2002ൽ ഹൈദരബാദ് പാർട്ടി കോൺഗ്രസിൽ കോടിയേരി ബാലകൃഷ്ണനും, എം.സി. ജോസഫൈനും, എ. വിജയരാഘവനും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദിവസം. ഞാനന്ന് ദേശാഭിമാനി ഫോട്ടോ എഡിറ്റർ ആയി പാർട്ടി കോൺഗ്രസ് കവർ ചെയ്യാൻ എത്തിയതായിരുന്നു.
ആദ്യമായി അന്ന് ജോസഫൈൻ്റെ പടം എടുത്തപോൾ എന്നോട് ചോദിച്ചു, “നീ എന്തിനാടാ എൻ്റെ പടം എടുക്കുന്നെ?” എന്ന്.
ആവശ്യം വരും സഖാവെ എന്ന് മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി ലിസ്റ്റ് വന്നപ്പോൾ ജോസഫൈനും ഉണ്ടായിരുന്നു.
അപ്പോൾ എന്നോടന്വേഷിച്ചു “നീ ഇതൊക്കെ എങ്ങനറിയുന്നു?” എന്ന്. അന്നു തുടങ്ങിയ ബന്ധമാണ് ഈ പാർട്ടി കോൺഗ്രസ് വേദിയിൽ അവസാനിച്ചത്. ഒരു നിമിത്തം പോലെ കണ്ണൂര് പാർട്ടി കോൺഗ്രസിൻ്റെ വേദിയിൽ വെച്ചും പടം എടുത്തു. അപ്പോഴും ചേദിച്ചു, “നീ എൻ്റെ ഒക്കെ പടം എന്തിനാ എടുക്കുന്നെ” എന്ന്.
സ്വാതന്ത്ര്യത്തോടെ തോളത്ത് കൈവെച്ചു ഞാൻ പറഞ്ഞു, “ആവശ്യം വരും സഖാവെ” എന്ന്. കൂടാതെ എം. എം.ലോറൻസിൻ്റെ പേര് ചേർത്ത് ഒരു തമാശ കമൻ്റ്, ലോറൻസ് പറയാറുണ്ട്, അവസാനം പടമേ കാണൂ എന്ന്. അതുപറഞ്ഞ് പിരിഞ്ഞത് അവസാനത്തെ പിരിയൽ ആയിരുന്നു. അവസാനത്തെ പടവും.
സഖാവ് ജോസഫൈന് പ്രണാമം.