A Unique Multilingual Media Platform

The AIDEM

Articles Culture Politics Society

ഗ്യാൻവാപി സമീപകാല ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

  • September 13, 2022
  • 1 min read
ഗ്യാൻവാപി സമീപകാല ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2022 സെപ്റ്റംബർ 12 ന് ഗ്യാൻവാപി പള്ളിയുടെ മാനേജ്‌മെന്റ് അഞ്ചുമാൻ ഇന്തസാമിയ മസാജിദ്‌ കമ്മിറ്റിയുടെ ഹർജ്ജി വാരണസി ജില്ലാ കോടതി തള്ളി. ഗ്യാൻവാപി പള്ളിയിൽ ആരാധന സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള  വിശ്വ വേദിക് സനാതൻ സംഘ് സംഘടനയിലെ സ്ത്രീകൾ നൽകിയ ഹർജ്ജി ഫയലിൽ സ്വീകരിക്കുകയും ചെയ്‌തു. 22 സെപ്റ്റംബറിന് കേസ് വീണ്ടും വാദം കേൾക്കും. കേസുമായി ബന്ധപ്പെട്ടുള്ള നാൾവഴികൾ:

1991: സ്വയംഭൂ ജ്യോതിലിംഗ ഭഗവാൻ വിശ്വേശർ ന്റെ നാമധേയത്തിലുള്ള ഭക്തർ ഗ്യാൻവാപി പള്ളി സ്ഥിതി ചെയ്യുന്നത് മുൻപ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തായിരുന്നു എന്നും മുഗൾ ഭരണാധികാരി ഔറംഗസേബ് 1964 ൽ ക്ഷേത്രം തകർത്തതിനു ശേഷമാണ് അവിടെ പള്ളി പണിതത് എന്നും അവകാശപ്പെട്ട് ആദ്യ കേസ് ഫയൽ ചെയ്‌തു. പള്ളിക്ക് അതിനാൽ തന്നെ 1991 ലെ ആരാധനക്കുള്ള ഇടങ്ങൾ (പ്രത്യേക വ്യവസ്ഥ) നിയമം ബാധകമല്ല എന്നും തങ്ങൾക്ക് അവിടെ ആരാധിക്കാൻ ഉള്ള അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.

1998: ഗ്യാൻവാപി പള്ളി മാനേജ്‌മെന്റ് തടസ്സ അപേക്ഷ സമർപ്പിക്കുന്നു. 1991 ലെ പ്രത്യേക വ്യവസ്ഥ നിയമം ഇവിടെയും ബാധകമാണ് എന്ന വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തടസ്സ അപേക്ഷ

2019: സ്വയംഭൂ ജ്യോതിലിംഗ ഭഗവാൻ വിശ്വേശർ നു വേണ്ടി അഡ്വ. വിജയ് ശങ്കർ രസ്തോഗി വാരണസി കോടതിയിൽ ഡിസംബറിൽ ഒരു ഹർജി സമർപ്പിച്ചു. ഗ്യാൻവാപി പള്ളി പരിസരത്തിന്റെ മുഴുവനായി ഉള്ള ഒരു ആർക്കിയോളജിക്കൽ സർവ്വേ നടത്തണം എന്ന് ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ബാബ്‌റി മസ്‌ജിദ്‌-രാമ ജന്മഭൂമി വിധി പ്രസ്താവനക്ക് ശേഷമാണ് ഈ അപേക്ഷ ഫയൽ ചെയ്‌തത്‌.

2020: ഗ്യാൻവാപി പള്ളിയുടെ മാനേജ്‌മെന്റ് അഞ്ചുമാൻ ഇന്തസാമിയ മസാജിദ്‌ കമ്മിറ്റി പള്ളി ഇരിക്കുന്ന ഇടത്തെ എഎസ്ഐ സർവ്വേ എതിർത്തുകൊണ്ട് പെറ്റീഷൻ സമർപ്പിച്ചു. അലാഹാബാദ് ഹൈ കോടതി സ്റ്റേ നീട്ടി നൽകാതിരുന്ന പശ്ചാത്തലത്തിൽ കീഴ്‌ക്കോടതിയിൽ അവർ മറ്റൊരു പെറ്റീഷൻ കൂടി സമർപ്പിച്ചു.

2021: ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് സർവ്വേ നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ വാരണസി കോടതി ഏപ്രിൽ മാസത്തിൽ ഉത്തരവ് നൽകി. എന്നാൽ ഉത്തർ പ്രദേശ് സുന്നി സെൻട്രൽ വക്കഫ് ബോർഡും അഞ്ചുമാൻ ഇന്തസാമിയ മസാജിദ്‌ കമ്മിറ്റിയും ഈ ഉത്തരവിനെ എതിർത്തു. കേസ് അലാഹാബാദ് കോടതി കേൾക്കുകയും കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേൾക്കുന്നത് വരെ സർവ്വേക്ക് താൽക്കാലിക സ്റ്റേ നൽകുകയും ചെയ്‌തു.

18 ഏപ്രിൽ 2021: ഗ്യാൻവാപി പരിസരത്ത് ആരാധനക്ക് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശ്വ വേദിക് സനാതൻ സംഘ് എന്ന സംഘടനയിൽ പെട്ട 5 സ്ത്രീകൾ വാരണസി സിവിൽ കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചു. 

26 ഏപ്രിൽ 2022: സിവിൽ കോടതിയുടെ ജഡ്‌ജ്‌ രവി കുമാർ ദിവാകർ കാശി വിശ്വനാഥ്-ഗ്യാൻവാപി പ്രദേശത്തെയും പരിസരത്തെയും ഉൾപ്പെടുത്തി ശ്രിങ്കർ ഗൗരി ക്ഷേത്രത്തിന്റെ വീഡിയോ സർവ്വേ നടത്തുവാൻ ഉത്തരവിട്ടു. 

6 മെയ് 2022: ഗ്യാൻവാപി പള്ളിയിലേക്ക് ഒരു കൂട്ടം അഭിഭാഷകർക്ക് പ്രവേശനം നിഷേധിച്ചത് മൂലം വീഡിയോ സർവ്വേ ഇടക്ക് വെച്ച് തടസപ്പെട്ടു.

12 മെയ് 2022: സർവ്വേ തുടരുമെന്ന് കോടതി അറിയിച്ചു. മെയ് 17 ന് ഉള്ളിൽ സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം എന്നും വാരണസി കോടതി നിർദ്ദേശിച്ചു. പള്ളി ഇരിക്കുന്ന ഇടത്ത് കുളം വറ്റിച്ചപ്പോൾ അതിൽ നിന്നും ശിവലിംഗം ലഭിച്ചു എന്ന് വാദി ഭാഗം അവകാശപ്പെട്ടു. കുളത്തിൽ നിന്നും ലഭിച്ചത് ജലധാരയുടെ ഒരു ഭാഗമാണ് എന്ന് അഞ്ചുമാൻ ഇന്തസാമിയ മസാജിദ്‌ കമ്മിറ്റി പിന്നീട് കോടതിയിൽ വാദിച്ചു.

13 മെയ് 2022: അഞ്ചുമാൻ ഇന്തസാമിയ മസാജിദ്‌ കമ്മിറ്റി വീഡിയോ സർവ്വേ നടത്തുന്നതിൽ തങ്ങൾക്കുള്ള പ്രയാസങ്ങൾ സുപ്രീം കോടതിക്ക് മുൻപിൽ സമർപ്പിച്ചു. വാരണസി സിവിൽ കോടതി നടപടികൾക്ക് സ്റ്റേ ആവശ്യപ്പെടുകയും ചെയ്‌തു. സുപ്രീം കോടതി സ്റ്റേ നൽകിയില്ല എങ്കിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യാൻ നിശ്ചയിച്ചു.

16 മെയ് 2022: സുപ്രീം കോടതിയുടെ ഇടപെടൽ മൂലം വാരണസി കോടതി ജില്ലാ മജിസ്‌ട്രേറ്റിനോട് ഈ ഇടം സീൽ ചെയ്യാൻ ആവശ്യപ്പെട്ടു. 

17 മെയ് 2022: ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹയും കേസിൽ വാദം കേൾക്കുന്നത് ആരംഭച്ചു.

20 മെയ് 2022: വാരണസി ജില്ലാ ജഡ്‌ജിന്‌ സുപ്രീം കോടതി കേസ് കൈമാറി.

24 ആഗസ്ററ് 2022: ജില്ലാ ജഡ്‌ജ്‌ എ കെ വിശ്വേശ് ഇരു ഭാഗങ്ങളുടെയും വാദം കേട്ടതിനു ശേഷം സെപ്റ്റംബർ 12 ന് വിധി പ്രസ്താവിക്കും എന്ന് അറിയിച്ചു. 

12 സെപ്റ്റംബർ 2022: ജില്ലാ ജഡ്‌ജ്‌ എ കെ വിശ്വേശ് അഞ്ചുമാൻ ഇന്തസാമിയ മസാജിദ്‌ കമ്മിറ്റിയുടെ ഗ്യാൻവാപി പള്ളിയുടെയും പരിസരത്തേയും അവകാശത്തെ സംബന്ധിച്ച് ഉള്ള സിവിൽ സ്യൂട്ടുകൾക്ക് എതിരെയുള്ള ഹർജ്ജി നിലനിൽക്കില്ല എന്ന് പ്രസ്ഥാവിച്ചു. 1991 ലെ ആരാധനക്കുള്ള ഇടങ്ങൾ (പ്രത്യേക വ്യവസ്ഥ) നിയമം ബാധകമാക്കരുത് എന്ന് പറഞ്ഞു നൽകിയ പെറ്റീഷന് എതിരെയുള്ള തടസ്സ ഹർജ്ജി കോടതി തള്ളി. ഗ്യാൻവാപി പള്ളിയിൽ ആരാധന സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള  വിശ്വ വേദിക് സനാതൻ സംഘ് സംഘടനയിലെ സ്ത്രീകൾ നൽകിയ ഹർജ്ജി ഫയലിൽ സ്വീകരിക്കുകയും ചെയ്‌തു. 

About Author

ദി ഐഡം ബ്യൂറോ