[ജനങ്ങളുടെ ജീവിതത്തെയും ഉപജീവന പ്രശ്‌നങ്ങളെയും കുറിച്ച് ആഴത്തിലുള്ള പ്രത്യേക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പംക്തിയാണിത്]
വാരണാസിയിൽ ദീൻ ദയാൽ ഉപാധ്യയുടെ പ്രതിമ വന്നപ്പോൾ അന്ത്യോദയക്ക് എന്ത് സംഭവിച്ചു?
ദി ഐഡം ബ്യൂറോ, ലഖ്‌നൗ
“ഞാൻ എവിടെ നിന്നാണ് എന്നത് ഇവ തെളിയിക്കുന്നില്ലെങ്കിൽ, പിന്നെ എങ്ങനെ തെളിയിക്കും- എന്ത് ചെയ്യും?”
വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് തുടങ്ങി ബാങ്ക് പാസ്‌ബുക്ക് ഉൾപ്പെടെ ലഭ്യമായ എല്ലാ തിരിച്ചറിയൽ രേഖകളും അധികാരികളുടെ മുമ്പാകെ ഹാജരാക്കിയിട്ടും കുടിയിറക്കപ്പെട്ട മഹേന്ദ്രയുടെ (56) ചോദ്യമാണിത്.
2020 ഫെബ്രുവരിയിലും 2020 നവംബറിലുമായി രണ്ട് വ്യത്യസ്ത ഘട്ടങ്ങളിൽ കുടിലുകളിൽ നിന്ന് പുറത്താക്കപ്പെട്ട മറ്റ് 250 പുരുഷന്മാരിലും സ്ത്രീകളിലും കുട്ടികളിലും ഒരാളാണ് മഹേന്ദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വാരണാസി സന്ദർശനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ കുടിയിറക്ക് നടന്നത്.
ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ആദ്യകാല സൈദ്ധാന്തികരിൽ പലരുടെയും ചിന്തകളെ രൂപപ്പെടുത്തിയ ദീൻ ദയാൽ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്തത സന്ദര്ഭത്തിലായിരുന്നു ആദ്യകുടിയിറക്ക്. 2020 ഫെബ്രുവരി 16-നായിരുന്നു ഇത്.
ഉപാധ്യായയുടെ തത്ത്വചിന്തയുടെ ഒരു പ്രധാന ഘടകം ‘അന്ത്യോദയ’ ആയിരുന്നു _ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട അവസാനത്തെ മനുഷ്യന്റെ ഉയർച്ച. അവസാനത്തെ മനുഷ്യനും ഉയർത്തപ്പെടാത്തത് വരെ, ദാരിദ്ര്യവും ദുരിതവും മനുഷ്യരാശിയെ ബാധിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹം വാദിച്ചിരുന്നു. 2011ലെ ഇന്ത്യൻ സെൻസസ് പ്രകാരം പട്ടികജാതി പട്ടികയിൽ ഉൾപ്പെട്ട ധർകർ ജാതിയിൽപ്പെട്ട മഹേന്ദ്ര, മുളകൊണ്ടുള്ള ഉൽപന്നങ്ങളായ കൊട്ട, ഗോവണി, പായ എന്നിവ ഉപജീവനത്തിനായി നിർമ്മിക്കുന്നു. നല്ല ദിവസങ്ങളിൽ അവൻ 150 രൂപ സമ്പാദിച്ചിരുന്നു. ഉപാധ്യായയുടെ ചിന്തയിലെ പ്രാന്തവത്കരിക്കപ്പെട്ട അവസാന മനുഷ്യരിൽ ഒരാളാണ് മഹേന്ദ്ര.
മോദി ഉത്ഘാടനം ചെയ്‌ത 63 അടിയുള്ള പ്രതിമ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമകളിലൊന്നാണ്. മദൻ മോഹൻ മാളവ്യ പാലത്തിന്റെ (രാജ്ഘട്ട് പാലം എന്നാണ് അറിയപ്പെടുന്നത്) ചരിവിൽ നിന്ന് പടാവോ ചൗരാഹയിൽ (നാല്‍ക്കവല) 3.75 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ സ്മൃതി സ്ഥലത്താണ് ഈ പ്രതിമ. ഗംഗയ്ക്ക് കുറുകെയുള്ള ഈ പാലം വാരണാസിയെ മുഗൾസരായ് ജംഗ്ഷനുമായി ബന്ധിപ്പിക്കുന്നു _ 1968-ൽ ഉപാധ്യായയുടെ മൃതദേഹം കണ്ടെത്തിയ സ്റ്റേഷനാണിത്. 1887-ൽ നിർമ്മിച്ച പാലത്തിൽ നിന്ന് ഗംഗയുടെ വിസ്തൃതിയുടെ ഗംഭീരമായ കാഴ്ച ലഭിക്കും.
മഹേന്ദ്രയുടേത് ഉൾപ്പെടെയുള്ള കുടിലുകൾ സ്മാരകത്തിൽ നിന്ന് ദൃശ്യമാകുന്ന രീതിയിൽ 100 മീറ്റർ അകലെയായിരുന്നു. മഹേന്ദ്രയുടെയും മറ്റുള്ളവരുടെയും രേഖകളിൽ (ഇവരെല്ലാം ഒരു പേര് മാത്രമാണ് ഉപയോഗിക്കുന്നത്) സുജാബാദ് (ചില ഔദ്യോഗിക രേഖകളിൽ സുസാബാദ് എന്ന് എഴുതിയിരിക്കുന്നു) അവരുടെ താമസ വിലാസമായി കൊടുത്തിട്ടുണ്ട്.
2019 നവംബറിൽ എപ്പോഴോ, മഹേന്ദ്രയും മറ്റുള്ളവരും കൂറ്റൻ പ്രതിമ അവരുടെ കുടിലുകൾക്ക് മുന്നിലുള്ള ഒരു വഴിയിലൂടെ സ്മാരക സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് കണ്ടിരുന്നു. ‘വലിയ ചടങ്ങ്’ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ‘മോദിജി’ സ്ഥലം സന്ദർശിക്കുമെന്നും അധികൃതർ അവരോട് പറഞ്ഞു.
ഞങ്ങളുടെ എംപിയാണ് പി എം
തന്റെ നേതാവിനെ ഒരു നോക്ക് കാണാൻ അടുത്തുള്ള സ്മാരകത്തിലേക്ക് നടക്കാം എന്ന പ്രതീക്ഷയിൽ വളരെയധികം സന്തോഷവാനായിരുന്നു എന്ന് മറ്റൊരു താമസക്കാരൻ, പത്രു (50), പറയുന്നു. തന്റെ പ്രദേശത്തെ എല്ലാവരെയും പോലെ താനും മോദിജിക്ക് വോട്ട് ചെയ്തു. കാരണം: “ഞങ്ങളുടെ എംപി പ്രധാനമന്ത്രിയായാൽ ഞങ്ങൾക്ക് എല്ലാ സുഖ് സുവിധയും (സുഖകരമായ സൗകര്യങ്ങൾ) ലഭിക്കും.”
ഇത് രണ്ടാം തവണയാണ് മോദി വാരാണസിയിൽ നിന്നുള്ള എംപിയാകുന്നത്. 2014-ൽ അദ്ദേഹം ആദ്യമായി ഇവിടെ വിജയിച്ചു, അന്ന് അദ്ദേഹത്തിന്റെ മുഖ്യ എതിരാളി ഇപ്പോൾ ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളായിരുന്നു. ആദ്യ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി 56.37 ശതമാനം വോട്ട് നേടിയപ്പോൾ 2019ൽ അത് 63.62 ശതമാനമായി ഉയർന്നു.
റിവർ ക്രൂസ് ബോട്ടുകൾ, ഉൾനാടൻ ജലപാതകളിലെ ചരക്കുഗതാഗത ടെർമിനലുകൾ, വീടുകളിലേക്ക് പൈപ്പ് വഴിയുള്ള ഗ്യാസ് വിതരണം, കാശി വിശ്വനാഥ ക്ഷേത്രം മുതൽ ഗംഗാഘട്ട് വരെയുള്ള റോഡ് വീതികൂട്ടൽ എന്നിവയാണ് എംപിയുടെ ഏറ്റവും ഉയർന്ന നേട്ടങ്ങളുടെ പട്ടികയിലുള്ളത്. സുജാബാദിലെ ദരിദ്രർക്കും നരേന്ദ്ര മോദിയുടെ പദ്ധതികൾ നേട്ടങ്ങളായി. 2019ൽ സൗഭാഗ്യ യോജന പ്രകാരം സൗജന്യ വൈദ്യുതി കണക്ഷനും ചില കുടുംബങ്ങൾക്ക് പാചക വാതക സിലിണ്ടറുകളും ലഭിച്ചു.
പ്രതീക്ഷിക്കാത്ത “നേട്ടം”
പ്രതിമ ഉത്ഘാടനം ചെയ്യുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാവിലെ 11 മണിക്ക് സുജാബാദിന്റെ തെക്ക് പടിഞ്ഞാറൻ ചുറ്റളവിൽ താമസിച്ചിരുന്ന 50-ഓളം കുടുംബങ്ങളെ പ്രാദേശിക താണയിൽ (പോലീസ് സ്റ്റേഷൻ) നിന്ന് വന്ന ഒരു കൂട്ടം പോലീസുകാർ സന്ദർശിച്ചു. അവർ ഇങ്ങനെ കൽപ്പിച്ചു: “നിങ്ങൾക്ക് നാല് മണിക്കൂർ സമയമുണ്ട്. നിങ്ങൾക്ക് കഴിയുന്നതെല്ലാം ശേഖരിക്കുക. നിങ്ങളുടെ വീടുകൾ തകർക്കും .”
“ഞങ്ങൾ എങ്ങോട്ട് പോകും?” എന്ന് ആക്രോശിച്ചത് രേഷ്മ (51) ഓർക്കുന്നു. എന്നിട്ട് അവൾ കരച്ചിലിന്റെ ഒരു കൂമ്പാരമായി. അവളുടെ ജീവിതത്തിൽ അവൾ ഇതുവരെ അറിഞ്ഞിട്ടുളതിനെല്ലാം ആ മൺ ചുവരുകൾ സാക്ഷിയാണ്. അവളുടെ അയൽക്കാരിൽ ചിലർക്ക് ഇഷ്ടിക ഭിത്തികളുള്ള വീടുകൾ ഉണ്ടായിരുന്നു, എന്നാൽ ആ മൺചുവരുകളിലും മുളം മേല്കൂരയിലും അവൾ സംതൃപ്തയായിരുന്നു. രണ്ട് ടാപ്പുകളും വീടുകളുടെ നിരകൾക്ക് പിന്നിൽ ഒരു കൈ പമ്പും ഉപയോഗിച്ചാണ് അവളുടെ ജല ആവശ്യങ്ങൾ നിറവേറ്റിയത്. വൈദ്യുതി കണക്ഷൻ പ്രവർത്തിച്ചിരുന്നു. ഇതിൽ കൂടുതൽ അവൾ എന്ത് ആവശ്യപ്പെടുമായിരുന്നു?
എന്നാൽ നാല് മണിക്കൂറിനുള്ളിൽ, അവശ്യസാധനങ്ങളുടെ ഈ വളരെ ചെറിയ ലോകം തകർന്നു. ബുൾഡോസറുകൾ കൊണ്ടുവന്ന് പണി നടത്തി. പഡാവോ ക്രോസിംഗിനെ ഖിഡ്കിയ ഘട്ടുമായി ബന്ധിപ്പിക്കുന്ന റോഡിൽ ഭയവിഹ്വലരായ നിവാസികൾ അവരുടെ സാധനങ്ങളുമായി നിന്നു. സാംസ്കാരിക പരിപാടികൾ നടത്തുന്നതിനുള്ള വിവിധോദ്ദേശ്യ ഭീമൻ പ്ലാറ്റ് ഫോം , വാട്ടർ സ്പോർട്സ് സെന്റർ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ ഷോകേസ് വികസന പദ്ധതിയുടെ ഭാഗമാണ്.
ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരടങ്ങിയ ഉന്നത സംഘത്തിന്റെ സന്ദർശനം കഴിഞ്ഞാൽ, ഏകദേശം 5,400 ചതുരശ്ര അടി സ്ഥലത്ത് കുടിൽ പുനർനിർമിക്കാമെന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങൾക്ക് അധികാരികൾ ഉറപ്പുനൽകി. എന്നാൽ അതൊരു പൊള്ള വാഗ്ദാനമായിരുന്നു എന്ന് കുടിയിറക്കപ്പെട്ടവർ പിന്നീട് തിരിച്ചറിഞ്ഞു.
മനുഷ്യാവകാശ ലംഘനം
ഇത്തരം നിർബന്ധിത കുടിയൊഴിപ്പിക്കലുകൾക്കെതിരായ ഇരകളുടെ അവകാശം നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുണ്ട്.
യുണൈറ്റഡ് നേഷൻസിന്റെ മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈക്കമ്മീഷണറുടെ ഓഫീസ്, (2004/28 പ്രമേയം) നിർബന്ധിത കുടിയൊഴിപ്പിക്കലിനെ നിർവചിക്കുന്നതിങ്ങനെയാണ് : ‘…വ്യക്തികളെയും കുടുംബങ്ങളെയും ഗ്രൂപ്പുകളെയും അവരുടെ വീടുകളിൽ നിന്നും ഭൂമിയിൽ നിന്നും സമൂഹങ്ങളിൽ നിന്നും നിർബന്ധമായി നീക്കം ചെയ്യുന്നത് നിലവിലുള്ള നിയമസംവിധാനങ്ങൾ പ്രകാരം നിയമപരമായി കണക്കാക്കിയാലും ഇല്ലെങ്കിലും കൂടുതൽ ഭവനരഹിതരേയും ജീവിത യോഗ്യമല്ലാത്ത ജീവിത ചുറ്റുപാടുകളും ഉണ്ടാക്കുന്നു.’…
‘നിർബന്ധിത കുടിയൊഴിപ്പിക്കൽ സമ്പ്രദായം… മനുഷ്യാവകാശങ്ങളുടെ, പ്രത്യേകിച്ച് മതിയായ പാർപ്പിടത്തിനുള്ള അവകാശത്തിന്റെ കടുത്ത ലംഘനമാണ്..’, എന്ന് അതേ പ്രമേയം എടുത്തു പറയുന്നു,
സുജാബാദിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മറ്റെവിടെയെങ്കിലും താമസിക്കുന്നത് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. മൂന്ന് തലമുറകളായി അവർ ആ ഭൂമിയിൽ താമസിച്ചുവരികയായിരുന്നു, അവരെ എവിടെ കണ്ടെത്താമെന്നും അവർ നിർമ്മിക്കുന്ന മുള ഉൽപന്നങ്ങൾ എവിടെ ലഭിക്കുമെന്നും ഉപഭോക്താക്കൾക്ക് അറിയാമായിരുന്നു. അങ്ങനെ അവരുടെ വിലാസം അവരുടെ ഉപജീവനമാർഗവുമായി ബന്ധപ്പെട്ടിരിന്നു.
1985 ജൂലൈയിൽ ഇന്ത്യയുടെ സുപ്രീം കോടതി (ഓൾഗ ടെല്ലിസ് ഓർസ് vs ബോംബെ മുനിസിപ്പൽ കോർപ്പറേഷനും മറ്റുള്ളവയും) അഭിപ്രായപ്പെട്ടു: “ജീവിക്കാനുള്ള അവകാശവും ജോലി ചെയ്യാനുള്ള അവകാശവും സംയോജിതവും പരസ്പരാശ്രിതവുമാണ്, അതിനാൽ ഒരു വ്യക്തിയുടെ ജോലി നഷ്ടപ്പെടുകയാണെങ്കിൽ ഒരു ചേരിയിൽ നിന്നോ നടപ്പാതയിൽ നിന്നോ അവനെ കുടിയൊഴിപ്പിക്കുന്നത് ജീവിക്കാനുള്ള അവന്റെ അവകാശം തന്നെ അപകടത്തിലാക്കും. ഈ വ്യക്തികൾ ചേരികളിലോ നടപ്പാതകളിലോ ജീവിക്കാൻ നിർബന്ധിതരാകുന്ന സാമ്പത്തിക നിർബന്ധങ്ങൾ അവരുടെ ജോലിക്ക് മൗലികാവകാശത്തിന്റെ സ്വഭാവം നൽകണമെന്ന് ആവശ്യപ്പെടുന്നു.”
(https://indiankanoon.org/doc/709776/)
കുടുംബങ്ങളെ പുറത്താക്കിയ ശേഷം, ശേഷിക്കുന്ന ഭൂമിയുടെ ചുറ്റും കമ്പികൾ കെട്ടി. വെള്ളം കിട്ടുമെന്ന വ്യാജേന ആരും ആ പരിസരത്ത് കയറരുതെന്ന് ഉറപ്പുവരുത്താൻ ടാപ്പുകളും തകർത്തു.
ഒരു സ്വകാര്യ കക്ഷിക്ക് വിറ്റു
വിഷമഘട്ടത്തിൽ സഹായിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്ന ഒരു മനുഷ്യൻ അവരുടെ പ്രദേശത്തെ പ്രധാൻ (തലവൻ) ബെനാർസി ലാൽ ആയിരുന്നു.
ലാൽ (അദ്ദേഹത്തിന്റെ കാലാവധി 2020 ഡിസംബറിൽ അവസാനിച്ചു) പറയുന്നു, “കുടിലുകൾക്ക് തൊട്ടുപിന്നിലെ ഭൂമി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ പാർട്ടിക്ക് നിയമവിരുദ്ധമായി വിറ്റിരുന്നു. ഇത് സർക്കാർ ഭൂമിയായിരുന്നെങ്കിലും മുദ്രപ്പത്രത്തിൽ ഇടപാട് നടത്തി. പുറത്താക്കപ്പെട്ടവരിൽ പലരും സുജാബാദിൽ നിന്നാണെങ്കിലും മറ്റുള്ളവർ അയൽ ജില്ലകളിൽ നിന്ന് വന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് വിലപ്പെട്ട ഭൂമിയാണ്, നഗരത്തോട് വളരെ അടുത്താണ്,” അദ്ദേഹം പറയുന്നു. “ആരെങ്കിലും അത് ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും ജീവിക്കാൻ ആഗ്രഹിക്കുന്നതെന്തിന്?”
നിങ്ങൾ സുജാബാദിലെ താമസക്കാരല്ലെന്ന് പ്രധാൻ പറഞ്ഞതായി പത്രു പറയുന്നു. “പിന്നെ എന്തിനാണ് ഞങ്ങളോട് വോട്ട് ചോദിച്ച് വന്നത് എന്ന് ഞാൻ ചോദിച്ചു. ഞങ്ങൾ താമസക്കാരല്ലെങ്കിൽ, ഞങ്ങൾ എങ്ങനെ നിങ്ങൾക്കു വോട്ട് ചെയ്യതു?”.
ഒരുകാലത്ത് അവരുടെ വീടുകൾക്ക് എതിർവശത്തായുണ്ടായിരുന്ന പാലത്തിന്റെ അവസാന ചരിവിൽ കുടിയൊഴിപ്പിക്കലിനുശേഷം കുറച്ച് രാത്രികൾ കുടുംബങ്ങൾ ചെലവഴിച്ചു. കാലക്രമേണ, കീറിയ പ്ലാസ്റ്റിക് ബാഗുകൾ, പഴയ ടാർപോളിൻ ഷീറ്റുകൾ, ചാക്കുകൾ, സാരികൾ, ദുപ്പട്ടകൾ എന്നിവ ഒരുമിച്ച് കെട്ടി അവർ തങ്ങൾക്കുവേണ്ടി കൂരകൾ ഉണ്ടാക്കി. അവരുടെ പുതിയ ആവാസവ്യവസ്ഥയുടെ ഒരു വശത്ത് പടാവോയിൽ നിന്ന് ഘട്ടിലേക്കുള്ള റോഡും മറുവശത്ത് രാജ്ഘട്ട് പാലത്തിൽ നിന്ന് വരുന്ന ചരിവും ഉള്ളതിനാൽ അവരുടെ പഴയ വീടുകളിൽ അവർ ആസ്വദിച്ചിരുന്ന ചെറിയ സ്വകാര്യത പൂർണ്ണമായും ഇല്ലാതായി. വെള്ളം ഒരു പ്രശ്‌നമായിരുന്നു, കുറച്ച് ബക്കറ്റ് വെള്ളത്തിനായി ടാപ്പുകളുമായി ബന്ധിപ്പിച്ച പൈപ്പുകൾ കൈമാറാൻ അവർക്ക് അവരുടെ പഴയ അയൽവാസികളുടെ നല്ല മനസ്സിനെ ആശ്രയിക്കേണ്ടിവന്നു.
“ദിവസത്തിൽ ഒരു പ്രാവശ്യം ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളമേ ഉള്ളൂ. നാലഞ്ചു ദിവസത്തിലൊരിക്കൽ ഞങ്ങൾ കുളിക്കും. ആഴ്ചയിലൊരിക്കലാണ് വസ്ത്രങ്ങൾ അലക്കുന്നത്”, ജിറ (37) പറയുന്നു.
ഈ പഴയ സുജാബാദ് നിവാസികൾ അവരുടെ ജീവിതത്തെ കുറച്ചൊക്കെ കരുപ്പിടിപ്പിച്ചപ്പോൾ, കോവിഡ് ലോക്ക്ഡൗൺ വന്നു.
സഹായഹസ്തം
ലോക്ക്ഡൗൺ സമയത്ത് ഈ പ്രദേശത്ത് (വാരാണസി, ചന്ദൗലി, അലഹബാദ് എന്നിവിടങ്ങളിലെ മറ്റ് പ്രദേശങ്ങളിലും) റേഷനും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പായ ഇന്നർവോയ്സ് ഫൗണ്ടേഷൻ്റെ സന്നദ്ധപ്രവർത്തകരാണ് പുറത്താക്കപ്പെട്ട കുടുംബങ്ങളുടെ ദുരവസ്ഥ ആദ്യം ശ്രദ്ധിച്ചത്.
പുനരധിവാസത്തിനായി ഭരണകൂടത്തോടും സർക്കാരിനോടും ആവശ്യപ്പെടാൻ അന്നുമുതൽ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് സംഘടനയുടെ മുഖ്യ പ്രവർത്തകൻ സൗരഭ് സിംഗ് പറഞ്ഞു.
വാരാണസിയിലെ ജില്ലാ മജിസ്‌ട്രേറ്റിന് (ഡിഎം) ആദ്യത്തെ ഇ-മെയിൽ 2020 ഒക്ടോബർ 4-ന് അയച്ചു; തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതിയും ഡിസംബർ 12ന് ഡിഎമ്മിന് മറ്റൊരു പരാതിയും നൽകി.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് (രജിസ്‌ട്രേഷൻ നമ്പർ PMOPG/E/2020/0896792) അയച്ച പരാതിയിൽ പറയുന്നു, ‘ശബ്ദമില്ലാത്ത ഈ ആളുകളെ ശ്രദ്ധിക്കാൻ പ്രാദേശിക ഭരണകൂടത്തോട് ഞങ്ങൾ അഭ്യർത്ഥിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി ആവാസ് യോജന വഴിയോ അനുയോജ്യമായ മറ്റേതെങ്കിലും പദ്ധതിയിലൂടെയോ പുനരധിവസിപ്പിച്ച് ഈ കുടുംബങ്ങൾക്ക് മേൽക്കൂര സ്ഥാപിക്കാൻ ഞങ്ങളെ സഹായിക്കൂ..’. പരാതി നൽകി ആറ് ദിവസത്തിന് ശേഷം ഒക്ടോബർ 13ന് പിഎംഒ വെബ്‌സൈറ്റിൽ ‘ക്ലോസ്ഡ്’ എന്ന് രേഖപ്പെടുത്തിയിരുന്നു. (സാന്ദർഭികമായി ഒരു കാര്യം പറയട്ടെ, പ്രധാനമന്ത്രി ആവാസ് യോജന, 2019 പ്രകാരം നഗരങ്ങളിലെ ദരിദ്രർക്ക് വീട് നൽകിയതിന് യുപി ഒന്നാം സമ്മാനം നേടി)
ശൈത്യകാലം ശക്തമാകുന്നതിന് മുമ്പ് തങ്ങളുടെ തലയ്ക്ക് മുകളിൽ ഒരു മേൽക്കൂര സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് നവംബർ 3 ന് സംഘം യുപി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് ഫോളോ-അപ്പ് ഇമെയിൽ അയച്ചു. ‘അവർക്ക് ആധാറും വോട്ടർ ഐഡി കാർഡും ഉണ്ട്, പക്ഷേ അവർക്ക് ഒരു ഇടമില്ല…’ എന്നായിരുന്നു ഇമെയിൽ.
നവംബർ 11ന്, സുജാബാദിലെ താമസക്കാരും ഇന്നർവോയ്‌സ് ഫൗണ്ടേഷൻ്റെ സന്നദ്ധപ്രവർത്തകരും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് (എസ്‌ഡിഎം) ഒരു കത്ത് നൽകി, ‘…ശുചിത്വം, ശുദ്ധമായ കുടിവെള്ളം, മറ്റ് ഏതെങ്കിലും തരത്തിലുള്ള നാഗരിക സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ആശങ്കകൾ ഉള്ളതിനാൽ സ്ത്രീകളും പെൺകുട്ടികളും പ്രതിസന്ധി നേരിടുകയാണ് റോഡുകളിൽ അതിജീവിക്കാൻ വളരെ ബുദ്ധിമുട്ടായതിനാൽ… ..അവർ ഭവനരഹിതരും ഉപജീവനനഷ്ടങ്ങൾ നേരിടുന്നവരും ആണ്..”
അന്ന് രാവിലെ 9.45 ന് എസ് ഡി എം, പ്രതിനിധി സംഘത്തിന് കാഴ്ച്ചാനുമതി നൽകിയതിനാൽ, അവർ 9.30 ന് അദ്ദേഹത്തിന്റെ ഓഫീസിൽ എത്തിയെങ്കിലും ഉച്ചയ്ക്ക് 12.30 വരെ അദ്ദേഹം ഓഫീസിൽ വന്നില്ല, അതിനുശേഷം അവർ വിളിച്ച വിളികൾക്കൊന്നിനും മറുപടി ഉണ്ടായില്ല.
മോദിയുടെ രണ്ടാം വരവും രണ്ടാം കുടിയൊഴിപ്പിക്കലും
നവംബർ 30, 2022ന് പ്രധാനമന്ത്രി തൻ്റെ മണ്ഡലത്തിൽ വീണ്ടും സന്ദർശനം നടത്തി.
അദ്ദേഹം സന്ദർശിക്കാൻ നിശ്ചയിച്ചിരുന്ന സ്ഥലങ്ങളുടെ പട്ടികയിൽ സ്മാരകം ഇല്ലായിരുനെങ്കിലും, അദ്ദേഹം സുജാബാദിൽ എത്തുന്നതിൻ്റെ ആറ് ദിവസം മുമ്പ് ലോക്കൽ പോലീസ് വീണ്ടും എത്തി അവർ പണിതിരുന്ന കൂരകൾ തകർത്തു.
“ഇവിടെ നിന്ന് ഓടിപ്പോകൂ അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ വടികൊണ്ട് അടിക്കും,” പോലീസ് പറഞ്ഞു. ജിറ പറയുന്നു: “മോദിജി ഇത് പറഞ്ഞിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ പോലീസ് ഞങ്ങളെ ഉപദ്രവിക്കാൻ അദ്ദേഹത്തിന്റെ സന്ദർശനം ഉപയോഗിച്ചു.” ആദ്യത്തെ കുടിയൊഴിപ്പിക്കലിന് ശേഷം, 18 വയസ്സ് തികഞ്ഞ മകൾ, സുന്ദരിയെ, വേഗത്തിൽ വിവാഹം കഴിപ്പിച്ചയാക്കാൻ അവർ നിർബന്ധിതയായി. മകളുടെ സുരക്ഷയെക്കുറിച്ചുള്ള ആകുലതയെ തുടർന്നാണ് തീരുമാനം തിടുക്കത്തിൽ എടുത്തതെന്നും, ഉപാധ്യായയുടെ ജന്മദിനമായ ഫെബ്രുവരി 26-ന് നടന്ന വിവാഹത്തിന് മുമ്പ് വരൻ സ്വന്തമായി വീടുണ്ടെന്ന് കള്ളം പറഞ്ഞിരുന്നുവെന്നും ജിറ പറയുന്നു.
സുജാബാദിലെ താമസക്കാരുടെ പ്രശ്‌നങ്ങൾ പ്രാദേശിക-ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് പ്രാദേശിക ഉദ്യോഗസ്ഥരെ സൈറ്റിലേക്ക് കൊണ്ടുവന്നു, വെറും 12 (250 പേരിൽ) ആളുകൾക്ക് പുതപ്പുകൾ നൽകി, രണ്ട് ദിവസത്തിനുള്ളിൽ ഭൂമി കൈവശം വയ്ക്കുന്നതിനുള്ള കത്ത് ലഭിക്കുമെന്ന് അവർക്ക് ഉറപ്പുനൽകി. ഈ ഭൂമി എവിടെയായിരിക്കുമെന്ന് അവർ വ്യക്തമാക്കിയിരുന്നില്ല.
സൗരഭ് സിംഗ് പറയുന്നു, “നവംബർ 29 ന് രാത്രി 10 മണിയോടെ പോലീസും എസ് ഡി എമ്മും തഹസിൽദാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒരു സംഘം കുടിൽ തകർക്കപ്പെട്ട സ്ഥലത്ത് എത്തി. പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയുന്നതുവരെ അടുത്ത 24 ദിവസത്തേക്ക് അവർ ഈ ആളുകളെ രാജ്ഘട്ട് പാലത്തിനടിയിൽ കൊണ്ടുപോയി ഭക്ഷണവും വെള്ളവും നൽകാതെ താമസിപ്പിച്ചു. ഇവരെ പോലീസിൻ്റെ നിരീക്ഷണത്തിലും ആക്കി. നവംബർ 30ന് പുലർച്ചെ അഞ്ച് മണിയോടെ അവരെ വിട്ടയച്ചു.
ഈ കഷ്ടപ്പാടിൽ ഉടനീളം, മൂന്ന് ദിവസത്തേക്ക് (നവംബർ 28-30) ഇന്നർവോയ്‌സ് ഫൗണ്ടേഷൻ ശേഖരിച്ച ഭക്ഷണ പാക്കറ്റുകൾ അവർക്ക് എത്തിക്കാൻ കഴിഞ്ഞില്ല, കാരണം അവർ തടവിലാക്കപ്പെട്ട രാജ്ഘട്ട് പാലം, പ്രധാനമന്ത്രി ഇറങ്ങിയ ഹെലിപാഡിൻ്റെ സമീപത്തായിരുന്നതിനാൽ സാധാരണക്കാർ പരിധിക്ക് പുറത്തായിരുന്നു.
ഡിസംബർ 24ന്, ഇന്നർവോയ്‌സിൻ്റെ സഹായത്തോടെ സുജാബാദിൽനിന്നും കുടിയിറക്കപെട്ടവർ നിവേദനവുമായി ഡിവിഷണൽ കമ്മീഷണറുടെ ഓഫീസ് സന്ദർശിച്ചു, അവർക്ക് താമസത്തിനായി ബദൽ സ്ഥലം നൽകുമെന്ന് ഭരണകൂടം വാഗ്‌ദാനം ചെയ്ത് 23 ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഒരാൾ തണുപ്പിൽ മരിച്ചതായി അപേക്ഷയിൽ ചൂണ്ടിക്കാട്ടി. (മഹേന്ദ്രയുടെ അച്ഛൻ ശ്യാംലാലായിരുന്നു ഇത്)
ഈ കത്ത് ജില്ലയുടെ സംയോജിത പരാതി പരിഹാര സംവിധാനത്തിൽ ഔപചാരികമായ പരാതി നൽകുന്നതിന് കാരണമായി. ഇത് മുനിസിപ്പൽ കോർപ്പറേഷന് കൈമാറി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അതിന്റെ സ്റ്റാറ്റസ് ‘ക്ളോസ്ഡ് ‘ എന്നായി മാറി. പ്രധാനമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജില്ലാ മജിസ്‌ട്രേറ്റിനും കൂടുതൽ കത്തുകൾ അയച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല.
“ഇവർക്ക് ഭൂമിയോ വീടോ ലഭിക്കുമോ എന്ന് എനിക്ക് പറയാനാവില്ല. അല്ലെങ്കിൽ വാരാണസിയിൽ ലക്ഷക്കണക്കിന് ഭവനരഹിതർ ഉള്ളതിനാൽ ഒന്നുമില്ലായിരിക്കാം”, സുജാബാദിന്റെ ചുമതലയുള്ള നയബ് തഹസിൽദാർ പറഞ്ഞു.
സൗരഭ് സിംഗ് പറയുന്നു “ഭരണകൂടം തികച്ചും നിർവികാരമാണ്. നാളിതുവരെ വിഷയത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ്, യുപി ചീഫ് സെക്രട്ടറി, വാരാണസി ജില്ല, ഡിവിഷണൽ കമ്മീഷണർ, ബന്ധപ്പെട്ട എസ് ഡി എം എന്നിവരുൾപ്പെടെ എല്ലാവരുമായും ഞങ്ങൾ ബന്ധപ്പെട്ടു. സമയം തന്നിട്ടും അവർ ഞങ്ങളെ കണ്ടില്ല. ഞങ്ങൾക്ക് അവരുടെ ഓഫീസുകളിൽ എത്താൻ കഴിയില്ലാത്ത തരത്തിലാണ് അവർ സന്ദർശന അനുമതി നൽകിയത്. ഒരു കാര്യവും ഫലമില്ലാതെ ഒരു ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. എല്ലാ തലത്തിലും അവർ ‘പരിഹരിച്ചത്’ അല്ലെങ്കിൽ ‘ക്ലോസ്ഡ് /അടച്ചത്’ എന്ന് എഴുതുന്നു.
അതേസമയം, ഈ താമസക്കാർക്ക് ഇന്നർവോയ്സ് റേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നു, ജില്ലാ ഭരണകൂടം വല്ലപ്പോഴും റേഷൻ വിതരണം ചെയ്യുന്നു. എന്നാൽ കോവിഡ് പ്രതിരോധ മുഖംമൂടികൾ എവിടെയും കാണാനില്ല. വെള്ളം കിട്ടാനില്ലാത്തതിനാൽ ഇടയ്ക്കിടെ കൈ കഴുകുക എന്നത് പ്രായോഗികവുമല്ല.
2021 ജനുവരിയിൽ സുജാബാദ് ഗ്രാമപദവിയിൽ നിന്ന് നഗരപദവിയിലേക്ക് മാറിയത് കഷ്ടപ്പാടുകൾ വർധിപ്പിച്ചു.
സൗരഭ് കുമാർ പറയുന്നു: “ഫയൽ എങ്ങനെ നീക്കണമെന്ന് ആർക്കും കൃത്യമായി അറിയില്ല”.
എന്നിരുന്നാലും, തങ്ങളുടെ പൂർവ്വികർ താമസിച്ചിരുന്ന ഭൂമി തങ്ങളുടേതാണെന്ന് മഹേന്ദ്രയും മറ്റുള്ളവരും ഉറപ്പിച്ചു പറയുന്നു. “ഈ ഭൂമി ഞങ്ങളുടെ ജന്മാവകാശമാണ്. ഇവിടെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഇവിടെത്തന്നെ മരിക്കും,” മഹേന്ദ്ര പറയുന്നു.
അതെ സമയം 10 രൂപ ടിക്കറ്റിന് സ്മാരകപ്രദേശത്ത് മൂന്ന് മണിക്കൂർ ചിലവിടാം. പക്ഷെ പുറത്താക്കപ്പെട്ടവരിൽ ആരും ഇതുവരെ അവിടം സന്ദർശിച്ചിട്ടില്ല.
താര (51) പറയുന്നു, “പ്രതിമ ജീവിച്ചിരിക്കുന്നില്ല, എന്നാൽ അത് മൂലം ഞങ്ങളെല്ലാം മരിച്ചു”.
Subscribe to our channels on YouTube & WhatsApp