A Unique Multilingual Media Platform

The AIDEM

Articles Politics

2022 ൽ രാഷ്ട്രീയകേരളം താണ്ടിയ വഴികൾ

  • December 31, 2022
  • 1 min read
2022 ൽ രാഷ്ട്രീയകേരളം താണ്ടിയ വഴികൾ

ഈ വർഷവും കേരളരാഷ്ട്രീയത്തിൽ മുൻ വർഷങ്ങളെപോലെ തന്നെ വലിയ വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ചാണ് കടന്നുപോകുന്നത്. വിവാദങ്ങളും വാർത്തകളും സൃഷ്ടിക്കുന്നതിൽ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ പങ്കുവഹിച്ചു. സിൽവർ ലൈൻ മുതൽ വിഴിഞ്ഞം വരെ ശക്തമായ പലസമരങ്ങൾക്കും 2022 ൽ കേരളം സാക്ഷ്യം വഹിച്ചു. കേരളരാഷട്രീയത്തിൽ നിറഞ്ഞുനിന്ന ചില അതികായ‍ർ വിടപറഞ്ഞ വർഷം കൂടിയാണ് 2022. കേരളം കണ്ട ചില രാഷ്ട്രീയസംഭവങ്ങളിലൂടെ

​ഗവർണ‍ർ – സർക്കാർ തല്ല്

​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള വാക്ക് യുദ്ധം വർഷം മുഴുവനും നീണ്ടുനിന്നു. സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഒപ്പിടില്ലെന്ന് വരെ നിലപാടെടുത്ത ​ഗവർണർ സർക്കാരിന്റെ ഓർഡിനൻസുകൾ മടക്കുകയും ചില ബില്ലുകളിൽ ഒപ്പിടില്ലെന്ന് പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവിക്കുകയും ചെയ്തു. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകുന്നത്, കണ്ണൂർ സർവ്വകലാശാലയിലെ വി.സിയുടെ പുനർനിയമനം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാ​ഗേഷിന്റെ ഭാര്യ പ്രിയ വർ​ഗീസിന്റെ കണ്ണൂർ സർവ്വകലാശാലയിലെ നിയമനം, സാങ്കേതിക സർവ്വകലാശാല വി.സി നിയമനം,ചാൻസിലർ സ്ഥാനത്ത് നിന്ന് ​ഗവർണറെ നീക്കുന്നതിനുള്ള സർവ്വകലാശാല ഭേദ​ഗതി ബിൽ, ലോകായുക്ത ഭേദ​ഗതി ബിൽ തുടങ്ങി നിരവധി വിഷയങ്ങളാണ് പലപ്പോഴായി പോരിന് വിഷയങ്ങളായത്. പലകുറി വാർത്താസമ്മേളനം വിളിച്ച് ​ഗവർണർ സർക്കാരിനെതിരെ പോർമുഖം തുറന്നു. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ ​ഗവർണർക്കെതിരെ തുറന്നടിക്കുകയും ചെയ്തു. ധനമന്ത്രി കെ എൻ ബാല​ഗോപാലിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നടക്കം ആവശ്യപ്പെട്ടും ​രം​ഗത്തെത്തിയ ​ഗവർണർ ബില്ലുകളിൽ ഇതുവരേയും ഒപ്പിട്ടിട്ടില്ല. ഇരുകൂട്ടരും തമ്മിലുള്ള പോരിന്റെ തുടർച്ച അടുത്ത വർഷവും ഉണ്ടാകുമെന്നുറപ്പ്.

Pinarayi with Governor

സിൽവർ ലൈൻ സമരം

തിരുവന്തപുരത്ത് നിന്ന് കാസര്‌കോട് വരെ നാലരമണിക്കൂറിൽ എത്തിച്ചേരാവുന്ന കേരളത്തിന്റെ സ്വന്തം അതിവേ​ഗ റെയിൽവേയെന്ന സർക്കാരിന്റെ സ്വപ്നത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനവ്യാപകമായി നടന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന പദ്ധതിയെന്നാണ് സർക്കാർ അവകാശപ്പെട്ടതെങ്കിലും പദ്ധതിക്ക് ഇതുവരേയും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. പാതയ്ക്കായി സ്ഥലം ഏറ്റെടുക്കാൻ സർവ്വേ കല്ലുകൾ ഇട്ടിടത്തെല്ലാം പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ മഞ്ഞ സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞു. പൊലീസിനെ ഉപയോ​ഗിച്ച് കല്ലിടൽ തുടരാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ സമരവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പും നടപടികൾ നിർത്തിവെയ്ക്കുന്നതിന് സർക്കാരിനെ നിർബന്ധിതരാക്കി.

Silverline protest

വിഴിഞ്ഞം സമരം

വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ സമരം വീണ്ടും ശക്തമാകുന്നതാണ് വർഷാവസാനത്തിൽ കണ്ടത്. തീരശോഷണം തങ്ങളുടെ ഉപജീവനമാർ​ഗം ഇല്ലാതാക്കുന്നുവെന്നാരോപിച്ചാണ് മത്സ്യതൊഴിലാളികൾ ലത്തീൻ സഭയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. 7 ആവശ്യങ്ങൾ ഉന്നയിച്ച് ആരംഭിച്ച സമരം പലപ്പോഴും അക്രമാസക്തമാവുകയും ചെയ്തു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ മാർച്ചിലെ ആക്രമണത്തോടെ ബിഷപ്പ് അടക്കമുള്ളവർക്കെതിരെ കേസെടുത്ത് സർക്കാരും നടപടികൾ കർശനമാക്കി. ചർച്ചകൾക്കൊടുവിൽ തീരശോഷണം സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോ​ഗിച്ച സമിതി സമരക്കാരുമായി ചർച്ച നടത്തുമെന്നും ചീഫ് സെക്രട്ടറിയടങ്ങിയ സമിതി പുനരധിവാസമടക്കമുള്ള വിഷയങ്ങൾ പരഹരിക്കാൻ മേൽ നോട്ടം വഹിക്കുമെന്ന ഉറപ്പിൻമേൽ 138 ദിവസത്തിനുശേഷം സമരം അവസാനിപ്പിച്ചു.

Vizhinjam Protest

എ കെ ജി സെന്ററിനുനേരെ ‘ബോംബ്’

സി.പി.ഐ.എം സംസ്ഥാന സമിതി ഓഫീസായ എ കെ ജി സെന്ററിനുനേരെ ബോംബ് എറ് ഉണ്ടായത് കഴിഞ്ഞ ജൂൺ 30 ന് രാത്രിയിലാണ്. എറിഞ്ഞത് ബോംബാണെന്ന് സിപിഎം കേന്ദ്രനേതാക്കളായ പി കെ ശ്രീമതി ടീച്ചറും ഇ പി ജയരാജനുമെല്ലാം അവകാശപ്പെട്ടതോടെ സംഭവത്തിന്റെ ​ഗൗരവമേറി. എന്നാൽ ആക്രമണത്തിൽ കാര്യമായ കേടുപാട് കെട്ടിടത്തിനുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രം​ഗത്തെതി. രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള സിപിഐഎമ്മിന്റെ അടവാണ് ആക്രമണമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഏറെകാലമായിട്ടും പ്രതിയെ പിടിക്കാനാവാത്തത് പാർട്ടിക്കും സർക്കാരിനും പൊലീസിനും ഒരുപോലെ ക്ഷീണമായി. സിപിഎം പ്രവർത്തകന് പങ്കുള്ളത് കൊണ്ടാണ് പ്രതിയെ പിടിക്കാത്തതെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. ഒടുവിൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു.

ജോലിക്കാരെ തേടി ‘കത്ത്’

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി വാർത്ത സൃഷ്ടിച്ച തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പോയവർഷവും വാർത്തയിൽ നിറഞ്ഞുനിന്നു. ഇത്തവണ കോർപറേഷനിലെ താൽക്കാലിക നിയമനങ്ങൾക്ക് പാർട്ടി അം​ഗങ്ങളുടെ പേര് നൽകനാവശ്യപ്പെട്ട് പാർട്ടി ജില്ലാസെക്രട്ടറി ആനാവൂർ നാ​ഗപ്പന് അയച്ചെന്ന് പറയപ്പെടുന്ന കത്താണ് വാർത്താകേന്ദ്രമാക്കിയത്. കത്ത് വ്യാജമാണെന്ന് മേയറും പാർട്ടി സെക്രട്ടറിയും വിശദീകരിച്ചുവെങ്കിലും പ്രതിപക്ഷം വിട്ടില്ല. കത്ത് വിവാദത്തിൽ പാർട്ട് മേയറും സെക്രട്ടറിയും വിശദീകരണം നൽകി. കത്ത് സംബന്ധിച്ച് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

Controversial Letter

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്

99 സീറ്റുമായി അധികാരത്തിലേറിയ ഇടതുമുന്നണിക്ക് സെഞ്ച്വറി അടിക്കാനുള്ള ഒരു ചാൻസ് ആണ് 2022 ൽ നഷ്ടമായത്. പി ടി തോമസ് അന്തരിച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസ് ജയിച്ചുകയറിയത്. അനശ്ചിതത്വങ്ങൾക്കൊടുവിൽ സി.പി.ഐ.എം രം​ഗത്തിറക്കിയ ഡോക്ടർ ജോ ജോസഫിനെയാണ് ഉമ തോമസ് പരാജയപ്പെടുത്തിയത്. ഈ നിയമസസഭയിലെ കോൺ​ഗ്രസിന്റെ ആദ്യ വനിത പ്രതിനിധിയായി ഉമ. പുതിയ പ്രതിപക്ഷ നേതാവായ വി ഡി സതീശനും കെ പി സി സി പ്രസിഡന്റായ കെ സുധാകരനും പാർട്ടിയിൽ കൂടുതൽ ശക്തി നേടിക്കൊടുക്കുന്നതായി വിജയം. അതേസമയം പുതിയ ഇടതുമുന്നണി കണവീനറായി സ്ഥാനമേറ്റ ഇ പി ജയരാജന് തൃക്കാക്കര പരാജയം തിരിച്ചടിയായി. സ്ഥാനാർത്ഥി നിർണയമാണ് പാർട്ടിയെ തോൽപ്പിച്ചതെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ.

‌ 

മന്ത്രിസഭയിലെ ആദ്യരാജി

പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ ജൂലൈ 3 ന് പാർട്ടി പരിപാടിയിൽ നടത്തിയ പ്രസം​ഗമാണ് കന്നിമന്ത്രിസ്ഥാനത്ത് നിന്ന് സജി ചെറിയാനെ രാജിവെപ്പിച്ചത്. ഭരണഘടനയെ നിന്ദിച്ച് മന്ത്രി നടത്തിയ പ്രസ്താവന വിവാദമായതോടെ ​ഗത്യന്തരമില്ലാതെ മന്ത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു. കൊള്ളയടിക്കാൻ ഏറ്റവും പറ്റിയ ഭരണഘടനയാണ് രാജ്യത്തേത് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. പാർട്ടിക്ക് വിശദീകരണം നൽകിയ ശേഷം മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്നതിന് മുമ്പേ വാർത്താസമ്മേളനം വിളിച്ച് മന്ത്രി ജൂലെ 6 ന് രാജി പ്രഖ്യാപിക്കുകയായിരുന്നു. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. മന്ത്രിക്കെതിരായ കേസ് ഇപ്പോൾ കോടതിയുടെ പരി​ഗണനയിലാണ്.

Saji Cherian

പ്രതിഷേധം ആകാശത്തും

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിൽ പ്രതിപക്ഷം സമരം ശക്തമാക്കിയ വർഷവുമാണ് 2022. റോഡിലെ പ്രതിഷേധങ്ങൾ പൊലീസിനെ ഉപയോ​ഗിച്ച് അതിശക്തമായി നേരിട്ട മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കയറിയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡി​ഗോ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്തപ്പോഴായിരുന്നു 2 പ്രവർത്തകർ മുദ്രാവാക്യം വളിച്ച് കരിങ്കൊടി വീശിയത്. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഇ പി ജയരാജൻ കോൺ​ഗ്രസ് പ്രവർത്തകരെ തള്ളിയിട്ടു. പ്രതിഷേധക്കാരെ പാലീസ് അറസ്റ്റ് ചെയ്തു. വിമാനത്തിൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടിനെ തുടർന്ന് ഇ പി ജയരാജന് ഇൻഡി​ഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതും ഇനിയൊരിക്കലും ഇൻഡി​ഗോയിൽ യാത്രചെയ്യില്ലെന്ന ഇ പി യുടെ പ്രസ്താവനയും വാർത്തകളിലും ട്രോളുകളിലും ഇടം പിടിച്ചു.

മന്ത്രിസഭയിലെ അഴിച്ചുപണി

എക്സൈസ് മന്ത്രിയായിരുന്ന എം വി ​ഗോവിന്ദൻ മാസ്റ്റർ, അനാരോ​ഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞ പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെ രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യപുനസംഘടനയും നടന്നു. സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയായപ്പോൾ തലശ്ശേരിയിൽ നിന്നുള്ള എംഎൽഎ എ എൻ ഷംസീർ സ്പീക്കറായി സ്ഥാനമേറ്റു. മന്ത്രിസഭയിലെ പലരുടേയും പ്രവർത്തനം പോരെന്ന പാർട്ടി വിലയിരുത്തലും എംബി രാജേഷിനെ മന്ത്രിയാക്കുന്നതിന് വഴിവെച്ചു.

MB Rajesh

സ്പീക്കറുടെ അതിശക്തമായ റൂളിങ്

വടകര എംഎൽഎ കെ കെ രമയെ വിധവ എന്ന് സഭയ്ക്കത്ത് വിളിച്ച മുൻ മന്ത്രി എം എം മണിയുടെ നടപടി വിവാദമായി. മണിയാശാന്റെ പ്രസാതവനയ്ക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രം​ഗത്തെത്തി. സ്ത്രീവിരുദ്ധ പരാർശമാണ് എം എം മണി നടത്തിയതെന്ന് സഭയ്ക്കകത്തും പുറത്തും വിമർശനമുയർന്നു. രമ സ്പീക്കർക്ക് പരാതി നൽകുകയും ചെയ്തു. മണിയാശാൻ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു പിന്തുണച്ചെത്തിയ പല നേതാക്കളുടേയും നിലപാട്. എന്നാൽ ഇത് സംബന്ധിച്ച് സ്പീക്കർ എം ബി രാജേഷ് സഭയിൽ നടത്തിയ റൂളിങ് ശ്രദ്ധേയമായി. മാറിയ കാലത്തിനനുസരിച്ച് ഭാഷാപ്രയോ​ഗങ്ങളിലും മാറ്റം വരുത്തണമെന്ന് സ്പീക്കർ അം​ഗങ്ങളെ ഓർമിപ്പിച്ചു.

പാർട്ടിയുടെ ‘മാസ്റ്ററായി’ ​ഗോവിന്ദൻ മാസ്റ്റ‍ർ

അനാരോ​ഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ മന്ത്രിയും കേന്ദ്ര കമ്മിറ്റി അം​ഗവുമായ എംവി ​ഗോവിന്ദൻ മാസ്ററർ പാർട്ടി സെക്രട്ടറിയായി. ആ​ഗസ്ത് 28 ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം പങ്കെടുത്ത സംസ്ഥാന സമിതിയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ​ഗോവിന്ദൻ മാസ്റ്റർ വന്നതോടെ പാ‍ർട്ടി സെക്രട്ടറി സ്ഥാനം വീണ്ടും കണ്ണൂരിൽ നിന്നുള്ള നേതാവിൽ തന്നെയായി.

MV Govindan Master

തരൂ‍ർ കോൺഗ്രസ് പിണക്കം

ജി 23 സംഘത്തിന് വേണ്ടി കത്തയച്ചത് മുതൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ വലിയ മമതയില്ല. മുമ്പ് ഉണ്ടായിരുന്ന എതിര്‌‍പ്പ് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയതോടെ കൂടുകയും ചെയ്തു. പരസ്യമായി തന്നെ മുതിർന്ന നേതാക്കൾ രംഗത്തെത്തി. തരൂരിനെ തുണച്ച് കോഴിക്കോട് എംപി എം കെ രാഘവൻ, ശബരീനാഥ് തുടങ്ങിയ ചില നേതാക്കൾ മാത്രമാണ് ഉണ്ടായത്. മല്ലികാർജൻ ഖാർഗെയ്ക്കിതിരായ മത്സരത്തിൽ തോറ്റെന്ന് മാത്രമല്ല കേരളത്തിൽ തരൂർ ഒറ്റപ്പെടുകയും ചെയ്തു. വിവിധ ജില്ലകളിലേക്ക് തരൂർ നടത്തിയ പര്യടനങ്ങളിൽ പങ്കെടുക്കുന്നതിനെ നേതാക്കൾ വിലക്കിയെന്ന ആരോപണം തരൂർ ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്രകാരമാണ് താൻ പാർട്ടി ആശയങ്ങൾ പങ്കുവെക്കാൻ സന്ദർശനങ്ങൾ നടത്തുന്നതെന്ന് വിശദീകരിച്ച തരൂരിരെനിതിരെ വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങളിൽ വി ഡി സതീശനും പരസ്യമായി രംഗത്തെത്തി.

രാഹുലിന്റെ സീറ്റിൽ വാഴ

വയനാട് എംപി രാഹുൽ ​ഗാന്ധിയുടെ ഓഫീസിനുനേരെ ആക്രമണം ഉണ്ടായതും ഈ വർഷമാണ്. എസ് എഫ് ഐ പ്രവർത്തകർ ബഫർ സോൺ വിഷയത്തിൽ ജൂൺ 24 ന് നടത്തിയ മാർച്ചിനൊടുവിലായിരുന്നു സംഭവം. ഓഫീസ് ആക്രമിച്ച എസ് എഫ് ഐ പ്രവർത്തകർ രാഹുലിന്റെ കസേരയിൽ വാഴവെയ്ക്കുകയും ചെയ്തു. പ്രതിഷേധക്കാ‍ർ മുറിയിലെ ​ഗാന്ധിയുടെ ചിത്രം നിലത്തിട്ട് തകർത്തുവെന്ന് കോൺ​ഗ്രസ് ആരോപിച്ചു രം​ഗത്തെത്തിയത് ദേശിയ തലത്തിൽ തന്നെ സംഭവം വിവാദമാക്കി. എന്നാൽ പ്രതിഷേധമാർച്ചിനുശേഷമുള്ള വീഡിയോയിലും ​ഗാന്ധിയുടെ ചിത്രം ചുമരിൽ തന്നെയാണെന്ന് വീഡിയോ പുറത്തുവിട്ട് സിപിഐഎം പ്രതിരോധിച്ചു. സംഭവത്തിൽ മന്ത്രി വീണാജോർജിന്റെ പേഴ്സണൽ സ്റ്റാഫിലെ അം​ഗമടക്കമുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇ പി ക്കെതിരെ പി

വർഷവാസനത്തിലും സിപിഎമ്മിനകത്ത് വാർത്ത അവസാനിച്ചിട്ടില്ല. ഇ പി ജയരാജനെതിരെ പി ജയരാജൻ സംസ്ഥാനസമിതിയിൽ ഉന്നയിച്ച ആരോപണമാണ് പുതിയ വിവാദം. ഇ പിക്ക് അനധികൃത സ്വത്തുണ്ടെന്നായിരുന്നു ആരോപണം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി കൺവീനറും കേന്ദ്രകമ്മിറ്റി അം​ഗവുമായ ഇ പിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പി ജയരാജൻ സമിതിയിൽ പറഞ്ഞു. കണ്ണൂരിലെ സ്വകാര്യ ആയുർവേദ റിസോർട്ട് പദ്ധതിയിലൂടെയടക്കം നിക്ഷേപമുണ്ടെന്നാണ് ആരോപണം. സംഭവത്തിൽ ഇ പി പാ‍ർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്.

വിടവാങ്ങലുകൾ

സിപിഐഎം പോളിറ്റ് ബ്യൂറോ അം​ഗവും സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അർബുദബാധിതനായി മരണമടഞ്ഞത് ഒക്ടോബർ 1 നാണ്. പാർട്ടിയിലെ സൗമ്യമുഖം എന്ന് വിമർശകരടക്കം വിലയിരുത്തുന്ന നേതാവിന് പയ്യാമ്പലത്താണ് അന്ത്യവിശ്രമമൊരുക്കിയത്.
മുസ്ലീം ലീ​ഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനാരോ​ഗ്യത്തെ തുടർന്ന് വിടവാങ്ങിയത് മാർച്ച് 22 നായിരുന്നു. മുസ്ലീം ലീ​ഗിൽ വിഭാ​ഗീയതയും വിവാദവും കത്തിനിൽക്കുന്ന സമയത്തായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം. ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങള്‍ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു.


Subscribe to our channels on YouTube & WhatsApp

About Author

Sanub Sasidharan

മാധ്യമപ്രവർത്തകൻ. ദി ഐഡം, ഏഷ്യനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ടി.വി. എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.