A Unique Multilingual Media Platform

The AIDEM

Articles Memoir Politics Society South India

എൻ. ശങ്കരയ്യ: പോരാട്ടം ജീവിതമാക്കിയ സമ്പൂർണ്ണ രാഷ്ട്രീയ നേതാവ്

  • November 15, 2023
  • 1 min read
എൻ. ശങ്കരയ്യ: പോരാട്ടം ജീവിതമാക്കിയ സമ്പൂർണ്ണ രാഷ്ട്രീയ നേതാവ്

ജീവിച്ച കാലത്തെ എല്ലാത്തരം സാമൂഹിക അനീതികൾക്കുമെതിരെ പോരാടിയ സമ്പൂർണ്ണ രാഷ്ട്രീയ നേതാവായിരുന്നു എൻ. ശങ്കരയ്യ. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ 20 വയസ്സ് പൂർത്തിയാക്കുന്നതിന് മുമ്പേ അണിചേർന്നതിന് ജയിലിലായത് മുതൽ ഒപ്പം ജീവിക്കുന്ന മനുഷ്യർക്കായുള്ള സമരമുഖം തുറന്നു. തുടർന്നങ്ങോട്ട് ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമായി എട്ടു വർഷത്തെ ജയിൽ വാസം.

ബിരുദ പരീക്ഷ എഴുതുന്നതിന് പതിനഞ്ച് ദിവസം മുൻപ് ജയിലിലായതോടെ അദ്ദേഹത്തിന്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. ജീവിതം തന്നെ സാമൂഹികമായി അരികുകളിലേക്ക് തള്ളപെട്ടവരുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിച്ച എൻ. ശങ്കരയ്യക്ക് അതിനുള്ള ആദരമായി ഡി ലിറ്റ് നൽകാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന ശ്രമം ബി.ജെ.പി നോമിനിയായ ഗവർണർ ആർ. എൻ രവി മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ ചാൻസലർ എന്ന നിലയിൽ തടഞ്ഞത് ഒരർഥത്തിൽ ശങ്കരയ്യ നടത്തിയ പോരാട്ടങ്ങളുടെ അർത്ഥ ആഴങ്ങളാണ് പ്രതിഫലിപ്പിച്ചത്.

എൻ. ശങ്കരയ്യ

ജാതി ഉച്ചനീചത്വങ്ങൾക്കെതിരെയും ലിംഗവിവേചനത്തിനെതിരെയും തമിഴ്‍നാട്ടിൽ നടന്ന പോരാട്ടങ്ങളിൽ മുൻനിര നേതൃത്വം എന്നും അദ്ദേഹത്തിന്റെ കയ്യിലായിരുന്നു. സവർണ്ണനായി പിറന്ന അദ്ദേഹം മതമില്ലാത്ത മനുഷ്യ മഹത്വ ജീവിതത്തിന്റെ പ്രയോക്താവായി. തൊണ്ണൂറ്റി അഞ്ചാം വയസ്സിലും ദുരഭിമാന കൊലക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ മുൻനിരനേതാവായി നിന്നു. പൂർണ്ണ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിട്ട് വിശ്രമിക്കുകയായിരുന്ന ശങ്കരയ്യയെ കാണാൻ ഒരിക്കൽ കർണാടകയിൽ നിന്നും ഒരു സംഘം കുട്ടികളെത്തി. ജാതിക്കെതിരെയുള്ള പോരാട്ടം ജീവിത വ്രതമാക്കണമെന്ന് അവരെ ഉദ്ബോധിപ്പിച്ച അദ്ദേഹം, വിവാഹിതർ ആകാൻ ആഗ്രഹിക്കുന്ന എല്ലാവരും വീട്ടുകാർ ആലോചിച്ചുറപ്പിക്കുന്ന വിവാഹത്തിന് നിൽകരുതെന്നും പ്രേമിച്ച് വിവാഹിതരാവണമെന്നും അവരെ ഉപദേശിക്കുകയും ചെയ്തു.

തമിഴ് സാഹിത്യത്തിൽ അഗാധ പണ്ഡിതനുമായിരുന്നു എൻ. ശങ്കരയ്യ. മാക്സിം ഗോർക്കിയുടെ ‘അമ്മ’ എം. കരുണാനിധി തമിഴിലേക്ക് വിവർത്തനം ചെയ്തപ്പോൾ ശങ്കരയ്യയെ കൊണ്ടാണ് അവതാരിക എഴുതിച്ചത്. സംഘ കൃതികളിലൂടെ ഇടയ്ക്കിടെ സഞ്ചരിച്ചില്ലെങ്കിൽ സർഗ്ഗാത്മകത വറ്റിപോകുമെന്ന് അദ്ദേഹം തമിഴ് യുവ എഴുത്തുകാരോടായി ഒരിക്കൽ പറയുകയുണ്ടായി.

ചെന്നൈയിൽ (മെയ് 2011) മെയ് ദിനത്തിൽ പാർട്ടി പതാക ഉയർത്തിയ ശേഷം എൻ. ശങ്കരയ്യ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിൽ പി രാമമൂർത്തി, എ നല്ലശിവൻ, ആർ ഉമാനാഥ്‌ തുടങ്ങിയവർ ശങ്കരയ്യയുടെ സഖാക്കളായിരുന്നു. ട്രേഡ് യൂണിയൻ രംഗവും കർഷക പ്രസ്ഥാനവുമായിരുന്നു ശങ്കരയ്യയുടെ പ്രധാന പ്രവർത്തന ഭൂമിക. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അദ്ദേഹം വ്യവസ്ഥാപിത വിരുദ്ധ പക്ഷക്കാരനായിരുന്നു. 1964ൽ സി.പി.ഐ ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്ന് സി.പി.ഐ.എം രൂപീകരിച്ച 32 പേരിൽ ഒരാളായിരുന്നു അദ്ദേഹം. ആ നേതൃ സംഘത്തിൽ ഇനി ജീവിച്ചിരിക്കുന്നത് വി.എസ് അച്യുതാനന്ദൻ മാത്രമാണ്.

പാർലമെന്റേറിയൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു എൻ. ശങ്കരയ്യ. മൂന്നുവട്ടം (1967, 1977, 1980) അദ്ദേഹം തമിഴ്നാട് നിയമസഭാംഗമായി.

വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ശങ്കരയ്യ തന്റെ തിളക്കമാർന്ന രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. മധുരയിലെ അമേരിക്കൻ കോളേജിൽ വിദ്യാർഥി ആയിരിക്കെ ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് 1941ൽ അറസ്റ്റിലായി.

1940ൽ സി.പി.ഐയിൽ അംഗമായി ചേർന്ന ശങ്കരയ്യ തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. 1995 മുതൽ 2002 വരെയുള്ള കാലയളവിൽ സിപിഎം തമിഴ്നാട് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു.

കർഷകരെ സംഘടിപ്പിക്കുന്നതിലും അവരുടെ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലും ശങ്കരയ്യ മുന്നിൽ നിന്നു. അഖിലേന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായും പ്രവർത്തിച്ചിട്ടുണ്ട്. മികവുറ്റ സംഘാടകൻ എന്നപോലെ നല്ലൊരു പ്രാസംഗികനുമായിരുന്നു. സാധാരണ ജനങ്ങളോട് അവരുടെ ഭാഷയിൽ സംവദിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന മികവ് പ്രശംസനീയമായിരുന്നു.

1922, ജൂലൈ 15ന് തമിഴ്നാട്ടിലെ കോവിൽപ്പട്ടിക്കടുത്ത അട്ടൂരിലാണ് എൻ ശങ്കരയ്യ ജനിച്ചത്. ആദർശ രാഷ്ട്രീയത്തിന്റെ അവശേഷിക്കുന്ന ദീപസ്തംഭങ്ങളിലൊന്നാണ് എൻ ശങ്കരയ്യയുടെ നിര്യാണത്തോടെ അണഞ്ഞു പോകുന്നത്.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

ദി ഐഡം ബ്യൂറോ