A Unique Multilingual Media Platform

The AIDEM

Articles International Politics

പ്രകാശം പ്രജ്ഞ പ്രത്യാശ സൗന്ദര്യം : സ്ത്രീത്വത്തിൻറെ വിമോചനമാണ് മനുഷ്യത്വത്തിൻറെ ലക്ഷ്യം

പ്രകാശം പ്രജ്ഞ പ്രത്യാശ സൗന്ദര്യം :  സ്ത്രീത്വത്തിൻറെ വിമോചനമാണ് മനുഷ്യത്വത്തിൻറെ ലക്ഷ്യം

കുര്‍ദിഷ് യുവതിയായ മഹ്‌സ (ജീന) അമീനി ഇറാനില്‍ കുപ്രസിദ്ധരായ സന്മാര്‍ഗ്ഗപ്പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിൻറെ പിന്നാലെ; സ്വതന്ത്ര പത്രപ്രവര്‍ത്തകയും ഗവേഷകയും കുര്‍ദിഷ് വിമോചകപ്രവര്‍ത്തകയുമെല്ലാമായ നഗീഹാന്‍ അക്കര്‍സെല്‍ കൊലയാളിയുടെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ട വാര്‍ത്തയുമെത്തിയിരിക്കുന്നു. തുര്‍ക്കിക്കാരിയായ നഗീഹാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വടക്കന്‍ ഇറാക്കിലെ കുര്‍ദിസ്താന്‍ പ്രാദേശിക ഗവണ്മെൻറിൻറെ സ്വയംഭരണാധികാര (ഓട്ടോണമസ്) പ്രദേശത്തെ സുലൈമാനി എന്ന നഗരത്തിലെ ബക്തിയാറിയിലാണ് താമസം. അവിടെ വെച്ചാണ് അവര്‍ കൊല്ലപ്പെട്ടതും. കൊലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അവരാരാണെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടില്ല.

സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷം, ഇറാഖിനകത്തുള്ള കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിൻറെ പ്രാധാന്യവും സ്വയംഭരണാധികാരവും കൂടുതല്‍ പ്രസക്തിയുള്ളതായി മാറി. ഇറാഖിൻറെ പ്രസിഡണ്ട് തന്നെ കുര്‍ദിഷ് വിഭാഗത്തില്‍ നിന്നാണ് ഇക്കാലയളവില്‍ തെരഞ്ഞെടുക്കപ്പെടുന്നത്. കുര്‍ദിസ്താൻറെ സ്വന്തം സൈന്യമായ പെഷ്‌മെര്‍ഗ ആണ് രാജ്യത്തിനകത്തെ രാഷ്ട്രത്തിൻറെ അതിര്‍ത്തികള്‍ സംരക്ഷിയ്ക്കുന്നത്. മതതീവ്രവാദികളായ ഐഎസ്സിനെതിരെ തുറന്ന പോരാട്ടം നടത്തുന്ന കുര്‍ദ് പോരാളികളുടെ സ്മരണയ്ക്കായി, സുലൈമാനി നഗരത്തിലുള്ള അംനാ സുരാക്കാ എന്ന മ്യൂസിയത്തില്‍ പ്രത്യേക പ്രദര്‍ശന-സ്മരണാ മേഖല തന്നെയുണ്ട്. ഐഎസ്സിനെതിരായ പ്രതിരോധത്തിലെ രക്തസാക്ഷികളുടെ മ്യൂസിയം എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ വിഭാഗം അത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തേതാണ്. (കഴിഞ്ഞ ഡിസംബറില്‍ ആ മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ മൊബൈലിലെടുത്ത ഒരു ചിത്രം ഇവിടെ പങ്കു വെയ്ക്കുന്നു)

അംനാ സുരാക്കാ മ്യൂസിയത്തില്‍ നിന്ന്

ലോകത്തെല്ലാവരാലും ആക്രമിക്കപ്പെടുന്നവരാണ് കുര്‍ദുകള്‍ എന്നാണവര്‍ സ്വയം കരുതുന്നത്. സങ്കീര്‍ണമായ ജിയോപൊളിറ്റിക്കല്‍ ചതുരംഗക്കളിയില്‍ നിരന്തരം തോല്‍പ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കാലാളുകളാണ് കുര്‍ദുകള്‍ എന്നാണവരുടെ ചരിത്രം പറയുന്നത്.

മലകളല്ലാതെ തങ്ങള്‍ക്കാരുമില്ല എന്നാണവരുടെ വിശ്വാസം. കുര്‍ദ് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മലകളുടെ ജനങ്ങള്‍ എന്നാണെന്നു കരുതുന്നവരുണ്ട്. തുര്‍ക്കിയിലെ മാറി മാറി വന്ന ഭരണകൂടങ്ങള്‍ ജനസംഖ്യയുടെ ഇരുപതു ശതമാനം വരുന്ന കുര്‍ദിഷ് ജനതയെ അംഗീകരിക്കുന്നത് തന്നെ ഇല്ല. മലവാസികളായ തുര്‍ക്കിക്കാര്‍ (മൗണ്ടന്‍ ടര്‍ക്ക്‌സ്) എന്നാണ് കുര്‍ദുകളെ തുര്‍ക്കി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥാനപ്പെടുത്തുന്നത്. കുര്‍ദിഷ് പേരുകളും വസ്ത്രങ്ങളും ആചാരങ്ങളും ഭാഷകളും പോലും അവിടെ നിരോധിക്കപ്പെട്ടിരുന്നു. ഇപ്പോഴും സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുര്‍ദിഷ് ഭാഷയില്‍ അധ്യാപനം അസാധ്യമാണ്. ചില സ്വകാര്യ സ്‌കൂളുകളില്‍ മാത്രമാണ് കുര്‍ദിഷ് ഭാഷയില്‍ പഠിക്കാന്‍ സാധിക്കുക.

1978ല്‍ അബ്ദുള്ള ഓഹ്ജലാൻറെ നേതൃത്വത്തില്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) സ്ഥാപിക്കപ്പെട്ടു. തുര്‍ക്കിക്കകത്ത് സ്വയംഭരണാധികാരമുള്ള രാഷ്ട്രം സ്ഥാപിക്കുകയാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യം. 1999ല്‍ അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുള്ള ഓഹ്ജലാന്‍ ഇപ്പോഴും തടവറയ്ക്കകത്താണ്. ആയുധമെടുത്തുള്ള പോരാട്ടങ്ങളും പികെകെ നടത്തുന്നുണ്ട്. ഭരണകൂടവുമായുള്ള ഏറ്റുമുട്ടലില്‍ ഏതാണ്ട് അര ലക്ഷം പേര്‍ ഇതിനകം കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ വീടു നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി അലയുന്നു. റെവല്യൂഷണറി സോഷ്യലിസം, മാര്‍ക്‌സിസം, ലെനിനിസം, കുര്‍ദിഷ് ദേശീയത എന്നീ ആശയങ്ങളുടെ സമുച്ചയമാണ് പികെകെയുടെ പ്രത്യയശാസ്ത്രം.

കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രകടനം

കുര്‍ദിഷ് സിനിമയുടെ പിതാവായി കരുതപ്പെടുന്ന ലോകപ്രശസ്ത ചലച്ചിത്രകാരനായ യില്‍മാസ് ഗുനെ തുര്‍ക്കി സ്വദേശിയായ കുര്‍ദിഷ് വംശജനായിരുന്നു. നിരവധി സിനിമകളില്‍ നായകനായും അഭിനയിച്ചിട്ടുള്ള, ഇടതുപക്ഷ ബുദ്ധിജീവിയായ അദ്ദേഹം ഒരു ന്യായാധിപനെ കൊലപ്പെടുത്തി എന്നാരോപിയ്ക്കപ്പെട്ട് ജയിലിലടയ്ക്കപ്പെടുകയും തടവറയ്ക്കകത്തിരുന്നു സിനിമാ സംവിധാനം തുടരുകയും ചെയ്തു. യോള്‍ (റോഡ്) എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ഉടനെ യില്‍മാസ് ഗുനെ ജയില്‍ ചാടുകയും രാജ്യത്തിൻറെ അതിര്‍ത്തികള്‍ രഹസ്യമായി കടന്ന് പാരീസിലെത്തി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി, അടുത്ത വര്‍ഷത്തെ (1982) കാന്‍ മേളയില്‍ ചിത്രവുമായി ഭാര്യാസമേതം പ്രത്യക്ഷപ്പെട്ടു. ആ വര്‍ഷത്തെ പാം ദ ഓര്‍ (ഏറ്റവും മികച്ച ചിത്രം) കോസ്റ്റാ ഗാവ്‌റസിൻറെ മിസ്സിങ്ങുമായി യോള്‍ പങ്കിടുകയും ചെയ്തു. അതിനു ശേഷം യില്‍മാസിന് സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചു വരാനായില്ല. അധികം വൈകാതെ രോഗബാധിതനായി മരണപ്പെടുകയും ചെയ്തു. കുര്‍ദിഷ് സിനിമയിലേയ്ക്ക് ലോക ചലച്ചിത്രാസ്വാദകരുടെ തീവ്ര ശ്രദ്ധ ഇതിനു ശേഷം പതിയുകയും ചെയ്തു.

സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നത് കുര്‍ദിഷ് വിമോചനപ്പോരാട്ടത്തിൻറെ പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിലൊന്നാണ്. ഗോത്ര ജീവിതശീലങ്ങളുടെയും സാമുദായിക-പാരമ്പര്യ വാഴ്ചയുടെയും ഭാഗമായി മറ്റു മൂന്നാം ലോക രാജ്യങ്ങളിലേതു പോലെ പുരുഷാധിപത്യം തന്നെയാണ് കുര്‍ദുകള്‍ക്കിടയിലും സാമാന്യബോധമായി പ്രവര്‍ത്തിക്കുന്നത്. കുര്‍ദുകള്‍ക്ക് സ്വന്തമായ ഒരു രാഷ്ട്രം അഥവാ, ഇപ്പോഴുള്ള പരമാധികാര രാജ്യങ്ങള്‍ക്കകത്തെ കുര്‍ദിഷ് മേഖലകള്‍ക്ക് സ്വതന്ത്ര ഭരണം (ഇറാഖിലും സിറിയയില്‍ പരിമിതികളോടെയും നിലനില്ക്കുന്നതു പോലെ) എന്നീ ആവശ്യങ്ങളുന്നയിച്ച് പൊതുപ്രസ്ഥാനങ്ങളിലണിചേരുമ്പോഴും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി സംസ്‌ക്കാരത്തിൻറേയും വിദ്യാഭ്യാസത്തിൻറേയും സാഹിത്യത്തിൻറേയും കലയുടെയും മേഖലകളില്‍ വിപുലമായി പ്രവര്‍ത്തിക്കുന്നവരാണ് കുര്‍ദിഷ് ചിന്തകരും ആക്റ്റിവിസ്റ്റുകളും. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു നഗീഹാന്‍ അക്കര്‍സെല്‍.

കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ)യോട്  ആഭിമുഖ്യമുള്ള നഗീഹാന്‍ അക്കര്‍സെല്‍, അബ്ദുള്ള ഓഹ്‌ജെലാന്‍ ആവിഷ്‌ക്കരിച്ച ജിനെയോളജി അഥവാ സയന്‍സ് ഓഫ് വിമെന്‍ എന്ന പ്രത്യയശാസ്ത്രത്തിൻറെ ഒരു പ്രചാരകയും വിദഗ്ദ്ധ ഗവേഷകയുമാണ്. 2022 ഒക്ടോബര്‍ 4നാണ്, ഇറാഖി കുര്‍ദിസ്താനിലെ സുലൈമാനിയിലെ അവരുടെ വസതിയില്‍ വെച്ച് നഗീഹാന്‍ നിരവധി വെടിയുണ്ടകളേറ്റു വാങ്ങി രക്തസാക്ഷിത്വം  വരിച്ചത്. അതേ ദിവസം വൈകുന്നേരം, സുലൈമാനി പ്രവിശ്യയിലെ മാവത്തില്‍ പികെകെ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്നു എന്നു കരുതപ്പെട്ടിരുന്ന ഒരു വാഹനത്തിനു നേരെ തിരിച്ചറിയാത്ത ഒരു ഡ്രോണ്‍ ആക്രമണവുമുണ്ടായി. സാക്കി ചലാബി, സസുഹൈല്‍ ഖുര്‍ഷിദ് എന്നിങ്ങനെ സമാനമായ ആക്രമണങ്ങളില്‍ ഈ വര്‍ഷം തന്നെ കൊല്ലപ്പെട്ടവരുടെ പേരുകളും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്.

നഗീഹാന്‍ അക്കര്‍സെലിൻറെ പോസ്റ്ററുമായി യുവതി

തുര്‍ക്കിയിലെ കോനിയയിലാണ് അക്കാര്‍സെല്‍ ജനിച്ചത്. തുര്‍ക്കിയില്‍ ജീവന് ഭീഷണിയുള്ളതിനാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറാഖി കുര്‍ദിസ്താനിലെ സുലൈമാനിയിലായിരുന്നു അവരുടെ താമസം. നഗീഹാന്‍ അക്കാര്‍സെല്‍, സ്ത്രീത്വം എന്ന മാനുഷികമായ പ്രതിഭാസത്തിൻറെ പ്രകാശവും പ്രജ്ഞയും പ്രത്യാശയും സൗന്ദര്യവുമായിരുന്നു എന്നാണ് ജിനെയോളജിയെ അനുകൂലിക്കുന്നവര്‍ കരുതുന്നത്. അവരോടൊപ്പം നില്‍ക്കുക എന്നതിൻറെ അര്‍ത്ഥം; സൗന്ദര്യം, നന്മ, സ്വാതന്ത്ര്യം എന്നിവയോടൊപ്പം നില്‍ക്കുക എന്നാണ്. അവരുടെ ജീവിതാസക്തിയും പ്രവര്‍ത്തനോര്‍ജ്ജവും നമ്മെ ഇനിയുള്ള കാലവും നയിക്കുമെന്നവര്‍ പ്രത്യാശിക്കുന്നു.

1976ല്‍ കൊനിയ(തുര്‍ക്കി)യിലെ സിഹാന്‍ബെയില്‍ ജില്ലയിലെ ഗോലിയാസി എന്ന പട്ടണത്തിലാണ് നഗീഹാന്‍ അക്കാര്‍സെല്‍ ജനിച്ചത്. സെലിക്കാന്‍ എന്നാണ് ഈ പട്ടണത്തിന്റെ കുര്‍ദിഷ് നാമം. തങ്ങള്‍ കുര്‍മാഞ്ചു(കുര്‍ദുകളിലെ ഒരു ഉപവിഭാഗം)കളാണെന്ന് സ്വയം പറയുന്നവരുടെ പട്ടണമാണത്.

സൂര്യോദയത്തിനു ശേഷം എഴുന്നേല്‍ക്കുന്നത് ഒരു അപരാധമാണെന്ന് കരുതുന്ന ഇവിടത്തെ ആളുകള്‍ ചാരത്തിനു മേല്‍ വെള്ളമൊഴിയ്ക്കുകയുമില്ല. ഈ പാരമ്പര്യങ്ങളുടെ പ്രഭവമന്വേഷിച്ചു പോയ നഗീഹാന് ഈ പ്രദേശങ്ങളുടെ യസീദി അലവി പാരമ്പര്യങ്ങളുമായുള്ള സാംസ്‌ക്കാരിക സമാനതകള്‍ കണ്ടെത്തി. കുട്ടിയായിരിക്കുമ്പോള്‍ തന്നെ പെണ്ണുങ്ങളുടെ കഥകള്‍ കേള്‍ക്കാനായിരുന്നു അവള്‍ക്കിഷ്ടം. ഗോതമ്പു പാടങ്ങള്‍ നിറഞ്ഞ ആ ചെറു പട്ടണത്തില്‍ കുട്ടിക്കാലം ചെലവിട്ട അവള്‍ക്ക് ധാന്യം അഥവാ ഭക്ഷണപദാര്‍ത്ഥത്തിൻറെ മൂല്യം ശരിക്കും ബോധ്യമായി. ഒരു ഗോതമ്പു മണി പാഴാക്കിക്കളയുന്നത്, രക്തം തൂവുന്നതു പോലെ ഹൃദയഭേദകമാണെന്നവള്‍ക്ക് മനസ്സിലായി. പുതുമഴ പെയ്ത മണ്ണില്‍ ചെരുപ്പിടാതെ കളിച്ച കളികള്‍ അവള്‍ മറന്നതേ ഇല്ല. യൗവനത്തിലേയ്ക്കു കടന്ന കാലയളവില്‍ തന്നെ ആണധികാരത്തിനെതിരായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകാണ് തൻറെ ജീവിത നിയോഗം എന്നവള്‍ തിരിച്ചറിഞ്ഞു.

ഹൈസ്‌ക്കൂള്‍ പഠനം സ്വന്തം പട്ടണത്തില്‍ നിന്നു തന്നെ പൂര്‍ത്തിയാക്കിയ നഗീഹാന്‍ തുര്‍ക്കിയുടെ തലസ്ഥാന നഗരമായ അങ്കാരയിലെ ഗാസി സര്‍വകലാശാലയില്‍ ജേര്‍ണലിസം പഠിക്കാനായി ചേര്‍ന്നു. ഗാസി സര്‍വകലാശാലയില്‍, യൂത്ത് കൗണ്‍സില്‍ ഓഫ് കുര്‍ദിസ്താൻറെ പ്രവര്‍ത്തനങ്ങളില്‍ അവള്‍ അണി ചേര്‍ന്നു. ലാളിത്യവും മന്ദഹാസമുണര്‍ത്തുന്ന മുഖകാന്തിയും അന്വേഷണത്വരയുമുള്ളവളായിരുന്നു അവളെന്ന് പരിചയപ്പെട്ടവരെല്ലാം പറയുന്നു. തുടര്‍ന്ന് പികെകെയുടെ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടയായ നഗീഹാന്‍ അവരുടെ സഹയാത്രിക ആയി മാറി.

2001ല്‍ അറസ്റ്റ് ചെയ്യപ്പെട്ട നഗീഹാന്‍ 2007 വരെ ജയിലിലായിരുന്നു. ജയില്‍ മോചിതയായ നഗീഹാന്‍ 2008നും 2014നുമിടയിലുള്ള കാലയളവില്‍ ഡിസില്‍ എന്ന വാര്‍ത്താ ഏജന്‍സിയില്‍ റിപ്പോര്‍ടറും എഡിറ്ററുമായി ജോലി ചെയ്തു. ഇതേ സമയത്തു തന്നെ, ഹാസെറ്റെപ്പേ സര്‍വകലാശാലയില്‍ സ്ത്രീ/ലിംഗപദവി പഠനങ്ങളില്‍ മാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കി. നഗീഹാനും സഖാക്കളും ചേര്‍ന്ന് ജിന്‍ഹാ എന്ന വനിതകളുടെ വാര്‍ത്താ ഏജന്‍സി സ്ഥാപിച്ചു. 2016 ഒക്ടോബര്‍ 29ന് ഭരണകൂടം ഈ ഏജന്‍സിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. കുര്‍ദിഷ് മാധ്യമങ്ങളുടെ ഒരധ്യാപികയും സുഹൃത്തും സഖാവും ആന്തരികവ്യക്തിത്വവുമായിരുന്നു നഗീഹാന്‍ അക്കര്‍സെല്‍. മറ്റു വിഭാഗങ്ങളിലുള്ള സ്ത്രീകളുമായി സൗഹൃദബന്ധങ്ങള്‍ വികസിപ്പിക്കാനും അവള്‍ ഇക്കാലത്തിനിടയില്‍ പരിശ്രമിച്ചു.

നഗീഹാന്‍ അക്കര്‍സെല്‍

റെബര്‍ ആപ്പോ എന്ന് അനുയായികളാല്‍ വിളിക്കപ്പെടുന്ന അബ്ദുല്ല ഓഹ്ജലാന്‍ സുപ്രധാനമായി ആവിഷ്‌ക്കരിച്ച് പ്രചരിപ്പിക്കുന്ന ജിനെയോളജി എന്ന പ്രത്യയശാസ്ത്രത്തിന്റെ മേഖലയില്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്താനും അതുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുമാണ് നഗീഹാന്‍ പില്‍ക്കാലത്ത് അധികവും ശ്രമിച്ചത്. ഇതിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ജിനെയോളജി അക്കാദമിയിലും അവര്‍ അംഗമായി. ജിനെയോളജി എന്ന ജേര്‍ണലിൻറെയും എഡിറ്റോറിയല്‍ ബോര്‍ഡില്‍ അവര്‍ അംഗമായിരുന്നു. നിരവധി ലേഖനങ്ങള്‍ ആ ജേര്‍ണലില്‍ അവര്‍ എഴുതിയിട്ടുണ്ട്. വംശീയമോ സ്വത്വ രാഷ്ട്രീയപരമോ ആയി പരിമിതപ്പെടാന്‍ അനുവദിക്കാതെ സ്ത്രീ സ്വാതന്ത്ര്യത്തിനായുള്ള ഒരു പ്ലാറ്റ് ഫോമായി ജിനെയോളജിയെ വികസിപ്പിക്കാന്‍ നഗീഹാന്‍ അക്കാര്‍സെല്‍ ശ്രമിച്ചിരുന്നു.

ബക്കൂര്‍, ബസൂര്‍, റോജാവാ എന്നീ കുര്‍ദിസ്താനുകളിലെല്ലാം ഫീല്‍ഡ് പഠനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ള നഗീഹാന്‍ അഗാധമായ വിജ്ഞാനശേഖരങ്ങളാണ് ആര്‍ജ്ജിച്ചിട്ടുള്ളത്. എല്ലാ പ്രായത്തിലും പെട്ട ആയിരക്കണക്കിന് ആളുകളെ അവര്‍ പഠിപ്പിച്ചിട്ടുണ്ട്. നിരവധി വൃത്താന്ത പത്രങ്ങളിലും ആനുകാലികങ്ങളിലും പോര്‍ട്ടലുകളിലുമായി അവര്‍ ലേഖനങ്ങള്‍ എഴുതി. എവിടെപോയാലും യുവാക്കളുടെ ആകര്‍ഷണകേന്ദ്രമായിരുന്നു അവര്‍. നിരാശയല്ല, പ്രത്യാശയാണ് അവരുടെ മുഖമുദ്ര എന്നതായിരുന്നു അതിൻറെ കാരണം. കുര്‍ദിസ്താനിലെ സ്ത്രീകളുടെ വാമൊഴി സംസ്‌ക്കാരത്തിലും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള നഗീഹാന്‍ സുലൈമാനിയില്‍ ഒരു കുര്‍ദിഷ് വനിതാ ഗ്രന്ഥശാല സ്ഥാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു. സാഹിത്യത്തിൻറെ നഗരം (സിറ്റി ഓഫ് ലിറ്ററേച്ചര്‍) എന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുള്ള സുലൈമാനിയിലെ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രസിദ്ധമാണ്.

നഗീഹാന്‍ അക്കര്‍സെലിൻറെ കൊലപാതകത്തിലെ പ്രതിഷേധം

ഇറാനിലെ കുര്‍ദിസ്താനായ റോജിലാത്തെ (ഇവിടത്തെ സാക്കേസിലാണ് ഈയിടെ തെഹ്‌റാനില്‍ കൊല്ലപ്പെട്ട മഹ്‌സാ (ജീനാ) അമീനിയുടെ സ്വദേശം) യില്‍ ഇതുവരെയ്ക്കും നഗീഹാന് പോകാനായിട്ടില്ല. തങ്ങളുടെ ഹൃദയവും മനസ്സാന്നിദ്ധ്യവും എത്തുന്ന ഇടങ്ങളില്‍ എത്താന്‍ കഴിയാത്ത രാജ്യാതിര്‍ത്തികളുടെ കമ്പിവേലികള്‍ക്കിപ്പുറവും അപ്പുറവുമായി ജീവിക്കേണ്ടി വരുന്ന കുര്‍ദുകളുടെ നഷ്ടയാഥാര്‍ത്ഥ്യം അഥവാ യാഥാര്‍ത്ഥ്യനഷ്ടമാണ് നഗീഹാന്‍ എന്ന പ്രതീകത്തിലൂടെ വെളിപ്പെടുന്നത്.

അവരുടെ പോരാട്ടങ്ങള്‍ വൃഥാവിലാവില്ല.

…………………………………………………….

(റെഫറന്‍സ്:

  1. സിന്‍ (നോവല്‍) – ഹരിതാ സാവിത്രി/മാതൃഭൂമി ബുക്‌സ്)
  2. ജിന്‍ഹാ  സ്ത്രീകളുടെ വാര്‍ത്താ ഏജന്‍സി
  3. റുഡാ ഡോട്ട് നെറ്റ്
  4. റിപ്പോര്‍ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ് ഡോട്ട് ഓര്‍ഗ്)
  5. ജിനെയോളജി ഡോട്ട് ഓര്‍ഗ്
  6. കുര്‍ദിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡോട്ട് ബെ
  7. ബിബിസിയും വിക്കിപ്പീഡിയയും

Subscribe to our channels on YouTube & WhatsApp

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

നരബലി നടന്ന കേരളത്തിൽ ജീവിക്കുന്ന നമുക്ക് മറ്റിടങ്ങളിലെ കാര്യങ്ങളെ അപലപിക്കാൻ എന്ത് ധാർമ്മിക അവകാശമാണ് ഉള്ളത്? എന്നിരുന്നാലും രാമചന്ദ്രന്റെ എഴുത്തിനു എന്റെ സല്യൂട്ട് 🙏