A Unique Multilingual Media Platform

The AIDEM

Articles Culture Kerala Literature Society

ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി സ്വതന്ത്രരാക്കുന്നതാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം: എം.ടി

  • January 11, 2024
  • 1 min read
ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി സ്വതന്ത്രരാക്കുന്നതാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം: എം.ടി

ജനജീവിതത്തെ ബാധിക്കുന്ന നിർണ്ണായക രാഷ്ട്രീയ മുഹൂർത്തങ്ങളിലെല്ലാം ജനപക്ഷത്തു നിന്ന് നീതിയുടെ കൊടി ഉയർത്തിയിട്ടുള്ള ആളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ, എം ടി വാസുദേവൻ നായർ. എന്നാൽ കോഴിക്കോട്ട് ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം സമ്പൂർണ്ണമായും രാഷ്ട്രീയമായിരുന്നു. യാന്ത്രിക രാഷ്ട്രീയ പ്രവർത്തനം എങ്ങിനെ ജനങ്ങൾക്ക് മേലുള്ള അധികാര പ്രയോഗം മാത്രമാവുന്നു എന്നും രാഷ്ട്രീയത്തിന്റെ സർഗാത്മക പ്രയോഗം എങ്ങിനെ ജനങ്ങളെ സ്വതന്ത്രരാക്കുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ അത്യന്തം പ്രസക്തമായ ഈ പ്രസംഗത്തിന്റെ പൂർണരൂപം ആണിത്.


ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വർഷം ഞാൻ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വർഷമാണെന്നു അറിയുന്നു. സന്തോഷം ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.

രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കൻ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാർഗ്ഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാൽ, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി.

വിൽഹെം റീഹ്

ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്മരിക്കപ്പെട്ടു. അവിടെ ശിഥിലീകരണം സംഭവിക്കാൻ പോകുന്നു എന്ന് ഫ്രോയിഡിന്റെ ശിഷ്യനും മനഃശാസ്ത്രജ്ഞനും മാർക്‌സിയൻ തത്വചിന്തകനുമായിരുന്ന വിൽഹെം റീഹ് 1944ൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്പിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്ന് റീഹ് വീണ്ടും വീണ്ടും ഓർമിപ്പിച്ചു. വ്യവസായം, സംസ്‌കാരം, ശാസ്ത്രം എന്നീ മേഖലകളുടെ പ്രവർത്തനത്തെ അമിതാധികാരമുള്ള മാനേജമെന്റ്കളെ ഏൽപ്പിക്കുമ്പോൾ അപചയത്തിന്റെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം അപായ സൂചന നൽകി. വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടങ്ങളെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. പടയാളികളുമാക്കാം.

ആൾക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്ര്യം ആർജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആൾക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്ക് നിലനിൽപ്പുള്ളൂ എന്നും രീഹിനേക്കാൾ മുൻപ് രണ്ടു പേർ റഷ്യയിൽ പ്രഖ്യാപിച്ചു – എഴുത്തുകാരായ ഗോർക്കിയും ചെഖോവും. തിന്മകളുടെ മുഴുവൻ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെ മേൽ കെട്ടിവച്ച് പൊള്ളയായ പ്രശംസകൾ നൽകിയും, നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ചും ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവർ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യൻ സമൂഹമാണ് അവർ സ്വപ്നം കണ്ടത്.

ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്പവത്തിന്റെ ലക്ഷ്യമെന്ന് മാർക്‌സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവർ ഓർമിപ്പിച്ചു. സമൂഹമായി റഷ്യൻ ജനങ്ങൾ മാറണമെങ്കിലോ? ചെഖോവിന്റെ വാക്കുകൾ ഗോർക്കി ഉദ്ധരിക്കുന്നു: “റഷ്യക്കാരൻ ഒരു വിചിത്ര ജീവിയാണ്. അവൻ ഒരീച്ചപോലെയാണ്. ഒന്നും അധികം പിടിച്ചു നിർത്താൻ അവനാവില്ല. ഒരാൾക്ക് ഒരു നല്ല ജീവിതം വേണമെങ്കിൽ അധ്വാനിക്കണം.
സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അത് നമുക്ക് ചെയ്യാനറിയില്ല. വാസ്തുശില്പി രണ്ടോ മൂന്നോ നല്ല വീടുകൾ പണിതു കഴിഞ്ഞാൽ ശേഷിച്ച ജീവിതകാലം തീയേറ്റർ പരിസരത്തു ചുറ്റിത്തിരിഞ്ഞു കഴിക്കുന്നു. ഡോക്ടർ പ്രാക്ടീസ് ഉറപ്പിച്ചു കഴിഞ്ഞാൽ സയൻസുമായി ബന്ധം വിടർത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെയും ഞാൻ കണ്ടിട്ടില്ല. ഒരു വിജയകരമായ ഡിഫെൻസ് നടത്തി പ്രശസ്തനായിക്കഴിഞ്ഞാൽ പിന്നെ സത്യത്തെ ഡിഫെൻഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്.”

1957ൽ ബാലറ്റ് പെട്ടിയിലൂടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും, ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാവുന്നത്.

അധികാര വികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും, അദ്ദേഹത്തിന് കേരളത്തെപ്പറ്റി, മലയാളിയുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നു. സമൂഹത്തിന്റെ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിർത്തണമെന്ന് ശഠിച്ചുകൊണ്ടിരുന്നത്.

ഇ.എം.എസ്

സാഹിത്യ സമീപനങ്ങളിൽ തങ്ങൾക്ക് തെറ്റുപറ്റി എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ തെറ്റുപറ്റി എന്ന് തോന്നിയാൽ അത് സമ്മതിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവിതമണ്ഡലങ്ങളിൽ ഒരു മഹാരഥനും ഇവിടെ പതിവില്ല. അഹം ബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാൻ പറ്റിയ വാദമുഖങ്ങൾ തിരയുന്നതിനിടക്ക്, സ്വന്തം വീക്ഷണം രൂപപ്പെടുത്താനുള്ള തുടക്കമിടാൻ കഴിഞ്ഞു എന്ന് ഇ.എം.എസ് പറയുമ്പോൾ ഞാൻ അത്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്, രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇ.എം.എസ്സിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല. സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയും പറ്റി എന്നോരൂപം കൊണ്ട ചില പ്രമാണങ്ങളിൽത്തന്നെ മുറുകെ പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ സങ്കൽപ്പങ്ങൾ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടി വരുന്നു.

എം.ടിയും മുഖ്യമന്ത്രി പിണറായി വിജയനും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിൽ/ Facebook

എന്റെ പരിമിതമായ കാഴ്ചപ്പാടിൽ, നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട് തന്നെ. കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാ വിധത്തിലുമുള്ള അടിച്ചമർത്തലുകളിൽ നിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇ.എം.എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിച്ചു കൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

ദി ഐഡം ബ്യൂറോ