A Unique Multilingual Media Platform

The AIDEM

Articles Minority Rights Politics

വടക്ക് കിഴക്ക് എവിടെയോ….

  • September 25, 2024
  • 1 min read
വടക്ക് കിഴക്ക് എവിടെയോ….

സ്കൂളിൽ ഭൂമിശാസ്ത്രം പഠിക്കുമ്പോൾ ഞങ്ങൾക്ക് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പഠിക്കാനുണ്ടായിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും ഏകദേശ രൂപവും സ്ഥാനവും തലസ്ഥാനവും ഭൂപടത്തിൽ അടയാളപ്പെടുത്താൻ അറിയേണ്ടിയിരുന്നു. മിക്കവാറും എല്ലാ സംസ്ഥാനങ്ങളുടെയും ഏകദേശരൂപം വരയ്ക്കാൻ എനിക്കറിയാമായിരുന്നെങ്കിലും മേഘാലയ, ത്രിപുര, നാഗാലാ‌ൻഡ്, മിസോറം, മണിപ്പൂർ എന്നിവ എന്നെ എപ്പോഴും കുഴപ്പിച്ചു.

 ഈ സംസ്ഥാനങ്ങൾ ഒക്കെ ഇന്ത്യയുടെ വടക്ക് കിഴക്ക് എവിടെയോ ആണെന്നറിയാമായിരുന്നെങ്കിലും പരസ്പരം മാറിപ്പോകുമായിരുന്നു. പരീക്ഷക്ക് ഈ അഞ്ചിലേതെങ്കിലും ഒന്നിന്റെ സ്ഥാനം വരച്ചടയാളപ്പെടുത്താൻ ചോദിച്ചിരുന്നെങ്കിൽ ഞാൻ അറ്റകൈക്ക് പ്രാർത്ഥിച്ചു കറക്കികുത്തി ഒരു വരയങ്ങു വരച്ചേനെ. എൺപതുകളിലെ വിദ്യാർഥിയാണ് ഞാൻ എന്നതുകൊണ്ടുതന്നെ ആ ഒരു മാർക്ക്‌ കളയേണ്ടെന്നു കരുതി മാത്രം ആ മേഖലയുടെ ഭൂമിശാസ്‌ത്രപരമായ സ്ഥാനം കാണാതെ പഠിക്കേണ്ടതായിരുന്നു . പക്ഷെ എന്തുകൊണ്ടോ ഞാനതു പഠിച്ചില്ല. 

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാനൊരു സഞ്ചാരിയായിമാറി. പോകുന്നയിടങ്ങളുടെ ഭൂമിശാസ്ത്രവും പുഴകളും മലകളും നഗരങ്ങളുടെയെല്ലാം സ്ഥാനവും ദൂരവുമെല്ലാം ഓരോ യാത്രക്കുമുമ്പും ഞാൻ കൃത്യമായി പഠിച്ചു. മണിക്കൂറുകളോളം അറ്റ്ലസ് (പിൽകാലത്തു ഗൂഗിൾ മാപ് ) നോക്കിയിരുന്നു. പോകേണ്ട സ്ഥലത്തിന്റെ മാപ് എന്റെ മനസ്സിൽ അപ്പോഴേക്കും പതിഞ്ഞു കഴിഞ്ഞിരിക്കും.യാത്രാവിവരങ്ങൾ ആരെങ്കിലും ചോദിച്ചാൽ വായുവിൽ വിരൽകൊണ്ട് പോകേണ്ട രാജ്യവും വഴിയുമെല്ലാം വരച്ചു കാണിക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. 

എന്നിട്ടും ആ ‘ഏഴു സഹോദരിമാരിൽ’ അഞ്ചു പേരുടെ സ്ഥാനങ്ങൾ രാജ്യത്തിന്റെ കിഴക്കേ തലക്കൽ എവിടെയൊക്കെയോ ആയി കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു എന്റെ മനസ്സിൽ, ഇക്കഴിഞ്ഞ ആഴ്ച വരെ.എന്റെ ഫോണിൽ സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്യൂലറിസത്തിന്റെ (CSSS) ഒരു മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു. സമാധാനം മണിപ്പൂരിന് ഇനിയുമകലെ (Peace Eludes Manipur) എന്ന അവരുടെ പുതിയ പ്രസിദ്ധീകരണത്തെക്കുറിച്ചായിരുന്നു അത്. 

2023 മുതൽ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെക്കുറച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ട്‌ ആണതെന്ന് വിവരണത്തിൽ പറയുന്നു. CSSS ഡയറക്ടർ ഇർഫാൻ എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഡയറക്ടർ നേഹ ദാഭടെ എന്നിവരടങ്ങുന്ന സംഘം മണിപ്പൂരിലെ ഇംഫാൽ, ചുരൻചന്ദ്പുർ എന്നിവിടങ്ങളിൽ പോയി അവിടെത്തെ സാഹചര്യങ്ങൾ, ആളുകളെത്രത്തോളം പ്രഭാവിതരാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട്. 

 

പലതരം അവഗണനകൾ

തെരഞ്ഞെടുപ്പ് വാർത്തകൾക്കും അമേരിക്കൻ പ്രസിഡണ്ട്‌ മത്സരത്തിലെ പ്രചാരണത്തിനും ക്രിക്കറ്റ്‌ ടീമിന്റെ ജയപരാജയങ്ങളുടെ വിശകലനങ്ങൾക്കും മറ്റനേകം വാർത്തകൾക്കുമിടയിൽ തിരുകിക്കയറ്റിയ മട്ടിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആളുകൾ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചുള്ള വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങളിൽ ഞാൻ കണ്ടിരുന്നു. എന്റെ സോഷ്യൽ മീഡിയ ഫീഡിലും ഇത് സംബന്ധിച്ച വാർത്തകൾ കണ്ടിരുന്നെങ്കിലും അവയൊന്നും മനസ്സിൽ പതിഞ്ഞിരുന്നില്ല. അതെന്തുകൊണ്ടാണെന്ന് പുസ്തകത്തിന്റെ വിവരണം സൂചിപ്പിക്കുന്നുണ്ട്. ഒന്നാമതായി ഇന്ത്യയുടെ ഹൃദയഭാഗത്തെ മാധ്യമങ്ങൾ ഈ വാർത്തകളെ പൊതുവെ അവഗണിച്ചു. രണ്ടാമതായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ തീർത്തും കൈയൊഴിഞ്ഞു വിട്ടുനിന്നു. 

സിഎസ്എസ്എസ് ഒന്നുരണ്ടു വർഷം മുൻപ് നടത്തിയ ഒരു സിറ്റിസൺസ് ട്രിബ്യൂണലിന്റെ റിപ്പോർട്ട്‌ പ്രൂഫ് റീഡ് ചെയ്യുന്ന ജോലി ഏറ്റെടുത്തപ്പോളാണ് ഞാൻ ആദ്യമായി അവരെക്കുറിച്ചറിയുന്നത്. 2019 നും 2022 നുമിടയിൽ മതവിശ്വാസങ്ങൾ ഹനിക്കപ്പെടുന്നത് സംബന്ധിച്ച പരാതികൾ കേൾക്കാനായി സൗത്ത് ഏഷ്യ ഫോറം ഓൺ ഫ്രീഡം ഓഫ് റിലീജിയൻ ഓർ ബിലീഫ് (SAFFORB), ഇന്ത്യയുമായി ചേർന്നാണ് ട്രിബ്യൂണൽ സംഘടിപ്പിച്ചത്. ട്രിബ്യൂനലിനു മുൻപാകെ വന്ന വർഗീയ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ ഞെട്ടിക്കുന്നതായിരുന്നു. 

സിഎസ്എസ്എസ് റിപ്പോർട്ട്‌ (Source: CSSS)

പക്ഷെ അതിലേറെ അവയെല്ലാം സംബന്ധിച്ച എന്റെ അജ്ഞതയായിരുന്നു എന്നെ കൂടുതൽ ഞെട്ടിച്ചത്. സാമാന്യം ലോകവിവരമുള്ള ആളായാണ് ഞാനെന്നെത്തന്നെ കണക്കാക്കിയിരുന്നത്. അപ്പോൾ ഈ ധാരണയില്ലായ്മയുടെ മൂലകാരണം എവിടെയാണ് കിടക്കുന്നത്? ഈ സംഭവങ്ങളെല്ലാം നടക്കുന്ന ഇടങ്ങൾ എന്റെ സ്കൂളിൽ പഠിച്ച ഭൂപടത്തിൽ ഒരുപാടകലെ കിടക്കുന്നതുകൊണ്ട് ഒരു തരിപോലെ മാത്രമേ കാണപ്പെട്ടിരിക്കൂ എന്നതാണോ കാരണം? അതോ 150 കോടിയോളമെത്തുന്ന ജനസംഖ്യയുള്ള രാജ്യത്ത് ഈ സംഭവങ്ങളിൽ ബാധിക്കപ്പെട്ടവരുടെ സംഖ്യ താരതമ്യേന കുറവാണോ? രാവിലത്തെ തിരക്കുപിടിച്ച പത്രവായനയിൽ ഈ തലക്കെട്ട് എന്റെ കണ്ണിൽ പെടാഞ്ഞതാണോ? എന്തുതന്നെയായാലും റിപ്പോർട്ട് എനിക്കൊരു കണ്ണ് തുറപ്പിക്കുന്ന അനുഭവമായിരുന്നു. മണിപ്പൂർ അതിക്രമങ്ങൾ സംഭവിച്ച വസ്തുതാന്വേഷണ റിപ്പോർട്ടും അതെ അനുഭവമാണ് നൽകിയത് .

അലൻ സീലി തന്റെ ട്രോട്ടർ നാമ (Trotternama) എന്ന നോവലിൽ ചോദിക്കുന്നുണ്ട്, 

എന്താണാ ചീഞ്ഞുനാറുന്ന സാധനം? 

ഈ ചീഞ്ഞു നാറുന്ന സാധനം എന്താണ്? 

ഈ ചീഞ്ഞു നാറുന്ന സാധനമാണ് ചരിത്രം എന്ന് പറയുന്നത്. 

മണിപ്പൂരിലെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാനുള്ള ഏതൊരു ശ്രമവും അതിന്റെ ചരിത്രം കൂടി മനസ്സിലാക്കാതെ പൂർത്തിയാവില്ല. അതുകൊണ്ട് തന്നെ റിപ്പോർട്ട്‌ തുടങ്ങുന്നത് പ്രദേശത്തിന്റെ ചരിത്രവും ഇന്ന് സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന താഴ്‌വരയിലെ മെയ്റ്റികളുടെയും മലകളിൽ താമസിച്ചുവരുന്ന കുക്കികളുടെയും ഉദ്ഭവവും രേഖപ്പെടുത്തിക്കൊണ്ടാണ്. തുടർന്നത് ബ്രിട്ടീഷ് കാലത്തു കുക്കി വിഭാഗം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്ക് വിവരിക്കുന്നു. ഉദ്ഭവവും ഉൾപ്പെടലും തമ്മിലുള്ള വാദങ്ങളും എതിർവാദങ്ങളും വരുമ്പോൾ, സംഘർഷത്തിനത് പ്രധാന കാരണമാകുമ്പോൾ പിന്നീട് ഈ വിവരങ്ങളുടെ പ്രതിപാദനം പ്രസക്തമാകുന്നുണ്ട്.

1949 വരെ വിവിധ ആദിമഗോത്ര വിഭാഗങ്ങളും അല്ലാത്തവരും സമാധാനപരമായി അവിടെ കഴിഞ്ഞുവന്നു. മെയ്റ്റി വിഭാഗക്കാർ താഴ്‌വരയിലും കുക്കി വിഭാഗക്കാർ മലകളിലും താമസിച്ചുപോന്നു. അവർ താന്താങ്ങളുടെ ജീവിതരീതിയും ആചാരങ്ങളും അവലംബിച്ചു മറ്റുള്ളവരുടെ കാര്യങ്ങളിൽ കൈ കടത്താതെ കഴിഞ്ഞുപോന്നു. 

 

ചരിത്രത്തിലേക്ക് നോക്കേണ്ടത്തിൻ്റെ ആവശ്യകത 

ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ മണിപ്പൂർ സ്വന്തം ഭരണഘടനയും തലവനായി രാജാവുമായി പരമാധികാര രാജ്യമായിതീർന്നു. ഇന്ത്യ അതിന്റെ വിദേശകാര്യങ്ങളും പ്രതിരോധവും വിവരവിനിമയവുമെല്ലാം കൈകാര്യം ചെയ്തു.

1949 ൽ രാജാവ് അസെൻഷൻ ഇൻസ്‌ട്രുമെന്റിൽ ഒപ്പ് വെച്ചതോടെ മണിപ്പൂർ ഇന്ത്യയോട് കൂട്ടിച്ചേർത്തു. ഇത് പക്ഷെ മണിപ്പൂരിലെ ജനങ്ങൾക്ക് അത്ര തൃപ്തികരമായില്ല. വിഘടനവാദപ്രസ്ഥാനങ്ങൾ അതോടെ ഉയർന്നു തുടങ്ങി. നാഗ വിഭാഗക്കാരുടെ സ്വയംഭരണത്തിനായുള്ള ആവശ്യം മണിപ്പൂരിലേക്കും വ്യാപിച്ചു. മണിപ്പൂറിൽ മെയ്റ്റി, കുക്കി വിഭാഗങ്ങൾ കഴിഞ്ഞാൽ അവരാണ് അടുത്ത വലിയ സമുദായം.

മണിപ്പൂരിൻ്റെ ടോപ്പോഗ്രാഫിക് ഭൂപടം

സംഘർഷവസ്ഥ ശാന്തമാകാത്തതിനാൽ 1958 ൽ ഇന്ത്യൻ ഭരണകൂടം ആംഡ് ഫോഴ്‌സ്‌സ് (Assam and Manipur) സ്പെഷ്യൽ പവഴ്‌സ് ആക്ട് കൊണ്ടുവന്നു. അത്യാവശ്യമില്ലാത്ത സാഹചര്യങ്ങളിൽക്കൂടി ഗുരുതര നടപടികൾ കൈകൊള്ളാൻ ഈ നിയമം അനുവദിക്കുന്നുണ്ട്. തുടർന്നുള്ള ഏതാനും പതിറ്റാണ്ടുകളിൽ പ്രശ്നം വഷളായതേയുള്ളു. ആവശ്യങ്ങളുടെ പട്ടികയും പ്രത്യേകം ഉദ്ദേശലക്ഷ്യങ്ങളുമായി കൂടുതൽ വിഭാഗങ്ങൾ ഉയർന്നുവന്നു. പ്രദേശത്തെ കൂടുതൽ ഭീതിയുടെയും അക്രമങ്ങളുടെയും കീഴിലാക്കി അടിച്ചമർത്താൻ സൈന്യത്തിന് AFSPA അധികാരം നൽകി. അത് വേറൊരുകൂട്ടം പ്രശ്നങ്ങൾക്ക് വഴിവെച്ചു. 

ഈ ചരിത്ര പാഠങ്ങൾ റിപ്പോർട്ടിൻ്റെ ശരിയായ വായനക്ക് അത്യന്താപേക്ഷിതമാണ്. കാരണം ഭൂതകാലത്തെ വ്യക്തമായി കാണാതെ വർത്തമാനകാല സാഹചര്യങ്ങൾ വ്യക്തതയോടെ കാണുക അസാധ്യമാണ്.

 

പ്രശ്നക്കാരൻ കുട്ടി

കുറച്ചു ദിവസം മുൻപ് ഞാനെന്റെ ഒരു സുഹൃത്ത്തിന്റെ കൂടെ ഒരു റസ്റ്റോറൻ്റിൽ പോയി കാപ്പി കുടിക്കുകയായിരുന്നു.എഴും പന്ത്രണ്ടും വയസ്സായ അവളുടെ കുട്ടികൾ റസ്റ്റോറൻ്റിൽ ഉണ്ടാക്കിയിരുന്ന കളിസ്ഥലത്തായിരുന്നു. അവളുടെ മൂത്ത കുട്ടി കുറച്ചു പ്രശ്നക്കാരനായിരുന്നു. സാധാരണ കാണുന്ന വാശിയും അനുസരണക്കേടും ഒന്നുമല്ല. അതിനും അപ്പുറം .ആയ കുട്ടിയുടെ പ്രശ്നങ്ങൾ വഷളായി അവരുടെ ദാമ്പത്യത്തെ തന്നെ ബാധിക്കുന്ന അവസ്ഥയായിരുന്നു. സ്കൂളിൽനിന്ന് കൗൺസിലിങ്ങും പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടോയെന്നു പരിശോധിക്കുവാനും നിർദേശിച്ചു. 

ആ പ്രക്രിയകൾ നടക്കുന്ന സമയത്തെല്ലാം കുട്ടിയെ അധ്യാപകരും ബന്ധുക്കളും കൂട്ടുകാരുമൊക്കെ ശല്യക്കാരായ കുട്ടികളുടെ പൊതുഗണത്തിൽ ഉൾപെടുത്തിയിരുന്നു. അതേസമയം കൗമാരത്തിന്റെ വക്കിലെത്തിയ ആ കുട്ടി സ്വന്തം ഇടത്തിനും വ്യക്തിത്വത്തിനും വേണ്ടി ചെറുത്ത് നിൽക്കുകയായിരുന്നു. പിടികിട്ടാത്ത കാരണങ്ങൾ അവലംബിച്ച് ആ കുട്ടിയെ എല്ലാവരും ഇട്ടു തട്ടിക്കളിക്കുകയായിരുന്നു. ആ കുട്ടിയുടെ പ്രശ്‍നം പ്രത്യേകമായിരുന്നു. പക്ഷെ പ്രശ്നക്കാരൻ എന്ന പൊതുഗണത്തിൽ ഉൾപെടുത്തിക്കഴിഞ്ഞപ്പോൾ ആർക്കും അവന്റെ കാര്യത്തിൽ എന്തുചെയ്യണമെന്നറിയാതായി. 

മണിപ്പൂ നിവാസികൾ

ആ കുട്ടിയെയാണ് മണിപ്പൂരിൻ്ൻ്റെ കാര്യത്തിൽ എനിക്ക് ഓർമ വരുന്നത്. പല പതിറ്റാണ്ടുകളായി സ്വന്തം വ്യക്തിത്വത്തിനായി രാജ്യത്തിനുള്ളിൽത്തന്നെ പൊരുതിക്കൊണ്ടിരിക്കുകയാണ് മണിപ്പൂർ. അത് പല സംഘർഷങ്ങൾക്കും വഴി വെച്ചിട്ടുമുണ്ട്. പക്ഷെ ഉദ്ദേശശുദ്ധിയുള്ള മാതാപിതാക്കളെപ്പോലെ പ്രശ്നത്തിന്റെ മൂലകാരണം അറിഞ്ഞു പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം സംസ്ഥാനം ഇന്ന് രാഷ്ട്രീയ കഴുകന്മാരുടെ വേട്ടയിടമായി മാറിയിരിക്കുന്നു. മാറി മാറി വന്ന സർക്കാരുകൾ ഓരോ പക്ഷത്തെയും പ്രീതിപ്പെടുത്താനോ പരസ്പരം തമ്മിൽ തല്ലിക്കാനോ സ്വന്തം താല്പര്യമനുസരിച്ചു ശ്രമിക്കുകയല്ലാതെ മണിപ്പൂരിന് എന്താണ് വേണ്ടതെന്നു ശ്രദ്ധിച്ചതേയില്ല. 

രണ്ടു സമുദായങ്ങളുടെയും അരക്ഷിതാവസ്ഥക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള തരത്തിൽ പല തരം വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഒരു നറേറ്റീവ്ന് പിന്തുണ നൽകുമ്പോൾ അത് മറു പക്ഷത്തിന്റെ അവകാശങ്ങൾക്ക് എതിരായുള്ളതും അതുകൊണ്ട് തന്നെ അവരുടെ അരക്ഷിതാവസ്ഥ വർധിപ്പിക്കുന്നതുമാവും.പണ്ട് വളരെ സഹവർതിത്വത്തോടെ കഴിഞ്ഞുപോന്ന കുക്കി, മെയ്റ്റി സമുദായങ്ങൾ തമ്മിലുള്ള സമവാക്യങ്ങൾ വഷളാകുന്നതിലേക്ക് നയിച്ച സംഭവങ്ങൾ റിപ്പോർട്ട്‌ വിവരിക്കുന്നുണ്ട്. 

 

മണിപ്പൂർ ഹൈക്കോടതിയുടെ ഇടപെടൽ

മുറുകിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ പരിധിവിടാൻ കാരണമാകുന്നത് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നൽകിയ നിർദേശമാണ്. മെയ്റ്റി വിഭാഗക്കാരെ പട്ടിക വർഗ്ഗത്തിൽ ഉൾപെടുത്താൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാനായിരുന്നു നിർദേശം. ഇത് അല്ലെങ്കിലേ മെച്ചപ്പെട്ട അവസ്ഥയിൽ കഴിയുന്ന മെയ്റ്റി വിഭാഗത്തിന് കൂടുതൽ ഗുണകരമാകും എന്ന് മാത്രമല്ല തങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുംകൂടിയാകും എന്ന് പറഞ്ഞു കുക്കി കൾ ഇതിനെ എതിർത്തു. ഹൈകോടതിയുടെ ഈ ഉത്തരവിനെ എതിർക്കാനായി All Tribals Student Association of Manipur (ATSUM) ചുരചന്ദ്പൂരിൽ മെയ്‌ മൂന്നാം തീയതി രാവിലെ പത്തുമണിക്ക് ഒരു റാലി സംഘടിപ്പിച്ചു. 

മെയ് രണ്ടാം തീയതി തന്നെ റാലിക്ക് നേരെ അക്രമം നടത്താൻ മെയ്റ്റി വിഭാഗക്കാർ മുൻകൂട്ടി പദ്ധതിയിട്ടു തുടങ്ങിയിരുന്നു എന്നാണ് റിപ്പോർട്ടുകളും ദൃക്സാക്ഷി വിവരണങ്ങളും പറയുന്നത്. മറ്റേത് സംഘർഷത്തിലുമെന്നപോലെ ആദ്യ കല്ല് അറിറിഞ്ഞുവെന്നോ ആദ്യത്തെ അസഭ്യവാക്ക് ആരുച്ചരിച്ചുവെന്നോ ആർക്കുമറിയില്ല. എന്തായാലും റാലി അക്രമാസക്തമായി. അതിനെതുടർന്നു പരസ്പരം പഴി ചാരലും കൂടുതൽ അക്രമ സംഭവങ്ങളും, ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും ഉണ്ടായി. നിശ്ചിത പ്രദേശത്തെ പ്രത്യേക സമുദായക്കാർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായി. വീടുകൾ കൊള്ളയടിക്കപ്പെടുകയും തീയിട്ട് നശിപ്പിക്കപ്പെടുകയും ഉണ്ടായി. മുസ്ലിം, ക്രിസ്ത്യൻ പള്ളികളും അമ്പലങ്ങളും നശിപ്പിക്കപ്പെട്ടു. കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, ക്രൂരതകൾ ഏറെയുണ്ടായി.

ഔദ്യോഗിക കണക്കനുസരിച്ചു കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ 220 ലേറെ ജീവനുകൾ നഷ്ടമായി, എഴുപതിനായിരം ആളുകൾക്ക് പലായനം ചെയ്യേണ്ടിവന്നു. വിവിധ സ്ഥലങ്ങളിൽ അഭയാർത്ഥി കാമ്പുകൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്തിനകത്തു പലയിടത്തും മെയ്റ്റി കളുടെ സ്ഥലമായ താഴ്‌വരയും കുക്കി കളുടെ സ്ഥലമായ മലകളും വേർതിരിക്കുന്ന അനൗദ്യോഗികമായ, എന്നാൽ കണിശമായി കാവലുള്ള ചെക്ക്പോയിന്റുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ ഇടയിലെ അതിർത്തിയെന്നപോലെയാണ് ഈ ചെക്ക്പോയിന്റ്കൾക്ക് കാവൽ നിൽക്കുന്നത്. 

മണിപ്പൂർ ഹൈക്കോടതി

അവയിലൂടെ കടന്നുപോകാനായി CSSS സംഘത്തിന് കടുത്ത ചോദ്യം ചെയ്യലുകൾക്കും കണിശമായ ദേഹപരിശോധനക്കുമെല്ലാം വിധേയരാവേണ്ടിവന്നു. ആ അതിർത്തികൾ ലംഘിക്കുന്നതായി കണ്ടെത്തിയ കുക്കി കളെയും മെയ്റ്റി കളെയും കൊലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന അതിന്റെ പൗരന്മാർക്ക് രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും മണിപ്പൂറിൽ ഇന്ന് കുക്കി കൾക്ക് എട്ടു മണിക്കൂർ യാത്ര ചെയ്തു മിസോറാമിലെ ഐസ്വാളിലെത്തണം ഏറ്റവും അടുത്ത വിമാനത്താവളത്തിലെത്താൻ. ഒരു മണിക്കൂർ അകലെ താഴ്‌വരയിലുള്ള വിമാനത്താവളം അവർക്ക് ഭേദിക്കാനാവാത്ത കിടങ്ങുപോലെയുള്ള അതിർത്തിക്കപ്പുറമാണ്, അപ്രാപ്യവും.

ഇന്ത്യയിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്തവണ്ണമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂറിലെ അക്രമങ്ങൾ. സംസ്ഥാനത്തെയാകെ അത് യുദ്ധസമാനമായ സ്ഥിതിയിൽ എത്തിച്ചിരിക്കുന്നു. എന്നിട്ടും കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ ഭാഗത്തു നിന്ന് ഒരു ഗുണപരമായ നീക്കവും ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ട്‌ പറയുന്നു. ആകെ ഉണ്ടായിട്ടുള്ള നടപടികൾ മെയ്റ്റി കളെ സമാധാനിപ്പിക്കാനായി കൂകികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. ഇത് മെയ്റ്റി കൾ പ്രചരിപ്പിക്കുന്ന ആഖ്യാനത്തിന് ഒന്നുകൂടെ ബലം നൽകുന്നതാണ്, അതുപോലെ കുക്കി കളുടെ ഭീതി വർധിപ്പിക്കുന്നതും. അത് സംഘർഷം തണുപ്പിക്കാൻ ഉതകില്ല എന്ന് മാത്രമല്ല യഥാർത്ഥത്തിൽ കലശലാക്കുകയും ചെയ്യും. 

പ്രദേശത്തു സമാധാനം കൊണ്ടുവരാൻ ഭരണകൂടത്തിന് മാത്രമേ കഴിയൂ. രാഷ്ട്രീയമായൊരു പരിഹാരം മാത്രമാണ് പരിക്കുപറ്റിയ മണിപ്പൂറിനും അവിടുത്തെ ജനതക്കും ചികിത്സ തുടങ്ങാനുള്ള ഒരേയൊരു മാർഗം. എന്നാൽ നിസ്സംഗതയോടെ ഒരു ശുശ്രൂഷയും നടക്കില്ല. CSSS റിപ്പോർട്ട്‌ കാരണം മണിപ്പൂറിലേക്ക് സമാധാനം കൊണ്ടുവരാൻ പൊതുസമൂഹം വേണ്ടത്ര ശബ്ദമുയർത്തും, ഭരണകൂടം വേണ്ട നടപടികളെടുക്കാൻ നിർബന്ധിതരാവും എന്ന് പ്രതീക്ഷിക്കുക മാത്രമാണ് ഈ വായനക്കാരന്/വായനക്കാരിക്ക്? ചെയ്യാനുള്ളത്. 

ശുഭാപ്തി വിശ്വാസം കുറച്ചു കൂടിപ്പോയോ? ഒരു പക്ഷെ.

പക്ഷെ അതുകൊണ്ട് ഒരു കാര്യമുണ്ടായി. ഈയുള്ളവൾ ഭൂമിശാസ്ത്ര പരീക്ഷക്ക് ഒരു മാർക്ക്‌ അധികം കിട്ടാനില്ലെങ്കിലും മണിപ്പൂരിന്റെ സ്ഥാനം ഇന്ത്യയുടെ ഭൂപടത്തിൽ എവിടെയാണെന്ന് കാണാതെ പഠിച്ചു. 

അതുകൊണ്ട്, പ്രതീക്ഷക്ക് വകയുണ്ടെന്ന് തന്നെ പറയാം.


CSSS റിപ്പോർട്ടിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

About Author

ഹിമാലി കോത്താരി

എഴുത്തുകാരി, യാത്രാ ബ്ലോഗർ