A Unique Multilingual Media Platform

The AIDEM

Articles Law Minority Rights National Politics

ബിൽക്കീസ് ബാനുവിന്റെ നീതിക്ക് വേണ്ടി പൊരുതിയ സ്ത്രീകൾ

  • January 11, 2024
  • 1 min read
ബിൽക്കീസ് ബാനുവിന്റെ നീതിക്ക് വേണ്ടി പൊരുതിയ സ്ത്രീകൾ

കൂട്ട ബലാൽസംഗത്തിലും കൂട്ട കൊലപാതകത്തിലും പ്രതികളായ 11 പേരെ ശിക്ഷയുടെ കാലാവധി പൂർത്തിയാവുന്നതിന് മുൻപ് വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിക്കുപിന്നിൽ ഉറച്ച വിശ്വാസത്തോടെ തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി പോരാടിയ ഒരു കൂട്ടം സ്ത്രീകളാണ്. അവർ ഈ പോരാട്ട വഴിയിൽ എത്തിയത് എങ്ങനെ എന്നാണു നമ്മൾ ഇവിടെ പരിശോധിക്കുന്നത്.

വിചിത്രമായ ഒരു വിരോധാഭാസം ആയി തോന്നാമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2022 ലെ സ്വാതന്ത്ര്യദിന പ്രസംഗമാണ് അവസാന സമരത്തിന് സമയമായി എന്ന ബോധ്യം ഇവരിൽചിലരിലെങ്കിലും ഉണ്ടാക്കിയതും സുപ്രീംകോടതിയിൽ ബിൽക്കിസ് ബാനുവിന് വേണ്ടി ഹർജി നൽകാൻ പ്രേരിപ്പിച്ചതും. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ചെങ്കോട്ടയിൽ ആഘോഷിച്ചു കൊണ്ട് മോദി ‘നാരീ ശക്തി’ എന്ന സങ്കൽപ്പനത്തെ ഉയർത്തിക്കാണിക്കുകയും സ്ത്രീയുടെ അന്തസ്സ് കുറയ്ക്കുകയും അപമാനിക്കുകയും ചെയ്യുന്ന എല്ലാ ശീലത്തിനും സംസ്കാരത്തിനും ഒരു അറുതിവരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, മോദിയുടെ ഈ വാചോടാപത്തിന്റെ അലയൊലികൾ ഒടുങ്ങുന്നതിന് മുൻപ് തന്നെ, 2002ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനുവിനെയും അവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച പ്രതികൾ ഗോധ്ര സബ്ജയിലിൽ നിന്നും പുറത്തിറങ്ങി. “ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി സ്ത്രീ സുരക്ഷയെ പറ്റിയും സ്ത്രീകളെ ആദരിക്കേണ്ടതിനെപ്പറ്റിയും സംസാരിക്കുമ്പോൾ ഗുജറാത്ത് സർക്കാർ പ്രതികളുടെ ശിക്ഷായിളവ് നൽകുന്ന ഉത്തരവ് നൽകുകയും അവരെ വെറുതെ വിടുകയും ചെയ്തു. അപ്പോൾ ബിൽകിസ് ‘ഇതാണോ നീതിയുടെ അവസാനം’ എന്ന് ചോദിക്കുന്നത് ഞാൻ കേട്ടു. അത് എന്നെയും എന്നെപ്പോലെയുള്ള അനേകരെയും ‘നമ്മളൊക്കെ ഇവിടെ ഉണ്ടായിട്ട് എന്താണ് കാര്യം’ എന്ന് ചിന്തിപ്പിച്ചു.” സിപിഐ(എം) നേതാവ് സുഭാഷിണി അലി പറഞ്ഞു.

അങ്ങനെയാണ് സുഭാഷിണി അലിയും, മുൻ പ്രഫസർ രൂപ് രേഖ വർമയും, മാധ്യമപ്രവർത്തക രേവതി ലൗളും ചേർന്ന് സുപ്രീം കോടതിയിൽ ഗുജറാത്ത് സർക്കാരിന്റെ ശിക്ഷയിളവിനും വിടുതൽ ഉത്തരവിനും എതിരെ സംയുക്ത ഹർജി ഫയൽ ചെയ്തത്. “ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ഞങ്ങൾ ആലോചിക്കുകയായിരുന്നു. കപിൽ സിബലിനെയും അപർണ ഭട്ടിനെയും പോലെയുമുള്ള അഭിഭാഷകർ സഹായിക്കാൻ മുന്നോട്ടുവന്നത് വലിയ ഭാഗ്യമായി” സുഭാഷിണി അലി പറഞ്ഞു.

ജനുവരി എട്ടിന് സുപ്രീം കോടതി പ്രതികളുടെ വിടുതൽ ഉത്തരവ് റദ്ദാക്കുകയും ഗുജറാത്ത് സർക്കാരിന് അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമില്ല എന്ന് പറയുകയും പ്രതികളോട് രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിൽ മടങ്ങിയെത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഗുജറാത്ത് സർക്കാർ പ്രതികളോടൊപ്പം ചേർന്ന് ഒത്തു കളിച്ചു എന്നും കോടതി പറയുകയുണ്ടായി. ജസ്റ്റിസ് ബി.വി നാഗരത്നയുടെയും ഉജ്ജൽ ഭുയാന്റെയും ബെഞ്ച് 2022 മെയ്‌ 13ന് ജസ്റ്റിസ്‌ അജയ് രാഷ്ടോഗിയും വിക്രം നാഥും ശിക്ഷ ഇളവിന് ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിക്കുന്ന ഉത്തരവ് കോടതിയെ കബളിപ്പിച്ച് നേടിയ ഉത്തരവായതിനാൽ നിലനിൽക്കുന്നതല്ല എന്ന് വിധിച്ചു.

 

രാഷ്ട്രത്തോടുള്ള ക്രൂരമായ തമാശ

ശിക്ഷ ഇളവ് പുറപ്പെടുക്കുന്ന സമയത്ത് ഡൽഹിയിൽ ഉണ്ടായിരുന്ന ലഖ്നൗ യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസറായിരുന്ന രൂപ് രേഖ വർമ്മ പ്രധാനമന്ത്രിയുടെ അന്നത്തെ പ്രസംഗത്തെ ‘രാഷ്ട്രത്തോടുള്ള ക്രൂരമായ തമാശ’ എന്നാണ് വിശേഷിപ്പിച്ചത്. “സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങളിൽ കണ്ണീരൊഴുക്കിയ പ്രധാനമന്ത്രി ശിക്ഷ ഇളവിനുള്ള അനുവാദം നൽകിക്കഴിഞ്ഞിരുന്നു. അത് രാഷ്ട്രത്തോടുള്ള ക്രൂരമായ തമാശ അല്ലാതെ മറ്റൊന്നുമല്ല” അവർ പറഞ്ഞു.

സംഭവഗതിയിൽ ഉണ്ടായ പുതിയ വികാസത്തെക്കുറിച്ച് തന്റെ സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും രൂപ് രേഖ സംസാരിക്കുകയും അതിൽ നിന്ന് നിയമത്തിന്റെ സാധ്യതകൾ തേടാനുള്ള ആശയം ഉരുതിരിഞ്ഞുവരികയും ചെയ്തു. “അതിനോടകം കോടതികളെ വലിയ പ്രതീക്ഷയോടെ നോക്കുന്നതിൽ അർത്ഥമില്ല എന്ന് തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങൾ നമുക്ക് ചുറ്റും ഉണ്ടായിരുന്നു. പക്ഷേ, സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യുകയല്ലാതെ മുട്ടാൻ മറ്റു വാതിലുകൾ ഒന്നും ഉണ്ടായിരുന്നില്ല.”: രൂപ് രേഖ വർമ പറഞ്ഞു.

മൂന്നാമതൊരു സ്ത്രീ ഹർജിക്കാരിയെ കൂടി തിരയുകയാണ് എന്ന് പറഞ്ഞപ്പോൾ മാധ്യമപ്രവർത്തക രേവതി ലൗൾ കടന്നുവരികയും ഹർജി നൽകുകയുമായിരുന്നു. ”ഈ കാര്യത്തിൽ താല്പര്യം ഉള്ള മൂന്നാമത് ഒരു സ്ത്രീയ്ക്ക് വേണ്ടി അവൾ തിരയുകയായിരുന്നു. എന്നോട് അതിന് സാധിക്കുമോ എന്ന് അവർ ചോദിച്ചു. ഞാൻ ഗുജറാത്ത് കലാപത്തെക്കുറിച്ച് ‘വെറുപ്പിന്റെ ശരീരശാസ്ത്രം’ എന്ന ഒരു പുസ്തകം എഴുതുകയും കലാപത്തിന് മുൻപും ശേഷവുമായി ഗുജറാത്തിൽ കുറച്ചുകാലം താമസിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് കേസിനോടൊപ്പം നിൽക്കണമെന്ന് ശക്തമായി തോന്നുകയും ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു” രേവതി പറഞ്ഞു.

അവർ ഹർജി ഫയൽ ചെയ്തതിനുശേഷമാണ് ഇന്ദിരാ ജയ്സിംഗ് എന്ന അഭിഭാഷക വഴി ഇപ്പോൾ ലോക്സഭയിൽ നിന്നും പുറത്തായ തൃണമൂൽ എം.പി മഹുവാ മോയിത്ര ഒരു പൊതു താൽപര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട് എന്ന് അറിയുന്നത് എന്നാണ് പരാതിക്കാർ പറഞ്ഞത്. പിന്നാലെ സെപ്റ്റംബർ 2022ൽ മീരൻ ചദ്ധ ബൊർവ്വാങ്കർ എന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ഹർജി ഫയൽ ചെയ്തു. അവരുടെ കൂട്ടത്തിൽ ജഗ്ദീപ് ഛോക്കറും മധു ഭണ്ഡാരിയും ഉണ്ടായിരുന്നു.

ബാനു സ്വന്തമായി ശിക്ഷ ഇളവിനെതിരെ ഒന്നും ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ മുന്നോട്ടു വന്നു കേസ് ഫയൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്ന് ബൊർവ്വാങ്കർ പറഞ്ഞു. “ഞാനീ കേസ് സൂക്ഷ്മമായി പിന്തുടരുന്നുണ്ടായിരുന്നു. ബിൽക്കിസ് ബാനു ശിക്ഷയിളവിനെതിരെ മുന്നോട്ടു വന്നിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ഞാൻ വരികയായിരുന്നു. പക്ഷേ പിന്നീട് അവർ വന്നു.”: അവർ പറഞ്ഞു.
ബിൽക്കിസ് എന്തിനു മുന്നോട്ട് വരണം?

പരാതിക്കാരുടെ ഹർജ്ജി നിലനിൽക്കുന്നതല്ല എന്നും അവർക്ക് ഹർജി നൽകാൻ യാതൊരു അടിസ്ഥാനവുമില്ല എന്നും പൂർണ്ണമായിട്ടും പുറത്തു നിന്നുള്ളവരാണ് എന്നും ചൂണ്ടിക്കാട്ടി പ്രതികളിൽ ഒരാൾ ഹർജിയുടെ സാധുതയെ ചോദ്യം ചെയ്തപ്പോൾ മാത്രമാണ് 2022 നവംബറിൽ ബിൽക്കിസ് ബാനു സുപ്രീംകോടതിയെ സമീപിക്കുന്നത്.

ഹർജികളുടെ സാധുത സുപ്രീംകോടതിയിൽ വെല്ലുവിളിക്കപ്പെട്ടപ്പോൾ ബാനുവിന് ഹർജിക്കാരി ആവേണ്ടിവന്നു. അവരുടെ രണ്ട് ദശാബ്ദകാലമായുള്ള അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു.”വ്യക്തിപരമായി എനിക്ക് കാര്യത്തിൽ കൃത്യമായ വ്യക്തത ഉണ്ടായിരുന്നു. എന്തിന് ബാനുമാത്രം മുന്നോട്ടുവരണം? അതൊരു ഒറ്റപ്പെട്ട കുറ്റകൃത്യമല്ലായിരുന്നു. അത് വളരെ പ്രാകൃതമായ മനുഷ്യത്വത്തിന് എതിരായ ഒരു കുറ്റകൃത്യമായിരുന്നു. സമൂഹമാണ് തീരുമാനിക്കേണ്ടത്. അതുകൊണ്ടാണ് അവർ ആദ്യം മുന്നോട്ടു വരാഞ്ഞത്. മാത്രമല്ല, അവർക്ക് തീരുമാനമെടുക്കാൻ ആവശ്യമുള്ള സമയം അവരെടുത്തു എന്നുള്ളത് എന്നെ സന്തോഷിപ്പിക്കുന്നു.

ഇതിനിടയിൽ ഇച്ഛാശക്തിയുള്ള ആളുകൾ ശിക്ഷയിളവിനെ ഒട്ടും സമയം പാഴാക്കാതെ ചോദ്യം ചെയ്യുകയും സുപ്രീംകോടതി പൊതുതാൽപര്യ ഹൽജിയിൽ 2022 ഓഗസ്റ്റ് 25ന് നോട്ടീസ് നൽകുകയും ചെയ്തു.ശിക്ഷയിളവിന്റെ ഉത്തരവ് ബാനുവിനെ “ഭീകരമായി ഞെട്ടിച്ചു” എന്നാണ് ഗുപ്ത പറയുന്നത്. “ഇത് രഹസ്യമായി സംഭവിക്കും എന്ന് ആരും കരുതുന്നില്ല. പെട്ടെന്ന് ഒരു ദിവസം നിങ്ങളെ പീഡിപ്പിച്ച ആളുകൾ ചുറ്റി കറങ്ങുകയും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നത് നിങ്ങൾ കാണുന്നു. പെട്ടെന്നുണ്ടായ പ്രതികരണം അത് തെറ്റാണ് എന്നായിരുന്നു. അത് തടയണം, പക്ഷേ വീണ്ടും പോരാട്ടം തുടങ്ങുക എപ്പോഴും ബുദ്ധിമുട്ടാണ്. അതും എത്ര പ്രാവശ്യം എത്ര നാളത്തേക്ക്? ”

നീതിക്കുവേണ്ടിയുള്ള വഴിയിലെ നാഴികക്കല്ലുകൾ 11 പ്രതികളോടും കോടതി ജയിലിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ട ഈ അവസരത്തിൽ മഹുവാ മൊയ്‌ത്രയെ പ്രതിനിധീകരിച്ച അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് പറയുന്നത് ഈ വിധി അത്യസാധാരണമാണ് എന്നാണ്. “സുപ്രീം കോടതി സ്വന്തം വിധികൾ വളരെ ചുരുക്കമായി മാത്രമേ അസാധുവാക്കാറുള്ളൂ.” ഇത് നമുക്ക് മുന്നിൽ നീതിക്കുവേണ്ടിയുള്ള ഒരു വഴിത്താര സൃഷ്ടിച്ചിരിക്കുകയാണ്. എനിക്ക് ഉറപ്പാണ് പ്രതികൾ മഹാരാഷ്ട്രയിൽ ഇനി അപേക്ഷ സമർപ്പിക്കും. ഭാവിയിൽ എന്ത് സംഭവിക്കും എന്ന് നമുക്ക് കാത്തിരുന്നു കാണാം പക്ഷേ ഈ വിധി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വഴിയിലെ ഒരു നാഴികക്കല്ലാണ് എന്ന് പറയാതെ വയ്യ.”: അവർ പറഞ്ഞു.

രൂപ് രെഖ് വർമയെ സംബന്ധിച്ച് സുപ്രീംകോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിക്കുന്ന ഒരു സമയത്താണ് ഈ വിധി വന്നത്.” ഈ വിധി എനിക്ക് പല കാരണങ്ങൾ കൊണ്ട് അമൂല്യമാണ്. സുപ്രീംകോടതിയിലും മറ്റു കോടതികളിലും ഉള്ള നമ്മുടെ വിശ്വാസം കുറഞ്ഞു കുറഞ്ഞു വരുമ്പോൾ ഇത്തരത്തിൽ ഒരു വിധി കോടതികളിലുള്ള നമ്മുടെ വിശ്വാസം ഭാഗികമായെങ്കിലും ഉയർത്തുന്നുണ്ട്. വ്യക്തിപരമായി മാത്രമല്ല രാജ്യത്തെ സംബന്ധിച്ചും ന്യായാധിപന്മാർ വലിയ സമ്മർദ്ദത്തിൽ നിൽക്കുമ്പോൾ, നിയമത്തിൽ അധിഷ്ഠിതമായ ശക്തമായ ഒരു വിധി ഉണ്ടാവുക മാത്രമല്ല, അതിൽ സർക്കാരുകളെ കൂച്ചുവിലങ്ങിടുകയും ഭരണകൂടം കുറ്റവാളികൾക്ക് കൂട്ടുനിൽക്കുന്നു എന്ന അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറയുകയും ചെയ്യുന്നു.ഇത് കാണിക്കുന്നത് ഇപ്പോഴും കുറച്ച് ന്യായാധിപന്മാർ സർക്കാരിന്റെ ജോലിക്കാർ അല്ലാത്തവരുണ്ട് എന്നാണ്. അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് അവർ ചെയ്യുന്നു. ആ പ്രതീക്ഷ നിറവേറ്റപ്പെടുന്നത് കാണിക്കുന്നത് ജനാധിപത്യത്തിൽ നമുക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട് നമുക്ക് മുട്ടാൻ ഒരു വാതിൽ ഉണ്ട്, നമുക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ്.” അവർ പറഞ്ഞു.

ഇരുണ്ട കാലത്ത് കടന്നുവന്ന “തെളിഞ്ഞ പ്രകാശരേഖയായി” ലൗൾ ഈ വിധിയെ വിശേഷിപ്പിക്കുന്നു. “ഈ വിധി തെളിഞ്ഞ ഒരു പ്രകാശരേഖയാണ്. ഇരുട്ടിനെ ഇല്ലാതാക്കാൻ നാം ഈ പ്രകാശത്തെ എപ്പോഴും ഉപയോഗിക്കണം. അതിന് കഠിനാധ്വാനം ആവശ്യമാണ്. ബിൽക്കിസ് എന്ന വാക്കിനെ നാം പൊളിച്ചെഴുതണം. ബിൽക്കിസിന്റെ ബലാൽസംഗം ഒരു പൊതു പ്രകടനം ആക്കി മാറ്റുന്ന തരത്തിൽ നമ്മുടെ സംവിധാനത്തിന് സംഭവിച്ച അപചയം എന്താണ് എന്ന് നാം നമ്മോട് തന്നെ ചോദിക്കണം. പൗരന്മാർ എന്ന നിലയിൽ ഈ രാക്ഷസീതയെ നമ്മൾ എങ്ങനെയാണ് അനുവദിച്ചുകൊടുത്തത്? ഇത് ഇങ്ങനെയുള്ള കാര്യങ്ങൾ അനുവദിക്കുകയോ തടയുകയോ ചെയ്യുന്ന തരത്തിൽ ഞാനും നിങ്ങളും ദിവസവും എന്താണ് ചെയ്യുന്നത് എന്നതിനെ സംബന്ധിച്ചാണ്. നമ്മൾ ഈ ചോദ്യം നമ്മളോട് തന്നെ നിരന്തരം ചോദിച്ചു കൊണ്ടേയിരിക്കണം അല്ലെങ്കിൽ നമ്മൾ ഈ വളരെ പ്രാധാന്യമുള്ള ദിവസത്തെ ഒരു പൊട്ടനാട്ടം ആക്കി മാറ്റുന്നതുപോലെ ആയിരിക്കും.” ലൗൾ പറഞ്ഞു.
എല്ലാവരും പറഞ്ഞത് ഈ വിധിന്യായത്തിന്റെ പുറകിലുള്ള വലിയ സന്ദേശം ഇതിനെ സ്ത്രീകളുടെ പ്രശ്നമായി ഒതുക്കാതെ അതിനപ്പുറം നോക്കികാണാൻ സാധിക്കണം എന്നാണ്. “ഇതിനെ സ്ത്രീകളുടെ ഒരു പോരാട്ടമായി മാത്രം കരുതാതിരിക്കുക. ഈ രാജ്യത്തെ കടുത്ത അനീതിയിൽ നിന്നും രക്ഷിക്കാനുള്ള, ഭരണഘടനയെ മനുസ്മൃതി പകരം വയ്ക്കുന്നത് തടയാനുള്ള പോരാട്ടമാണ് ഇത്.” അവർ പറഞ്ഞു. ബാനുവിന് നീതി ലഭ്യമാക്കാൻ വലിയ ഒരു കൂട്ടം സ്ത്രീകളെ ആവശ്യമായി വന്നപ്പോൾ “ഭരണകൂടത്തിന് പക്ഷപാതപരമായി പെരുമാറാൻ കഴിയില്ല” എന്നാണ് വിധിന്യായത്തിൽ ചൂണ്ടിക്കാണിക്കുന്നത് എന്ന് ബൊർവാങ്കർ പറഞ്ഞു.

 

ഒറ്റപ്പെട്ട പോരാട്ടമല്ല

ഗുപ്ത വഴി തിങ്കളാഴ്ച പുറത്തുവിട്ട ആദ്യത്തെ പൊതുപ്രസ്താവത്തിൽ “വീണ്ടും ശ്വസിക്കാറായി” എന്നാണ് ബാനു പറഞ്ഞത്. “നീതിയെന്ന ആശയത്തിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെടാൻ ഒരിക്കലും അനുവദിക്കാത്തതിന്” ഗുപ്തയോട് നന്ദി പറഞ്ഞു. 2022ലെ കലാപത്തിന് ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ തന്നെ ഈ കേസിൽ അഭിഭാഷകയായി നിയമിച്ചതിനുശേഷം ഈ നിമിഷം വരെ താനൊരു രൂപ പോലും കൈപ്പറ്റിയിട്ടില്ല എന്ന് ഗുപ്ത പറഞ്ഞു. “നിങ്ങൾക്ക് ഒരു അഭിഭാഷകയുടെ പദവി ഉണ്ടെങ്കിൽ എന്തുകൊണ്ട് സമൂഹത്തിനുവേണ്ടി നിങ്ങൾക്കിത് ചെയ്തു കൂടാ?” ഞാനീ ജോലിയിലേക്ക് പ്രവേശിച്ചിട്ട് അഞ്ചുവർഷം ആയിരുന്നതേയുള്ളൂ. അഭിഭാഷകർക്ക് നൽകാൻ ആവശ്യത്തിന് പണം ഉണ്ട് എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഈ കാര്യത്തിൽ ഒരു രൂപ പോലും വേണ്ട എന്ന് ഞാൻ പറയുകയായിരുന്നു. നിങ്ങൾക്ക് സമൂഹത്തിനോട്‌ ഒരു കടമയുണ്ട്. സമൂഹത്തിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടതാണ് അത്. നമ്മളെല്ലാം സമൂഹത്തിന്റെ ഒരു ഭാഗമാണ്. കലാപത്തിന്റെ ദുരിതം നേരിട്ടനുഭവിക്കേണ്ടി വന്ന ഒരു ഇര ആയിരുന്നു അവർ.

“പക്ഷേ ഈ കേസിലൂടെ നമ്മളെല്ലാം അത് അനുഭവിക്കുകയായിരുന്നു, എങ്ങനെയാണോ നിർഭയ കേസിൽ നാം അത് മുന്നിൽ കണ്ടതുപോലെ അതിനെ അനുഭവിച്ചത്… അതുപോലെ. ഇപ്പോൾ ബിൽക്കിസ് ബാനോവിന്റെ കേസിൽ നമ്മളെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. കാരണം നമ്മൾ ആ കേസ് കണ്ടു. ഈ കേസിൽ ഞാൻ ബിൽക്കിസ് ബാനോവിന്റെ ഒപ്പം നിന്നു. കാരണം അവളോടും സമൂഹത്തോടും നീ ഒറ്റക്കല്ല എന്നും ഇത് ഒറ്റപ്പെട്ട യുദ്ധം അല്ല എന്നും നമ്മൾ പറയണം.” അവർ പറഞ്ഞുനിർത്തി.

പരിഭാഷ: സാമാജ കൃഷ്ണ


ഈ ലേഖനം ആദ്യം ദി വയറിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതാണ്, ആ ഇംഗ്ലീഷ് ലേഖനം ഇവിടെ വായിക്കാം.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

ശ്രാവസ്തി ദാസ്‌ഗുപ്‌ത