A Unique Multilingual Media Platform

The AIDEM

Articles Law Politics

ഒടുവിൽ സിദ്ദിക്ക് കാപ്പൻ പുറത്തിറങ്ങുമ്പോൾ

  • February 2, 2023
  • 1 min read
ഒടുവിൽ സിദ്ദിക്ക് കാപ്പൻ പുറത്തിറങ്ങുമ്പോൾ

“നീതി പൂർണമായി കിട്ടിയിട്ടില്ല…”

846 ദിവസത്തെ തടങ്കലിനുശേഷം 2023 ഫെബ്രുവരി 2 ന് സ്വാതന്ത്ര്യത്തിൻറെ വായു വീണ്ടും ശ്വസിച്ച മലയാളി പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞവാക്കുകളാണിവ. തെളിയിക്കപ്പെടാത്ത, തെളിവുകൾ കണ്ടെത്താനാകാത്ത കേസിൽ രണ്ട് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ കാപ്പന് മറ്റൊരുവിധത്തിലും ഇതിനോട് പ്രതികരിക്കാനാവില്ല. യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജയിലിലടച്ച കാപ്പനെതിരെ യാതൊരുവിധ തെളിവും ഹാജരാക്കാൻ യു പി പൊലീസിനായിട്ടില്ല. കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും   എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്  രജിസ്റ്റർ ചെയ്ത സാമ്പത്തിക ഇടപാട് കേസിൽ കൂടി ജാമ്യം ലഭിക്കണമെന്ന കടമ്പ അപ്പോഴും കാപ്പന് മുന്നിൽ ബാക്കിനിന്നു. കഴിഞ്ഞ ഡിസംബറിൽ ഇഡി കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ പിന്നെയും മാസങ്ങളെടുത്തു. കാപ്പനെ പുറത്തിറക്കാതിരിക്കാൻ ഉത്തർ പ്രദേശ് സർക്കാർ നടത്തിയ കളികളുടെ ഭാഗമായിരുന്നു ഇത്.

2020 ഒക്ടോബറിൽ ഹഥ്രാസിലേക്കുള്ള ഔദ്യോഗിക യാത്രയ്ക്കിടെയാണ് യുപി പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. പിന്നാലെ പോപ്പുലർ ഫ്രണ്ടിൻറെ സാമ്പത്തിക ഇടപാടുകളിൽ സിദ്ദിഖ് കാപ്പനും പങ്കുണ്ടെന്നാരോപിച്ച്  ഇ.ഡിയും  കേസ് എടുത്തു. കാപ്പനെ പുറത്തുവിടാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പിന്നീടിങ്ങോട്ട് ഉത്തർ പ്രദേശ് സർക്കാർ പയറ്റി. കേസുകളിൽ കോടതികൾ പലകുറി ജാമ്യം നിഷേധിച്ചു. ജയിലിൽവെച്ച് അസുഖബാധിതനായി.  

ജയിൽ മോചിതനായ സിദ്ദിഖ് കാപ്പൻ കുടുംബത്തിനും അഭിഭാഷകർക്കുമൊപ്പം

യുഎപിഎ കേസിൽ സുപ്രീംകോടതി കഴിഞ്ഞ സെപ്തംബർ 9 നാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. കാപ്പനെതിരെ കാര്യമായ തെളിവുകൾ ഒന്നും തന്നെ സുപ്രീംകോടതിയിൽ ഹാജരാക്കാൻ യുപി പൊലീസിനായില്ല. കാപ്പനെതിരെ മാപ്പുസാക്ഷിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നാണ് പ്രൊസിക്യൂഷൻ സുപ്രീംകോടതിയെ അറിയിച്ചത്. അതായത് രണ്ട് വർഷത്തോളം കേസ് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായിട്ടില്ലെന്നും കണ്ടെത്തും വരെ ജാമ്യം നിഷേധിക്കണമെന്നുമുള്ള  വിചിത്രമായ വാദം.

ഡിസംബർ 23 ന് ഇ ഡിയുടെ കേസിൽ അലഹബാദ് ഹൈക്കോടതിയും കാപ്പന് ജാമ്യം നൽകി. 5000 രൂപ കൂട്ടുപ്രതിയായ അതിഖുർ റഹമാൻറെ അക്കൌണ്ടിലേക്ക് വന്നിട്ടുണ്ട് എന്ന ആരോപണമല്ലാതെ സിദ്ദിഖ് കാപ്പൻറെ അക്കൌണ്ടിലേക്കോ കൂട്ടുപ്രതിയുടെ അക്കൌണ്ടിലേക്കോ യാതൊരുവിധത്തിലുമുള്ള  പണമിടപാടും നടന്നിട്ടില്ലെന്ന്  ജസ്റ്റിസ് ദനേഷ് കുമാർ സിങ്   ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപയുടെ രണ്ട് പ്രദേശവാസികളുടെ ആൾ ജാമ്യത്തിലാണ് കാപ്പന്  കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ കാപ്പൻറെ ജയിൽ മോചനം പിന്നെയും വൈകിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു ഉത്തർ പ്രദേശ് സർക്കാർ സ്വീകരിച്ചത്. ജാമ്യക്കാരുടെ വെരിഫിക്കേഷൻ നടപടികൾ വൈകിപ്പിക്കുകയെന്നതായിരുന്നു പുതിയ തന്ത്രം.

യുഎപിഎ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച് പത്ത് ദിവസത്തിനകം തന്നെ രണ്ട് ജാമ്യക്കാരെ കാപ്പന് വേണ്ടി അഭിഭാഷകർ ഹാജരാക്കിയിരുന്നു. അവരിലൊരാൾ  ഉത്തർ പ്രദേശിലെ സാമൂഹിക പ്രവർത്തകയും ലഖ്നൌ യൂണിവേഴ്സിറ്റി മുൻ വി.സിയുമായ രൂപ് രേഖ വർമ ആണ്. മാധ്യമപ്രവർത്തകനായ കുമാർ ശൌഭിക്കായിരുന്നു ഇഡി കേസിലെ രണ്ട് ജാമ്യക്കാരിൽ ഒരാൾ. അറിയപ്പെടുന്ന വ്യക്തിത്വങ്ങളായിട്ടുപോലും ഇവരുടെ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ യുപി സർക്കാർ എടുത്തത് മാസങ്ങളാണ്. സുപ്രീംകോടതി സെപ്തംബറിൽ നൽകിയ ജാമ്യത്തിൽ ജാമ്യക്കാരുടെ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകിയത് ജനുവരിയിൽ. ജാമ്യക്കാരുടെ വെരിഫിക്കേഷൻ നടപടികൾ പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ഇ.ഡി കേസിൽ ജാമ്യം നൽകുമ്പോൾ  ഹൈക്കോടതി നിർദേശം നൽകിയെങ്കിലും അവിടെയും മെല്ലെപ്പോക്ക് സമീപനമായിരുന്നു. കോടതിയുടെ നിർദേശം വകവെക്കാതെ ആഴ്ച്ചകൾ എടുത്താണ് ഈ കേസിലെ വെരിഫിക്കേഷൻ നടപടികളും ഉദ്യോഗസ്ഥർ പൂർത്തിയാക്കിയത്. ഇതിനിടെ പലകുറി ജാമ്യക്കാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നടപടികളും ഉത്തർപ്രദേശ് പൊലീസിൻറെ ഭാഗത്ത് നിന്ന് ഉണ്ടായതായി ആക്ഷേപങ്ങളുണ്ട്. പ്രശസ്തരായവരാരും തന്നെ മലയാളിയായ സിദ്ദിഖ് കാപ്പന് വേണ്ടി ജാമ്യം നിൽക്കാൻ തയ്യാറാകില്ലെന്നായിരുന്നു ഉത്തർ പ്രദേശ് സർക്കാരിൻറെ കണക്കുകൂട്ടൽ. എന്നാൽ ആ ധാരണ തെറ്റിച്ചുകൊണ്ടാണ് 79 കാരിയായ രൂപ് രേഖ വർമയും കുമാർ ശൌഭിക്കും അടക്കമുള്ളവർ  ജാമ്യക്കാരായെത്തിയത്. ജാമ്യക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് വെരിഫിക്കേഷൻ നടപടികൾ കഴിയാവുന്നത്ര വൈകിപ്പിക്കുകയെന്നതിലേക്ക് യുപി സർക്കാർ എത്തിയത്. 

ഈ കടമ്പകൾ എല്ലാം താണ്ടിയാണ് സിദ്ദിഖ് കാപ്പൻ ഒടുവിൽ മോചിതനായിരിക്കുന്നത്. അതിനാൽ തന്നെയാണ് നീതി പൂർണമായും ലഭിച്ചിട്ടില്ലെന്ന കാപ്പൻറെ വാക്കുകൾക്ക് പ്രസക്തി ഏറുന്നതും. 

Related Story: കാപ്പനെ കുരുക്കാൻ മാപ്പുസാക്ഷി


Subscribe to our channels on YouTube & WhatsApp

 

About Author

Sanub Sasidharan

മാധ്യമപ്രവർത്തകൻ. ദി ഐഡം, ഏഷ്യനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ടി.വി. എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Viswanath Babu
Viswanath Babu
1 year ago

ആരുടെ …… ഒടുവിൽ…..

നിങ്ങൾ മുതിർന്ന മാധ്യമ പ്രവർത്തകർക്ക് വ്യക്തമായി അറിയാം….

ഇനിയും ആരൊക്കെ ആണ് നിരീക്ഷണത്തിൽ എന്നും….😎