A Unique Multilingual Media Platform

The AIDEM

Articles International Politics

മോദി സംസ്കൃതത്തിൽ സംസാരിച്ചപ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ച യുഎസ് സെനറ്റിന്റെ ഭൂതദയ

  • July 2, 2023
  • 1 min read
മോദി സംസ്കൃതത്തിൽ സംസാരിച്ചപ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ച യുഎസ് സെനറ്റിന്റെ ഭൂതദയ

എന്താണ് തിരയേണ്ടത് എന്ന വ്യക്തമായ ബോധമുണ്ടെങ്കിൽ അസത്യങ്ങളുടെ യുഗത്തിലും ടെലിവിഷൻ നിങ്ങൾക്ക് പല സത്യങ്ങളും കാണിച്ചുതരും. പരിചയസമ്പന്നയായ ഒരു കാഴ്ചക്കാരിയും റിപ്പോർട്ടറും എന്ന നിലയിൽ ഞാൻ ഭാഗ്യവതിയാണ്. യുഎസ് കോൺഗ്രസ്സിലെ മോദിയുടെ പ്രസംഗത്തെയും അതിന് ലഭിച്ച കരഘോഷത്തെയും ശരിയായി വിലയിരുത്തുവാൻ എനിക്ക് സാധിക്കും.

കൃത്യമായ ഇടവേളകളിൽ അദൃശ്യമായ ഒരു ചാലകശക്തിയുടെ പ്രവർത്തനത്താലെന്നപോലെ ഒരേ അളവിലും തൂക്കത്തിലും ഏതാണ്ട് ഒരേ എണ്ണം കൈകൾ ഒരുമിച്ച് അടിക്കുന്നതാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. സെനറ്റ് ഹാളിന്റെ മുകൾത്തട്ടിൽ നിന്നാണ് ശബ്ദം കേൾക്കുന്നത്. അവിടെ വൈഡ് ആംഗിളിൽ സ്ഥാപിച്ചിരുന്ന ക്യാമറ തങ്ങളുടെ നേതാവ് സംസാരിക്കുമ്പോൾ ആനന്ദാതിരേകത്തോടെ, അനുസരുണയോടെ കേട്ടിരിക്കുന്ന ഇന്ത്യക്കാർക്ക് നേരെ കണ്ണെറിഞ്ഞു.
ഭാരതീയതയുടെ വിപണിമൂല്യം നന്നായി ഉപയോഗപ്പെടുത്തിയ ഒരു പ്രസംഗം കാഴ്ചവെയ്ക്കുകയായിരുന്നു മോദി. സ്ഥിരം ഉപയോഗിക്കുന്ന, കേട്ടുപഴകിയ ശൈലികളും ധർമ്മോപദേശങ്ങളും കുത്തിനിറച്ച പ്രഭാഷണത്തെ മറ്റെങ്ങനെ വിശേഷിപ്പിക്കാനാണ്! ഒന്നിനു പിറകെ ഒന്നായി അദ്ദേഹം കൈയടികൾ വാരിക്കൂട്ടി.

“Standing here, seven Junes ago …” മോദി നാടകീയമായ വാചാടോപത്തോടെ പറ‍ഞ്ഞു “…the hesitations of history were behind us.” എന്താണ് ഈ പറഞ്ഞതിന്റെ അർത്ഥം? എന്തെങ്കിലും അർത്ഥമുണ്ടോ? ഞാനോ നിങ്ങളോ ചോദിച്ചേയ്ക്കാം. പ്രഫഷണൽ കൈയടിക്കാർ ചോദിക്കുകയില്ല, ചോദിക്കേണ്ട ആവശ്യവുമില്ല. അവർ കൈയടിച്ചുകൊണ്ടേയിരിക്കും.

കൂടുതൽ പറയാൻ മുകളിൽ നിന്നുള്ള പ്രോത്സാഹനം കാരണം മോദി മുത്തു പൊഴിച്ചുകൊണ്ടേയിരുന്നു. “Through the long and winding road we have travelled, we have met the test of friendship.” അകമ്പടിയായി പ്രശംസിക്കാൻ ഉറപ്പുകൊടുത്തിരിക്കുന്നവരുടെ ആരവം നമുക്ക് കേൾക്കാം : “സിക്സർ…”

തുടർന്ന് അസാധാരണമായ ഒരു കാര്യം സംഭവിച്ചു. അദ്ദേഹം വേദങ്ങളിൽ നിന്നും ഒരു ഭാഗം സംസ്കൃതത്തിൽ ഉദ്ധരിച്ചു.

“ഏകം സത്, വിപ്രാ: ബഹുധാ വദന്തി”
അർത്ഥം പറയുന്നതിന് മുന്നേ തന്നെ ഒരു വിഭാഗം കൈയടിച്ചുതുടങ്ങി. യുഎസ് സെനറ്റിലെ ആളുകൾക്ക് സംസ്കൃതം അറിയാമെന്ന് എനിക്ക് അപ്പോളാണ് മനസ്സിലായത്!

ഇംഗ്ലീഷ് പരിഭാഷ കരഘോഷത്തിൽ മുങ്ങിപ്പോയി.

“സത്യം ഒന്നേയുള്ളു, വിജ്ഞൻമാർ അതിനെ പലതായി വ്യാഖ്യാനിക്കുന്നു” – മോദി വിശദീകരിച്ചു.

ഞാൻ സ്വപ്നം കാണുകയാണോ… എനിക്ക് തന്നെ സംശയമായി. പക്ഷെ അത് വീണ്ടും സംഭവിച്ചു.
“Our vision is, sabka saath, sabka vikaas, sabka vishwaas, sabka prayaas,”

ഈ പ്രാവശ്യം നമ്മുടെ ബഹുഭാഷാ സെനറ്റിന് മോദിയുടെ പരിഭാഷ ഇല്ലാതെ തന്നെ കാര്യങ്ങൾ ഏതാണ്ട് വ്യക്തമായി. മറ്റ് പല നിരീക്ഷണങ്ങളും ഞാൻ നടത്തുകയുണ്ടായി. അർത്ഥതലത്തിൽ അല്ല, ഉള്ളടക്കത്തെ സംബന്ധിച്ച്. മുഗൾ ഭരണത്തിന്റെ കീഴിലും, മധ്യകാലഘട്ടത്തിലും ഇന്ത്യ സ്വതന്ത്രയല്ലായിരുന്നു എന്ന് പറയുമ്പോൾ നൂറ്റാണ്ടുകൾ മുൻപ് ഇന്ത്യ പൊട്ടിച്ചെറിഞ്ഞ ഹിന്ദുത്വ ദേശീയതയുടെ നൂൽ നൂൽക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് തിരിച്ചെത്തിയ പ്രധാനമന്ത്രി സഹകരണ ഫെഡറലിസത്തെക്കുറിച്ച് ക്രൂരവും നിർലജ്ജവുമായ തമാശയാണ് നടത്തിയത്. മണിപ്പൂർ കത്തിയെരിഞ്ഞത് മോദി പറയുന്ന തരത്തിലുള്ള പ്രത്യേക ഫെഡറലിസത്തിന്റെ അഭാവം മൂലമാണത്രേ. പ്രതിപക്ഷ പാർട്ടി ഭരണത്തിലിരിക്കുന്ന സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കാനുള്ള കേന്ദ്ര ശ്രമങ്ങളെ ഡൽഹി ഗവൺമെന്റ് തുടർച്ചയായി എതിർക്കുന്നതും ഇതുകൊണ്ടാണ്!

ഇതാണ് അപഹാസ്യമായ ആ അവതരണത്തെ കൂടുതൽ ചോദ്യം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ കമ്പോളത്തെ കണ്ണുവെച്ചുകൊണ്ട്, പണത്തിന് വേണ്ടി സെനറ്റ് സന്ദർശകനായ ഒരു വിശിഷ്ടവ്യക്തിക്ക് മുന്നിൽ താണുതൊഴുമ്പോൾ അതിൽ എവിടെയാണ് ജനാധിപത്യം ഉള്ളത്? ചൂളംവിളികളോടെ മോദിയുടെ പേര് സെനറ്റിന്റെ മുകൾത്തട്ടിൽ പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു. പോർവിളിക്ക് സമാനമായിരുന്നു അത്.

മോദി അമേരിക്കൻ സെനറ്റിനെ അഭിവാദ്യം ചെയ്യുന്നു

ലോകത്തിലെ ഏറ്റവും പുരാതനമായ ജനാധിപത്യരാജ്യം എന്നാണ് അമേരിക്ക സ്വയം വിശേഷിപ്പിക്കാറുള്ളത്. ഇത്തരമൊരു വിലകുറഞ്ഞ പ്രകടനത്തിന് ശേഷം അവർക്ക് എവിടെ പോയി ഒളിക്കാനാവും? അതോ അങ്ങനെ ഒളിക്കേണ്ടതാണ് എന്ന് അവർക്ക് തോന്നുന്നില്ലേ? ഒരു തരത്തിൽ അമേരിക്ക ജനാധിപത്യത്തിന്റെ മദ്ധ്യസ്ഥൻമാരായി ചെല്ലും ചെലവും നൽകി വളർത്തുന്ന ബുദ്ധിജീവികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മറ്റൊരു തരത്തിൽ മൂലധനത്തിന് ജനാധിപത്യത്തെ ആവശ്യാനുസരണം വളച്ചും തിരിച്ചും മോബോക്രസിയിലൂടെ വൈറ്റ് ഹൗസിന്റെ അകത്തളങ്ങളെ പോലും വെട്ടിമുറിക്കാനും ശേഷിയുണ്ടെന്നും അവർക്ക് അറിയാം. അത്തരമൊരു വളവിൽനിന്നും അവർ കഷ്ടിച്ച് രക്ഷപെട്ടേയുള്ളു. പൊതുസമൂഹത്തിനു മുന്നിൽ അണിഞ്ഞൊരുങ്ങി നിൽക്കാനാഗ്രഹിക്കുന്ന, അധികാരാസക്തിയുള്ള ഒരു നേതാവിന് എന്തു ചെയ്യാനാവും എന്ന് അവർക്കറിയാം. അവർ അത് കണ്ടിട്ടുണ്ട്. ഇവിടെ കൈയടിക്കുകയും കൈയടിക്കാൻ അനുവദിക്കുകയും ചെയ്യുന്ന സെനറ്റ് അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

പക്ഷെ, ആ ഹിന്ദു ഏകാധിപതി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ നേരെ പിറകിലിരുന്ന യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉരുക്കുപോലെ നിസ്സംഗത പാലിക്കുന്നത് നമ്മൾ കണ്ടതാണ്. അവരുടെ ഇന്ത്യൻ വേരുകളും നാടകത്തിന്റെ ഭാഗമായി.

അടയാളങ്ങളെ എങ്ങനെ വായിക്കണം എന്ന് നാം പഠിച്ചിരിക്കണം. ഒരേ ആളുകളാണ് കളിക്കുന്നത്. അത് ട്രംപിനു മുൻപായാലും ട്രംപിന് ശേഷമായാലും. ബൈഡൻ, ഒബാമ, ട്രംപ് എല്ലാവരും ഒരു വലിയ ബിസിനസ്സ് ഗോളത്തെ കേന്ദ്രീകരിച്ചിരിക്കുന്നു. തങ്ങളുടെ പ്രാദേശിക കമ്പോളത്തെ, പ്രാദേശിക വോട്ടർമാരെ തൃപ്തിപ്പെടുത്താൻ എന്തു വില കൊടുക്കാനും അവർ സന്നദ്ധരാണ്.

അങ്ങനെ ഈ ഷോ ഹൗസ്ഫുള്ളായി ഓടുമ്പോൾ ഇത്തരത്തിൽ ഒബാമ ചുക്കാൻ പിടിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നാടകത്തെ നമ്മൾ ഓർക്കേണ്ടതാണ്. ഉദ്ദേശം 2016ൽ ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ അരങ്ങേറിയ മോദിയുടെ റോക്ക് സ്റ്റാർ പരിവേഷമുള്ള ഷോയാണ് അത്. വട്ടമിട്ടു പറക്കുന്ന ക്യാമറക്കണ്ണുകൾ ഒരുമിച്ച് നിരയായി തൊപ്പി ധരിച്ച് ഇരിക്കുന്നവരെ കാണിച്ചു. അങ്ങനെ ഇരിക്കുന്നതിനുവേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്തിട്ടുണ്ടാവും. അത് മറ്റൊരു അസംബന്ധനാടകമാണ്. എല്ലാ മുസ്ലീങ്ങളും ഒരുമിച്ച് ഒരേസമയത്ത് മാഡിസൺ സ്ക്വയറിൽ വന്ന് അടുത്തടുത്ത ഇരിപ്പിടങ്ങൾ ബുക്ക് ചെയ്തു എന്ന് നിങ്ങൾ സങ്കൽപ്പിക്കേണ്ടിവരും.
വീഡിയോ ഒന്ന് ഗൂഗിളിൽ തിരഞ്ഞുനോക്കൂ. നമുക്ക് ആ രംഗം ഒന്ന് സങ്കൽപ്പിച്ചു നോക്കാം.

ഒരു മുസ്ലീം വേറെ ഒരു മുസ്ലീമിനോട് പറയുന്നു: “മോദി വരുന്നത് അറിഞ്ഞില്ലേ. നമുക്ക് ഒരുമിച്ച് പോയി ടിക്കറ്റ് ബുക്ക് ചെയ്യാം. നിങ്ങളുടെ തൊപ്പി എടുക്കാൻ മറക്കണ്ട. മാത്രമല്ല, കൂട്ടുകാരെ എല്ലാം വിളിച്ച് നമ്മൾ മോദിയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അവർക്ക് കാണിച്ചുകൊടുക്കണം. നമ്മൾ ഒരുമിച്ച് ഹാളിൽ പ്രവേശിച്ച് ഒരിടത്ത് ഇരിക്കുന്നതുവഴി അദ്ദേഹത്തിന്റെ കാര്യത്തിൽ നമുക്ക് താല്പര്യമുണ്ട് എന്ന് അദ്ദേഹത്തെ നമുക്ക് അറിയിക്കാം.”
വരൂ, നമുക്ക് സങ്കൽപ്പിച്ചു നോക്കാം. എത്ര നല്ല ആശയം, അല്ലേ?

മോദി അമേരിക്കൻ സെനറ്റിൽ

ലോകരാഷ്ട്രീയം ഏതൊക്കെ നേതാക്കന്മാരെയാണ് ഒഴിവാക്കേണ്ടത്, ആരെയൊക്കെയാണ് ആഘോഷിക്കേണ്ടത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് എങ്കിൽ, ഏതാണ് ജനാധിപത്യ രാജ്യമെന്നും, ആരാണ് G8 സംഘത്തിലോ ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിലിലോ ഉൾപ്പെടേണ്ടത് എന്നും തീരുമാനിക്കുന്നത് അമേരിക്കയാണ് എങ്കിൽ, അതിന് ഒരുപാട് കാര്യങ്ങളിൽ ഉത്തരം പറയേണ്ടിവരും. ഈ കോമാളിത്തത്തിന് കണ്ണും കാതും തുറന്നുവച്ചിരിക്കുന്ന ആവേശഭരിതരായ നമ്മൾ കാണികൾക്ക് ഇനിയും ഒരുപാട് ചിന്തിക്കാൻ ഉണ്ട്.

സമത്വം, സ്വാതന്ത്യം, സാഹോദര്യം എന്നിവയുടെ സംരക്ഷണത്തിനായി ഔദ്യോഗിക ഇടങ്ങളെ തേടുന്നത് നാം ഒഴിവാക്കണ്ടേ? സ്വാതന്ത്ര്യത്തിന്റെയും വിയോജിപ്പിന്റെയും മൂല്യങ്ങളെ മനസ്സിലാക്കാൻ വേറെ എങ്ങോട്ടാണ് നാം നോക്കേണ്ടത്? 99 ശതമാനം പ്രധാനമാണെങ്കിൽ, തൊലി കറുത്തവരുടെയും ദളിതരുടെയും ജീവിതം പ്രധാനമാണെങ്കിൽ, ലോകത്തിലെ ഏറ്റവും പ്രാചീനമായ ജനാധിപത്യം, ഏറ്റവും വലിയ ജനാധിപത്യം തുടങ്ങിയ നിരർത്ഥകമായ പ്രയോഗങ്ങൾ ഉപയോഗിക്കുന്നത് നാം നിർത്തണ്ടേ? കൂടാതെ, സ്വാതന്ത്ര്യസൂചികയ്ക്കു വേണ്ടി നാം പുതിയ തുറസ്സുകൾ തേടേണ്ടതില്ലേ?

തായ്വാൻ ഏകശിലാരൂപമായ ചൈനയോട് പൊരുതുന്നതെങ്ങനെയെന്ന് നാം കാണണ്ടേ? ഓസ്ട്രേലിയയിലെയും ന്യൂസിലാന്റിലെയും ആദിമഗോത്രക്കാരുടെ സമരത്തെ നാം വിട്ടുകളയാമോ? ബ്രസീലിൽ ബോൾസനാരോയ്ക്ക് എതിരെ വോട്ടുകൾ വളച്ചതെങ്ങനെയെന്ന് അവിടുത്തെ എൽജിബിറ്റിക്യു വ്യക്തികളോട് നമുക്ക് ചോദിച്ചുകൂടേ? വർണ്ണവിവേചനത്തിന് ശേഷമുള്ള തെക്കൻ ആഫ്രിക്കയെ നമുക്ക് സ്വപ്നം കാണാമല്ലോ? ഇതിനൊക്കെയുപരി, അടുത്തതവണ ആരെങ്കിലും ലോകത്തിലെ ‘ഏറ്റവും വലിയ’, ‘ഏറ്റവും പുരാതനമായ’, ‘ഏറ്റവും വേഗതയുള്ള’, ‘ഏറ്റവും ആദായകരമായ’ തുടങ്ങിയ അതിഭാവുകത്വപരമായ പ്രയോഗങ്ങൾ നടത്തുമ്പോൾ ഇതെല്ലാം ടെഫ്ലോൺ ജനാധിപത്യരാജ്യങ്ങളിലെ രാഷ്ടീയ വ്യാപാരമാണെന്ന് എന്ന് അംഗീകരിക്കുവാനും പുറത്തേക്ക് നോക്കുവാനും നമുക്ക് കഴിയണ്ടേ?

About Author

Revati Laul

Revati Laul is a journalist and activist and author of the non-fiction narrative, `The Anatomy of Hate,’ published by Westland books. She founded the NGO Sarfaroshi Foundation, based in Shamli, Uttar Pradesh, where she lives and works.