A Unique Multilingual Media Platform

The AIDEM

Articles Caste Minority Rights National Politics

ജാതി സെൻസസിനെ ആർക്കാണ് പേടി?

  • November 13, 2023
  • 1 min read
ജാതി സെൻസസിനെ ആർക്കാണ് പേടി?

ജാതി തിരിച്ചുള്ള സെൻസസിനെക്കുറിച്ചുള്ള ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ ശക്തി പ്രാപിക്കുന്നു. നിതീഷ് കുമാർ നേതൃത്വം കൊടുക്കുന്ന ബീഹാർ സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ട സെൻസസ് റിപ്പോർട്ട് ജാതി അടിസ്ഥാനമായ സെൻസസ് ദേശീയ തലത്തിൽ നടത്തേണ്ടതിന്റെ ആവശ്യകതയെ കൂടുതൽ ബോധ്യപ്പെടുത്തുന്നു. രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയായ “ഇന്ത്യ” സഖ്യം അതിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായി ജാതി സെൻസസിനെ ഉയർത്തിക്കാട്ടുന്നു. ബീഹാർ സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പിന്നോക്ക, അതി പിന്നോക്ക സമുദായങ്ങൾ മൊത്തം ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം വരും. ആദിവാസികൾ ഉൾപ്പടെയുള്ള ദളിത് സമൂഹത്തിനെക്കൂടി കൂട്ടുമ്പോൾ സംസ്ഥാനത്തെ ജനസംഖ്യയുടെ എൺപത്തിനാല് ശതമാനാമാകും. ബാക്കി വരുന്ന പതിനാറു ശതമാനം മാത്രമാണ് ബ്രാഹ്മണരുൾപ്പെടെയുള്ള മുന്നാക്ക സമുദായങ്ങൾ രാജ്യത്തെ ഓരോ ജാതി ജന വിഭാഗങ്ങളുടെയും സാമൂഹികവും സാമ്പത്തികവുമായ കൃത്യമായ കണക്കുകൾ പരിഗണിച്ചായിരിക്കണം പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള സർക്കാർ നയങ്ങൾ രൂപീകരിക്കപ്പെടേണ്ടത്. എന്നാൽ 1931 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഇന്നും സർക്കാർ നയങ്ങൾ നടപ്പിലാക്കുന്നത് . രാജ്യത്ത് ഇന്ന് മുൻ കാലങ്ങളെ അപേക്ഷിച്ച് പ്രകടമായ സാമ്പത്തിക അസന്തുലിതാവസ്ഥ നിലനിൽക്കുന്നു. 2020 ൽ ഓക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 10% മൊത്തം സമ്പത്തിന്റെ 74.3% വും മധ്യ നിരയിലെ 40% പേർ 22.9%വും കയ്യടക്കി വെക്കുമ്പോൾ താഴെ തട്ടിലെ 50% ജനങ്ങൾക്ക് മൊത്തം ലഭിക്കുന്നത് സമ്പത്തിന്റെ 2.8% മാത്രമാണ്. ഇത്തരം അസന്തുലിതാവസ്ഥകൾ പരിഹരിക്കുന്നതിനുവേണ്ട നടപടികൾ കൈക്കൊള്ളുന്നതിനും ജാതി സെൻസസ് അത്യാവശ്യമാകുന്നു.

1931ലാണ് ആദ്യമായി ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് രാജ്യത്ത് നടപ്പിലാക്കിയത്. അത് പ്രകാരം ഓ.ബി.സി വിഭാഗക്കാരുടെ എണ്ണം 52% ആയി കണക്കാക്കപ്പെട്ടിരുന്നു. പിന്നീട് മണ്ഡൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലും ഓ.ബി.സി വിഭാഗങ്ങളുടെ എണ്ണം 52% ആയി തന്നെ രേഖപ്പെടുത്തുകയാണുണ്ടായത്. ഈ കണക്കുകളുടെ കൃത്യതയെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ പല ഘട്ടങ്ങളിലും ഉയർന്നിരുന്നു. ദളിത് വിഭാഗങ്ങളിൽപെട്ട ജന വിഭാഗങ്ങളുടെ രേഖകൾ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരുന്നെങ്കിലും ഒബിസി വിഭാഗങ്ങളുടെ വ്യക്തമായ കണക്കുകൾ രേഖപ്പെടുത്തിയിരുന്നില്ല. ഈ പോരായ്മ സർക്കാർ നടപ്പിലാക്കിവരുന്ന സംവരണം അടക്കമുള്ള ക്ഷേമ പദ്ധതികളിലും പ്രതിഫലിക്കുന്നുണ്ട്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നിർദ്ദേശിച്ച ഒബിസി സംവരണം ഇരുപത്തേഴു ശതമാനമാണ. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് പ്രകാരം “കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ ഡിപ്പാർട്മെന്റുകളിൽ 90 സെക്രെട്ടറിമാരിൽ 3 പേർ മാത്രമാണ് ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവർ”. 2009ൽ രാജ്യത്തെ മൊത്തം പോലീസ് സേനയിൽ ഒബിസി പ്രാധിനിധ്യം 13.08 ശതമാനം മാത്രമാണ്. മറ്റു മേഖലകളിലും സ്ഥിതി മറിച്ചല്ല. സംവരണം നിലനിൽക്കുന്ന സർക്കാർ മേഖലയിൽ സ്ഥിതി ഇതാണെങ്കിൽ സ്വകാര്യ മേഖലയിലെ ഒബിസി/ദളിത് പങ്കാളിത്തം ഇതിനേക്കാൾ പരിതാപകരമാണ്.

1989 ലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ മണ്ഡൽ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് VP സിംഗ് വാഗ്ദാനം ചെയ്യുന്നു

മണ്ഡൽ കമ്മീഷൻ റിപ്പോർട് രാജ്യത്ത് പ്രത്യേകിച്ചും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. പിന്നോക്ക/ ദളിത് മുന്നേറ്റങ്ങൾക്കും അതുവഴി രാഷ്ട്രീയ അധികാരം കയ്യാളുന്നതിനുമുള്ള സാഹചര്യമൊരുങ്ങി. ഉത്തർ പ്രദേശിൽ സമാജ്‌വാദി പാർട്ടിയും ബിഹാറിൽ രാഷ്ട്രീയ ജനതാദളും നേതൃത്വം കൊടുത്ത സർക്കാരുകൾ നിലവിൽ വന്നത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെത്തുടർന്ന് പിന്നോക്ക സമുദായങ്ങളിൽ ഉടലെടുത്ത പുതിയ അവബോധവും നിലപാടുകളും മൂലമാണ്. ഈ പുതിയ അവബോധത്തെയും നിലപാടുകളെയും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ നേതൃത്വം കൊടുക്കുവാൻ ഈ സംസ്ഥാനങ്ങളിൽ പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ള ശക്തരായ നേതാക്കൾ ഉണ്ടായിരുന്നു. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവും ബീഹാറിൽ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഈ നിലയിൽ സുപ്രധാന പങ്കാണ് വഹിച്ചത്. പിന്നോക്ക സമുദായങ്ങളായ യാദവ്-മുസ്ലിം കൂട്ടായ്മ അതുവരെ നിലവിലിരുന്ന രാഷ്ട്രീയ സമവാക്യങ്ങളെ കീഴ്മേൽ മറിച്ചു. ഇത് ഈ സംസ്ഥാനങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ മേധാവിത്തം അവസാനിക്കുന്നതിനും ഇടയാക്കി. സാമൂഹ്യ സമത്വം അടിസ്ഥാനമാക്കിയ സോഷ്യലിസ്റ്റ് പ്രസ്ഥാനമായിരുന്നു ഈ നേതാക്കളുടെ ആശയാടിത്തറ. അടിയന്തരാവസ്ഥകാലത്തെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന സമര മുന്നേറ്റങ്ങളിൽ നേതൃപരമായ സജീവ പങ്കാളിത്തം ഈ നേതാക്കൾ വഹിച്ചിരുന്നു.

ജയപ്രകാശ് നാരായൺ

പിന്നോക്ക സമുദായങ്ങളുടെ പ്രത്യേകിച്ചും ഒബിസി വിഭാഗങ്ങളുടെ പിന്തുണ ഉറപ്പു വരുത്താൻ കൂടി ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി  തന്നെ പിന്നോക്ക സമുദായ കാർഡ് പ്രചാരണായുധമാക്കിയത്. വർഗീയതക്കൊപ്പം ബി.ജെ.പി തന്ത്രപരമായി ഒബിസിയിലെ അതി പിന്നോക്കക്കാരായവരെയും മറ്റു സമുദായങ്ങളെയും വിശാല ഹിന്ദുത്വ ബ്രാൻഡിൽ സമന്വയിപ്പിച്ചാണ് ശക്തമായ ഒരു രാഷ്ട്രീയ ബദൽ സാധ്യമാക്കിയത്, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ. എന്നാൽ ബീഹാറിൽ അതി പിന്നോക്കക്കാരെ തുടക്കത്തിലേ ചേർത്തുപിടിക്കുന്നതിൽ നിതീഷ് കുമാറിന്റെ ജെഡിയു വിജയിച്ചിരുന്നു.

മുലായം സിംഗ് യാദവ്, നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ്

ഈ പശ്ചാത്തലത്തിൽ നിന്ന് വേണം ജാതി സെൻസസിനെ കുറിച്ചുള്ള ചർച്ചകളെ പരിശോധിക്കാൻ. 2019 പൊതു തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി ജാതി സെൻസസിനെ അനുകൂലിച്ച് നിലപാടെടുത്തിരുന്നു. എന്നാൽ മഹാരാഷ്ട്ര സർക്കാർ കോടതിയിൽ 2021 ൽ നടക്കാനിരുന്ന സെൻസസിൽ ജാതി തിരിച്ചുള്ള വിവരങ്ങളും രേഖപ്പെടുത്താൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന അപേക്ഷയിൽ അതിനെതിരായ നിലപാടാണ് കേന്ദ്ര സർക്കാർ കോടതിയിൽ എടുത്തത്. അന്നത്തെ ബീഹാർ മുഖ്യമന്ത്രി ആയിരുന്ന നിതീഷ് കുമാറും സഖ്യ കക്ഷിയായ ബി.ജെ.പി ബീഹാർ യൂണിറ്റും ഈ ആവശ്യത്തെ പിന്തുണച്ച് കേന്ദ്ര ഭരണകൂടത്തെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര ബി.ജെ.പി നേതൃത്വം തയ്യാറായില്ല.

പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ

ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് നിലനിൽക്കുന്ന ജാതി സമവാക്യങ്ങളിൽ കാതലായ മാറ്റത്തിനിടയാക്കുമെന്നും അത് തങ്ങളുടെ വിശാല ഹിന്ദുത്വ വർഗീയ നിലപാടുകൾക്ക് തിരിച്ചടി ആകുമെന്നും ബിജെപി ആശങ്കപ്പെടുന്നുണ്ട്.  യുപിയിൽ അഖിലേഷ് യാദവ്, ബീഹാറിൽ നിതീഷ്‌കുമാർ, ആർ.ജെ.ഡിയുടെ തേജസ്വി യാദവ്, മഹാരാഷ്ട്രയിൽ ശരദ് പവാർ, കർണാടകത്തിൽ സിദ്ധരാമയ്യ തമിഴ് നാട്ടിൽ സ്റ്റാലിൻ തുടങ്ങിയ ശക്തരും ജന പിന്തുണ ഉള്ളവരുമായ പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ള നേതാക്കൾ ജാതി സെൻസസിന് ശേഷമുള്ള രാഷ്ട്രീയത്തിൽ പ്രതിപക്ഷ കൂട്ടായ്മയായ “ഇന്ത്യ” ബ്ലോക്കിന് നിർണായകമായ സ്വാധീനം ഉണ്ടാക്കിയെടുക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ഈ ആവശ്യം ശക്തമായി ഉയർന്നു വന്നാൽ ബിജെപിക്ക് അതി വർഗീയത ഉയർത്തി മാത്രം തിരഞ്ഞെടുപ്പ് ജയിക്കാൻ കഴിയണമെന്നില്ല.


Related Post:


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

ഹാൻസൻ ടി കെ

ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ച 'പബ്ലിക് അജണ്ട' മാസികയുടെ ഓപ്പറേഷൻസ് മാനേജരായും, ഡി.വൈ.എഫ്.ഐ. സെൻട്രൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയും പ്രവർത്തിച്ചു. ഇപ്പോൾ ദി ഐഡം മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആണ്.