A Unique Multilingual Media Platform

The AIDEM

Articles Interviews National Politics Society

നിരുത്തരവാദ ഭരണം കൂടുതൽ പ്രബലമായ രണ്ടാം മോദി സർക്കാർ

  • December 6, 2023
  • 1 min read
നിരുത്തരവാദ ഭരണം കൂടുതൽ പ്രബലമായ രണ്ടാം മോദി സർക്കാർ

പ്രശസ്ത ഭരണഘടനാ നിയമ വിദഗ്ധനായ തരുണാഭ് ഖൈത്താനുമായി “ദി വയർ” വെബ്സൈറ്റിൽ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷയുടെ രണ്ടാം ഭാഗമാണിത്. 2014 മുതൽ 2019 വരെ ഭരിച്ച ഒന്നാം നരേന്ദ്രമോദി സർക്കാർ ഇന്ത്യൻ ഭരണഘടനയ്ക്ക് മേൽ ഏൽപ്പിച്ച ആയിരം വെട്ടുകളുടെ ആഘാതത്തിന്റെ തുടർച്ചയായി ആ നശീകരണ പ്രക്രിയ കൂടുതൽ ആഴത്തിലും പരപ്പിലും നടത്തിക്കൊണ്ടിരിക്കുകയാണ് രണ്ടാം മോദി സർക്കാർ എന്ന് ഖൈത്താൻ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. ഈ നശീകരണം നടന്നുകൊണ്ടിരിക്കുമ്പോൾ നമ്മളിൽ പലരും ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ആയിരുന്നു എന്നും അദ്ദേഹം അടിവര ഇടുന്നു. ദി വയറിൻ്റെ സമ്മതത്തോടെ പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത പരിസ്ഥിതി, സാമൂഹിക പ്രവർത്തകൻ സി.ആർ നീലകണ്ഠന്റെ പരിഭാഷ.


ഥാപ്പർ: എങ്കിൽ തൽക്കാലം ഈ വിഷയം ഇവിടെ വിടാം. രണ്ടാം മോദി സർക്കാരിനെ പറ്റിയുള്ള ചർച്ചയിൽ ഉന്നയിക്കാം. ഇതുവരെയുള്ളതു ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെയാകുമെന്നു തോന്നുന്നു. രണ്ട് തരത്തിൽ ഒന്നാം മോദി സർക്കാർ ജനാധിപത്യത്തിൽ ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൽ നിന്നും പുറകോട്ടു പോകുന്നു. ഒന്ന് ഒരു വലിയ വിഭാഗം ജനങ്ങളെ, 15 ശതമാനത്തിലധികം (ഇരുപതു കോടി) വരുന്ന മുസ്ലിം ന്യൂനപക്ഷങ്ങളെ അതിന്റെ പരിധിയ്ക്കു പുറത്താക്കുന്നു. അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിനുള്ള പ്രതിപക്ഷത്തിന്റെ ശേഷി ഇല്ലാതാക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ആർക്കു ആരിൽ നിന്നെല്ലാം ലഭിക്കുന്നു എന്നത് അറിയാൻ കഴിയാത്ത വിധം മറയ്ക്കപ്പെടുന്നു. ഫണ്ടിന്റെ 95 ശതമാനവും ഭരണകക്ഷിക്ക് മാത്രം ലഭിക്കുന്നു എന്നതും തിരഞ്ഞെടുപ്പിലെ വിവേചനമാകുന്നു.

നമുക്ക് രണ്ടാമത്തെ വിഷയത്തിലേക്കു വരാം. എക്സിക്യൂട്ടീവിന്റെ രണ്ടാമത്തെ ഉത്തരവാദിത്തമെന്നത് പ്രതിപക്ഷത്തോടും ജുഡിഷ്യറിയോടും മാദ്ധ്യമങ്ങളോടുമുള്ളതാണ്. മോദി സർക്കാരിന് പ്രതിപക്ഷത്തോട് യാതൊരു ഉത്തരവാദിത്തവും ഇല്ല എന്നത് ഏതാണ്ടെല്ലാവരും ഒരു പോലെ സമ്മതിക്കുന്ന വസ്തുതയാണ്. എന്നാൽ നീതിന്യായ വ്യവസ്ഥയോട് ഇവർക്ക് ഉത്തരവാദിത്തമില്ല എന്ന് എങ്ങനെയാണ് കണ്ടെത്തുന്നത്? എവിടെയാണ് അവർ ഇക്കാര്യത്തിൽ പരാജയപ്പെട്ടത്?

ഖൈത്താൻ: പറയാം. ഒന്നാം മോദി സർക്കാർ ആദ്യഘട്ടത്തിൽ തന്നെ കൊണ്ടുവന്ന, തുടക്കമായതിനാലും ഇത് ഒരു സാധാരണ സർക്കാർ എന്ന രീതിയിലും രാജ്യത്തിന് നന്മ ഉണ്ടാകുമെന്നു കരുതി പ്രതിപക്ഷവും പിന്താങ്ങിയ, ഒരു നിയമമായിരുന്നു ജുഡിഷ്യറിയിലെ നിയമനത്തിനുള്ള വ്യവസ്ഥകൾ പരിഷ്കരിക്കുന്ന നിയമഭേദഗതി. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സംവിധാനത്തിൽ എക്സിക്യൂട്ടീവിന് കൂടുതൽ ആധിപത്യം ഉണ്ടാക്കുന്നതായിരുന്നു ആ നിയമം. നിലവിലുള്ള കൊളീജിയത്തിനു പകരമുള്ള ഒരു സംവിധാനം എന്ന ആ നിയമഭേദഗതി കോടതി തന്നെ റദ്ദാക്കുകയും ചെയ്തു. ആ അധികാരം കോടതിക്ക് തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ നമ്മെയെല്ലാം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് പിന്നീട് നാം കണ്ടത്. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ആരംഭിച്ചതും പിന്നീട് നിലച്ചു പോയതുമായ രീതിയിൽ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചുള്ള കോളേജിയത്തിന്റെ നിർദ്ദേശങ്ങൾ നിരസിക്കപ്പെടുന്നു, എതിർക്കപ്പെടുന്നു, തീരുമാനമെടുക്കുന്നതിൽ ഏറെ കാലതാമസം വരുത്തുന്നു. സുപ്രീം കോടതിയിൽ മാത്രമല്ല ഹൈക്കോടതികളിലും ഇത് തുടർന്നു. ജഡ്ജിമാരുടെ നിയമനം എന്നത് സർക്കാരിന് വലിയ തലവേദനയാണെന്നു വരെ എത്തി. ഏതൊക്കെ ജഡ്ജിമാരുടെ നിയമനങ്ങൾക്കാണ് ഇവർ എതിര് നിന്നതു എന്ന് പരിശോധിച്ചാൽ അവരുടെ മുൻകാല വിധികളും നിലപാടുകളും പ്രശസ്തിയും വച്ച് കൊണ്ട് തന്നെ കാര്യങ്ങൾ വ്യക്തമാകും. സത്യസന്ധമായും ധീരമായും ഭരണകക്ഷിക്ക് എതിരാണെങ്കിലും ശരിയായ വിധികൾ പ്രസ്താവിച്ചവരാണിവർ. എൺപതുകളുടെ ആദ്യത്തിൽ മുതൽ ഇത്തരം പ്രവണതകൾ കണ്ടിരുന്നു. അത് തീർത്തും തെറ്റുമായിരുന്നു. ജുഡീഷ്യറിയെ ഇടിച്ചു താഴ്ത്തുന്നതിനുള്ള രണ്ടാമത്തെ ശ്രമം.

 

ഇന്ത്യൻ ഭരണ-നിയമ സംവിധാനങ്ങളുടെ ഘടന

ഥാപ്പർ: താങ്കളുടെ അഭിപ്രായങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ജഡ്ജിമാരുടെ നിയമനത്തെ തടയുന്നു, കോടതിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ മടി കാണിക്കുന്നു, ആ നിർദ്ദേശങ്ങളിൽ തീരുമാനമെടുക്കാതെ ദീർഘകാലം, വർഷങ്ങൾ തന്നെ വച്ച് താമസിപ്പിക്കുന്നു, എന്നാൽ ഇതിനു സുപ്രീം കോടതിയുടെ അധികാരത്തിൽ പെടുന്ന ഒരു മറുമരുന്നുണ്ടല്ലോ. കോടതിയലക്ഷ്യമെന്നതാണത്. എന്നാൽ സുപ്രീം കോടതി ഒരിക്കലും അതുപയോഗിച്ചിട്ടില്ല. സർക്കാരിനെതിരെയും സെക്രട്ടറിയുടെ നേരെയും പലപ്പോഴും കോടതി അത്തരം ഭീഷണി ഉയർത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും അത് പ്രയോഗിച്ചിട്ടില്ലല്ലോ. സർക്കാരിന്റെ സമ്മർദങ്ങൾ ഇത്രയേറെ ഉണ്ടായിട്ടും കോടതിയെ ഒരു അരുക്കാക്കിയിട്ടും സുപ്രീം കോടതിയും തങ്ങളുടെ പരിഹാര മാർഗം പ്രയോഗിക്കാതെ കീഴടങ്ങുന്നു എന്നല്ലേ അതിനർത്ഥം?

ഖൈത്താൻ: തീർച്ചയായും അത് ശരിയാണ്. ഇതുവഴി കോടതി തന്നെ അതിന്റെ വില ഇടിച്ച് താഴ്ത്തുന്നുണ്ട്. ഏതു ജനാധിപത്യ ഘടനയിലും കോടതികളിൽ നിന്നും നാം അധികമൊന്നും പ്രതീക്ഷിക്കരുത്. ഏറ്റവും അപകടം കുറഞ്ഞ ഘടകമാണ് കോടതികൾ. അവർക്കുള്ള അധികാരമെന്ന് പറയുന്നത് ആ ബെഞ്ചിനുള്ള അധികാരമാണ്. എന്നാൽ ആ കോടതി ഉത്തരവുകൾ നടപ്പാക്കേണ്ട ചുമതല എക്സിക്യൂട്ടീവിന് തന്നെയാണ്. പലയിടങ്ങളിലും കോടതിയുടെ ഉത്തരവുകൾ എക്സിക്യൂട്ടീവ് പൂർണ്ണമായും നിരസിക്കുകയാണ്. ഉദാഹരണത്തിന് ആധാർ കേസ്. ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധികൾ ഒരിക്കലും നടപ്പിലായില്ലല്ലോ. തങ്ങളുടെ ഉത്തരവുകൾ എക്സിക്യൂട്ടീവ് നടപ്പാക്കാതിരിക്കുമ്പോൾ കോടതിക്ക് പോകാവുന്നതിനു ഒരു പരിധിയുണ്ടല്ലോ. ഇതുവഴി കോടതി എന്നത് തന്നെ ഏറെ പരിഹാസ്യമാകുകയാണ്.

മൂന്നാമത്തെ കാര്യം ജഡ്ജിമാർക്കുള്ള രാഷ്ട്രീയ സമ്മാനങ്ങളും സ്ഥാനമാനങ്ങളുമാണ്. റിട്ടയർ ചെയ്ത ജഡ്ജിമാരെ പല സ്ഥാനങ്ങളിലേക്കും നിയമിക്കുന്നു. അവരെ പലരെയും ഗവർണർമാരാക്കുന്നു, എം.പി ആക്കുന്നു, ജഡ്ജിമാരുടെ കുപ്രസിദ്ധമായ പത്ര സമ്മേളനം നമുക്കോർമ്മയുണ്ടല്ലോ. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ച് പത്രസമ്മേളനം നടത്തിയ ജഡ്ജിമാർ പറഞ്ഞത്  ഡെന്മാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു എന്നാണല്ലോ. നോക്കൂ. 2018ലെ ശബരിമല കേസിലെ വിധി നടപ്പാക്കില്ല എന്ന് പരസ്യമായ നിലപാടെടുത്ത അനുഭവം നമ്മുടെ മുന്നിലുണ്ടല്ലോ. ഇതെല്ലാം വഴി സൃഷ്ടിക്കപ്പെടുന്ന ഒരു അന്തരീക്ഷമുണ്ട്. അത് വഴി സുപ്രീം കോടതിക്ക് സർക്കാർ കൊടുക്കുന്ന മുന്നറിയിപ്പ് ഇതാണ്, നിങ്ങൾ പറയുന്നതെല്ലാം നടപ്പിലാക്കാൻ ഞങ്ങൾ തയ്യാറല്ല എന്ന് തന്നെ. തങ്ങൾ തിരിച്ചടിക്കും എന്ന

Hindustan Times’ report from 1 February 2023

പിന്നെ ആശ്രയിക്കാവുന്നത് ഭരണഘടനാപരമായ ചില മര്യാദകളെയാണ്. ചില കാര്യങ്ങൾ ചെയ്യുന്നത് കേവലം അതിന്റെ നിയമബാധ്യതയോ ഒന്നും നോക്കിയല്ലല്ലോ. ഒരു സാധാരണ മര്യാദ മാത്രം. ഉദാഹരണത്തിന് ഒരു സിവിൽ സമൂഹത്തിൽ അയൽക്കാരന് ഒരു ആവശ്യം വരുമ്പോൾ നമ്മൾ സഹായിക്കുന്നത് നിയമപരമായ ബാധ്യത കൊണ്ടല്ലല്ലോ. ഇത്തരം ഒരു മര്യാദകളും പാലിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. അതിനവർ താല്പര്യമുള്ളവരുമല്ല.

ഥാപ്പർ: താങ്കൾ പറയുന്നത് കോടതിയുടെ ഉത്തരവുകൾ പാലിക്കാതിരിക്കുക വഴി അല്ലെങ്കിൽ പാലിക്കില്ലെന്നു പ്രഖ്യാപിക്കുക വഴി ഈ സർക്കാർ മര്യാദയില്ലാത്ത അല്ലെങ്കിൽ നാണമില്ലാത്ത സർക്കാരായി എന്നാണോ? 

ഖൈത്താൻ: തീർച്ചയായും ഇത് ഭരണഘടനാപരമായ നാണക്കേടാണ്. കോടതി ധൈര്യമുള്ളതും പ്രായോഗികതയുള്ളതും ആയിരിക്കണമല്ലോ. ഞാൻ സുപ്രീം കോടതിയെ ന്യായീകരിക്കുകയല്ല. തുടക്കം മുതൽ തന്നെ ഇത്തരം കാര്യങ്ങളിൽ കൃത്യമായ അതിർത്തി രേഖ വരച്ചു കൊണ്ട് കൊണ്ട് ഈ പ്രവണതകളെ മുളയിലേ നുള്ളിയിരുന്നെങ്കിൽ ഇത് പലതും കോടതിക്ക് തടയാമായിരുന്നു എന്നത് സത്യമാണ്. കോടതിയുടെ ഉത്തരവുകൾ പാലിക്കേണ്ടതില്ലെന്നു സർക്കാരുകൾക്ക് ധൈര്യം കിട്ടുന്നതോടെ അവർ അതേ രീതിയിൽ തന്നെ മുന്നോട്ടു പോകുമല്ലോ. രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരത്തിൽ കോടതി പുറകോട്ടു പോകുന്നു എന്നത് തന്നെയാണ്. കോടതിയുടെ സ്വഭാവം മാറുന്നു. സർക്കാരിനെ അനുകൂലിക്കുന്നവർ കൂടുതൽ കൂടുതൽ ജഡ്ജിമാരായി നിയമിക്കപ്പെടുന്നു. അങ്ങനെയും കോടതിക്ക് മാറാമല്ലോ.

ഥാപ്പർ: മൂന്നാമത്തേത്, മാദ്ധ്യമങ്ങളോട് സർവ്വകലാശാലകളടക്കമുള്ള അക്കാദമിക സ്ഥാപനങ്ങളുടെ വിമർശനങ്ങളോട്, സിവിൽ സമൂഹത്തോട് ഒക്കെയുള്ള ഉത്തരവാദിത്തത്തെ സംബന്ധിച്ചാണ്. ഈ മൂന്ന് സ്ഥാപങ്ങളോടും ഒരു വിധ ഉത്തരവാദിത്തങ്ങളുമില്ലാതെയാണ് മോദിസർക്കാർ പെരുമാറിയിരുന്നത് എന്നത് ഒരു മാതിരി എല്ലാവരും സമ്മതിക്കുന്ന ഒന്നാണ്. സർക്കാരിന്റെ നിരുത്തരവാദിത്തം ഏറ്റവും പ്രകടമായി കാണുന്നത് ഇതിലല്ലേ? 

ഖൈത്താൻ: ഇതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സ്വതന്ത്ര ഭാഷണത്തിനുള്ള അവകാശം, യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം തുടങ്ങി ഭരണഘടന ഉറപ്പു നൽകുന്ന സിവിൽ സമൂഹത്തിന്റെ അവകാശങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ അവസ്ഥ ഒട്ടും മെച്ചമല്ല.

സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന മാധ്യമപ്രവർത്തകർ

ജുഡീഷ്യറിയുടെ ഭാഗത്തു നിന്ന് പോലും ഇത്തരം അവകാശങ്ങളുടെ സംരക്ഷണ വിഷയങ്ങളിൽ വിമുഖത ഉണ്ടാകാറുണ്ട്. കാരണം മുൻകാല സർക്കാരുകളും സിവിൽ സമൂഹങ്ങളുമായുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ, പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പലപ്പോഴും വേണ്ടത്ര ജാഗരൂകരായിരുന്നില്ല എന്നത് തന്നെയാണ്. മുൻകാലങ്ങളിലും സിവിൽ സാമൂഹ്യപ്രവർത്തകരെ തടയൽ, അവർക്കെതിരായ അക്രമങ്ങൾ മുതലായവ നടന്നിരുന്നു. പക്ഷെ അന്ന് അതിനു ചില പരിധികൾ ഉണ്ടായിരുന്നു. എന്നാൽ ഈ സർക്കാർ വന്നതിനുശേഷം ആ പരിധി വളരെ വളരെ കുറച്ചിരിക്കുന്നു. ഭീകരവാദപ്രവർത്തങ്ങളെയും അല്ലെങ്കിൽ അതിലേക്കു നയിക്കുന്നവയെയും സർക്കാരുകൾ ശക്തമായി നേരിടുന്നതിൽ തെറ്റില്ല. എന്നാൽ സർക്കാരിനും ഭരണകക്ഷിക്കുമെതിരായ പ്രവർത്തനങ്ങളെ ഭീകരപ്രവർത്തനമായി കാണുന്നതാണ് ഇന്നത്തെ സർക്കാരിന്റെ സമീപനം. സാമൂഹ്യപ്രവർത്തകരാകാം, നിയമജ്ഞരാകാം, മാദ്ധ്യമപ്രവർത്തകരാകാം അവർക്കെതിരെ നടത്തുന്ന ക്രിമിനൽ ആക്രമണം വളരെ വർധിച്ചിരിക്കുന്നു. കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്, ജെ.എൻ.യുവിലെ കുട്ടികൾ, സി.എ.എ വിരുദ്ധ സമരം നടത്തിയവർ എന്നിവർക്കെല്ലാമെതിരെയുള്ള ആക്രമണം ഇന്ത്യയെ ആഗോള സമൂഹത്തിനു മുന്നിൽ വ്യത്യസ്തരായി കാണിക്കുന്നു. സിവിൽ സമൂഹപ്രവർത്തകക്കെതിരായ അക്രമങ്ങൾ ഇന്ത്യയെ ലോക സമൂഹത്തിനു മുന്നിൽ നാണം കെടുത്തുന്നു. പത്ത് വർഷം മുമ്പ് ഇന്നത്തെ ഒരിന്ത്യയിലേക്കു നാം എത്തിച്ചേരുമെന്ന് ഞാനോ നിങ്ങളോ പ്രതീക്ഷിച്ചിരിക്കില്ല. പ്രതീക്ഷിച്ചിരുന്നതേയില്ല. ഏതെങ്കിലും വിഷയത്തെകുറിച്ച ഒരു സ്വതന്ത്ര അഭിപ്രായപ്രകടനം നടത്തുന്നത് ഇന്ന് അപകടകരമായ ഒന്നായിരിക്കുന്നു. രണ്ട് വട്ടം ചിന്തിച്ച ശേഷമേ അതിനു കഴിയുകയുള്ളൂ. 

ഥാപ്പർ: മാദ്ധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റങ്ങൾ ഇതിന്റെ ഭാഗമായി എങ്ങനെ വിലയിരുത്താൻ കഴിയുന്നു? മാദ്ധ്യമപ്രവർത്തകരോടുള്ള സമീപനം അടിയന്തരാവസ്ഥക്കാലത്തേക്കാൾ വളരെ മോശമാണെന്നും ചുരുക്കത്തിൽ ഇത് അടിയന്തരാവസ്ഥക്കാലത്തെ സെൻസർഷിപ്പ്  നിയന്ത്രണത്തെക്കാൾ അപകടകരമാണെന്നും തോന്നുന്നുണ്ടോ?

ഖൈത്താൻ: ഇതിനുള്ള എന്റെ മറുപടി അല്പം സങ്കീർണ്ണമാണ്. അന്ന് അവസ്ഥ അപകടകരമായിരുന്നു. നിങ്ങൾ തടവറയിലാണെങ്കിൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. കൃത്യമായ സെൻസർഷിപ്പ് ഉണ്ടെങ്കിൽ നിങ്ങൾക്കൊന്നും എഴുതാനും കഴിയില്ലല്ലോ. എന്നാൽ മോദി  ഭരണത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അവർ അറസ്റ്റൊന്നും ചെയ്യുന്നില്ല. എന്നാൽ മാദ്ധ്യമപ്രവർത്തകരുടെ ഉള്ളിൽ വലിയ തോതിൽ ഭയം ജനിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. അടിയന്തരാവസ്ഥക്കാലത്തു എവിടെയാണ് നിങ്ങളുടെ പരിധി എന്ന് നിങ്ങൾക്കറിയാം. എന്ത് ചെയ്യാം, എന്ത് ചെയ്തുകൂടാ എന്നും അറിയാമായിരുന്നു. ഇപ്പോൾ ആ പരിധി നിങ്ങൾക്കറിയില്ല. അത് മറ്റു ചിലർ തീരുമാനിക്കുന്നു. ഭീതികൊണ്ടുള്ള ഒരു തരം സ്വയം സെൻസർഷിപ്പിന്റെ ആവശ്യം വരുന്നു. രണ്ടാമതായി അന്ന് എതിരാളി ദൃശ്യമായിരുന്നു. എന്നാൽ ഇന്ന് അത് അദൃശ്യമാണ്. അതുകൊണ്ട് തന്നെ അതിനെതിരെ അഭിപ്രായ രൂപീകരണമോ എതിർപ്പിന്റെ സംഘാടനമോ നടത്തുക എന്നത് ഏറെ ദുഷ്കരമാകുന്നു. ആ രീതിയിൽ നോക്കിയാൽ ഇത് അടിയന്തരാവസ്ഥയെക്കാൾ അപകടകരമാണ്. കാരണം അന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു എന്താണ് തെറ്റ് എന്ന്. അതുകൊണ്ടാണ് അടുത്ത തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ അവർ തൂത്തെറിഞ്ഞത്. ഇവിടെ ആരാണ് എതിരാളി എന്ന് ബോധ്യപ്പെടുത്തുക ബുദ്ധിമുട്ടാകുന്നു.

എൻ.ഡി.ടി.വി ന്യൂസ് ഓഫീസ്

ഥാപ്പർ: നിങ്ങൾ പറയുന്നത് ശരിയാണ്. ഇന്ന് മാദ്ധ്യമപ്രവർത്തകർ നേരിടുന്ന സംഘർഷം വളരെ കടുത്തതാണ്. എന്താണ് നടക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുന്നില്ല. 

ഖൈത്താൻ: ഒരു കാര്യം കൂടി കരൺ. ഇന്ന് മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാരിനേക്കാൾ കോർപറേറ്റുകൾക്കുള്ള പങ്കു വളരെ വലുതാണ്. മുമ്പ് അതുണ്ടായിരുന്നില്ല. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായി തങ്ങളെ എതിർക്കുന്ന മാദ്ധ്യമങ്ങളെ അവർ വിലക്ക് വാങ്ങുകയാണ്. അത് വളരെ എളുപ്പമുള്ള ഒരു പണിയായി മാറിയിരിക്കുന്നു. ഇതൊരു ആഗോളരീതിയാണ്. വളരെ ഫലപ്രദമായി ഇന്ത്യയിലും പ്രയോഗിക്കപ്പെടുന്നു.

ഥാപ്പർ: കോർപറേറ്റുകളെ മറ്റൊരു രീതിയിലും സർക്കാർ ഉപയോഗിക്കുന്നുണ്ട്. ഏതു മാദ്ധ്യമങ്ങൾക്കു, പരിപാടികൾക്ക്, പരസ്യങ്ങൾ നൽകണം, ഏതിനെല്ലാം നൽകരുത് എന്ന നിർദ്ദേശങ്ങൾ സർക്കാർ നൽകുന്നു. അവർ പാലിക്കുന്നു. സർക്കാരിനെ വിമർശിക്കുന്ന മാദ്ധ്യമങ്ങൾക്കു പരസ്യങ്ങൾ ലഭ്യമാകാതെ അവരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്നു. മിക്ക കോർപറേറ്റുകളും ഇതംഗീകരിക്കുന്നു. സർക്കാരുമായുള്ള സംഘർഷങ്ങൾക്കൊന്നും അവർ തയ്യാറാകില്ല. അതവർക്ക് ഗുണകരവുമല്ല. ചുരുക്കിപ്പറഞ്ഞാൽ 2014-19 കാലത്തു എക്സിക്യൂട്ടീവ് മറ്റു ജനാധിപത്യസ്ഥാപനങ്ങളുടെ വിലയിടിക്കുകയും അവരെ ഒരു പരിധി വരെ പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്നു. കീഴടങ്ങാത്തവയെ അവർ പിടിച്ചടക്കുന്നു.

എക്സിക്യൂട്ടീവിൽ തന്നെ പാർട്ടിക്ക് താൽപര്യപ്പെട്ടവർ മാത്രം അധികാരസ്ഥാനങ്ങളിൽ എത്തുകയും അത് വഴി ആ സ്ഥാപനങ്ങളുടെ മൂല്യമിടിച്ചു താഴ്ത്തുകയും ചെയ്യുന്നു എന്നാണല്ലോ. സ്ഥാപനങ്ങളെ ഇടിച്ചു താഴ്ത്തുന്നതും അവയിൽ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റി പിടിച്ചെടുക്കുകയും ചെയ്യുന്ന രീതികൾ ഉണ്ടായിട്ടുണ്ട്. മോദി സർക്കാർ ഇതിലേതിനാണ് പ്രാധാന്യം കൊടുത്തതെന്നാണ് താങ്കൾ കരുതുന്നത്?

ഖൈത്താൻ: ഇത് ഓരോ സ്ഥാപനങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. എക്സിക്യൂട്ടീവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ അവർക്കു പെട്ടന്ന് പിടിച്ചെടുക്കാൻ കഴിയുന്നു. ഉദാഹരണത്തിന് ഗവർണറുടെ ഓഫിസ്, സി.ബി.ഐ, ഇ.ഡി മുതലായവ. ഇവയെയൊക്കെ മുൻ സർക്കാരുകളും ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്നാൽ ഇന്നത്തെ അളവിൽ ഒരിക്കലും ആരും ഇത് ചെയ്തിട്ടില്ല. വളരെ ചെറിയ കാര്യത്തിന് പോലും ഇവയെ അവർ ഇപ്പോൾ ഉപയോഗിക്കുന്നു. വളരെ പ്രത്യക്ഷമായി തന്നെ എതിരാളികൾക്കെതിരെ ഇവയെ ഉപയോഗപ്പെടുത്തുന്നു. മുൻ സർക്കാരുകളെക്കാൾ ഈ സർക്കാർ ഇവയെയെല്ലാം കയ്യടക്കിയിരിക്കുന്നു. നിരവധി സ്ഥാപനങ്ങളെ ഇവർ വിലയില്ലാത്തവ ആക്കിയിരിക്കുന്നു. കോടതികളുടെ കാര്യം നമ്മൾ കണ്ടു. ജനാധിപത്യത്തിന്റെ മറ്റു ചില അവശ്യ സ്ഥാപനങ്ങളായ തെരഞ്ഞെടുപ്പ് കമ്മീഷനും റിസർവ്വു ബാങ്കും മറ്റും അങ്ങനെ വിലകുറഞ്ഞ സ്ഥാപനങ്ങളാക്കിയിരിക്കുന്നു. പിടിച്ചെടുക്കുക എന്നത് അവസാനത്തെ ലക്ഷ്യമാണ്. അതിനായി അവയെ വിലയിടിച്ചു കൊണ്ടിരിക്കുന്നു. ഒരുക്കപ്പെടുകയാണ് ഇവയെല്ലാം. അന്തിമമായ നിയന്ത്രണം ഒന്നുകിൽ പണം ഉപയോഗിച്ചായിരിക്കും അല്ലെങ്കിൽ അതിലെല്ലാം അധികാരത്തിലെത്തുന്ന വ്യക്തികൾ വഴിയായിരിക്കും.

(തുടരും)


സി.ആർ നീലകണ്ഠൻ (പരിഭാഷകൻ)

Click Here for PART ONE. To watch the original video of the interview, Please Click Here.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM