A Unique Multilingual Media Platform

The AIDEM

Articles Politics

എന്തുണ്ട് ചങ്ങാതി വിശേഷം..?

  • August 6, 2022
  • 1 min read
എന്തുണ്ട് ചങ്ങാതി വിശേഷം..?

പ്രിയപ്പെട്ട സുഹൃത്തേ,

സുഖം തന്നെയല്ലേ എന്നു ചോദിക്കുന്നില്ല, സുഖമുള്ള കാലത്തിലൂടെയല്ല കടന്നു പോകുന്നത് എന്നു താങ്കളെ പോലെ എനിക്കുമറിയാം.

താങ്കൾക്കോർമ്മയില്ലേ നമ്മുടെ ചെറുപ്പകാലം, എത്രയെത്ര സ്വപ്നങ്ങൾ പങ്ക് വച്ചാണ് നാം ‌കഴിഞ്ഞത്. പരസ്പരം സഹായിച്ചും, പിന്തുണച്ചും, താങ്കളുടെ വളർച്ചയിൽ ഞാനും, എന്റെ വളർച്ചയിൽ താങ്കളും പങ്ക് ചേർന്ന ആ ആദ്യ വർഷങ്ങൾ. നമ്മുടെ ആരോഗ്യകരമായ വളർച്ചക്ക് ഉതകുന്ന സുന്ദരവും, നിഷ്ക്കളങ്കവുമായ അന്നത്തെ പരിതസ്ഥിതി എത്ര സഹായകരമായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

നമുക്കൊപ്പം പിച്ചവച്ച മറ്റു പലരും സാഹോദര്യവും, സ്നേഹവും മറന്ന് വഴി തെറ്റി നടന്നപ്പോൾ, നമ്മളെ കൈപിടിച്ചു നടത്താൻ ഉത്തമരായ പല വഴികാട്ടികളും ഉണ്ടായിരുന്നു എന്നത് ഭാഗ്യമായി. തെറ്റുകൾ പറ്റുമ്പോൾ തിരുത്തിയും, ഒപ്പം നിറുത്തിയും, നേർ വഴി കാട്ടിയും, പഠിപ്പിച്ചും, സഹകരിച്ചുമാണ് അവർ നമ്മളെ മുന്നോട്ട് നയിച്ചത്.

പിന്നെപ്പഴോ അവരുടെ കൈവിട്ട് നാം സ്വന്തം കാലിൽ നിന്നു തുടങ്ങിയപ്പോൾ നമ്മുടെ ജീവിതത്തിന് താളം തെറ്റി. അതിൽ നമുക്കും പങ്കുണ്ട്, നമുക്കൊപ്പം ഉണ്ടാകും എന്ന് കരുതിയ പലരിലും അർപ്പിച്ച അമിതവിശ്വാസമാണ് അതിലേക്ക് നയിച്ചത്. താങ്കളെ ഇല്ലാതാക്കിയും, എന്നെ വിലക്കെടുത്തും അവരുടെ അജണ്ട നടപ്പാക്കാനാണ് അവർ ശ്രമിച്ചത്. അതിൽ ഒരു പരിധി വരെ അവർ വിജയിച്ചു എന്നു വേണമെങ്കിൽ പറയാം.

അതിനാൽ ഒരു പിറന്നാൾ കൂടി ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വേളയിൽ സഹോദരതുല്യനായ താങ്കളോട് എനിക്ക് ചിലത് പറയാനുണ്ട്. നമ്മുടെ സ്വത്വത്തെ ചോദ്യം ചെയ്ത് തുടങ്ങിയ ഈ സമയത്ത്, അവരുടെ ആൾക്കൂട്ടങ്ങൾ അലറി വിളിച്ചു വരുമ്പോൾ, ഉറച്ച മനസ്സോടെ നമ്മുടെ പിതാക്കന്മാർ പറഞ്ഞു പഠിപ്പിച്ച പാഠങ്ങൾ അടുത്ത തലമുറക്ക് കൈമാറാം. യുവത തിരിച്ചറിയട്ടെ ചുറ്റും വളർന്നു വരുന്ന വിഘടന സംസ്കാരത്തെ, ചേരിതിരിവുകളെ, പിന്തിരിപ്പൻ മുദ്രാവാക്യങ്ങളെ. നമ്മൾ മുറുകെ പിടിച്ച മൂല്യങ്ങളെ ഇവരുടെ ജീവിതത്തിലേക്ക് പകർന്ന്, അസത്യങ്ങൾക്ക് എതിരെ പോരാടാനുള്ള ധൈര്യം നൽകാം. കാരണം, നമ്മളുടെ നിലനിൽപ്പ് വരും തലമുറയിലൂടെയാണ്, അവരുടെ സമാധാനം നമ്മളിലും.

പ്രിയപ്പെട്ട സ്വാതന്ത്ര്യമേ, അവസാന മിടിപ്പും തീരും വരെ, ശ്വാസവായു തന്ന് വളർത്തിയ ഭരണഘടനയെ നമുക്ക് മുറുകെ പിടിക്കാം, മുഷ്ടി ചുരുട്ടി, തലയുയർത്തി വിളിച്ചു പറയാം, “ഫാസിസം തുലയട്ടെ”.

പിറന്നാൾ ആശംസകൾ നേർന്നു കൊള്ളുന്നു.

എന്ന് താങ്കളുടെ സ്വന്തം

ജനാധിപത്യം

പിൻകുറിപ്പ്:

സ്വാതന്ത്ര്യം ദേശത്തിന് മാത്രം മതി എന്ന ചിന്തയിൽ നിന്നാണ് തെറ്റുകൾ എല്ലാം തുടങ്ങുന്നത്. രാജ്യം അതിൻ്റെ അതിർത്തിക്കുള്ളിലെ പ്രദേശമല്ലെന്നും, അത് ആ ദേശത്തെ മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയുമാണ് സൂചിപ്പിക്കുന്നത് എന്നും മനസ്സിലാക്കിയാൽ ഭരണഘടനയും, സ്വാതന്ത്ര്യവും, ജനാധിപത്യവും എന്താണ് എന്ന് തിരിച്ചറിയാൻ സാധിക്കും. ആ സദുദ്ദേശ്യത്തോടെയാണ് ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാർ നമുക്ക് വഴി കാണിച്ചു തന്നത്. ഏറെക്കുറെ അതേ പാതയിലൂടെയാണ് നാം സഞ്ചരിച്ചിരുന്നതും. എന്നാൽ തെറ്റ് പറ്റിയിട്ടുണ്ട്, അവ കാലാകാലങ്ങളിൽ തിരുത്തപ്പെട്ടിട്ടുമുണ്ട്. എന്നാൽ തീർത്തും ആ സഞ്ചാരത്തിൽ നിന്നും വ്യത്യസ്തമായ ഒരു ഭരണസംവിധാനത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്.

പക്ഷേ ഇവിടെ ഇന്ന് ഇതൊന്നും അറിയാത്തത് കൊണ്ടുള്ള പ്രശ്നമല്ല നാം നേരിടുന്നത്, ഇതിനെ കുറിച്ചെല്ലാം വ്യക്തതയുള്ളവർ തന്നെയാണ് പ്രശ്നം. രാജ്യം എന്നത്, അവിടത്തെ സർക്കാർ ആണെന്നും, സർക്കാർ എന്നാൽ അതിൻ്റെ തലവൻ ആണെന്നുമുള്ള പൗരാണിക ചിന്തയിലേക്കാണ് ജനങ്ങളെ അവർ തെറ്റിദ്ധരിപ്പിച്ചത്. ഇതിനാണ് അവർ ആദ്യമേ തന്നെ ആ കാലഘട്ടമാണ് സത്യം എന്നും, ആ കാലഘട്ടത്തിലെ കഥകളിലേക്ക് നാം തിരിച്ചു പോകേണ്ടതുണ്ടെന്നും പറഞ്ഞു വച്ചത്.

അങ്ങനെ വരുമ്പോൾ സ്വാതന്ത്ര്യം ദേശത്തെ മനുഷ്യർക്കല്ല, ആ മനുഷ്യരുടെ ചിന്തകൾക്കല്ല, അവരുടെ ഭാഷാ സംസ്കാരങ്ങൾക്കല്ല, അവരുടെ ഭക്ഷണ രീതികൾക്കല്ല പകരം അത് അവരുടെ സർക്കാരിന് മാത്രമാണ്. തീരുമാനങ്ങളിൽ എതിർപ്പ് അറിയിക്കാനുള്ള സ്വാതന്ത്ര്യം പോലും അങ്ങനെയാണ് ദേശവിരുദ്ധമായി മുദ്രകുത്തപ്പെടുന്നത്.

ജനങ്ങൾ പൗരന്മാർ എന്നതിൽ നിന്ന് പ്രജകളാകുമ്പോൾ, അവർക്ക് തീരുമാനങ്ങളിൽ പങ്കില്ലാതെ വരും. ജനങ്ങൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് സർക്കാരാകും, പ്രജകൾ അത് അനുസരിക്കണം. ജനാധിപത്യം ഇതിന് നേരെ വിപരീതമാണ് എന്നത് കൊണ്ടാണ് അവർക്ക് അതിനോടും പഥ്യമില്ലാത്തത്.

ഭരണഘടനയോടുള്ള ഈ പ്രത്യയശാസ്ത്രത്തിൻ്റെ അസിഹിഷ്ണുത തുടങ്ങുന്നത്, അത് പൗരന്മാർക്ക് സ്വാതന്ത്ര്യവും, തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും നൽകുന്നു എന്നത് കൊണ്ടാണ്. അത് കൊണ്ടാണ് ഭരണഘടന തിരുത്തിയെഴുതാൻ അവർക്കിത്ര തിടുക്കം.

ചുരുക്കി പറഞ്ഞാൽ, സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിലെ പോലെ, രാജ്യത്തെ ഒരു ദേശമായും, സർക്കാരിനെ സർവ്വാധികാരിയായും, ജനങ്ങളെ പ്രജകളായും തുടർന്നു കാണാൻ താൽപര്യപ്പെടുന്ന കൂട്ടരാണ് പ്രശ്നം എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇത്രയും പറയുമ്പോൾ ഇവരുടെ ഈ പ്രത്യയശാസ്ത്രം നമ്മൾ പണ്ട് കേട്ടതല്ലേ എന്ന സംശയം തോന്നിയാൽ അത്ഭുതപ്പെടേണ്ട.

കാരണം, ഫാസിസത്തെ കുറിച്ച് നമ്മൾ കേട്ടത് ഇപ്രകാരമാണ്:
Fascism is a far-right, authoritarian, ultranationalist political ideology and movement, characterized by dictatorial power, forcible suppression of opposition, belief in a natural social hierarchy, subordination of individual interests for the good of the nation, and strong regimentation of society and the economy.

About Author

ഷബീർ അഹമ്മദ്

സോഷ്യൽ എഞ്ചിനീയറിങ്ങിൽ താല്പര്യം ഉള്ള കൊച്ചി സ്വദേശിയായ എഞ്ചിനീയർ. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉന്നത മാനേജ്‌മന്റ് രംഗത്ത് പ്രവർത്തിച്ച ഷബീറിന്റെ എഴുത്ത് താല്പര്യങ്ങൾ, ഇന്ത്യൻ രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങൾ എന്നിവയാണ്. കായിക രംഗത്തെ കുറിച്ചും ലേഖനങ്ങൾ എഴുതാറുണ്ട്.