A Unique Multilingual Media Platform

The AIDEM

Articles Culture Kerala Politics Society

സബാഷ് ഗവർണർ സബാഷ്

  • January 27, 2024
  • 1 min read
സബാഷ് ഗവർണർ സബാഷ്

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ തുടരുന്നു. ഒരു മിനുട്ടിൽ അവസാനിച്ച നയപ്രഖ്യാപനത്തിൻ്റെ കാണാ പൊരുളുകളും ബുദ്ധനെ വിഷ്ണു അവതാരമാക്കുന്നതിൻ്റെ രാഷ്ട്രീയ ധ്വനികളുമാണ് ഇക്കുറി ലേഖകൻ അന്വേഷിക്കുന്നത്.


കേരള ഗവർണർ അരിഫ് മുഹമ്മദ് ഖാന് ഇത്രയും ഔചിത്യമുണ്ടെന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല. വർഷാരംഭത്തിൽ ചേരുന്ന നിയമസഭകളിൽ ആദ്യ ദിവസം ഗവർണന്മാർ പങ്കെടുത്ത് നയപ്രഖ്യാപന പ്രസംഗം നടത്തി ജനഗണമന കേട്ട് തിരിച്ചുപോയി രാജഭവനത്തിൽ വിശ്രമിക്കണമെന്നതാണല്ലോ ഭരണഘടനാ നിബന്ധന. ഒരു വരി വായിച്ച് വായിച്ചതായി കണക്കാക്കണമെന്നും പറയാം, മന്ത്രിസഭയ്ക്ക് വേണ്ടി ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്നതത്രയും വായിച്ചു വായിച്ചു വായിച്ചങ്ങനെ ശ്വാസം മുട്ടുകയും ചെയ്യാം. 61 പേജിൽ 136 ഖണ്ഡികയാണിത്തവണ വായിക്കാനുണ്ടായിരുന്നത്. എന്റെ സർക്കാർ, എന്റെ സർക്കാർ എന്ന് മുട്ടിന് മുട്ടിന് ആവർത്തിച്ച് ആത്മപ്രശംസ ചെയ്യിക്കുയാണ് നയപ്രഖ്യാപനം എന്നാൽ അർഥം.

നയപ്രഖ്യാപന പ്രസംഗം നടത്തുന്ന ഗവർണ്ണർ

ഒന്നരയോ രണ്ടോ മണിക്കൂറെടുത്ത് ഈ ആത്മപ്രശംസ ഗവർണർ വായിച്ചെന്ന് കരുതുക. ഗവർണർ നാലോ അഞ്ചോ ഗ്ലാസ് വെള്ളം കുടിക്കേണ്ടിവരും. പിന്നീട് തങ്ങൾക്ക് സ്വന്തമായി വായിച്ചുനോക്കാൻ റെഡിയായി കയ്യിലെത്തുന്ന ആ പ്രസംഗം ഗവർണർ വായിക്കുന്നത് വൃഥാ കേട്ട് 140 എം.എൽ.എമാർ കോട്ടുവായിടണം. അത്രയും നേരം സഭയിലെ ലൈറ്റും എ.സിയും പ്രവർത്തിപ്പിക്കണം. സഭാ ടി.വി പ്രവർത്തിക്കണം. പാവം പത്രക്കാർ അത്രയും നേരം മുഴിഞ്ഞ് ഇരിക്കണം. കടുത്ത സാമ്പത്തിക ഞെരുക്കം (ദോഷം പറയരുതല്ലോ നയപ്രഖ്യാപനത്തിന്റെ മലയാളത്തിൽ പറയുന്നത് പണഞെരുക്കം എന്നാണ്) സഹിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന് ഗവർണർ ഒറ്റയടിക്ക് ലക്ഷക്കണക്കിന് രൂപയുടെ ലാഭമാണുണ്ടാക്കിക്കൊടുത്തത്. മന്ത്രിസഭയുമായി കടുത്ത വിരോധത്തിലായിരുന്നുവെങ്കിൽ എഴുതിക്കൊടുത്തത് മുഴുവൻ വായിച്ച് ചെലവ് അത്രയും കൂട്ടാമായിരുന്നല്ലോ.

ഗവർണർ പദവി പോലെതന്നെ ഒരു അസംബന്ധമായി മാറിയിട്ടുണ്ട് നയപ്രഖ്യാപന പ്രസംഗമെന്ന് ആരെങ്കിലും ആക്ഷേപിച്ചാൽ കുറ്റം പറയാനാവുമോ… സർക്കാർ നടത്താൻ പോകുന്ന വമ്പൻ പരിപാടികൾ, പദ്ധതികൾ എന്നിവ മുഖ്യമന്ത്രിയോ അതത് മന്ത്രിമാരോ പലതവണ വെളിപ്പെടുത്തി വാർത്ത വരുത്തിച്ചുകഴിഞ്ഞിരിക്കും. അതായത് ഗവർണറുടെ പ്രസംഗം എക്സ്ക്ലൂസീവാകാൻ സർക്കാർ തന്നെ വിടില്ല. എന്നാലും സാധാരണ ഗതിയിൽ ഗവർണർക്ക് മാത്രമാണ് നയപ്രഖ്യാപന പ്രസംഗത്തിൽ താല്പര്യവും ഹരവുമുണ്ടാകേണ്ടത്. മന്ത്രിസഭ നടത്തുന്ന ആത്മപ്രശംസ വായിച്ചു കൊടുത്താൽ ഒരു ദിവസം മുഴുവൻ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാം. മുമ്പൊക്കെയാണെങ്കിൽ ഗവർണന്മാർക്ക് അങ്ങനെ നിറഞ്ഞു നിൽക്കാൻ വേറെ അധികം അവസരമില്ല. സത്യപ്രതിജ്ഞ, ഭൂരിപക്ഷത്തിൽ സംശയം തുടങ്ങി എന്തെങ്കിലും വിശേഷമോ അത്യാപത്തോ വരുമ്പോഴാണ് രാജഭവനിൽ അനക്കമുണ്ടാവുക. അല്ലാത്തപ്പോൾ ഉണ്ടുറങ്ങലും തേച്ചുകുളിയും മറ്റും മറ്റും. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനങ്ങളിൽ ഗ്രൂപ്പിസത്തിന്റെ തൊന്തരവുണ്ടാക്കുന്നവർ, മുഖ്യമന്ത്രി സ്ഥാനത്തിന് വിലപേശുന്നവർ എന്നിങ്ങനെയുള്ള അതിവൃദ്ധ നേതാക്കളെ സുഖവാസത്തിനയക്കുന്നതിന് ഉപയോഗപ്പെടുത്തിയ പദവിയാണ്. മുഖ്യമന്ത്രി സ്ഥാനം കൊടുക്കാതിരിക്കാൻ പട്ടം താണുപിള്ളയെ ഗവർണറാക്കിക്കൊണ്ട് തുടങ്ങിയതാണ്. കെ.പി.സി.സി പ്രസിഡന്റായിരുന്ന പ്രൊഫ. കെ.എം ചാണ്ടിയെ ഗവർണറായി അയച്ചു. വക്കം പുരുഷോത്തമനെ ലെഫ്റ്റനന്റ് ഗവർണറാക്കി. യു.ഡി.എഫ് കൺവീനറായ കെ. ശങ്കരനാരായണനെ രണ്ടു തവണയാണ് ഗവർണറാക്കിയത്.

ഇടത് നിന്ന്: പട്ടം താണുപിള്ള, പ്രൊഫ. കെ.എം ചാണ്ടി, വക്കം പുരുഷോത്തമൻ, കെ. ശങ്കരനാരായണൻ

ആരിഫ് മുഹമ്മദ്ഖാനെ അക്കൂട്ടത്തിൽ കൂട്ടേണ്ട. വാർത്തയിൽ നിറഞ്ഞു നിൽക്കാൻ നയപ്രഖ്യാപനം നടത്തേണ്ടതൊന്നുമില്ല. മുഴുവൻ വായിക്കാതിരുന്നാലും വാർത്തയാണ്. അതാണ് കൂടുതൽ നിറഞ്ഞുനിൽക്കാൻ സഹായകം. വായിച്ചെന്നുവരുത്തിയാൽ മതിയെന്നതിനാൽ കോടതി ഇടപെടലൊന്നുമുണ്ടാവുകയുമില്ല. പോരാത്തതിന് രാഷ്ട്രീയത്തിലെ അഭിനയത്തിന് ഓസ്കാറുണ്ടെങ്കിൽ അതിനും സർവഥാ യോഗ്യനാണ്. പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോഴും ഗണേഷ്കുമറിനും കടന്നപ്പള്ളിക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത വേളയിലും ഇപ്പോൾ നയപ്രഖ്യാപനത്തിനെത്തി തിരിച്ചുപോകുമ്പോഴും ഉള്ള ഭാവാഭിനയം എത്ര മനോഹരം. മുഖമെന്താ അറന്നാഴിക്കലം പോലെയാക്കിയിരിക്കുന്നതെന്ന് പണ്ട് നാട്ടിൻപുറങ്ങളിൽ ചൊല്ലുണ്ട്. അതായത് ദേഷ്യം കാരണം മുഖം വീർപ്പിക്കുന്നതിനെപ്പറ്റി- ആറു നാഴി അരിയുടെ ചോറുവെക്കാവുന്ന കലം പോലെയെന്ന്…

നയപ്രഖ്യാപന പ്രസംഗം ഇംഗ്ലീഷിൽ തയ്യാറാക്കി ഗവർണർക്ക് കൊടുക്കുകയും അംഗീകാരം വാങ്ങി അച്ചടിപ്പിക്കുയുമാണല്ലോ. സഭയിൽ വിതരണം ചെയ്യുമ്പോൾ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രത്യേകം പുസ്തകമുണ്ടാകും. വകുപ്പ് സെക്രട്ടറിമാർ മന്ത്രിയുമായി സംസാരിച്ച് തയ്യാറാക്കിക്കൊടുക്കുന്ന കുറിപ്പുകൾ തുന്നി ക്കെട്ടിയാണ് നയപ്രഖ്യാപന പ്രസംഗമുണ്ടാക്കുന്നത്. അതിലെ പൊതുനയങ്ങളും രാഷ്ട്രീയവും ആമുഖവുമൊക്കെ മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്നു. പൊതുഭരണവകുപ്പിന്റെ ഉദ്യോഗസ്ഥത്തലവന്റെ നേതൃത്വത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്നു. എന്നാൽ എവിടെയും വേണ്ട എഡിറ്റിങ്ങ് നടക്കാത്തതിനാൽ അത് ആവർത്തനവിരസവും അരോചകവുമാകാനുള്ള സാധ്യതകൾ ഏറെയാണ്. ഓരോ കാര്യം പറയുമ്പോഴും എന്റെ സർക്കാർ എന്നാവർത്തിക്കുന്ന തമാശയെങ്കിലും ഒഴിവാക്കാൻ ബഹുമാനപ്പെട്ട സ്പീക്കർ അടുത്തതവണയെങ്കിലും നിർദേശിക്കുമെന്നാശിക്കാം. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയമാണ് ഇനി പ്രശ്നമാവുക. ഗവർണർക്ക് നന്ദി പറഞ്ഞുകൊണ്ട് ഡ്പ്യൂട്ടി സ്പീക്കർ ആദ്യം പ്രസംഗിക്കും. പിന്നെ ഇരുഭാഗവും മൂന്നുനാൾ നീണ്ടുനിൽക്കുന്ന മാരത്തൺ… സാധാരണഗതിയിൽ കേന്ദ്രത്തെ വിമർശിക്കുന്ന രാഷ്ട്രീയ പ്രസംഗമാണ് നയപ്രഖ്യാപനത്തിൽ ആദ്യ ഭാഗത്തുണ്ടാവുക. എന്നാൽ വിവാദവും പ്രതിസന്ധിയും വേണ്ടെന്നതിനാലാവണം ഗവർണർക്ക് വൃത്തിയായി വായിക്കാവുന്നത്ര പരിമിതമായ വിമർശമേ മന്ത്രിസഭ പ്രസംഗത്തിൽ ഉൾക്കൊള്ളിച്ചുള്ളു. പള്ളിപൊളിച്ചിടത്ത് ക്ഷേത്രം പണിത് രാഷ്ട്രീയമായി മുതലെടുപ്പ് നടത്തുന്ന ഫാസിസത്തെക്കുറിച്ചുപോലും പറഞ്ഞില്ല. അതെല്ലാം നന്ദിച്ചർച്ചയിൽ വന്നോളുമെന്നതിനാൽ സംയമനം പാലിക്കുകയായിരുന്നു സർക്കാർ എന്നുവേണം കരുതാൻ.

‘ഭരണഭാഷ മാതൃഭാഷ’ നടപടിയുമായി ബന്ധപ്പെട്ട സർക്കുലർ

നയപ്രഖ്യാപന പ്രസംഗത്തിന് മലയാളരൂപമുണ്ടെന്നു സൂചിപ്പിച്ചുവല്ലോ. ആ മലയാളം ഏതു മലയാളമാണ്, എവിടുത്തെ മലയാളമാണ് എന്നതിൽ ഒരു പരിശോധനയ്ക്ക് നിയമസഭയിൽ സ്പീക്കർ തന്നെ അവസരമൊരുക്കുന്നത് നന്നായിരിക്കും. ഭരണഭാഷ മലയാളമായി, ഉത്തരവുകളെല്ലാം മലയാളത്തിലായി, സർക്കാർ വക എഴുത്തുകുത്തുകളാകെ മലയാളത്തിലായി എന്നാണല്ലോ മുമ്പ് പ്രഖ്യാപിച്ചുകേട്ടത്. അപ്പോൾപ്പിന്നെ മലയാളത്തിൽ പ്രസംഗം തയ്യാറാക്കയശേഷം ഗവർണർക്ക് കൊടുക്കാൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയാണല്ലോ വേണ്ടത്.

നയപ്രഖ്യാപനത്തിലെ ഏതാനും ചില മലയാളങ്ങൾ ചുവടെ കൊടുക്കുന്നു…

ഖണ്ഡിക 06: പാർപ്പിടം, പൊതുവിതരണ സമ്പ്രദായം, സാമൂഹ്യസുരക്ഷാ പെൻഷൻ എന്നിവയിൽ ഉള്ള തുല്യതയും പരിചരണവും ദുർബല വിഭാഗങ്ങളായ ആദിവാസി വിഭാഗങ്ങൾ, വികാലംഗർ, പ്രായമായവർ, ഇവയിൽ സ്ത്രീകളുടെ പ്രത്യേക ആവശ്യങ്ങളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാർഗദർശകമായ ക്ഷേമ സംരംഭംങ്ങളുടെ ചരിത്രം ഉൾക്കൊള്ളുന്നതാണ് കേരള വികസന ചരിത്രം. ഈ ഖണ്ഡികയിലെ തുടർന്നുള്ള ഭാഗങ്ങളും വായിച്ചാൽ സാധാരണക്കാർക്ക് മനസ്സിലാവില്ല. ഭിന്നശേഷിക്കാർ എന്നാണ് പറയേണ്ടതെന്നിരിക്കെ വികലാംഗർ എന്നെഴുതിയിരിക്കുന്നു.

ഒമ്പതാം ഖണ്ഡിക ഇങ്ങനെ- കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ മുന്നേറ്റത്തിന് നിർണായക പങ്ക് വഹിച്ചിട്ടുള്ള ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീപക്ഷ മുന്നേറ്റവും ആഗോളതലത്തിലെ തന്നെ ഒരു ശ്രേഷ്ടമായ സ്ത്രീ ശാക്തീകരണ പ്രസ്ഥാനവുമായ കേരളത്തിന്റെ കുടുംബശ്രീ.

ഖണ്ഡിക 20: ചരിത്രപരമായ നിമിഷത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യ കപ്പലിനെ വരവേറ്റു….

ഖണ്ഡിക 22: നിരവധി വെല്ലുവിളികളുണ്ടായിരുന്നിട്ടും അവയെ അതിജീവിച്ച് എന്റെ സർക്കാർ അതിശയകരമായ നേട്ടങ്ങൾ കൈവരിച്ചു. ഇവയിൽ പരമപ്രധാനം സാമ്പത്തികകാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നിലനിൽക്കുന്ന അസമത്വത്തിൽ നിന്നും ഉദ്ഭവിച്ച പണഞെരുക്കമാണ്!

ഖണ്ഡിക 80: പുരോഗമനോന്മുഖമായ ഒരു നീക്കത്തിലൂടെ എന്റെ സർക്കാർ 26 ലക്ഷത്തിലധികം ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.

ഖണ്ഡിക 82: എന്റെ സർക്കാർ ടാക്സി, ക്യാബ്, ഓട്ടോ ഡ്രൈവർമാർക്ക് വേണ്ടിയുള്ള താങ്ങാനാവുന്ന ഹ്രസ്വകാല താമസസൗകര്യം നൽകുന്നതിന്…

ഖണ്ഡിക 85: എന്റെ സർക്കാർ മാർഗദർശകമായ ഒരു നീക്കത്തിലൂടെ….

ഖണ്ഡിക 99: എന്റെ സർക്കാർ വിഭവലഭ്യത കുറഞ്ഞുവരുന്നതും ഉയർന്ന ഉല്പാദനക്ഷമത ആവശ്യമായതുമായ ഈ കാലഘട്ടത്തിൽ സൂക്ഷ്മ ജലസേചനത്തിന് അങ്ങേയറ്റത്തെ പ്രാധാന്യം നൽകുന്നു.

ഖണ്ഡിക 108: എന്റെ സർക്കാർ ബഹു. സുപ്രിം കോടതിയി നിന്നും അനുകൂല വിധിന്യായം സമ്പാദിച്ച്, അതുവഴി എക്കോ സെൻസിറ്റീവ് സോണുകളിൽ (ബഫർ സോണുകൾ) നിന്നും വാസയോഗ്യമായ സ്ഥലങ്ങളെ ഒഴിവാക്കിയും നവകിരണം പദ്ധതിയിൻ കീഴിൽ 93.6 കോടി രൂപ നൽകി പട്ടികവർഗത്തിൽ ഉൾപ്പെടാത്ത 780 കുടുംബങ്ങളെ വനമേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചുകൊണ്ടും ഈ സോണുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന ആശങ്കകളെ വിജയകരമായി പരിഹരിച്ചു.

***

നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ അയോധ്യയിൽ കെട്ടിപ്പടുത്ത ക്ഷേത്രത്തിൽ മുഖ്യ യജമമാനനായ നരേന്ദ്ര മോദി പ്രതിഷ്ഠിച്ച രാം ലല്ലയിൽ ദശാവതാര സങ്കല്പംകൂടി അന്തർലീനമാണെന്നും ആ ദശാവതാരത്തിൽ എട്ടാമത്തെ അവതാരം ഗൗതമബുദ്ധനാണെന്നും വ്യക്തമാക്കിയിരിക്കുന്നു. എട്ടാമത്തെ അവതാരം ബലരാമനാണെന്നാണ് ഇതേവരെ കഥയും പ്രചാരണവും. വിഷ്ണുവിന്റെ ആദ്യ അവതാരങ്ങളെല്ലാം മനുഷ്യ രൂപത്തിലല്ല. മത്സ്യം, കൂർമം എന്നിങ്ങനെ പോയി അഞ്ചാമതെത്തുമ്പോഴാണ് ആദ്യമായി മനുഷ്യ രൂപത്തിൽ വരുന്നത്. നമ്മുടെ മഹാബലിയെ ചതിച്ച് ചവിട്ടിത്താഴ്ത്തിയ വാമനൻ. പിന്നെ പരശുരാമൻ, രാമൻ, ബലരാമൻ, കൃഷ്ണൻ, കൽക്കി എന്നിങ്ങനെ… അതിലാണ് ബലരാമനെ പൂർവകാല പ്രാബല്യത്തോടെ പിൻവലിച്ച് ബുദ്ധനെ ഉൾപ്പെടുത്തിയത്. ബുദ്ധനാണെങ്കിൽ ശരിക്കും ജീവിച്ച ആളാണ്.

കർപ്പൂരി താക്കൂർ/ Source: Facebook

അനുപമകൃപാനിധി അഖിലബാന്ധവൻ ശാക്യജിനദേവൻ ധർമരശ്മി ചൊരിയുംനാളിൽ എന്ന് ഒരു സന്ദർഭത്തിൽ കുമാരനാശാൻ വിശേഷിപ്പിക്കുന്ന ഗൗതമബുദ്ധൻ. പിൽക്കാലത്ത് ഹിന്ദുമതമായി വികസിച്ച ബ്രാഹ്മണ മതവുമായി ഒരു ബന്ധവുമില്ലാത്തതും, ബ്രാഹ്മണ മതം അസ്പൃശ്യരായി, തിരസ്കൃതരായി നിർത്തിയ കീഴാളരാണ് ബുദ്ധന്റെ അനുയായികളായത്. ദക്ഷിണേന്ത്യയിലടക്കം ഏറ്റവുമധികം സ്വാധീനമുണ്ടായിരുന്ന ആ മതത്തെ നാനാവിധേന അമർച്ച ചെയ്താണ് ബ്രാഹ്മണമതം അഥവാ പിൽക്കാല ഹിന്ദു മതം ആധിപത്യം നേടിയത്. ബുദ്ധ മതത്തെ ഇല്ലായ്മ ചെയ്ത് അതിന്റെ ആരാധനാലയങ്ങളെല്ലാം സ്വന്തമാക്കിയ പാരമ്പര്യമുള്ളവരാണ് പറയുന്നത് ബുദ്ധൻ വിഷ്ണുവിന്റെ അവതാരമാണെന്ന്. മുമ്പേതോ ചില കവികളും മറ്റും അങ്ങനെ ഭാവന ചെയ്തെന്നത് വേറെ കാര്യം. ക്ഷേത്രങ്ങളിൽ പ്രവേശനമില്ലാത്ത, ക്ഷേത്രങ്ങളുടെ മുമ്പിലൂടെ വഴി നടക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന അധസ്ഥിതരാണ് ബുദ്ധന്റെ അനുയായികളിലേറെയും. ബുദ്ധമതം വേണ്ട, ബുദ്ധ തത്വങ്ങൾ വേണ്ട പക്ഷേ ബുദ്ധനും ഞങ്ങളുടെ ആളാണെന്ന് പറയണം. തിരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കുന്നതു പോലെയാണ് അവതാരങ്ങളും കേന്ദ്ര ഭരണകക്ഷിക്ക്.

പ്രാണ പ്രതിഷ്ഠ ചടങ്ങിനായി നരേന്ദ്ര മോദി അയോധ്യയിൽ

ദശാവതാരത്തിൽ എട്ടാമനായിരുന്ന ബലരാമനെ പിരിച്ചുവിട്ട് പകരം ഗൗതമബുദ്ധനെ ചേർത്തതിന്റെ പിന്നിലെ അജണ്ട എന്താണെന്ന് അടുത്ത ദിവസംതന്നെ വ്യക്തമായി. 35 കൊല്ലം മുമ്പ് അന്തരിച്ച കർപ്പൂരി താക്കൂറിന് ഭാരത് രത്ന ബഹുമതി നൽക്കിക്കൊണ്ടാണ് പൂച്ച് പുറത്താക്കിയത്. പിന്നാക്ക ജാതിക്കാർക്ക് സംവരണത്തിനായി വലിയ പോരാട്ടം നടത്തിയ നേതാവാണ് ബിഹാർ മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി താക്കൂർ. വി.പി സിങ്ങ് ഭരിക്കുമ്പോൾ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ചത് കർപ്പൂരി താക്കൂർ ലൈനിന്റെ കൂടി വിജയമായിരുന്നു. കർപ്പൂരിയുടെ അനുയായികളാണ് ബിഹാർ ഭരിക്കുന്ന നിതീഷ്-തേജസ്വി യാദവ് പക്ഷ സോഷ്യലിസ്റ്റുകൾ. സ്ഥിരം ചാഞ്ചാട്ടക്കാരനായ നിതീഷ് ഇത്തവണയും കൂറുമാറി എൻ.ഡി.എയിലെത്തിയാലേ അവിടെ ജയിക്കാനുള്ള ശ്രമം പോലും സാധ്യമാകൂ. അവിടെയാണെങ്കിൽ ജാതി സർവേ നടത്തി വീണ്ടും പിന്നാക്ക വോട്ടിൽ ധ്രുവീകരണമുണ്ടാക്കാൻ നിതീഷിന്റെ പാർട്ടിയും ലാലു പ്രസാദിന്റെ പാർട്ടിയും ശ്രമിക്കുന്നു. അത് തകർക്കാൻ പുതിയ നമ്പർ. ബുദ്ധൻ ദശാവതാരത്തിന്റെ ഭാഗം. കർപ്പൂരി താക്കൂർ ഭാരത് രത്നം.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
അനന്തകൃഷ്ണൻ
അനന്തകൃഷ്ണൻ
10 months ago

അത്യുഞ്ജലം .. തുടർന്നും കസറുക പ്രിയ കെ ബി