A Unique Multilingual Media Platform

The AIDEM

Articles Health

വൈദ്യ വിദ്യാർത്ഥികളുടെ പ്രതിജ്ഞ മാറ്റം എന്തിന്?

  • February 23, 2022
  • 1 min read
വൈദ്യ വിദ്യാർത്ഥികളുടെ പ്രതിജ്ഞ മാറ്റം എന്തിന്?

വൈദ്യ വിദ്യാർത്ഥികൾ കോഴ്‌സിന് ചേരുമ്പോഴും അത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും എടുക്കുന്ന പ്രതിജ്ഞ “ഹിപ്പോക്രാറ്റിക് ഓത്” (Hippocratic oath)എന്ന പേരിലാണ് അറിയപ്പെട്ടിട്ടുള്ളത്.  ആധുനിക വൈദ്യശാസ്ത്രത്തിൻറെ പിതാവായാണ് ഹിപ്പോക്രാറ്റസ്  അറിയപ്പെടുന്നത്. ഈ ഗ്രീക്ക് ഫിസിഷ്യൻ ബി.സി. നാലാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. വൈദ്യശാസ്ത്രത്തെ,  അതു വരെ ഉണ്ടായിരുന്ന വിശ്വാസങ്ങളിൽ നിന്നും വിടുവിച്ച് ഒരു സ്വതന്ത്ര ശാസ്ത്രമായി വളർത്തിയെടുത്തത് അദ്ദേഹമായത് കൊണ്ട്, പിന്നീട് വന്നവർ അദ്ദേഹത്തിൻറെ പാരമ്പര്യം പിന്തുടരുകയും അംഗീകാരം നല്കുകയുമാണുണ്ടായത്. ഒട്ടേറെ പരിമിതികളുണ്ടായിരുന്നെങ്കിലും രോഗ ലക്ഷണങ്ങളെയും അതിന്റെ കാരണങ്ങളേയും ദീർഘകാലം നിരീക്ഷിക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്ത് കൊണ്ട് ഒരു വ്യവസ്ഥയായി ചികിത്സയെ വളർത്തിയെടുത്തതു കൊണ്ടാവണം അദ്ദേഹത്തെ പിന്നീട് ആ മേഖലയിലുള്ളവർ അംഗീകരിച്ചത്.  സത്യസന്ധത, സമചിത്തത, സൗമ്യത തുടങ്ങി ചികിത്സകർക്കുണ്ടാകേണ്ട ഗുണങ്ങൾ അദ്ദേഹം നിഷ്കർഷിച്ചതായി സൂചനകളുണ്ടെങ്കിലും ഹിപ്പോക്രാറ്റസിന്റെ പേരിൽ അറിയപ്പെടുന്ന പ്രതിജ്ഞ പിൽക്കാലത്ത് ഉണ്ടായതായാണ് അനുമാനിക്കപ്പെടുന്നത്.  ആ കാലത്തുണ്ടായിരുന്ന അറിവുകളെല്ലാം തിരുത്തി കൊണ്ടാണ് രണ്ടായിരം വർഷങ്ങൾ കഴിയുമ്പോഴേക്കും ആധുനിക വൈദ്യശാസ്ത്രം വികസിച്ചു വന്നത്. അതോടൊപ്പം പല സാഹചര്യങ്ങളിലൂടെ കടന്നു പോയ മനുഷ്യ സമൂഹം എല്ലാ  മൂല്യങ്ങളും പല കാലങ്ങളിലായി   മാറ്റി എഴുതി.

ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ എന്ന് ഇപ്പോഴും പറയുന്നുണ്ടെങ്കിലും, വാസ്തവത്തിൽ ഇപ്പോഴുള്ളത് പരിഷ്കരിച്ച ജനീവ ഡിക്ളറേഷനാണ്(Geneva declaration).  1948 ൽ ജനീവയിൽ വച്ച് നടന്ന ലോക മെഡിക്കൽ അസോസിയേഷൻ, പ്രതിജ്ഞക്ക് കാലോചിതമായ മാറ്റങ്ങൾ വരുത്തി. പിന്നീട് ഏഴു പ്രാവശ്യത്തോളം ഇത്  മാറ്റി  എഴുതിയിട്ടുണ്ട്. അവസാനമായി 2017 ൽ ആണ് ഇത് തിരുത്തി എഴുതിയത്. തുടക്കം മുതൽ തന്നെ പ്രതിജ്ഞ, ചികിത്സകർ പുലർത്തേണ്ട നൈതികതയാണ് സൂചിപ്പിക്കുന്നത്.  എന്നാൽ, നൈതിക മൂല്യങ്ങളിൽ തന്നെ എന്തെല്ലാം മാറ്റങ്ങൾ വന്നിരിക്കുന്നു.  ചികിത്സയിലും വൈദ്യശാസ്ത്ര ഗവേഷണത്തിലും ഇന്ന് മാർഗ്ഗ രേഖ നൽകുന്ന നൈതിക മൂല്യങ്ങൾ ഒരിക്കലും രണ്ടായിരം വർഷങ്ങൾക്ക് മുൻപോ ഇരുനൂറു വർഷങ്ങൾക്ക് മുൻപ് പോലുമോ ചിന്തിക്കാൻ കഴിയാത്തതാണ്.  സാഹചര്യങ്ങളാണ് മനുഷ്യരുടെ ചിന്തയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്.  മനുഷ്യ ശരീരത്തെ പണ്ട് ഏതു തരത്തിലുമുള്ള പഠനത്തിനും ചികിത്സക്കും വിധേയമാക്കിയിരുന്നു.  വേദനയേയോ അന്തസ്സിനേയോ അന്ന് കണക്കിലെടുത്തിരുന്നില്ല. ഒരു പക്ഷെ, അന്ന് അതിന് കഴിയുമായിരുന്നിരിക്കില്ല. നാസി ജർമ്മനിയിൽ പരീക്ഷണത്തിൻറെ പേരിൽ തടവുകാരെ ക്രൂര പീഡനങ്ങൾക്ക് വിധേയരാക്കിയത് പട്ടാളത്തിലെ ഡോക്ടർമാരായിരുന്നു. പിന്നീട് നടന്ന വിചാരണയിൽ അവ കുറ്റമായി പരിഗണിക്കപ്പെടുകയും അത് തന്നെ വൈദ്യശാസ്ത്ര നൈതികതയിൽ വലിയ മാറ്റം ഉണ്ടാക്കുകയും ചെയ്തു.

യുദ്ധത്തിലും കലാപങ്ങളിലും കൂടി മനുഷ്യർ കടന്നു പോകുമ്പോൾ പരസ്പരം മുറിവേൽപ്പിക്കുന്നു. അവിടെ ചികിത്സകർ പക്ഷം പിടിക്കുമോ? അങ്ങനെ പിടിക്കാമോ? ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെയാണ് പല സന്ദർഭങ്ങളിലും നൈതിക ചിന്തകളിലേക്ക് വൈദ്യലോകത്തെ കൊണ്ട് പോയിട്ടുള്ളത്.  മറ്റുള്ള മനുഷ്യരെ പോലെ ചികിത്സകരും ശുശ്രൂഷകരും ചിലപ്പോൾ പക്ഷം പിടിക്കുന്നുണ്ടാകാം. സാമൂഹ്യമായി നില നിൽക്കുന്ന പല അനീതികൾക്കും അനാചാരങ്ങൾക്കും വൈദ്യശാസ്ത്രം നീതീകരണങ്ങൾ നൽകുന്നതും ചരിത്രത്തിൽ കണ്ടിട്ടുണ്ട്.  എന്നാൽ, വൈദ്യശാസ്ത്ര നൈതികത എപ്പോഴും ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ്. പഴയ കാലം മുതൽ നില നിന്ന പ്രതിജ്ഞയുടെ അന്തഃസത്ത അതാണ്.  എന്നാൽ, ചില അധാർമ്മികതകൾ തിരിച്ചറിയുന്നത് തന്നെ, ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമായിരിക്കും.  ആ സമയത്ത് അത് എടുത്ത് പറയേണ്ടി വരും. അത് കൊണ്ടാണ് പ്രതിജ്ഞ നിരന്തരം പുതുക്കുന്നത്.  സാർവ്വ ലൗകികമായി അംഗീകരിക്കപ്പെട്ട ചില മൂല്യങ്ങളോട് വിട്ടു വീഴ്ച ചെയ്യാൻ നമുക്ക് സാധിക്കില്ല.  അവയെ മുറുകെ പിടിച്ചു കൊണ്ട് ഓരോ ദേശത്തിനും,  സന്ദർഭോചിതമായ തീരുമാനങ്ങളും നടപടികളും കൈക്കൊള്ളാം.

ഈ പശ്ചാത്തലത്തിലാണ് നാഷണൽ മെഡിക്കൽ കൗൺസിൽ നിർദ്ദേശിച്ച ചരക ശപഥം പരിശോധിക്കാവുന്നത്.  അത് ജനീവ ഡിക്ലറേഷൻ ഉയർത്തി പിടിക്കുന്ന പല മൂല്യങ്ങളും റദ്ദു ചെയ്യുന്നു. രോഗിയുടെ സ്വേച്ഛയും അന്തസ്സും(autonomy and dignity) ജനീവ ഡിക്ളറേഷനിൽ  പ്രധാനമായി വരുന്നു. മനുഷ്യരെ വിവേചനപരമായി കാണാതിരിക്കുകയും അവരുടെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുകയും ചെയ്യുക എന്നത് ആരോഗ്യം അവകാശമായി കാണുന്ന പുതിയ കാലത്തുണ്ടായതാണ്. രോഗിയുടെ ജാതി, വംശം, ലിംഗം തുടങ്ങിയവയൊന്നും ചികിത്സിക്കുന്ന ആളിന്റെ മനസ്സിൽ കടന്നു വരാൻ പാടില്ല. ലിംഗപരമായ വിവേചനത്തെ കുറിച്ചുള്ള ബോധമൊക്കെ  അടുത്ത കാലത്തുണ്ടായതാണ്. അത് പോലെ തന്നെ ഇപ്പോൾ ലൈംഗികചായ്‌വി(sexual orientation)നെ കുറിച്ചും പ്രത്യേകം പറയുന്നുണ്ട്.  വ്യത്യസ്ത ലൈംഗിക ചായ്‌വുള്ളവരെ മെഡിക്കൽ സിസ്റ്റം രോഗികളായി കാണുകയും ചികിത്സിച്ച് മാറ്റാൻ ശ്രമിക്കുകയും ചെയ്തിരുന്നിടത്ത് നിന്നാണ് ഈ മാറ്റം ഉണ്ടായതെന്ന് ഓർക്കണം. സാർവ്വലൗകികമായ തിരിച്ചറിവിൽ നിന്നാണ് അതൊക്കെ ഉണ്ടാകുന്നത്.  കണ്ണു തുറന്ന് കണ്ടതിന് ശേഷം അന്ധത നടിച്ചിട്ടു കാര്യമില്ലാത്തതു പോലെ തിരിച്ചറിഞ്ഞ അനീതികൾ, അതിനു ശേഷം  തിരുത്താനേ സാധിക്കുകയുള്ളൂ.  ഗുണനിലവാരമുള്ള ചികിത്സ രോഗിക്ക് നൽകാനായി, സ്വന്തം ആരോഗ്യവും ചികിത്സകർ  പരിപാലിക്കണമെന്നും പ്രതിജ്ഞയിലുണ്ട്. മനുഷ്യരുടെ അവകാശവും സ്വാതന്ത്ര്യവും ഹനിക്കുന്നതിനായി, പഠിച്ച് നേടിയ  വൈദ്യവിജ്ഞാനം ദുരുപയോഗം ചെയ്യില്ലെന്നും അവർ ശപഥം ചെയ്യുന്നു.

എന്നാൽ  ചരക ശപഥത്തിൽ ഈ മൂല്യങ്ങളൊക്കെ അപ്രത്യക്ഷമാകുന്നു.   പകരം  ഡോക്ടറെ ദ്വിജനായി നിർവ്വചിക്കുന്നതു പോലെയുള്ള, കാലത്തിനു യോജിക്കാത്ത ആശയങ്ങൾ കടന്നു  വരുന്നു.  ഡോക്ടർമാർ  മറ്റുള്ളവരിൽ നിന്ന് വേറിട്ടൊരു ജാതിയാവുന്നത് തുല്യതക്ക് വിരുദ്ധമായ മൂല്യമാണ്.  ഗുരുക്കന്മാർക്ക് വിധേയരായി, അനുസരണയുള്ള മകനെ പോലെയോ മകളെ പോലെയോ പെരുമാറും എന്ന് പറയുന്നത്, നമ്മൾ കയ്യൊഴിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന  രക്ഷാധികാര ഭാവത്തെയാണ് തിരിച്ചു കൊണ്ടു വരുന്നത്.  എത്ര ക്ഷീണിച്ചിരുന്നാലും ജോലിചെയ്തു കൊള്ളും എന്ന് ചിന്തിക്കുന്നത്, രോഗിക്ക് നല്ല പരിരക്ഷ നൽകാനായി  സ്വന്തം ആരോഗ്യം സംരക്ഷിക്കണം എന്ന് തിരിച്ചറിയുന്ന  ഉൾക്കാഴ്ച നഷ്ടപ്പെടുത്തുകയാണ് .  സ്ത്രീയെ പരിശോധിക്കുമ്പോൾ ശുശ്രൂഷകയായ മറ്റൊരു സ്ത്രീ ഉണ്ടാകണമെന്നതിനു പകരം അവരുടെ ഭർത്താവ് കൂടെ ഉണ്ടാകണമെന്ന് പറയുമ്പോൾ സ്ത്രീയുടെ സ്വേച്ഛക്കോ തെരഞ്ഞെടുപ്പിനോ ഒരു പ്രാധാന്യവും നൽകുന്നില്ല.  പൊതുവേ, ഈ ശപഥത്തിൽ കൊണ്ട് വരുന്ന ആശയങ്ങൾ, മനുഷ്യർ പുതുതായി ആർജ്ജിച്ച മൂല്യങ്ങളെ നിരാകരിക്കുന്നതും തള്ളി കളഞ്ഞതൊക്കെ തിരികെ കൊണ്ട് വരുന്നതും ആയാണ്  തോന്നുന്നത്.

ഇതൊക്കെ കൊണ്ട് വരുന്നത്, നൈപുണ്യഅധിഷ്ഠിത മെഡിക്കൽ വിദ്യാഭ്യാസം(Competency based medical education) നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് എന്നത് ഏറെ വിചിത്രമായിരിക്കുന്നു.   ഇന്ത്യൻ സമൂഹത്തിന് വേണ്ട ചികിത്സ നൽകാൻ നൈപുണ്യം  നേടുന്നതോടൊപ്പം  സാർവ്വലൗകികമായ പ്രാപ്തിയും ആർജ്ജിക്കുക എന്ന ലക്ഷ്യത്തോടെ മെഡിക്കൽ വിദ്യാഭ്യാസം നവീകരിച്ചിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ. പരമ്പരാഗതമായ രീതിക്ക് വിപരീതമായി ചിന്തിക്കാനും സന്ദർഭത്തിന് ഉചിതമായി അറിവ് ഉപയോഗപ്പെടുത്താനും, അന്വേഷണങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കാനും ഉതകുന്ന രീതിയാണിത്. സിലബസ് അനുസരിച്ച് പഠിച്ച് തീർക്കുക എന്നതിനേക്കാൾ, ആവശ്യമായ വൈദഗ്ദ്ധ്യം നേടുന്നതിനാണ് പ്രാധാന്യം. വിദ്യാർത്ഥി കേന്ദ്രിതമായ വിദ്യാഭ്യാസത്തിൽ അദ്ധ്യാപകർ സഹായികളാവുകയാണ് ചെയ്യുന്നത്. അദ്ധ്യാപകരോടുള്ള വിധേയത്വത്തേക്കാൾ പരസ്പര ബഹുമാനവും സ്വയം പഠനവും ഇത് പ്രോത്സാഹിപ്പിക്കുന്നു.  നൈതികത, ആശയ വിനിമയം, മനോഭാവം, എന്നിവ തുടക്കം മുതൽ ഒടുക്കം വരെ  ഇപ്പോൾ കരിക്കുലത്തിന്റെ  ഭാഗമാകുന്നുണ്ട്.  ദീർഘകാലത്തെ ചർച്ചകളുടെയും പരിശ്രമത്തിന്റേയും ഭാഗമായാണ് ഇങ്ങനെയുള്ള മാറ്റങ്ങൾ അടുത്ത കാലത്ത് വന്നിട്ടുള്ളത്. അതിൻറെ ഉള്ളടക്കവുമായും ചരക ശപഥം യോജിക്കുന്നതല്ല. മറ്റു പല സ്ഥലങ്ങളിലും എന്ന പോലെ പുതിയ കരിക്കുലത്തിന്റെ  ഉള്ളിലും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ആശങ്കപ്പെടേണ്ടതുണ്ട്. ഇത്തരം ഏച്ചു വക്കലുകൾ നമ്മളെ എവിടെയും എത്തിക്കുകയില്ല. മനുഷ്യർ ആർജ്ജിച്ച പുതു മൂല്യങ്ങൾ ഉപേക്ഷിക്കാനും  ആവാത്തത് കൊണ്ട്, കുറച്ച് ചിന്താ കുഴപ്പം ഉണ്ടാക്കാമെന്നല്ലാതെ ഈ മാറ്റം കൊണ്ട് എന്ത് കാര്യം?

About Author

ഡോ. എ കെ ജയശ്രീ

ജനകീയ ആരോഗ്യപ്രവർത്തക, സാമൂഹിക നിരീക്ഷക.