A Unique Multilingual Media Platform

The AIDEM

Articles Interviews Society

തിരഞ്ഞെടുപ്പിനെക്കുറിച്ചും മസ്ജിദിൻ്റെ ഭാവിയെക്കുറിച്ചും ഗ്യാൻവാപി ഭാരവാഹിയുടെ വീക്ഷണങ്ങളും ആശങ്കകളും

  • May 30, 2024
  • 1 min read
തിരഞ്ഞെടുപ്പിനെക്കുറിച്ചും മസ്ജിദിൻ്റെ ഭാവിയെക്കുറിച്ചും ഗ്യാൻവാപി ഭാരവാഹിയുടെ വീക്ഷണങ്ങളും ആശങ്കകളും

ഉത്തർപ്രദേശിലെ വാരണാസിയിലെ ചരിത്രപ്രസിദ്ധമായ ഗ്യാൻവാപി മസ്ജിദിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ട്രസ്റ്റായ അഞ്ജുമൻ ഇൻതസാമിയ മസാജിദിൻ്റെ ജോയിൻ്റ് സെക്രട്ടറി എസ്. എം യാസിനുമായുള്ള ദി ഐഡം-രിസാല അപ്‌ഡേറ്റ് പോൾ ടോക്കിൻ്റെ എഡിറ്റ് ചെയ്‌ത് പരിഭാഷപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റാണിത്.


വെങ്കിടേഷ് രാമകൃഷ്ണൻ: ഇന്നത്തെ പോൾ ടോക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും മൂന്നാം തവണ നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്ത വാരണാസിയിൽ നിന്നാണ്. ഞങ്ങളോടൊപ്പം ചേരുന്നത് ഈ പുരാതന നഗരത്തിന്റെ സാമൂഹിക ജീവിതത്തിൽ മഹത്തായ സംഭാവനകൾ നൽകിയ സംഘടനയായ അഞ്ജുമൻ ഇൻതസാമിയ മസാജിദിന്റെ ജോയിന്റ് സെക്രട്ടറി എസ് എം യാസിനാണ്. ഗ്യാൻവാപി പള്ളിയുടെ ദൈനംദിന കാര്യങ്ങൾ നോക്കുന്നതും ഈ സംഘടനയാണ്.

യാസിൻ ജി, നിർണായകമായ തിരഞ്ഞെടുപ്പിന്റെ നടുവിലാണ് നമ്മൾ. ഒരു വർഷത്തിനിടെ അഞ്ജുമൻ ഇൻതസാമിയ മസാജിദിന് രണ്ട് കോടതി ഉത്തരവുകൾ ഉൾപ്പെടെ വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നു. ഈ ഉത്തരവുകളിലൊന്നിന്റെ അടിസ്ഥാനത്തിലാണ് പള്ളിയുടെ ചില ഭാഗങ്ങളിൽ ഹൈന്ദവ ആരാധന നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, ഗ്യാൻവാപി മസ്ജിദിന്റെ ഭാവി നിങ്ങൾ എങ്ങനെ കാണുന്നു? അഞ്ജുമൻ ഇന്റസാമിയ മസാജിദിന്റെ പ്രവർത്തനങ്ങൾ എങ്ങനെ പുരോഗമിക്കുന്നു?

എസ് എം യാസിൻ: നോക്കൂ, 2014 മുതൽ തന്നെ സ്ഥിതിഗതികൾ വഷളാകാൻ തുടങ്ങി. കോടതികളിൽ നിരവധി കേസുകൾ ഫയൽ ചെയ്യപ്പെട്ടു. 2020 മുതൽ സ്ഥിതി മോശമാകുന്നതിന്റെ ഗതി വർധിച്ചു. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം തവണയും വിജയിച്ചതിന് പിന്നാലെയാണിത്. 2021 മുതൽ സ്ഥിതി കൂടുതൽ വഷളായി. കോടതികൾ തീരുമാനങ്ങൾ എടുക്കുന്നു, പക്ഷേ നീതി ലഭിക്കുന്നില്ല എന്ന് മാത്രമേ എനിക്ക് ആകെ പറയാനാകൂ. ഞങ്ങൾ എവിടെ പോയാലും നീതിന്യായവ്യവസ്ഥ ഞങ്ങളോട് നീതി പുലർത്തിയിട്ടില്ല. അയോധ്യ കേസിലും ഇതുതന്നെയായിരുന്നു സ്ഥിതി. അയോധ്യയോടെ എല്ലാം അവസാനിക്കുമെന്നും ഇനിയൊന്നും സംഭവിക്കില്ലെന്നും ഞങ്ങൾ കരുതി. എല്ലാ ആരാധനാലയങ്ങളും 1947 ആഗസ്ത് 15 ന് നിലനിന്നിരുന്ന മതപരമായ സ്വഭാവം നിലനിർത്തണമെന്ന് പ്രസ്താവിച്ച 1991 ലെ നിയമത്തിൽ നിന്ന് അയോധ്യാ കേസിനെ ഒഴിവാക്കി. മറ്റെല്ലാ സാഹചര്യങ്ങളിലും നിയമം നടപ്പാക്കുമെന്നും ഇനി അയോധ്യ മോഡൽ കേസുകൾ ഉണ്ടാകില്ലെന്നും ഞങ്ങൾ കരുതി. എന്നാൽ വിവിധ തലങ്ങളിൽ ജുഡീഷ്യറി, മറ്റ് ആരാധനാലയങ്ങളുടെ കാര്യത്തിലും തർക്കങ്ങൾ ഏറ്റെടുക്കുകയും തീരുമാനങ്ങൾക്കായി വേഗത്തിലുള്ള ഷെഡ്യൂൾ ക്രമീകരിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമായതോടെ അത്തരം പ്രതീക്ഷകൾ നിമിഷനേരം കൊണ്ട് ആവിയായി. പിന്നെ ഒന്നിനുപുറകെ ഒന്നായി കോടതികൾ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി. ആദ്യം, ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ അനുവദിച്ചു. ഈ സർവേ നടത്തിയ രീതി തെറ്റായിരുന്നു. സുപ്രീം കോടതിയിൽ ഞങ്ങൾ പ്രതീക്ഷ വെച്ചു, പക്ഷേ അവിടെയും ഞങ്ങൾക്ക് നിരാശരാകേണ്ടി വന്നു. അതിനുശേഷം, 2024 ജനുവരി 31 ന് ജഡ്ജി എടുത്ത തീരുമാനം നോക്കൂ. വിധിക്ക് മുമ്പായി, അപേക്ഷ തീർപ്പാക്കിയെന്ന് തീരുമാനിച്ച ഒരു സമയമുണ്ടായിരുന്നു, പക്ഷേ കോടതി വിചിത്രമായി അപേക്ഷ തിരികെ വിളിച്ച് അത് വീണ്ടും വായിക്കുകയും അവിടെ പൂജ നടത്താൻ അനുമതി നൽകുകയും ചെയ്തു. വിധി നടപ്പാക്കി പത്ത് ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് ഞങ്ങളുടെ ജില്ലാ മജിസ്ട്രേറ്റ് വിധിന്യായത്തിന് ശേഷം പറഞ്ഞിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ, വിധി വന്ന രാത്രി തന്നെ മസ്ജിദിന് ചുറ്റുമുള്ള ബാരിക്കേഡുകൾ തകർത്ത് സർക്കാർ ഉദ്യോഗസ്ഥർ മസ്ജിദിനുള്ളിൽ ഇരുന്നു പൂജ കഴിച്ചു.

വെങ്കിടേഷ് രാമകൃഷ്ണൻ: ഞങ്ങളുടെ പോർട്ടലായ AIDEM ആണ് ഈ തിരക്കിട്ട പൂജാ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

എസ് എം യാസിൻ: അതെ, AIDEM ലൂടെ നിങ്ങളാണ് വാർത്ത പുറത്തുവിട്ടത്. അതിൽനിന്നാണ് കമ്മീഷണർ കുട്ടിയോടൊപ്പം ഇരുന്നു പൂജ ചെയ്യുന്ന ചിത്രം ഞങ്ങൾക്കു ലഭിച്ചത്. ഇതെല്ലാം അനീതിയാണ്, അങ്ങയറ്റത്തെ അനീതി. കൂടാതെ സാഹചര്യം അനുദിനം വികൃതമാക്കാനുള്ള ശ്രമം നടക്കുന്നതായി തോന്നുന്നു. അടുത്തിടെ ഒരു സാധു മഹാരാജ് പ്രദേശത്ത് വന്ന് ഞങ്ങളെ അധിക്ഷേപിക്കാൻ തുടങ്ങി. അവരും മറ്റു ചിലരും മസ്ജിദിന് പുറത്ത്, ഗേറ്റിന് പുറത്ത് നിൽക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു. അവർ മുസ്ലീം സമുദായത്തെ മുഴുവൻ അധിക്ഷേപിച്ചു. അവർക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്യാൻ ഞങ്ങൾ പോലീസ് സ്റ്റേഷനിൽ പോയി. പക്ഷേ എഫ് ഐ ആർ ഒന്നും രജിസ്റ്റർ ചെയ്തില്ല.

വെങ്കിടേഷ് രാമകൃഷ്ണൻ: എഫ്‌ഐആർ ഫയൽ ചെയ്യാത്തതിന് അധികൃതർ എന്ത് കാരണമാണ് പറഞ്ഞത്?

ഗ്യൻവാപി പള്ളിയിൽ നടത്തിയ പൂജ

എസ് എം യാസിൻ: കാരണമൊന്നും പറഞ്ഞില്ല. സാധു എന്ന് വിളിക്കപ്പെടുന്നവർ ഞങ്ങളെയും സമുദായത്തെയും നീചമായി അധിക്ഷേപിച്ച് കടന്നുകളഞ്ഞു. പിന്നീട് രാമനവമി ദിനത്തിൽ, ചില സംഘങ്ങൾ ആചാരപരമായ ഘോഷയാത്ര നടത്തുന്നതിനിടയിൽ വാളുകൾ വീശുകയും, ഗ്യാൻവാപി മസ്ജിദ് തകർക്കുന്നതിന് ആഹ്വാനം ചെയ്തുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒരു പടി കൂടി തടന്ന് ഈ സംഘം ഒരു പോലീസുകാരനെ മർദ്ദിക്കുക കൂടി ചെയ്തു, യാതൊരുവിധ നടപടിയും അതിനുമേൽ ഉണ്ടായില്ല.

വെങ്കിടേഷ് രാമകൃഷ്ണൻ: പ്രത്യക്ഷത്തിൽ, ഭയാനകമായ ഒരുപാട് കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചിട്ട് പോലും, മൊത്തത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം, അത് ഉത്തർപ്രദേശിന്റെ മറ്റ് ഭാഗങ്ങളിൽ പോലും വ്യത്യസ്തമായ ചിത്രമാണ് അവതരിപ്പിക്കുന്നത്. ഹിന്ദു സമൂഹം സ്വന്തം നിലയിൽ ഒരു വർഗീയ അജണ്ടയെ മുന്നോട്ടുവെക്കുന്നില്ല. രസകരമെന്തെന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചപ്പോൾ ഭാരതീയ ജനതാ പാർട്ടിയുടെയും (ബി ജെ പി) അതിന്റെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും (എൻ ഡി എ) മുദ്രാവാക്യങ്ങൾ ‘മോദി കി ഗ്യാരന്റി’, ‘അബ് കി ബാർ, 400 പാർ’ എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ, ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിന് ശേഷം ഇത് മാറി. ഇപ്പോഴത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വൈരം വളർത്തും വിധം നിർലജ്ജമായ പ്രചരണമായി മാറിയിരിക്കുന്നു. കോൺഗ്രസ് ജയിച്ചാൽ ആ പാർട്ടി ഹിന്ദുക്കളുടെ എല്ലാ സ്വത്തുക്കളും, അവരുടെ മംഗല്യസൂത്രം പോലും, മുസ്ലീങ്ങൾക്ക് വിട്ടുകൊടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറയുന്നു. എന്താണ് രാജ്യത്തുടനീളം ഈ നിർലജ്ജമായ വർഗീയ പ്രചാരണത്തിന് കാരണമായതെന്ന് നിങ്ങൾ കരുതുന്നത്?

എസ് എം യാസിൻ: ഞാൻ നേരത്തെ പറഞ്ഞതുപോലെ, സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ബിജെപി നേതാക്കൾ ബോധപൂർവം കാര്യങ്ങൾ വഷളാക്കാൻ ശ്രമിക്കുകയാണ്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരിക്കലും ഒന്നിക്കാത്ത വിധം ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ഒരു തിരിച്ചുവരവ് ഇല്ലാത്ത തരത്തിലുളള സാഹചര്യം സൃഷ്ടിക്കാൻ. നമ്മുടെ വാരണാസി നഗരം വളരെ നല്ലൊരു നഗരമാണ്. നഗരത്തിന്റെ പരമ്പരാഗത സൗഹാർദ്ദം വളരെ ഇഷ്ടപ്പെടുന്ന ഒരുപാട് നല്ല ഹിന്ദു സുഹൃത്തുക്കൾ ഇവിടെയുണ്ട്. എന്നാൽ ആ അന്തരീക്ഷത്തെ തകിടം മറിക്കാനുള്ള ശ്രമങ്ങളാണ് മുകളിൽ നിന്ന് വരുന്നത്. അത് എത്രത്തോളം പോകുമെന്ന് നമുക്കറിയില്ല. വലിയൊരു വിഭാഗം ഹിന്ദുക്കൾ പോലും ആശങ്കയിലാണ്. ‘സഹോദരാ, നമ്മുടെ കുട്ടികളുടെ ഭാവി നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ ഭാവിയിലും തുടർന്നാൽ എന്ത് സംഭവിക്കും?’ എന്ന് പറയുന്ന നിരവധി ഹിന്ദു സഹോദരന്മാരെ ഞങ്ങൾ കണ്ടുമുട്ടിയിട്ടുണ്ട്. ഇത്തരം ആശങ്കകൾ പ്രാധാന്യമർഹിക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ പ്രയോഗത്തിന്റെ കാര്യത്തിൽ, വർഗീയ അജണ്ടയുടെ വക്താക്കൾക്കാണ് അധികാരം ലഭിക്കാൻ സാധ്യത. പക്ഷേ, അങ്ങനെ നേടിയെടുക്കുന്ന ഒരു അധികാരം ഒരു വിഭജന പദ്ധതിയിൽ അന്തർലീനമാണ്, അത് ജനങ്ങൾക്കിടയിൽ സാമുദായിക വ്യത്യാസങ്ങൾ വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയെ കൂടുതൽ ഭയാനകമാക്കുകയും ചെയ്യും.

നരേന്ദ്ര മോദി അയോധ്യയിലെ രാമ ക്ഷേത്രത്തിൽ

വെങ്കിടേഷ് രാമകൃഷ്ണൻ: ഇങ്ങനെയാക്കെണെങ്കിലും, ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ ഞാൻ കാണുന്നത് ഹിന്ദുത്വ വർഗീയതയ്ക്കെതിരെ കൂടുതൽ കൂടുതൽ ഹിന്ദുക്കൾ നിലപാടെടുക്കുന്നു എന്നതാണ്. ഇതൊരു ശുഭസൂചനയായി ഞാൻ കരുതുന്നു.

എസ് എം യാസിൻ: തീർച്ചയായും നിങ്ങൾ ചൂണ്ടിക്കാണിച്ചത് ഒരു വെള്ളിവെളിച്ചമാണ്. പക്ഷേ, സാമുദായിക സൗഹാർദത്തിന് വേണ്ടി നിലകൊള്ളുന്ന ഈ ആളുകൾ പോലും നിർഭാഗ്യവാന്മാരാണ്. കാരണം അധികാരശക്തികളെ ഭയന്ന് അവർക്ക് പരസ്യമായി പുറത്തുവരാൻ കഴിയില്ല.

വെങ്കിടേഷ് രാമകൃഷ്ണൻ: നിലവിലെ തെരഞ്ഞെടുപ്പുകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന വോട്ടിംഗ് ട്രെൻഡുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത് പല ഹിന്ദു സമൂഹങ്ങളും ഹിന്ദുത്വ വർഗീയതയ്ക്കും ബി ജെ പിക്കും എതിരെ പോകുന്നു എന്നാണ്.

എസ് എം യാസിൻ: ഇതിന് കാരണങ്ങളുണ്ട്. വിദ്യാഭ്യാസമുണ്ടായിട്ടും കടുത്ത തൊഴിലില്ലായ്മ നേരിടേണ്ടി വരുന്ന നിരാശരും രോഷാകുലരുമായ യുവാക്കളെ എവിടെ നോക്കിയാലും കാണാൻ കഴിയും. ഒരു പാസ്പോർട്ട് സെന്ററിൽ പോയിട്ട്, നിങ്ങൾ ഈ ചെറുപ്പക്കാരോട് എവിടേക്കാണെന്ന് ചോദിച്ചാൽ അവർ ഇസ്രായേലിലേക്ക് പോകുന്നുവെന്ന് പറയും. അവരോട് ‘ഹേ സഹോദരാ, ഇവിടെ, ഇന്ത്യയിൽ തൊഴിൽ മഴ പെയ്യുന്നുവെന്ന് നമ്മുടെ സർക്കാർ അവകാശപ്പെടുമ്പോൾ, ബോംബ് മഴ പെയ്യുന്ന ഒരു സ്ഥലത്തേക്ക് നിങ്ങൾ എന്തിനാണ് പോകുന്നത്’ എന്ന് ചോദിച്ചാൽ, അവർ പറയും, ഇവിടെ ജോലി എവിടെയാണെന്ന് ഞങ്ങൾ കാണുന്നില്ല എന്ന്. ഇവിടെ നിന്ന് പട്ടിണി കിടന്ന് മരിക്കുന്നതിനേക്കാൾ അവിടെ വലിയ അപകടങ്ങൾക്കിടയിൽപോലും കുറച്ച് പണം സമ്പാദിക്കുന്നതാണ് നല്ലതെന്നു കൂടി അവർ പറയും. തൊഴിലില്ലായ്മ ഒരു പ്രശ്‌നമാണ്, അത് ഇന്ന് വളരെ പ്രധാനമാണ്.

പണപ്പെരുപ്പത്തിന്റെ കാര്യവും സമാനമാണ്. എന്തുകൊണ്ടാണ് പണപ്പെരുപ്പം ഇത്ര ഉയർന്നത്? ബിസിനസ് എല്ലായിടത്തും തളർച്ചയിലാണ്. പൊതുവെ ആളുകൾ, ഹിന്ദുവെന്നോ മുസ്ലീമെന്നോ മറ്റുള്ളവരെന്നോ വ്യത്യാസമില്ലാതെ, നഗരത്തിലേക്ക് വരുന്നതിൽ നിന്ന് സ്വയം തടയുകയാണ്. ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കുള്ള കുടിയേറ്റം കുറഞ്ഞുവെന്ന് മാത്രമല്ല, വാരണാസിയിലേക്കും മറ്റിടങ്ങളിലേക്കുമുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരം കുറയുന്നതും നാം കാണുന്നു. ഇവിടുത്തെ ഹോട്ടലുകളിൽ നിങ്ങൾ ഒരു സർവേ നടത്തുക, ഒക്യുപ്പൻസി നിരക്ക് എങ്ങനെ കുറയുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.

വെങ്കിടേഷ് രാമകൃഷ്ണൻ: പുതുതായി നിർമ്മിച്ച കാശി വിശ്വനാഥ മന്ദിർ ഇടനാഴി കാണാൻ കൂടുതൽ കൂടുതൽ ആളുകൾ വരുന്നതിനാൽ ലോകമെമ്പാടുമുള്ള ആളുകൾ ഇവിടേക്ക് വർഷിക്കുന്നു എന്നതാണല്ലോ വാരണാസിയെക്കുറിച്ചുള്ള അവകാശവാദം.

എസ് എം യാസിൻ: ഇടനാഴി കാണാൻ ആളുകൾ വരുന്നുണ്ടെന്നതിൽ സംശയമില്ല, എന്നാൽ മൊത്തം സാമ്പത്തിക മേഖലയുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും സമഗ്രമായ വികസനത്തിനും ഈ പ്രത്യേക വിഭാഗം വിനോദസഞ്ചാരികൾ മാത്രം മതിയാകില്ല. ആവശ്യമായ സർവതോന്മുഖമായ വികസനം നടക്കുന്നില്ല എന്നതാണ് വസ്തുത. ഒരേയൊരു വ്യവസായം മാത്രമേ തഴച്ചുവളരുന്നുള്ളൂ, അതാണ് ഹൈന്ദവ ആരാധനാലയങ്ങളുടെ വികസനം. വിവിധ സ്ഥലങ്ങളും ആരാധനാലയങ്ങളും പുനർനിർമിച്ചുകൊണ്ടിരിക്കുകയാണ്. ആരാധനാലയങ്ങളുടെ വികസനത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം നിർമ്മാണങ്ങളിൽ പലതും ആയിരക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ താറുമാറാക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിന് ധാരാളം ഉദാഹരണങ്ങൾ കാണാൻ കഴിയും.

കാശി വിശ്വനാഥ ക്ഷേത്രം

വെങ്കിടേഷ് രാമകൃഷ്ണൻ: വാരണാസിയുടെ എല്ലാ ഭാഗങ്ങളിലും നിരവധി ചെറിയ ക്ഷേത്രങ്ങളുണ്ട്. ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണെന്നും ഹിന്ദു വിശ്വാസത്തിന്റെ പരിണാമത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

എസ് എം യാസിൻ: തീർച്ചയായും, ഇവിടെ ധാരാളം ക്ഷേത്രങ്ങളുണ്ട്, അത് ഞാൻ എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടതുമാണ്. നഗരത്തിൽ സമ്പൂർണ കർഫ്യൂ ഉണ്ടായിരുന്ന സമയത്ത് പോലും, ദൈനംദിന പൂജകൾ ചെയ്യുന്നവർക്ക് ഗംഗാജിയിൽ പോകാനും നദിയിൽ കുളിക്കാനും വിശ്വനാഥ ക്ഷേത്രത്തിൽ പോയി ആരാധന നടത്താനുമൊക്കെ പറ്റുമായിരുന്നു. കർഫ്യൂ സമയത്തും ആർക്കും പ്രശ്‌നമുണ്ടായില്ല. മുസ്ലീം ആധിപത്യ മേഖലകളിലൂടെ കടന്നു പോയാൽ പോലും ആരും അവരെ നോക്കുക പോലും ചെയ്തിരുന്നില്ല. ഭൂതകാലത്തെക്കുറിച്ചുള്ള ഈ ഒരു ധാരണയും കൂടുതൽ വിഭജിതമായ ഒരു സമൂഹം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന തിരിച്ചറിവും ഇപ്പോൾ ആളുകൾക്കിടയിൽ സാവധാനത്തിൽ അരിച്ചിറങ്ങുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ്, ബിജെപിക്ക് പ്രചാരണം നടത്താനും വോട്ടുചെയ്യാനും തുള്ളിച്ചാടുന്ന യുവവോട്ടർമാർ ഇപ്പോൾ അൽപ്പം നിർത്തി ‘സഹോദരാ, എന്താണ് സംഭവിക്കുന്നത്’ എന്ന് ചോദിക്കുന്നത്.

നേരത്തെ, നമ്മളിൽ ആരെങ്കിലും സർക്കാരിനെതിരെ ചെറുവിരലനക്കിയാൽ പോലും, അത് സമൂഹ മാധ്യമങ്ങളിലായാലും മറ്റ് പ്ലാറ്റ്ഫോമുകളിലായാലും, ഞങ്ങളെ വെല്ലുവിളിക്കാൻ ധാരാളം ആളുകൾ വരുമായിരുന്നു. എന്നാൽ അത്തരം ആക്രോശിക്കുന്ന സർക്കാർ അനുകൂലികളുടെ എണ്ണം എല്ലാ പ്ലാറ്റ്ഫോമുകളിലും കുറഞ്ഞുവരികയാണ്. ഇത് എന്താണ് അർത്ഥമാക്കുന്നത് എന്നുവെച്ചാൽ ഈ മേഖലയ്ക്ക് ചുറ്റുമുള്ള പല സീറ്റുകളിലും ബി ജെ പി കുടുങ്ങിയിരിക്കുന്നു എന്നതാണ്. തീർച്ചയായും, വാരണാസി എളുപ്പത്തിൽ അവർ ജയിക്കും. പക്ഷേ നമ്മുടെ ചുറ്റുമുള്ള സീറ്റുകളിൽ അങ്ങനെയല്ല.

വെങ്കിടേഷ് രാമകൃഷ്ണൻ: ബിജെപിയുടെ ജനപ്രീതി കുറയുന്നതിനെക്കുറിച്ച് മറ്റിടങ്ങളിൽ നിന്നും സമാനമായ വിലയിരുത്തലുകൾ കേൾക്കുന്നുണ്ട്. ബി ജെ പിക്ക് സ്വന്തമായി ഭൂരിപക്ഷം ലഭിക്കില്ല എന്നതും എൻ ഡി എ പങ്കാളികളുമായും അതിനപ്പുറമുള്ള ചില പാർട്ടികളുമായും സഹകരിച്ച് ഭൂരിപക്ഷം നേടാൻ നിർബന്ധിതരാകുമെന്നതും ചർച്ചയാകുന്നു. ബി ജെ പിക്ക് 230 ലോക്സഭാ സീറ്റുകൾ ലഭിച്ചാൽ മോദി പ്രധാനമന്ത്രിയായി തുടരില്ലെന്നാണ് ചിലർ പറയുന്നത്. അമിത് ഷാ ആഭ്യന്തര മന്ത്രിയായും തുടരില്ല. ഈ തിരഞ്ഞെടുപ്പ് പ്രവചനങ്ങളെല്ലാം അവിടെയുണ്ട്, അവ ചില പുതിയ മൂർത്ത രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ സൃഷ്ടിച്ചേക്കാം. പക്ഷേ, രാഷ്ട്രീയവും തിരഞ്ഞെടുപ്പ് സാഹചര്യവും എന്തുതന്നെയായാലും, നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാം കണ്ടുവരികയാണ്. അത്തരമൊരു പശ്ചാത്തലത്തിൽ, നിങ്ങൾ കാണുന്ന ഗ്യാൻവാപിയുടെ ഭാവി എന്താണ്? 1992 ൽ അയോധ്യയിലെ ബാബറി മസ്ജിദിന് സംഭവിച്ചതിന് സമാനമായ വിധി ഇതിന് ഉണ്ടാകുമോ?

ബാബരി മസ്ജിദിൻ്റെ താഴികക്കുടങ്ങൾ തകർക്കുന്നു

എസ് എം യാസിൻ: സമാനമായ ചോദ്യങ്ങൾക്ക് ഞാൻ നേരത്തെയും പ്രതികരിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞതാണ്, ഇന്ന് ഞാൻ വീണ്ടും പറയുന്നു – ഇല്ല – ആൾക്കൂട്ടം വരില്ല. മസ്ജിദ് പൊളിക്കാനും സാമൂഹികവും രാഷ്ട്രീയവുമായ ദൃശ്യങ്ങൾ സൃഷ്ടിക്കാനും ജനക്കൂട്ടം കൂടുകയില്ല. ജുഡീഷ്യറിയുടെ അവസ്ഥ നോക്കുമ്പോൾ അത് ചെയ്യേണ്ടി വരില്ല. കോടതി തീരുമാനമെടുത്താൽ ഞങ്ങൾ അത് പാലിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നു മാത്രമേ രാഷ്ട്രീയ ശക്തികൾക്ക് പറയാനുണ്ടാവുകയുള്ളൂ. ഇപ്പോൾ നമ്മൾ കാണുന്നത് കോടതികൾ നിന്ന് നമുക്ക് എതിരായി വരുന്ന തുടർച്ചയായ തീരുമാനങ്ങളാണ്. തീർച്ചയായും, ആരാധനാലയ നിയമം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. ഭരണഘടന അതിന്റെ ആത്മാവിൽ നിന്നും അർത്ഥത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. എത്ര വർഷമായി ഇവിടെയുണ്ട് എന്ന ഈ അടിസ്ഥാന ചോദ്യം പോലും അവഗണിക്കപ്പെടുകയാണ്. ജനുവരി 31 ലെ ഉത്തരവ് വെറുതെ വിശകലനം ചെയ്താൽ മതി. 31 വർഷമായി ആരും അവിടെ പോയിട്ടില്ലെന്നും ഒരു പൂജയും ചെയ്തിട്ടില്ലെന്നും കോടതി തന്നെ അംഗീകരിക്കുന്നതാണ്, എന്നിട്ട് 31 വർഷത്തിനുശേഷം പെട്ടെന്നുള്ളതും തിടുക്കപ്പെട്ടതുമായ പൂജയുടെ അർത്ഥമെന്താണ്? ഇനി ഇതെല്ലാം ജുഡീഷ്യറിയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും സംഭവിക്കുന്നത് കൊണ്ട് തന്നെ, 1992 ൽ ബാബറി മസ്ജിദിൽ സംഭവിച്ചത് ആവർത്തിക്കേണ്ട ആവശ്യമില്ല. പക്ഷേ, ഞങ്ങളുടെ മസ്ജിദ് സുരക്ഷിതമായി തുടരുമെന്ന് ഞങ്ങൾക്ക് വലിയ പ്രതീക്ഷയില്ല. നോക്കൂ, എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഞങ്ങൾക്ക് നീതി നൽകുന്നില്ല എന്ന് മാത്രമല്ല ഞങ്ങളുടെ അപേക്ഷകൾ ന്യായമായി പരിഗണിക്കുന്നു പോലുമില്ല. അതിനാൽ, ഞങ്ങൾ എന്താണ് പ്രതീക്ഷിക്കേണ്ടത്? വ്യക്തമായും ഞങ്ങൾ ദുർബലരാണ്, ഞങ്ങൾക്ക് തെരുവിൽ വരാൻ കഴിയില്ല, ഞങ്ങൾ വന്നിട്ടില്ല, ഇനി വരികയുമില്ല. ഈ നഗരത്തിൽ സ്ഥിതി നാൾക്കുനാൾ വഷളായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയാണ്. എല്ലാവരോടും ഇങ്ങനെ പറയുന്നു, എന്ത് സംഭവിച്ചാലും നിങ്ങളുടെ ക്ഷമ കൈവിടരരുത്, കാര്യങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് നമുക്ക് നോക്കാം. 600 വർഷങ്ങൾക്ക് ശേഷം നമ്മുടെ മസ്ജിദ് എടുത്തുകളയണമെന്നതാണ് ദൈവഹിതമെങ്കിൽ, അവർക്ക് അധികാരമുണ്ട്, കോടതിയിലൂടെയോ മറ്റെന്തെങ്കിലും മാർഗത്തിലൂടെയോ അത് അവർക്ക് എടുത്തുകൊണ്ട്‌പോവാം. അതിനാൽ, ഞങ്ങൾ പറയുന്നു, നിങ്ങൾക്ക് അധികാരമുണ്ട്, അത് വെച്ച് എടുത്തുകൊണ്ട്‌പോകൂ, പക്ഷേ നിങ്ങൾ അത് തട്ടിയെടുക്കുന്നതാണ് എന്ന സത്യം അവിടെ അവശേഷിക്കുക തന്നെ ചെയ്യും. 1986 ൽ ഇവിടെ വന്നപ്പോൾ നിങ്ങളും പള്ളിയുടെ ഉള്ളിൽ പോയതായിരുന്നു. അവിടെ നിങ്ങൾ അതിന്റെ തറക്കല്ല് കണ്ടിട്ടുണ്ടാവാം. പക്ഷേ, ഇപ്പോൾ അത് ‘ശിവ-ലിംഗം’ എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നു. ചില ഉദ്യോഗസ്ഥർ അവിടെ ഇരുന്ന് പൂജ നടത്തുന്ന അവസ്ഥയിലാണ് നമ്മൾ ഇപ്പോഴുള്ളത്. ഇത്രയും നിർലജ്ജമായ നിയമവിരുദ്ധത നടപ്പിലാക്കാൻ എവിടെനിന്നാണ്, എങ്ങനെയാണ് ഇവർ അധികാരം നേടിയതെന്ന് നിയമം നടപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട ആരും അവരോട് ചോദിക്കില്ല. ജുഡീഷ്യറിയോ, പാർലമെന്റോ, പ്രധാനമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ അതല്ല നമ്മുടെ മുഖ്യമന്ത്രിയോ ആരും ചോദിക്കില്ല.

വെങ്കിടേഷ് രാമകൃഷ്ണൻ: ഈ വിഷയങ്ങൾ ശക്തമായി ഉന്നയിക്കുമെന്ന് നിങ്ങൾ കരുതുന്ന ഏതെങ്കിലും പ്രതിപക്ഷ പാർട്ടിയോ പ്രതിപക്ഷ നേതാക്കളോ ഉണ്ടോ?

എസ് എം യാസിൻ: ഇല്ല, കാരണം അവർക്കും വോട്ട് വേണം. നമ്മുടെ പ്രശ്‌നം അവർ ഉന്നയിച്ചാൽ ഉടൻ പ്രീണനം നടത്തുന്നവരായി മുദ്രകുത്തപ്പെടും.

വെങ്കിടേഷ് രാമകൃഷ്ണൻ: എന്നിരുന്നാലും സാധാരണ മുസ്ലിംകളുടെ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലിംകളുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. അതിനായി അവരുടെ തിരഞ്ഞെടുപ്പ് സാധ്യതകളും പരിഗണിക്കേണ്ടതുണ്ട്. അപ്പോൾ, അവർക്കുള്ള രാഷ്ട്രീയ ഓപ്ഷൻ എന്താണ്?

എസ് എം യാസിൻ: നമ്മൾക്ക് വോട്ടവകാശം ലഭിച്ചിട്ടുണ്ട്, ഈ രണ്ട് ശക്തികളും തിരഞ്ഞെടുപ്പിൽ പോരാടുകയാണ്. അവരിൽ ഒരുകൂട്ടർ നീതിക്ക് വേണ്ടി പോരാടുന്നതും മറ്റൊരുകൂട്ടർ അനീതി ചെയ്യാൻ പോരാടുന്നതും ഞങ്ങൾ കാണുന്നു. അതിനാൽ ഞങ്ങൾ നീതി ചെയ്യുന്നവരുടെ കൂടെയാണ്.

വെങ്കിടേഷ് രാമകൃഷ്ണൻ: പ്രായോഗികമായി ഇത് എന്താണ് അർത്ഥമാക്കുന്നത്?

എസ് എം യാസിൻ: അർത്ഥം വ്യക്തമാണെന്ന് ഞാൻ കരുതുന്നു. എനിക്ക് തോന്നുന്നത് ഭൂരിപക്ഷം മുസ്ലീങ്ങളും ശരിയായ ദിശയിലാണ് ഈ തിരഞ്ഞെടുപ്പിൽ പോകുന്നതെന്നാണ്.


ഈ സംഭാഷണത്തിൻ്റെ ഓഡിയോവിഷ്വൽ രൂപം, അതിൻ്റെ യഥാർത്ഥ ഭാഷയായ ഹിന്ദിയിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x