A Unique Multilingual Media Platform

The AIDEM

Articles Development Kerala Politics Society

നവകേരള സദസ്സിന്റെ രാഷ്ട്രീയവും മാദ്ധ്യമങ്ങളുടെ അരാഷ്ട്രീയ നാട്യവും

  • December 2, 2023
  • 1 min read
നവകേരള സദസ്സിന്റെ രാഷ്ട്രീയവും മാദ്ധ്യമങ്ങളുടെ അരാഷ്ട്രീയ നാട്യവും

ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കളെക്കുറിച്ച് അവരെ ആ പദവിയിലേക്ക് നിയോഗിക്കുന്ന വോട്ടര്‍മാര്‍ക്ക് എക്കാലത്തുമുള്ള ആവലാതി, നിയമസഭയിലോ ലോക്‌സഭയിലോ സംസ്ഥാന-കേന്ദ്ര മന്തിസഭയിലോ എത്തുന്നതോടെ അവര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാവുന്നുവെന്നതാണ്. അത് വാസ്തവമാണുതാനും. തിരഞ്ഞെടുപ്പു കഴിയുന്നതോടെ ‘ബഹുമാനപ്പെട്ട’ വോട്ടര്‍മാര്‍ അവര്‍പോലുമറിയാതെ രണ്ട് വിഭാഗമായി വേര്‍തിരിക്കപ്പെടും. അധികാര കേന്ദ്രങ്ങള്‍ക്ക് അസ്പൃശ്യരായ വെറും സാധാരണ പൗരന്മാരും, ഭരണസിരാകേന്ദ്രങ്ങളില്‍ സ്വീകാര്യരായ പൗരപ്രമുഖരുമെന്ന രണ്ട് തട്ടുകാര്‍. സാധാരണ പൗരന്മാര്‍ക്കുള്ള സര്‍വ്വാണിസദ്യയും പൗരപ്രമുഖര്‍ക്കുള്ള സല്‍ക്കാരവും ഇതര സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും ഇന്നും വെവ്വേറെ പന്തികളിലാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള സദസ്സിൻ്റെ ഉദ്ഘാടന വേദിയിൽ/പിണറായി വിജയൻ (Facebook)

വില്ലേജാപ്പീസില്‍ തീര്‍പ്പാക്കേണ്ട കാര്യത്തിന് സെക്രട്ടേറിയറ്റ്‌ വരെ കയറിയിറങ്ങാന്‍ വിധിക്കപ്പെട്ടവരാണ് രാഷ്ട്രീയ സ്വാധീനമില്ലാത്ത സാധാരണക്കാര്‍. അധികാരകേന്ദ്രങ്ങളുടെ ജനവിരുദ്ധമായ ഈ പൊതുമനോഭാവമാണ് ദൈനംദിനജീവിതത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടിവരുന്നതെന്ന് സാധാരണ ജനങ്ങള്‍ സ്വന്തം ദുരനുഭവങ്ങളിലൂടെ തിരിച്ചറിയുന്നുമുണ്ട്. അതുകൊണ്ടാണ്, കേരളത്തില്‍ ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും ഒരുപോലെയാണെന്ന സാമാന്യവല്‍ക്കരണം പൊതുബോധമായി പടരുന്നത്. (കുറേക്കൂടി കടന്ന്, ഇവരുടേതിനേക്കാള്‍ ഭേദം ബ്രിട്ടീഷ് ഭരണമായിരുന്നുവെന്ന് അതിശയോക്തി പറയുന്ന യാഥാര്‍ത്ഥ്യബോധമില്ലാത്തവരുമുണ്ട്.) കുറേ വര്‍ഷങ്ങളായി ഇടതും വലതും ഒരുപോലെയാണെന്ന് സ്ഥാപിച്ച് ആ പഴുതില്‍ ബി.ജെ.പി.ക്ക് അനുകൂലമായ പൊതുവികാരം പരോക്ഷമായി സൃഷ്ടിക്കുവാനാണ് രാഷ്ട്രീയ-വാണിജ്യ താല്‍പ്പര്യങ്ങളുള്ള നിഷ്പക്ഷതാനാട്യക്കാരായ കേരളത്തിലെ കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങള്‍  ഉത്സാഹിക്കുന്നതെന്നുകൂടി സാന്ദര്‍ഭികമായി ഓര്‍മ്മിക്കാം.

ഏത് സര്‍ക്കാര്‍ അധികാരത്തിലേറിയാലും ബ്യൂറോക്രസി എന്ന ഹൃദയശൂന്യമായ റോബോട്ടാണ് എക്കാലത്തും ജനങ്ങളെ അപേക്ഷകരായ അടിമകളാക്കിമാറ്റുന്നത്. കമ്പ്യൂട്ടറിന് മുന്നിലാണ് ഇരിക്കുന്നതെങ്കിലും സര്‍ക്കാര്‍ ഗുമസ്ഥന്മാരുടെ ചുവപ്പുനാടക്കാലത്തെ മനോഭാവം അതേപടി നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ ഫയലുകളില്‍, പലതരം പ്രശ്‌നങ്ങളുമായി വരുന്ന മനുഷ്യരുടെ ജീവിതമാണെന്നൊക്കെ ആലങ്കാരികമായി പറയുന്ന മുഖ്യമന്ത്രിമാര്‍ക്കുപോലും അഴിക്കുവാനാവാത്തവിധം കെട്ടിമുറുക്കിക്കൂട്ടിയ ഫയലുകളാണ് തങ്ങളുടെ അധികാരത്തിന്റെ അടയാളമെന്ന് കേരള ബ്യൂറോക്രസിയുടെ ഭാഗമായ ഒരു വലിയ വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമറിയാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളായ ഭരണകര്‍ത്താക്കളെയുമെല്ലാം പൊതുജനങ്ങളുടെ സേവകര്‍ എന്ന അര്‍ത്ഥത്തില്‍ പബ്ലിക് സെര്‍വന്റ് എന്നാണ് വിശേഷിപ്പിക്കാറുള്ളതെങ്കിലും ഫലത്തില്‍ അവര്‍ യജമാനന്മാരും ജനം അവരുടെ മുന്നിലെ വിനീതവിധേയരായ അപേക്ഷകരുമാണ്. 

നവകേരള സദസ്സിനോട് അനുബന്ധിച്ച് ജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിക്കുന്നു/CPIM (Facebook)

വില്ലേജാപ്പീസിലെ അറ്റന്‍ഡര്‍ മുതല്‍ ചീഫ് സെക്രട്ടറിവരെയുള്ള വേലക്കാരുടെ (പബ്ലിക് സെര്‍വ്വന്റ് എന്നവിശേഷണത്തിന്റെ അര്‍ത്ഥം വേറെന്താണ്?) മുന്നില്‍ അപകര്‍ഷതയോടെ നില്‍ക്കേണ്ടിവരുന്ന പൗരന്മാരുടെ അപഹാസ്യമായ വിധേയഭാവമാണ് കേരളത്തിലെ ജനപ്രതിനിധികളെയും ബ്യൂറോക്രസിയെയും ദുഷിപ്പിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരമൊരവസ്ഥയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ ആവലാതി കേള്‍ക്കാന്‍ അവര്‍ക്കിടയിലേക്ക് നേരിട്ടിറങ്ങേണ്ടിവരുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ അകലം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ മറികടക്കാതെ ഒരു സര്‍ക്കാരിനും ജനകീയ സര്‍ക്കാരെന്ന വിശേഷണം നേടാനാവില്ല. നവകേരള സദസ്സുകളുമായി സഞ്ചരിക്കുന്ന കേരള മന്ത്രിസഭയുടെ നാടൊട്ടുക്കുമുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ വിഭാവനംചെയ്തവരും ഇതൊന്നും അറിഞ്ഞുകൂടാത്തവരാവില്ല. വൈകിയാണെങ്കിലും ഉണ്ടായ ആ തിരിച്ചറിവാണ്, സഞ്ചരിക്കുന്ന മന്ത്രിസഭ ( Kerala Cabinet on Wheels) എന്ന ആശയത്തിലേക്ക് നയിച്ച ഒരു ഘടകമെങ്കില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അഭിനന്ദിച്ചേ മതിയാവൂ. തിരഞ്ഞെടുത്ത ജനങ്ങളുമായി ഇടപഴകുക ഉത്തരവാദിത്വമാണെന്ന ഒരു തിരിച്ചറിവാണത്. മുന്‍ മുഖ്യമന്ത്രി തനിയേ ജനങ്ങളില്‍നിന്ന് പരാതി സ്വീകരിക്കുവാനായി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയേക്കാള്‍ അര്‍ത്ഥവ്യാപ്തിയുണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഒരു മന്ത്രിസഭതന്നെ ഇറങ്ങിവരുന്ന നവകേരള സദസ്സിനെന്ന് കാണാതെവയ്യ. കണിശമായ രാഷ്ട്രീയമുള്ള ഒരു തീരുമാനവും പദ്ധതിയുമാണത്.

നവ കേരള സദസ്സിന്റെ പോസ്റ്റർ/പിണറായി വിജയൻ (Facebook)

കൊളോണിയലിസം പിടിമുറുക്കുന്നതിനുമുമ്പുതന്നെ ബ്രിട്ടീഷുകാരുമായി ബന്ധുത്വം സ്ഥാപിച്ച പഴയ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആസ്ഥാനമാണല്ലോ, സ്വതന്ത്ര ഇന്ത്യയിലെ കേരളസംസ്ഥാനത്തിന്റെയും തലസ്ഥാനം. അത്ഭുതകരമെന്നു പറയട്ടെ, രാജവാഴ്ച്ചയുടെയും ബ്രിട്ടീഷ് ഭരണത്തിന്റെയും ജനാധിപത്യവിരുദ്ധമായ അതേ ഫ്യൂഡല്‍-കൊളോണിയല്‍ പാരമ്പര്യം തന്നെയാണ് ജനാധിപത്യ-പുരോഗമന കേരളത്തിലെ ബ്യൂറോക്രസിയും പിന്തുടരുന്നതെന്ന് ഏത് സാധാരണ പൗരനുമറിയാം. പൗരന്മാരനുഭവിക്കുന്ന ഭരണകൂടത്തിന്റെ അവഗണനയും അവമതിയും തിരിച്ചറിയാനിടയായ സാമൂഹികശാസ്ത്ര പണ്ഡിതരും ഗവേഷകരുമാണ് ഇതെന്തുകൊണ്ടാവാമെന്ന് വസ്തുനിഷ്ഠമായി പഠിക്കേണ്ടത്. അടുത്തിടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്റെ പദവിയിലിരുന്നുകൊണ്ട് ഒരുദ്യോഗസ്ഥന്‍ തയ്യാറാക്കിയ ക്ഷണപത്രംതന്നെയാണ് എന്റെ വാദത്തിന് നല്‍കാവുന്ന ഏറ്റവും പ്രകടമായ തെളിവ്. ഔദ്യോഗിക ക്ഷണപത്രമെന്ന മട്ടില്‍ പൊന്നു തമ്പുരാട്ടിമാര്‍ക്ക് മംഗളപത്രമെഴുതിയ ഇയാള്‍ ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. ജനവിരുദ്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു വലിയ വിഭാഗത്തിന്റെയും മന:ശാസ്ത്രത്തിലേക്കാണത് ചൂണ്ടുന്നത്. വിമര്‍ശനമുയര്‍ന്നപ്പോള്‍ അയാള്‍ നല്‍കിയ ന്യായീകരണത്തില്‍ത്തന്നെയുണ്ട് ആ രാജഭരണകാലത്തോടുള്ള ദാസ്യമനോഭാവം. മനപ്പൂര്‍വ്വമല്ല, തികച്ചും സ്വാഭാവികമായി എഴുതിപ്പോയതായിരുന്നു അതെന്നാണ് ആ രാജഭക്തന്റെ വിശദീകരണം. രാജസ്തുതി സ്വാഭാവികമാണെന്നും ജനാധിപത്യം അത്രത്തോളം സ്വാഭാവികമല്ലെന്നുമാണ് അതിന്റെ അര്‍ത്ഥം.

ജനാധിപത്യ സര്‍ക്കാരുകളുടെ യഥാര്‍ത്ഥ ദൗത്യത്തിന് വിഘാതമാവുന്ന ബ്യൂറോക്രസിയെ ജനാധിപത്യവല്‍ക്കരിക്കുവാന്‍ ബാദ്ധ്യസ്ഥരായ ജനപ്രതിനിധികളും ഭരണകൂടവുംപോലും ബ്യൂറോക്രസിയുടെ ദുഷിച്ച ഫ്യൂഡല്‍ സംസ്‌കാരത്തിന് വിധേയമാകുന്നുവെന്നതാണ് വൈപരീത്യം. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മില്‍ ഇത്രമാത്രം അകല്‍ച്ച നിലനില്‍ക്കുന്നതിന്റെ കാരണവുമതാണ്. വിമാനത്താവളങ്ങളും അതിവേഗ റെയിലും പോലുള്ള വികസന പദ്ധതികളേക്കാള്‍ അടിയന്തരമായി കേരളത്തിലുണ്ടാവേണ്ടത് ജനാധിപത്യസങ്കല്‍പ്പത്തില്‍ അടിയുറച്ചതും ആധുനികവും മനുഷ്യപ്പറ്റുള്ളതുമായ ബ്യൂറോക്രസിയാണ്. ഇനിയും അതില്ലാത്തതിനാലാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതുപോലുള്ള നവകേരള സദസ്സുകള്‍ അനിവാര്യമാവുന്നത്.

ജനസമ്പര്‍ക്കം എന്നത് ഭരണാധികാരികളുടെ വിശ്രമവേളയിലെ വിനോദവും തിരഞ്ഞെടുപ്പുകാലത്തെ അവരുടെ അത്യാവശ്യവും മാത്രമായ ഒരു കാലത്ത് മന്ത്രിസഭാംഗങ്ങള്‍ മുഴുവന്‍ ഒരുമിച്ച് ജനങ്ങളുമായി സംവദിക്കുവാന്‍ അവരുടെയടുക്കലെത്തുന്നതും ഇതാദ്യമാണെന്നു തോന്നുന്നു. നവകേരള സദസ്സ് ഈയര്‍ത്ഥത്തില്‍ ഭരിക്കപ്പെടുന്നവരുമായി നേരിട്ടിടപഴകുവാനുള്ള ആസൂത്രിതമായ ഒരു പദ്ധതിയുടെ തുടക്കമാണെങ്കില്‍, അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകാതിരിക്കില്ല. വയനാടും ഇടുക്കിയും അട്ടപ്പാടിയും കാസര്‍ഗോഡും പോലെ കേരളത്തിന്റെ മുഖ്യധാരയില്‍നിന്ന് ഇന്നും വേറിട്ടുകിടക്കുന്ന നിരവധി ജില്ലകളിലെ രാഷ്ട്രീയ സ്വാധീനമില്ലാത്ത സാധാരണ പൗരന്മാര്‍ വില്ലേജാപ്പീസുകളിലും കലക്ടറേറ്റുകളിലുമെല്ലാം നേരിടുന്ന അവഗണനയും അപമാനവും വര്‍ഷങ്ങളോളം അത്തരമൊരു ദിക്കില്‍ റൂറല്‍റിപ്പോര്‍ട്ടറായി ജോലിചെയ്തിരുന്ന എനിക്ക് വെറും കേട്ടുകേള്‍വിയല്ല. അതുകൊണ്ടാവണമല്ലോ മന്ത്രിമാര്‍തന്നെ ജനങ്ങളുടെ ആവലാതി കേള്‍ക്കുവാന്‍ അവരുടെയടുക്കലെത്തേണ്ടിവരുന്നത്. അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു പ്രതീകാത്മകചേഷ്ഠപോലും നല്ല ജനാധിപത്യത്തിന്റെ ലക്ഷണമാണെന്ന് ഞാന്‍ കരുതുന്നു. വര്‍ഷത്തില്‍ മൂന്നോ നാലോ തവണയെങ്കിലും ജില്ലാ കലക്ടറേറ്റുകളിലോ ജില്ലാ ആസ്ഥാനങ്ങളിലോ മുഴുവന്‍ മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുവാനെത്തുന്ന രീതിയുടെ ഒരു തുടക്കം മാത്രമായിരിക്കണം ഇപ്പോഴത്തെ നവകേരള സദസ്സ്.

മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു/പിണറായി വിജയൻ (Facebook)

മന്ത്രിസഭയുടെ ഈ ഊരുചുറ്റലിന് പല കാരണങ്ങളും ഉണ്ടാവാം. സര്‍ക്കാരിന് അതിന്റേതായ വിശദീകരണവുമുണ്ട്. ജനങ്ങളോട് മന്ത്രിമാര്‍ക്ക് സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുവാനും ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങളും ആവലാതികളും മന്ത്രിമാരെ നേരിട്ടറിയിക്കുവാനുമുള്ള അവസരമായിട്ടാണ് നവകേരള സദസ്സുകളെ വിഭാവനംചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച മുന്നണിയുടെ രാഷട്രീയ നയങ്ങള്‍ ചര്‍ച്ചചെയ്യുവാനും ജനഹിതം പരിശോധിക്കുവാനുമുള്ള വേദികള്‍കൂടിയാണിത്. എം.എല്‍.എമാരിലൂടെ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടിട്ടും ഫലംകാണാത്ത പ്രശ്‌നങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പൗരന്മാര്‍ക്ക് അവസരം നല്‍കുന്ന നവകേരള സദസ്സുകളെ പ്രതിപക്ഷം പേടിക്കുന്നതെന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ടിടപഴകുകയും അതിന്റെ ഫലം ജനങ്ങള്‍ക്ക് ലഭ്യമാവുകയുംചെയ്താല്‍ ഇനിവരുന്ന തിരഞ്ഞെടുപ്പില്‍ അത് ഇടതുമുന്നണിക്ക് അനുകൂലമായ പൊതുവികാരം സൃഷ്ടിച്ചേക്കാമെന്നതാണ് പ്രതിപക്ഷത്തിന്റെയും കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളുടെയും ഭയം. അതുകൊണ്ടാണ് മന്ത്രിമാര്‍ക്ക് സഞ്ചരിക്കുവാന്‍ തയ്യാറാക്കിയ ബസ്സിനെ മുന്‍നിര്‍ത്തിപ്പോലും അവര്‍ വിലകെട്ട വ്യാജകഥകള്‍ പ്രചരിപ്പിച്ചത്. ജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുവാനും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുവാനും സന്നദ്ധമാവുന്ന മന്ത്രിമാരെയും മുഖ്യമന്ത്രിയെയും അതില്‍നിന്ന് തടയാന്‍ ശ്രമിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പ്രതിപക്ഷവും, രാഷ്ട്രീയ-വാണിജ്യ താല്‍പ്പര്യങ്ങളുള്ള കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളും നല്‍കുന്നത്? അവര്‍തന്നെ സാവകാശം അതേക്കുറിച്ച് ആലോചിക്കുന്നതാവും ഉചിതം.

മന്ത്രിസഭയ്ക്ക് സഞ്ചരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ബസ്

ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകര്‍ത്താക്കള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുക എന്ന ആശയം നടപ്പാക്കുന്നതിനെതിരെ തെരുവില്‍ കലാപമുണ്ടാക്കുവാന്‍ ശ്രമിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരും യൂത്ത് ലീഗുകാരും, അതിനെ പ്രകീര്‍ത്തിക്കുന്ന മാദ്ധ്യമങ്ങളും വാസ്തവത്തില്‍ ജനങ്ങളെയും ജനാധിപത്യത്തെയുമാണ് അപഹസിക്കുന്നത്. തെരുവില്‍ സംഘര്‍ഷമുണ്ടാക്കി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. കരിങ്കൊടി കാണിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള അവരുടെ അവകാശം നിഷേധിക്കേണ്ടതില്ല, എന്നാല്‍, മന്ത്രിമാര്‍ ജനങ്ങളുടെയരികിലേക്ക് പോകുന്നത് കേരളീയരെ ബാധിക്കുവാന്‍പോകുന്ന വലിയ വിപത്താണെന്ന മട്ടില്‍ അതിനെ തടയാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റെയും അതിനെ പിന്തുണയ്ക്കുവാന്‍ വ്യാജവാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയ അജണ്ട ജനാധിപത്യവിരുദ്ധമാണെന്ന് പറയാതെവയ്യ. ഭരണാധികാരികള്‍ ജനങ്ങളുമായി ഇടപഴകുന്നതില്‍ പേടിക്കുന്ന പ്രതിപക്ഷത്തിന്റെ മനോനില പ്രാകൃതമാണ്. അതുകൊണ്ടാണവര്‍ അതിനെ ഗുണ്ടാസദസ്സെന്നും മുഖ്യമന്ത്രിയെ ക്രമിനല്‍ എന്നും ആക്ഷേപിക്കുന്നത്. നീണ്ട പത്തുവര്‍ഷം അധികാരമില്ലാതെ അലയേണ്ടിവന്നപ്പോഴുണ്ടായ പ്രതിപക്ഷത്തിന്റെ മനോവിഭ്രാന്തിയാണ് ഈ സംസ്‌കാരശൂന്യമായ പ്രകടനങ്ങളിലൂടെ വെളിപ്പെടുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള സദസ്സ് വേദിയിൽ/പിണറായി വിജയൻ (Facebook)

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അദ്ദേഹം തനിച്ച് പരാതികള്‍ സ്വീകരിക്കുകയായിരുന്നുവെങ്കില്‍, മുഴുവന്‍ മന്ത്രിമാരും ജനങ്ങളെ നേരിട്ടുകാണുകയാണ് നവകേരള സദസ്സുകളില്‍. വലിയ ജനപ്രീതി നേടിയ ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയേക്കാള്‍ കുറേക്കൂടി ആസൂത്രിതവും വിപുലവുമായ ഒരു ജനസമ്പര്‍ക്ക പരിപാടിയായിട്ടാണ് ഞാനിതിനെ കാണുന്നത്. ഒരു മന്ത്രിസഭ തന്നെ ജനങ്ങള്‍ക്കരികിലെത്തുന്നുവെന്നത് പുതിയൊരു ജനാധിപത്യ മാതൃകയാണ്. ഏത് മുന്നണി ഭരിക്കുമ്പോഴും സ്വീകരിക്കേണ്ട രീതിയാണിത്. തുടക്കത്തില്‍ നിരീക്ഷിച്ചതുപോലെ, തിരഞ്ഞെടുക്കപ്പെട്ട് ഭരണഘടനാ പദവിയിലെത്തുന്നതോടെ ജനപ്രതിനിധികള്‍ യജമാനന്മാരും ജനങ്ങള്‍ അവരുടെ ദയാദാക്ഷിണ്യത്തിനായി കേണപേക്ഷിക്കേണ്ടവരുമാവുന്ന കേരളത്തിലെ അവസ്ഥയ്ക്ക് മാറ്റംകുറിക്കുവാന്‍കൂടി ഈ നവകേരള സദസ്സുകള്‍ പ്രേരകമായിക്കൂടെന്നുമില്ല. ദന്തഗോപുരത്തിലിരിക്കേണ്ടുന്ന ആള്‍ദൈവങ്ങളൊന്നുമല്ല ജനപ്രതിനിധികളായ മന്ത്രിമാര്‍. അവര്‍ നാട്ടിലിറങ്ങി മനുഷ്യരെ കാണുകയും അവരെയേല്‍പ്പിച്ച ജോലിചെയ്യുന്നുണ്ടെന്ന് തങ്ങളെ ഭരണമേല്‍പ്പിച്ച ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യാന്‍ ബാദ്ധ്യതയുള്ളവരാണ്. ആ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുന്ന പ്രതിപക്ഷവും മാദ്ധ്യമങ്ങളും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിച്ച് സ്വയം അപഹാസ്യരാവുകയാണ്. 

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടിക്കിടെ/ File Photo

സര്‍ക്കാര്‍ ചെലവില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രാഷ്ട്രീയപ്രചരണം നടത്തുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തമാശയ്ക്ക് വക നല്‍കുന്നതാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട എന്തും സര്‍ക്കാര്‍ ചിലവിലാണ് നടത്തപ്പെടുകയെന്ന് ആര്‍ക്കാണറിയാത്തത്. ജനങ്ങള്‍ തിരഞ്ഞെടുത്ത എം.എല്‍.എമാര്‍ക്ക് പറയുവാനുളള്ളതുമാത്രമല്ല; അവരെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്കുകൂടി പറയുവാനുള്ളത് കേള്‍ക്കുവാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സന്നദ്ധമാവുന്നതിനെതിരെയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളെന്നതാണ് വിചിത്രം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതിപക്ഷം നടത്തുന്ന അപഹാസ്യസമരങ്ങളോടൊപ്പമാണ് രാഷ്ട്രീയലാക്കുകളുള്ള സ്വകാര്യ മുതലാളിമാരുടെ മാദ്ധ്യമങ്ങളും. നവകേരളയാത്രയോടെയല്ല മാദ്ധ്യമങ്ങളുടെ ഈ ജനവിരുദ്ധ-ജനാധിപത്യവിരുദ്ധ പ്രചരണങ്ങള്‍ തുടങ്ങിയതെന്നും വിസ്മരിക്കരുത്. ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കനുകൂലമായ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധി നടപ്പാക്കുവാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള സര്‍ക്കാരിനെതിരെ മതമൗലികവാദികളോടും വര്‍ഗ്ഗീയവാദികളോടുമൊപ്പം പ്രതിപക്ഷം തെരുവില്‍ കലാപം അഴിച്ചുവിട്ടപ്പോള്‍ അതില്‍ നീതിപീഠത്തിന്റെ വിധിയോടൊപ്പം നിലയുറപ്പിക്കുന്നതിനുപകരം ആ കലാപത്തെ ഊതിക്കത്തിച്ച് കോടതിവിധിയെ അട്ടിമറിക്കാന്‍ കൂട്ടുനിന്നപ്പോള്‍ത്തന്നെ മലയാള മാദ്ധ്യമങ്ങള്‍-വിശേഷിച്ചും വാര്‍ത്താ ചാനലുകള്‍- ഒരു സാമൂഹികവിരുദ്ധശക്തിയായി മാറിക്കഴിഞ്ഞുവെന്ന് മലയാളികള്‍ തിരിച്ചറിയേണ്ടതായിരുന്നു. എന്നാല്‍, അതുണ്ടായില്ലെന്നതുകൊണ്ടാണ് വീണ്ടും വീണ്ടും അതേ മാദ്ധ്യമങ്ങള്‍ വ്യാജവാര്‍ത്താ നിര്‍മ്മിതിയില്‍ ഏര്‍പ്പെടുന്നത്.

അതിവേഗം പടരുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ താലോലിക്കുന്ന, ഇടതുപക്ഷവിരോധം ഒരു ഫാഷനായി കൊണ്ടുനടക്കുന്ന സ്വാര്‍ത്ഥമതികളായ ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും അതേ ജനുസ്സില്‍പ്പെട്ട ഉഭയജീവികള്‍ തന്നെയാണ് മാദ്ധ്യമപ്രവര്‍ത്തനത്തെ സാമൂഹികമായ ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത വെറും പൈമ്പികവൃത്തിയായി ദുഷിപ്പിച്ച പാപ്പരാസി നിലവാരത്തിലുള്ള വ്യാജ മാദ്ധ്യമപ്രവര്‍ത്തകരും. ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുവാനുള്ള ബി.ജെ.പി-സംഘപരിവാര്‍ അജണ്ടക്ക് അനുകൂലമായി വ്യാജവാര്‍ത്തകളിലൂടെ സര്‍ക്കാരിനെതിരെ കാമ്പെയിന്‍ നടത്തുന്ന ഈ മലയാള മാദ്ധ്യമങ്ങള്‍ക്കുള്ള ഒരു മറുപടികൂടിയാണ് മന്തിസഭയുടെ ഈ പര്യടനം. മാദ്ധ്യമങ്ങള്‍ സംഘടിതമായി ബോധപൂര്‍വ്വം മൂടിവെച്ച ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളെ നേരിട്ടറിയിക്കുവാനും അവരുടെ ആവലാതികള്‍ നേരിട്ടുകേള്‍ക്കുവാനും അവസരമുണ്ടാവുമ്പോള്‍ മാദ്ധ്യമങ്ങളുടെ അജണ്ടകൾ തന്നെയാണ് പരാജയപ്പെടുന്നത്. നവകേരള സദസ്സുകള്‍ പ്രതിപക്ഷത്തെയെന്നപോലെ മാദ്ധ്യമങ്ങളെയും വിറളിപിടിപ്പിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അവരുണ്ടാക്കുന്ന വ്യാജവാര്‍ത്തകള്‍. വ്യാജവാര്‍ത്തകളിലൂടെ കുറേനാളത്തേക്കെങ്കിലും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ പൊതുജനമദ്ധ്യത്തില്‍ പ്രതിക്കൂട്ടില്‍നിര്‍ത്തുകയെന്നതാണ് പാപ്പരാസി നിലവാരത്തിലുള്ള മിക്ക മലയാള മാദ്ധ്യമപ്രവര്‍ത്തകരുടെയും രീതി. ക്രിമിനല്‍ പശ്ചാത്തലള്ള വ്യക്തിയെന്ന് തങ്ങള്‍തന്നെ മുദ്രകുത്തിയ ഒരു സ്ത്രീയുടെ വീട്ടില്‍ ഒ.ബി വാനുമായി ബി.ജെ.പിക്കുവേണ്ടി മുഖ്യമന്ത്രിക്കെതിരായ അപവാദകഥകള്‍ തത്സമയം പ്രേക്ഷകരിലെത്തിക്കാന്‍ കാത്തുകെട്ടിക്കിടന്ന സാമാന്യബോധവും ആത്മാഭിമാനവുമില്ലാത്തവരാണ് നമ്മുടെ മാദ്ധ്യമമണ്ഡലത്ത പ്രതിനിധീകരിക്കുന്നതെന്ന വസ്തുത ആശങ്കാജനകമാണ്. അവരുടെ നിഷ്പക്ഷതാനാട്യം അപായകരമായ തീവ്ര വലതുപക്ഷാശയങ്ങള്‍ക്ക് പൊതുജനസമ്മതി ഉണ്ടാക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗവുമാണ്. കേരളത്തിലെ ഏറ്റവും വലിയ സാമൂഹികവിരുദ്ധ ശക്തിയായി മാറാനുള്ള മത്സരത്തിലാണ് മലയാളത്തിലെ മഹാഭൂരിപക്ഷം വാര്‍ത്താ മാദ്ധ്യമങ്ങളും.

മുഖ്യമന്ത്രി പിണറായി വിജയൻ നവ കേരള സദസ്സ് വേദിയിൽ സംസാരിക്കുന്നു/CPIM (Facebook)

ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കുവാനുള്ള ഈ മാദ്ധ്യമ അജണ്ട കേന്ദ്ര സര്‍ക്കാരിന്റെ ബൃഹദ്പദ്ധതിയുടെ ഭാഗമാണെന്നറിയാന്‍ അവര്‍തന്നെ നടത്തുന്ന ജേര്‍ണലിസം കോഴ്‌സ് പാസ്സാവുകയൊന്നും വേണ്ട. ഈ നിരുത്തരവാദ മാദ്ധ്യമപ്രവര്‍ത്തനം ശരിക്കും ജനാധിപത്യവിരുദ്ധമായ ഒരു സാമൂഹികവിരുദ്ധപ്രവര്‍ത്തനമല്ലാതെ മറ്റൊന്നുമല്ല. നിഷ്പക്ഷതാ നാട്യത്തോടെ വലതുപക്ഷ പ്രത്യയശാസ്ത്ര പ്രകീര്‍ത്തനം നടത്തുന്ന വന്‍കിട കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങള്‍ നവകേരള സദസ്സിനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെയും വ്യാജപ്രചരണങ്ങളെയും എന്നെപ്പോലൊരാള്‍ക്ക് ഈ പശ്ചാത്തലത്തിലേ കാണാനാവൂ. അതിനര്‍ത്ഥം ഞാന്‍ ഈ സര്‍ക്കാരിന്റെ അന്ധഭക്തനാണെന്നുമല്ല. ഭരിക്കുന്ന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുവാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കപ്പെടുമ്പോഴേ ഒരു നാട്ടില്‍ ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് കരുതാനാവൂ. എന്നാല്‍ ഇടതുപക്ഷവിരോധം മാത്രമാണ് മലയാള മാദ്ധ്യമങ്ങളെ നയിക്കുന്നത്. ജനാധിപത്യവിരുദ്ധമായ പല നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുതന്നെ പലപ്പോഴും ഉണ്ടാവുന്നുണ്ട്. ജനങ്ങള്‍ അവര്‍ക്ക് ദോഷകരമാവുമെന്ന് ഭയന്ന് വേണ്ടെന്നു പറയുന്ന പല പദ്ധതികളും ആരെതിര്‍ത്താലും നടപ്പാക്കുമെന്ന് ഭീഷണി മുഴക്കുന്ന ഭരണകര്‍ത്താക്കളുടെ ധാര്‍ഷ്ട്യം അത്രയൊന്നും നിഷ്‌കളങ്കമോ ജനാധിപത്യമര്യാദകള്‍ക്ക് നിരക്കുന്നതോ അല്ല. നവകേരള സദസ്സിനെതിരെ കരിങ്കൊടി കാണിക്കാനിടയുള്ളവരെ കരുതല്‍ തടങ്കിലാക്കാനുള്ള പൊലീസ് ജാഗ്രതയും ഒരു നല്ല ജനാധിപത്യത്തിന്റെ ലക്ഷണമല്ല. ഇന്ദിരാ ഗാന്ധിയുടെ സഹമന്ത്രിമാര്‍ തുടങ്ങിവെച്ചതും നരേന്ദ്ര മോദിയും കൂട്ടരും വികസിപ്പിച്ചെടുത്തതുമായ വ്യക്തിപൂജയുടെ സംസ്‌കാരം ഇടതുപക്ഷത്തെയും ബാധിച്ചിട്ടുണ്ട്. നേതാക്കളെ ആള്‍ദൈവമാക്കി വാഴ്ത്തുന്ന അശ്ലീല സംസ്‌കാരവും നല്ല ജനാധിപത്യത്തിന്റെ ലക്ഷണമല്ല. നവ കേരള യാത്രയില്‍നിന്ന് ഇത്തരം ചില പാഠങ്ങള്‍കൂടി പഠിക്കുവാന്‍ കഴിയുമ്പോഴാണ് ഈ പുതിയ ആശയം അര്‍ത്ഥവത്തായ ജനാധിപത്യത്തിന് മാതൃകയായിത്തീരുക. വിദ്വേഷത്തോടെയുള്ള സങ്കുചിതത്വമല്ല, വിവേകപൂര്‍വ്വമായ സഹിഷ്ണുതയാണ് ഒരിടതുപക്ഷ സര്‍ക്കാരില്‍നിന്ന് എന്നെപ്പോലുള്ളവര്‍ പ്രതീക്ഷിക്കുന്നത്. നവകേരള സദസ്സ് ആ മാറ്റത്തിന്റെ തുടക്കമായില്ലെങ്കില്‍, പ്രതിപക്ഷം ആരോപിക്കുന്നതുപോലെ അതൊരു പാഴ്ച്ചിലവും പാഴ്‌വേലയുമാവുകയേയുള്ളൂ. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

ഒ. കെ. ജോണി

ഡോക്യുമെന്ററി സംവിധായകൻ, സിനിമ നിരൂപകൻ, സഞ്ചാര സാഹിത്യകാരൻ, മാധ്യമ നിരീക്ഷകൻ.

3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
M. Jayaraj
M. Jayaraj
9 months ago

Best observations.

Venu Edakkazhiyur
Venu Edakkazhiyur
9 months ago

ഈ ലേഖനം വ്യാപകയി വായിക്കപ്പെടണം, ജോണിക്ക് അഭിവാദ്യങ്ങൾ 🙏

സുജിത്
സുജിത്
9 months ago

നല്ല നിരീക്ഷണം .. മാധ്യമ വിദ്യാർഥികൾക്ക് പഠന വിധേയമാക്കവുന്ന ലേഖനം