A Unique Multilingual Media Platform

The AIDEM

Articles International Politics

സിറിയന്‍ സംഘര്‍ഷം; കാഴ്ചപ്പാടിന്റെ സങ്കീര്‍ണതകള്‍

സിറിയന്‍ സംഘര്‍ഷം; കാഴ്ചപ്പാടിന്റെ സങ്കീര്‍ണതകള്‍

മധ്യപൂര്‍വേഷ്യയിലെ മനുഷ്യര്‍ക്ക് സമാധാനജീവിതവും സുരക്ഷിതത്വവും സന്തോഷവും അടുത്തകാലത്തൊന്നും ഉണ്ടാവില്ല എന്നുറപ്പാവുന്ന രീതിയിലാണ് സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. ഹയാത്ത് തഹ്രിര്‍ അല്‍ ശാം (എച്ച് ടി എസ്) എന്ന സംഘടനയുടെ സായുധസേന, അലെപ്പോയില്‍ നിന്നാരംഭിച്ച് നിരവധി നഗരങ്ങളും പ്രദേശങ്ങളും കീഴടക്കിയതിനു ശേഷം സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ആധിപത്യം സ്ഥാപിച്ചതോടെ, പ്രസിഡണ്ട് ബഷാര്‍ അല്‍ അസദ് കുടുംബത്തോടൊന്നിച്ച് രാജ്യം വിടുകയും റഷ്യയില്‍ അഭയം തേടിയിരിക്കുകയുമാണ്. ഇറാഖിലെ സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം ഈ മേഖലയില്‍ അവശേഷിച്ചിരുന്ന ബാത്തിസ്റ്റുകളുടെ അവസാന ഭരണവും ഇതോടെ ഇല്ലാതായിരിക്കുന്നു.

ഇതു സംബന്ധമായ വിലയിരുത്തലുകളും സിറിയയുടെ ഭാവിയും മറ്റും വരും നാളുകളില്‍ പല മട്ടില്‍ ചര്‍ച്ച ചെയ്യപ്പെടും. ഇതിനെയെല്ലാം നിര്‍ണയിക്കുന്നത് പൊതുവേ അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യ ഭരണകൂടങ്ങളുടെ തീരുമാനങ്ങളും മറ്റുമാണ്. ഇസ്രായേലിന്റെയും തുര്‍ക്കിയുടെയും ഇടപെടലും സിറിയയിലെ പ്രശ്‌നത്തെ രൂക്ഷമാക്കുന്നുണ്ട്. ലെബനനിലെ പോരാളികളായ ഹിസ്ബുല്ലയുമായി ഇസ്രായേല്‍ വെടിനിര്‍ത്തലിലെത്തിയതിനു പിന്നാലെയാണ സിറിയയിലെ അട്ടിമറി എന്നത് ശ്രദ്ധേയമാണ്. അലെപ്പോയിലെ വിജയത്തിനു ശേഷം പതിനൊന്നു ദിവസം മാത്രമേ ഡമാസ്‌കസ് കീഴടക്കാന്‍ എച്ച്ടിഎസ്സിനു വേണ്ടി വന്നുള്ളൂ.

പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല, ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം, ഇതു സംബന്ധമായ വാര്‍ത്തകളും വിശകലനങ്ങളും ലഭ്യമാവുന്നത് പാശ്ചാത്യ മാധ്യമങ്ങള്‍ നിര്‍മ്മിക്കുന്നതും വ്യാഖ്യാനിക്കുന്നതുമായ കാഴ്ചപ്പാടുകളിലൂടെയാണ് എന്നതാണ് ഏറ്റവും നിര്‍ണായകമായ പ്രശ്‌നം. നമുക്ക് സ്വതന്ത്രവും വസ്തുനിഷ്ഠവും ആയ വിലയിരുത്തലിലെത്താന്‍ സാധിക്കാത്ത വിധത്തില്‍ വിവരങ്ങളും വിവരങ്ങളുടെ രൂപം ധരിച്ചെത്തുന്ന അര്‍ദ്ധ സത്യങ്ങളും അഭിപ്രായങ്ങളും എല്ലാം കൂടിക്കുഴഞ്ഞു കിടക്കുകയാണ്. സിറിയന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലങ്ങളും സങ്കീര്‍ണമായ ഉള്‍പ്പിരിവുകളും മനസ്സിലാക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളെ തന്നെയാണ് നാം ഏറെക്കൂറെ ആശ്രയിക്കുന്നത്. ഈ ഘട്ടത്തില്‍, നാം ഏതൊക്കെ വൈരുദ്ധ്യങ്ങളിലൂടെയും ചരിത്രങ്ങളിലൂടെയും ആണ് കടന്നു പോകുന്നത് എന്നൊന്ന് പ്രാഥമികമായി നോക്കുന്നത് നന്നായിരിക്കും.

അലെപ്പോ മുതല്‍ ഡമാസ്‌കസ് വരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍, സര്‍ക്കാര്‍ സേനയായ സിറിയന്‍ അറബ് ആര്‍മി(എസ്എസ്എ)യെ തുരത്തിയോടിച്ചുകൊണ്ട് എച്ച് ടി എസ് ആധിപത്യം സ്ഥാപിച്ച വാര്‍ത്തകളില്‍ പൊതുവെ കാണാത്ത ഒരു സംഗതി, സിറിയയുടെ ഏതാണ്ട് മുപ്പതു ശതമാനത്തോളം ഭൂപ്രദേശം കുര്‍ദ് സ്വയംഭരണ പ്രദേശമാണെന്ന യാഥാര്‍ത്ഥ്യമാണ്. വടക്കും കിഴക്കും സിറിയയില്‍ ഡെമോക്രാറ്റിക് ഓട്ടോണമസ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നോര്‍ത്ത് ആന്റ് ഈസ്റ്റ് സിറിയ (ഡിഎഎഎന്‍ഇഎസ്) എന്ന പ്രാദേശിക ഭരണകൂടമാണ് നിലനില്‍ക്കുന്നത്. റോജാവാ എന്നാണ് ഈ പ്രദേശത്തിന്റെ കുര്‍ദ് നാമം. അസദിന്റെ ബാത്തിസ്റ്റ് പാര്‍ടി അധികാരത്തിലുള്ളപ്പോഴും ഇപ്പോള്‍ എച്ച് ടി എസ് അധികാരത്തിലെത്തിയപ്പോഴും റോജാവായില്‍ കുര്‍ദ് ഭരണം തന്നെയാണ് ഉള്ളത്. വൈപിജി, വൈപിജെ എന്നീ പേരുകളിലുള്ള കുര്‍ദ് സേനകളാണ് ഇവിടെ സുരക്ഷാസംവിധാനം കൈയാളുന്നത്. അലെപ്പോയുടെ രണ്ട് പ്രാന്തപ്രദേശങ്ങളായ ശെയിഖ് മഖ്‌സൂദും അഷ്രാഫിയെയും ഇപ്പോഴും കുര്‍ദ് അധീനതയിലാണ്.

കുര്‍ദുകളുടെ ഭരണകൂടത്തെ അമേരിക്ക പിന്തുണയ്ക്കുന്നുണ്ട്. ഇടക്കാലത്ത് ഈ പിന്തുണ പിന്‍വലിക്കപ്പെട്ടിരുന്നെങ്കിലും, ഐ എസ്സിനെ നേരിടുന്നതിനെന്ന പേരില്‍ ഇപ്പോഴും കുര്‍ദുകളോടൊപ്പം ചേര്‍ന്ന് അമേരിക്കന്‍ സേന സിറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബെർലിനിലെ സിറിയക്കാർ ബാഷർ അൽ അസദിൻ്റെ ഭരണത്തിൻ്റെ പതനം ആഘോഷിക്കുന്നു

ഹയാത്ത് തഹ്രിര്‍ അല്‍ ശാം എന്ന സംഘടനയെ ബിബിസിയും സിഎന്‍ എന്നും ന്യൂയോര്‍ക്ക് ടൈംസും വിമതര്‍ (റെബല്‍സ്) അല്ലെങ്കില്‍ ഇസ്ലാമിസ്റ്റ് വിഭാഗം (ഫാക്ഷന്‍) എന്നാണ് വിളിക്കുന്നത്. ദ് ഗാര്‍ഡിയനും ലെ മൊണ്ടേയുമാകട്ടെ എച്ച് ടി എസിനെ ജിഹാദിസ്റ്റുകള്‍ എന്നു വിവരിക്കുന്നു. അമേരിക്കയും ഐക്യരാഷ്ട്രസഭയും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംഘടനയാണ് എച്ച് ടി എസ് എന്ന കാര്യം നാം വിസ്മരിക്കരുത്. തങ്ങളുടെ ആവശ്യമനുസരിച്ച് ഭീകരരെന്നും അല്ലെന്നും പലരെയും വിളിക്കുന്ന പ്രവണതയാണ് ഇവിടെയും തുടരുന്നത്.

അല്‍ഖ്വയിദയുടെ സിറിയന്‍ ശാഖയാണ് രൂപാന്തരം പ്രാപിച്ച് എച്ച് ടി എസ്സായി മാറിയിരിക്കുന്നത്. ഇദ്‌ലിബ് നഗരത്തില്‍ ആധിപത്യം ലഭിച്ചപ്പോള്‍ കൂടുതല്‍ ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ചെടുക്കുന്നതിനു വേണ്ടി തങ്ങളുടെ പേര് പരിഷ്‌ക്കരിച്ചവരാണിവര്‍. അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ അലെപ്പോ മുതല്‍ ഡമാസ്‌കസ് വരെ പിടിച്ചെടുക്കുമ്പോഴും പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അതെങ്ങനെയാണ് ഭീകരതയല്ലാതാവുന്നത് എന്നതാണ് അന്വേഷിക്കേണ്ടത്.

എച്ച്ടിഎസ്സ് അതിന്റെ പ്രവര്‍ത്തനരീതികളില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളെ അനുതാപത്തോടെ വിവരിക്കുകയാണ് ബിബിസി ചെയ്യുന്നത്. എന്നാല്‍, ഇദ്‌ലിബിലെ അവരുടെ ഭരണത്തിന്‍ കീഴില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും തടവിലിടലുകളും എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തലും ദ് ഗാര്‍ഡിയന്‍ തുറന്നു കാട്ടുന്നു. സി എന്‍ എന്‍ ആകട്ടെ അസദിന്റെ ഭരണത്തെ തുരത്തിയതിനാല്‍, എച്ച് ടി എസ് മിതവാദികളായി മാറിയതിനെ ഊന്നിപ്പറഞ്ഞുകൊണ്ടാണ് വാര്‍ത്തയെഴുതുന്നത്.

ഇതോടൊപ്പമാണ് സിറിയന്‍ നാഷനല്‍ ആര്‍മി (എസ്എന്‍എ) എന്ന ഇസ്ലാമിസ്റ്റ് സംഘടനയെക്കുറിച്ചുള്ള വിലയിരുത്തലുകളും വാര്‍ത്തകളും ശ്രദ്ധിക്കേണ്ടത്. തുര്‍ക്കിയുടെ പിന്തുണയോടെ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന എസ്എന്‍എയെ മിതവാദ പ്രതിപക്ഷം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിളിക്കുന്നത്. ഡെമോക്രസി നൗ, റോണാഹി എന്നീ സ്വതന്ത്ര പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് എസ്എന്‍എയുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള യുദ്ധക്കുറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. അതിര്‍ത്തി കടന്നു കൊണ്ട് തുര്‍ക്കിയുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ നടത്തിയെടുക്കുന്ന ഒരു സേനയായ എസ് എന്‍ എ, സിറിയയിലെ കുര്‍ദ് സ്വാധീനമേഖലകള്‍ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. തുര്‍ക്കിയും സിറിയയും അതിര്‍ത്തി പങ്കിടുന്ന കുറച്ചു പ്രദേശം ഇപ്പോഴും ഇവരുടെ നിയന്ത്രണത്തിലാണ്.

തുര്‍ക്കി ഇവിടെയടക്കം എടുക്കുന്ന നിലപാടുകളും സൈനിക ഇടപെടലുകളും, പാശ്ചാത്യ മാധ്യമങ്ങള്‍ വ്യത്യസ്ത രീതിയിലാണ് വിലയിരുത്തുന്നത്. ലെ മോണ്ടേ, എസ് എന്‍ എയ്ക്കും എച്ച്ടിഎസിനും തുര്‍ക്കി നല്കുന്ന പിന്തുണയും സഹായവും മറച്ചു വെക്കുന്നില്ല. എന്നാല്‍, ബിബിസി ഇക്കാര്യം വിശദീകരിക്കുന്നില്ല. സ്വതന്ത്ര സിറിയയുടെ പരമാധികാരത്തിനും റോജാവായിലെ കുര്‍ദ് സ്വയംഭരണത്തിനും തുര്‍ക്കിയുടെ കടന്നു കയറ്റങ്ങളും കാണുന്നതും കാണാത്തതുമായ പിന്തുണകളും സഹായങ്ങളും ഭീഷണിയാണെന്നതാണ് വാസ്തവം. അഫ്രിന്‍ എന്ന പ്രദേശത്തെ കുര്‍ദുകളുടെ ജീവിതം നിരന്തരമായ കടന്നുകയറ്റത്തിലൂടെ എസ്എന്‍എ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് കുര്‍ദുകള്‍ ഇവിടെ നിന്ന് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്.

നാറ്റോയില്‍ തുര്‍ക്കിയ്ക്കുള്ള നിര്‍ണായകമായ സ്ഥാനവും സ്വാധീനവും, പാശ്ചാത്യമാധ്യമങ്ങളുടെ വിലയിരുത്തലിനെ നിര്‍ണയിക്കുന്നുണ്ടെന്നതാണ് വാസ്തവം. റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തില്‍ ഉക്രൈനെ ആയുധങ്ങള്‍ കൊടുത്തുകൊണ്ട് പിന്തുണയ്ക്കുന്നത് നാറ്റോയാണ്. സിറിയയില്‍ റഷ്യ പിന്തുണയ്ക്കുന്ന അസദിന്റെ ഭരണകൂടത്തെ വീഴ്ത്തുന്നതില്‍ തുര്‍ക്കിയ്ക്കുള്ള താല്പര്യം ഇതില്‍ നിന്ന് ബോധ്യമാവും. നാറ്റോ അടിസ്ഥാനപരമായി അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നതിനാല്‍, തങ്ങള്‍ തന്നെ ഭീകരര്‍ എന്നും ഇസ്ലാമിസ്റ്റ് എന്നും വിളിക്കുന്ന എച്ച്ടിഎസിനോടുള്ള സമീപനം മയപ്പെടുത്തുന്നതിന് അമേരിക്ക തുനിയുന്നത് ഈ പശ്ചാത്തലത്തിലാണ്.

തുർക്കി പ്രസിഡൻ്റ് എർദോഗൻ്റെ ചിത്രവുമായി സിറിയൻ പ്രതിഷേധക്കാർ

ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തെ മതപരമായ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ലളിതവത്ക്കരിച്ച് വിശദീകരിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ ഇരട്ടത്താപ്പും ഇവിടെ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. ഇസ്ലാമിസ്റ്റ് ഭീകരരായ അല്‍ഖ്വയിദയും ഐഎസ്സും പേരുമാറ്റിയും രൂപം മാറ്റിയും സിറിയ അടക്കമുള്ള രാജ്യങ്ങളില്‍ അധികാരം പിടിക്കുമ്പോള്‍, അത് തുറന്നു കാണിക്കുന്നതിനു പകരം അവരെ പ്രത്യക്ഷമായും പരോക്ഷമായും വാഴ്ത്തുന്ന സമീപനം സ്വീകരിക്കുന്ന ഈ മാധ്യമങ്ങളുണ്ടാക്കുന്ന ആഖ്യാനങ്ങളില്‍ കുടുങ്ങിയാല്‍ വായനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും തിരിച്ചറിവുകളിലെത്താന്‍ സാധിക്കില്ല എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.


Source: Western Media shapes the narrative on Syria – Medyanews

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x