വഞ്ചനയും, വിരുദ്ധോക്തികളും, വ്യാജ വാർത്താനിർമ്മിതിയും: അയോധ്യയിൽ സംഘപരിവാറിന്റെ മുക്കോൺ ‘വ’
“അയോധ്യ: രാമക്ഷേത്ര സമർപ്പണത്തിലേക്കുള്ള അധാർമ്മികമായ നാൾവഴി” എന്ന പരമ്പരയുടെ രണ്ടാം ഭാഗമാണിത്.
“ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ മുഴുവൻ രാഷ്ട്രീയമാണ്, അത് മതപരമല്ലാതായി മാറിക്കഴിഞ്ഞു. മതത്തിന്റെ കാര്യമാണെങ്കിൽ ഞങ്ങളോട് കൂടിയാലോചിക്കുമായിരുന്നു. ഒന്നാമതായി, രാമാലയ ട്രസ്റ്റ് എന്ന പേരിൽ ധർമ്മാചാര്യന്മാരുടെ ഒരു ട്രസ്റ്റ് നേരത്തെ നിലവിലുണ്ടായിരുന്നു. 1997ൽ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി വിവാദമായപ്പോൾ നിയമനടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞു. ആ നിയമനടപടികളിൽ ഹിന്ദുവോ, മുസ്ലീമോ, ആരു ജയിച്ചാലും അവരുടെ ആരാധനാലയം സ്ഥാപിക്കാനുള്ള ഭൂമി നൽകും. നേരത്തെയുണ്ടായിരുന്ന ട്രസ്റ്റ്, സുപ്രീം കോടതി നിരാകരിച്ചതിനാൽ, ഹിന്ദുക്കൾക്ക് ഭൂമി ലഭിച്ചാൽ ക്ഷേത്രം പണിയാനാണ് രാമാലയ ട്രസ്റ്റ് സ്ഥാപിച്ചത്. എന്നിട്ടും, പ്രധാനമന്ത്രി (നരേന്ദ്ര മോദി) സ്വന്തം പ്രവർത്തകരുടെ ഒരു പുതിയ ട്രസ്റ്റ് സ്ഥാപിച്ചു. അത് അദ്ദേഹം പാർലമെന്റിൽ പ്രഖ്യാപിച്ചു. ഒരു ക്ഷേത്രം പണിയേണ്ടതുണ്ടെന്ന് വ്യക്തമായിരുന്നു. അതിനർത്ഥം ധർമ്മാചാര്യന്മാർ ദൈവത്തിന്റെ പ്രതിനിധികളായതിനാൽ, അവർ ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കണം എന്നതാണ്.” ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി, 2024 ജനുവരി രണ്ടാം വാരത്തിൽ ‘ദ വയറി’ലെ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണിത്.
രാമക്ഷേത്ര നിർമ്മിതിയുമായി ബന്ധപ്പെട്ട തന്റെ എല്ലാ അധികാരങ്ങളും തന്നിൽ നിന്ന് എടുത്തുമാറ്റപ്പെട്ട, അങ്ങനെ അക്ഷരാർത്ഥത്തിൽ വഞ്ചിതനായ ഒരു ആത്മീയനേതാവിന്റെ വേദനയാണ് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ശങ്കരാചാര്യർ ഉൾപ്പെടെയുള്ള മുതിർന്ന ആത്മീയ നേതാക്കളെ ആസൂത്രിതമായി മാറ്റിനിർത്തിക്കൊണ്ട്, രാമക്ഷേത്രം പണിയാൻ സ്വന്തം അനുചരവൃന്ദത്തിന്റെ പുതിയ ട്രസ്റ്റ്, മോദിയും സംഘപരിവാറും സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ വളച്ചൊടിച്ചുകൊണ്ട് എങ്ങനെ രൂപീകരിച്ചു എന്നും അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ ജനുവരി 22 എന്ന തീയതി, അയോധ്യയിലെ രാമക്ഷേത്രത്തിലെ “പ്രാണപ്രതിഷ്ഠ” യുടെ തീയതി നിശ്ചയിച്ച ജ്യോതിഷിയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് അതേ അഭിമുഖത്തിൽ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറയുന്നുണ്ട്.
രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർഎസ്എസ്) നേതൃത്വത്തിലുള്ള സംഘപരിവാറിന്റെ അയോധ്യ പ്രവർത്തനങ്ങളുടെ ചരിത്രം പിന്തുടരുന്നവർക്ക്, കൃത്രിമത്തിന്റെയും, ബലപ്രയോഗത്തിന്റെയും, വഞ്ചനയുടെയും, വിരുദ്ധോക്തികളുടെയും ഈ വെളിപ്പെടുത്തലുകളിൽ അതിശയിക്കാനില്ല. 1980-കളുടെ മധ്യം മുതലുള്ള പ്രസ്ഥാനത്തിന്റെ മുഴുവൻ പാതയും അത്തരം കപട പ്രവർത്തികളാൽ നിറഞ്ഞതാണ്. 1990 നവംബറിൽ നടന്ന സംഘപരിവാറിന്റെ ആദ്യ അയോധ്യ കർസേവയുടെ നാളുകളിൽ ഈ നിന്ദ്യമായ കളികളുടെ ആദ്യത്തെ ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്ന് ഉയർന്നുവന്നു. ആ കർസേവയിലും ബാബറി മസ്ജിദ് ആക്രമിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ സമാജ് വാദി പാർട്ടി (എസ്പി) നേതാവ് മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഉത്തർപ്രദേശ് സർക്കാർ അത് തടഞ്ഞു. കലാപത്തിനിറങ്ങിയ കർസേവകരെ തടയാൻ സർക്കാരിന് അന്ന് വെടിവെപ്പ് നടത്തേണ്ടി വന്നു. ഈ സംഭവങ്ങൾക്കൊപ്പം വിപുലമായ വ്യാജവാർത്താ പ്രചാരണവും അരങ്ങേറി.
പോലീസ് വെടിവെപ്പിൽ നൂറുകണക്കിനാളുകൾ വീരമൃത്യു വരിച്ചുവെന്ന വാർത്തകളാൽ ഹിന്ദി ഹൃദയഭൂമിയിലുടനീളമുള്ള വലിയൊരു വിഭാഗം മാധ്യമങ്ങൾ അന്ന് നിറഞ്ഞു. “രക്തസാക്ഷികളായ” കർസേവകരുടെ രക്തം നദിയിൽ ലയിച്ചതിനാൽ അയോധ്യയിലെ സരയൂ നദിയിൽ ഒഴുകുന്ന വെള്ളം ചുവന്നതായി മാറി” എന്ന് തുടങ്ങിയ ഭയാനകമായ ചിത്രമാണ് ഈ കഥകൾ അവതരിപ്പിച്ചത്. വെടിവയ്പിൽ 30-ൽ താഴെ പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നു വ്യക്തമാക്കിക്കൊണ്ട്, മുലായം സിംഗ് യാദവ് സർക്കാർ ഈ പ്രചാരണങ്ങളെ പ്രതിരോധിച്ചു. അപ്പോൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഇതിനെ വെല്ലുവിളിക്കുകയും 75 “രക്തസാക്ഷികളുടെ” പേരുകളും വിലാസങ്ങളും സഹിതമുള്ള ഒരു “ആദ്യ പട്ടിക” പുറത്തിറക്കുകയും ചെയ്തു. ഈ ലിസ്റ്റിലെ ഉത്തർപ്രദേശിൽ നിന്നുള്ള ആളുകളുടെ വിവരങ്ങൾ പരിശോധിക്കാൻ ഞാനും സഹ പത്രപ്രവർത്തകൻ ശീതൾ പി സിങ്ങും ഇറങ്ങിത്തിരിച്ചു. ഉത്തർ പ്രദേശ് സംസ്ഥാനത്ത് ലിസ്റ്റുചെയ്ത 26 പേരിൽ 4 പേരെ ഞങ്ങൾ ജീവനോടെ കണ്ടെത്തി (പൂർണ്ണമായ കഥ ഇവിടെ വായിക്കുക). അതിലും രസകരമായി, ഒരിക്കലും ജീവിച്ചിട്ടില്ലാത്ത ഒരു വ്യക്തിയെ സഹരൻപൂരിലെ ഒരു വിലാസത്തിൽ സാങ്കൽപ്പികമായി സൃഷ്ടിച്ചതായും, അയാളെ “കൊന്നതായും” ഞങ്ങൾ കണ്ടെത്തി.
അയോധ്യയിലെ വെടിവയ്പിൽ അല്ലാതെ, പ്രാദേശിക പട്ടണങ്ങളിലെ വാഹനാപകടങ്ങൾ, അല്ലെങ്കിൽ ടൈഫോയ്ഡ് പോലുള്ള രോഗങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് ഉത്തർപ്രദേശ് പട്ടികയിലെ അഞ്ചോളം പേർ മരിച്ചതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഈ കഥ രാജ്യവ്യാപകമായി ശ്രദ്ധയാകർഷിക്കുകയും സംഘപരിവാർ നേതൃത്വത്തിന് നാണക്കേടുണ്ടാക്കുകയും ചെയ്തു. പക്ഷേ, വഞ്ചനാപരമായ രാഷ്ട്രീയ കരുനീക്കങ്ങളുടെ രാജാക്കന്മാർ ആയ സംഘപരിവാർ നേതാക്കൾ, അതും ശിരസ്സിലെ തൂവൽ പോലെ കണക്കാക്കുകയും, അയോധ്യയിലെ തങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു.
വഞ്ചനയുടെയും വിരുദ്ധോക്തികളുടെയും തെറ്റായ വിവരങ്ങളുടെയും ഈ വിപുലവും, നന്നായി ചിന്തിച്ചുറപ്പിച്ചതുമായ മാസ്റ്റർ പ്ലാനിലെ സംഘപരിവാറിന്റെ മറ്റൊരു ആയുധം, ആശയക്കുഴപ്പത്തിലാക്കാനുള്ള ബോധപൂർവമായ ഉദ്ദേശ്യത്തോടെ ഒന്നിലധികം ശബ്ദങ്ങളിൽ സംസാരിക്കുക (പല വിരുദ്ധ നിലപാടുകൾ ഒരുമിച്ചു പറയുക) എന്ന തന്ത്രമാണ്. ഉദാഹരണത്തിന്, ബാബറി മസ്ജിദ് തകർക്കുന്നതിൽ കലാശിച്ച 1992 ഡിസംബറിലെ കർസേവയ്ക്ക് മുമ്പ്, അടൽ ബിഹാരി വാജ്പേയി, ലാൽ കൃഷ്ണ അദ്വാനി, അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാണ് സിംഗ്, വി.എച്ച്.പി. വൈസ് പ്രസിഡന്റ് സ്വാമി ചിന്മയാനന്ദ് എന്നിവർ ഡിസംബർ 6ലെ കർസേവയെ കുറിച്ച് പരസ്യമായി വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിരുന്നു. ഈ ഒന്നിലധികം ശബ്ദങ്ങൾ രാഷ്ട്രീയ നിരീക്ഷകരിലും വിശകലന വിദഗ്ധരിലും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. കർസേവ, ഭജനകളും കീർത്തനങ്ങളും അവതരിപ്പിക്കുന്നതിൽ ഒതുങ്ങുമെന്ന് യഥാക്രമം, ദേശീയോദ്ഗ്രഥന കൗൺസിലിലും സുപ്രിംകോടതിയിലും, കല്യാൺ സിംഗും ചിന്മയാനന്ദും പ്രസ്താവിച്ചപ്പോൾ, പള്ളി പൊളിക്കുന്നതിനു മുന്നോടിയായി ഉത്തർപ്രദേശിൽ ഒരു യാത്ര നയിച്ച അദ്വാനി, കർസേവ ദിനത്തിൽ ഉത്തർപ്രദേശിൽ നടന്നേക്കാനിടയുള്ള യഥാർത്ഥ സംഭവങ്ങളെ കുറേക്കൂടി പച്ചയായി പ്രഖ്യാപിച്ചു. “ഹിന്ദു സമൂഹത്തിന്റെ മേൽ ചൊരിഞ്ഞ ചരിത്രപരമായ തെറ്റുകൾ” തിരുത്താനുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെയും, അതിന്റെ ജനങ്ങളുടെയും ഉത്തരവാദിത്തത്തെ ആവർത്തിച്ച് ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തന്ത്രം.
ഡിസംബർ 5 ന് ലഖ്നൗവിൽ നടന്ന ഒരു പൊതുയോഗത്തിൽ, “കർസേവയ്ക്കിടെ എന്ത് സംഭവിക്കുമെന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ല” എന്ന് പ്രഖ്യാപിച്ചുകൊണ്ട് വാജ്പേയി, എല്ലാം നിഗൂഢമായി അവതരിപ്പിക്കുക എന്ന തന്റെ തന്ത്രത്തിന്റെ മികവ് പരകോടിയിലെത്തിച്ചു. “സമാധാനപരമായ ഭജനകളും കീർത്തനങ്ങളും നടത്താൻ പോലും, സ്ഥലം വൃത്തിയാക്കി സജ്ജീകരിക്കേണ്ടതുണ്ട്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രക്രിയയിൽ, ചില കുണ്ടും കുഴികളും, പൊന്തി നിൽക്കുന്ന കെട്ടിടങ്ങളും നീക്കം ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രഖ്യാപനങ്ങൾക്കെല്ലാം നടുവിൽ മഹന്ത് രാമചന്ദ്ര പരമഹൻസും, അക്കാലത്ത് മഹന്തിന്റെ വിശ്വസ്ത പോരാളി ആയി കണക്കാക്കപ്പെട്ടിരുന്ന വിനയ് കത്യാരും “ഇത്തവണ പള്ളി കെട്ടിടം ഇല്ലാതാകുമെന്നും, അതിനുള്ള തയ്യാറെടുപ്പുകൾ-സംഘപരിവാറിന്റെ ആത്മഹത്യാ സ്ക്വാഡുകൾ ഉൾപ്പെടെയുള്ളവ- തയ്യാറാണെന്നും” ഉറപ്പിച്ചു പറഞ്ഞ രണ്ടുപേരായിരുന്നു. ഭരണഘടനാ സ്ഥാപനങ്ങൾക്കു മുമ്പാകെ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഒരു മുതിർന്ന വിഎച്ച്പി നേതാവും നൽകിയ ഉറപ്പ് മറികടക്കുമെന്നായിരുന്നു കത്യാർ പറഞ്ഞത്. “ശ്രീരാമനേക്കാൾ വലിയ അധികാരവും ഭരണഘടനാപരമായ അധികാരവും ഉണ്ടോ?”. അദ്ദേഹം നിർവചിച്ച പ്രകാരം പൊളിക്കൽ പദ്ധതി നടപ്പാക്കുന്നത് ഭരണഘടനയോട് കൂറ് ഉറപ്പിച്ച് അധികാരമേറ്റ കല്യാൺ സിംഗിനെപ്പോലുള്ള നേതാക്കളെ നിയമപരമായി ആശങ്കാജനകമായ അവസ്ഥയിലാക്കുമെന്ന് ഞങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ കത്യാർ തിരിച്ചടിച്ചു. തീർച്ചയായും, പരമഹൻസും കത്യാരും കൈക്കൊണ്ട ഈ നിലപാടുകൾ, സംഘപരിവാറിന്റെ ബോധപൂർവമായ “പല ശബ്ദങ്ങളിൽ സംസാരിക്കുക എന്ന തന്ത്രത്തിന്റെ” തന്നെ ഭാഗമായിരുന്നു. ആദ്യ കേൾവികളിൽ, ഈ നിലപാടുകൾ പൊതുജനങ്ങൾക്കിടയിലെ ആശയക്കുഴപ്പം വർദ്ധിപ്പിച്ചു. പക്ഷേ, ആത്യന്തികമായി, പരമഹൻസും, കത്യാരും പ്രവചിച്ചതുപോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു.
സന്ദർഭവശാൽ, ദിഗംബർ അഖാഡയുടെ തലവനും പരമഹൻസ് ആയിരുന്നു, അതിനെ “യോദ്ധാക്കളായ സന്യാസിമാരുടെ” സംഘം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു ഗുസ്തിക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന് കുറച്ച് പ്രശസ്തി ഉണ്ടായിരുന്നു. അദ്ദേഹം ഗുസ്തി കളത്തിൽ വളരെ പ്രായം കുറഞ്ഞ മത്സരാർത്ഥികളെ ഇടയ്ക്കിടെ പരാജയപ്പെടുത്തുമായിരുന്നു. വിവിധ ആയോധനകലകളുടെയും അവയുടെ തത്ത്വചിന്തകളുടെയും ഒരു അഭ്യാസിയെന്ന നിലയിൽ, അക്രമത്തിലും കുതന്ത്രത്തിലും കപടനീക്കങ്ങളിലും താൻ ഒരു തെറ്റും കാണുന്നില്ലെന്ന് അദ്ദേഹം, താൻ ഇടയ്ക്കിടെ നടത്താറുള്ള ‘പ്രവചനങ്ങൾ’ (മതത്തെയും അനുബന്ധ കാര്യങ്ങളെയും കുറിച്ചുള്ള വിശദീകരണങ്ങൾ) കേൾക്കാൻ വരുന്നവരോട് പറയുമായിരുന്നു. സംഘപരിവാറിലെ മറ്റു പലരെയും പോലെ, പ്രത്യേകിച്ച് ബി.ജെ.പിയുടെ ഭാഗമായ ആളുകളെ പോലെ, പരമഹൻസ്, ഭക്തിയുടെയും സാമൂഹിക-ജനാധിപത്യ മൂല്യങ്ങളോടുള്ള കൂറുപുലർത്തലിന്റെയും നാട്യങ്ങൾക്കു പിന്നിൽ ഒളിച്ചിരുന്നില്ല. സംഘപരിവാറിന്റെ ചെറുതും വലുതുമായ നിരവധി സംഘടനകൾ പയറ്റുന്ന തന്ത്രപരവും ഇരട്ടത്താപ്പുള്ളതുമായ തന്ത്രങ്ങളിൽ, ഈ ദീർഘകാല “ഹിന്ദുത്വ പോരാളി”യുടെ പൊങ്ങച്ചം നിറഞ്ഞ ശബ്ദമാണ്, RSS ഉം സംഘപരിവാർ സംഘടനകളും പുലർത്തുന്ന യഥാർത്ഥ കാഴ്ചപ്പാടിനോട് ഏറ്റവും അടുത്തുനിൽക്കുന്നതെന്ന് അയോധ്യയിലെ സംഭവങ്ങൾ വളരെക്കാലമായി റിപ്പോർട്ട് ചെയ്യുന്ന ധാരാളം റിപ്പോർട്ടർമാർക്കും അറിയാമായിരുന്നു.
അയോധ്യയും അനുബന്ധ സംഭവവികാസങ്ങളും ഞാൻ കവർ ചെയ്യാൻ തുടങ്ങിയ 1986 മുതൽ തന്നെ പരമഹൻസിൽ ഈ “വെളിപ്പെടുത്തലുകളുടെ ധാര” ഞാൻ നിരീക്ഷിച്ചിരുന്നു. 2003 മദ്ധ്യം വരെ ഈ ശൈലി അദ്ദേഹം സ്ഥിരമായി സ്വീകരിച്ചുപോന്നു. 2003 ജൂലൈ 31 ന് നീണ്ട അസുഖത്തിനു ശേഷം അദ്ദേഹം മരിച്ചു. 1949 ഡിസംബർ 22-23 രാത്രിയിൽ രാം ലല്ലയുടെ വിഗ്രഹം ബാബറി മസ്ജിദിനുള്ളിൽ രഹസ്യമായി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ് താനെന്ന് എന്നോട്, ഒരു റിപ്പോർട്ടർ എന്ന നിലയിൽ, ആദ്യകാല ആശയവിനിമയങ്ങളിൽ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. അഭിരാം ദാസ്, രാം സകാൽ ദാസ്, സുദർശൻ ദാസ് തുടങ്ങിയ യോദ്ധാക്കളായ സന്യാസിമാർക്കൊപ്പമാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 1934-ൽ 21 വയസ്സുള്ളപ്പോൾ, ഹിന്ദു മേൽക്കോയ്മ ഉറപ്പിക്കാൻ വേണ്ടി ഒരു കൂട്ടം കലാപകാരികളെ അയോധ്യ-ഫൈസാബാദ് ഇരട്ട നഗരത്തിലെ പോലീസ് സ്റ്റേഷൻ കൊള്ളയടിക്കാൻ താൻ നയിച്ചതെങ്ങനെയെന്ന് അദ്ദേഹം എന്നോടും, മറ്റ് പത്രപത്രപ്രവർത്തകരുമായും നടത്തിയ നീണ്ട സംഭാഷണങ്ങളിൽ, ഇടയ്ക്കിടെ വിവരിക്കുമായിരുന്നു.
എട്ട് വർഷത്തിന് ശേഷം എന്നോടുള്ള മറ്റൊരു സംഭാഷണത്തിൽ, പരമഹൻസ് 1993 ഡിസംബറിൽ പറഞ്ഞ കാര്യങ്ങളിലേക്ക് തിരികെപ്പോയി. അന്ന് അദ്ദേഹം “കാം ജാരി ഹെ” (ജോലി തുടരുന്നു) എന്ന ആശയത്തെക്കുറിച്ച് പറഞ്ഞത് ഓർമ്മിപ്പിച്ചു. ആ സംഭാഷണത്തെക്കുറിച്ച് എന്നെ ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം അഹങ്കാരത്തോടെ ചോദിച്ചു, “ക്യാ ബോലാ ഥാ മേനേ! കാം ജാരി ഹേ നാ?!! “(ഞാൻ നിങ്ങളോട് അന്ന് എന്താണ് പറഞ്ഞത്, ജോലി തുടരുന്നത് കണ്ടില്ലേ?!!). 2002 മാർച്ചിൽ, നൂറുകണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കിയ ഭീകരമായ മുസ്ലീം വിരുദ്ധ വംശഹത്യയ്ക്ക്, കൂട്ടബലാത്സംഗങ്ങളും അംഗഭംഗം വരുത്തലും ഉൾപ്പെടെയുള്ള ഭയാനകമായ അക്രമപ്രവർത്തനങ്ങൾക്ക്, ഗുജറാത്ത് സാക്ഷ്യം വഹിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ ചോദ്യം. ആ അവസരത്തിൽ പരമഹൻസ് കൂടുതൽ വിശദീകരിച്ചു: “മതേതരത്വത്തിന്റെയും, ദളിതരുടെയും ഒബിസികളുടെയും ശാക്തീകരണത്തിന്റെയും, സാമൂഹിക നീതിയുടെയും സോഷ്യലിസത്തിന്റെയും പേരിൽ രാഷ്ട്രീയ എതിരാളികൾ ഒരുമിച്ചു നടത്തുന്ന എല്ലാ ചെറുത്തുനിൽപ്പുകളും ചേർന്നാലും, ഹിന്ദുത്വത്തിന്റെ ശക്തിക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവില്ല. ഗുജറാത്തും അയോധ്യയും, ഹിന്ദു രാഷ്ട്ര പദ്ധതിയുടെ പരീക്ഷണശാലകൾ എന്ന നിലയിൽ അത് തെളിയിച്ചിട്ടുണ്ട്, ഇനിയും തെളിയിക്കും.”
പൊങ്ങച്ചം നിറഞ്ഞ ഈ ആഖ്യാനങ്ങളിലെല്ലാം, ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു പ്രമേയം ഉണ്ടായിരുന്നു. “ഇന്ത്യയിൽ ദീർഘകാലമായി വേരാഴ്ത്തിയിട്ടുള്ള മതനിരപേക്ഷത, സാമൂഹ്യനീതി, സോഷ്യലിസം, കമ്മ്യൂണിസം തുടങ്ങിയ, ഹിന്ദുത്വയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും പ്രയോഗങ്ങളും” ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ ഹിന്ദു സമുദായങ്ങളുടെ ജനസംഖ്യാപരമായ ആധിപത്യം ആത്യന്തികമായി അയോധ്യയിലും, പിന്നീട് മുഴുവൻ രാജ്യത്തിന്റെ മേലും രാഷ്ട്രീയ നിയന്ത്രണം നേടുമെന്ന ഉറപ്പിച്ചുപറയലായിരുന്നു അത്. ബാബറി മസ്ജിദ് തകർത്ത് മൂന്ന് ദിവസത്തിന് ശേഷം 1992 ഡിസംബർ 9 ന്, ഈ ബോധ്യം ഉറപ്പിച്ചുകൊണ്ട് അദ്ദേഹം ഏറ്റവും അർത്ഥഗർഭമായ ഒരു പ്രസ്താവന നടത്തുന്നത് ഞാനുൾപ്പെടെ പല മാധ്യമപ്രവർത്തകരും നേരിട്ട് കണ്ടു. അയോധ്യയിലെ ദിഗംബർ അഖാഡയിലെ അദ്ദേഹത്തിന്റെ ആസ്ഥാനത്ത് ഉച്ചതിരിഞ്ഞ് ഒരു കൂട്ടം മാധ്യമപ്രവർത്തകർ അദ്ദേഹത്തെ കാണാൻ പോയപ്പോൾ അദ്ദേഹം തന്റെ ശിഷ്യന്മാരുമായി ബാഗ്-ബഖ്രി എന്ന പകിടകളി കളിക്കുകയായിരുന്നു. കളിയിൽ നിന്ന് തലയുയർത്തി മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ വാക്കുകൾ ഇങ്ങനെയായിരുന്നു: “ഇസ് ഖേൽ മേം ബക്രി ജീത് സക്തി ഹേ. ലേകിൻ അസ്ലി സൻസാർ മേ കർ സക്താ ഹെ ക്യാ?” (ആടിന് ഈ കളിയിൽ ജയിക്കാം, യഥാർത്ഥ ജീവിതത്തിൽ കഴിയുമോ?). പരമഹൻസ് ഹിന്ദുത്വ ആധിപത്യമെന്ന വീക്ഷണകോണിനെ പച്ചയായും, എന്നാൽ ആലങ്കാരികമായും പറഞ്ഞുറപ്പിക്കുകയായിരുന്നു.
ഫൈസാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുതിർന്ന പത്രപ്രവർത്തകരായ സി കെ മിശ്രയും സിംഗ്ദേവും പറയുന്നതനുസരിച്ച്, 1992 ആയപ്പോഴേക്കും അയോധ്യയിൽ ഭൗതികമായി അധിപത്യമുറപ്പിക്കുക എന്ന ഹിന്ദുത്വ പരീക്ഷണശാലയുടെ ലക്ഷ്യം ഏതാണ്ട് സമഗ്രമായി പൂർത്തിയായിരുന്നു. അവരുടെ അഭിപ്രായത്തിൽ, 1992 മധ്യത്തോടെ അയോധ്യ പട്ടണത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സംഘപരിവാറിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. അങ്ങനെയൊരു സന്ദർഭത്തിലാണ് 1993-ലെ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോട് പരമഹൻസ് “കാം ജാരി ഹേ” എന്ന് പ്രതികരിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ, 2003-ൽ അദ്ദേഹം അന്തരിക്കുന്നത് വരെ, പരമഹൻസ്, ഈ രൂപകത്തിലേക്കു തിരിച്ചുവന്നുകൊണ്ടിരുന്നു. അതുപോലെ തന്നെ, “യേ തോ സിർഫ് ഝൻകി ഹെ, അബ് കാശി, മഥുര, ബാക്കി ഹേ” (ഇത് കാഴ്ചയുടെ ഒരംശം മാത്രമാണ്, ഇനി കാശിയും മഥുരയും ബാക്കിയുണ്ട്) എന്ന മുദ്രാവാക്യത്തിലേക്കും. പള്ളി പൊളിച്ചു പിരിഞ്ഞുപോയ കർസേവകർ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും, അതിന്റെ ലക്ഷ്യമായ ഹിന്ദു രാഷ്ട്രത്തിന്റെയും സമ്പൂർണ്ണ പ്രത്യക്ഷീകരണമെന്ന നിലയിൽ ഉയർത്തിയ മുദ്രാവാക്യമായിരുന്നു അത്. അയോധ്യയിലെ പരീക്ഷണശാലയിൽ നടപ്പാക്കിയ അതേ പാതയിലൂടെയാണ് രാജ്യത്തെ വലിയ ഹിന്ദുത്വ രാഷ്ട്രീയ വേദിയുടെ മുന്നേറ്റവും നടക്കുകയെന്നും അദ്ദേഹം പലപ്പോഴും ഉറപ്പിച്ചു പറയുമായിരുന്നു.
ഒച്ചവെക്കുന്നയാളും, പൊങ്ങച്ചക്കാരനുമായ “യോദ്ധാവായ സന്യാസിയുടെ” പ്രവചനങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമായതായി തോന്നുന്നു; ഭരണഘടനാ സ്ഥാപനങ്ങൾ, സ്വതന്ത്രവും ജനാധിപത്യപരവുമായ പൊതുജീവിത സങ്കൽപ്പങ്ങൾ എന്നിവയുൾപ്പെടെ ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നിരവധി അടിസ്ഥാനശിലകൾ വിലയായി നൽകിക്കൊണ്ട്, അദ്ദേഹത്തിന്റെ മരണത്തിന് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ആയിരക്കണക്കിന് ആളുകളുടെ, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവരുടെ, ജീവനും സ്വത്തും വിലയായി കൊടുത്തുകൊണ്ട് ആ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാവുകയാണ്. ഈ പ്രക്രിയയിൽ ഭരണസ്ഥാപനങ്ങൾ, വിഭാഗീയ ഹിന്ദുത്വ പ്രചാരണത്തിന്റെ വാഹനങ്ങളായി മാറുന്ന കെട്ടുകാഴ്ചയാണ് കാണുന്നത്. ധർമ്മാചാര്യന്മാരല്ല, നരേന്ദ്ര മോദിയാണ് “പ്രാണ പ്രതിഷ്ഠ” നടത്തിയത് എന്ന വസ്തുത തന്നെ, സംഘപരിവാറിന്റെ വഞ്ചന-വിരുദ്ധോക്തി- വ്യാജ വാർത്താനിർമ്മിതി എന്ന മുക്കോൺ ‘വ’ തന്ത്രങ്ങളുടെ പ്രകടമായ പ്രതീകമാണ്.
“പ്രാണ പ്രതിഷ്ഠയും അതിന്റെ രാഷ്ട്രീയ പ്രാധാന്യവും” എന്ന മൂന്നാം ഭാഗം തുടർന്നു വായിക്കുക. ഉടൻ വരുന്നു.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.