A Unique Multilingual Media Platform

The AIDEM

Articles National Politics

നിതീഷ് കുമാറിന്റെ രാജസഭ: ആൻഡേഴ്സന്റെ ‘നഗ്നനായ ചക്രവർത്തി’യുടെ നിഴലുകൾ

  • January 14, 2025
  • 1 min read
നിതീഷ് കുമാറിന്റെ രാജസഭ: ആൻഡേഴ്സന്റെ ‘നഗ്നനായ ചക്രവർത്തി’യുടെ നിഴലുകൾ

മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ നളിൻ വർമ്മ ‘സൂര്യനു കീഴിലുള്ളതെല്ലാം’ എന്ന തലക്കെട്ടിൽ ദി ഐഡമ്മിലെഴുതുന്ന കോളം തുടരുന്നു. ഈ കോളത്തിലെ മൂന്നാമത്തെ ലേഖനമാണിത്.


 

അധികാരം ഒരു പാവകളി ആകുമ്പോൾ

ബീഹാറിലെ രാഷ്ട്രീയ വ്യവഹാര ചർച്ചകളിൽ, ചരിത്രപരവും പുരാണപരവുമായ സംഭവങ്ങളെയും വ്യക്തിത്വങ്ങളെയും കുറിച്ചുള്ള എണ്ണമറ്റ പരാമർശങ്ങൾ പലപ്പോഴും കടന്നു വരാറുണ്ട്. സാധാരണക്കാർക്കിടയിൽ നടക്കുന്ന ചർച്ചകളിൽ പോലും ഈ മാനം കാണാനാവും.

ബുദ്ധനും അശോകനും ചാണക്യനുമുൾപ്പെടെ ഐതിഹാസിക സാമൂഹിക-രാഷ്ട്രീയ വ്യക്തിത്വങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാടാണ് ബീഹാർ. എന്നാൽ സമീപകാലത്ത്, തീവ്രമായ രാഷ്ട്രീയ അവബോധമുള്ള ഈ സംസ്ഥാനത്തെ സംവാദങ്ങൾ ഒരു പാശ്ചാത്യ നാടോടികഥയിൽ നിന്നാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ പ്രശസ്തമായ നാടോടി കഥാസമാഹാരത്തിലെ “ചക്രവർത്തി നഗ്നനാണ്“ എന്ന കഥ.

1837 ഏപ്രിൽ 7 ന് ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ദി ലിറ്റിൽ മെർമെയ്ഡിനൊപ്പം ആദ്യമായി പ്രസിദ്ധീകരിച്ച ആൻഡേഴ്സന്റെ “ദി എംപറർസ് ന്യൂ ക്ലോത്ത്സ്” (The emperor’s new clothes) നൂറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കഥയാണ്. സാമൂഹികമായ പരിഹാസത്തിന് വിധേയനായിത്തീരുന്ന ഒരു വിഡ്ഢി ചക്രവർത്തിയുടെ കഥയാണ് ഇത്.

ആകർഷകമായ ആഡംബരവസ്ത്രങ്ങളിൽ ആകൃഷ്ടനായ ചക്രവർത്തിയെ നെയ്ത്തുകാരായി വേഷമിടുന്ന രണ്ട് കള്ളന്മാരാണ്കഥയിൽ വഞ്ചിക്കുന്നത്.  കഴിവുള്ളവർക്കും ബുദ്ധിയുള്ളവർക്കും മാത്രം ദൃശ്യമാകുന്ന പ്രത്യേകതരം വസ്ത്രങ്ങളാണ് തങ്ങൾ സൃഷ്ടിക്കുന്നതെന്ന് അവർ അവകാശപ്പെടുകയും പൊട്ടനായ ചക്രവർത്തി അവരെ ആ നെയ്ത്ത് ഏൽപ്പിക്കുകയും ചെയ്യുന്നു. “നെയ്ത്തുകാർ” ജോലി ചെയ്യുന്നതായി നടിക്കുകയും ചക്രവർത്തി മുതൽ വിശ്വസ്ഥനായ മന്ത്രി വരെയുള്ള അധികാരികൾ ഒരിക്കലും യഥാർത്ഥത്തിൽ നെയ്യപ്പെടാത്ത ഈ വസ്ത്രങ്ങൾ പരിശോധിക്കുകയും അവയെ പുകഴ്ത്തുകയും ചെയ്യുന്നു.

കള്ളന്മാർ വസ്ത്രം തയ്യാറാണെന്ന് പ്രഖ്യാപിച് ചക്രവർത്തിയെ നഗ്നനാക്കി അഭിമാനത്തോടെ നഗരത്തിലൂടെ പരേഡ് ചെയ്യിപ്പിക്കുന്നു.  “ചക്രവർത്തി ഒന്നും ധരിച്ചിട്ടില്ല” എന്ന് ഒരു കുട്ടി വിളിച്ചുപറയുന്നതുവരെ നഗരവാസികളും വിഡ്ഢികളായി അവരുടെ ഈ കളിയിൽ പങ്കുചേരുന്നു. പിന്നീട് ജനക്കൂട്ടം സത്യം മനസ്സിലാക്കുന്നുണ്ടെങ്കിലും ഇതൊന്നുമറിയാതെ ചക്രവർത്തി നിസ്സങ്കോചം തന്റെ ഘോഷയാത്ര തുടരുന്നതുമാണ് കഥ.

നിതീഷ് കുമാറും ആൻഡേഴ്സന്റെ ചക്രവർത്തിയും തമ്മിലുള്ള ഒരു നേരിട്ടുള്ള താരതമ്യം അത്ര ശരിയല്ല എന്ന് പറയുന്നവരേയും ബീഹാറിലെ സമകാലിക ചർച്ചകളിൽ കാണാം. എന്നിരുന്നാലും, ഫലപ്രദമായ ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ ഭരിക്കാനുള്ള കഴിവില്ലായ്മ കാരണം നിതീഷ് കുമാർ ഇപ്പോൾ കൂടുതൽ കൂടുതലായി ആശ്രയിക്കുന്നത് തനിക്കുവേണ്ടി പ്രവർത്തിക്കുന്നവെന്ന് അവകാശപ്പെടുന്ന “റീജന്റുമാരെ” അഥവാ പ്രതിരാജകരെ ആണ് എന്നു പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും ഈ പ്രതിരാജകരെ അല്ലെങ്കിൽ കാര്യദർശികളെ ചക്രവർത്തിയെയും അദ്ദേഹത്തിന്റെ പ്രജകളെയും കബളിപ്പിച്ച വഞ്ചകരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള സംസാരവും സംസ്ഥാനത്തുണ്ട്.

 

തേജസ്വി യാദവും കഥയില കുട്ടിയും

അതുപോലെ, നിതീഷ് കുമാർ നയിച്ച ഒരു മുൻ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയൂം ഇപ്പോൾ ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനെ സത്യം തുറന്നുകാട്ടുന്ന കഥയിലെ കുട്ടിയോട് താരതമ്യപ്പെടുത്തിയുള്ള ചർച്ചകളും പ്രബലം തന്നെ. തേജസ്വി യാദവിൻ്റെ ഒരു പ്രസ്താവനയാണ് ഇത്തരം ചർച്ചകൾക്ക് നിദാനം. അതിങ്ങനെയായിരുന്നു. 

“ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇപ്പോൾ ഒന്നിനെപ്പറ്റിയും ബോധവാനല്ല. അദ്ദേഹത്തിൻറെ സ്വന്തം പാർട്ടിയായ ജനതാദൾ (യുണൈറ്റഡ്) ൽ പോലും എല്ലാവർക്കും അത് അറിയുകയും ചെയ്യാം. ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) താല്പര്യങ്ങളെ സേവിക്കുന്ന ഏതാനും രാഷ്ട്രീയക്കാരും സ്വാർത്ഥമതികളായ, അഴിമതിക്കാരായ ഉദ്യോഗസ്ഥരും അക്ഷരാർത്ഥത്തിൽ അദ്ദേഹത്തെ ബന്ധിച്ചിരിക്കുകയാണ്. അവർക്കു വേണ്ടിയുള്ള എല്ലാ തീരുമാനങ്ങളും അവർ അദ്ദേഹത്തെ സാക്ഷി നിർത്തി തന്നെ എടുക്കുന്നു. അദ്ദേഹം ആളുകളുമായി ഇടപഴകുന്നുമില്ല. മുഖ്യമന്ത്രിയെ ഇങ്ങനെ വരുതിയിൽ നിർത്തുന്നവർ അദ്ദേഹത്തെ പൊതുജനങ്ങൾക്ക് മുന്നിൽ ഇടയ്ക്കൊക്കെ അവതരിപ്പിക്കുക മാത്രമാണ് ചെയുന്നത്- പക്ഷേ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. ഇതെല്ലാം ഒരു മുഖംമൂടി മാത്രമാണ് എന്നിവർ തിരിച്ചറിയുകയും ചെയ്യുന്നു.” 

തേജസ്വി യാദവ് ലാലു പ്രസാദ് യാദവിനൊപ്പം

1990 കളുടെ അവസാനത്തിൽ സംഘപരിവാറുമായി സഖ്യമുണ്ടാക്കുന്നതിന് മുമ്പ് നിതീഷ് കുമാറിന്റെ ദീർഘകാല സുഹൃത്തും സഖാവുമായ ലാലു പ്രസാദ് യാദവിന്റെ മകൻ തന്റെ ചാച്ചയുടെ (അമ്മാവൻ) മാനസികാരോഗ്യത്തെ ഏറെ സമയമെടുത്ത് ചിന്തിച്ചാണ് ചോദ്യം ചെയ്യുന്നത്. തേജസ്വി യാദവിന് നിതീഷുമായി പല രാഷ്ട്രിയ വിഭിന്നതകളുണ്ടെങ്കിലും അദ്ദേഹവുമായി അപമര്യാദയായി പെരുമാറിയതായി ചരിത്രമില്ല. “സത്യം” പരസ്യമായി സംസാരിക്കുന്നത് രാഷ്ട്രീയമായ അപകടസാധ്യതകൾ ഉൾകൊള്ളുന്നുന്നതുകൊണ്ടുതന്നെ അദ്ദേഹം പലപ്പോഴും ശ്രദ്ധാപൂർവ്വം നീങ്ങാൻ ശ്രദ്ധിക്കാറുള്ളതായി കാണാം. നർമ്മബോധത്തിനും ആക്ഷേപഹാസ്യത്തോടുള്ള അഭിനിവേശത്തിനും പേരുകേട്ട ലാലു യാദവ് പോലും നിതീഷിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായി കാണാം.

എഴുപതാം ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ (BPS) പരീക്ഷയിലെ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിനിടയിലാണ് നിതീഷിന്റെ മാനസികാവസ്ഥയെ കുറിച്ചുള്ള തേജസ്വി യാദവിന്റെ പരാമർശം. പരീക്ഷാ പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ച് വീണ്ടും പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പട്നയിലെ തെരുവുകളിൽ നിരന്തരമായി അണിനിരന്നു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ മുഖ്യമന്ത്രിയെ തന്നെ കാണണമെന്ന് അവർ ശാഠ്യം പിടിച്ചു. ഈ ലേഖകൻ പട്ന സന്ദർശിച്ചപ്പോൾ, വിദ്യാർത്ഥികൾ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് തെരുവുകൾ ഒരു ഗുസ്തി വേദിക്ക് സമാനമായിരുന്നു. എന്നിരുന്നാലും, സമരക്കാരുമായി നേരിട്ട് ഇടപഴകാനുള്ള അവസ്ഥയിലായിരുന്നില്ല മുഖ്യമന്ത്രി എന്നത് പരസ്യമായ ഒരു രഹസ്യമാണ്.

 

മൻമോഹൻ സിംഗ്ഃ നിതീഷിന്റെ രാഷ്ട്രീയ മൂലധനത്തിന്റെ ശില്പി

വിരോധാഭാസമെന്നു പറയട്ടെ, ബി. ജെ. പിയുമായുള്ള നിതീഷിന്റെ സഖ്യത്തിനിടയിലും സുശാസൻ ബാബു (ആലങ്കാരിക ഹിന്ദി പദപ്രയോഗത്തിൽ സദ്ഭരണത്തിന്റെ മൂർത്തിമത് ഭാവം) എന്ന നിലയിലുള്ള നിതീഷ് കുമാറിന്റെ പ്രതിച്ഛായ രൂപപ്പെടുത്തുന്നതിൽ അന്തരിച്ച കോൺഗ്രസ് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നിർണായക പങ്ക് വഹിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് (എംജിഎൻആർഇജിഎ) ഭക്ഷ്യസുരക്ഷാ നിയമം, രാജീവ് ഗാന്ധി പദ്ധതിക്ക് കീഴിലുള്ള ഗ്രാമീണ വൈദ്യുതീകരണ സംരംഭങ്ങൾ എന്നിവയടങ്ങുന്ന ദാരിദ്രനിർമ്മാർജന പദ്ധതികൾക്കായി സംസ്ഥാനത്തിന് വലിയ തോതിലുള്ള ഫണ്ട് അനുവദിച്ചു നൽകിയ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരും (2004-2014) 2005 മുതൽ ബിഹാർ മുഖ്യമന്ത്രിയായിയുള്ള നിതീഷിന്റെ ഉയർച്ചയും ഏകദേശം ഒരേ കാലയളവിലാണ്.

യുപിഎ സർക്കാർ ബീഹാറിന് പിന്നോക്ക മേഖല ഗ്രാന്റ് ഫണ്ട്‌ (ബിആർജിഎഫ്) അനുവദിച്ചതിലൂടെ പിന്നോക്ക വിഭാഗങ്ങളും ദളിതരും ഉൾപ്പെടെയുള്ള സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്കായി സാമൂഹ്യക്ഷേമ പരിപാടികൾ അടക്കമുള്ള നടപടികൾ നടപ്പിലാക്കാൻ നിതീഷിന് സാധിക്കുകയുണ്ടായി. 2008ലെ കോസി വെള്ളപ്പൊക്ക സമയത്തെ ഡോക്ടർ സിംഗിന്റെ പൂർണിയ സന്ദർശനവും ആയിരം കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ ഫണ്ട്‌ പ്രഖ്യാപനവും ബീഹാറിനോടുള്ള അദ്ദേഹത്തിന്റെ പിന്തുണ അടിവരയിടുന്നതായിരുന്നു.

ബജറ്റ് ചർച്ചയിൽ മൻമോഹൻ സിംഗ് സംസാരിക്കുന്നു

അന്ന് കൂടുതൽ ശക്തമായ സ്ഥാനത്തായിരുന്ന നിതീഷ് ഈ കേന്ദ്ര പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും സംസ്ഥാനത്തിന്റെ വൈദ്യുതീകരണം വർദ്ധിപ്പിക്കുകയും നടപ്പിലാക്കി ഈ വിജയങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയായിരുന്നു. ഈ പദ്ധതികളുടെ ഫലപ്രദമായ വിനിയോഗമാണ് അദ്ദേഹത്തെ ഇപ്പോഴും നിലനിർത്തുന്ന ഗണ്യമായ ഈ ‘രാഷ്ട്രീയ മൂലധനം’ സൃഷ്ടിച്ചതെന്നു വേണം പറയാൻ. നിതീഷ് തന്റെ ഭരണകാലത്തിന്റെ ആദ്യ ദശകത്തിൽ തന്നെ ബീഹാറിനെ ഗണ്യമായി മാറ്റിമറിച്ചു എന്ന് അദ്ദേഹത്തിന്റെ വിമർശകർ പോലും സമ്മതിക്കുന്നു. എന്നിരുന്നാലും ഡോക്ടർ സിംഗിന്റെ നീതിയുക്തവും ദീർഘവീക്ഷണവും നിറഞ്ഞതായ നേതൃത്വം ഇല്ലായിരുന്നെങ്കിൽ ഈ വിജയത്തിന്റെ ഭൂരിഭാഗവും അസാധ്യമാകുമായിരുന്നെന്ന് സൂക്ഷ്മമായ വിശകലനത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 

 

ദുഃഖത്തിൽ ആശ്വാസം

സമീപകാലത്തുണ്ടായ സിംഗിന്റെ മരണം ബീഹാറിലെ സാമൂഹ്യ തലത്തിലുള്ള പ്രക്ഷുബ്ധതയിൽ നിന്ന് നിതീഷിന് ഒരു ചെറിയ ആശ്വാസം നൽകിയെന്നുവേണം വിലയിരുത്താൻ. നിതീഷ് തന്റെ പ്രഗതി യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുകയും ഏഴു ദിവസത്തെ സംസ്ഥാന ദുഃഖാചരണം പ്രഖ്യാപിക്കുകയും, അന്തരിച്ച പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഡൽഹിയിലേക്ക് പറക്കുകയും ചെയ്തു. ഈ ദുഃഖാചരണവും യാത്രയും ബീഹാറിലെ തെരുവുകളിലെ പ്രക്ഷുബ്ധാവസ്ഥയിൽ നിന്നും അദ്ദേഹത്തെ താൽക്കാലികമായി രക്ഷിക്കുക തന്നെ ചെയ്തു. 

എന്നിരുന്നാലും, ബി പി എസ് സി പരീക്ഷയുടെ കെടുകാര്യസ്ഥതക്കെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധം കടുത്ത പോലീസ് അടിച്ചമർത്തലിനിടയിലും തുടരുന്നതിനാൽ ഈ ആശ്വാസം ഹൃസ്വകാലത്തേക്ക് മാത്രമാണെന്ന് നമുക്ക് വിലയിരുത്താം. മറ്റൊരുതലത്തിൽ, ഈയൊരു സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സഖ്യകക്ഷിയായ ബിജെപിയിൽ നിന്ന് അദ്ദേഹത്തിന് വലിയ രീതിയിലുള്ള പിന്തുണയൊന്നും ലഭിക്കുന്നില്ല എന്നും മനസ്സിലാക്കാം. കേന്ദ്രത്തിലാണെങ്കിൽ പോലും മൻമോഹൻ സിംഗിനെ പോലെ ഒരു നീതിയുക്തനായ ഭരണസഖ്യകക്ഷിയും അദ്ദേഹത്തിനില്ല. ഇന്ന് നരേന്ദ്രമോദി നിതീഷിനോട് കാട്ടുന്ന, “തന്ത്രം കുതന്ത്രം മറച്ചു വെക്കൽ” (tact, guile and camouflage) അഭ്യാസങ്ങൾ മൻമോഹൻസിംഗിന് ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല ഈ ത്രിതല തന്ത്രങ്ങളിൽ ഏറെ വൈദഗ്ധ്യമുള്ള വളരെ വ്യത്യസ്തനായ ഒരു പ്രധാനമന്ത്രിയെയാണ് നിധീഷ് അഭിമുഖീകരിക്കുന്നത്. തീർച്ചയായും ഈ വിപരീത രാഷ്ട്രീയ ഘടകങ്ങളെ മറികടക്കുന്നതിൽ അദ്ദേഹമിനിയും കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നത് വ്യക്തമാണ്.

നിതീഷിന്റെ “പ്രതിരാജകർ” (regents) അദ്ദേഹത്തിന്റെ വഞ്ചകരും

നിതീഷ് കുമാറിൻ്റെ യഥാർത്ഥ ആരോഗ്യസ്ഥിതിയെക്കുറിച്ച് സുതാര്യമായ ഒരു വിദഗ്ധ റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ ശാരീരികമോ മാനസികമോ ആയ അവസ്ഥയെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരുക അസാധ്യമാണ്. എന്നിട്ടും, പട്നയിലെ അധികാര ഇടനാഴികൾ ഊഹാപോഹങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഈ ലേഖകൻ സംസാരിച്ച രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും പത്രപ്രവർത്തകരും തേജസ്വി യാദവിന്റെ നിരീക്ഷണങ്ങളെ പിന്തുണയ്ക്കുകയാണുണ്ടായത്. “നിതീഷുമായി ബന്ധപ്പെട്ട് തീർച്ചയായും അസാധാരണമായ എന്തൊക്കെയോ ഉണ്ടായിട്ടുണ്ട്”, എന്നാണ് ഒരു പ്രാദേശിക പത്രപ്രവർത്തകൻ അഭിപ്രായപ്പെട്ടത്. 

നിതീഷിന്റെ പുതുതായി “പ്രതിരാജകർ” (regents) അദ്ദേഹത്തിന്റെ കാര്യങ്ങളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടെന്നതാണ് മിക്ക നിരീക്ഷകരും അടിവരയിടുന്ന ഒരു കാര്യം. ബീഹാർ മുൻ ചീഫ് സെക്രട്ടറി ദീപക് കുമാർ, കാബിനറ്റ് മന്ത്രി വിജയ് കുമാർ ചൌധരി എന്നിവരെ അദ്ദേഹത്തോടൊപ്പം പതിവായി കാണാറുണ്ട്. നിതീഷ് കുമാറിന് വേണ്ടി സംസാരിക്കുന്ന മറ്റൊരു പ്രമുഖ ശബ്ദമായ, ബിജെപിയിൽ നിന്ന് കൂറുമാറിയ സഞ്ജയ് ഝാ ഇപ്പോൾ ജെ ഡി യുവിന്റെ വർക്കിംഗ് പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ, അദ്ദേഹത്തിന്റെ സ്വജാതീയരായ ഒരുപിടി മുൻ ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും തിരശ്ശീലയ്ക്ക് പിന്നിൽ അദ്ദേഹത്തെ “സഹായിക്കുന്നു” എന്നും ഒരു അഭ്യൂഹമുണ്ട്.

ഈ “പ്രതിരാജകരിലാരും”- അവർ ബ്യൂറോക്രാറ്റുകളോ രാഷ്ട്രീയക്കാരോ ആകട്ടെ-സോഷ്യലിസത്തെ സംബന്ധിച്ച നിതീഷ് കുമാറിന്റെ പ്രത്യയശാസ്ത്രപരമായ വേരുകൾ പങ്കിടുന്നില്ല എന്നതും ശ്രദ്ധേയമാണ്. നിതീഷിനെ “നിയന്ത്രിക്കാൻ” പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തങ്ങളെ തിരഞ്ഞെടുത്തതായി പലരും വിശ്വസിക്കുന്നുമുണ്ട്.

ബിഹാർ പി.എസ്.സിക്കെതിരെ നടന്ന പ്രതിഷേധം

ഇത്തരമൊരു സ്ഥിതിയിൽ, മറ്റുള്ളവർ സ്വകാര്യമായി പറയാൻ മാത്രം ധൈര്യം കാണിക്കുന്ന കാര്യങ്ങൾ പരസ്യമായി പ്രസ്താവിച്ചുകൊണ്ട് തേജസ്വി ശ്രദ്ധേയനാവുന്നുണ്ട്. ആൻഡേഴ്സന്റെ ദി എംപറേഴ്സ് ന്യൂ ക്ലോത്ത്സിൽ, ഒരു കുട്ടിയുടെ മൂർച്ചയുള്ളതും സത്യസന്ധവുമായ തുറന്നു പറച്ചിൽ വഞ്ചകരെയും ചക്രവർത്തിയുടെ വിഡ്ഢിത്തത്തെയും തുറന്നുകാട്ടുന്നുണ്ട്. തേജസ്വിയുടെ വാക്കുകൾക്ക് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രതിരാജകരെയും കുറിച്ചുള്ള സത്യം വെളിപ്പെടുത്താൻ കഴിയുമോ? 2025 അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇതിനൊരുത്തരം നൽകും എന്നു പ്രതീക്ഷിക്കാം. 

നിതീഷിന്റെ പ്രതിരാജകരും ആൻഡേഴ്സിന്റെ വഞ്ചകരും തമ്മിലുള്ള താരതമ്യത്തെ തള്ളിക്കളയുന്ന ചില രാഷ്ട്രീയ നിരീക്ഷകരും വിമർശകരുമുണ്ട്. എന്നിരുന്നാലും, ബീഹാറിലെ രാഷ്ട്രീയ വ്യവഹാര സമൂഹങ്ങളിലെ വലിയൊരു വിഭാഗം, സാഹിത്യ പരാമർശങ്ങളുടെ മൂല്യവും സാമൂഹികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങളുടെ കാര്യത്തിൽ ഫിക്ഷൻ ഒരു പ്രവാചക സ്വഭാവം എങ്ങനെ നേടുന്നുവെന്നതും മനസ്സിലാക്കുന്നു. പ്രത്യേക സാംസ്കാരിക സന്ദർഭങ്ങളിൽ വേരൂന്നിയതാണെങ്കിലും നാടോടിക്കഥകൾക്ക് സാർവത്രികമായ സാംഗത്യം ഉണ്ടെന്ന് ഈ രാഷ്ട്രീയ സമൂഹങ്ങൾ പരക്കെ സമ്മതിക്കുന്നു. ഈസോപ്പിന്റെ കെട്ടുകഥകൾ, പേർഷ്യൻ നാടോടിക്കഥകൾ തുടങ്ങിയ സ്രോതസ്സുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 51 കഥകളുടെ മധ്യകാല സ്പാനിഷ് സമാഹാരത്തിൽ നിന്നാണ് ആൻഡേഴ്സന്റെ കഥ ഉരുതിരിഞ്ഞതുതന്നെ.

രസകരമെന്നു പറയട്ടെ, ജിനേശ്വരന്റെ (1052) നഷ്ടപ്പെട്ട സമാഹാരമായ നിർവാണലീലാവതിയുടെ സംഗ്രഹമായ ജിനരത്നായുടെ ലീലാവതിസാരയിൽ (1283) ഈ കഥയുടെ ഒരു ഇന്ത്യൻ പതിപ്പ് കാണാൻ സാധിക്കും എന്നതാണ്. ഈ അവതരണത്തിൽ, ഹസ്തിനാപുരയിൽ നിന്നുള്ള ‘ധന’ എന്ന വഞ്ചകനായ ഒരു വ്യാപാരി, അദൃശ്യമായ ഒരു അമാനുഷിക വസ്ത്രം നെയ്തതായി അവകാശപ്പെട്ട് ശ്രാവസ്തിയിലെ രാജാവിനെ വഞ്ചിക്കുന്നു. വസ്ത്രത്തിന്റെ സ്വഭാവം മനസ്സിലാക്കാതിരുന്ന രാജാവ് തന്റെ നഗരത്തിലൂടെ പരേഡ് നടത്തുന്നു. താൻ നഗ്നനായ സന്യാസിയാണോ എന്ന് സാധാരണക്കാർ ചോദിക്കുമ്പോൾ, ഈ വഞ്ചന അയാൾ മനസ്സിലാക്കുന്നു-എന്നാൽ അപ്പോഴേക്കും കള്ളൻ ഓടി രക്ഷപ്പെടുകയും ചെയ്യുന്നു.

പശ്ചാത്തലം എന്തുതന്നെയായാലും, ഈ നാടോടിക്കഥകളുടെയെല്ലാം അന്തസത്ത വ്യക്തമാണ്. നേതാക്കൾ വഞ്ചകരുടെയിടയിൽ വലയപ്പെടുമ്പോൾ, പലപ്പോഴും അസംബന്ധവും ലജ്ജാകരവുമായ ഫലങ്ങളിലേക്കാണ് നയിക്കുക എന്ന വലിയൊരു പാഠമാണ് അത് നൽകുന്നത്.

About Author

നളിൻ വർമ്മ

നളിൻ വർമ്മ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹം ന്യൂഡൽഹിയിലെ ജാമിയ ഹംദർദ് സർവകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷനും ക്രിയേറ്റീവ് റൈറ്റിംഗും പഠിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x