A Unique Multilingual Media Platform

The AIDEM

Articles Caste National Politics Society

ഹിന്ദുത്വത്തിന് വെല്ലുവിളിയാകുന്ന ജാതി സെൻസസ്

  • October 31, 2023
  • 1 min read
ഹിന്ദുത്വത്തിന് വെല്ലുവിളിയാകുന്ന ജാതി സെൻസസ്

ബി.ജെ.പിക്ക് വെല്ലുവിളിയും സാമൂഹ്യനീതി പ്രസ്ഥാനങ്ങൾക്ക് കരുത്തും പകരുന്നതാണ് ജാതി സെൻസസ്. അത് സാമൂഹ്യവും രാഷ്ട്രീയവുമായ ഹിന്ദുത്വത്തിനെതിരായ ജനകീയ ഐക്യത്തിന് പശ്ചാത്തലമൊരുക്കുന്നതുമാണ്. 2023 ഒക്ടോബർ 2-ന് ബീഹാർ സംസ്ഥാന സർക്കാർ പുറത്തുവിട്ട ജാതി സെൻസസ് റിപ്പോർട്ട് ഇന്ത്യയുടെ സാമൂഹ്യഘടനയെയും രാഷ്ട്രീയ വ്യവഹാരങ്ങളെയും നിർണയിക്കുന്നതിൽ ജാതിബന്ധങ്ങൾക്കുള്ള പങ്കിനെയും സ്വാധീനത്തെയുമാണ് പുറത്തുകൊണ്ടുവന്നത്. 1930-കളിൽ ബ്രിട്ടീഷ് സർക്കാരാണ് ജാതി സെൻസസ് നടത്തിയിട്ടുള്ളത്.

ബിഹാറിലെ ജില്ലകൾ

2011-ലെ സെൻസസ് കോളത്തിൽ ജാതി ഉണ്ടായിരുന്നുവെങ്കിലും അതനുസരിച്ചുള്ള സർവ്വേ വിവരങ്ങളൊന്നും സെൻസസ് റിപ്പോർട്ടിന്റെ ഭാഗമായി പുറത്തുവന്നിരുന്നില്ല. ബീഹാർ സർക്കാരിന്റെ ജാതി സെൻസസ് പ്രകാരം ജനസംഖ്യയിൽ 85 ശതമാനത്തോളം പിന്നോക്ക പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരാണ്. ബാക്കിവരുന്ന 15% ആണ് മേൽജാതികളെന്ന് പറയുന്നത്. ഇന്ത്യയുടെ നിർണ്ണായകമായ ഭരണനിർവ്വഹണ സംവിധാനങ്ങളിലെ താക്കോൽ സ്ഥാനങ്ങളിലെല്ലാം ഈ 15% വരുന്ന സവർണജാതിക്കാരാണ് മഹാഭൂരിപക്ഷവും. കണക്കുപറഞ്ഞാൽ 98 ശതമാനത്തോളം. ഭരണനിർവ്വഹണത്തിന്റെ താക്കോൽ സ്ഥാനങ്ങളിലിരിക്കുന്നത് ബ്രാഹ്മണ-ത്രൈവർണിക വിഭാഗത്തിൽപ്പെട്ടവരാണ്.

എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ജാതി സെൻസസിനെ ഭയപ്പെടുന്നതും അത് ജനങ്ങൾക്കിടയിൽ വിഭജനവും വിഘടനവും സൃഷ്ടിക്കാനുള്ള പ്രതിപക്ഷത്തിന്റെ-ഇന്ത്യ മുന്നണിയുടെ കുത്തിത്തിരിപ്പാണെന്നും ആക്ഷേപിക്കുന്നത്?

ഒരു സംശയവുമില്ല ഭൂരിപക്ഷതാവാദം രാഷ്ട്രീയതന്ത്രമായി പയറ്റിക്കൊണ്ടാണ് ജനാധിപത്യത്തിന്റെ വഴികളിലൂടെ സംഘ പരിവാർ ദേശീയാധികാരത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്നത്. ഭൂരിപക്ഷ ധ്രുവീകരണമുണ്ടാക്കാനുള്ള ന്യൂനപക്ഷവിരുദ്ധമായ വിദ്വേഷ രാഷ്ട്രീയ പ്രയോഗങ്ങളാണ് സംഘപരിവാറിന്റെ രാഷ്ട്രീയഅടവ് എന്നത്. ഭൂരിപക്ഷ മതധ്രുവീകരണം ലക്ഷ്യംവെച്ച് ഇസ്ലാമോഫോബിയ പടർത്തുകയെന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം.

ഈ രാഷ്ട്രീയ തന്ത്രത്തെയും ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹൈന്ദവതാ വാദത്തെയുമാണ് നിതീഷ്‌കുമാറും പ്രതിപക്ഷമുന്നണിയും ജാതി സെൻസസിനെ ദേശീയരാഷ്ട്രീയ അജണ്ടയിലേക്ക് കൊണ്ടുവന്ന് വെല്ലുവിളിച്ചിരിക്കുന്നത്. സനാതനധർമ്മങ്ങളെയും ഭൂതകാല മഹിമകളെയും സംബന്ധിച്ച വാചകമടികളിലൂടെ അവതരിപ്പിക്കപ്പെടുന്ന ഹിന്ദുത്വ യഥാർത്ഥത്തിൽ ജാതിഭീകരതയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ്. അത് ന്യൂനപക്ഷങ്ങളെ മാത്രമല്ല ഹിന്ദുതമതത്തിൽ ഉൾപ്പെടുന്നവരെന്ന് ഗണിക്കുന്ന മഹാഭൂരിപക്ഷം പിന്നോക്ക ദളിത് സമൂഹങ്ങളെയും രാജ്യമെമ്പാടും വേട്ടയാടുകയും വർണാശ്രമധർമ്മങ്ങളെ പുനരുജ്ജീവിപ്പിക്കുകയുമാണ് ചെയ്യുന്നത്.

അത് ഭരണഘടനയുടെ സംവരണതത്വങ്ങൾക്കും സാമൂഹ്യനീതിയുടെ ആദർശങ്ങൾക്കും വിരുദ്ധദിശയിൽ പ്രവർത്തിക്കുന്ന സവർണാധികാരത്തിന്റെ പ്രത്യയശാസ്ത്രമാണ്. നൂറ്റാണ്ടുകളായി ദളിതനെ അറിവിന്റെയും അധികാരത്തിന്റെയും മണ്ഡലങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കുന്ന വംശീയ മേധാവിത്വ പ്രത്യയശാസ്ത്രം കൂടിയാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയെന്നത്.

2001-ൽ ദർബനിൽ നടന്ന വംശീയതെക്കതിരായ യു.എൻ ഉച്ചകോടിയിൽ ജാതിയെ വംശീയതയായി കാണണമെന്നും വർണവിവേചനംപോലെ അതിനെ നിരോധിക്കണമെന്നുമുള്ള പ്രമേയം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് പങ്കെടുത്ത എൻജിഒ കൾ കൊണ്ടുവരികയുണ്ടായി. ഈ നീക്കത്തെ തടയാൻ സയണിസത്തെ വംശീയതായി കണ്ട് നിരോധിക്കണമെന്ന പ്രമേയത്തെ പരാജയപ്പെടുത്താൻ ഇന്ത്യ വോട്ടുചെയ്താൽ ജാതീയതക്കെതിരായ പ്രമേയത്തെ ഞങ്ങളും ചേർന്ന് പരാജയപ്പെടുത്താമെന്ന് യു.എസ് പ്രതിനിധികൾ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികൾ സയണിസത്തിനെതിരായി വോട്ടുചെയ്തില്ല. അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ജാതീയതക്കെതിരായ പ്രമേയത്തെ പരാജയപ്പെടുത്താൻ ഇന്ത്യയോടൊപ്പം വോട്ടുചെയ്യുകയും ചെയ്തു.

സ്വതന്ത്ര്യം കിട്ടി 75 വർഷ കഴിഞ്ഞിട്ടും വിദ്യാഭ്യാസ ഉദ്യോഗ പദവികളിലും അവസരങ്ങളിലും പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന യാഥാർത്ഥ്യത്തിൽ നിന്നാണ് ജാതി സെൻസസ് പ്രസക്തമാവുന്നത്. ഇന്ത്യയിൽ  ഉന്നതവിദ്യാഭ്യാസ രംഗത്ത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ഥാനം നാമമാത്രമാണ്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ദളിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും അടങ്ങുന്നവരുടെ എണ്ണം യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസരംഗത്ത് ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ വളരെ പരിമിതമാണെന്നുകാണാം. എന്നാൽ 12 ശതമാനത്തോളം വരുന്ന സവർണ ജാതിക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയുടെ 50 ശതമാനത്തിലേറെ കയ്യടക്കിവെച്ചിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.

തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർ

മോദി സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിലെ ഒരു കണക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസരംഗത്തെ പട്ടിവർഗ പ്രാതിനിധ്യം വെറും 4% മാത്രമായിരുന്നു. പട്ടികജാതി ജനസംഖ്യ 13.5% ആണ്. മറ്റ് പിന്നോക്ക ജാതികളുടേത് 35% ആണ്. ഹിന്ദുമതത്തിൽപ്പെട്ടവരാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ 85% ഉം കയ്യടക്കിവെക്കുന്നത് എന്ന് പറഞ്ഞാൽ ഹിന്ദു എന്ന് വിവക്ഷിക്കുന്ന മതത്തിലെ സവർണജാതിക്കാരാണ് എന്നാണ് മനസ്സിലാക്കേണ്ടത്. സെൻട്രൽ സെക്രട്ടറിയേറ്റ് മുതൽ ഇങ്ങ് വില്ലേജ് ഓഫീസ് വരെ നീണ്ടുനിൽക്കുന്ന ഭരണസംവിധാനങ്ങളിലെ ഉന്നതപദവികളിലെല്ലാം സവർണജാതിക്കാരാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ജാതി സെൻസസ് പ്രസക്തമാകുന്നത്. മനുവാദികളായ ആർ.എസ്.എസുകാർക്കും ബി.ജെ.പിക്കും ജാതി സെൻസസിനോടെതിർപ്പ് പ്രത്യയശാസ്ത്രബദ്ധമാണെന്നുകൂടി മനസ്സിലാക്കണം. വിശാലഹിന്ദുവിനുവേണ്ടിയുള്ള സോഷ്യൽ എഞ്ചിനീയറിംഗ് ഒക്കെ പയറ്റുന്നത് ന്യൂനപക്ഷങ്ങളെയെന്നപോലെ ദളിതരെയും പൗരന്മാരായി അംഗീകരിക്കാത്ത ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അടവുകൾ മാത്രമാണ്.

സവർക്കറുടെ ‘ഹിന്ദുത്വ’യും ഗോൾവാൾക്കറുടെ ‘വീ ഓർ ഔവർ നാഷണൽഹുഡ് ഡിഫൈൻഡും’ വിചാരധാരയുമെല്ലാം ദളിത് വിരുദ്ധമായ ചാതുർവർണ്യ പ്രത്യയശാസ്ത്രത്തെയാണ് പിൻപറ്റുന്നത്. ഹിന്ദുയിസം സവർണജാതി സമ്പ്രദായവുമായി ബന്ധപ്പെട്ട ഒരു കൊളോണിയൽ ബ്രാഹ്മണ്യപ്രത്യയശാസ്ത്രമാണെന്ന് സവർക്കർ മനസ്മൃതിയെ സ്തുതിച്ചുകൊണ്ട് ‘ഹിന്ദുത്വ’യിൽ വ്യക്തമായിതന്നെ എഴുതിയിട്ടുണ്ട്. മനുസ്മൃതിയെ വിശുദ്ധവും പവിത്രവുമായ ധർമ്മശാസ്ത്ര പ്രഘോഷണമായിട്ടാണ് സവർക്കർ കണ്ടിട്ടുള്ളത്. ശൂദ്രരെയും സ്ത്രീകളെയും നീചജന്മങ്ങളായി കാണുന്ന വർണാശ്രമ ധർമ്മങ്ങളെ ഹിന്ദുനിയമങ്ങളായിട്ടാണ് സവർക്കർ അത്യന്തം ആവേശത്തോടെ വ്യാഖ്യാനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായം നോക്കൂ;

‘വേദങ്ങൾ കഴിഞ്ഞാൽ നമ്മുടെ ഹിന്ദുരാഷ്ട്രത്തിന് ഏറ്റവും ആരാധ്യമായ മനുസ്മൃതി പ്രാചീനകാലംമുതൽ നമ്മുടെ സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും ചിന്തകളുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനമായി തീർന്നു. നൂറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തിന്റെ നടപടിക്രമമായി ഈ ഗ്രന്ഥം നിലനിന്നു. ഇന്നും കോടിക്കണക്കിന് ഹിന്ദുക്കൾ അവരുടെ ജീവിതത്തിലും പ്രയോഗങ്ങളിലും മനുസ്മൃതിയിൽ അധിഷ്ഠിതമായ നിയമങ്ങൾ പിന്തുടരുന്നു. ഇന്ന് മനുസ്മൃതി ഹിന്ദുനിയമമാണ്’ (വുമൺ ഇൻ മനുസ്മൃതി, ഇൻ സവർക്കർ സമാഗർ-കലക്ഷൻ ഓഫ് സവർക്കേർഴ്‌സ് റൈറ്റിംഗ്‌സ് ഇൻ ഹിന്ദി).

ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ നമ്മുടെ ഭരണഘടനക്ക് അന്തിമരൂപം നൽകുമ്പോൾ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ അത്യന്തം അസന്തുഷ്ടി പ്രകടിപ്പിക്കുകയും മനുസ്മൃതിയെ ആദരിക്കാത്ത ഭരണഘടനയെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് ഇങ്ങനെ എഴുതുകയും ചെയ്തു; ‘നമ്മുടെ ഭരണഘടനയിൽ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാവികാസത്തെക്കുറിച്ച് ഒരു പരാമർശവുമില്ല. സ്പാർട്ടയിലെ ലിക്കർഹസിനും പേർഷ്യയിലെ സോലോനും വളരെ മുമ്പാണ് മനുവിന്റെ നിയമങ്ങൾ എഴുതപ്പെട്ടത്. ഇന്നും ലോകത്തിന്റെ ആദരവ് ഉദ്ദീപിപ്പിക്കുന്ന മനുസ്മൃതി, സ്വതസിദ്ധമായി അനുസരണയും വിധേയത്വവും പിടിച്ചുപറ്റുന്നു. എന്നാൽ, നമ്മുടെ ഭരണഘടനാപണ്ഡിതന്മാർക്ക് അത് തികച്ചും നിരർത്ഥകമാണ്.’

ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങൾ

ചുരുക്കിപ്പറഞ്ഞാൽ ആർ.എസ്.എസ് മനുസ്മൃതിയുടെ തത്വങ്ങളെയും ചട്ടങ്ങളെയും ആധുനിക ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുകയും അതിനായി കിട്ടാവുന്ന അവസരങ്ങളെയെല്ലാം ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്താണ് മനുസ്മൃതി അനുശാസിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് സംഘപരിവാറിന്റെ ദളിത് വിരുദ്ധതയുടെ ആഴവും ഭീകരതയും മനസ്സിലാവുക. ചാതുർവർണ്യത്തിലെ ക്ഷത്രിയനും വൈശ്യനും ശൂദ്രനും അടങ്ങുന്ന ത്രൈവർണികർ യഥാക്രമം ബ്രഹ്മാവിന്റെ വായ, കരം, തുടകൾ എന്നിവയിൽ നിന്നും ഉത്ഭവിച്ചുവെന്നും അധമനായ ശൂദ്രൻ പാദങ്ങളിൽ നിന്ന് ഉത്ഭവിച്ചുവെന്നുമാണ് മനു എഴുതിവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ത്രൈവർണികരെ അതീവ വിനയത്തോടെ സേവിക്കുക മാത്രമാണ് വിരാട് പുരുഷൻ ശൂദ്രന് നിഷ്‌കർഷിച്ചിട്ടുള്ള ഏക ധർമ്മം.

ജീവിതം അവകാശപ്പെടാനോ അനുഭവിക്കാനോ ശൂദ്രന് മനുസ്മൃതി അനുവാദം നൽകുന്നില്ല. സവർണസേവമാത്രമാണ് അവന്റെ ഏകതൊഴിൽ. ദ്വിജനെ ആക്ഷേപിച്ചാൽ ശൂദ്രന്റെ നാവ് പിഴുതെടുക്കണം. ദ്വിജന്റെ ജാതിയോ പേരോ ധിക്കാരപൂർവ്വം പറയുന്ന ഏതൊരു ശൂദ്രന്റെയും തൊണ്ടയിൽ പത്തംഗുലം നീളമുള്ള പഴുപ്പിച്ച ഇരുമ്പാണി കുത്തിയിറക്കണം എന്നാണ് മനു ഉദാരപൂർവ്വം അനുശാസിച്ചത്! ബ്രാഹ്മണന്റെ ചുമതലകളെക്കുറിച്ച് ഏതെങ്കിലും ശൂദ്രൻ മിണ്ടിപ്പോയാൽ അവന്റെ വായിലും ചെവിയിലും തിളച്ച എണ്ണതന്നെ ഒഴിക്കണം. ഉയർന്നജാതിക്കാരനെ ക്ഷതപ്പെടുത്തുന്ന ഏത് പ്രവർത്തിക്കും അവയവം തന്നെ ഛേദിച്ചുകളയുന്ന ശിക്ഷയാണ് മനു കല്പിച്ചിട്ടുള്ളത്. മനുസ്മൃതി അനുശാസിക്കുന്ന ധർമ്മശാസ്ത്രമാണ് ഇന്ത്യയിൽ ജാതി അടിമത്വത്തെ ദൃഢീകരിച്ച് നിർത്തുന്നത്. അധസ്ഥിത വിരുദ്ധമായ ധർമ്മശാസ്ത്രസിദ്ധാന്തങ്ങളാണ് ആർ.എസ്.എസിന്റെ വീക്ഷണമെന്നതുകൊണ്ടാണ് ഇന്ത്യൻ ഗ്രാമങ്ങളിൽ നടക്കുന്ന ദളിത് വിരുദ്ധ ആക്രമണങ്ങളിൽ അവർ പ്രധാനപങ്കാളികളായി തീരുന്നത്.

ബ്രാഹ്മണ ജാത്യാധികാരത്തിന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയ അജണ്ടയുമാണ് മോദിയെ നയിക്കുന്നത്. അതായത് കോർപ്പറേറ്റ് മൂലധനവും ഈ ജാത്യാധികാരത്തിന്റേതായ പ്രത്യയശാസ്ത്രവുമാണ് ബി.ജെ.പിയുടെ രാഷ്ട്രീയത്തെ നിർണ്ണയിക്കുന്നത്. ഭൂരിപക്ഷാധിപത്യവും ന്യൂനപക്ഷദളിത് വേട്ടയുമാണ് അവരുടെ രാഷ്ട്രീയ അജണ്ടയായിരിക്കുന്നത്. ഇക്കാലയളവിനിടയിൽ ഇന്ത്യൻ ഭരണവർഗപാർട്ടികളിലെ ഒട്ടുമിക്ക ബ്രാഹ്മണ നേതാക്കളും ബി.ജെ.പിയിലേക്ക് ചേക്കേറി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടൊക്കെത്തന്നെയാണ് ഒരുപക്ഷെ കോൺഗ്രസിനിപ്പോൾ ജാതി സെൻസസിന് അനുകൂലമായൊരു നിലപാട് സ്വീകരിക്കാൻ കഴിഞ്ഞത്.

നരേന്ദ്രമോദി ഭരണത്തിനുകീഴിൽ ന്യൂനപക്ഷങ്ങളെപോലെ ദളിത് ജനസമൂഹങ്ങളും വേട്ടയാടപ്പെടുകയാണ്. നാഷണൽ ക്രൈം റിക്കാർഡ്‌സ് ബ്യൂറോ റിപ്പോർട്ടുകൾ രാജ്യമെമ്പാടും അഭൂതപൂർവ്വമായ തോതിൽ വർദ്ധിച്ചുവരുന്ന ദളിത് ജനസമൂഹങ്ങൾക്കെതിരായ അതിക്രമ സൂചനകൾ നൽകുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഹിന്ദുത്വത്തിനെതിരായ അവരുടെ വിശാല ഹൈന്ദവതയെ ലക്ഷ്യംവെച്ചുള്ള സോഷ്യൽ എഞ്ചിനീയറിംഗ് തന്ത്രങ്ങൾക്കെതിരായ രാഷ്ട്രീയ അജണ്ടയെന്ന നിലയിൽ ജാതിസെൻസസ് പ്രധാനമാകുന്നത്. അത് ചരിത്രപരമായി ഇന്ത്യൻ സമൂഹം അനുഭവിച്ചുപോരുന്ന അനീതികൾക്കും വിവേചനങ്ങൾക്കുമെതിരായ സാമൂഹ്യനീതിയുടേതായ ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരുന്നതുമാണ്.


Related Post:

About Author

കെ. ടി. കുഞ്ഞിക്കണ്ണൻ

സി.പി.ഐ.എം. നേതാവും കേളുവേട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടറുമാണ് കെ. ടി. കുഞ്ഞിക്കണ്ണൻ.