A Unique Multilingual Media Platform

The AIDEM

Articles Politics നോട്ടം

പുനലൂർ രാജൻ്റെ ക്യാമറക്കണ്ണിൽ തെളിയുന്ന കേരള രാഷ്ട്രീയ ചരിത്രം

  • February 22, 2022
  • 1 min read
പുനലൂർ രാജൻ്റെ   ക്യാമറക്കണ്ണിൽ തെളിയുന്ന കേരള രാഷ്ട്രീയ ചരിത്രം

പുനലൂർ രാജന്റെ ലെൻസിൽ തെളിഞ്ഞ എമ്മെൻ 

പുനലൂർ രാജൻ ആധുനിക കേരളചരിത്രത്തിന്റെ സാക്ഷിയും പങ്കാളിയുമാണ്. കേരളം പിറവികൊള്ളുമ്പോൾ രാജനു പതിനേഴു വയസ്സ്. അന്ന് രാജൻ അച്ഛന്റെ ക്യമാറയിലൂടെ കാഴ്ചകൾ കണ്ടുതുടങ്ങുന്നതേയുള്ളൂ. തന്റെ നിയോഗം ക്യാമറയും അതിലൂടെയുള്ള കാഴ്ചകളുമായിരിക്കുമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടാകില്ല. സാഹിത്യം, ചിത്രകല, ഫോട്ടോഗ്രഫി-ഈ വ്യത്യസ്ത മേഖലകളോടുളള ഇഷ്ടം അക്കാലം തൊട്ടേ ഉറച്ചിരുന്നു. കവിതകളും കഥകളും മാസികകളിൽ വന്നുതുടങ്ങിയിരുന്നു. മാവേലിക്കര രവിവർമ്മ സ്‌കൂൾ ഓഫ് ആർട്‌സിൽ പഠിക്കാനിരിക്കുന്നു. ജനയുഗത്തിൽ ഫോട്ടോഗ്രാഫുകൾ വരാനിരിക്കുന്നു.

പുനലൂർ രാജൻ പകർത്തിത്തുടങ്ങി. പ്രകൃതിദൃശ്യങ്ങൾ, പക്ഷികൾ, മനുഷ്യർ. വിശാലമായ ചരിത്രത്തിലേക്കു പ്രവേശിച്ചപ്പോൾ ചരിത്രത്തെ നിർണ്ണയിച്ച വ്യക്തികൾ, ചരിത്രമുഹൂർത്തങ്ങൾ, കലാവിഷ്‌കാരങ്ങൾ, എഴുത്തുകാർ, ചലച്ചിത്രപ്രതിഭകൾ, രാഷ്ട്രീയ വ്യക്തിത്വങ്ങൾ. ചരിത്രം സൃഷ്ടിക്കുകയാണ് എന്ന് അറിയാതെതന്നെ രാജൻ ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

പുനലൂർ രാജൻ ഫോട്ടോഗ്രാഫിയിലും ഒപ്പം കമ്യൂണിസത്തിലും ജ്ഞാനസ്‌നാനം ചെയ്യുമ്പോൾ കണ്മുന്നിൽ കണ്ട ഏറ്റവും തലയെടുപ്പുള്ള നേതാവ് ‘എമ്മെൻ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട എം.എൻ.ഗോവിന്ദൻ നായർ ആയിരുന്നു. എം.എൻ ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു. രൂപത്തിലും പ്രകൃതത്തിലും ഒരു നേതാവിന്റെ തലയെടുപ്പുണ്ടായിരുന്നു; ‘തലക്കന’ മൊട്ടില്ലായിരുന്നുതാനും. സദാ ചിരിച്ചും കുശലം പറഞ്ഞും ചെറുബീഡി പുകച്ചും തോളിൽ കൈയിട്ടും നീങ്ങിയ എമ്മെനെ രാജൻ കൂടുതൽ അടുത്തറിയുന്നത് ജനയുഗവുമായും കെ.പി.എ.സിയുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോഴാണ്. കാമ്പിശ്ശേരി കരുണാകരൻ രാജന്റെ അടുത്ത ബന്ധുവാണ്. കാമ്പിശ്ശേരിയിലൂടെ പരിചയപ്പെട്ട തോപ്പിൽ ഭാസി ഗുരുതുല്യനായ ഭാസിയണ്ണനും. എമ്മെൻ കെ.പി.എസിയിൽ മിക്കപ്പോഴും വരുമായിരുന്നു.

പുനലൂർ രാജൻ എമ്മെനെ നിശ്ചല-ചലനദൃശ്യങ്ങളിൽ പകർത്തിയിട്ടുണ്ട്. തനിച്ച്, പ്രസംഗവേദിയിൽ, പാർട്ടി ഓഫീസിൽ, കെ.പി.എ.സിയിൽ, സുഹൃത്തുക്കളുടെ കൂടെ-വിവിധ ഭാവങ്ങളിൽ എമ്മെൻ രാജന്റെ ഫോട്ടോകളിൽ നിറഞ്ഞുനിന്നു. അവയിൽ ചില ഫോട്ടോകളാണ് ഈ കുറിപ്പിനൊപ്പം.

ഒക്‌ടോബർ വിപ്ലവത്തെത്തുടർന്ന്, അടിസ്ഥാനവർഗ്ഗത്തിന്റെ വിമോചനത്തിനും പുരോഗമനപരമായ സാഹിത്യവീക്ഷണത്തിനും ഊന്നൽ നൽകുന്ന കലാപ്രസ്ഥാനത്തിന്റെ അലയൊലികൾ ഇന്ത്യയിലും മുഴങ്ങിയപ്പോഴാണ് ഇപ്റ്റ (IPTA) രൂപം കൊള്ളുന്നത്. അതിന്റെ ചുവടുപിടിച്ചാണ് കേരളത്തിൽ കെ.പി.എ.സിയുടെ ഉദയം.

എന്റെ മകനാണു ശരി’ എന്ന നാടകത്തിലൂടെ കലാരംഗത്തേയ്ക്കു വന്ന കെ.പി.എ.സിയുടെ ഏറ്റവും പ്രസിദ്ധമായ നാടകം തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്കും പടർച്ചയ്ക്കും വഴിയൊരുക്കിയ നാടകം.

ഒരു രാഷ്ടീയ അതികായനും രണ്ട് സാംസ്ക്കാരിക ചരിത്ര സൃഷ്ടാക്കളും ;എ o എൻ , വൈക്കം ചന്ദ്രശേഖരൻ നായർ, തോപ്പിൽ ഭാസി.

കെ.പി.എ.സിയുടെ പര്യായപദം തോപ്പിൽ ഭാസിയാണ്, സംശയമില്ല. വൈക്കം ചന്ദ്രശേഖരൻ നായർക്കും അതിൽ നല്ലൊരു പങ്കുണ്ട്. സാഹിത്യ-സാമൂഹികരംഗങ്ങളിൽ പ്രശസ്തരായ പലരും നാടകത്തെ രൂക്ഷമായി വിമർശിച്ചപ്പോൾ, വൈക്കം അതിന്റെ അകക്കാമ്പു കണ്ടെത്തി: ”മനുഷ്യരായി ജീവിക്കാൻ കഴിയാതെ മണ്ണടിഞ്ഞുപോകുന്ന കർഷകജനതയുടെ വികാരം ഏതോ രൂപത്തിൽ ‘കമ്യൂണിസ്റ്റാക്കി’ നാടകതത്തിലുണ്ടായിരുന്നു,” വൈക്കം എഴുതി. അപ്രതീക്ഷിതമായി നാടകത്തിൽ വൈക്കത്തിന് അഭിനയിക്കേണ്ടിയും വന്നു. കൃഷിക്കാരനായ പരമുപിള്ളയുടെ മകൻ ഗോപാലന്റെ റോളാണ് വൈക്കം അഭിനയിച്ചത്.

രാഷ്ട്രീയവും കലയും കൈകോർത്ത മുഹൂർത്തത്തിലെ ഒരു സമാഗമം പുനലൂർ രാജൻ അനശ്വരമാക്കി. എമ്മനുമൊത്ത് രണ്ടു ജനകീയ കലാകാരന്മാർ.

രാജ്യത്ത് ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നത് കേരളത്തിലാണ്, 1957-ൽ. അന്ന് എമ്മെനായിരുന്നു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി. സർഗ്ഗാത്മകവും ഒപ്പം പ്രായോഗികവുമായ രാഷ്ട്രീയശൈലിയായിരുന്നു എമ്മെന്റേത്. ”ടി.വി.തോമസ്, സി.അച്യുതമേനോൻ തുടങ്ങിയ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം ഉയർന്നുവന്നത്. ടി.വി.തോമസിന്റെ പേരിനായിരുന്നു പ്രാമുഖ്യം… പക്ഷേ, എം.എൻ.ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വം തീരുമാനിച്ചത് ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിനെയാണ്… മലബാറിന്റെ പ്രാതിനിധ്യമടക്കം നിരവധി ന്യായങ്ങൾ പറഞ്ഞാണ് പാർട്ടിയിലെ എതിർശബ്ദങ്ങളെ എമ്മെൻ നിശ്ശബ്ദമാക്കിയത്.[1]

ഇന്ത്യൻ ജീവിതത്തെ അറിഞ്ഞ മഹാത്മാഗാന്ധിയെ ആഴത്തിൽ മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് നേതാവുകൂടിയായിരുന്നു എമ്മെൻ. എസ്.എ.ഡാങ്കേ തൊട്ട് ഇ.എം.എസ്.നമ്പൂതിരിപ്പാട് വരെയുള്ള മിക്ക കമ്യൂണിസ്റ്റ് നേതാക്കൾക്കും ഗാന്ധിജി ദേശീയ ബൂർഷ്വാസിയുടെ പ്രതിനിധിയായിരുന്നു. എമ്മെന്റെ ആത്മകഥ1യിൽ മാർക്‌സിനെക്കാൾ കടന്നുവരുന്ന പേര് ഗാന്ധിജിയുടേതാണ്. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ കണ്ണീരൊഴുക്കിയതിനെക്കുറിച്ച് വികാരഭരിതമായി എഴുതിക്കൊണ്ടാണ് ആ ആത്മകഥ അവസാനിക്കുന്നതും.

വിചിത്രമായിത്തോന്നാം, ഗാന്ധിജിയുടെ, വർധയിലെ സേവാഗ്രാമിൽ ഗാന്ധിയൻ സാമ്പത്തികശാസ്ത്രം പഠിക്കാൻപോയ എമ്മെൻ, മാർക്‌സിസ്റ്റായാണ് അവിടെ നിന്നും വിട്ടുപോരുന്നത്. എമ്മെൻ തന്നെ പറയുന്നതുകേൾക്കുക: ”ഗാന്ധിജിയുമായി ആഴ്ചയിൽ ഒരിക്കൽ ഞങ്ങൾക്കുള്ള കൂടിക്കാഴ്ച്ചാവേളകളിൽ ഒന്നിലധികം പ്രാവശ്യം ഞാൻ എന്റെ സംശയങ്ങൾ ഉന്നയിക്കുകയുണ്ടായി. പ്രസക്തമായ അദ്ദേഹത്തിന്റെ മറുചോദ്യം, തന്റെ സാമ്പത്തികസിദ്ധാന്തങ്ങളിൽ വിശ്വാസമില്ലെങ്കിൽ അതു പഠിക്കാൻ അവിടെയെത്തിയത് എന്തിനെന്നായിരുന്നു.[2]

കമ്മ്യൂണിസ്റ്റായിരിക്കെത്തന്നെ എമ്മെൻ, ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ അന്ധതയെ ഇങ്ങനെ കീറിമുറിച്ചു: ”തൊഴിലാളി മുതലാളി, പെറ്റി ബൂർഷ്വാ, ബുദ്ധിജീവി എന്ന കമ്മ്യൂണിസ്റ്റ് ചാതുർവർണ്യത്തിൽ ഒതുങ്ങുന്നവരായിരുന്നില്ല ഈ (ഇന്ത്യൻ) ജനത. മരവിച്ചുകിടന്ന ഇത്തരം ഒരു ജനതയെ തട്ടിയുണർത്തി ഏകോപിപ്പിച്ച്, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിൽ നയിക്കുക എന്ന ചുമതലയാണ് ഗാന്ധിജി ഏറ്റെടുത്തത്.[3]

ജാതിവ്യവസ്ഥയെ കമ്യൂണിസ്റ്റ് പാർട്ടി വേണ്ടത്ര ഗൗരവത്തോടെ കണ്ടിരുന്നില്ലെന്നും, വർഗ്ഗസമരം പൂർത്തിയാവുന്നതോടെ ജാതി അപ്രത്യക്ഷമാവുമെന്നും ഉള്ള ശുഭാപ്തിവിശ്വാസമാണ് പാർട്ടിയെ നയിച്ചിരുന്നതെന്നും ആദ്യം മനസ്സിലാക്കിയ, ‘സിദ്ധാന്തബദ്ധനല്ലാത്ത’ നേതാവായിരുന്നു എമ്മെൻ. ”ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുപോലും ജാതിയെ ഉല്പാദനപ്രക്രിയയുടെ ഭാഗമായി കാണുന്നതിനുപകരം മറ്റുള്ളവരെപ്പോലെ മതത്തിന്റെ ഭാഗമായി മാത്രം കണ്ടു എന്നുള്ളത് അവർക്കു പറ്റിയ ഒരബദ്ധം തന്നെയാണ്. ഒരു സാമൂഹ്യക്രമത്തിന്റെ അടിത്തറയായ ഉല്പാദനപ്രക്രിയ, അതിൽ നിന്ന് ഉടലെടുക്കുന്ന സാമൂഹ്യബന്ധങ്ങൾ, ഇവയെ അരക്കിട്ടുറപ്പിക്കുന്ന പ്രത്യയശാസ്ത്രം, അവയെ നിലനിർത്തുന്ന രാജനീതി, ഇവയുടെ പരസ്പരബന്ധവും ആശ്രയത്വവും എന്നിങ്ങനെ ഓരോന്നിനെയും പ്രത്യേകം പ്രത്യേകമായും സാമൂഹ്യക്രമത്തെ മൊത്തമായും മനസ്സിലാക്കാനാണ് മാർക്‌സിസം അനുശാസിക്കുന്നത്. അതുമാത്രമാണ് നാം വേണ്ടത്ര ശ്രദ്ധിക്കാതെ പോയിട്ടുള്ളത്.[4]

നിസ്വവർഗ്ഗത്തിന്റെ തോഴനായിരുന്നു എമ്മെൻ. പൊതുജീവിതത്തിൽ ഒളിവുജീവിതകാലത്തും പരസ്യമായും അവരോടൊപ്പം കഴിഞ്ഞ എമ്മെൻ അവരുടെ ഹൃദയത്തുടിപ്പുകൾക്കൊപ്പം മിടിച്ചു. ഓണത്തിന് ഒരു പറനെല്ല്, ലക്ഷംവീട് എന്നിവ എമ്മെന്റെ ജീവിത മാനിഫെസ്റ്റോയുടെ പ്രഖ്യാപനമായിരുന്നു. എമ്മെൻ ഓർമ്മയായപ്പോൾ, (1984) ഒ.എൻ.വി.കുറുപ്പ് എഴുതിയ കവിത ഏതാണ്ടു മുഴുവനായും എടുത്തെഴുതട്ടെ; ഏതു നെടുങ്കൻ വിലയിരുത്തലിനെക്കാളും എമ്മെനെ തൊട്ടറിയാൻ ഈ കവിതയിലൂടെ കഴിയും എന്നതിനാൽ:

''നഗരത്തിരക്കിൽ നി-
                        ന്നൊഴിഞ്ഞു വിജനത
പകരും സുഖം നുകർ-
                            ന്നങ്ങനെ നടക്കവേ,
കണ്ടു ഞാനൊരു മൊട്ട-
                                        ക്കുന്നിന്റെ ചരിവിൽ ചെ-
ങ്കല്ലുകൾ പടുത്തേറ്റി-
                           വച്ചൊ ''രിമ്മിണി വല്യ''
കൂണുകൾ പോലാം ''ലക്ഷം-
                      വീടുകൾ''-ഒരു വാക
പൂവുകളുതിരുമാ-
                      ച്ചെമ്മൺ പാതയിലൂടെ
പോക്കുവെയ്‌ലുമീ ഞാനു-
                                മൊപ്പമായടിവയ്‌ക്കെ,
പോയകാലത്തിൻ തുടി-
                             പ്പെൻ കാതിലലയ്ക്കുന്നൂ!
''പാമ്പിനുണ്ടല്ലോ മാളം,
                    പറവയ്ക്കാകാശവും,
പാവമാം മനുഷ്യനു
                           തലചായ്ക്കാനില്ലിടം!''
ഉള്ളിലീ ദുഃഖം പേറി-
                                  യീവഴി നടന്നുപോയ്
ഇന്നലെയൊരാൾ;
                                         പരദുഃഖത്തെ സ്വദുഃഖമായ്
കണ്ടൊരാൾ; എന്നാലെന്നും
                                                ലോകത്തിൻ മുന്നിൽ സ്വന്തം
നെഞ്ചിലെത്തീയിൽ നിന്നും
                                കൊളുത്തിയൊരു തിരി
പുഞ്ചിരിയുടെ കുളിർ
                                        ജ്വാലയായ് നേദിച്ചൊരാൾ,
എന്നുമീ നാടിന്നന്തർ
                                         ബാഷ്പത്തിലലിഞ്ഞൊരാൾ
 ഈ വഴി നടന്നുപോയ്!

..............................................................

                       ...നിറുകയിങ്കൽ സൂര്യ-
ശിലയായ് ജ്വലിച്ചൊരാൾ,
                        ശക്തനാമൊരാൾ ഒരു
കുഞ്ഞുപൂവിനും കുശ-
                               ലോക്തിയാൽ കുളിരേകും
ആർദ്രചിത്തനാമൊരാൾ
                       ഈ വഴി നടന്നുപോയ്!
ആ മനുഷ്യനെയോർക്കാൻ
                        ഈ വിശാലമാം ഭൂവിൽ
മറ്റാരുമില്ലെന്നാലും,
                    നിസ്വർ തന്നഭയ-
കൂടാരങ്ങളാകുന്നൊരീ
                                  ലക്ഷം വീടുകൾക്കുള്ളി-
ലന്തിയിലേതോ കൈകൾ
                                     കൊളുത്തിവയ്ക്കും മൺ-
ചിരാതിന്റെ തിരിത്തുമ്പിൽ
                     ജ്വലിക്കുമാപ്പുഞ്ചിരി
 മൃതിയെജ്ജയിക്കുന്നു![5]
                                                          ('സ്മാരകലക്ഷം')

 കുറിപ്പുകൾ

1. കേരളത്തിന്റെ രാഷ്ട്രീയചരിത്രം, ആർ.കെ.ബിജുരാജ്, ഡി.സി.ബുക്‌സ്, 2021
2,3,4. എമ്മെന്റെ ആത്മകഥ, എം.എൻ.ഗോവിന്ദൻ നായർ, പ്രഭാത് ബുക്ഹൗസ്, 2021
5. ഒ.എൻ.വിയുടെ കവിതകൾ വാല്യം-1, ഡി.സി.ബുക്‌സ്, 2019

About Author

മാങ്ങാട് രത്നാകരൻ

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും.