A Unique Multilingual Media Platform

The AIDEM

Health Science

മനസിലാക്കാം, മാറ്റിനിർത്താം മങ്കിപോക്സിനെ

  • July 20, 2022
  • 0 min read
മനസിലാക്കാം, മാറ്റിനിർത്താം മങ്കിപോക്സിനെ

ജൂലായ് 13 ബുധനാഴ്ച്ച ഉച്ചയ്ക്ക് ദുബായിയിൽനിന്ന് പുറപ്പെട്ട 31 കാരനായ ഒരാൾ വൈകിട്ട് അഞ്ചരയോടെ മംഗളൂരുവിൽ വിമാനമിറങ്ങുന്നു. നേരിയ പനിയും അസ്വസ്ഥതയും ഉണ്ടായിരുന്ന അദ്ദേഹം അവിടെനിന്ന്‌ ടാക്‌സിയിൽ നേരേ പയ്യന്നൂരിലുള്ള വീട്ടിലേക്ക് വരുന്നു. തൊലിപ്പുറത്ത് ചില പോളകൾ കണ്ടതിനെതുടർന്ന് അടുത്ത ദിവസം രാവിലെ തന്നെ വീടിന് അടുത്തുള്ള ചർമരോഗവിദഗ്‌ധനെ കണ്ടു. ലക്ഷണങ്ങൾ കണ്ടപാടെ അദ്ദേഹം ഇയാൾക്ക് വാനര വസൂരി സംശയിക്കുകയും വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്തു.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ഐസൊലേഷൻ വാർഡിലേക്ക് യുവാവിനെ മാറ്റി. തുടർന്ന്‌ പുണെയിലെ വൈറോളജി ലാബിൽ ശ്രവം പരിശോധന റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർമാർ സംശയിച്ചതുപോലെ വാനര വസൂരിയാണെന്ന് ഉറപ്പാക്കി. കേരളത്തിൽ ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കുള്ളിൽതന്നെ രണ്ടാമത്തെ വാനര വസൂരി കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ കേരളത്തിലെ ജനങ്ങൾ ആശങ്കയിലായി. നിപ്പ, കോവിഡ് തുടങ്ങി രണ്ടു വൈറസ് രോഗങ്ങളെ വരുതിയിലാക്കി ജീവിതം സാധാരണ രീതിയിലേക്ക് തിരിച്ചു പോകുന്നതിനിടയിൽ വീണ്ടുമൊരു വൈറസ് രോഗ ഭീതിയിലാണ് മലയാളികൾ. എന്നാൽ കോവിഡിനെയും നിപ്പയെയും പോലെ മങ്കി പോക്സ് എന്നറിയപ്പെടുന്ന ഈ വാനര വസൂരിയെ പേടിക്കേണ്ടതുണ്ടോ ? എന്താണ് ഈ രോഗം ? പണ്ടുകാലത്ത് നിരവധി ജീവനെടുത്ത വസൂരിയുമായി ഇതിന് ബന്ധമുണ്ടോ? നിരവധി സംശയങ്ങളും ഇതോടൊപ്പം തന്നെ ഉയരുകയാണ്.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു ജന്തുജന്യ രോഗമാണ് മങ്കി പോക്സ് അഥവാ വാനര വസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ പകരുന്നു. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയാണ് പ്രധാനമായും രോഗം പരത്തുന്ന ജന്തുക്കൾ. രോഗബാധിതരായ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ എന്നിവയിലൂടെയും കിടക്കപോലുള്ള വസ്തുക്കളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും ഇത് പകരും. പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ, അല്ലെങ്കിൽ ജനന സമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും വാനര വസൂരി പകരും.

1958 ൽ ഡെൻമാർക്കിലേക്ക് ഗവേഷണത്തിനായി ഇറക്കുമതി ചെയ്ത കുരങ്ങുകളുടെ കോളനിയിലാണ് മങ്കി പോക്‌സിന് കാരണമാകുന്ന വൈറസ് ആദ്യമായി കണ്ടെത്തിയത്. 1970ൽ ആണ് മനുഷ്യർക്ക് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ചത്, കോംഗോയിലെ ഒരു കുട്ടിയിലാണ് ഇത് കണ്ടെത്തിയത്. 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വിഭാഗത്തിൽ പെട്ട വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. വസൂരിക്കെതിരായ വാക്‌സിനേഷൻ നിർത്തലാക്കിയത് വാനര വസൂരിക്കെതിരായ പ്രതിരോധം കുറയ്ക്കുമെന്ന വാദവും ഒരു വിഭാഗം ആരോഗ്യവിദഗ്ധർ ഉന്നയിക്കുന്നുണ്ട്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് ഒന്നുമുതൽ മൂന്ന് ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്ടിവാ, കോർണിയ എന്നീ ശരീര ഭാഗങ്ങളിലും ഇവ കാണപ്പെടും. പനിയോടൊപ്പം തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങളും ഉണ്ടാവാം. സാധാരണഗതിയിൽ വൈറസ് ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ കണ്ടുതുടങ്ങാനുള്ള കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെ നീണ്ടുപോകാം.

വാനര വസൂരി പകരാനുള്ള സാധ്യത കൂടുതലാണെങ്കിലും ആശങ്കപെടേണ്ടതില്ലെന്ന് മലബാർ മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി മെഡിസിൻ അസ്സോസിയേറ്റ് പ്രൊഫസ്സർ ഡോ. ബിനുബ് പറയുന്നു. മരണ നിരക്ക് മൂന്ന് ശതമാനമാണെങ്കിലും ചിലരിൽ ഇത് പ്രശ്നങ്ങളുണ്ടാക്കിയേക്കാം. കോവിഡിനോളം തീവ്രമല്ലെന്നും എന്നാൽ ജാഗ്രതക്കുറവ് ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂട്ടുമെന്നും അദ്ദേഹം ദി ഐഡത്തോട് പറഞ്ഞു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണ്ണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും ചികിത്സ അത്യാവശ്യമാണ്. വാനര വസൂരിക്കെതിരെ നിലവിൽ രണ്ടു വാക്സീനുകളാണ് എഫ്ഡിഎ അംഗീകരിച്ചിരിക്കുന്നത്. ജെനിയോസ്, എസിഎഎം 2000 എന്നിവയാണ് അവ.

കൃത്യമായ മുൻകരുതലുകൾ എടുക്കുന്നതിലൂടെ രോഗം പകരുന്നത് തടയാൻ സാധിക്കും. വന്യമൃഗങ്ങളുമായോ അവയുടെ മൃത ശരീരവുമായോ സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കണം, ഇവയുടെ മാംസം, രക്തം, മറ്റു ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. മൃഗങ്ങളുടെ മാംസം കഴിക്കുന്നതിന് മുൻപ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. രോഗബാധിതരുമായി സമ്പർക്കം ഉള്ള വളർത്തുമൃഗങ്ങളിലേക്കും വൈറസ് പകരാനുള്ള സാധ്യതയുണ്ട് അവയുമായി സമ്പർക്കം പുലർത്താതിരിക്കുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും നിർബന്ധമായും അണുബാധ നിയന്ത്രണ മുൻകരുതലെടുക്കണം.

കേരളത്തിൽ മങ്കിപോക്‌സ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് വിപുലമായ പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. 1200ലധികം സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പ്രൈവറ്റ് പ്രാക്ടീഷണര്‍മാര്‍ക്കും ആയുഷ് മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ അസുഖ ബാധിതരുമായി സമ്പർക്കം പുലർത്തിയവരെയും രോഗലക്ഷണങ്ങൾ ഉള്ളവരെയും പ്രത്യേകം നിരീക്ഷണത്തിൽ പാർപ്പിച്ചാണ് ചികിൽസിക്കുന്നത്. വിദേശത്തുനിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമായി ഹെല്പ് ഡെസ്കുകൾ തുറന്നിട്ടുമുണ്ട്.

ആലപ്പുഴ എന്‍ഐവിയിലാണ് വാനര വസൂരി പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന. ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ കോള്‍ഡ് ചെയിന്‍ സംവിധാനത്തോടെയാണ് ലാബില്‍ അയയ്ക്കുന്നത്. ആര്‍ടിപിസിആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡിഎന്‍എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. മങ്കിപോക്‌സിന് രണ്ട് പിസിആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആര്‍ടിപിസിആര്‍ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസുണ്ടെങ്കില്‍ അതറിയാന്‍ സാധിക്കും. ആദ്യ പരിശോധനയില്‍ പോസിറ്റീവായാല്‍ തുടര്‍ന്ന് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്ന പരിശോധന നടത്തും.

ഈ വർഷം തുടക്കം മുതൽ ലോകത്തെ 63 രാജ്യങ്ങളിലായി 9000 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഈ വർഷം ഇതുവരെ മൂന്നു മരണം സംഭവിച്ചതായാണ് റിപ്പോർട്ട്. എന്നാൽ എഴുപതിനുമുകളിൽ മരണം നടന്നതായി സ്ഥിരീകരിക്കാത്ത കണക്കുകളുമുണ്ട്.

About Author

ദി ഐഡം ബ്യൂറോ