A Unique Multilingual Media Platform

The AIDEM

Articles National Politics

ബി ബി സി ഡോക്കുമെന്ററിയും ബി ജെ പിയിലെ നേതൃതല കളികളും

  • January 25, 2023
  • 1 min read
ബി ബി സി ഡോക്കുമെന്ററിയും  ബി ജെ പിയിലെ നേതൃതല കളികളും

വര്‍ഷങ്ങള്‍ക്കു മുമ്പ് 2002ലെ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ദല്‍ഹിയില്‍ നിന്നും അന്നത്തെ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഒരുസംഘം മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചു കൊണ്ടുപോയ സംഘത്തിലാണ് ഞാന്‍ അലക്‌സ് പെറിയെ നേര്‍ക്കുനേരെ കാണുന്നത്. പ്രധാനമന്ത്രി വാജ്‌പേയിയുടെ കരളും വൃക്കകളും തകരാറിലാണെന്നും അദ്ദേഹം മുട്ടുവേദന ശമിക്കാനായി നിത്യവും വേദന സംഹാരികള്‍ ഉപയോഗിക്കുന്നുണ്ടെന്നും യോഗങ്ങള്‍ക്കിടയില്‍ പലപ്പോഴും നിയന്ത്രണം നഷ്ടപ്പെട്ട് ഉറങ്ങാറുണ്ടെന്നുമൊക്കെയുള്ള ടൈം മാഗസിനിലെ റിപ്പോര്‍ട്ട് പുറത്തു വന്ന കാലമായിരുന്നു അത്. പ്രധാനമന്ത്രിക്ക് നാടു ഭരിക്കാനുള്ള ആരോഗ്യമില്ലെന്ന ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് വിദശിയായ പെറി ആയിരുന്നു. വാജ്‌പേയിക്കെതിരെ എന്തോ ഒരു ‘ബോംബ്’ പൊട്ടാന്‍ പോകുന്നുണ്ടെന്ന വിവരം അന്ന് കോണ്‍ഗ്രസിന്റെ വക്താവായിരുന്ന ജയ്പാല്‍ റെഡ്ഡി മുഖേന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നുവെങ്കിലും എന്താണ് ടൈം മാഗസിന്‍ പുറത്തു വിടാന്‍ പോകുന്നതെന്ന് കാര്യമായ ധാരണയൊന്നും ആര്‍ക്കും ഉണ്ടായിരുന്നില്ല. ഈ വാര്‍ത്ത ജൂണില്‍ പുറത്തു വന്ന് മൂന്നു മാസങ്ങള്‍ക്ക് ശേഷമായിരുന്നു കശ്മീര്‍ തെരഞ്ഞെടുപ്പ്. രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത ഉമര്‍ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് റാലി കഴിഞ്ഞ് കശ്മീരിലെ ഉറിയില്‍ നിന്നും ശ്രീനഗറിലേക്ക് മടങ്ങുന്ന വാഹനത്തില്‍ ഞാനും പെറിയും ഒന്നിച്ചായിരുന്നു. അദ്ദേഹത്തോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഏറെ നാളായി അലട്ടിയ ആ സംശയത്തിന് അടിവരയിടുന്ന ചില സൂചനകളാണ് പെറി നല്‍കിയത്. എനിക്ക് മനസ്സിലാക്കാനായത് അദ്വാനിയുടെ ഓഫീസില്‍ നിന്നാണ് ആ വാര്‍ത്ത ചോര്‍ന്നതെന്നാണ്. എല്‍.കെ അദ്വാനി പിന്നീട് ഉപപ്രധാനമന്ത്രി ആയി ചുമതലയേറ്റത് ടൈം മാഗസിന്‍ പുറത്തുവിട്ട ആ വാര്‍ത്തയുടെ പിന്‍ബലത്തിലാണ്. അതായത് ബി.ജെ.പിക്കകത്തെ നേതൃസമരത്തിന്റെ ഭാഗമായിട്ടായിരിക്കണം അങ്ങനെയൊരു വാര്‍ത്ത ചോരാനിടയായത്. ആവശ്യമുളളപ്പോഴൊക്കെ ഇന്ത്യന്‍ മാധ്യമങ്ങളേക്കാളേറെ ടൈം മാഗസിനെ ഉപയോഗിച്ച ചരിത്രവും ബി.ജെ.പിക്കുണ്ട്.

സമാനമായ എന്തോ ഒന്ന് ബി.ജെ.പിക്കകത്ത് രൂപപ്പെടുന്നുണ്ടെന്നാണ് തോന്നുന്നത്. അലക്‌സ് പെറിയുടെ റിപ്പോര്‍ട്ട് വാജ്‌പേയിക്കെതിരെ അദ്വാനിക്ക് ഉപയോഗപ്പെട്ടതു പോലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ഡോക്യുമെന്റി വിവാദം ബി.ജെ.പിയില്‍ ഏതോ രണ്ടാമന് ഗുണം ചെയ്യാന്‍ പോകുന്നു. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഈ വീഡിയോ പുറത്തുവന്ന സമയം രാഷ്ട്രീയമായി ഒട്ടും ഗുണം ചെയ്യുന്ന ഒന്നല്ല. എന്നാല്‍ മോദിക്ക് ഇന്ത്യക്കകത്ത് ഇത് ഒരു നഷ്ടവും ഉണ്ടാക്കുന്നുമില്ല. പുതിയ തലമുറ വോട്ടര്‍മാര്‍ക്കു കൂടി അങ്ങനെയൊരു ഭൂതകാലത്തെ കുറിച്ച് അറിയാനും ഒരുവേള മോദിയോട് അവര്‍ക്ക് വീരാരാധന തോന്നാനുമൊക്കെ ബി.ബി.സി വഴിയൊരുക്കുന്നുണ്ടാവാം. ഇന്ത്യയുടെ മാധ്യമങ്ങളും നീതിന്യായ വ്യവസ്ഥയും അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ പരിഹസിക്കപ്പെടുന്നു എന്നതിലപ്പുറം ഇന്ത്യക്കകത്ത് നിയമപരമോ ധാര്‍മ്മികമോ ആയ ഒരു പ്രതിസന്ധിയും ഈ ഡോക്യുമെന്റി ഉണ്ടാക്കാനിടയില്ല. നിലവില്‍ പ്രഖ്യാപിച്ച അസംബ്‌ളി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് നേട്ടം ലഭിക്കുക എന്നതാണ് റിപ്പോര്‍ട്ടിലൂടെ സംഭവിക്കാനിടയുള്ള കാര്യങ്ങളിലൊന്ന്. പക്ഷേ നാഗാലാന്റ്, മേഘാലയ, മണിപ്പൂര്‍ ഇലക്ഷനുകളിലൊന്നും മോദി നിര്‍ണായകമായ ഘടകമല്ല. രാഹുല്‍ ഗാന്ധിയുടെ യാത്ര ഉയര്‍ത്തിയ വൈകാരിക ആവേശം തല്ലിക്കെടുത്താനുള്ള മോദിയുടെ പി.ആര്‍ ഗ്രൂപ്പിന്റെയോ മറ്റോ താല്‍പര്യം എന്നതാണ് മറ്റൊരു ഗൂഡാലോചനാ സിദ്ധാന്തം. മോദിയോടൊപ്പം നില്‍ക്കുന്ന വോട്ടുബാങ്കിനെ രാഹുല്‍ വല്ലാതെയൊന്നും ഇളക്കിമറിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു കൊണ്ടിരുന്ന ഇന്ത്യയിലെ വലിയൊരു ശതമാനം ജനവിഭാഗമാണ് അദ്ദേഹത്തെ ഏറെറടുത്തത്. ഭാരത് ജോഡോ യാത്രയെ എതിരിടാന്‍ ഇങ്ങനെയൊരു “സ്ട്രാറ്റജിക്കല്‍ സ്‌ട്രൈക്കി”ന്റെ ആവശ്യവുമില്ല. 2024ലെ പൊതുതെരഞ്ഞെടുപ്പു വരെ ഗുജറാത്തിന്റെ ഓളം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിയുകയുമില്ല.

ഈ ഡോക്യുമെന്ററിയിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടാവുകയെന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ പറയാനാവുന്ന ഒരു ഉത്തരവുമില്ല. ആര്‍ക്കെങ്കിലും നഷ്ടം പറ്റുമോ എന്ന ചോദ്യത്തിനും മറുപടി എളുപ്പമല്ല. മോദിയാണ് കലാപത്തിന് പിന്നില്‍ ചരട് വലിച്ചതെന്ന ആരോപണം ഇതാദ്യമായല്ല ഉയരുന്നത്. അമിത് ഷാ മുതല്‍ വല്‍സന്‍ തില്ലങ്കേരി വരെയുള്ള നേതാക്കള്‍ പരസ്യമായി അണികളുടെ മുമ്പാകെ വീമ്പിളക്കിയ മോദിയുടെ നേട്ടമാണ് ഗുജറാത്ത് കലാപ കാലത്ത് അദ്ദേഹം ‘മറ്റവന്‍മാര്‍ക്ക് കൊടുത്ത’ തിരിച്ചടി. ഒളി ക്യാമറകള്‍ക്കു മുമ്പില്‍ അതിനേക്കാള്‍ മോശപ്പെട്ട അവകാശവാദങ്ങള്‍ ഗുജറാത്തിലെ വി.എച്ച്. പി നേതാവായ ബാബു ഭജ്‌രംഗിയും മറ്റും ഉന്നയിച്ചിട്ടുണ്ട്. റാണാ അയ്യൂബ് മുതല്‍ ആശിഷ് കേതന്‍ വരെയുള്ളവരുടെ വീഡിയോ റിപ്പോര്‍ട്ടുകള്‍ ബി.ബി.സിയുടേതിനേക്കാള്‍ ഒട്ടും ഗാംഭീര്യം കുറഞ്ഞവ ആയിരുന്നില്ല. നരോദാ പാട്ടിയയില്‍ ആളുകളെ ചുട്ടുകൊല്ലുന്നത് കാണാന്‍ അന്ന് വൈകിട്ട് സ്‌റ്റേറ്റ് കാറില്‍ വന്ന ഒരു ‘മാന്യദേഹ’ത്തെ കുറിച്ച മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചതിന് ഗുജറാത്ത് പോലിസ് വേട്ടയാടിയ ഒരു വനിതയെ എനിക്ക് നേരിട്ടറിയാം. അന്ന് റിപ്പോര്‍ട്ടറായി ഗുജറാത്തിലെത്തിയ എനിക്ക് ആദ്യം അവര്‍ മൊഴി നല്‍കുകയും പിന്നീട് തന്റെ പേര് പറയരുതെന്ന് കണ്ണീരോടെ തിരുത്തുകയുമാണ് ചെയ്തത്. സഞ്ജീവ് ഭട്ടും ഡി.ജി.പി ശ്രീകുമാറും ടീസ്റ്റയും വസ്തുതാന്വേഷണ സംഘങ്ങളുമൊക്കെ പുറത്തു കൊണ്ടുവന്ന എണ്ണമറ്റ സാക്ഷിമൊഴികള്‍ക്കിടയിലൂടെ എങ്ങനെ ഈ കേസില്‍ നിന്നും അതിന്റെ മുഖ്യപ്രതിയെ രക്ഷിച്ചെടുത്തു എന്നത് രാജ്യം കണ്ടതുമാണ്. കോടതികളാണ് സാങ്കേതികത്വത്തിന്റെ മറപിടിച്ച് ഈ കേസിനെ വെളുപ്പിച്ചെടുത്തത്. സാഹചര്യവും സാക്ഷിമൊഴികളും ഇക്കാര്യത്തില്‍ ആരാണ് കുറ്റവാളിയെന്ന് സംശയാതീതമായി ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു.

ഗുജറാത്ത് കലാപത്തെ കുറിച്ച് ബ്രിട്ടനും അമേരിക്കയും യൂറോപ്യന്‍ യൂണിയനുമൊക്കെ അവരുടെ രാജ്യത്തെ എംബസികളും മാധ്യമപ്രവര്‍ത്തകരും വഴി ശേഖരിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദിയെ വര്‍ഷങ്ങളോളം അനഭിമതനായി പ്രഖ്യാപിച്ചത്. അതായത് മോദിയുടെ പങ്കിനെ കുറിച്ച് അവര്‍ക്കെല്ലാം ഉത്തമബോധ്യമുണ്ടായിരുന്നുവെന്നര്‍ഥം. ഇപ്പോഴും അവരാരും മോദിയെ കുറ്റ വിമുക്തനാക്കിയതായും സൂചനയില്ല. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിനു ശേഷം ആ പദവിയിലിരിക്കുന്ന ഒരാളെ തള്ളിപ്പറയുന്നതിലെ അനൗചിത്യം പരിഗണിച്ചാണ് യാത്രാവിലക്ക് പിന്‍വലിച്ചത്. എന്നാല്‍ ഈ പഴുത് ഉപയോഗപ്പെടുത്തി മോദിയെ വിശ്വഗുരുവായി ചിത്രീകരിച്ചതും ആ രാജ്യങ്ങളില്‍ മോദിക്ക് വലിയ സ്വീകരണങ്ങള്‍ ഏര്‍പ്പാടാക്കിയതുമൊക്കെ ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനകളാണ്. ഈ സ്‌പോണ്‍സേര്‍ഡ് നാടകങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ പ്രധാനമന്ത്രി ഒരിക്കല്‍ പോലും അന്താരാഷ്ട്ര ഗോദയില്‍ നിര്‍ണായക സ്വാധീനമുള്ള ഒരു നേതാവായി മാറിയിട്ടുമില്ല. അമേരിക്കയുടെ അഫ്ഗാന്‍ പിന്‍മാറ്റവും പാകിസ്ഥാനും ചൈനയുമായുള്ള പുതിയ സമീകരണങ്ങളുമൊക്കെ അമേരിക്കന്‍ ചേരി തന്നെ ലോകത്ത് പത്തിമടക്കി തുടങ്ങുന്നതിന്റെ ഭാഗവുമാണ്. ഈ ബലാബല പരീക്ഷണത്തില്‍ റഷ്യയോടൊപ്പം ഉറച്ചു നില്‍ക്കാനായി എന്നതു മാത്രമാണ് നിലവില്‍ മോദിയുടെ ഏക നേട്ടം. എന്നാല്‍ റഷ്യയേക്കാളേറെ ചൈന കേന്ദ്രീകരിച്ച് രൂപപ്പെടുന്ന ഈ പുതിയ ആഗോള സാമ്പത്തിക ക്രമത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയേക്കാള്‍ കുറെക്കൂടി വലിയ പങ്കാളിത്തം ഇപ്പോഴുള്ളത്. എല്ലാറ്റിനുമുപരി ഇന്ത്യയുമായി പുതിയ വാണിജ്യ കരാറുകള്‍ ഒപ്പുവെക്കാന്‍ തയാറെടുത്തു നില്‍ക്കുന്ന ഋഷി സുനകിന്റെ കാലത്ത്  ബി.ബിസിക്കു മാത്രമായി ഇന്ത്യയുമായി ചൊറിച്ചിലുണ്ടാവേണ്ട ആവശ്യവുമില്ല. മോദി കലാപം നടത്താന്‍ സഹായിച്ചുവെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നാണല്ലോ സുനക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതും.

രാജ്നാഥ് സിങ്, മോദി, അമിത് ഷാ

ചുരുക്കത്തില്‍ ബി.ജെ.പിക്കു മാത്രം ഗുണം ചെയ്യുന്ന ഒന്നാണ് ‘ഇന്ത്യ – ദ മോദി ക്വസ്റ്റിയന്‍’ എന്ന ഈ ബി.ബി.സി ഡോക്യുമെന്ററി. മോദിയേക്കാള്‍ ‘യോഗ്യ’നായ മറ്റാരെയോ ആവശ്യമുള്ളവരാണ് ഡോക്യുമെന്ററിയുടെ പുറകിലുള്ളത്. പാര്‍ട്ടിക്കകത്തെ വിമതര്‍ മുതല്‍ അന്താരാഷ്ട്ര ഭീമന്‍മാര്‍ വരെയുള്ള ആരുമാവാം ഇതിനുപുറകില്‍. അജണ്ട ലോകത്തിന്‍റേതായാലും ബി.ജെ.പിയുടേതായാലും ലക്ഷ്യം നേതൃമാറ്റമാണെന്ന് വ്യക്തം. എന്നാല്‍ ഇതൊരു ഞാണിന്‍മല്‍ കളി കൂടിയാണ്. ഡോക്യുമെന്ററി ലക്ഷ്യമിടുന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തിപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യക്കകത്ത് മോദിയുടെ ‘വിപണന മൂല്യാങ്കം’ കൂടുകയാണ് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ട് അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായി പ്രചരിക്കുന്നതിനെയേ മോദിയും യഥാര്‍ഥത്തില്‍ ഭയപ്പെടുന്നുള്ളൂ. പ്രവാചക നിന്ദ കാലത്ത് എന്തു കൊണ്ടായിരുന്നു മോദി ഭരണകൂടം മുസ്‌ലിം ലോകത്തിനു മുമ്പില്‍ മുട്ടുമടക്കിയത്? അതാണ് ഇത്തവണയും മോദി ഭയക്കുന്നതെന്ന് തിരിച്ചറിയുക. തന്റെ ജി.എട്ട് അധ്യക്ഷ പ്രതിഛായയെ ഈ ഡോക്യുമെന്ററി കാര്യമായി ബാധിക്കാന്‍ പോകുകയാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി തിരിച്ചറിയുന്നുണ്ട്. ബി.ബി.സി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത വിദേശകാര്യ വകുപ്പ് നേരിട്ട് ചോദ്യം ചെയ്യുന്നതിന്റെ ഗൗരവം ശ്രദ്ധിക്കുക. ഇന്‍സ്റ്റഗ്രാമും ട്വിറ്ററും യൂടൂബുമൊക്കെ അതിന്റെ ലിങ്കെടുത്തു കളയാന്‍ തയ്യാറായത് ഒരര്‍ഥത്തില്‍ ടീം മോദിയുടെ വിജയവുമാണ്.

നിരോധനം ഇത്തരം ഡോക്യുമെന്ററികളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം ശരിയായി വിലയിരുത്താതെയാണ് മോദി വിരുദ്ധത തലക്കു പിടിച്ചവര്‍ ഇതൊരു കാമ്പയിനായി മാറ്റിയെടുക്കുന്നത്. നെഗറ്റീവ് പബ്‌ളിസിറ്റി എന്നും തന്റെ നേട്ടമാക്കുന്നതില്‍ വിജയിച്ച മോദി തീര്‍ച്ചയായും ഈ അവസരവും ഉപയോഗപ്പെടുത്തുകയേ ഉള്ളൂ. നിയമപരമായി എല്ലാ പഴുതുകളും ഇന്ത്യയില്‍ അടച്ചു കഴിഞ്ഞ ഈ അധ്യായം കേവലമായ ആത്മീയ സതൃപ്തിക്കു വേണ്ടി മുസ്‌ലിം സംഘടനകള്‍ പോലും ഏറ്റുപിടിക്കുന്നുണ്ട്. സത്യം തുറന്നു കാണിക്കേണ്ടതല്ലേ എന്നാണ് അവരുടെ ചോദ്യം. നൂറുപേര്‍ സത്യം മനസ്സിലാക്കുമ്പോള്‍ ലക്ഷങ്ങളെ വര്‍ഗീയതയുടെ ദുര്‍ഭൂതം പിടികൂടുന്നതാണ് ഈ കാഴ്ചകളുടെ മറുവശമെന്ന് അവര്‍ തിരിച്ചറിയുന്നില്ല. മോദി പോയി ആര് പകരം വരുമെന്നാണ് മുസ്‌ലിം നേതാക്കള്‍ കരുതുന്നത്? ആദിത്യനാഥ് എന്നതിലപ്പുറം ഇന്നത്തെ ബി.ജെ.പിയില്‍ അമിത് ഷാക്കു പോലും ഒരു സാധ്യതയുമില്ലെന്നോര്‍ക്കുക.

About Author

എ. റശീദുദ്ദീന്‍

മീഡിയാവൺ ന്യൂദൽഹി ബ്യൂറോയുടെ മുൻ ചീഫും ജേണീസ്റ്റ് (Journeyist) യാത്രാ ചാനലിൻ്റെ (@JourneyistGlobal) എഡിറ്ററുമാണ് ലേഖകൻ.