A Unique Multilingual Media Platform

The AIDEM

Articles Literature Politics

കവിയുടെ ഉപ്പ് 

  • November 21, 2022
  • 1 min read
കവിയുടെ ഉപ്പ് 

“മേശപ്പുറത്ത് രക്തം പൊടിയുന്നു.

വാക്കുകളുടെ ദുഃഖവെള്ളിയാഴ്ച.

ബസ്സു കടന്നുപോയ ഒരു ശരീരം” – ടി. ഗുഹൻ

 

“ഗുഹൻ, തലയോട്ടി കൊണ്ട്

ഒരു തീവണ്ടി അട്ടിമറിക്കുന്നു” – ടി.പി രാജീവൻ


ജീവിതത്തിലും കവിതയിലും എല്ലാ വ്യാകരണങ്ങൾക്കുമപ്പുറത്തായിരുന്നു ടി ഗുഹൻ എന്ന വേലായുധൻ. എണ്ണ തേച്ച് വകഞ്ഞുവെച്ച മുടിയും തന്നെക്കാൾ വലിയ ഷർട്ടുമിട്ട് ഏത് സമയത്തും ഗുഹൻ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം. തലേന്ന് കുടിച്ചതോ അല്പം മുമ്പ് കുടിച്ചതോ ആയ മദ്യത്തിന്റെ നനുത്ത ഗന്ധവുമായി ഒരു അപ്പൂപ്പൻ താടിയെ പോലെ അയാൾ എവിടെ വേണമെങ്കിലും പറന്നെത്തും. അമ്പതിന്റേയോ നൂറിന്റെയോ ഗുണിതങ്ങൾ ഇനിയുള്ള സുരപാനത്തിനായി ഒരു മടിയുമില്ലാതെ ആവശ്യപ്പെട്ടേക്കാം. കൊടുത്തില്ലെങ്കിലും അയാൾക്ക് നിങ്ങളോട് യാതൊരു പരിഭവവും തോന്നില്ല. പിറ്റേ ദിവസവും പുതിയ തമാശകളും പഴയ മദ്യ ഗന്ധവുമായി അയാൾ നിങ്ങളുടെ മുന്നിൽ വീണ്ടും പ്രത്യക്ഷപ്പെടും. വീണ്ടും അമ്പതുകളുടെയും നൂറുകളുടെയും ഗുണിതങ്ങൾ ആവശ്യപ്പെടുകയും ചെയ്യും.

ഒരു ദിവസം രാവിലെ ആപ്പീസിലേക്ക് ഇറങ്ങിയപ്പോഴാണ് വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപം ഗുഹൻ റെയിൽ പാളത്തിൽ ആത്മഹത്യ ചെയ്ത വാർത്ത അറിഞ്ഞത്. തീവണ്ടികൾ തുടർച്ചയായി കയറിപ്പോയതിനാൽ ശരീരം മുഴുവനും അരഞ്ഞു പോയെന്നും കാര്യമായി മുറിഞ്ഞു പോകാത്ത താടി ഭാഗം കൊണ്ടാണ് മരിച്ചത് ഗുഹനാണെന്ന് തിരിച്ചറിഞ്ഞത് എന്നും മരണം അറിയിച്ച സുഹൃത്ത് പറഞ്ഞു. ഞാൻ വീട്ടിലേക്ക് തന്നെ മടങ്ങി. എന്നാൽ ചതഞ്ഞ് അരഞ്ഞുപോയ ഗുഹന്റെ മൃതദേഹം കാണണമെന്ന് തോന്നിയതേയില്ല. ഇതിന് രണ്ടോ മൂന്നോ ദിവസങ്ങൾക്കു മുമ്പാണ് മുഴുവനായുണ്ടായിരുന്ന താടി വടിച്ച് ഫ്രഞ്ച് താടിയുമായി ഗുഹൻ വീട്ടിൽ പ്രത്യക്ഷപ്പെട്ടത്. സോവിയറ്റ് യൂണിയൻ ഗോർബച്ചേവിന്റെ കാർമികത്വത്തിൽ ചിതറി പുതിയ ദേശീയതകൾ രൂപപ്പെട്ട് വരുന്ന കാലമായിരുന്നു അത്. താടിക്ക് എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ ഗുഹൻ സ്വതസിദ്ധമായ ദാർശനിക ഭാവത്തിൽ താടിയിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു. സോവിയറ്റ് യൂണിയൻ ഇല്ലാതെയായി, ഇനി റഷ്യ മാത്രമേ ബാക്കിയുള്ളൂ. തീവണ്ടി കയറി അരഞ്ഞു പോകാത്ത ആ റഷ്യയാണ് മരിച്ചത് ഗുഹൻ തന്നെയാണെന്ന് തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്.

ഗുഹാൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം

ജീവിതകാലം മുഴുവൻ അയാൾ പ്രസരിപ്പിച്ച രാഷ്ട്രീയ ധ്വനികൾ നിറഞ്ഞ ഇരുണ്ട ഹാസ്യത്തെയും പരിഹാസത്തെയും മരണത്തിൽ പോലും അയാൾ കൈവിട്ടിയിരുന്നില്ല. മരിക്കുന്നതിനു മുമ്പ് തന്റെ മുഴുവൻ പുസ്തകങ്ങളും അയാൾ കത്തിച്ചു കളഞ്ഞിരുന്നു എന്ന് കേട്ടിരുന്നു. മരണത്തിന് മുമ്പ് അക്ഷരങ്ങളുടെ ബന്ധനത്തിൽ നിന്നും അയാൾ തന്റെ ജീവിതത്തെ മുക്തമാക്കുകയായിരുന്നു. അതിന് അല്പം മുമ്പ് എനിക്ക് തന്ന ലോറൻസ് ഡ്യൂറലിന്റെ അലക്സാൻഡ്രിയ ക്വാർട്ടറ്റിലെ നാലു പുസ്തകങ്ങളും എന്റെ പുസ്തക ശേഖരത്തിൽ ഇപ്പോഴുമുണ്ട്.

വളരെ കുറച്ചു മാത്രമേ ഗുഹൻ എഴുതിയുള്ളൂ. കൂടെ കുറച്ചു ചിത്രങ്ങളും. ‘എന്നും മറ്റും’ എന്ന ഒരേയൊരു കവിതാ സമാഹാരമേ ഗുഹൻ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. കവിതകളും ചിത്രങ്ങളും ചേർന്ന് വളരെ സവിശേഷമായ ഒരു പുസ്തകമായിരുന്നു അത്. ഗുഹന്റെ കവിതകൾ അതിലെ വാങ്മയ ബിംബങ്ങൾ, ആഖ്യാന സവിശേഷതകൾ തുടങ്ങിയവയൊക്കെ തന്നെ അത്യധികം പേഴ്സണൽ ആയിരുന്നു. അതുകൊണ്ടുതന്നെ തുടർച്ചയായ വായനകൾ കൊണ്ടു മാത്രമേ ആ കവിതകളിലേക്കുള്ള വാതിലുകൾ നിങ്ങൾക്ക് മുമ്പിൽ തുറന്നു വരികയുള്ളൂ. ചിത്രങ്ങളാകട്ടെ അല്പം കൂടെ എളുപ്പം നിങ്ങളുമായി സംവദിക്കുന്നതുമായിരുന്നു. പരുഷമായ ഇരുണ്ട പരിഹാസം പൊതുവെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെയും കവിതകളുടേയും പ്രധാന അന്തർധാരയായിരുന്നു. ഗുഹൻ തന്റെ ഏക കവിതാ/ചിത്ര സമാഹാരമായ ‘എന്നും മറ്റും’ എന്ന പുസ്തകത്തിന്റെ പ്രസാധനത്തിന് മുന്നോടിയായി പലയിടങ്ങളിലായി നഷ്ടപ്പെട്ടുപ്പോയ കവിതകളും പലയിടങ്ങളിലായി വരച്ച് ഉപേക്ഷിച്ച ചിത്രങ്ങളും കണ്ടെടുക്കുന്നതിനായി വലിയ ശ്രമം നടത്തിയിരുന്നു. അവയൊക്കെ കുത്തിക്കെട്ടി ഒരു ദിവസം പുലർച്ചെ അയാൾ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. “ഇതിന് നിങ്ങളൊരു മുൻ കുറിപ്പ് എഴുതിത്തരണം. പ്രശസ്തനാകാൻ നിങ്ങൾക്ക് കിട്ടുന്ന അവസാന അവസരമാണിത്” ഇത്രയും പറഞ്ഞു കൊണ്ട് ആ കടലാസ് കെട്ട് എന്റെ മുന്നിലിട്ട് അയാൾ അപ്രത്യക്ഷനായി. ആ കടലാസുകെട്ട് കുറച്ചു ദിവസം എന്റെ മേശപ്പുറത്ത് കിടന്നു. ഓരോ വായനയും ഗുഹന്റെ കവിതകളുമായി ആഴത്തിൽ ഇടപെടുന്നതിനുള്ള അനുശീലനം എനിക്ക് ഇല്ലെന്നുള്ള തിരിച്ചറിവിലേക്കാണ് എന്നെ എത്തിച്ചത്. അങ്ങിനെ ഗുഹന്റെ താല്പര്യത്തിൽ നിന്നു ഞാൻ ഒരു വിധം അയാളെ നിരുത്സാഹിപ്പിച്ച് ആ കടലാസ് കെട്ട് തിരിച്ചു കൊടുത്തു വിട്ടു. പിന്നെ പോൾ കല്ലാനോടാണ് ഗംഭീരമായ ഒരു മുൻകുറിപ്പ് ആ പുസ്തകത്തിന് എഴുതിയത്.

ഗുഹാന്റെ കവിതാസമാഹരത്തിന്റെ കവർ ചിത്രം

 

പൊതുസമൂഹത്തിന്റെ ഓർമ്മകളിൽ അനിഷേദ്ധ്യമായി പ്രതിഷ്ഠിക്കപ്പെടാനുള്ള കാലയളവ് അവൻ തന്റെ ജീവിതത്തിനു സ്വയം അനുവദിച്ചു നല്കിയില്ല. അത് ചെയ്തിരുന്നെങ്കിൽ ഗുഹൻ ഒരിക്കലും കോഴിക്കോടിന്റെ സാംസ്‌കാരികസ്‌മൃതികളുടെ പിന്നാമ്പുറങ്ങളിലേക്ക് മറഞ്ഞു പോകുമായിരുന്നില്ല. എ. അയ്യപ്പനെപ്പോലെ, നിഷേധത്തിന്റെയും തീവ്രമായ ഭാവുകത്വത്തിന്റെയും പ്രതിനായകനായി അവനെന്നും കോഴിക്കോട് നഗരത്തിന്റെ ഓർമ്മകളിൽ ജ്വലിച്ചു നിന്നേനെ. നിർഭാഗ്യവശാൽ ”പ്രതീക്ഷകളുടെയും സാദ്ധ്യതകളുടെയും കുഴിക്കപ്പെടാത്ത ഒരു ഖനി” പിന്നിൽ അനാഥമാക്കി ബാക്കിവെച്ചിട്ട്, നിസ്സംഗനായി, അലറിപ്പാഞ്ഞുവന്ന മരണത്തിനുനേരെ അവൻ ധൃതിയിൽ നടന്നുപോയി. എല്ലാ ഇല്ലായ്മകളിൽ നിന്നുമുള്ള ശാശ്വതമായ മോചനമെന്ന നിലയ്ക്കാവാം ആത്‍മബലിയുടെ ദുരന്തപൂർണ്ണമായ ആ വഴി ഗുഹൻ തിരഞ്ഞെടുത്തത്. ഓർമ്മകളിലെ ചോരയുണങ്ങാത്ത ഒരു മുറിവായി നമ്മുടെയൊക്കെ സ്വാസ്ഥ്യം കെടുത്തുന്നുണ്ട്, അവന്റെ ആ തെരഞ്ഞെടുപ്പ്. ഇക്കാലമത്രയും.എന്റെ ഫസ്റ്റ് ബ്ലോക്ക്‌ ഹോസ്റ്റൽ മുറിയിൽ രാത്രിയുടെ അവിചാരിത യാമങ്ങളിൽ അർദ്ധബോധത്തിൽ വന്നുകയറുന്ന അതിഥിയും അഭയാർഥിയും ആയിരുന്നു ഗുഹൻ പലപ്പോഴും. പരപ്പനങ്ങാടിക്കുള്ള അവസാന വണ്ടി മിസ്സായാൽ രണ്ടാമതാലോചിക്കേണ്ടാത്ത അഭയം ആയിരുന്നു അവനന്നു ഫസ്റ്റ് ബ്ലോക്ക്‌ ഹോസ്റ്റൽ. (അവനു മാത്രമല്ല, അനീതിക്കെതിരെ കലാപം ചെയ്യാനുള്ള ശിരോലിഖിതം സ്വയം ഏറ്റെടുത്ത മറ്റനേകം ക്ഷുഭിതയൗവ്വനങ്ങൾക്കും അതങ്ങിനെയായിരുന്നു). തീവ്രമായ സ്നേഹത്തിന്റെയോ അസഹനീയമായ അരാജകത്വത്തിന്റെയോ ഓർമ്മകൾ ബാക്കിയാക്കി പ്രഭാതത്തിൽ അവൻ വിരസമായ അക്കങ്ങളുടെ വിരക്തമായ പകലിലേക്കു വിമുഖതയോടെ ഇറങ്ങിപ്പോകുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. സാംസ്‌കാരികവാണിഭങ്ങളിൽ സ്വയം വിപണനംചെയ്യാനുള്ള സന്നദ്ധതയോ തിടുക്കമോ ഒരിക്കലും കാണിക്കാതിരുന്ന ഗുഹൻ മാതൃഭൂമി ആഴ്ചപ്പതിപ്പൊഴിച്ചുള്ള മറ്റു പ്രസിദ്ധീകരങ്ങളിൽ തന്റെ സൃഷ്ടികൾ വരുന്നതിൽ ഒട്ടും താൽപ്പര്യം കാണിച്ചിരുന്നില്ല എന്നാണെനിക്ക് അക്കാലങ്ങളിൽ തോന്നിയിരുന്നത്. ഗുഹൻ ഇന്നുണ്ടായിരുന്നെങ്കിൽ ഒരുവേള കവിതയോളമോ അതിലുപരിയോ ആയ ഒരു സ്ഥാനത്താകുമായിരുന്നു രേഖാചിത്ര രംഗത്ത് അവൻ സ്വന്തം അസ്തിത്വത്തിനെ അടയാളപ്പെടുത്തിയിരിക്കുക. അവന്റെ അലസമായ കോറി വരകളിൽത്തെളിഞ്ഞ ധിഷണയുടെ സ്ഫുലിംഗങ്ങൾ അവന്റെ കവിതകളിലെ ഭാവുകത്വത്തിനെ വെല്ലുന്നതായിരുന്നുവെന്നു തീർച്ച. അത് ഗുഹന്റെ സർഗശേഷിയുടെ അധികമാർക്കും അറിയാത്ത ഒരു വശമാണ്. – ഡോ. ഐ. രാജൻ

കോഴിക്കോട് നടന്ന ഗുഹാൻ അനുസ്മരണ പരിപാടിയിൽ കൽപ്പറ്റ നാരായണൻ

1980കളുടെ ആദ്യ വർഷങ്ങളിൽ ദർപ്പണ ഫിലിം സൊസൈറ്റിയുടെ പ്രവർത്തക സമിതിയുടെ അംഗമായിരുന്ന ഗുഹൻ ആ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള ഒരു എഴുത്ത് അന്നത്തെ സെക്രട്ടറിക്ക് അയക്കുകയുണ്ടായിണ്ട്. വളരെ കാലങ്ങൾക്ക് ശേഷമാണ് ദർപ്പണയുടെ പഴയ ഫയലുകളിൽ നിന്നും ആ കത്ത് ഞാൻ കാണുന്നത്. അപാരമായ അർത്ഥ ധ്വനികൾ നിറഞ്ഞ ഒരു ചിത്രമായിരുന്നു ആ രാജിക്കത്ത്. തന്റെ നിലപാടുകളിൽ ഒരു തരത്തിലും രാജിയാകാൻ തയ്യാറില്ലാത്ത, ഗുഹന് മാത്രം സാധ്യമാകുന്ന ഒരു ചിത്ര രാജി. തനിക്ക് ശരിയല്ലെന്ന് തോന്നിയതെല്ലാറ്റിനോടും ജീവിതത്തിന്റെ സകല സാമ്പ്രദായിക യുക്തികളോടും അയാൾ കലഹിച്ചു. ആ കലഹങ്ങളിലെല്ലാം തനിക്ക് മാത്രം സാധ്യമാകുന്ന ഇരുണ്ട പരിഹാസം അയാൾ പതിച്ചു വെച്ചു. വി.കെ എൻ ഹാസ്യത്തേയും പരിഹാസത്തേയും ഒരു പക്ഷേ വി.കെ.എൻ ന് പോലും ആകാത്ത വിധം പുതിയ അർത്ഥമാനങ്ങളോടെ ഗുഹൻ പുനരവതരിപ്പിച്ചു. അതിലെത്തന്നെ സ്ത്രീ വിരുദ്ധതയേയും സവർണ്ണമായ അന്തർധാരകളേയും എല്ലായ്പ്പോഴും വലിയ ചിരികൾ കൊണ്ട് അപനിർമ്മിക്കയും ചെയ്തു. ഒരിക്കൽ പ്രശസ്ത ആക്ടിവിസ്റ്റ് നാടക പ്രവർത്തകൻ സഫ്ദർ ഹഷ്മിയെ വലതു പക്ഷ ഗുaണ്ടകൾ വധിച്ചതിൽ പ്രതിഷേധിച്ച് ഒരു പരിപാടി പരപ്പനങ്ങാടിയിൽ സംഘടിപ്പിക്കപ്പെട്ടിരുന്നു. പ്രസ്തുത പരിപാടിയുടെ ഭാഗമായി നടന്ന ചിത്ര പ്രദർശനത്തിൽ നമ്പൂതിരി, എ.എസ്., പോൾ കല്ലാനോട്, മദനൻ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. പ്രദർശനവുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്താൻ വെച്ച പുസ്തകത്തിൽ ഗുഹൻ ഇങ്ങിനെ എഴുതി. “നമ്പൂതിരി മുതൽ ചെറുമൻവരെയുള്ളവരുടെ ചിത്രങ്ങൾ ഉണ്ട്. ഒന്നും നന്നായില്ല”

ഒരിക്കൽ ഒരാൾ ഗുഹന്റെ കത്തുമായി എന്റെ വീട്ടിൽ വന്നു. അയാൾ ആ കത്ത് എന്റെ ജേഷ്ഠന്റെ കൈയിലാണ് കൊടുത്തത്. പരപ്പനങ്ങാടിയിൽ പ്രഭാ ടാക്കീസിന് സമീപത്തുള്ള ഒരു വീട്ടിൽ താൻ ഉണ്ടെന്നും, തലേന്ന് നടന്ന ഒരു അടിപിടിയിൽ തന്റെ കൈവിരലുകൾ ഒടിഞ്ഞിരിക്കുകയാണെന്നും, ഉടൻ വന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഗുഹന്റെ ആ തുറന്ന കത്ത്. എന്റെ ജേഷ്ഠൻ അപ്പോൾ തന്നെ ഗുഹനേയും കൂട്ടി ഡോക്ടറെ കാണുകയും ആവശ്യമായ ചികിത്സ കൊടുക്കുകയും ചെയ്തു. പാരീസിൽ നിന്നും വന്ന മോഹൻകുമാറിന്റെ പെയിൻറിംഗ് എക്സിബിഷനുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നു. പെയിൻറിങ്ങുകൾ വാങ്ങി പോയ ശേഷം മോഹൻകുമാറിന് പുനത്തിൽ കുഞ്ഞബ്ദുള്ള അതിന്റെ വില കൊടുത്തില്ല എന്നുള്ളതായിരുന്നു പ്രശ്നങ്ങളിൽ ഒരു കാരണം. ഇതിൽ രോഷാകുലരായ ഒരു കൂട്ടം ചെറുപ്പക്കാർ ജോയ് മാത്യുവിന്റെ (ഇപ്പോൾ സിനിമാ നടൻ) നേതൃത്വത്തിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മകളുടെ വിവാഹ സത്ക്കാരം നടക്കുന്ന ബീച്ച് ഹോട്ടലിൽ പോയി പ്രശ്നങ്ങൾ ഉണ്ടാക്കുകയും, അത് കൂട്ടയടിയിൽ അവസാനിക്കുകയും ചെയ്തു. ആ അടി കലശലിലാണ് ഗുഹന്റെ വിരലുകൾ ഒടിഞ്ഞു പോയത്.

ഗുഹൻ ഇന്നും എന്നും മനസ്സിന്റെ ഉള്ളിൽ വിങ്ങുന്ന ഓർമ്മയായിരിക്കും. എത്രയോ കവികളുടെ ജീവിതത്തിന്റെയും കവിതകളുടെയും ഉപ്പു കാറ്റേറ്റ നഗരമാണ് കോഴിക്കോട്. പക്ഷേ അവരിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു കൂട്ടം മനുഷ്യർ ഇപ്പോഴും എല്ലാ വർഷവും ഒന്നിച്ചുകൂടുകയും ഗുഹനെയും, അയാൾ ജീവിച്ച ആ കാലത്തേയും, ഉപ്പുകാറ്റിനേയും ഓർമ്മിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഗുഹൻ എന്ന വ്യക്തിയെ, കവിയെ, ചിത്രമെഴുത്തുകാരനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.


Subscribe to our channels on YouTube & WhatsApp

About Author

സി. സായി കിഷോർ

മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടി സ്വദേശി. സിനിമ, സാഹിത്യം മറ്റു സാമൂഹ്യ വിഷയങ്ങൾ എന്നിവയെപ്പറ്റി എഴുതാറുണ്ട്. ദീർഘകാലമായി ഫിലിം സൊസൈറ്റി പ്രവർത്തകനാണ്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
venkitesh krishnan
venkitesh krishnan
2 years ago

good one on Guhan by Sayi Venkitesh parappanagadi