വാലന്റൈൻസ് ദിനത്തിൽ പശുവിനെ കെട്ടിപിടിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റൈ ഉത്തരവ് ട്രോളൻമാർക്ക് വീണുകിട്ടിയ ചാകരയായിരുന്നു. പശുവിനെ എങ്ങനെ കെട്ടിപിടിക്കണമെന്നും ചുംബിക്കണമെന്നുമുള്ള ചില സംശയങ്ങൾ ഉന്നയിക്കുകയാണ് നരകാസുരൻ ഈ ഹാസ്യലേഖനത്തിലൂടെ.
(ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പായി ഉത്തരവ് കേന്ദ്രം പിൻവലിച്ചെങ്കിലും വിഷയം ഏറെ പ്രസക്തമാണെന്ന് കരുതുന്നതിനാൽ ദി ഐഡം ലേഖനം പ്രസിദ്ധീകരിക്കുകയാണ്.)
പശു ഒരു വളർത്തുമൃഗമാണെന്നാണ് ഇതുവരെ പൊതുവെ എല്ലാവരും കരുതിയത്. എന്നാൽ കാലം മാറിയതോടെ പശു വളർത്തുമൃഗത്തിൽ നിന്നും വളർന്ന് വളർന്ന് രാഷ്‌ട്രീയമൃഗമായി. വളർച്ച അവിടം കൊണ്ടും അവസാനിച്ചില്ല. പിന്നെയും വളർന്ന് സാംസ്‌ക്കാരിക മൃഗമായി. തീർന്നില്ല. കാലത്തിന്റെ കിതയ്‌ക്കാത്ത കുതിപ്പു പോലെ , വിശ്രമിക്കാത്ത നാഴികമണി പോലെ പശു പിന്നെയുംചുവടുകൾ വെക്കുകയാണ്. അത് ഇപ്പോൾ ഒരു വൈകാരിക സിവിൽ സപ്ലൈസ് വകുപ്പായി, ആർഷഭാരത സാംസ്‌ക്കാരിക വകുപ്പായി.
അതുകൊണ്ട് ധീര ദേശാഭിമാനികളെ പശുവിനെ ചുംബിക്കു. ഭാരതാംബ കോരിത്തരിക്കട്ടെ. സാരെ ജഹാൻ സെ അച്ചാ ഗോവോ സത്താ ഹമാരാ ഹമാരാ.
ചുംബിക്കാൻ കേന്ദ്രം വക ഉത്തരവ് വന്നിട്ടുണ്ട്. ഇത്തവണ ഉത്തരവ് മാത്രമെയുള്ളു. ഇത് വെറും ഉത്തരവിൽ ഒതുങ്ങുമെന്ന് കരുതേണ്ട. ഇത് അധികം വൈകാതെ വലിയ ഒരു കാമ്പെയ്‌നായി മാറും. ‘ ഗോ വാപസി. അഥവാ ഗോ ടു ഗോ. ഗോവിലേക്ക് പോകുക.ഭാരതാംബ ഒരു യമുനാ തീരമാകും. ഗോപികമാർ പശുക്കളെ മേച്ചു നടക്കും.എന്നന്നേക്കുമായി അസ്‌തമിച്ചു കരുതിയ ആ സുവർണകാലം തിരിച്ചുവരും. അരപ്പട്ടിണിക്കാർ മുഴുപ്പട്ടിണിക്കാരായാലെന്ത്. തൊഴിലില്ലാത്ത ചെറുപ്പക്കാർ തെണ്ടിത്തിരിഞ്ഞാലെന്ത്!. ഓക്‌സിജൻ കിട്ടാതെ രോഗികൾ പിടഞ്ഞു മരിച്ചാലെന്ത്!. മാനവധർമം വിളംബരം ചെയ്‌ത ആ മനുവിന്റെ കാലം തിരിച്ചുവരില്ലെ!. അരണി കടഞ്ഞ് അഗ്നി പകർന്ന് യജ്ഞഭൂമികളിൽ നെയ്‌മണം പരക്കില്ലേ…ലോകരാഷ്‌ട്രങ്ങൾ യാഗഭൂമിയിൽ വന്ന് ക്യൂ നിൽക്കില്ലേ..കൊടുക്കില്ല ഒരു തുള്ളി കൊടുക്കില്ല.
ലളിതലവംഗ ലതാ പരിശീലന കോമള മലയ സമീരേ…. മധുകരനികര കരംബിത കോകില കൂജിത കുഞ്‌ജ കുടീരേ….ഹായ്..ഹായ്…. ഗ്യാസിന്റെ വില ആയിരമല്ല രണ്ടായിരമാകട്ടെ. പെട്രോളിന്റെ വില നൂറല്ല, ഇരുന്നൂറാകട്ടെ. ഭഗവാനെ എങ്ങനെയെങ്കിലും ആ ആർഷഭാരതമൊന്നു തിരിച്ചു വന്നാൽ മതി.
മലയപർവത നിരകളിൽ നിന്നും ഇലവർങവള്ളികളിൽ തട്ടി വരുന്ന മന്ദമാരുതൻ…വണ്ടിന്റെ മൂളൽ, കുയിലുകളുടെ കൂജനം..വള്ളിക്കുടിലുകളിൽ ഭഗവാനെ കാത്ത് ഗോപികമാർ…അരി ഇല്ലെങ്കിലെന്ത്? പണി പോയെങ്കിലെന്ത്?. തുണി കീറിയെങ്കിൽ എന്ത്?..മണ്ണെണ്ണ കിട്ടാതെ മത്സ്യത്തൊഴിലാളികൾ വിഷമിച്ചാലെന്ത്! ആർഷഭാരതമേ കടന്നു വരൂ..കടന്നു വരൂ..പറ കൊട്ടി, പപ്പടം വറുത്ത് ഞങ്ങൾ കാത്തിരിക്കാമേ.
അതുകൊണ്ട് പശുവിനെ ചുംബിക്കൂ, കെൽപ്പുള്ള ഭാരതം കെട്ടിപ്പടുക്കൂ. പശുവിനെ ചുംബിച്ചാൽ വലിയ വൈകാരിക അനുഭൂതി ഉണ്ടാകുമത്രെ!. സന്തോഷവുമുണ്ടാകും. ഒറ്റ വെടിക്ക് രണ്ടു പക്ഷി എന്ന പോലെ ഒറ്റച്ചുംബനത്തിന് രണ്ടാണ് മെച്ചം. ഒന്ന് അനുഭൂതി മറ്റൊന്ന് ആഹ്ലാദം. മടിച്ചു നിൽക്കാതെ കടന്നു വരിക. ഈ ഡിസ്‌ക്കൗണ്ട് സെയിൽ വലൻന്റൈസ് ഡേ വരെ മാത്രം.
പക്ഷെ പശുവിനെ എങ്ങനെ ചുംബിക്കണമെന്നതാണ് പ്രധാനപ്രശ്‌നം. നാം അഥവാ നമ്മുടെ രാഷ്‌ട്രം എങ്ങനെ നിർവചിക്കപ്പെടുന്നു എന്ന പുസ്‌തകത്തിൽ അത് പറഞ്ഞിട്ടില്ല. വസിഷ്‌ഠ മഹർഷിയും വിശ്വാമിത്ര മഹർഷിയും പശുവിനെച്ചൊല്ലി തമ്മിൽ തല്ലിയെങ്കിലും പശുചുംബനത്തിന്റെ ആവിഷ്‌ക്കാര രീതികൾ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഉപനിഷത്തിൽ പരതിയാലും കിട്ടില്ല. എന്നാൽ വേദങ്ങളിൽ തെരയാം എന്ന് വെച്ചാൽ ചുംബനഫ്രണ്ട്‌ലിയായിട്ടുള്ള പശുഭാഗമേതെന്ന് അതിലും സൂചനയില്ല. അതിൽ ഗോക്കളെ ബലികൊടുക്കുന്നതാണല്ലൊ പരാമർശം.
ദൈവങ്ങളെയാണ് ചുംബിക്കുന്നതെങ്കിൽ സംശയം വേണ്ട തൃപ്പാദത്തിൽ മതി. പശുവിന്റെ തൃപ്പാദങ്ങളിൽ ചുംബിച്ചാൽ മതിയോ?. നാലുകാലും കൂട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതൊരു പണിയാണ്. ഒറ്റക്കാലിൽ കൊടുത്ത് പ്രശ്‌നം അവസാനിപ്പിക്കാമെന്നു വെച്ചാൽഅത് ഏതു കാലിലായിരിക്കണം?. മുൻകാലോ പിൻകാലോ?. അമ്മയാണെങ്കിൽ കവിളിൽ മതി. പശുവിന്റെ കവിളു നോക്കി ഒരെണ്ണം കൊടുത്താൽ എങ്ങനെയുണ്ടാകും?. കാമുകിയാണെങ്കിൽ മടിക്കണ്ട, ചുണ്ടിലാകാം. പശുവിന്റെ അധരപുടങ്ങളിൽ മായാത്ത ഒരു പ്രണയമുദ്ര പതിപ്പിക്കുന്നത് ലേശം സാഹസീകമായിരിക്കും.കുട്ടിയാണെങ്കിൽ കെട്ടിപ്പിടിച്ചൊരുമ്മയാണ് നാട്ടുനടപ്പ്. പശുവിന്റെയടുത്ത് അത് നടക്കോ?. പണിയായിരിക്കും.
ഇനി ചുംബനകർത്താവ് നേരിടുന്ന മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. ചുംബനം കൊടുക്കുമ്പോഴുണ്ടാകുന്ന വികാരമെന്തായിരിക്കണം?.
ആദ്യചുംബനം? അന്ത്യചുംബനം? അകാല ചുംബനം?കന്യകമാർക്ക് ‐ഒരുപക്ഷെ കന്യകന്മാർക്കും‐ മൂന്നു തരം ചുംബനമാണ് കാമസൂത്രം പറയുന്നത്. അളന്നുമുറിച്ച ചുംബനം. അതിൽ ചുണ്ട് അനക്കേണ്ടതില്ല. പൂവിൽ ചുംബിക്കുന്ന പോലെ. രണ്ടാമത്തെ ഇനം ത്രസിക്കുന്ന ചുംബനം. അതിൽ ചുണ്ടും ചുണ്ടും തമ്മിലൊന്ന് കോർക്കും. ഒരപ്പംകടി മത്സരം. മൂന്നാമത്തേത് പെയിന്റിംഗ് ബ്രഷ് ചുംബനം. അതിൽ നാക്കുകൂടി ഇടപെടും. നാവേറ്. ഇത് നാലു രീതിയിൽ അവതരിപ്പിക്കും. മുന്നിൽ നിന്ന്, പിന്നിൽ നിന്ന് വശത്തു നിന്ന്, മുറുകെപ്പിടിച്ച്. ഇതിൽ ഏത് ചുംബനമാണ് പശുവിന് സമ്മാനിക്കേണ്ടതെന്നതിലും വ്യക്തതയില്ല. വ്യക്തത വരുത്തി കേന്ദ്രമൃഗസംരക്ഷണ ബോർഡിന്റെ പത്രക്കുറിപ്പ് ഉടൻ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം. പ്രോവിഡന്റ് ഫണ്ട് വിധിക്ക് സംഭവിക്കുന്ന കാലതാമസം ഇതിനുണ്ടാവില്ലന്ന് കരുതാം. പി എഫ് പോലെയല്ലല്ലോ പശു. ഇത് അടിയന്തരപ്രധാന്യമുള്ള വിഷയമല്ലെ!.
ഇതുവരെ മനുഷ്യപക്ഷത്ത് നിന്നാണ് കേന്ദ്ര ഉത്തരവിനെ സമീപിച്ചത്. ഇനി പശുവിന്റെ കണ്ണിലൂടെ കാണാം.
മൃഗബോർഡിന്റെ ഉത്തരവ് പശുവും വായിച്ചുകാണും. തന്നെ ചൂംബിക്കാൻ ആളുവരും എന്നോർത്ത് പശുവിനുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും?. ഇരയിമ്മൻ തമ്പിയുടെ ഈരടികൾ മൂളി കാത്തിരിക്കുകയായിരിക്കുമോ പശു?. വാലാട്ടി, ചെവിയാട്ടി, വാൽക്കണ്ണാടി നോക്കി എത്തി നോക്കുകയായിരിക്കുമോ?.കൊമ്പിൽ മുല്ലപ്പൂവും ചൂടി വാലിട്ട് കണ്ണെഴുതി വാതിൽക്കൽ കാൽനഖം കടിച്ച് തൊഴുത്തിലെ കിളിവാതിലിനടുത്ത് ചെവിയോർത്തു നിൽക്കുന്നുണ്ടാവുമോ?.
അല്ലെങ്കിൽ പശു ഓൺലൈനിലായിരിക്കുമോ?. ഇൻസ്‌റ്റയിൽ പോസ്‌റ്റ് ചെയ്‌ത് , ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റിട്ട് ലൈക്കുകളുടെ കണക്കെടുപ്പ് നടത്തുകയായിരിക്കുമോ?.
പശുവിനെ ഇങ്ങനെ മൃദുലമായി കണ്ടാൽ മൃഗബോർഡ് സഹിക്കുമോ എന്നറിയില്ല. അവരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്‌ത നാടുകടത്തിയേക്കും.
പശുവിനെ ഒരു സ്വാതന്ത്ര്യപ്പോരാളിയായാണ് മൃഗബോർഡ് കാണുന്നത്.
പാശ്‌ചാത്യസംസ്‌ക്കാരത്തിന്റെ അധിനിവേശം തടുക്കാൻ പശുവിനോളം പോന്ന പോരാളിയില്ല.
അധിനിവേശസംസ്‌ക്കാരം ആവാസവ്യവസ്ഥയെപ്പോലും കീഴടക്കി കുതിച്ചുവരുന്നത് കാണുമ്പോൾ കണ്ണടയ്‌ക്കാൻ ഒരു രാജ്യസ്‌നേഹിക്കും കഴിയില്ല. ഈ വമ്പൻ വരവിനെ തടുക്കാൻ പശുവിനെ വെറുതെ ഒന്ന് കെട്ടിപ്പിടിച്ചാൽ മതി. അധിനിവേശം പമ്പ കടക്കും. പശു വാലു പൊക്കിയാൽ മതി പാശ്‌ചാത്യ സംഗീതം, പാശ്‌ചാത്യ വേഷം, പാശ്‌ചാത്യ ഭക്ഷണം, പാശ്‌ചാത്യ ഭാഷ എന്നിവ ജീവനും കൊണ്ടോടും. ഡിജിറ്റൽ കടന്നുവരവുകൾ തടുക്കാൻ മൊബൈലിലും ലാപ്‌ടോപ്പിലും അതിരാവിലെ ഇത്തിരി ഗോമൂത്രം തളിച്ചാൽ മതി, പാശ്‌ചാത്യം പിന്നെ ആ വഴി കടന്നുവരില്ല. പശുവിന്റെ ചാണകം തേച്ചാൽ അൽഗോരിതം അതോടെ അവസാനിക്കും. പറ്റിയ പശുക്കളെ പാശ്‌ചാത്യത്തിലേക്ക് കയറ്റി അയച്ച് അവിടെ ഭാരതീയ സംസ്‌ക്കാരനിർമാണ യോജന ആരംഭിക്കാവുന്നതാണ്. ഇനി ഇന്ത്യൻ സംഘം വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ കൂട്ടത്തിൽ ഒരു പശുവിനെ നിർബന്ധമായും കൊണ്ടുപോകും. വൈറ്റ് ഹൗസിൽ ഒരു പശു കയറി ചാണകമിട്ടാൽ എന്തായിരിക്കും അതിന്റെ ഗ്ലോബൽ ഇംപാക്റ്റ്.രാജ്യത്തിന് വിലിയ സംഭാവനകൾ നൽകിയവർക്കുള്ള സ്വാതന്ത്ര്യ ദിനത്തിൽ അവാർഡു കൾ പ്രഖ്യാപിക്കു്മ്പോൾ ഗോക്കളെയും പരിഗണിക്കും. പത്മശ്രീ, പത്മവിഭൂഷൺ പശുക്കളുണ്ടാകും. ഭാരതരത്നവും ഒഴിവാക്കേണ്ടതില്ല. പത്മശ്രീ നന്ദിനി, പത്മവിഭൂഷൺ അമ്മിണി എന്നീ പശുക്കൾ നമ്മുടെ ദേശീയബോധത്തിന് ആവേശം പകരും.
പശുക്കളെ പരിഗണിക്കുമ്പോൾ കാളകളെ ഒഴിവാക്കരുത്. പരമശിവന്റെ വാഹനമാണ്. നന്ദികേശ്വരനോട് നന്ദികേട് കാണിക്കരുത്. ചില്ലറയൊക്കെ അവർക്കും കൊടുത്തേക്ക്.
മറ്റൊരു പണികൂടി മൃഗബോർഡ് പശുക്കളെ ഏൽപ്പിച്ചിട്ടുണ്ട്. വേദസംസ്‌ക്കാരത്തെ തിരിച്ചുകൊണ്ടുവരണം. അതുകൊണ്ട് സ്‌റ്റാർട്ടപ്പുകളായി യജ്ഞഭൂമികൾ തുടങ്ങാം. സംരംഭത്തിന് സബ്‌സിഡി കിട്ടും. പരികർമികൾക്ക് യൂണിവേഴ്‌സിറ്റികൾ തുടങ്ങും. തരപ്പെടുമെങ്കിൽ വിദേശസഹായവും ആകാം. പശുക്കളിൽ നിന്ന് സോമായജിപ്പാടുമാരും തിരുമുൽപ്പാടുമാരും അക്കിത്തിരിമാരും അടിതിരിമാരും ഉണ്ടാകും. പിന്നെ ഒരു പ്രശ്‌നമുള്ളത് ചില പശുക്കൾ അറുപത്തിനാലടി മാറി നടക്കേണ്ടിവരും. രാജ്യത്തിനു വേണ്ടിയല്ലെ, സംസ്‌ക്കാരം സംരക്ഷിക്കാനല്ലെ, പൈതൃകം കാത്തു സൂക്ഷിക്കാനല്ലെ, ധർമം നിലനിർത്താനല്ലെ. സഹിക്ക തന്നെ!!
Subscribe to our channels on YouTube & WhatsApp
😄😄
ഈ ഹസ്യലേഖനം ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കണം, ഭയാശങ്കകൾ കൂടാതെ ലേഖകൻ സ്വന്തം പേര് വെളുപ്പെടുത്തണം 🤣😂