A Unique Multilingual Media Platform

The AIDEM

Articles Caste National Politics Society

ഗയ മുതൽ ഡൽഹി വരെ: ജെഎൻയു വിദ്യാർത്ഥി യൂണിയൻ്റെ ദളിത് പ്രസിഡൻ്റ് ധനഞ്ജയ്‌യുടെ രാഷ്ട്രീയ-സാമൂഹ്യ വഴികൾ

  • March 26, 2024
  • 1 min read
ഗയ മുതൽ ഡൽഹി വരെ: ജെഎൻയു വിദ്യാർത്ഥി യൂണിയൻ്റെ ദളിത് പ്രസിഡൻ്റ് ധനഞ്ജയ്‌യുടെ രാഷ്ട്രീയ-സാമൂഹ്യ വഴികൾ

ബീഹാറിലെ ഗയയിലെ ജാതി വിവേചനം കൊടി കുത്തി വാഴുന്ന ഫ്യൂഡൽ ഗ്രാമങ്ങളിൽ നിന്ന് വന്ന് ഡൽഹിയിലെ വിഖ്യാതമായ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെ.എൻ.യു) വിപ്ലവ വിദ്യാർത്ഥി പ്രവർത്തനത്തിൽ സവിശേഷ സാന്നിധ്യമായി മാറിയ ഒരു ദളിത് യുവാവ്, അതും ഏകദേശം മൂന്ന് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ്റെ ആദ്യത്തെ ദളിത് പ്രസിഡൻ്റായി ചരിത്രം സൃഷ്ടിച്ച വ്യക്തി. അതാണ് ധനഞ്ജയ്‌. കീഴാള സമൂഹങ്ങൾക്ക് പൊതുവിലും ദളിത് ജനവിഭാഗങ്ങൾക്ക് പ്രത്യേകിച്ചും പ്രചോദനാത്മകമായ ഒരു ജീവിത കഥയാണ് ധനഞ്ജയ്‌യുടെത്.

മാർച്ച് 24ന് രാത്രി ധനഞ്ജയ്‌യുടെ നേതൃത്വത്തിൽ മത്സരിച്ച ഇടത് വിദ്യാത്ഥി മുന്നണിയിൽ ഓൾ ഇന്ത്യ സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ (എഐഎസ്എ അഥവാ ഐസ), സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ), ഓൾ ഇന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ (എഐഎസ്എഫ്), ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്), ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ബാപ്‌സ) എന്നി സംഘടനകളാണ് ഉണ്ടായിരുന്നത്. മുന്നണിയുടെ മുഖ്യ എതിരാളി ആയ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിനെ (എബിവിപി) നിലം പരിശാക്കിയായിരുന്നു വിജയം. 

രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി കൂടി (ബിജെപി) ഭാഗമായ രാഷ്ട്രീയ സ്വയം സേവക് സംഘിൻ്റെ (ആർഎസ്എസ്) നേതൃത്വത്തിലുള്ള സംഘപരിവാറിൻ്റെ വിദ്യാർത്ഥി വിഭാഗമായതിനാൽ, എബിവിപിക്ക് ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും അതിൻ്റെ ഏജൻസികളിൽ നിന്നും ഗണ്യമായ പിന്തുണയുണ്ടായിരുന്നു. രണ്ട് വർഷമായി വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാത്തത് കാരണം പോരാട്ടത്തിന് വർധിത തീവ്രതയും ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിൻ്റെ ഏജൻസികൾ എബിവിപിയെ സഹായിക്കാൻ സർവസന്നാഹങ്ങളും രംഗത്തിറക്കി. പക്ഷേ, ഒടുവിൽ, ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ഐക്യവും സർവകലാശാലയുടെ ലിബറൽ വിപ്ലവ സ്വഭാവം ഉയർത്തിപ്പിടിക്കുമെന്ന വാഗ്ദാനവുമായി അവർ ഒത്തുചേർന്ന രീതിയും സർക്കാരിൻ്റെയും അതിൻ്റെ ഏജൻസികളുടെയും കുതന്ത്രങ്ങളെ മറികടന്നു.

പല തലങ്ങളിലും ജെഎൻയുവിൻ്റെയും അവിടുത്തെ വിദ്യാർത്ഥി യൂണിയൻ്റെയും ചലനാത്മകമായ ലിബറൽ,വിപ്ലവ സ്വഭാവത്തിൻ്റെയും ചരിത്രത്തിൻ്റെയും പ്രതീകമാണ് ധനഞ്ജയ്. ഐസ അംഗമായ ഈ യുവാവ് കഴിഞ്ഞ പത്ത് വർഷമായി സജീവ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനാണ്. 2014 ഡിസംബറിൽ ഡൽഹി സർവ്വകലാശാലയിലെ ചതുർ വർഷ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമിന് (FYUP) എതിരായ സമരത്തിലേക്ക് താൻ എങ്ങനെയാണ് ആകർഷിക്കപ്പെട്ടതെന്ന് അദ്ദേഹം ഓർക്കുന്നു. അന്ന് താൻ ഡൽഹിയിലെ ശ്രീ അരബിന്ദോ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിഎയ്ക്ക് പഠിക്കുകയായിരുന്നു. സ്വന്തം നാട്ടിലെ പല കോളേജുകളിലും അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടായതിനാൽ ഡൽഹിയിൽ എത്തിപ്പെടാൻ നിർബന്ധിതനാവുകയായിരുന്നു എന്ന് ധനഞ്ജയ് ഓർത്തെടുക്കുന്നു. ഒരു അർത്ഥത്തിൽ അതും ഒരു സമരത്തിൻ്റെ കഥയായിരുന്നു. “സാമൂഹിക നീതി എന്ന ആശയം ബിഹാറിലെ ഞങ്ങളുടെ സമൂഹത്തിൽ വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല. ഞങ്ങളുടെ യോഗ്യതകൾ എല്ലായ്പ്പോഴും ചോദ്യം ചെയ്യപ്പെടുമായിരുന്നു, അതുപോലെ ഞങ്ങളുടെ അക്കാദമിക് റെക്കോർഡുകളും- ധനഞ്ജയ് ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, പത്ത് വർഷത്തിന് ഇപ്പുറം വ്യക്തിപരവും രാഷ്ട്രീയവുമായ നിരവധി പോരാട്ടങ്ങൾക്ക് ശേഷം, അദ്ദേഹം ഇപ്പോൾ ജെഎൻയുവിലെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് എസ്തെറ്റിക്സിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ്. ബീഹാറിലെ ഗയ ജില്ലയിലെ ഗുരാരു ഗ്രാമത്തിൽ നിന്നുള്ള ഈ യുവാവിന് ഇത് ഒരു നീണ്ട യാത്രയായിരുന്നു.

ക്രൂരമായ കൊടിയ ജാതി വിവേചനത്തിന്റെ പ്രത്യക്ഷത്തിൽ തന്നെ അക്രമപരമായ രൂപങ്ങൾക്കൊപ്പം സമൂഹത്തിൻ്റെ സൂക്ഷ്മതലങ്ങളിൽ ഏതാണ്ട് ഗൂഢമായി പ്രതിഫലിക്കുന്ന നീക്കങ്ങളുടെയും ഒരു നീണ്ട ശൃംഖല തന്നെ തൻ്റെ കുട്ടിക്കാലം മുതൽ താൻ അനുഭവിച്ചിരുന്നു എന്ന് ധനഞ്ജയ് ഓർക്കുന്നു. ധനഞ്ജയുടെ പിതാവ് ഒരു ജൂനിയർ ലെവൽ പോലീസ് ഓഫീസറായിരുന്നു, എന്നാൽ ഉയർന്ന ജാതിക്കാർ ഒരിക്കലും അദ്ദേഹത്തിൻ്റെ സ്ഥാനമോ അധികാരമോ അംഗീകരിച്ചില്ല. അവർ അദ്ദേഹത്തിൻ്റെ പേര് വിളിക്കാൻ പോലും വിസമ്മതിച്ചു, അഭിസംബോധന ചെയ്യാൻ നിന്ദ്യമായ വിശേഷണങ്ങൾ തിരഞ്ഞെടുത്തു. ഈ വിവേചനപരമായ സംഭവങ്ങൾ കുടുംബത്തിൽ, പ്രത്യേകിച്ച് ധനഞ്ജയ്‌യുടെ പിതാവിൽ വലിയ ആഘാതം ഉണ്ടാക്കി. ഈ സംഭവങ്ങൾ എങ്ങനെയാണ് തൻ്റെ പിതാവിനെ നല്ല വിദ്യാഭ്യാസത്തിനായുള്ള ഒരു പോരാളി തന്നെയായി മാറ്റിയതെന്ന് ധനഞ്ജയ് ഓർക്കുന്നു. ദളിത് വിഭാഗങ്ങളിൽ നിന്ന് മറ്റാരും തന്നെപ്പോലെ വിവേചനം നേരിടേണ്ടി വരരുത് എന്ന് അദ്ദേഹം പേർത്തും പേർത്തും പറയുമായിരുന്നു.

ജാർഖണ്ഡിൻ്റെ തലസ്ഥാനമായ റാഞ്ചിയിലെ സരസ്വതി ശിശു മന്ദിറിൽ നിന്നായിരുന്നു ധനഞ്ജയ്‌യുടെ ആദ്യകാല സ്കൂൾ വിദ്യാഭ്യാസം. ആർഎസ്എസുമായി ശക്തമായ ബന്ധമുള്ള ഈ വിദ്യാലയം വർഗീയ വിദ്വേഷത്തിൻ്റെ വിളനിലമായിരുന്നു. സ്കൂളുകളിലെ സാമൂഹിക അന്തരീക്ഷം ചെറിയ കുട്ടികളുടെ മനസ്സിൽ ഹിന്ദുത്വ രാഷ്ട്രീയം കുത്തിവയ്ക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ആർഎസ്എസ് ശാഖകൾ എങ്ങനെ എവിടെ സ്ഥാപിച്ചുവെന്നും അവ എങ്ങനെയാണ് ചെറിയ കുട്ടികൾക്കിടയിൽ വിദ്വേഷവും ഭിന്നിപ്പും പ്രചരിപ്പിക്കുന്നതെന്നും ധനഞ്ജയ് കണ്ടറിഞ്ഞു. ഉയർന്ന ജാതിക്കാരുടെ ജാതി മേധാവിത്വം, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ കേന്ദ്രബിന്ദുവാണെന്ന് സ്‌കൂൾ കാലഘട്ടത്തിൽ തന്നെ ധനഞ്ജയ് തിരിച്ചറിഞ്ഞു. തനിക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങളും ഈ തിരിച്ചറിവിൻ്റെ ആഴം കൂട്ടി എന്ന് ധനഞ്ജയ് പറയുന്നു.

ഇതൊക്കെയാണെങ്കിലും ധനഞ്ജയ് തൻ്റെ, വിദ്യാഭ്യാസത്തിൽ നിതാന്ത ശ്രദ്ധ പുലർത്തി. അദ്ദേഹവും അദ്ദേഹത്തിൻ്റെ സമുദായത്തിലെ മറ്റുള്ളവരും നേരിട്ട ജാതി വിവേചനം, ബദൽ ആശയങ്ങൾ തേടാൻ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് ആത്യന്തികമായി ധനഞ്ജയിനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) – CPIML-ലേക്ക് അടുപ്പിച്ചത്. സ്കൂൾ കാലം മുതൽ പത്രങ്ങൾ വായിച്ചരുന്ന ഈ ചെറുപ്പക്കാരൻ ബിഹാറിലും ജാർഖണ്ഡിലും (സിപിഐ-എംഎൽ) നേതൃത്വത്തിൽ ആദിവാസി-ദലിത് ജനത നടത്തിയിരുന്ന ദീർഘ സമരങ്ങളെ കുറിച്ചും വായിച്ച് മനസ്സിലാക്കി. ഭരണകൂടവും കോർപ്പറേറ്റുകളും പാവപ്പെട്ടവരുടെ ഭൂമിയും സ്വത്തും വീടുകളും നിഷ്കരുണം കവർന്നെടുക്കുന്നത് എങ്ങനെ എന്നും അദ്ദേഹം (സിപിഐ-എംഎൽ) ജേണലുകളിൽ നിന്ന് മനസ്സിലാക്കി.

സിപിഐ(എംഎൽ) യുമായുള്ള ഈ രാഷ്ട്രീയ ബന്ധം വളർന്നു കൊണ്ടിരിക്കെ, ധനഞ്ജയുടെ പിതാവ് തൻ്റെ മകനെ ദേശീയ തലസ്ഥാനമായ ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഡൽഹി സർവ്വകലാശാലയെക്കുറിച്ചും പട്ടികജാതി (എസ്‌സി) സമുദായത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് ഈ സർവകലാശാലാ നൽകുന്ന സൗകര്യങ്ങളെക്കുറിച്ചും ഇളവുകളെക്കുറിച്ചും അദ്ദേഹത്തിൻ്റെ പിതാവിന് അറിയാമായിരുന്നു. ഡൽഹി സർവ്വകലാശാലയിലെ ആദ്യ വർഷത്തിൽ തന്നെ, സിപിഐ(എംഎൽ)മായി അടുത്ത ബന്ധമുള്ള ഐസയുമായി ധനഞ്ജയ ബന്ധപ്പെട്ടു. ബിഹാറിലെയും ജാർഖണ്ഡിലെയും സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ധനഞ്ജയിൻ്റെ ധാരണയും പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടിയുള്ള സിപിഐ(എംഎൽ) പോരാട്ടങ്ങളെക്കുറിച്ചുള്ള അറിവും ഈ ബന്ധപ്പെടൽ എളുപ്പമാക്കി. ഇതിനെല്ലാം പുറമെ, 2014ൽ എഫ്‌വൈയുപിക്കെതിരെ ഐസ ഒരു പോരാട്ടം ആരംഭിച്ചിരുന്നു, ഈ വിഷയം ധനഞ്ജയിനെയും ബാധിച്ചിരുന്നു. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിദ്യാർത്ഥികളെ FYUP പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു, കാരണം ഇത് ഫീസ് വർദ്ധിപ്പിക്കും. സിപിഐ(എംഎൽ)ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ധനഞ്ജയ് ഐസയിൽ ചേരുകയും ‘റോൾബാക്ക് എഫ്‌വൈയുപി’ പ്രചാരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. തൻ്റെ ആദ്യകാലങ്ങളിൽ, ഡിയുവിലെ ഐസ പ്രസ്ഥാനങ്ങളിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. ഡി.ടി.സിയുടെ ചുവന്ന ബസുകളിൽ വിദ്യാർത്ഥികൾക്ക് ബസ് പാസ് സാധൂകരിക്കാനുള്ള വൻ മുന്നേറ്റം ഉണ്ടായപ്പോൾ അദ്ദേഹം നൂറുകണക്കിന് വിദ്യാർത്ഥികളെ സംഘടിപ്പിച്ച് വിജയകരമായ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. ഐസയുടെ നേതൃത്വത്തിൽ വിജയിച്ച പ്രസ്ഥാനമായിരുന്നു അത്.

ബിഎ പൂർത്തിയാക്കിയ ശേഷം, ദലിതർക്ക് സബ്‌സിഡിയുള്ള വിദ്യാഭ്യാസം നൽകുന്ന അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2019ൽ പെർഫോമൻസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു, പിന്നീട് ജെഎൻയുവിലെ സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ഈസ്‌തറ്റിക്‌സിൽ നിന്ന് തിയേറ്റർ ആൻ്റ് പെർഫോമൻസ് സ്റ്റഡീസിൽ എംഫിൽ പൂർത്തിയാക്കി. “വർഗത്തിൻ്റെയും ജാതിയുടെയും പോരാട്ടം ഒരുമിച്ച് കൊണ്ടുവന്നാൽ മാത്രമേ നമ്മുടെ സമൂഹത്തിൽ നിന്ന് ജാതിയെ ഇല്ലാതാക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്നതിനാലാണ് ഞാൻ ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ ഭാഗമായത്, എനിക്ക് സംഭവിച്ച വിവേചനം മറ്റുള്ളവർ അനുഭവിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാ വിദ്യാർത്ഥികൾക്കും തുല്യവും താങ്ങാനാവുന്നതുമായ വിദ്യാഭ്യാസവും നമ്മുടെ യുവാക്കൾക്ക് മാന്യമായ തൊഴിലും നൽകുന്ന ഒന്നായി സമൂഹത്തെ മാറ്റുക, അതിനായാണ് ഞാൻ പ്രവർത്തിക്കുന്നത്.”

ജെഎൻയുവിൽ പ്രവേശിക്കുക എന്നത് ധനഞ്ജയുടെ സ്വപ്‌നമായിരുന്നു, 2020 നവംബറിൽ, എംഫില്ലിന് ചേർന്ന ആദ്യ ദിവസം തന്നെ ധനഞ്ജയ് ഐസയുടെ നേതൃത്വത്തിൽ നടന്ന ‘റീ-ഓപ്പൺ ജെഎൻയു’ പ്രതിഷേധത്തിൽ പങ്കെടുത്തു. 2020 മാർച്ചിലെ കൊവിഡ് ലോക്ക്ഡൗൺ കാലത്ത് വീട്ടിലേക്ക് തിരിച്ചയച്ച വിദ്യാർത്ഥികളെ തിരികെ വിളിച്ച് വിദ്യാർത്ഥികൾക്കായി ക്യാമ്പസ് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഈ കാലയളവിൽ, വിദ്യാർത്ഥികൾക്ക് ക്യാമ്പസിലേക്ക് മടങ്ങാൻ കഴിയാത്ത തരത്തിൽ ജെഎൻയു ഒരു തടങ്കൽ പാളയം ആയി മാറിയിരുന്നു. ലോക്ക്ഡൗൺ കാലത്ത്, ഡിജിറ്റൽ വിഭജനത്തിൻ്റെ കഠിനമായ യാഥാർത്ഥ്യവും പ്രകടമായി, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളിൽ. 2021 ജൂൺ-ജൂലൈ മാസങ്ങളിൽ ‘അൺലോക്ക് ജെഎൻയു’ പ്രസ്ഥാനത്തിൻ്റെ ഭാഗമായി സ്റ്റുഡൻ്റ്സ് ഓഫീസിൽ സംഘടിപ്പിച്ച 21 ദിവസത്തെ ധർണയുടെ ഭാഗമായിരുന്നു ധനഞ്ജയ്, അവിടെ വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈൻ ക്ലാസുകളും ഹോസ്റ്റൽ അലോട്ട്‌മെൻ്റും ആവശ്യപ്പെട്ട് രാവും പകലും ടെൻ്റിൽ താമസിച്ചു.

JNUSU ELECTIONS CENTRAL PANEL

പ്രസിഡന്റ് Votes
ധനഞ്ജയ് (ഐസ – ഇടതു സഖ്യം) 2598
ഉമേഷ് ചന്ദ്ര അജ്മീർ (എബിവിപി) 1676
ബിശ്വജിത് മിൻജി (ബാപ്സ) 398
ജുനൈദ് റാസ (എൻ.എസ്.യു) 283
ആരാധന യാദവ് (എസ്.സി.എസ്) 245

 

വൈസ് പ്രസിഡന്റ് Votes
അവിജിത് ഘോഷ് (ഇടതു സഖ്യം) 2409
ദീപിക ശർമ്മ (എബിവിപി) 1482
അങ്കുർ റായ് (എൻ.എസ്.യു പിന്തുണ) 814
മുഹമ്മദ് അനസ് (ബാപ്സ) 611
നോട്ട (None Of The Above) 227

 

ജനറൽ സെക്രട്ടറി Votes
പ്രിയൻഷി ആര്യ (ബാപ്സ ഇടതു സഖ്യ പിന്തുണയോടെ) 2887
അർജുൻ ആനന്ദ് (എബിവിപി) 1961
ഫരീൻ സൈദി (എൻ.എസ്.യു) 436
നോട്ട 197

 

ജോയൻ്റ് സെക്രട്ടറി Votes
മൊഹമ്മദ് സാജിദ് (ഇടതു സഖ്യം) 2574
ഗോവിന്ദ് ഡാൻഗി (എബിവിപി) 2066
രൂപക് കുമാർ സിംഗ് (ബാപ്സ) 539
നോട്ട  353

സാംസ്‌കാരിക പ്രവർത്തനത്തിൻ്റെ ഒരു പ്രധാന ധാര ഇടതുപക്ഷ രാഷ്ട്രീയത്തിന് ഉണ്ടാവണം എന്ന് ധനഞ്ജയ് വിശ്വസിക്കുന്നു. സഫ്ദർ ഹാഷ്മി, ഗദ്ദർ തുടങ്ങിയ ഇടതുപക്ഷ സാംസ്കാരിക പ്രതിഭകളിൽ നിന്നും കബീർ കലാ മഞ്ച് പോലുള്ള സംഘടനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ധനഞ്ജയ് എഴുത്തുകാരനും കവിയും നാടക കലാകാരനുമാണ്. ഡൽഹി ആസ്ഥാനമായുള്ള സാംസ്കാരിക ട്രൂപ്പായ ‘സങ്വാരി’യുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. ഐസ, സിപിഐ-(എംഎൽ) തുടങ്ങിയ ഇടതുപക്ഷ വേദികളിൽ അദ്ദേഹത്തിൻ്റെ നാടകങ്ങളും ഗാനങ്ങളും പതിവായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നു, “രാഷ്ട്രീയവും സമൂഹവും തമ്മിലുള്ള വിടവ് സംസ്കാരം നികത്തുന്നു. പൊതു ജനങ്ങളിലേക്കെത്താനുള്ള ഏറ്റവും നല്ല മാധ്യമമാണിത്. സംഗീതം, നാടകം തുടങ്ങിയ ആവിഷ്‌കാര കലകളുടെ ഭാഷ ആളുകൾ മനസ്സിലാക്കുന്നു.” കൾച്ചറൽ ആക്ടിവിസത്തിലൂടെ ജനങ്ങൾക്ക് ജാതി, ലിംഗ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം നൽകാനും അതിലൂടെ മാറ്റം കൊണ്ടുവരാനും കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

രാഷ്ട്രീയ പ്രവർത്തനവും സാംസ്കാരിക പ്രവർത്തനവും സമന്വയിപ്പിക്കുന്ന ജെഎൻയുവിനെക്കുറിച്ച് തനിക്ക് ഒരു സ്വപ്നമുണ്ടെന്നും അതിലൂടെ ജെഎൻയുവിൻ്റെ ഊർജ്ജസ്വലമായ ജനാധിപത്യ സംസ്കാരത്തെ പരിപോഷിപ്പിക്കുമെന്നും ധനഞ്ജയ് പറയുന്നു. അവിടെ വിദ്യാർത്ഥികൾ സംവാദങ്ങളിലും വിയോജിപ്പുകളിലും ചർച്ചകളിലും സജീവമായി പങ്കെടുക്കും. വിദ്യാർത്ഥി രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധത വലിയ സമൂഹത്തിനായുള്ള പോരാട്ടങ്ങളായി വികസിപ്പിച്ച ജെഎൻയുവിലെ തൻ്റെ മുൻഗാമികളുടെ അക്ഷീണമായ പോരാട്ടത്തിൻ്റെ മഹത്തായ പൈതൃകം സംരക്ഷിക്കാൻ ധനഞ്ജയ് ആഗ്രഹിക്കുന്നു. കർഷകരും തൊഴിലാളികളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും വിദ്യാർത്ഥികളോടും യുവാക്കളോടും ഒപ്പം കൈകോർക്കും. സാമൂഹിക നീതിക്ക് വേണ്ടിയും സമൂഹത്തിൻ്റെ വിവിധ മേഖലകളിലെ വാണിജ്യവൽക്കരണത്തിനും കോർപ്പറേറ്റ് ഏറ്റെടുക്കലിനും എതിരെ പോരാടും. ഇതാണ് ധനഞ്ജയ് ആഗ്രഹിക്കുന്നത്. വിജയത്തിൻ്റെ ഈ നിമിഷത്തിൽ, പക്ഷേ പ്രാഥമിക പരിഗണന വിദ്യാഭ്യാസ മേഖലക്ക് തന്നെ. ലിംഗ വിവേചനം ഇല്ലാത്ത, കാമ്പസ് ജനാധിപത്യം അക്ഷരത്തിലും ആത്മാവിലും സംരക്ഷിക്കപ്പെടുന്ന ഒരു ക്യാമ്പസ് ആണ് മനസ്സിൽ. അതിനായുള്ള മൂർത്തമായ പ്രവർത്തനത്തിന് തുടക്കമിടും എന്ന് ഈ യുവനേതാവ് ഉറക്കെ പറയുന്നു.

About Author

അപൂർവ റോയ് ചാറ്റർജി

അപൂർവ റോയ് ചാറ്റർജി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് എഴുത്തുകാരിയും ഗവേഷകയുമാണ്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Aarati
Aarati
8 months ago

As a North Indian who has learnt to read Malayalam , I find this introduction very interesting. Request Apurva to do a detailed interview with this young leader .