A Unique Multilingual Media Platform

The AIDEM

Articles International Minority Rights Politics Social Justice

അബ്ദുള്ള ഓഹ്ജലാൻ: ശൂന്യതയില്‍ ഒരഭയാര്‍ത്ഥി

അബ്ദുള്ള ഓഹ്ജലാൻ: ശൂന്യതയില്‍ ഒരഭയാര്‍ത്ഥി

മഹാനായ കുര്‍ദിഷ് വിമോചനപ്പോരാട്ട നേതാവ് അബ്ദുള്ള ഓഹ്ജലാന്‍ തടവിലാക്കപ്പെട്ടിട്ട് 2024 ഫെബ്രുവരി 15ന് ഇരുപത്തഞ്ച് വര്‍ഷം തികഞ്ഞു. 1999 ഫെബ്രുവരി 15നാണ് നാടകീയമായ നീക്കത്തിലൂടെ അദ്ദേഹത്തെ പിടികൂടി ജയിലിലടച്ചത്. ഈ ദിവസത്തെ റോജ റെസ് (ഇരുണ്ട ദിനം) എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ കുര്‍ദിഷ് ഭാഷയില്‍ വിശേഷിപ്പിക്കുന്നത്.

1979 മുതല്‍ 1998 വരെ സിറിയയിലായിരുന്നു അബ്ദുള്ള ഓഹ്ജലാന്‍ താമസിച്ചിരുന്നത്. തുര്‍ക്കിയില്‍ അദ്ദേഹത്തിനെതിരെയും അദ്ദേഹം നേതൃത്വം നല്‍കുന്ന കുര്‍ദിഷ് തൊഴിലാളി പാര്‍ടിക്കെതിരെയും നിരവധി കേസുകളും അറസ്റ്റുകളും തടവിലാക്കലും ആക്രമണങ്ങളും നിത്യ സംഭവമായ സാഹചര്യത്തിലാണ്, അദ്ദേഹം പലയിടങ്ങളിലായി കഴിയാന്‍ നിര്‍ബന്ധിതനായത്. സിറിയയിലെ കുര്‍ദിസ്താനെ റോജാവാ എന്നാണ് കുര്‍ദിഷ് ഭാഷയില്‍ വിളിക്കുന്നത്. റോജാവയില്‍ തുര്‍ക്കിയുടെ പട്ടാളത്തിനോടും ഐഎസ്സിന്റെ സായുധ സേനയോടും ഒരേ സമയം പോരാടിക്കൊണ്ടാണ് കുര്‍ദിഷ് വംശജര്‍ ജീവിക്കുന്നത്. ഇവിടെ പരിമിതമായ സ്വയംഭരണാവകാശം ഇക്കാലത്തിനിടയില്‍ കുര്‍ദുകള്‍ക്ക് നേടിയെടുക്കാനുമായിട്ടുണ്ട്.

അബ്ദുള്ള ഓഹ്ജലാന്‍

ഓഹ്ജലാനെ സിറിയ സംരക്ഷിക്കുന്നു എന്ന ആരോപണം ഉയര്‍ത്തി, അമേരിക്കയുടെ മൗനസമ്മതത്തോടെ, തുര്‍ക്കി സേന സിറിയയിലേയ്ക്ക് കടന്നു കയറി പല തവണ അദ്ദേഹത്തെ പിടികൂടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ ചില മാധ്യസ്ഥ ശ്രമങ്ങള്‍ നടന്നിരുന്നു. അന്നത്തെ ഈജിപ്ത് പ്രസിഡണ്ട് ഹോസ്‌നി മുബാറക്ക് അന്നത്തെ സിറിയന്‍ പ്രസിഡണ്ട് ഹാഫെസ് അസ്സാദിനോട്, തുര്‍ക്കിയുടെ ഭീഷണി ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചു.

ഏതായാലും ഇനി സിറിയയില്‍ തുടരുന്നത് ആപത്താണെന്ന് മനസ്സിലാക്കിയ ഓഹ്ജലാന്‍, 1998 ഒക്ടോബര്‍ 9ന് ഗ്രീസിലെ ഏതന്‍സിലേയ്ക്ക് പോകാന്‍ തീരുമാനിച്ചു. ഇത് നൂറ്റി ഇരുപത്തൊമ്പത് ദിവസം നീണ്ടു നിന്ന ഒരു ദീര്‍ഘ സാഹസിക പര്യടനത്തിലേയ്ക്കാണ് അദ്ദേഹത്തെ നയിച്ചത്. ആഫ്രിക്കയിലാണാ യാത്ര അവസാനിച്ചത്. റഷ്യയില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിത്വത്തിനായി അദ്ദേഹം ശ്രമിച്ചിരുന്നുവെങ്കിലും മറുപടിയ്ക്ക് കാത്തു നില്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ സിറിയയില്‍ കാര്യങ്ങള്‍ വഷളായി.

1998 സെപ്തംബറിലാണ്, ഇറാഖിലെ പ്രമുഖ കുര്‍ദിഷ് പാര്‍ടികളായ കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ടി (കെ.ഡി.പി)യും പാട്രിയോട്ടിക് യൂണിയന്‍ ഓഫ് കുര്‍ദിസ്താനും (പി.യു.കെ) തമ്മില്‍ വാഷിങ്ടണില്‍ വെച്ച് അവര്‍ തമ്മിലുള്ള ആഭ്യന്തര സംഘട്ടനങ്ങള്‍ നിര്‍ത്താനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചുള്ള കരാര്‍ ഒപ്പിട്ടത്. ഈ കരാര്‍, ഇറാഖിലെ സദ്ദാം ഹുസൈന്‍ ഭരണം അവസാനിപ്പിച്ച് അവിടം അധീനമാക്കാനുള്ള അമേരിക്കയുടെ നീക്കത്തിന്റെ മുന്നോടിയായിരുന്നു. 2003ല്‍ ഇറാഖ് അമേരിക്ക പിടിച്ചടക്കി. ഇറാഖിലെ കുര്‍ദ് മുന്നേറ്റം, തുര്‍ക്കിയിലും സ്വാധീനം ചെലുത്തുമെന്ന് വാഷിങ്ടണ്‍ കരാറിനെ തുടര്‍ന്ന് തുര്‍ക്കി ഭരണകൂടം ന്യായമായും സംശയിച്ചു. ഇത് അവരുടെയും സഖ്യശക്തികളായ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കി. 1998 നവംബര്‍ 6ന് യു.എസ് ഡിഫന്‍സ് സെക്രട്ടറി വില്യം കോഹന്‍ തുര്‍ക്കി തലസ്ഥാനമായ അങ്കാരയിലെത്തി. തുര്‍ക്കിയിലെ അദാനയ്ക്കടുത്തുള്ള ഇന്‍സിര്‍ലിക്കിലെ അമേരിക്കന്‍ എയര്‍ ഫോഴ്‌സ് ബെയിസില്‍ നിന്നായിരുന്നു ഇറാഖിനു നേര്‍ക്കുള്ള ആക്രമണം അവര്‍ പ്ലാന്‍ ചെയ്തിരുന്നത്. ഇസ്താംബുളിലെയും കരിങ്കടലിലെയും വിമാനത്താവളങ്ങളും തുറമുഖങ്ങളും ഇതിനോടൊപ്പം ഈ ആവശ്യത്തിനായി പ്രയോജനപ്പെടുത്താനും അമേരിക്ക തീരുമാനിച്ചു. ഇതിനിടയിലാണ് തുര്‍ക്കി കേന്ദ്ര ഭരണകൂടത്തിന്റെ കണ്ണിലെ കരടായ അബ്ദുള്ള ഓഹ്ജലാന്‍ സ്വതന്ത്രനായി തുടരുന്നത് അവസാനിപ്പിക്കണമെന്ന് അവര്‍ തീരുമാനിക്കുന്നതും.

വില്യം കോഹന്‍ (ഇടത്ത്) തുർക്കി പ്രസിഡൻ്റ് സുലൈമാൻ ഡെമിറലുമായി (നടുവിൽ)  തുർക്കിയിലെ അങ്കാറയിൽ കൂടി കാഴ്ച നടത്തുന്നു/ Source: US Department of Defense

സങ്കീര്‍ണമായ ഈ രാജ്യാന്തര സാഹചര്യമാണ്, ഓഹ്ജലാനെ സിറിയയില്‍ തുടരാന്‍ അനുവദിക്കുന്നതില്‍ നിന്ന് പുറകോട്ടു പോകാന്‍ പ്രസിഡണ്ട് ഹാഫെസ് അസ്സദിനെ നിര്‍ബന്ധിതനാക്കിയത്. സിറിയയില്‍ നിന്ന് ഏതന്‍സിലേയ്ക്കുള്ള വിമാനത്തില്‍, ഗ്രീക്ക് ഇന്റലിജന്‍സ് സര്‍വീസസിന്റെ ഓഫീസറായ സവാസ് കലെന്തെറിദിസ് ആണ് ഓഹ്ജലാനെ അനുഗമിച്ചത്. പക്ഷെ, ഓഹ്ജലാനെ ഗ്രീസ് രാജ്യത്തിനകത്തേയ്ക്ക് കടക്കാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അനുവദിച്ചില്ല. ഗ്രീക്ക് ഭരണകൂടം അപ്പോഴേക്കും നിലപാട് മാറ്റിയിരുന്നു. സ്വീഡനിലേയ്ക്ക് പോയ്‌ക്കൊള്ളാനും അവിടെ രാഷ്ട്രീയ അഭയാര്‍ത്ഥിത്വം തങ്ങള്‍ ശരിയാക്കാമെന്നുമുള്ള ഗ്രീസ് ഭരണകൂടത്തിന്റെ വാഗ്ദാനം ഓഹ്ജലാന്‍ നിഷേധിച്ചു. അപ്പോഴേയ്ക്കും റഷ്യയില്‍ നിന്നുള്ള ക്ഷണം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഒരു സ്വകാര്യ വിമാനത്തില്‍ മോസ്‌ക്കോയിലേയ്ക്ക് അദ്ദേഹത്തെ അയച്ചു.

തുര്‍ക്കി തഞ്ചം പാര്‍ത്തിരിക്കുകയായിരുന്നു. സര്‍ക്കാരനുകൂല പത്രമായ ഹുറിയെത്ത് ഒക്ടോബര്‍ 14ന്, ഓഹ്ജലാന്‍ റഷ്യയിലുണ്ടെന്ന വിവരം ഇസ്രയേലി രഹസ്യാന്വേഷണ സേനയായ മൊസ്സാദിന്റെ പക്കലുണ്ടെന്ന വാര്‍ത്ത ബ്രെയിക്ക് ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം തുര്‍ക്കി പ്രധാനമന്ത്രി മെസൂത്ത് യില്‍മാസ് റഷ്യയോട് ഓഹ്ജലാനെ കൈമാറാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഇവിടെയുള്ള വിവരം തങ്ങള്‍ക്കില്ലെന്ന് റഷ്യ കൈമലര്‍ത്തി. സത്യത്തില്‍ അദ്ദേഹം മോസ്‌കോയ്ക്ക് സമീപം ഒഡിന്‍സോവോയില്‍ ഉണ്ടായിരുന്നു.

നവംബര്‍ 4ന് ഓഹ്ജലാന്റെ രാഷ്ട്രീയ അഭയാര്‍ത്ഥിത്വത്തിനായുള്ള അപേക്ഷ ഡ്യൂമ ഐകകണ്‌ഠ്യേന അംഗീകരിച്ചെങ്കിലും അടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റിരുന്ന യെവ്‌ജെനി പ്രിമക്കോവ് ഇത് നടപ്പിലാക്കിയില്ല. ഇതിനിടയില്‍ ബെലാറസില്‍ അഭയാര്‍ത്ഥിത്വത്തിനായി ശ്രമിച്ചെങ്കിലും അതും നടന്നില്ല. മുപ്പത്തിമൂന്നു ദിവസത്തിനു ശേഷം റഷ്യ വിടാന്‍ ഓഹ്ജലാന്‍ നിര്‍ബന്ധിതനായി. ഗ്രീസ്,  ലിബിയ, അര്‍മീനിയ, സൈപ്രസ് എന്നിവയില്‍ ഏതെങ്കിലും ഒരു രാജ്യത്തേയ്ക്ക് സുരക്ഷിതമായി അദ്ദേഹത്തെ എത്തിക്കാമെന്ന് റഷ്യന്‍ ഭരണകൂടം വാഗ്ദാനം നല്‍കി.

എന്നാലിത് സ്വീകരിക്കാതെ, ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് റീഫൗണ്ടേഷന്‍ പാര്‍ടി നേതാവ് റാമോണ്‍ മന്തോവാനിയെ ഫോണ്‍ ചെയ്ത് തനിക്ക് ഇറ്റലിയില്‍ സുരക്ഷിതമായി കഴിയാന്‍ സാഹചര്യമൊരുക്കണമെന്ന് ഓഹ്ജലാന്‍ അഭ്യര്‍ത്ഥിച്ചു. ഇറ്റലിയിലെ ഭരണകൂടത്തിന്റെ മറുപടി ലഭിക്കുന്നതിനു മുമ്പു തന്നെ അദ്ദേഹം നവംബര്‍ 12ന് മന്തോവാനിയുമൊത്ത് റോമിലെത്തി.

അദ്ദേഹത്തെ അവിടെ കാത്തുനിന്നത് ജര്‍മന്‍ സര്‍ക്കാര്‍ ഇറക്കിയ ഒരു അന്താരാഷ്ട്ര വാറണ്ടായിരുന്നു. പതിനെട്ടു വര്‍ഷം പഴക്കമുള്ള ആ വാറണ്ട് അനുസരിച്ചുകൊണ്ട് ഓഹ്ജലാന്‍ ഇറ്റാലിയന്‍ പോലീസിന് കീഴടങ്ങി. മുന്‍ കമ്യൂണിസ്റ്റും ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ദ് ലെഫ്റ്റി(പിഡിഎസ്)ന്റെ നേതാവുമായ മസ്സിമോ ഡി അലെമയായിരുന്നു പ്രധാനമന്ത്രി. ഒരു മാസമേ ആയിരുന്നുള്ളൂ അദ്ദേഹം അധികാരമേറ്റിട്ട്. വലിയ ഒരു രാഷ്ട്രീയ സന്ദിഗ്ദ്ധതയിലായി അദ്ദേഹവും ഭരണകക്ഷിയും. തുര്‍ക്കിയില്‍ ഭീകരനെന്നു മുദ്ര കുത്തിയിട്ടുള്ള അബ്ദുള്ള ഓഹ്ജലാന്‍, മഹാനായ ദേശസ്‌നേഹിയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളുടെ ആരാധനാപാത്രവുമാണെന്ന യാഥാര്‍ത്ഥ്യമാണ് അവരെ സമ്മര്‍ദ്ദത്തിലാക്കിയത്. ഓഹ്ജലാന്റെ ആശയങ്ങളെ പിന്തുടരുന്നവരില്‍ ഇറ്റലിയിലെ ഇടതുപക്ഷത്തുള്ളവരും നിരവധി ഉണ്ടായിരുന്നു.

അബ്ദുള്ള ഓഹ്ജലാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാലി

തുര്‍ക്കിയും കുര്‍ദുകളുമായുള്ള പ്രശ്‌നത്തില്‍ മാധ്യസ്ഥത വഹിക്കാമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഡി അലെമ പ്രസ്താവിച്ചെങ്കിലും, അമേരിക്ക അവരുടെ നീക്കങ്ങള്‍ ത്വരിതപ്പെടുത്തി. ഇതെല്ലാം ഒന്ന് കൂട്ടിക്കെട്ടിയിട്ട് വേണമല്ലോ അവര്‍ക്ക് ഇറാഖ് കീഴ്‌പ്പെടുത്താന്‍. ഇതിനിടയില്‍ ഓഹ്ജലാനെ അറസ്റ്റു ചെയ്യാനാവില്ലെന്നും വീട്ടുതടങ്കലിലാക്കാമെന്നും ഇറ്റലിയിലെ കോടതി വിധി പ്രഖ്യാപിച്ചു.

ഈ ഘട്ടത്തിലാണ്, തുര്‍ക്കി പ്രധാനമന്ത്രി ബുലെന്ത് എസെവിത്ത്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഓഹ്ജലാനെ പിടികൂടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. ഓഹ്ജലാനെ രഹസ്യമായി പിന്തുടര്‍ന്നു കൊണ്ട് തുര്‍ക്കിയിലെ ഇന്റലിജന്‍സിന് (എം.ഐ.ടി) വിവരങ്ങള്‍ കൈമാറിയിരുന്നത് മൊസ്സാദായിരുന്നു. തൊട്ടുമുമ്പ് തുര്‍ക്കിയും ഇസ്രയേലുമായി സൈനിക സഹകരണത്തിനുള്ള കരാറും ഒപ്പിട്ടിരുന്നു. തൊണ്ണൂറുകളില്‍ മാത്രം ഇത്തരത്തിലുള്ള ഇരുപതിലധികം കരാറുകള്‍ ഒപ്പിട്ടിരുന്നു.

അങ്ങിനെയാണ് മെഡിറ്ററേനിയന്‍ കടലില്‍ ബെയിസ് ചെയ്തു കൊണ്ട് ഓഹ്ജലാനെ പിടികൂടാനുള്ള തുര്‍ക്കിയുടെയും ഇസ്രയേലിന്റെയും സംയുക്ത നീക്കമായ ഓപ്പറേഷന്‍ റിലയന്റ് മെര്‍മെയ്ഡ് ആരംഭിക്കുന്നത്. 1998 ജനുവരി 7 നായിരുന്നു അത്. ജോര്‍ദാന്‍ ഈ ഓപ്പറേഷന്റെ നിരീക്ഷകരായി ക്ഷണിക്കപ്പെട്ടു. സിറിയയാകട്ടെ ഈ സൈനിക മുന്നേറ്റത്തെ അപലപിച്ചു. ഇതിനിടയില്‍ റോമാ നഗരത്തില്‍ ഓഹ്ജലാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മൊസാദ് ചാരന്മാര്‍ നിരീക്ഷണ വലയൊരുക്കി. എന്നാല്‍, ഓഹ്ജലാന് ഇറ്റാലിയന്‍ പോലീസിന്റെ സംരക്ഷണമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന് ദേഹോപദ്രവമൊന്നുമുണ്ടായില്ല.

തുര്‍ക്കിയിലെത്തിയാല്‍ അദ്ദേഹം ഉപദ്രവിക്കപ്പെടുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. അദ്ദേഹത്തിന് ഇറ്റലിയില്‍ തന്നെ രാഷ്ട്രീയാഭയം കൊടുക്കണമെന്ന് പല ആഗോള മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഇതിനിടയില്‍ അദ്ദേഹത്തെ റഷ്യയിലേക്കു തന്നെ അയക്കാനുള്ള ചില ശ്രമങ്ങളും ഇറ്റലി നടത്തി. ഇറ്റലിയില്‍ ഇത് ഒരു നിയമ-നീതിന്യായ പ്രശ്‌നമായി പരിണമിച്ചു. തുര്‍ക്കിയുമായുള്ള വാണിജ്യബന്ധവും ഇതിനിടയില്‍ വികസിച്ചിരുന്നു. ഓഹ്ജലാന്‍ ഇറ്റലി വിടുന്നതാണുത്തമം എന്ന് ഡി അലെമ പ്രഖ്യാപിച്ചു. ഏതായാലും 1999 ജനുവരി 16 മുതല്‍ ഫെബ്രുവരി ആദ്യം വരെ അദ്ദേഹം എവിടെയായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല.

രഹസ്യമായി റഷ്യയിലെത്തിയ ഓഹ്ജലാനെ താജിക്കിസ്ഥാനിലെ ഒരു സൈനിക ക്യാമ്പില്‍ പാര്‍പ്പിക്കുകയായിരുന്നു എന്നു കരുതപ്പെടുന്നു. ജനുവരി 23 മുതല്‍ രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മദെലൈന്‍ ആള്‍ബ്രൈറ്റ് റഷ്യന്‍ അധികൃതരുമായി ഓഹ്ജലാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു എന്നു വേണം വിശ്വസിക്കാന്‍.

നെതർലാൻഡ്സിലെ അന്താരാഷ്ട്ര നീതിന്യായക്കോടതില്‍ അപ്പീല്‍ കൊടുക്കാന്‍ ഓഹ്ജലാന്‍ തീരുമാനിച്ചു. എന്നാല്‍, ഇതിനിടയില്‍ റഷ്യയിലെത്തിയ മുന്‍ ഗ്രീക്ക് നേവല്‍ ഓഫീസര്‍ അന്തോണീസ് നക്‌സാക്കീസ് തന്റെ ചിരകാല സുഹൃത്തായ ഓഹ്ജലാന് രക്ഷപ്പെടാനായി ഒരു സ്വകാര്യ ജെറ്റ് വിമാനം ഏര്‍പ്പാടു ചെയ്തു. റഷ്യയിലെ ഒരു അണ്ടര്‍ സെക്രട്ടറിയാണ് വിമാനത്തിലുള്ളതെന്ന് ഗ്രീസിലെ വിമാനത്താവളം അധികൃതരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഗ്രീസില്‍ അദ്ദേഹത്തിന് താമസിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നെതർലാൻഡ്സിലെ അന്താരാഷ്ട്ര നീതി ന്യായ കോടതി

കുറെ നേരത്തെ ചര്‍ച്ചകള്‍ക്കു ശേഷം, ഓഹ്ജലാനെ ബെലാറസിലെ മിന്‍സ്‌ക് എന്ന നഗരത്തിലെത്തിച്ചു. അവിടെ നിന്ന് നെതർലാൻഡ്സിലെ ഹേഗിലേയ്ക്ക് അദ്ദേഹത്തെ കൊണ്ടു പോകും എന്നായിരുന്നു ധാരണ. എന്നാലങ്ങിനെ കൊണ്ടുപോകാന്‍ അവിടെ ഒരു വിമാനമുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഓഹ്ജലാന്‍ മിന്‍സ്‌കിലിറങ്ങാതെ ഏതന്‍സില്‍ തന്നെ തിരിച്ചെത്തി. ഫെബ്രുവരി ഒന്നിന് ഗ്രീക്ക് പ്രധാനമന്ത്രി കോസ്താസ് സിമിത്തിസിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഓഹ്ജലാനെ ഒരു സ്വകാര്യ വിമാനത്തില്‍ നെതർലാൻഡ്സിലെ റോട്ടര്‍ഡാമിലേയ്ക്ക് കൊണ്ടു പോയി. അവിടെ അദ്ദേഹത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ കഥ മാറുമായിരുന്നു. എന്നാലതും സാധിച്ചില്ല. കോര്‍ഫു എന്ന ഗ്രീക്ക് ദ്വീപിലേയ്ക്ക് അദ്ദേഹത്തെ കൊണ്ടു പോയാക്കി.

കോര്‍ഫുവില്‍ നിന്ന് അദ്ദേഹത്തെ കെനിയയിലെത്തിച്ചു. എന്നാല്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് കാര്യങ്ങളെ നയിച്ചത്. കെനിയയിലും ടാന്‍സാനിയയിലും 1998ല്‍ നടന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് അവിടങ്ങളില്‍ എഫ്.ബി.ഐയുടെ കൂടിയ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്തിനാണ് ഗ്രീസ് ഓഹ്ജലാനെ കെനിയയിലെത്തിച്ചത് എന്നത് വ്യക്തമല്ല. എന്നാല്‍ ഇസ്രായേലുമായി കെനിയയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു എന്ന കാര്യം ഇതോട് കൂട്ടി വായിക്കുകയും വേണം.

അമേരിക്കക്കാരില്‍ നിന്ന് അദ്ദേഹം കെനിയയിലുണ്ടെന്ന വിവരം തുര്‍ക്കി അധികൃതര്‍ മനസ്സിലാക്കി. മലേഷ്യന്‍ കൊടിയുടെ ചിത്രം വരച്ച ഒരു തുര്‍ക്കി വിമാനം ഉഗാണ്ട(ആഫ്രിക്ക)യിലെ കമ്പാലയിലെത്തി. ഫെബ്രുവരി 14ന് ഏതന്‍സില്‍ നിന്ന് ഫുട്ബാള്‍ ടീം എന്ന വ്യാജപ്പേരില്‍ ഒരു നാലംഗ സംഘം നെയ്‌റോബിയിലെത്തി.

ഇവരുടെ സഹായത്തോടെ, സിറിയയില്‍ നിന്ന് യാത്ര ആരംഭിച്ച് കൃത്യം നൂറ്റി ഇരുപത്തൊമ്പതാം ദിവസം അബ്ദുള്ള ഓഹ്ജലാനെ തുര്‍ക്കി സൈനികര്‍ കെനിയയില്‍ നിന്ന് പിടികൂടി.  ഇതിനിടയില്‍ വിചിത്രമായ പല നാടകങ്ങളും നടന്നു. ആരാണ് ശത്രു, ആരാണ് മിത്രം എന്ന് തിരിച്ചറിയാനാവാത്ത ഒരു അന്താരാഷ്ട്ര കുരുക്കായിരുന്നു ഓഹ്ജലാന് നേരിടേണ്ടി വന്നത്.

ഫെബ്രുവരി 16ന് അദ്ദേഹത്തെ തുര്‍ക്കിയിലെത്തിച്ചു. ലോകമെമ്പാടുമുള്ള കുര്‍ദുകള്‍ അതീവ വേദനയോടെയാണ് ആ വാര്‍ത്ത സ്വീകരിച്ചത്. അമേരിക്കയും തുര്‍ക്കിയും കെനിയയും ഗ്രീസും ചേര്‍ന്നാണ് കളികളെല്ലാം കളിച്ചത് എന്ന് പിന്നീട് ഗ്രീക്ക് ഇന്റല്‍ ഓഫീസര്‍ കലെന്തെറിദിസ് വെളിപ്പെടുത്തി.

എല്ലാ ‘ജനാധിപത്യ’ രാജ്യങ്ങളും അദ്ദേഹത്തെ കൈയൊഴിഞ്ഞു. രണ്ടു കോടി കുര്‍ദുകളെ അപ്പാടെ കുറ്റവാളികളെന്നു മുദ്ര കുത്തുന്ന തുര്‍ക്കി ഭരണകൂടത്തിന്റെ പിടിയിലായ അബ്ദുള്ള ഓഹ്ജലാനെ ഇംറാലി ദ്വീപിലെ തടവറയില്‍  ജീവപര്യന്തം തടവിന് ശിക്ഷിച്ച്‌ ഏകാന്ത തടവിലിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളെയോ സഖാക്കളെയോ അഭിഭാഷകരെപ്പോലുമോ കാണാന്‍ അനുവാദമില്ല.

ഓഹ്ജലാനെ മോചിപ്പിക്കാതെ കുര്‍ദുകളുടെ മനുഷ്യാവകാശങ്ങളും സാംസ്‌ക്കാരികവും ഭാഷാപരവുമായ അവകാശങ്ങളും ലഭ്യമാവുമെന്ന് കരുതാന്‍ വയ്യ.


(നന്ദി: ലാസ്‌ഗൈന്‍ യാക്കൂബ്, ദ് കുര്‍ദിഷ് സെന്റര്‍ ഫോര്‍ സ്റ്റഡീസ്)

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Aseem P M
Aseem P M
10 months ago

ഇറാഖ്, സിറിയ, തുർക്കി എന്നിങ്ങനെ പല രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന ഒരു ജനതയാണ് കുറദികൾ. അവർക്ക് അവരുടേതായ ഒരു മാതൃരാജ്യം വേണം. പക്ഷേ ആദ്യം പറഞ്ഞ മൂന്ന് രാജ്യങ്ങളും അതനുവദിക്കുന്നില്ല. കാരണം ആ മൂന്ന് രാജ്യങ്ങളും അതിർത്തികൾ മാറ്റേണ്ടി വരും. പഴയ ദുര്യോധന syndrome കാരണം സൂചി കുത്താനുള്ള സ്ഥലം പോലും ഇവർ വിട്ടുകൊടുക്കില്ല. ഇവരുടെ മതവും പ്രശ്നമാണ്. ആദ്യം പറഞ്ഞ മൂന്ന് മുസ്ലിം രാജ്യങ്ങളും ഇവരെ സഹജീവികൾ ആയി പോലും കരുതുന്നില്ല. സദ്ദാം ഹുസൈൻ ഇവരെ പല തരത്തിൽ പീഡിപ്പിച്ചിരുന്നു. സിറിയയിലെ ഹാഫിസും മകൻ ബഷാറും, തുർക്കി സുലൈമാൻ ഒഗ്ലൂവിന്റെ കാലം മുതൽ ഇന്നുവരെയും കുർദികളെ ദ്രോഹിച്ചിട്ടേയുള്ളൂ. സത്യത്തിൽ മാതൃരാജ്യവും respect ഉം അർഹിക്കുന്ന ഒരു ജനതയാണ് കുർദികൾ. Palestine ന് വേണ്ടി മുറവിളി കൂട്ടുന്നവർ ഇവരെ കണ്ടമട്ട് നടിക്കുന്നില്ല. South Sudan, East Timur എന്നിവയ്ക്ക് വേണ്ടി വാദിച്ച പാശ്ചാത്യരും ഇവരെ കാണുന്നില്ല.
കുർദികൾക്കൊപ്പം 💪.

ജി പി രാമചന്ദ്രൻ
ജി പി രാമചന്ദ്രൻ
10 months ago
Reply to  Aseem P M

ഇറാഖില്‍ കുര്‍ദുകള്‍ക്ക് ഇപ്പോള്‍ പ്രാദേശികാധികാരം ഉണ്ട്. എര്‍ബില്‍, ദുഹോക്ക്, സുലൈമാനി എന്നീ ഗവര്‍ണറേറ്റുകള്‍ ഉള്‍പ്പെടുന്ന കെ ആര്‍ ജി കുര്‍ദ് അര്‍ദ്ധസര്‍ക്കാരാണ് ഭരിക്കുന്നത്. പ്രസിഡണ്ടും പ്രധാനമന്ത്രിയും പാര്‍ലമെന്റും എല്ലാമുണ്ട്. സൈന്യവും (പെഷ്‌മെര്‍ഗ) വിസ/എമിഗ്രേഷനും എല്ലാം കെ ആര്‍ ജി ആണ് ചെയ്യുന്നത്. കറന്‍സിയും മറ്റും ഇറാഖ് കേന്ദ്ര സര്‍ക്കാരും. ബാഗ്ദാദിലെ മുഖ്യ ഇറാഖ് ഭരണകൂടത്തിന്റെ പ്രസിഡണ്ടും സദ്ദാം കാലത്തിനു ശേഷം കുര്‍ദ് വംശജരാണ് പൊതുവേ. ഇറാനില്‍ ഇപ്പോള്‍ കുര്‍ദുകള്‍ക്ക് മോശം കാലമാണ്. മഹ്‌സാ(ജീനാ) അമീനി കുര്‍ദ് വംശജയായിരുന്നു. സിറിയയിലെ റോജാവായിലും കുര്‍ദ് സ്വയംഭരണമാണ്. അവര്‍ ഐഎസ്സിനോടും പോരാടുന്നു. തുര്‍ക്കിയിലാണ് ഏറ്റവും പ്രശ്‌നം.