A Unique Multilingual Media Platform

The AIDEM

Articles Interviews Law National Politics

ഇന്ത്യൻ ഭരണഘടനയ്ക്ക് മേലുള്ള ആയിരം വെട്ടുകൾ

  • December 5, 2023
  • 1 min read
ഇന്ത്യൻ ഭരണഘടനയ്ക്ക് മേലുള്ള ആയിരം വെട്ടുകൾ

പ്രശസ്ത ഭരണഘടനാ നിയമ വിദഗ്ധനായ തരുണാഭ് ഖൈത്താനുമായി “ദി വയർ” വെബ്സൈറ്റിൽ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷയാണിത്. 2014 മുതൽ 2019 വരെ ഭരിച്ച ഒന്നാം നരേന്ദ്രമോദി സർക്കാർ ഇന്ത്യൻ ഭരണഘടനയ്ക്ക് മേൽ ഏൽപ്പിച്ച ആയിരം വെട്ടുകളുടെ ആഘാതത്തിന്റെ തുടർച്ചയായി ആ നശീകരണ പ്രക്രിയ കൂടുതൽ ആഴത്തിലും പരപ്പിലും നടത്തിക്കൊണ്ടിരിക്കുകയാണ് രണ്ടാം മോദി സർക്കാർ എന്ന് ഖൈത്താൻ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. ഈ നശീകരണം നടന്നുകൊണ്ടിരിക്കുമ്പോൾ നമ്മളിൽ പലരും ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ആയിരുന്നു എന്നും അദ്ദേഹം അടിവര ഇടുന്നു. ദി വയറിൻ്റെ സമ്മതത്തോടെ പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത പരിസ്ഥിതി, സാമൂഹിക പ്രവർത്തകൻ സി.ആർ നീലകണ്ഠന്റെ പരിഭാഷ.


ഥാപ്പർ: എല്ലാവർക്കും ദി വയറിന്റെ ഈ പ്രത്യേക അഭിമുഖത്തിലേക്കു സ്വാഗതം. 2024ലെ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കുമ്പോൾ പത്ത് വർഷക്കാലമായി നമ്മെ ഭരിക്കുന്നവരെക്കുറിച്ച് മറ്റു പലരുമെന്ന പോലെ നമ്മളും പല ചോദ്യങ്ങളും ഉന്നയിക്കുന്നു. ഇന്ന് അധികാരത്തിലുള്ള മോദി സർക്കാർ ഇന്ത്യയിലെ ജനാധിപത്യത്തെ തകർത്തിട്ടുണ്ടോ?

ഇന്ന് ഈ അഭിമുഖത്തിൽ എന്നോടൊപ്പം ചേരുന്നത് ഈ വിഷയത്തിൽ ഏറെ പഠനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയും ഏറെ പ്രശസ്തമായ ലണ്ടൻ സ്കൂളിൽ ഓഫ് എക്കണോമിക്സിലെ പൊതുനിയമവിഭാഗം പ്രൊഫസറും നിയമവിദഗ്ധനുമായ തരുണാഭ് ഖൈത്താൻ ആണ്.

ഥാപ്പർ: പ്രൊഫസർ ഖൈത്താൻ, ജനാധിപത്യത്തിന്റെ വിനാശസാധ്യതകളെക്കുറിച്ച് വിശകലനം ചെയ്യുന്നതിന് താങ്കൾ ഒരു ചട്ടക്കൂട് അഥവാ രീതിശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നതായി കാണുന്നു. ഈ ചട്ടക്കൂട്ടിൽ മൂന്ന് ഘടകങ്ങൾ ഉള്ളതായും കാണുന്നു. രാജ്യം ഭരിക്കുന്ന നിർവ്വഹണവിഭാഗം എക്സിക്യൂട്ടീവ് ജനങ്ങളോട് എത്രമാത്രം ബാധ്യതപ്പെട്ടവരാണ് അഥവാ കണക്കു പറയുന്നവരാണ്.

ഒന്നാമതായി ജനങ്ങളോട് അതെത്രമാത്രം ബാധ്യതപ്പെട്ടിരിക്കുന്നു? രണ്ടാമതായി അവർ പ്രതിപക്ഷത്തോടും കോടതി അടക്കമുള്ള സംവിധാനങ്ങളോടും എത്രമാത്രം ബാധ്യതയുള്ളവരാണ്? മൂന്നാമതായി അതിനു മാദ്ധ്യമങ്ങളോട്, സർവ്വകലാശാലകളും മറ്റും ഉയർത്തുന്ന വിമർശനങ്ങളോട്, സിവിൽ സമൂഹത്തോട് എത്രമാത്രം ബാധ്യതയുണ്ട്?

ആദ്യമായി ഇത്തരത്തിൽ രൂപപ്പെടുത്തിയിട്ടുള്ള ചട്ടക്കൂട് ജനാധിപത്യത്തിന്റെ അപായ സാധ്യതകളെ വിലയിരുത്തുന്നതിന് എത്രമാത്രം സഹായകമാകുന്നു എന്ന് വിശദമാക്കാമോ?

ഖൈത്താൻ: ആദ്യമായി ഞാൻ താങ്കളോട് ഇങ്ങനെ സംസാരിക്കാൻ കഴിഞ്ഞതിനു നന്ദി പറയട്ടെ. ഇത്തരം ഒരു ചട്ടക്കൂട് ഉണ്ടാക്കിയത് ഒരു സർക്കാരിനെ വളരെയേറെ സത്യസന്ധവും നീതിപൂർവ്വകവുമായ രീതിയിൽ വിലയിരുത്താനുള്ള ശ്രമമെന്ന രീതിയിലാണ്. ഇവിടെ ആദ്യമേ പറയട്ടെ, തെരഞ്ഞെടുക്കപ്പെടുന്ന ഒരു സർക്കാരിന്റെ നയങ്ങളെ വിമർശിക്കാനല്ല ശ്രമിക്കുന്നത്. ആ നയങ്ങൾ നടപ്പിലാക്കാൻ അവർക്കു ജനങ്ങളുടെ മാൻഡേറ്റ് ഉണ്ട്. അവർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. അവരുടെ പ്രത്യയശാസ്ത്രപശ്ചാത്തലം ഈ വിലയിരുത്തലിനെ ബാധിക്കുന്നുമില്ല. എന്നാൽ ഭരണഘടനാപരമായി അവർക്കുള്ള ബാധ്യത, പ്രത്യയശാസ്ത്രത്തിനപ്പുറം അവർ നിറവേറ്റുന്നുണ്ടോ? എന്നാണ് പരിശോധിക്കുന്നത്.

എന്നാൽ ചോദ്യം ഇതാണ്. രാഷ്ട്രീയകക്ഷികളും സർക്കാരും തമ്മിലുള്ള ബന്ധം ഒരു പ്രധാന വിഷയമാണ്. എന്നാൽ ഭരണകക്ഷിയും സർക്കാരും അലിഞ്ഞു ചേർന്ന് ഒന്നാകുന്നുവോ? ഒരു പ്രമുഖ രാഷ്ട്രമീമാംസാവിദഗ്ധൻ പറഞ്ഞിട്ടുണ്ട്, തെരഞ്ഞെടുപ്പിൽ വിജയിക്കാൻ രാഷ്ട്രീയകക്ഷികളെ ഉപയോഗിക്കുന്നു. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ പരാജയം ഉണ്ടാക്കാൻ പോകുന്ന വിധത്തിൽ ആ സർക്കാർ പ്രവർത്തിക്കുന്നുണ്ടോ എന്നരീതിയിൽ ചിന്തിക്കാൻ അവർക്കു ബാധ്യതയുണ്ടല്ലോ. 

പ്രധാനമന്ത്രി മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഇവിടെ ചോദ്യം അതല്ല. സൈന്യവും പോലീസും ഉദ്യോഗസ്ഥരുമടങ്ങുന്ന വലിയ സംവിധാനങ്ങളുടെ മുഴുവൻ നിയന്ത്രണങ്ങളും കയ്യാളുന്ന ഏറ്റവും അപകടകരമായ എക്സിക്യൂട്ടീവ് അധികാരത്തിന്റെ വാൾ പ്രയോഗിക്കുമ്പോൾ നിരന്തരമായ നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കും വിധേയമാക്കേണ്ടതുണ്ട്. അതുണ്ടാകുന്നുണ്ടോ? തങ്ങളുടെ അധികാരം ഉപയോഗിച്ചുകൊണ്ട് അത് ജനങ്ങളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നുണ്ടോ? 

ഈ പരിശോധനക്കായി തയ്യാറാക്കിയിട്ടുള്ള ഈ ചട്ടക്കൂട് അനുസരിച്ചുള്ള ആദ്യ ചോദ്യം അതിശക്തമായ ഈ എക്സിക്യൂട്ടീവ് ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോ എന്നതാണ്. ഇത് ഇന്നുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്തം മാത്രമല്ല ഇനി വരാനിരിക്കുന്ന തലമുറയിലെ ജനങ്ങളോടും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സ്ഥാപനങ്ങളോടുമുള്ള ഉത്തരവാദിത്തം അത് നിറവേറ്റുന്നുണ്ടോ എന്ന് കൂടിയാണ്. ഉദാഹരണത്തിന് ഇന്ന് ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി ഒരു ഏകാധിപത്യത്തെ പിന്തുണക്കുന്നു എന്ന് കരുതുക. എന്നാലും അത് അംഗീകരിക്കാൻ കഴിയില്ല, കാരണം അത് അടുത്ത തലമുറയിലെ ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ജനാധിപത്യം സംരക്ഷിക്കാനുള്ള സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമടക്കമുള്ള, വരാനിരിക്കുന്ന തലമുറകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെട്ട സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

ജനാധിപത്യമെന്നാൽ തെരഞ്ഞെടുപ്പ് മാത്രമല്ലല്ലോ. തെരഞ്ഞെടുപ്പുകൾക്കിടയിലുള്ള അഞ്ചു വർഷങ്ങൾക്കിടയിൽ അവരുടെ നയങ്ങളെ വിമർശിക്കാനും ശക്തമായ ചോദ്യങ്ങൾ ചോദിക്കാനും വിലയിരുത്താനും അതുവഴി ജനങ്ങളോടുള്ള ഉത്തരവാദിത്തം ഉറപ്പാക്കാനും ചുമതലപ്പെട്ട മാദ്ധ്യമങ്ങൾ, സർവ്വകലാശാല പോലുള്ള അക്കാദമിക സ്ഥാപനങ്ങൾ, സിവിൽ സമൂഹ സംഘടനകൾ എന്നിവയുമായി എക്സിക്യൂട്ടീവിനുള്ള ബന്ധം എങ്ങനെയാണ്? ഇതെല്ലാം പരിഗണിക്കുന്നതാണ് ഈ ചട്ടക്കൂട്. അതനുസരിച്ചാണ് ഈ സർക്കാരിനെ വിലയിരുത്താൻ ശ്രമിക്കുന്നത്.

ഥാപ്പർ: മിസ്റ്റർ തരുണാഭ്, ഇതനുസരിച്ച് 2014 മുതൽ 19 വരെയുള്ള ഒന്നാം മോദി സർക്കാരിനെ കുറിച്ചുള്ള വിലയിരുത്തൽ നമുക്ക് ആദ്യം പരിശോധിക്കാം. രണ്ടാം മോദി സർക്കാരിനെ കുറിച്ചുള്ള വിലയിരുത്തലിലേക്കു പിന്നീട് വരാം. ഒന്നാം മോദി സർക്കാരിനെ കുറിച്ചുള്ള താങ്കളുടെ വിലയിരുത്തലിൽ മേല്പറഞ്ഞ മൂന്നു ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിൽ എക്സിക്യൂട്ടീവ് പരാജയപ്പെട്ടു എന്നാണു താങ്കൾ കണ്ടെത്തുന്നത്. അതിന്റെ പ്രവർത്തനം വളരെ സൂക്ഷ്മവും പരോക്ഷവും പടിപടിയായി വർധിക്കുന്നതും അടിസ്ഥാനഘടനയെ തന്നെ തകർക്കുന്നതുമാണെന്ന നിഗമനത്തിലാണ് എത്തുന്നത്. താങ്കളുടെ വാചകത്തിൽ പറഞ്ഞാൽ “ഭരണഘടനയെ ആയിരം മുറിവുകൾ ഏല്പിച്ചുകൊണ്ട് തകർക്കുന്നതാണ്” എന്നാണ്. ഇതിന്റെ വിശദമായ വിശകലനത്തിലേക്കു വരുന്നതിനു മുമ്പ് ഈ വാചകത്തിന്റെ അർഥം ഒന്ന് വ്യക്തമാക്കാമോ? 

ഖൈത്താൻ: പറയാം. ദില്ലിയിലെ തെരുവുകളിൽ നമ്മൾ പട്ടാള ടാങ്കുകൾ കാണുന്നില്ല. പ്രത്യക്ഷത്തിൽ മാദ്ധ്യമങ്ങൾ സ്വതന്ത്രമാണ്. അവരുടെ പ്രക്ഷേപണ സംവിധാനങ്ങളെല്ലാം അവിടെ നിലനിൽക്കുന്നുണ്ട്. സർക്കാർ അവയൊന്നും പിടിച്ചടക്കിയിട്ടില്ല. ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല, തെരുവിൽ സൈന്യമില്ല. അതുകൊണ്ട് തന്നെ ഇരുപതാം നൂറ്റാണ്ടിലെ ഒരു അടിയന്തരാവസ്ഥയാണ് ഇതെന്ന് നമുക്ക് തോന്നുകയുമില്ല. 

ഇതിനുള്ള മറുപടിയിലേക്കു വരുന്നതിനു മുമ്പ് ഒരു കാര്യം പറയാം. ഇന്ത്യൻ സാഹചര്യത്തെ ആഗോള സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് പരിശോധിക്കാം. ഇരുപതാം നൂറ്റാണ്ടിലെ ഏകാധിപതികളിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിച്ചിട്ടാണ് ഈ നൂറ്റാണ്ടിൽ പല രാജ്യങ്ങളിലും ഏകാധിപതികൾ ഉണ്ടാകുന്നത്. ഇവർ കൂടുതൽ സ്മാർട്ട് ആണ്. ഇരുപതാം നൂറ്റാണ്ടിലെ ഏകാധിപതികൾ ജനാധിപത്യത്തിന് നേരെ തുറന്ന ആക്രമണം നടത്തുകയും അത് തുറന്നു പറയുകയും ചെയ്തിരുന്നു. നമുക്കറിയാം ഇന്ദിരാഗാന്ധിയുടെ കാലത്തു നടപ്പിലാക്കിയ അടിയന്തരവസ്ഥയിൽ അവർ പരസ്യമായി ജനാധിപത്യത്തെ തകർക്കുകയും വെല്ലുവിളിക്കുകയുമാണ് ചെയ്തത്. അത് ഏകാധിപത്യമാണെന്നു എല്ലാവർക്കും പെട്ടന്ന് മനസ്സിലായിരുന്നു. എന്നാൽ ഈ നൂറ്റാണ്ടിൽ പ്രത്യേകിച്ചും ബെർലിൻ മതിൽ തകർന്നതിനു ശേഷമുള്ള കാലങ്ങളിൽ, പുറന്തോടായി പ്രകടമാക്കുന്ന ഒരു ജനാധിപത്യം നിലനിർത്തുന്നു. ഏകാധിപത്യമെന്ന് പുറത്തേക്കു തോന്നുന്നില്ല എങ്കിൽ അന്താരാഷ്ട്ര തലത്തിൽ അതിനെ ന്യായീകരിക്കാൻ കഴിയില്ല. നിരവധി സമ്മർദങ്ങൾ നേരിടേണ്ടിവരും എന്നറിയാവുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ജനാധിപത്യത്തെ നേരിട്ട് അങ്ങനെ വെല്ലുവിളിക്കേണ്ടതില്ല, അതിന്റെ പുറംമോടി നിലനിർത്തിക്കൊണ്ട് തന്നെ തങ്ങളുടെ ഏകാധിപത്യ അജണ്ടകൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് അവർക്കറിയാം. അതുകൊണ്ട് തന്നെ അത് കൂടുതൽ ഫലപ്രദവുമാണ്. ഇത് ഇന്ത്യയുടെ മാത്രം ഒരു പ്രതിഭാസമല്ല. നമുക്കറിയാം പോളണ്ട്, ഹംഗറി, ബ്രസീലിലെ ബോൾസനാരോ, ദക്ഷിണാഫ്രിക്കയിലെ എന്ടോസുമ ഭരണകൂടം, തുടങ്ങി അമേരിക്കയിലെ ട്രംപ് വരെ.

അതിസൂക്ഷ്മവും നിരന്തരം വളർന്നുകൊണ്ടിരിക്കുന്നതും അതോടൊപ്പം നിലവിലുള്ള അടിസ്ഥാന ഘടനയെ തന്നെ മാറ്റുന്നതുമായ അഥവാ തകരാറാക്കുന്നതുമായ ഇടപെടലുകൾ ആണിവിടെ നടത്തുന്നത്. ഇത്തരം ഏകാധിപത്യവൽക്കരണം വ്യവസ്ഥയുടെ അടിത്തറയെ തന്നെ മാറ്റിമറിക്കുന്നതാണ്. നേരിട്ട് അക്രമിക്കാതെ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ അവർ വിജയിക്കുന്നു. അതുകൊണ്ടാണ് കേവലം ഒറ്റ മുറിവുകൊണ്ടല്ല ആയിരം മുറിവുകൾ ഉണ്ടാക്കിക്കൊണ്ട് ജനാധിപത്യത്തെ, ഭരണഘടനയെ ഇല്ലാതാക്കുകയാണ്, എന്ന് പറയുന്നത്. 

ഇന്ദിരാഗാന്ധിയുടെ കാലത്തു നടന്നഅടിയന്തരാവസ്ഥാപ്രഖ്യാപനവും നാല്പത്തിരണ്ടാം ഭരണഘടനാഭേദഗതിയും തന്നെ പ്രത്യക്ഷത്തിലുള്ള ഒറ്റയാക്രമണമാണെങ്കിൽ അതിന്റെ ഫലമായി ആയിരക്കണക്കിന് സൂക്ഷ്മമായ അതിക്രമങ്ങൾ നാട്ടിൽ നടന്നു. അതുകൊണ്ട് തന്നെ അതിനെതിരായ പ്രതിരോധങ്ങൾ ഉയർന്നു വരികയെന്നത് ബുദ്ധിമുട്ടുമായിരുന്നു.

ഥാപ്പർ: താങ്കൾ പറയുന്നത് ഇത് വധശിക്ഷയോ കൊലപാതകമോ അല്ല ആയിരക്കണക്കിന് ചെറു മുറിവുകൾ ഉണ്ടാക്കി ഒന്നിനെ ഇല്ലാതാക്കുന്നതാണ്?

ഖൈത്താൻ: തീർച്ചയായും അത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്.

ഥാപ്പർ: നമുക്ക് വിശദമായി നോക്കാം. 2014നും 19നുമിടക്ക് ഇന്ത്യയിൽ കൃത്യമായി തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. കേന്ദ്രത്തിലേക്കും സംസ്ഥാനങ്ങളിലേക്കുമെല്ലാം. ഇതിൽ ഭാരതീയ ജനതാ പാർട്ടി പലയിടങ്ങളിലും പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് ഇത്തരം സംശയങ്ങൾ ഉന്നയിക്കുന്നത്? തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നത് ജനങ്ങളോടുള്ള ഉത്തരദിത്തം നിറവേറ്റലാണല്ലോ. എന്നിട്ടും എന്ത്കൊണ്ടിങ്ങനെ പറയുന്നു?

ഖൈത്താൻ: താങ്കളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശകലനം നടത്താവുന്നതാണ്. ജനങ്ങളോടുള്ള ഉത്തരവാദിത്തം ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന ദ്വന്ത്വ രീതിയിലല്ല കാണേണ്ടത്. അതിനു ചില അളവുകോലുകൾ ഉണ്ട്. അത് നിരന്തരമായ പരിശോധന നടക്കേണ്ടതാണ്. ഈ ഉത്തരവാദിത്തം കുറഞ്ഞ വേഗതയിലെങ്കിലും ക്രമത്തിൽ താഴേക്കു കുറഞ്ഞു വരുന്നതാണ് നാം കാണുന്നത്. താങ്കൾ പറഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിർത്തുന്നില്ലേ എന്ന വസ്തുത പരിശോധിക്കാം. തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയിൽ തന്നെ ഇടപെട്ടുകൊണ്ട് അതിന്റെ വിശ്വാസ്യത എത്രമാത്രം കുറക്കാമെന്നാണ് മോദി സർക്കാർ ശ്രമിച്ചത്.

ഈ പഠനത്തിൽ കാണുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയാണ് ആദ്യം തകർക്കാൻ തുടങ്ങിയത് എന്നാണ്. തെരഞ്ഞെടുപ്പിന്റെ സമയങ്ങൾ നിശ്ചയിക്കുന്നതും അതിന്റെ രീതികളും മറ്റുമായി നിരവധി തർക്കങ്ങൾ ഉണ്ടായിരുന്നു. 

ഈ ലക്ഷ്യം വച്ചുകൊണ്ട് ഒന്നാം മോദി സർക്കാർ മൂന്നു പ്രത്യക്ഷമായ ഇടപെടലുകൾ നടത്തി. ഇതിൽ മൂന്നാമത്തേത് അത്രത്തോളം വിജയകരമായില്ല ഇപ്പോഴും അന്തരീക്ഷത്തിൽ നിൽക്കുന്നു എന്ന് മാത്രം. ഒന്നും രണ്ടും വിജയിച്ചു. 

അതിലൊന്നാമത്തേതു വലിയൊരു വിഭാഗം വരുന്ന മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ജനങ്ങളെ തെരഞ്ഞെടുപ്പിന്റെ പ്രക്രിയയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. അവരിൽ നല്ലൊരു പങ്കിനും വോട്ടവകാശം ഇല്ലാതാക്കുകയായിരുന്നു. നമുക്കറിയാം എല്ലാ ഹിന്ദുക്കളും ബിജെപിക്ക് വോട്ടു ചെയ്യുന്നവരല്ല. എന്നാൽ ബിജെപിയുടെ മുസ്ലിം വിരുദ്ധ നിലപാടുകൾ മൂലം മുസ്ലിംകളിൽ വളരെ ചെറിയൊരു വിഭാഗം മാത്രമേ ബിജെപിക്ക് വോട്ടു ചെയ്യാൻ സാധ്യതയുള്ളൂ എന്നതും സത്യമാണ്. അതുകൊണ്ട് തന്നെ അവരെ ഒഴിവാക്കുന്നത് ഏതു നിലക്കും അവർക്കനുകൂലമാകും. ഇത്തരത്തിൽ മുസ്ലിങ്ങളെ ഒറ്റപ്പെടുത്തുന്ന ഒട്ടനവധി നടപടികൾ അവർ സ്വീകരിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൗരത്വ രെജിസ്റ്റർ തയ്യാറാക്കുക എന്നത് തന്നെയായിരുന്നു. അതവർ ആസാമിൽ പരീക്ഷിച്ചു.

ഗുവാഹത്തിയിലെ ദേശിയ ജനസംഖ്യ രജിസ്റ്റർ ഓഫീസ്

പ്രത്യക്ഷത്തിൽ മതനിരപേക്ഷമെന്നു തോന്നിക്കുന്നതും എന്നാൽ തീർത്തും അവസരവാദപരമായതും ആയിരുന്നു ഇവ. സുപ്രീം കോടതിയുടെ ഒരു പരാമർശത്തിന്റെ പിൻബലമുണ്ടെന്നു വാദിച്ചു കൊണ്ട് ആസാമിൽ അവർ എടുത്ത ഈ നടപടി ആരെയും ഞെട്ടിക്കുന്ന വിധത്തിൽ ആസാമിനെ വർഗീയവൽക്കരിക്കാൻ സഹായിച്ചു. സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ പറഞ്ഞു, ഇത് തദ്ദേശീയരായവരെ സംരക്ഷിക്കുന്നതിനുള്ള നിയമമാണെന്ന്. ഇതിന്റെ അടിസ്ഥാന ലക്ഷ്യം മുസ്ലിം വിരുദ്ധത ആളിക്കത്തിക്കുക എന്നത് തന്നെയായിരുന്നു.

ഇത് മാത്രമായിരുന്നില്ല മുസ്ലിം വിരുദ്ധസമീപനത്തോടെയുള്ള ഇടപെടലുകൾ. ഒട്ടനവധി മുസ്ലിം വിരുദ്ധ നിയമങ്ങൾ ഇതേ പാതയിലൂടെ തന്നെ നിർമ്മിക്കപ്പെട്ടു. പ്രത്യേകിച്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിംകൾക്ക് ഒരു രണ്ടാം തരം പൗരത്വം മാത്രമാണുള്ളതെന്നും ആവർത്തിച്ചുറപ്പിക്കപ്പെട്ടു. പലയിടത്തും മതപരിവർത്തനം തടയുന്ന നിയമങ്ങളുണ്ടാക്കി. അതുപോലെ ഗോവധ നിരോധനമെന്നതടക്കം മുസ്ലിംകളെ ക്രിമിനൽ ആക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് പ്രവർത്തിച്ചു. ഇന്ത്യയിൽ മുമ്പൊരിക്കലുമില്ലാത്ത വിധത്തിൽ, ഒരു പക്ഷെ അമേരിക്കയിൽ ഒരു കാലത്ത് കറുത്ത വർഗ്ഗക്കാരായ യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ട് നടത്തിയതുപോലെ ആയിരുന്നു ഇത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പ് എന്നതിന്റെ ആദ്യത്തെ നിഷേധമായിരുന്നു ഇത്. പൗരത്വഭേദഗതി നിയമം അതുമായി ബന്ധപ്പെട്ട രജിസ്റ്റർ എന്നിവയെല്ലാം ഒന്നാം മോദി സർക്കാരിന്റെ കാലത്തു നിയമമാക്കിയെങ്കിലും അത് നടപ്പിലാക്കിയില്ല. എന്നാൽ തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ വർഗീയ വിഭജനം ഉണ്ടാക്കുന്നതിനു ഇത് സഹായിച്ചു.

ഒരു പക്ഷെ ഇതിനേക്കാൾ കൂടുതൽ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒന്നായിരുന്നു 2017ൽ പാസാക്കിയെടുത്ത ഒരു നിയമം. രാജ്യസഭയിൽ ഉണ്ടായേക്കാവുന്ന തടസം മറികടക്കുന്നതിന് വേണ്ടി ലോകസഭയുടെ മാത്രം അംഗീകാരം മതിയാകുന്ന ഒരു സാമ്പത്തിക ബില്ല് ആയി (മണി ബില്ല്) അത് പാസാക്കിയെടുത്തത് തന്നെ തെറ്റായിരുന്നു. ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പിലെ ഫണ്ട് സമാഹരണ നിയമങ്ങൾ ലംഘിച്ചുവെന്ന സുപ്രീം കോടതിയുടെ കണ്ടെത്തലുകളെ മറികടക്കാനുള്ള തന്ത്രമായിരുന്നു അത്.

മുൻകാലത്തെ കോൺഗ്രസ് സർക്കാരുകളും ഇതേ രീതിയിൽ ചില ശ്രമങ്ങൾ നടത്തിയിട്ടില്ല എന്നല്ല. ഈ നിയമം വഴിയാണ് രാഷ്ട്രീയകക്ഷികൾക്കുള്ള കോർപറേറ്റ് സംഭാവനകൾ നൽകാൻ കഴിയുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കു നിയമസാധുത ഉണ്ടാക്കിയത്. അതിൽ സംഭാവന നൽകുന്നവരുടെയും ലഭിക്കുന്നവരുടെയും വിവരങ്ങൾ ഒരിക്കലും പുറത്തു വരില്ല എന്നുറപ്പാക്കിയതും ഈ നിയമത്തിലാണ്. എന്നാൽ സുപ്രീം കോടതിയുടെ ഇടപെടലുകൾ വഴി ഭാഗികമായെങ്കിലും അത് സുതാര്യമാക്കണം എന്ന് വന്നിട്ടുണ്ട്. എന്തുകൊണ്ടാണിത് ആവശ്യമാകുന്നത്? 

ആരെല്ലാം ഏതെല്ലാം പാർട്ടികൾക്കാണ് സംഭാവനകൾ നൽകിയിരിക്കുന്നതെന്ന് ഭരണക്ഷിക്കു അറിയാൻ കഴിയും. എന്നാൽ പ്രതിപക്ഷത്തിന് ഈ വിവരങ്ങൾ അറിയാൻ ഒരു വഴിയുമില്ല. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ പിന്തുണക്കുക എന്നത് അല്പം അപകടകരമായ ഒന്നാണല്ലോ. പാർട്ടികൾക്ക് എങ്ങനെ സംഭാവനകൾ ലഭിക്കുന്നു എന്ന് ജനങ്ങൾക്കറിയാനുള്ള ഇപ്പോഴത്തെ സംവിധാനം അട്ടിമറിക്കപ്പെടുകയാണ്. രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷനു നൽകുന്ന വിവരങ്ങൾ വഴി ഇതു ജനങ്ങൾക്കറിയാൻ കഴിഞ്ഞിരുന്നു. ഇനി അതില്ല. നമുക്കറിയാം ഈ സംഭാവനകൾ നൽകുന്നത് വൻകിട കോർപറേറ്റുകൾ ആണ്. ഇങ്ങനെ നൽകപ്പെടുന്ന സംഭാവനകൾ കോടികളാണ്, ലക്ഷങ്ങളല്ല. ഇതുവരെ ലഭിച്ച ഒരു സ്ഥിതിവിവരക്കണക്ക് വച്ചുകൊണ്ട് പറഞ്ഞാൽ 2017-18ൽ ഇത്തരം ബോണ്ടുകൾ വഴി ലഭിച്ച സംഭാവനയുടെ 95 ശതമാനത്തോളവും ലഭിച്ചത് കേന്ദ്ര ഭരണ കക്ഷിക്കാണ്. അവരുടെ വരുമാനത്തിന്റെ സിംഹഭാഗവും ഇതിലൂടെയാണ് ലഭിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഇത് കളിക്കളത്തിലെ തുല്യത എന്നതിന്റെ ലംഘനം മാത്രമല്ല പ്രതിപക്ഷത്തിന് ലഭിക്കാൻ സാധ്യതയുള്ള സമ്പത്ത് കൂടി വലിച്ചൂറ്റി എടുക്കുക കൂടിയാണ് ചെയ്യുന്നത്.

സുപ്രീം കോടതി

ഥാപ്പർ: മൂന്നെണ്ണം എന്ന് പറഞ്ഞതിൽ മൂന്നാമത്തെ ശ്രമം ഏതായിരുന്നു? 

ഖൈത്താൻ: മൂന്നാമത്തേത് കേന്ദ്രത്തിലേക്കും സംസ്ഥാനങ്ങളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുക എന്ന നിർദ്ദേശമായിരുന്നു. അത് ഒരു ബലൂണായി അന്തരീക്ഷത്തിൽ നിൽക്കുകയാണ്. അത് തൽക്കാലം നടപ്പാക്കാതെ അട്ടത്ത് വച്ചിരിക്കുകയാണ്. ഇത് ഇന്ത്യയിലെ ഫെഡറൽ പാർലമെന്ററി ജനാധിപത്യത്തിനുള്ള ഭീഷണിയാണ്. ഒന്നാമതായി ഇത് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്കുള്ള നീക്കമാണെന്നു കാണാം.

ഥാപ്പർ: ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലല്ലോ?

ഖൈത്താൻ: ഇല്ല. എന്നാൽ അങ്ങനെ ഒരു നിർദ്ദേശം അന്തരീക്ഷത്തിൽ ഉയർത്തിവിട്ടിരിക്കുന്നു. തെരഞ്ഞെടുപ്പിലൂടെയുള്ള ഉത്തരവാദിത്തം എന്നതിനെ രണ്ട് രീതിയിൽ ഇത് ബാധിക്കുന്നു. നമ്മുടെ സംവിധാനത്തെ ഒരു പ്രസിഡെൻഷ്യൽ സംവിധാനത്തിലേക്ക് അത് കൂടുതൽ അടുപ്പിക്കുന്നു.

ഥാപ്പർ: ഇതുവരെ അതിനൊന്നും ശ്രമം തുടങ്ങിയിട്ടില്ലല്ലോ.

ഖൈത്താൻ: ഇതുവരെ ആരംഭിച്ചിട്ടില്ല എന്നത് ശരി തന്നെ.

(തുടരും)


സി.ആർ നീലകണ്ഠൻ (പരിഭാഷകൻ)

To watch the original video of the interview, please Click Here.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM