A Unique Multilingual Media Platform

The AIDEM

Art & Music Cinema

തെന്നിന്ത്യയുടെ നിത്യകൗമാരലോകങ്ങൾ

തെന്നിന്ത്യയുടെ നിത്യകൗമാരലോകങ്ങൾ

പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ഓർമയായി. അദ്ദേഹത്തിൻ്റെ സിനിമ ജീവിതത്തെ കുറിച്ച് പ്രമുഖ ചലച്ചിത്ര നിരൂപകൻ ജി പി രാമചന്ദ്രൻ എഴുതുന്നു.



ഇന്ത്യ എന്ന രാഷ്ട്ര/രാഷ്ട്രീയ ബൃഹദാഖ്യാനത്തിനകത്തെ ഒരു സബ് ടെക്സ്റ്റ് ആണ് തെന്നിന്ത്യ. തമിഴും മലയാളവും കന്നടയും തെലുങ്കുമായി അത് വേർപിരിയുമ്പോഴും അതിനെ ചേർത്തു നിർത്തുകയും ഒരുമിപ്പിക്കുകയും ചെയ്യുന്ന ചില സാംസ്കാരിക അവസ്ഥകളുണ്ട്. സിനിമ അതിൽ മുഖ്യ പങ്കു വഹിക്കുന്നു. ആ തെന്നിന്ത്യത്വം ആണ് പ്രതാപ് പോത്തനെപ്പോലെ ഏറ്റവും വിഷമകരമായ കഥാപാത്രങ്ങളെ തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച ഒരു അഭിനേതാവിൻ്റെ സാമാന്യ നിർവചനത്തെ സാധ്യമാക്കുന്നത് .

ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലാണ് ആധുനിക കേരളം എന്ന സംസ്ഥാനവും സംസ്ക്കാരവും രൂപപ്പെട്ടു വന്നത്. ഇതിൻ്റെ പ്രത്യക്ഷങ്ങളിൽ പ്രധാനമാണ് സിനിമ. തമിഴ് സിനിമയിൽ നിന്ന് വേറിട്ടു നിൽക്കുകയും വേണം, തെന്നിന്ത്യൻ പ്രാദേശികതകളുടെ ചില സവിശേഷതകൾ സ്വീകരിക്കുകയും വേണം എന്ന അവസ്ഥയാണ് പൊതുവേ മലയാള സിനിമ പിന്തുടർന്നത്. എഴുപതുകളിൽ അന്താരാഷ്ട്രവത്ക്കരിക്കപ്പെടുകയും കല എന്ന പട്ടം ആർജ്ജിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് ഈ പ്രക്രിയയിൽ നിന്ന് മലയാള സിനിമ വിമോചിതമായത്.

എന്നാൽ, മുഖ്യധാരാ സിനിമയ്ക്കും അതിൻ്റെ വ്യാവസായിക-വാണിജ്യ യുക്തികൾക്കും ഈ വിടുതൽ ആവശ്യമായിരുന്നില്ല. അതുകൊണ്ടാണ് കമൽ ഹാസൻ മുതൽ ഭരതൻ വരെയുള്ള നിരവധി കലാ വ്യക്തിത്വങ്ങൾ രണ്ടിടത്തും ഒരുപോലെ മികവ് പുലർത്തിയത്. അവരുടെ ജനുസ്സിൽപ്പെട്ട അസാമാന്യ പ്രതിഭ തന്നെയായിരുന്നു പ്രതാപ് പോത്തനും.

സമ്പന്നവും ആധുനികവുമായ ഒരു കുടുംബത്തിനകത്തും അതിനാൽ തന്നെ മധ്യവർഗയുക്തികളുടെ അമിത രക്ഷാകർതൃത്വത്തിൻ്റെ ഭാരങ്ങൾക്കു പുറത്തുമാണ് പ്രതാപ് തൻ്റെ സ്കൂൾ കോളേജ് ജീവിതങ്ങൾ പൂർത്തിയാക്കിയത്. മദ്രാസികളുടെ ഡൂൺ സ്കൂളായ ഊട്ടി ലവ് ഡേലിൽ പഠിച്ച പ്രതാപ് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി എ പാസായി. നാടകമടക്കമുള്ള നാഗരിക ലഹരികളിൽ പുക പോലെ പടർന്ന ഒരു കൗമാരവും അദ്ദേഹത്തിന് സിദ്ധിച്ചു.

ഈ നഗരത്വവും ദേശാന്തരത്വവും പ്രതാപിൻ്റെ പിൽക്കാല കഥാപാത്രങ്ങളെ അനന്യമാക്കിയെങ്കിലും; നാടൻ സ്വഭാവമുള്ള, എന്നാൽ സ്റ്റാൻഡേർഡ് പുരുഷനല്ലാത്ത വ്യക്തികളായി ആരവത്തിലും തകരയിലും ചാമരത്തിലുമൊക്കെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ഗ്രാമ്യമായ കാമനകളുടെ കുത്തിയൊഴുക്കായി ഭാവന ചെയ്യപ്പെട്ട പത്മരാജൻ/ഭരതൻ സിനിമകളിൽ ഈ നഗരജീവിയായ നടൻ എങ്ങനെയാണ് ഫിറ്റായത് എന്ന് പലരും അമ്പരക്കാറുണ്ട്. ഗ്രാമം സമം നന്മ എന്ന സൂത്രവാക്യം സംരക്ഷിയ്ക്കേണ്ട യാതൊരു ബാധ്യതയും ഇല്ലാതിരുന്നതിനാൽ ചലച്ചിത്ര കാരന്മാരുടെ ആത്മാവിനെ ഉൾക്കൊള്ളാൻ അയാൾക്ക് നിഷ്പ്രയാസം സാധിച്ചു.

കോൺ വെന്റ് ഇംഗ്ലീഷ് സ്ഫുടമായി സംസാരിക്കുന്നവരും എന്നാൽ ബുദ്ധിജീവി നാട്യങ്ങളൊന്നുമില്ലാത്തവരും ലഹരി ഉപയോഗിക്കുന്ന വരും കട്ടി/വട്ടക്കണ്ണടകൾ ധരിക്കുന്നവരുമായ, അപ്പുറത്തും ഇപ്പുറത്തുമില്ലാത്ത (ഗ്രേ) അന്തരാള പുരുഷത്വങ്ങളായി നമുക്ക് വിജയ് മേനോനും രഘുവരനുമെന്നതു പോലെ പ്രതാപ് പോത്തനെയും ലഭിച്ചു എന്ന് കലാനിരൂപകനായ ജോണി എം എൽ സാക്ഷ്യപ്പെടുത്തുന്നു.

ഫെമിനിസ്റ്റ് സിനിമയായി ആഘോഷിക്കപ്പെട്ട 22 ഫീമെയിൽ കോട്ടയത്തിലെ ഞാനൊന്ന് സെക്സ് ചെയ്തോട്ടെ എന്ന് മുമ്പിൽ കണ്ട സ്ത്രീയോട് നേരിട്ട് ചോദിയ്ക്കുന്ന റോ (അസംസ്കൃത) ആയ പുരുഷൻ്റെ ജന്തുജന്മത്തെ ഇത്രയും സ്വാഭാവികവും അനൗചിത്യപരമാം വിധം കാലോചിതവും ആയി ആവിഷ്ക്കരിയ്ക്കുകയായിരുന്നു പ്രതാപ് പോത്തൻ. ഏതൊരാൾക്കും അറപ്പും വെറുപ്പും തോന്നിയ്ക്കുന്ന ഈ അപരത്വത്തെ നെവെർ മൈൻഡ് ആയി അദ്ദേഹം സാക്ഷാത്ക്കരിച്ചു. അങ്ങനെ പല വേഷങ്ങൾ.

സൂപ്പർ താരാധിപന്മാരെപ്പോലെ ഇമേജ് സ്ഥാപിയ്ക്കുകയും സൂക്ഷിച്ചു സൂക്ഷിച്ചു നിലനിർത്തിപ്പോരുകയും ചെയ്യേണ്ട ഒരു ബാധ്യതയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇതിവൃത്താഖ്യാനങ്ങളുടെയും തിരശ്ശീലയുടെയും നിർമ്മാണവേളയുടെയും അരികുകളും മൂലകളും വരെ സൂക്ഷ്മ വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തി ആണ് സൂപ്പർ താരം തന്നെ നിറയ്ക്കാൻ വിടുന്നതെങ്കിൽ, പ്രതാപ് പോത്തനെപ്പോലെ ഒരാൾക്ക് സ്വന്തം ശരീര-മാനസിക ചലനങ്ങളിലേയ്ക്ക് കൂടുതൽ ശ്രദ്ധിയ്ക്കാൻ കഴിഞ്ഞു.

കൗമാരത്തിൻ്റെ പിടിവിട്ട അരാജകത്വങ്ങളിലായിരുന്നു പ്രതാപ് പോത്തൻ എന്നും ജീവിച്ചതും നടിച്ചു ജീവിച്ചതും. നിത്യയൗവനങ്ങളായ സൂപ്പർ താരങ്ങളുടെ ഉയർന്ന ഉത്തരവാദിത്തങ്ങളും അയാൾക്ക് നിർവഹിക്കാനുണ്ടായിരുന്നില്ല. അവരെപ്പോലെ രാഷ്ട്രം, സംസ്ക്കാരം, ഭാഷ, ബന്ധങ്ങൾ, കുടുംബം എന്നിങ്ങനെയുള്ള മര്യാദകളുടെ സദാചാരങ്ങളും അയാൾക്ക് പാലിയ്ക്കേണ്ടതുണ്ടായിരുന്നില്ല. സ്വന്തം വികാര-വിചാരങ്ങളെ അപ്രകാരം മേയാൻ വിടുന്ന ഒരു സ്വതന്ത്ര രാജ്യമായി ജീവിതത്തെയും സിനിമാ ജീവിതത്തെയും അദ്ദേഹത്തിന് ഭാവന ചെയ്യാനും പെരുമാറാനും സാധ്യമായത് അതുകൊണ്ടാണ്.

വെറ്റ്രിവിഴാ എന്ന സിനിമ പ്രതാപ് പോത്തൻ സംവിധാനം ചെയ്തതാണ്. കമൽ ഹാസൻ, ഇളയരാജ, പ്രഭു, ഖുശ്ബു, അമല എല്ലാമണിനിരക്കുന്ന ഈ സിനിമ, റോബർട്ട് ലാഡ്ലമിന്റെ ബോൺ ഐഡന്റിറ്റി എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയതെന്ന് ഭാസ്ക്കരമൂർത്തി പറയുന്നു. 1989ലായിരുന്നു അത്. 2002ലാണ് ഹോളിവുഡിൽ ഇതിന്റെ അഡാപ്റ്റേഷൻ വന്നത്. കാലത്തിനു മുമ്പേ സഞ്ചരിക്കാൻ പ്രതാപ് പോത്തന് സാധിച്ചു എന്നതിന് ഇതിലും നല്ല തെളിവെന്തിന്?

അക്കാലത്തെ തമിഴ് മധ്യവർത്തി സിനിമയിലെ അസ്വസ്ഥരായ യുവാക്കളെ പ്രതാപ് ആവിഷ്കരിച്ചു. നെഞ്ചത്തൈ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, മൂടുപനി, വരുമൈയിൽ നിറം ശിവപ്പ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങൾ. ഇക്കൂട്ടത്തിൽ കെ ബാലചന്ദറിന്റെ വരുമൈയിൻ നിറം ശിവപ്പിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

മീണ്ടും ഒരു കാതൽ കതൈ എന്ന ആദ്യ സംവിധാന സംരംഭത്തിന് ദേശീയ അവാർഡ് ലഭിച്ചു. മലയാളത്തിൽ സംവിധാനം ചെയ്ത ഋതുഭേദം, ഒരു യാത്രാ മൊഴി, ഡെയ്സി എന്നിവയും ശ്രദ്ധിയ്ക്കപ്പെട്ടു.

വായനയും യാത്രകളും പരസ്യകലാജോലിയും എല്ലാം നിർവഹിയ്ക്കുന്ന ഒരു തരത്തിൽ തിങ്ങി നിറഞ്ഞതും മറ്റൊരു രീതിയിൽ കാറ്റിൽ പറന്നും പ്രതാപ് ജീവിച്ചുകൊണ്ടേ ഇരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സാംസ്കാരിക മാറ്റങ്ങളും അദ്ദേഹം ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു.

ഒരിയ്ക്കലും മുതിർന്ന് പക്വമാവാൻ തീരുമാനിക്കാതിരുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തെ നിത്യകൗമാരലോകം എന്ന് വിളിക്കാമെന്ന് തോന്നുന്നു.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.