A Unique Multilingual Media Platform

The AIDEM

Articles Politics

അത്യാഹിതങ്ങളുടെ ദശകം പുതിയ ദിശാമാറ്റങ്ങളുടെയും

  • January 11, 2023
  • 1 min read
അത്യാഹിതങ്ങളുടെ ദശകം  പുതിയ ദിശാമാറ്റങ്ങളുടെയും

ആസാദിയുടെ ഏഴര ദശകത്തിൽ ഇന്ത്യ അനുഭവിച്ച കൊടുക്കൽ വാങ്ങലുകൾക്കു  സമാനമായ രീതിയിൽ കുഴഞ്ഞുമറിഞ്ഞതും അസ്ഥിരവുമായ ഒരു പ്രയാണമാണ് ഈ പരമ്പരക്കും ഉണ്ടായിട്ടുള്ളത്. ആഗസ്തിൽ തുടങ്ങുമ്പോൾ  ആഴ്ചതോറും ഈ പരമ്പരയുടെ ഒരദ്ധ്യായം പ്രസിദ്ധീകരിക്കാനാവും എന്നാണ് കരുതിയത്.  സ്വതന്ത്ര്യ ഇന്ത്യയുടെ ഓരോ ദശകത്തിലും ഉണ്ടായ സംഭവവികാസങ്ങളെ പറ്റി സമഗ്രമായി പഠിച്ചു അവയിൽ നിന്ന് പ്രധാനപെട്ട രാഷ്ട്രീയ സാമൂഹിക ധാരകളെ പറ്റി വിശാലമായ പരിപ്രേക്ഷ്യമുണ്ടാക്കി വായനക്കാർക്കുമുമ്പിൽ അവതരിപ്പിക്കുന്ന പരിപാടി പക്ഷെ ശ്രമകരമായിരുന്നു.  അതുകൊണ്ടു “ഏഴര” പിന്നീട് പാക്ഷികമായും  മാസികമായും മാറി. ഈ പരമ്പര സൂക്ഷ്‌മമായി  ശ്രദ്ധിച്ചിരുന്ന കുറച്ചു വായനക്കാരെങ്കിലുമുണ്ട് എന്നറിയാം. പ്രധാനമായും അവർക്ക് വേണ്ടിയാണ് ഈ ക്ഷമാപണക്കുറിപ്പ്.  ഏഴര വീണ്ടും മുന്നോട്ട്  പോവുകയാണ്, ആസാദിയുടെ കൊടുക്കൽ വാങ്ങലുകളെ  പ്രതിഫലിപ്പിച്ചു കൊണ്ട് തന്നെ

 ആസാദിയുടെ അഞ്ചാം ദശകത്തിലേക്കുള്ള യാത്ര കലുഷിതമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഏഴരയുടെ കഴിഞ്ഞ ലക്കം അവസാനിച്ചത്. ബഹുമുഖമായ വിഭാഗീയതകൾ, തീവ്രവാദ പ്രവണതകൾ, ജനജീവിതത്തെ പാടെ മാറ്റിമറിച്ച വലിയ സാമൂഹികരാഷ്ട്രീയ അത്യാഹിതങ്ങൾ, അഴിമതി ആരോപണങ്ങളിൽ ആടിയുലഞ്ഞ സർക്കാരുകൾ, അസ്ഥിരമായ സമ്പദ് വ്യവസ്ഥയും അതിന്റെ വെല്ലുവിളികളെ മറികടക്കാനെന്ന പേരിലുള്ള കടുത്ത ഉദാരവൽക്കരണ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും, ഇവയെല്ലാം ഈ ദശകത്തിന്റെ മുഖമുദ്രയായി. ഈ സംഭവങ്ങളിൽ പലതും ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക അന്തരീക്ഷത്തെ വിധ്വംസകതയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടു.

 വളരെ സാരവത്തായ രണ്ടു അടിസ്ഥാന ദിശാമാറ്റങ്ങളും (Paradigm Shifts) നടന്നത് ദശകത്തിൽ തന്നെയാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള വിശ്വനാഥ് പ്രതാപ് സിംഗ് സർക്കാറിന്റെ  തീരുമാനത്തിലൂടെ 1989 മുതൽ വളർന്നു വന്ന പിന്നോക്കജാതിദളിത് ശാക്തീകരണമായിരുന്നു അതിലൊന്ന്. ദീർഘകാലത്തെ ആസൂത്രണത്തിലൂടെയും വിവിധങ്ങളായ രാഷ്ട്രീയസാമൂഹികസാംസ്കാരിക പദ്ധതികളിലൂടെയും സംഘടിതമായി  വളർത്തിയെടുത്ത ഹിന്ദുത്വ അധീശത്വ പ്രത്യയശാസ്ത്രത്തിന്റെ വേരോട്ടവും വളർച്ചയുമായിരുന്നു രണ്ടാമത്തേത്. ഇവ രണ്ടിനും ഒപ്പം ഇന്ത്യയിൽ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ നടപ്പാക്കപ്പെട്ടതും ദശകം രാഷ്ട്രത്തിനു നൽകിയ  നിർണായകമായകൊടുക്കലായിരുന്നു “.

അനിശ്ചിതത്വം  നിറഞ്ഞാടിയ ഒരു രാഷ്ട്രീയസാമൂഹിക കാലാവസ്ഥ തന്നെയാണ് ഈ ദശകത്തിൽ കണ്ടത്. ഈ രാഷ്ട്രീയസാമൂഹിക കാലാവസ്ഥയുടെ പ്രതിബിംബം തന്നെ ആയി മാറി രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പദവും. 1987 നും 1997 നും ഇടയിൽ ഏഴു പ്രധാനമന്ത്രിമാരാണ് ഇന്ത്യയ്ക്കുണ്ടായത്. ഇത്രയേറെ കാര്യങ്ങൾ അക്ഷാരാർത്ഥത്തിൽ മാറി മറിഞ്ഞ ദശകത്തിന്റെ കഥനവും വിലയിരുത്തലും ഒരു അധ്യായത്തിൽ ഒതുക്കാവുന്നതല്ല. അതിനാൽ ഇതിന്റെ ആദ്യത്തെ നാല് വർഷങ്ങൾ അധ്യായത്തിലും അതിനു ശേഷമുള്ള വർഷങ്ങൾ തുടർ അധ്യായങ്ങളിലും പരിഗണിക്കാം

ദശകം തുടങ്ങുമ്പോൾ രാജീവ് ഗാന്ധി ആയിരുന്നു പ്രധാനമന്ത്രി. അഴിമതി ആരോപണങ്ങളിൽ ആടിയുലഞ്ഞ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള  മന്ത്രിസഭ 1989ലെ തിരഞ്ഞെടുപ്പിൽ തോറ്റ്   വിശ്വനാഥ് പ്രതാപ് സിംഗിന്റെ  നേതൃത്വത്തിൽ ഉള്ള ജനതാദൾ മന്ത്രിസഭയ്ക്ക് വഴിമാറി. ബി. ജെ. പി.യും ഇടതുപക്ഷവും പുറത്ത് നിന്ന് പിന്തുണച്ച ന്യൂനപക്ഷ  മന്ത്രിസഭ കഷ്ടിച്ച് 11 മാസമേ നിലനിന്നുള്ളൂ. പിന്നീട്, അതേ ലോകസഭയിലെ കക്ഷിനിലയുടെ അടിസ്ഥാനത്തിൽ,  കോൺഗ്രസ്സ് പിന്തുണയോടെ ചന്ദ്രശേഖർ പ്രധാനമന്ത്രിയായി. സർക്കാരും നില നിന്നില്ല.

അങ്ങനെ 1989 ലെ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടു വർഷത്തിനകം, 1991 വീണ്ടും തിരഞ്ഞെടുപ്പ് വന്നു. അപ്പോഴും തൂക്കു ലോകസഭ തന്നെയാണ് നിലവിൽ വന്നത്. പക്ഷെ, അപ്പോൾ, മറ്റു പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ അധികാരത്തിൽ വന്ന പി. വി. നരസിംറാവു നയിച്ച കോൺഗ്രസ്സ് മന്ത്രിസഭ അഞ്ചു വർഷവും നിലനിന്നു. 1996 അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ വീണ്ടും തൂക്കുലോകസഭ. 1996നും 1997നും ഇടയിൽ മൂന്നു പ്രധാനമന്ത്രിമാർ അധികാരം ഏൽക്കുന്ന കാഴ്ചയും ഇന്ത്യ കണ്ടു. 1996 മെയ് മാസം ആദ്യം വന്നത്  13 ദിവസം മാത്രം നീണ്ടുനിന്ന അടൽ ബിഹാരി വാജ്പേയ് സർക്കാർ. 1996 ജൂൺ ഒന്നാം തീയതി അത് ദേവഗൗഡയുടെ  നേതൃത്വത്തിലുള്ള മതനിരപേക്ഷ ഐക്യമുന്നണി സർക്കാരിന് വഴി മാറി. ദേവഗൗഡയും  കഷ്ടിച്ച് 10 മാസമേ പ്രധാനമന്ത്രി പദത്തിൽ ഇരുന്നുള്ളൂ. 1997 ഏപ്രിലിൽ,  നേരത്തെ ഉണ്ടായിരുന്ന മതനിരപേക്ഷ മുന്നണിയുടെ ഭാഗമായി ഇന്ദർ കുമാർ ഗുജ്റാൾ പ്രധാനമന്ത്രിയായി.

 

ഐ കെ ഗുജറാൾ

അഞ്ചാം ദശകത്തിന്റെ ആദ്യ വർഷത്തിൽ ഇന്ത്യയുടെ സാംസ്കാരിക ഭൂമികയെ അക്ഷരാർത്ഥത്തിൽ പിടിച്ചടക്കിയ ഒരു ടെലിവിഷൻ പരമ്പര പല അർത്ഥങ്ങളിലും ഈ ദശകത്തിലെ വലിയ സംഭവങ്ങൾക്കു നാന്ദി കുറിക്കുന്നതായിരുന്നു. രാമാനന്ദ സാഗർ  എന്ന ബോളിവുഡ് നിർമാതാവ് ഉണ്ടാക്കിയ രാമായണം ടെലിവിഷൻ പരമ്പര ആയിരുന്നു രാജ്യത്തെ ആകെ പിടിച്ചടക്കിയ ആ സാംസ്കാരിക പ്രതിഭാസം.

അത് വരെ തട്ടുപൊളിപ്പൻ മസാല പടങ്ങൾ – അവയിൽ മിക്കതും ഹൊറർ പടങ്ങൾ- എടുത്തിരുന്ന രാമാനന്ദ  സാഗറിന്റെ ഭക്തി മാർഗ്ഗത്തിലേക്കുള്ള ഈ തിരിയൽ, ആത്യന്തികമായി ഇന്ത്യയുടെ ചരിത്രത്തിലെ അത്യന്തം ബീഭത്സമായ, പല തലങ്ങളിലും ഇന്ത്യയിലെ മനുഷ്യത്വത്തിന്റെ സ്വഭാവത്തെയും അതിനുണ്ടായിരുന്ന ഉല്പതിഷ്ണവും, പുരോഗമനപരവുമായ പരാമ്പര്യത്തെയും തച്ചുതകർക്കുന്ന ഒരു സംഭവത്തിന്റെ ചാലകശക്തികളിൽ ഒന്നായി മാറി. അഞ്ചാം ദശകത്തിൽ നടന്ന രണ്ടു വലിയ അത്യാഹിതങ്ങളിൽ ഒന്നായ ബാബരി മസ്ജിദിന്റെ ധ്വംസനമായിരുന്നു ചരിത്രവേധിയായ ഈ സംഭവം.

കാലക്രമത്തിൽ ആദ്യം സംഭവിച്ച മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ വധമാണ് ഈ ദശകത്തിലെ രണ്ടാമത്തെ വലിയ അത്യാഹിതമായി എണ്ണപ്പെടുന്നത്. ബാബ്റി മസ്ജിദിന്റെ ധ്വംസനത്തിന്  ഏതാണ്ട് ഒന്നര വർഷം മുൻപ് 1991 മെയ് മാസമാണ്  തമിഴ് ഈഴം തീവ്രവാദികളാൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 1984ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനു ശേഷം പ്രധാനമന്ത്രി എന്ന നിലയിൽ രാജീവ് ഗാന്ധിയിൽ നിന്ന് ഉണ്ടായ ചാഞ്ചാട്ടങ്ങളും അപചയങ്ങളും ഏഴരയുടെ മുൻ ലക്കത്തിൽ പ്രതിപാദിച്ചിരുന്നു.

രാജീവ് ഗാന്ധി

ആ വീഴ്ചകൾ  ഇന്ത്യയുടെ വടക്കും തെക്കും കിഴക്കും വടക്കുകിഴക്കുമൊക്കെയുള്ള പ്രദേശങ്ങളിൽ തീവ്രവാദ പ്രവണതകളുടെ ഉയർച്ചക്കും വളർച്ചക്കും കാരണമായി എന്നും കഴിഞ്ഞ അധ്യായത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വീഴ്ചകളും അപചയങ്ങളും അഞ്ചാം ദശകത്തിലെ രണ്ടു വലിയ അത്യാഹിതങ്ങൾക്ക് വഴിമരുന്നിട്ട ഘടകങ്ങളായിരുന്നു. അതിലൊന്ന് സ്വന്തം മരണത്തിലേക്ക് നയിച്ചു എന്നത് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ദുരന്തമാനങ്ങൾക്ക് ആക്കം കൂട്ടുന്നു. 

രാജീവ് ഗാന്ധിയൻ ചാഞ്ചാട്ടങ്ങളുടെ ഒരു വലിയ ദൃഷ്ടാന്തമായിരുന്നു, ശ്രീലങ്കയിൽ തമിഴ് ഈഴത്തിനു വേണ്ടി (തമിഴ് സ്വതന്ത്ര രാഷ്ട്രം) വാദിച്ചിരുന്ന, ഈ ആശയം സാധ്യമാക്കാൻ ഗറില്ലാ യുദ്ധ മുറകൾ നടപ്പാക്കിയിരുന്ന, ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴത്തോട്  (എൽ ടി ടി ഇ) 1984നും 87നും ഇടയിൽ സ്വീകരിച്ച സമീപനം. പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള ആദ്യവർഷത്തിൽ ശ്രീലങ്കൻ തമിഴ് വംശജരെ സംരക്ഷിക്കാനുള്ള  ഉത്തരവാദിത്തം ഇന്ത്യക്കുണ്ട് എന്ന നിർണയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണവിഭാഗമായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനെ  (റോ)  നിയോഗിച്ചു  “തമിഴ് പുലികൾ” എന്ന മറുപേരിൽ അറിയപ്പെട്ടിരുന്ന എൽ. ടി. ടി. ഇ. യുടെ തലവന്മാർക്കും ഭടന്മാർക്കും പരിശീലനം നൽകി. 

വേലുപ്പിള്ളൈ പ്രഭാകരൻ എൽ.ടി.ടി,ഇ പ്രവർത്തകർക്കൊപ്പം

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ പൊലും സൈനിക-അർധ സൈനിക പരിശീലന കേന്ദ്രങ്ങൾ ഒരുക്കിയായിരുന്നു ഈ പരിശീലനം. ഇപ്പോൾ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമായ ഗഡ്‌വാൾ മേഖലയിലും തമിഴ്‌നാട്ടിലും പരിശീലന കേന്ദ്രങ്ങൾ ഒരുക്കി രാജീവ് ഗാന്ധി സർക്കാർ. അങ്ങനെ, അക്കാലത്ത്, ഡൽഹിയിൽ തമ്പടിച്ചിരുന്ന തമിഴ് പുലികളുടെ തലവൻ വേലുപിള്ളൈ   പ്രഭാകരനെ ഒരു സങ്കേതത്തിൽ  നേരിൽ  കാണാനും സംസാരിക്കാനും  അവസരം ലഭിച്ചിരുന്നു. പിൽക്കാലത്ത് ശ്രീലങ്കൻ തമിഴ് പുലികൾക്കിടയിൽ “ഇതിഹാസ പുരുഷനായ രക്തസാക്ഷിയായി” മാറിയ പ്രഭാകരനുമായുള്ള ആ കൂടിക്കാഴ്ച  എന്റെ രാഷ്ട്രീയ പത്രപ്രവർത്തക ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായി നിലനിൽക്കുന്നു.

 പക്ഷെ, 1987 ആവുമ്പോഴേക്കും, ഇന്ത്യയുടെ പല ഭാഗങ്ങളിലും, ഏറ്റവും കൂടുതലായി ശ്രീലങ്കയുമായി ഒരു ചെറിയ കടലിടുക്കിന്റെ മാത്രം അകലമുള്ള തമിഴ് നാട്ടിൽ തന്നെ,  തമിഴ് പുലികൾ ഒരു പ്രശ്നമായി തുടങ്ങി. ആ ഗറില്ലാ സൈന്യവും അവർക്ക് നൽകി വന്ന പരിശീലനം ഒരു ബാധ്യതയായി മാറുന്നു എന്ന ബോധ്യവും ഏതാണ്ട് അതെ കാലത്ത് തന്നെ രാജീവ് ഗാന്ധി സർക്കാരിന് കൈ വന്നു. അതോടെ തമിഴ് പുലികളെ കയ്യൊഴിഞ്ഞ ശ്രീലങ്കയിലെ   സർക്കാരുമായി ഒത്തുതീർപ്പിലാവാൻ രാജീവ് ഗാന്ധി തീരുമാനിച്ചു.

 ഇന്ത്യൻ സമാധാന പരിപാലന സേന (ഐ പി കെ എഫ്) എന്ന പ്രത്യേക യൂണിറ്റിനെ പടുത്തുയർത്തി ശ്രീലങ്കയിൽ അവിടുത്തെ സൈന്യം തമിഴ് പുലികൾ അടക്കമുള്ള സ്വതന്ത്ര രാഷ്ട്രവാദക്കാർക്കെതിരെ തുടർന്ന് വന്നിരുന്ന സായുധ നീക്കങ്ങളെ സഹായിക്കാനും തീരുമാനിച്ചു രാജീവ് ഗാന്ധി സർക്കാർ. 1987ൽ ആരംഭിച്ച ഈ ഐ പി കെ എഫ് ഓപ്പറേഷൻ 1989ൽ രാജീവ് ഗാന്ധി സർക്കാർ അധികാരമൊഴിഞ്ഞതിനും ശേഷവും തുടർന്നൂ. ആത്യന്തികമായി, 1991ലെ രാജീവ് ഗാന്ധി വധത്തിനു കാരണമായത് ഐ. പി. കെ.എഫിനെ ശ്രീലങ്കയിൽ നിയോഗിക്കാനുള്ള തീരുമാനത്തോട് തമിഴ് പുലികൾ പ്രതികരിച്ച രീതിയായിരുന്നു. തീവ്രമായ പ്രതികാര വാഞ്ഛയായിരുന്നു ആ പ്രതികരണത്തിന്റെ കേന്ദ്രഭാവം.

 പക്ഷെ 1989 വരെയുള്ള ഭരണകാലത്തു ഈ വിഭാഗിയത മാത്രമല്ല രാജീവ് ഗാന്ധി സർക്കാരിന്റെ നടപടികൾ മൂലമുണ്ടായത്. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തിനു കാരണമായ സിഖ് തീവ്രവാദത്തെ തന്റെ ഭരണകാലത്തു ഒരു വലിയ പരിധിവരെ നിയന്ത്രിക്കാനും കീഴ്പ്പെടുത്താൻ  തന്നെയും രാജീവ് ഗാന്ധിക്ക് കഴിഞ്ഞിരുന്നുവെങ്കിലും ജമ്മു കാശ്മീരിലെ ഇസ്ലാമിക് ജിഹാദി മാനങ്ങളുള്ള സ്വാതന്ത്രരാഷ്ട്ര തീവ്രവാദത്തെയും, വടക്കുകിഴക്കൻ മേഖലകളിലെ പ്രാദേശിക തീവ്രവാദത്തെയും കൈകാര്യം ചെയ്യുന്നതിൽ തുടർവീഴ്ചകൾ സംഭവിച്ചുകൊണ്ടിരുന്നു. ജമ്മു കശ്മീരിലെ സ്ഥിതി വിശേഷം പൂർണമായും  നിയന്ത്രണാതീതമായി വമ്പൻ പൊട്ടിത്തെറികളിലേക്കു നീങ്ങിയത് 1989ൽ രാജീവ് ഗാന്ധിയുടെ ഭരണം അവസാനിച്ച സമയത്തായിരുന്നുവെങ്കിലും, ഈ അതിർത്തി സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക ഭീകരവാദ വിസ്ഫോടനത്തിന്റെ സൂചനകൾ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് തന്നെ കണ്ടിരുന്നു.

1987നും 89നും ഇടയിൽ രാജീവ് ഗാന്ധി സർക്കാരിന് കൂനിന്മേൽ കുരു എന്ന പോലെ അഴിമതി ആരോപണങ്ങളുടെ തുടർ പരമ്പരകളെയും നേരിടേണ്ടിവന്നു. രാജീവ് മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനെന്ന് അനൗദ്യോഗികമായി വിശേഷിക്കപെട്ട വിശ്വനാഥ് പ്രതാപ്‌സിംഗ് തന്നെയായിരുന്നു സർക്കാരിന്റെ അഴിമതികൾ തുറന്നു കാട്ടാൻ മുൻകൈയെടുത്തത്. രാജീവ് സർക്കാറിൽ ധനമന്ത്രി ആയിരിക്കുമ്പോൾ തന്നെ വൻകിട കോർപ്പറേറ്റുകൾക്കെതിരായ മൂർത്തമായ നടപടികളിലൂടെ തുടങ്ങിവച്ച അഴിമതിവിരുദ്ധപോരാട്ടം പ്രതോരോധമന്ത്രിയായി സ്ഥാനമാറ്റം ചെയ്യപ്പെട്ടതിനു ശേഷം കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചു വിശ്വനാഥ് പ്രതാപ് സിംഗ്. പ്രതിരോധ മന്ത്രാലയത്തിൽ നടന്ന എച്ഛ്. ഡി. ഡബ്‌ള്യു. അന്തർവാഹിനി ഇടപാടിൽ അഴിമതിയുണ്ടെന്നു തുറന്നു കാട്ടിക്കൊണ്ടായിരുന്നു ഇത്. ഏതാണ്ട് അതേ സമയത്ത് തന്നെ സ്വീഡിഷ് റേഡിയോയുടെ ഒരു പ്രക്ഷേപണത്തിൽ, ബോഫേഴ്സ് പീരങ്കി ഇടപാടിലും ദല്ലാൾ കമ്മിഷൻ ഉണ്ട് എന്ന വാർത്ത പുറത്തു വന്നു. സ്വന്തം മന്ത്രിസഭയിലെ പ്രമുഖൻ തന്നെ സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്ന സ്ഥിതിയുണ്ടായപ്പോൾ രാജീവ് ഗാന്ധിയും ശക്തമായി തിരിച്ചടിക്കാനുള്ള കരുക്കൾ മുന്നോട്ടു നീക്കി. ഇത് തിരിച്ചറിഞ്ഞ വി പി സിംഗ് ആ ആഴ്ച തന്നെ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. 

വി പി സിംഗ്

പിന്നീട് ജനകിയ പ്രക്ഷോഭങ്ങളുടെയും പ്രചാരണങ്ങളുടെയും ഒരു തേരോട്ടം തന്നെ വി പി സിംഗിൽ നിന്നുണ്ടായി. രാജീവിന്റെ ഭരണകാലത്തെ ചാഞ്ചാട്ടങ്ങളിലും ഭരണനിർവഹണത്തിന്റെയും നയരൂപീകരണത്തിന്റെയും തലത്തിലുള്ള കെടുകാര്യസ്ഥതയിലും പ്രതിഷേധമുണ്ടായിരുന്ന അരുൺ നെഹ്‌റു, ആരിഫ് മുഹമ്മദ് ഖാൻ, മുഫ്തി മുഹമ്മദ് സയ്യദ്, സത്യപാൽ മാലിക്, തുടങ്ങിയ പ്രമുഖ നേതാക്കളും വി പി സിങിനൊപ്പം ചേർന്നു. ജനമോർച്ച എന്ന അഴിമതിവിരുദ്ധ പ്രസ്ഥാനമാണ് ഇവർ ആദ്യം രൂപീകരിച്ചത്.

ഈ പ്രസ്ഥാനം ഒരു വർഷത്തിനകം ജനതാദൾ എന്ന പാർട്ടിയായും രൂപം പ്രാപിച്ചു. 1989ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ ജനതാദൾ മത്സരിച്ചു. അഞ്ചുവർഷം മുൻപ് ചരിത്ര ഭൂരിപക്ഷവുമായി   അധികാരത്തിൽ വന്ന രാജീവ് ഗാന്ധിയുടെ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ 531 അംഗ ലോകസഭയിൽ 197 സീറ്റിലെ വിജയത്തിൽ എത്താൻ പറ്റിയുള്ളൂ. ജനതാദൾ 143 സീറ്റ് കരസ്ഥമാക്കി. ഭാരതീയ ജനതാ പാർട്ടി 85 സീറ്റും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് 33 സീറ്റും കരസ്ഥമാക്കിയപ്പോൾ 1989ൽ ഇന്ത്യക്കു ലഭിച്ചത് തൂക്കു ലോകസഭ. വലതുപക്ഷത്തു നിന്ന് ബിജെപിയും ഇടതുപക്ഷത്തുനിന്ന് സി.പി.ഐ.എം. അടക്കമുള്ള പാർട്ടികളും പുറത്തു നിന്ന് പിന്തുണച്ചു കൊണ്ടു വി പി സിങിന്റെ നേതൃത്വത്തിൽ  ജനതാദൾ അധികാരത്തിലേറി.

സംഭവബഹുലമായ ദശകത്തിലെ പൊട്ടിത്തെറികൾ ഇതിനു ശേഷം കൂടുതൽ രൂക്ഷമാവുന്ന അനുഭവമാണ് ഉണ്ടായത് . അതെ പറ്റി അടുത്ത ലക്കത്തിൽ .

  

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
1 year ago

It’s really revealing. Aam aurats like me find these pieces of information educational.