A Unique Multilingual Media Platform

The AIDEM

Articles Culture National Politics Social Justice

ഇംഫാലിൽ; നീതി എന്ന ആശയവും, നീതിക്കായുള്ള യാത്രയും  

  • January 15, 2024
  • 1 min read
ഇംഫാലിൽ; നീതി എന്ന ആശയവും, നീതിക്കായുള്ള യാത്രയും  

ഏകദേശം 15 വർഷം മുമ്പ്, ഇംഫാലിൽ നിന്നുള്ള എന്റെ ഫോട്ടോഗ്രാഫർ സുഹൃത്തായ രത്തൻ ലുവാങ്‌ചയെ താഴ്‌വര ആസ്ഥാനമായുള്ള ഒരു വിഘടനവാദി സംഘം അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് വെടിവച്ചു. താഴ്‌വരയിൽ നിന്നുള്ള ഏറ്റവും ജനപ്രിയൻ, പൗരാവകാശങ്ങൾക്കായി ശബ്ദമുയർത്തിയവൻ; എഴുത്തുകാരനും/ഫോട്ടോഗ്രാഫറുമായിരുന്ന രത്തൻ നിരവധി അഴിമതികൾ വെളിച്ചത്തു കൊണ്ടുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ രത്തനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അടിയന്തിരമായി രക്തം ആവശ്യമുണ്ടെന്ന വാർത്ത അതിവേഗം പരന്നു. അതുകേട്ട് ഇംഫാലിലെ അമ്മമാർ കൂട്ടത്തോടെ രക്തം നൽകാൻ ക്യൂ നിന്നു. ഒരു വർഷത്തോളം കിടപ്പിലായ എന്റെ സുഹൃത്തിന് അവർ പുതുരക്തവും പുതിയ ഓജസ്സും നൽകി.

പിന്നീട്, പ്രായോഗികമായി തന്റെ രണ്ടാം ജന്മത്തിൽ, രത്തൻ ഇംഫാലിലെ പാതകളിലും ഇടവഴികളിലുമുള്ള ഒരു വിചിത്രമായ പ്രഭാത നടത്തത്തെക്കുറിച്ച് എന്നോട് പറഞ്ഞു. ഒരു വൃദ്ധനും അദ്ദേഹത്തിന്റെ അരയന്നവും ദിവസവും പുലർച്ചെ ഏകദേശം 3 മണിക്ക്, നീണ്ട ഒരു കാൽനടയാത്രക്കിറങ്ങും. അന്നന്നത്തെ പത്രങ്ങൾ ശേഖരിക്കുകയും പുലർച്ചെ 4 മണിക്ക്, സൂര്യോദയത്തോടെ (അതെ, നമ്മുടെ വടക്ക് കിഴക്കൻ പ്രദേശത്ത് സൂര്യൻ വളരെ നേരത്തെ ഉദിക്കും), വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. അപ്പോൾ വൃദ്ധനായ ചൗബ തന്റെ വളർത്തു ഹംസമായ തോംബയ്ക്ക് ഭക്ഷണം നൽകും. പിന്നെ ചൗബ മണിപ്പൂരി ദിനപ്പത്രം വായിക്കാൻ തുടങ്ങുകയും, തോംബ അടുത്തുള്ള കുളത്തിൽ നീന്താനിറങ്ങുകയും ചെയ്യും. ഒരു വളർത്തു നായ ദൂരെ നിന്ന് വലിയ താല്പര്യമൊന്നും കാണിക്കാതെ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടാവും. 

ഇറോം ശർമിള

ഇപ്പോൾ 2024 ജനുവരിയിൽ, ഞാൻ ഒരു ഇന്ത്യാ ടുഡേ റിപ്പോർട്ട് വായിച്ചു. അതിൽ ഇങ്ങനെ പറയുന്നു, “പച്ചയായ സ്ഥിതിവിവര കണക്കുകളെടുത്താൽ, 2023 മെയ്-ഓഗസ്റ്റ് കാലയളവിൽ ഏകദേശം 200 പേർ കൊല്ലപ്പെട്ടു, 1000 പേർക്ക് പരിക്കേറ്റു, 60,000 ആളുകൾ ഭവനരഹിതരായി. സംസ്ഥാന പോലീസും, സായുധ സേന പോലും, മിക്കവാറും നിസ്സഹായരായ കാഴ്ചക്കാരായി നിൽക്കവെയാണ് ഇത് സംഭവിച്ചത്. ഭരണകൂടം തന്നെ ഒത്താശ ചെയ്തു എന്ന ആരോപണങ്ങൾക്കിടയിൽ പോലീസ് കോൺസ്റ്റാബുലറിയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിക്കപ്പെട്ടു.” 

ഈ പശ്ചാത്തലത്തിൽ തിരിഞ്ഞുനോക്കുമ്പോൾ, ചൗബയുടെ വിചിത്രമായ പ്രഭാത നടത്തത്തിന്റെ കഥ വളരെ നിസ്സാരമായ ഒരു കഥാവസ്തു മാത്രം. ഇതുകേട്ടാൽ തോന്നും, ചൗബയും ഹംസവും ഇംഫാലിലെ തികച്ചും സമാധാനപരമായ തെരുവുകളിലൂടെയാണ് നടന്നുകൊണ്ടിരുന്നത് എന്ന്. മണിപ്പൂരിലെ ക്രമസമാധാന നില ഇപ്പോഴത്തെ നിലയിൽ ഭീകരമായി തകർന്നതിന് മുമ്പുള്ള കാലം തികച്ചും സമാധാനപരമായിരുന്നുവെന്ന് പലരും കരുതുന്നുണ്ടാവാം. അങ്ങനെയായിരുന്നില്ല.

തോംബയും ചൗബയും നടന്ന കാലങ്ങൾ രക്തരൂഷിതമായ കാലങ്ങൾ തന്നെയായിരുന്നു. തീർച്ചയായും, അതിന്റെ മാനങ്ങൾ ചെറുതായിരുന്നു; അക്രമാസക്തമായ പൊട്ടിത്തെറികൾ പ്രധാനമായും ഭരണകൂടവും, ആഭ്യന്തര കലാപകാരികളും തമ്മിലായിരുന്നു. അന്നത്തെ സാമൂഹ്യപശ്ചാത്തലത്തോടു ചേർത്തുവെച്ച്, രത്തൻ ലുവാങ്ച ഈ വൃദ്ധന്റെയും അദ്ദേഹത്തിന്റെ ഹംസത്തിന്റെയും കഥ സൂക്ഷ്മമായി വിവരിച്ചപ്പോൾ, സൗന്ദര്യവും അക്രമവും ഇടകലർന്ന ഒരു ഷേക്സ്പിയർ നാടകം പോലെ അനുഭവപ്പെട്ടു. 

തോംബയും ചൗബയും പ്രഭാത സവാരിക്കിടെ

എല്ലാ ദിവസവും പുലർച്ചെ 3 മണിയോടെ കൊതുക് വലയ്ക്കകത്തേക്കു ഒരു നീണ്ട കൊക്ക് കടന്നുചെന്ന്, ഉറങ്ങിക്കിടന്ന വൃദ്ധനെ തോണ്ടി എഴുന്നേൽപ്പിക്കും. ഒരു ദിവസം, പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയതിനാൽ, അന്നത്തെ പ്രഭാത നടത്തം സാധ്യമാവില്ല എന്ന് വൃദ്ധന് തോന്നിയിരുന്നു.  രണ്ട് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഒളിക്യാമറയിൽ പതിഞ്ഞു. പോരാത്തതിന് തെഹൽക്ക മാസിക അത് പ്രസിദ്ധം ചെയ്തും കഴിഞ്ഞിരുന്നു.  അതോടെ ഒരു ആഭ്യന്തര കലാപത്തിന് തീ പിടിച്ചു. അലസനായി കിടക്കുകയായിരുന്ന യജമാനനെ ഉണർത്താൻ ശ്രമിച്ച അരയന്നം പലതരം പക്ഷിയൊച്ചകൾ ഉണ്ടാക്കി- വിസിൽ, കാഹളം, ചൂളമടി, കുറുകൽ.

ഒടുവിൽ അവർ പതിവ് പ്രഭാതസവാരിക്കിറങ്ങി; സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു മടക്കി അയക്കും വരെ മാത്രമുള്ള ഹ്രസ്വമായ നടത്തം. അതോടെ, അവർ വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായി. പിന്നീടുള്ള ദിവസവും ഇതേ കഥ ആവർത്തിച്ചു. അരയന്നം, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വിസിലടിച്ചു. അവർ വീണ്ടും വീട്ടിലേക്ക് മടങ്ങി. കലാപം ദിനംപ്രതി രൂക്ഷമാകുകയും കർഫ്യൂ തുടരുകയും ചെയ്തു. തോംബയും ചൗബയും സ്ഥലത്തെ കർഫ്യൂ നിരന്തരം ലംഘിക്കുകയും. അടുത്ത രണ്ട് ദിവസങ്ങളിൽ, സൈന്യത്തിന്റെ വിസിലുകൾക്കുള്ള ഒരുതരം മറുപടിയായി തോംബയുടെ വിസിലടി കൂടി ചേർന്നു സൃഷ്ടിച്ച മിശ്രിത ശബ്ദപ്രപഞ്ചത്തിൽ സഞ്ചരിക്കുന്നവരായി ഇരുവരും. ഇംഫാൽ തെരുവുകളിലെ സായുധ സേനയ്ക്ക് പോലും ഇത് കൗതുകമുള്ള കാഴ്ചയായി.

ഈ കഥാതന്തുവിൽ ഞാൻ ജീവിതത്തിന്റെ ആത്യന്തിക രൂപകം ദർശിച്ചു. കൂടുതൽ ദൈർഘ്യമുള്ള ഒരു സിനിമ നിർമ്മിക്കുന്നതിനായി എന്റെ ക്രൂവിനൊപ്പം മടങ്ങിവരാനുള്ള ആശയവുമായി, തല്ക്കാലം വൃദ്ധനെയും അരയന്നത്തെയും ചിത്രീകരിച്ചു. കഷ്ടം, എനിക്കത് വിധിച്ചിരുന്നില്ല. വൃദ്ധൻ പെട്ടെന്ന് മരിച്ചു. അവശേഷിച്ച ഏക ഡോക്യുമെന്റേഷൻ, രത്തന്റെ ഫോട്ടോഗ്രാഫുകളും, ആ മനുഷ്യനെയും, ആ വിചിത്രമായ പ്രഭാത നടത്തവും ചിത്രീകരിച്ച എന്റെ ഹ്രസ്വ വീഡിയോയും മാത്രമായിരുന്നു.  

തോംബയും ചൗബയും പ്രഭാത സവാരിക്കിടെ

അവയുപയോഗിച്ചു ഞാൻ നിർമ്മിച്ച ഹ്രസ്വചിത്രം, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ, അനിമൽ/ബേർഡ് ക്ലിയറൻസ് ബോർഡിലേക്ക് റഫർ ചെയ്തപ്പോൾ ഒരു വിചിത്രമായ കത്ത് എന്റെ മേശപ്പുറത്ത് പറന്നെത്തി. അരയന്നം ഒരു വളർത്തുപക്ഷിയല്ലെന്നും, ഫിലിംസ് ഡിവിഷനിൽ ജോലി ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഗസറ്റഡ് ഓഫീസർ എന്ന നിലയിൽ ഞാൻ മണിപ്പൂരിലെ വനംവകുപ്പിനെ ഈ സിനിമയേക്കുറിച്ചു ധരിപ്പിക്കാൻ നടപടി എടുക്കണമെന്നും അതിൽ പറയുന്നു. ഭരണകൂടവും ആഭ്യന്തര കലാപകാരികളും തമ്മിലുള്ള യുദ്ധത്തിനിടയിൽ കുടുങ്ങിയ വൃദ്ധന്റെയും അരയന്നത്തിന്റെയും രൂപകം, എന്നെക്കൂടി ആ കഥയ്ക്കുള്ളിലേക്ക് അങ്ങനെ വിഴുങ്ങാൻ തുടങ്ങുന്നു. ‘ഓൾഡ് മാൻ ആൻഡ് സ്വാൻ’ എന്ന സിനിമ ഉണ്ടാക്കിയ ആൾ, സങ്കീർണ്ണമായ മണിപ്പൂർ രൂപകത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

പിന്നീട് ഇംഫാലിൽ രത്തനുമായി നടത്തിയ ഒരു സന്ദർശനത്തിൽ, ചൗബയും തോംബയും പതിവായി പോകുന്ന അതേ കുളത്തിൽ രണ്ട് ഹംസങ്ങൾ നീന്തി നടക്കുന്നത് ഞാൻ കണ്ടു. ചൗബയുടെ വിധവ, വൃദ്ധന്റെ മരണശേഷമുള്ള കാര്യങ്ങൾ വിശദീകരിച്ചു. യജമാനന്റെ തിരോധാനത്തിനുശേഷം, ഹംസം തെരുവിൽ വടിയുമായി പോകുന്ന ആരെയും പിന്തുടരാൻ തുടങ്ങി. സഹയാത്രികനെ തേടി അത് റോഡിൽ തലങ്ങും വിലങ്ങും നടന്നു. അതിന്റെ അതേ വർഗ്ഗത്തിൽ പെട്ട ഒരു കൂട്ടാളിയെ അതിനു നൽകാൻ വൃദ്ധയുടെ നാട്ടുബുദ്ധി അവരെ പ്രേരിപ്പിച്ചു. 

അതോടെ, ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഗസറ്റഡ് ഓഫീസർ എന്ന നിലയിൽ, ഇരട്ട കുറ്റാരോപണത്തിനു വിധേയനാവാനുള്ള സാധ്യത ഞാൻ തിരിച്ചറിഞ്ഞു. ഒറ്റ അരയന്നമല്ല, രണ്ട് അരയന്നങ്ങളാണ് ഇപ്പോൾ ആ കുളത്തിൽ. പക്ഷിയെ അരയന്നമെന്ന് തെറ്റായി തിരിച്ചറിഞ്ഞെങ്കിലും, യഥാർത്ഥത്തിൽ അതൊരു താറാവ് ആണെന്ന് ഞാൻ ഫയലിൽ എഴുതണോ? ‘ഓൾഡ് മാൻ ആൻഡ് സ്വാൻ’ എന്ന ചിത്രം സെൻസറിൽ നിന്ന് പുറത്തുവന്നിട്ടില്ല! ഒരു മഞ്ഞുതുള്ളിയിൽ പ്രപഞ്ചത്തെ പ്രതിഫലിപ്പിക്കുക എന്ന ആശയത്തോട് ഒരു ചലച്ചിത്രകാരന് അമിതാഭിവാഞ്ഛ ഉണ്ടാകുമ്പോൾ സംഭവിക്കുന്നത് അതാണ്. (ഹാ, വീണ്ടും അതാ ഒരു രൂപകം).

ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും, നീണ്ട പതിനാറ് വർഷക്കാലം നിർബന്ധിതമായി മൂക്കിൽ കൂടി ഭക്ഷണം അകത്താക്കേണ്ടി വരികയും ചെയ്ത മണിപ്പൂരിലെ ഇതിഹാസ ഗാന്ധിയൻ പോരാളിയായ ഇറോം ശർമിളയെ ഞാൻ കണ്ടുമുട്ടിയപ്പോൾ, രൂപകഭ്രാന്തനായ ഈ ചലച്ചിത്രകാരന്റെ  കയ്യിൽ, അമർത്യ സെന്നിന്റെ ‘നീതിയുടെ ആശയം’ എന്ന കനപ്പെട്ട പുസ്തകത്തിന്റെ ഹാർഡ്കവർ കോപ്പി ഉണ്ടായിരുന്നു. ആദ്യ പേജിൽ ഇറോം ഒരു വരി കുറിച്ചു, ഞങ്ങൾ ഒരു ഫോട്ടോ എടുത്തു. 1958ലെ ക്രൂരമായ നിയമവിരുദ്ധ നിയമമായ അഫ്സപ (AFSPA-ആംഡ് ഫോഴ്സസ് സ്‌പെഷൽ പവേഴ്സ് ആക്ട്) ക്കെതിരായ പോരാട്ടം അവസാനിപ്പിക്കാൻ തീരുമാനിച്ച ശർമിളയുടെ ജീവിതത്തിലെ ആ ഐതിഹാസിക നിമിഷത്തിന് പിന്നീടൊരിക്കൽ ഞാൻ സാക്ഷിയായി. ജവഹർലാൽ നെഹ്‌റു ആശുപത്രിയിലെ ഒരു നഴ്‌സ് അവളുടെ ഇടത് കൈവെള്ളയിൽ കുറച്ച് തേൻ തുള്ളികൾ ഒഴിച്ചപ്പോൾ അവൾ ആഹ്ലാദത്തോടെ ഭക്ഷണത്തിന്റെ സ്പർശം ആസ്വദിച്ചു. ആ തേൻ തുള്ളികളെ തന്റെ കൈവെള്ളയിൽ അനുഭവിച്ച്, പുഞ്ചിരിയോടെ അത് രുചിക്കാൻ പോവുകയായിരുന്നു ശർമിള. പെട്ടെന്ന് അവൾ തന്റെ വലതു കൈ ഒരു വെട്ടലോടെ പിൻവലിച്ചു. നീണ്ട പതിനാറ് വർഷങ്ങൾ ആ തേൻ തുള്ളികളിൽ പ്രതിഫലിച്ച രണ്ടു നിമിഷങ്ങൾ. ആ “ആണോ, അല്ലയോ” (to be, or, not to be) നിമിഷത്തിൽ ശർമിളയുടെ മുഖം വിഷാദത്തിലാണ്ടു. ദൃശ്യമാധ്യമങ്ങൾ, തങ്ങളുടെ ബ്രേക്കിംഗ് ന്യൂസ് ഫോർമാറ്റിനു ചേരാത്ത ആ രണ്ടു നിമിഷനേരത്തെ ഐതിഹാസിക സംഘർഷാനുഭവത്തെ രേഖപ്പെടുത്താതെ നശിപ്പിച്ചുകളഞ്ഞു.   

തോംബയും ചൗബയും പ്രഭാത സവാരിക്കിടെ

അരയന്നക്കഥയുടെ ശേഷം ഭാഗം എനിക്കറിയില്ല. ശർമിള വിവാഹിതയായെന്നും അവർക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചുവെന്നും എനിക്കറിയാം. പക്ഷേ ബാംഗ്ലൂരിൽ നിന്ന് ഇംഫാലിലേക്ക് അവർക്ക് മടങ്ങാൻ കഴിഞ്ഞില്ല. നീതി എന്ന ആശയം, ഇപ്പോഴും, തെരുവുകളിലെ നിയമരാഹിത്യത്തിനിടയിലൂടെ, മുറിച്ചുകടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നീതി എന്ന പദം നെയ്തെടുത്ത പേരുമായി  ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്ന മറ്റൊരു നീണ്ട യാത്രയെക്കുറിച്ച് കേട്ടപ്പോൾ, ആ പഴയ കഥയപ്പാടെ എന്റെ കണ്മുന്നിൽ വീണ്ടും ജീവൻ വെക്കുന്നതുപോലെ. നീതിയെന്ന ആശയത്തിന്റെ ഒരലയ്ക്ക്, നിർണായക തരംഗങ്ങളായി മാറാൻ കെൽപ്പുണ്ട്. ഒരുപിടി ഉപ്പുമായി ഒരു കൈ ഉയർന്നപ്പോൾ ഒരു സാമ്രാജ്യം തന്നെ വീണുടഞ്ഞ ഈ നാടിന്റെ ചരിത്രത്തിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്…

ഇംഫാൽ കാലത്തിൽ സ്പന്ദിക്കുന്ന ഒരിടമാണ്.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

ജോഷി ജോസഫ്

അവാർഡ് നേടിയ ചലച്ചിത്രകാരനും എഴുത്തുകാരനുമാണ് ജോഷി ജോസഫ്

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
M.P.Balaram
M.P.Balaram
11 months ago

തന്റെ സിനിമക്ക് പിന്നിലെ കഥയിലേക്ക് ഒരിക്കൽ കൂടി അന്വേഷണ യാത്ര നടത്തുന്ന ജോഷിയുടെ ആഖ്യാനത്തിന് ,പുതിയൊരു വായനയിലെന്ന പോലെ സിനിമയെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകാൻ കഴിയുന്നുണ്ട്.
ജോഷിക്ക് അഭിനന്ദനങ്ങൾ!