ഥാനിൽ തങ്ങളുടെ ദൗത്യം പൂർതീകരിച്ചു തിരിച്ചുപോവുകയാണ് ചെയ്യുന്നത്. ഇവിടെയെല്ലാം അമേരിക്കയുടെ അബദ്ധങ്ങൾ ആവർത്തിക്കപ്പെടുകയാണ്. അപ്പോഴാണ് ഉക്രയിനിലെ സംഭവവികാസങ്ങൾ.

ബൈഡൻ ഒരു സമാധാനവാദിയായിരിക്കും പക്ഷെ അദ്ദേഹത്തിന് അമേരിക്കയിൽ ഒരു ആഭ്യന്തര പുനക്രമീകരണം നടത്തേണ്ടതുണ്ട്. റെയൻ ന്യുമാൻ, മാർട്ടിൻ ലോക്ഹെഡ് എന്നിങ്ങനെ ഐസൻഹോവർ മിലിറ്ററി ഇൻഡസ്ട്രിയൽ കോർപ്പറേറ്റ്സ് എന്ന് വിശേഷിപ്പിച്ചവർ  യുദ്ധമാണ് ആഗ്രഹിക്കുന്നത്. അവർക്ക് തങ്ങളുടെ ആയുധങ്ങൾ വിറ്റഴിക്കണം. യുദ്ധം ഇപ്പോളാണ് തുടങ്ങിയതെങ്കിലും മുൻപുതന്നെ ആയുധങ്ങൾ വിറ്റുകഴിഞ്ഞിരുന്നു. അവ ഉക്രയിനിൽ എത്തിക്കഴിഞ്ഞു. അതിന് പണം നൽകുന്നുണ്ട് ആരോ. നാറ്റോയുടെ കീഴിൽ ബ്രിട്ടനിലെയും അമേരിക്കയിലെയും ആയുധങ്ങൾ  ഉക്രയിനിൽ ഇപ്പോൾത്തന്നെയുണ്ട്.

പ്രശ്നം എന്താണെന്നുവെച്ചാൽ 1991ൽ സോവിയറ്റ് യുണിയന്റെ പതനത്തിന് ശേഷം 1997ൽ ഉണ്ടാക്കിയ കരാർ പ്രകാരം റഷ്യയുടെ ഭാഗത്തുള്ള കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളെ ഉൾക്കൊള്ളിക്കാനുള്ള നീക്കം നാറ്റോ നടത്താൻ പാടില്ല. എന്നാൽ ഇപ്പോൾത്തന്നെ 14 രാഷ്ട്രങ്ങളെ പുതുതായി നാറ്റോയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. അവയെല്ലാം മുൻപ് സോവിയറ്റ് യുണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളാണ്. സൈനികമായും അന്തർദേശീയ കാര്യങ്ങളിൽ പൊതുവെയും പ്രക്ഷുബ്ധമായി നിൽക്കുന്ന റഷ്യൻ പ്രസിഡണ്ട്‌ വ്ലാദിമിർ പുടിൻ ഇതൊരു അപായസൂചനയായി കണക്കാക്കുന്നു.
പുടിനു ചൈനയുടെ പൂർണപിന്തുണയുമുണ്ട് എന്ന് ഓർമിക്കുക.

ഈ യുദ്ധം  രണ്ട് ആംഗ്ലോ സാക്സൺ നേതാക്കന്മാർ ആഗ്രഹിച്ചിരുന്നതാണ്. ഒന്നാമതായി ബോറിസ് ജോൺസൺ. അധികാരനഷ്ടത്തിന്റെ വക്കിലാണ് ബോറിസ് ജോൺസൺ. അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടർന്നാൽ അത് കൺസെർവറ്റീവ് പാർട്ടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുക. അത് അടുത്ത തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വലിയ മേൽകൈ നേടിക്കൊടുക്കും. ജോൺസൺ അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു ബാഹ്യമായ ഇടപെടൽ വഴി കുറച്ചെങ്കിലും ജനസമ്മതി തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നു. അതുതന്നെയാണ് ബൈഡന്റെയും സ്ഥിതി. ഈ രണ്ട് ആംഗ്ലോ സാക്സൺ ശക്തികൾക്കാണ് യുദ്ധം വേണ്ടത്. പക്ഷെ ലോകത്ത് അവർ മാത്രമല്ല ഉള്ളത്. യൂറോപ്പിൽ മാക്രോൺ ഉണ്ട്. അദ്ദേഹം അമേരിക്കയുമായി ഇടഞ്ഞു നിൽക്കുകയാണ്. OCUS രൂപീകരിക്കുക വഴി ഫ്രാൻസിന് കിട്ടേണ്ടിയിരുന്ന മില്യൺ ഡോളർ സബ്മറൈൻ പ്രോജെക്ട് ആസ്‌ട്രേലിയക്ക് കൊടുത്തതിൽ മാക്രോൺ അമേരിക്കയോട് നീരസത്തിലാണ്.

ജർമനിയ്ക്കും യൂറോപ്യൻ താല്പര്യങ്ങൾ ഉണ്ട്. ജർമനിയുടെ നിലപാട് വളരെ സവിശേഷതയുള്ളതാണ്. രണ്ടു ലോകമഹായുദ്ധങ്ങൾ ജർമനിക്കായി നടന്നു. ജർമനിയുടെ വളർച്ചയെ ആംഗ്ലോ സാക്സൻ രാജ്യങ്ങൾ ഭയക്കുന്നുണ്ട്. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നു. ഒരു വ്യവസ്ഥ തകരുകയും മറ്റൊന്ന് വിജയിക്കുകയും ചെയ്തു. വിജയിച്ചവർ ഓപ്പറേഷൻ ഡെസെർട്ട് സ്റ്റോമ് നടപ്പിലാക്കി. സോവിയറ്റ് അനന്തര കാലത്ത് ലോകരാജ്യങ്ങളെ ആംഗ്ലോ സാക്സൻ രാജ്യങ്ങൾക്ക് അനുകൂലമായി പുനർവിന്യസിച്ചു. ഇനി നാറ്റോ എന്തിനാണ്, ആവശ്യമില്ലല്ലോ എന്നൊരു വാദം അതോടെ ഉയർന്നുവന്നു. നാറ്റോ പ്രാഥമികമായി സോവിയറ്റ് ഭീഷണിക്ക് എതിരായാണ് രൂപം കൊണ്ടത്. മിസിസ് താച്ചർ പക്ഷെ അത് നിഷേധിച്ചു. പ്രധാനമന്ത്രിയായിരിക്കെ താച്ചറോട് ഹെൽസിങ്കിയിൽവെച്ചു ഒരു റിപ്പോർട്ടർ അഭിമുഖത്തിൽ ഇങ്ങനെ ചോദിച്ചു – ‘എന്തിനാണിനി ആണവ പ്രതിരോധം? ‘ അവർ പറഞ്ഞു, ‘ നമുക്ക് ഇപ്പോഴും മധ്യ പൗരസ്ത്യ ദേശങ്ങളിൽ ഒരു പ്രശ്നമുണ്ട്.അതിനാണ് ആണവ പ്രതിരോധം’.

ലോകക്രമത്തിൽ മാറ്റം വരികയാണെങ്കിൽ ജർമനി മേൽത്തട്ടിലെത്തും. സോവിയറ്റ് യൂണിയൻ തകർന്നതോടെ ജർമനി പുനരേകീകരിക്കപ്പെട്ടു. അത് ജർമനിയെ കൂടുതൽ ശക്തിപ്പെടുത്തി. ജപ്പാന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെട്ട കാലവുമായിരുന്നു അത്. അച്ചുതണ്ട് ശക്തികൾ തിരിച്ചുവരുന്നു എന്ന ഭീതി ഉയർന്നുവന്നു വീണ്ടും. അപ്പോഴാണ് അടുത്ത സംഭവവികാസം. യുഗോസ്ലാവ്യ പിളർന്നു. പിളർന്നുണ്ടായ ഘടകരാജ്യങ്ങളെ അംഗീകരിക്കാൻ യുറോപ്യൻ ശക്തികൾ ആരുംതന്നെ തയാറായില്ല, ജർമനിയുടെ വിദേശകാര്യ മന്ത്രിയായ ഗെൻഷർ ഒഴികെ. ജർമനിയോടൊപ്പം രണ്ടാം ലോക മഹായുദ്ധത്തിൽ അണിചേർന്നിരുന്ന ക്രൊയേഷ്യയെ അവർ അംഗീകരിച്ചു. ഇത് വീണ്ടും ഭീതി വളർത്തി. ജർമനി വരുന്നു, അച്ചുതണ്ട് ശക്തികൾ വീണ്ടും ഒന്നുചേരാൻ പോകുന്നു എന്ന ഭീതി. ക്രൊയേഷ്യൻ സഭയുടെ കർദിനാൾ കൊക്കറിച്ച് റോമിൽ ചെന്ന് പോപ്പിനെ കണ്ടിരുന്നു ആയിടെ.

ഇതെല്ലാം ആംഗ്ലോ സാക്സൻ ലോകത്ത് സദാ ഭീതിയുണ്ടാക്കി. ഉക്രയിൻ-റഷ്യായുദ്ധം അമേരിക്കയും ബ്രിട്ടനും ആഗ്രഹിച്ചിരുന്നു എന്നാണ് സാഹചര്യങ്ങൾ പഠിപ്പിക്കുന്നത്. യുദ്ധത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുക യൂറോപ്യൻ രാജ്യങ്ങളാവും. പ്രധാനമായും ജർമനിയും ഫ്രാൻസും. ഇംഗ്ളണ്ട് വൻകരയിൽനിന്നകലെ ഇംഗ്ലീഷ് ചാനലിന് അപ്പുറമാണുള്ളത്. അമേരിക്ക അറ്റ്ലാന്റിക്കിന് അപ്പുറവും. അതുകൊണ്ട് തന്നെ ജർമനിയും ഫ്രാൻസും  പുടിനുമായും ബൈഡനുമായും മാറി മാറി സംസാരിച്ചു സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എപ്പോഴെല്ലാം അമേരിക്കയുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടാവുന്നോ അപ്പോഴെല്ലാം വാതകം, എണ്ണ എന്നിവയുമായുള്ള ബന്ധം അന്വേഷിക്കേണ്ടിവരും.

റഷ്യയിൽനിന്ന് ജർമനിയിലേക്കും അതുവഴി യൂറോപ്പിലേക്കും വാതകമെത്തിക്കുന്ന സൗത്ത് സ്ട്രീം നിലവിലുണ്ട്. പുതുതായി ഒരു നോർത്ത് സ്ട്രീം നിർമാണ ഘട്ടത്തിലാണ്. അതനുസരിച്ചു റഷ്യയിൽനിന്ന് സമുദ്രമാർഗ്ഗം ഉക്രയിൻ വഴിയല്ലാതെ ജർമനിയിലേക്ക് വാതകമെത്തിക്കാനാവും. അതുവഴി യൂറോപ്പിൽ റഷ്യയുടെ സ്വാധീനം വർധിക്കുകയും ചെയ്യും. ബൈഡനും ബോറിസ് ജോൺസണും ഒരു തരത്തിലും യൂറോപ്പ് റഷ്യയുടെ കൈപ്പിടിയിലാവാൻ ആഗ്രഹിക്കുന്നില്ല. അവരത് ഒരിക്കലും അനുവദിക്കുകയില്ല. ഇതാണ് അടിസ്ഥാനപരമായി ഈ സംഘർഷങ്ങൾക്കെല്ലാം കാരണം.

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.