A Unique Multilingual Media Platform

The AIDEM

Articles Health National Politics Society

ലോഗോ മാറ്റത്തിൽ എത്തി നിൽക്കുന്ന മെഡിക്കൽ കമ്മീഷന്റെ വിചിത്ര വഴികൾ

  • December 5, 2023
  • 1 min read
ലോഗോ മാറ്റത്തിൽ എത്തി നിൽക്കുന്ന മെഡിക്കൽ കമ്മീഷന്റെ വിചിത്ര വഴികൾ

2017ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ്, യൂണിവേഴ്സിറ്റിയുടെ പ്രതിനിധിയായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള മെമ്പറായി എന്നെ തിരഞ്ഞെടുത്തിരുന്നു. ഭാഗ്യമോ നിർഭാഗ്യമോ, ഞാൻ അവിടെ എത്തുന്നതിനു മുമ്പേ, രാഷ്‌ട്രപതി മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത കമ്മിറ്റി പിരിച്ചു വിടുകയും മെഡിക്കൽ കൗൺസിലിന്റെ ഭരണം ബോർഡ് ഓഫ് ഗവർണേഴ്‌സിനെ ഏൽപ്പിക്കുകയും ചെയ്തു.

മെഡിക്കൽ കൗൺസിലിനു പകരം പിന്നീട് രൂപീകരിക്കപ്പെട്ട ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോ കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ പുതുക്കിയ വാർത്ത കണ്ടപ്പോൾ വൈദ്യ വിദ്യാഭ്യാസത്തിന്റെ ഈ പരമോന്നത ഏജൻസി കടന്നുപോന്ന, അത്രയൊന്നും പ്രശംസനീയമല്ലാത്ത, വഴികൾ ഓർത്തു.

ദേശീയ മെഡിക്കൽ കമ്മീഷന്റെ പുതുക്കിയ ലോഗോ (വലത്)

ഇലക്ഷൻ കമ്മിഷൻ പോലെ ഒരു ഭരണഘടന സ്ഥാപനമാണ് മെഡിക്കൽ കൗൺസിൽ. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന ദേശീയ പരമോന്നത സ്ഥാപനം. 2017 കാലത്ത് ഡോ. കേതൻ ദേശായിയുടെ നേതൃത്വത്തിൽ അഴിമതിയുടെ കൂത്തരങ്ങായിരുന്നു, രാജ്യത്തെ വൈദ്യരംഗം ഭരിക്കേണ്ട മെഡിക്കൽ കൗൺസിൽ. 2017 ജൂലൈ മുതൽ മെഡിക്കൽ കൗൺസിലിനെ മാറ്റാനും അഞ്ച് വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായം നിരീക്ഷിക്കാനും സുപ്രീം കോടതി കേന്ദ്രസർക്കാരിന് അധികാരം നൽകി.

ഡോ. കേതൻ ദേശായ് ഗുജറാത്തിൽ നിന്നുള്ള ഒരു യൂറോളജിസ്ററ് ആയിരുന്നെങ്കിലും പതിറ്റാണ്ടുകളായി അയാൾ തിരുമാനിച്ചതിലപ്പുറം വൈദ്യരംഗത്ത് ഒന്നും നടക്കുമായിരുന്നില്ല. മെഡിക്കൽ കോളേജുകളുടെ അംഗീകാരം, പുതിയ കോഴ്‌സുകൾക്കുള്ള അനുമതി തുടങ്ങി സ്വകാര്യ മെഡിക്കൽ കോളേജുകൾ കൂണു പോലെ മുളച്ചു പൊന്തിയതിനും, ഒരു സൗകര്യവുമില്ലെങ്കിലും നിലനിന്നതിനും, മെഡിക്കൽ അഡ്മിഷന്റെ പിന്നിലെ മാനദണ്ഡം പണമായതിനും, എല്ലാത്തിനും പിന്നിലെ മുഖ്യ ശക്തിയായിരുന്നു കേതൻ ദേശായി.

കോടികളുടെ അഴിമതിക്ക് 2010 ൽ തന്നെ സി.ബി.ഐ അറസ്റ്റ് ചെയ്തു തിഹാർ ജയിലിൽ അടച്ചിട്ടിട്ടു പോലും അയാളുടെ നിയന്ത്രണത്തിലായിരുന്നു മെഡിക്കൽ കൗൺസിൽ. കാരണം അയാൾ ഉദ്ദേശിക്കുന്നവർ മാത്രമായിരിക്കും മിക്ക സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞടുക്കപെട്ടു വരുന്ന മെഡിക്കൽ കൗൺസിൽ അംഗങ്ങൾ. ഐ.എം.എയുടെ ദേശിയ പ്രസിഡന്റ്‌, ലോക മെഡിക്കൽ അസോസിയേഷന്റെ ഇന്ത്യയുടെ പ്രതിനിധി തുടങ്ങി ആരു ‘രാജ്യം ഭരിച്ചാലും’, കേതൻ ദേശായി ആയിരുന്നു മെഡിക്കൽ രംഗത്തെ മുടിചൂടാമന്നൻ.

ആ കാലത്തു ഡൽഹിയിൽ വെച്ചു രണ്ടു തവണ ഇയാളെ നേരിട്ട് കണ്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും എം.പി മാരുമായിട്ടുള്ള മെഡിക്കൽ കോളേജ് മുതലാളിമാർ പോലും അയാളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നത് കാണുമ്പോൾ അത്ഭുതത്തോടെ നോക്കി നിന്നിട്ടുമുണ്ട്.

സുപ്രീം കോടതി നിർദേശിച്ച ഡോ വി.കെ പോളിന്റെ നേതൃത്വത്തിൽ പ്രഗത്ഭ ഡോക്ടർമാരുടെ ഓവർ സൈറ്റ് കമ്മിറ്റിക്കായിരുന്നു മെഡിക്കൽ കൗൺസിലിന്റെ നിയന്ത്രണമെങ്കിലും അവർക്കും തിരഞ്ഞെടുത്ത മെഡിക്കൽ കൗൺസിലിനെ വരുതിക്ക് നിർത്താൻ പറ്റാതെയായി. എം‌സി‌ഐയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ നിയോഗിച്ച മേൽനോട്ട സമിതി സെപ്റ്റംബറിൽ പെട്ടെന്ന് രാജിവച്ചു. 100 അംഗ കൗൺസിൽ നിലവിലെ രൂപത്തിൽ പിരിച്ചുവിടുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലായിരുന്നു.

ഡോ വി.കെ പോ

പിന്നീട് സർക്കാർ താൽകാലികമായി നിർദ്ദേശിച്ച ബോർഡ് ഓഫ് ഗവർണ്ണേർസ്, ആദ്യ കാലത്തു ഏറ്റവും യോഗ്യരും മാന്യരും അഴിമതി പുരളാത്തവരുമായവർ, അധികാരത്തിൽ വന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിൽ, അതിന്റെ നിയന്ത്രണത്തിൽ നല്ല മാറ്റങ്ങൾ വന്നു. അഴിമതി വലിയ അളവോളം നിയന്ത്രിക്കപ്പെട്ടു.

നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്റ് പാസാക്കുകയും 2019 ഓഗസ്റ്റ് 8ന് രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. സെപ്റ്റംബർ 25ന് ദേശീയ മെഡിക്കൽ കമ്മീഷൻ നിലവിൽ വന്നതോടെ 87 വർഷം പഴക്കമുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സ്വയമേവ പിരിച്ചുവിടപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസ രംഗം കൂടുതൽ മികവോടെ മുന്നോട്ടുപോകും എന്ന പ്രതീക്ഷ ഉണർത്തുന്നതായിരുന്നു ഈ മാറ്റങ്ങൾ.

2020-ൽ പിരിച്ചുവിട്ട ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ലോഗോ

പക്ഷെ കുറച്ചു കാലങ്ങളായി എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ചു മോദി സർക്കാരിന്റെ ഇച്ഛാനുസരണം പ്രവർത്തിക്കുന്ന മറ്റൊരു കേന്ദ്രം മാത്രമായി ചുരുങ്ങിയിരിക്കുന്നു ഈ മെഡിക്കൽ കമ്മീഷനും. രാജ്യം പോകുന്ന വഴിയിൽ മെഡിക്കൽ കമ്മീഷനും പോകുന്നു.

മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ നിന്ന് അശോക സ്തംഭവും ‘സത്യമേവ ജയതേ’യും എടുത്തു കളഞ്ഞു. ധന്വന്തരി രംഗപ്രവേശം ചെയ്തു. ഇന്ത്യ എന്ന പേര് എടുത്തുമാറ്റി, ഭാരത് മാത്രം നിലനിർത്തി. വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. മറ്റു മേഖലകളിലും, മികവിന് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം മുദ്രാവാക്യസമാനമായ നടപടികളിൽ ഒതുങ്ങുന്ന ഇത്തരം രാഷ്ട്രീയമായ ഇടപെടലുകൾ ഈ സർക്കാർ നടത്തുന്നുണ്ടല്ലോ.

ഇന്ത്യയുടെ ആധുനിക വൈദ്യശാസ്ത്ര രംഗത്തെ മുന്നേറ്റത്തിന്റെ പ്രതീകമായി നിലനിൽക്കേണ്ടതാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ. മെഡിക്കൽ കമ്മീഷൻ ഒരു സ്വതന്ത്ര സ്ഥാപനമാണ്. അതിനു രാഷ്ട്രീയ സ്വഭാവം കൈവരുന്നത് രാജ്യത്തിനു തന്നെ ഗുണകരമാവില്ല. കമ്മീഷന്റെ സ്വതന്ത്ര പദവി നഷ്ടപ്പെടും. ഒപ്പം ഗുണനിലവാരത്തിലുള്ള ഊന്നലിനു പകരം രാഷ്ട്രീയ ഊന്നൽ അതിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടാവുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

ഡോ. എൻ.എം മുജീബ് റഹ്മാൻ

ഡോ. എൻ.എം മുജീബ് റഹ്മാൻ സീനിയർ കൺസൾട്ടൻ്റും ജനറൽ സർജറിയിലെ മുൻ പ്രൊഫസറുമാണ്, മെഡിക്കൽ കോളേജുകളിൽ രണ്ട് പതിറ്റാണ്ടോളം അധ്യാപന പരിചയമുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മെഡിസിൻ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. മെഡിക്കൽ ലേഖനങ്ങൾ എഴുതുകയും ഓഡിയോ വിഷ്വൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. സാന്ത്വന പരിചരണത്തിൽ പ്രത്യേക താൽപര്യം.