A Unique Multilingual Media Platform

The AIDEM

Articles Politics

സമാധാനജീവിതം സർക്കാർ ഉറപ്പുതരാതെ ആർ.എസ്.എസ്സുമായി മുംസ്ലീകൾ എന്തിന് ചർച്ച തുടരണം?

  • February 28, 2023
  • 1 min read
സമാധാനജീവിതം സർക്കാർ ഉറപ്പുതരാതെ ആർ.എസ്.എസ്സുമായി മുംസ്ലീകൾ എന്തിന് ചർച്ച തുടരണം?

ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മുസ്ലീം സംഘടനകളുമായി ആർ.എസ്.എസ് നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ ‘ദി ഐഡം’ ലേഖന പരമ്പര തുടരുന്നു.

പരമ്പരയിലെ മൂന്നാമത്തെ ലേഖനം പ്രമുഖ മാധ്യമപ്രവർത്തകനായ എ. റശീദുദ്ദീൻ ആണ് എഴുതുന്നത്. ഹരിയാനയില്‍ രണ്ട് യുവാക്കളെ ഗോരക്ഷക ഗുണ്ടകളും  പോലീസും ചേര്‍ന്ന് ചുട്ടുകൊന്നതിലടക്കം പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാനോ ഇനിയൊരിക്കലും ഇത്തരമൊരു സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താൻ പോലുമോ ചർച്ചയ്ക്ക് ശേഷവും ആർ.എസ്.എസ് തയ്യാറായിട്ടില്ല. അതേസമയം, കാശിയും മഥുരയും ചുളുവില്‍ നേടിയെടുക്കാനുള്ള അജണ്ടയാക്കി ചർച്ചയെ ആർ.എസ്.എസ് മാറ്റുകയും ചെയ്തു. ഈ അനുഭവത്തിൻറെ അടിസ്ഥാനത്തിൽ ചർച്ചയുടെ അടുത്ത ഘട്ടങ്ങളില്‍ എന്തിന് മുസ്‌ലിം സമൂഹം സഹകരിക്കണമെന്ന് എ. റശീദുദ്ദീൻ ചോദിക്കുന്നു. ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാജ്യത്തില്‍, സ്വന്തം പങ്ക് നിര്‍ണയിക്കാനോ മുസ്‌ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാനോ ഒന്നും ഈ ചര്‍ച്ചകള്‍ കൊണ്ട് കഴിയില്ല എന്നും ലേഖകൻ സമർത്ഥിക്കുന്നു.


രൂപീകരിക്കപ്പെട്ട് ഏതാണ്ട് നൂറു വര്‍ഷം തികയാനിരിക്കെയാണ് മുസ്‌ലിംകളുമായി ആര്‍.എസ്.എസ് ഉന്നതതലത്തില്‍ ഒരു ചര്‍ച്ചക്കു സന്നദ്ധമാകുന്നത്. ആ സംഘടന ഇത്രയും കാലം മുന്നോട്ടുവെച്ച സിദ്ധാന്തങ്ങള്‍ ദുരിതപുര്‍ണമാക്കിയ ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തോട് ഒടുവിലെങ്കിലും അവര്‍ സംസാരിക്കാന്‍ തീരുമാനിച്ചത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ഹിന്ദുത്വം പുതിയ ഇന്ത്യയില്‍ എല്ലാവരുടെയും രാഷ്ട്രീയ വാഹനമായി മാറി കൊണ്ടിരിക്കുന്നതും മറുവശത്ത് ഒറ്റപ്പെടുന്നതും മുസ്‌ലിംകള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ ലോകത്തെ ഏറ്റവും അപകടകരമായ ഒരു നിലവാരത്തിലേക്ക് കൊണ്ടെത്തിച്ച സ്വന്തം സിദ്ധാന്തങ്ങളെ കുറിച്ച് ആര്‍.എസ്.എസിന് പുനര്‍വിചാരമുണ്ടാകുന്നുവെങ്കില്‍ അത് നല്ലതല്ലേ? ‘വസുധൈവ കുടുംബക’വും ‘സബ്കാ സാഥ് സബ് കാ വികാസു’മൊക്കെ കുറെക്കൂടി വിശ്വാസ്യത നേടിയെടുക്കേണ്ട ആശയങ്ങളാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ ചര്‍ച്ചകളെങ്കില്‍ അതും രാജ്യത്ത് ഗുണപരമായി വലിയ മാറ്റമാണല്ലോ ഉണ്ടാക്കാന്‍ പോകുന്നത്. നേർക്കു നേരെ മുസ്‌ലിംകളെ ചര്‍ച്ചക്കു ക്ഷണിക്കുകയോ മുസ്‌ലിം ജനസാമാന്യത്തെ വിശ്വാസത്തിലെടുക്കാന്‍ സഹായിക്കുന്ന വിശാലമായ പശ്ചാത്തലങ്ങളൊരുക്കുകയോ ആര്‍.എസ്.എസ് ചെയ്തിട്ടില്ലെങ്കിലും, അവരുമായി കൂടിക്കാഴ്ചക്കു പോയ മുസ്‌ലിം പ്രതിനിധികള്‍ക്കും ഇടനിലക്കാരായി നിന്ന മുസ്‌ലിം സമുദായത്തിലെ ഉന്നത സ്ഥാനീയരായ വ്യക്തിത്വങ്ങള്‍ക്കുമിടയില്‍ ഇങ്ങനെയൊരു ധാരണയാണ് ഉണ്ടായിരുന്നത്. അപൂര്‍ണവും ഭാഗികവുമായിരുന്നു ഈ ചര്‍ച്ചകളെന്ന് ആദ്യമേ പറയട്ടെ.

അഞ്ച് ‘സര്‍ക്കാരീ മുസല്‍മാന്‍’മാരായിരുന്നു ആര്‍.എസ്.എസ് അധ്യക്ഷനുമായി ആദ്യഘട്ടത്തില്‍ ചര്‍ച്ചക്ക് പോയത്. അതിലൊരാളുടെ ആത്മകഥയില്‍ നിന്നെടുത്തതാണ് ഈ വിശേഷണം. മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ നടന്ന ഈ ചര്‍ച്ചക്കു പിന്നാലെയാണ് ജീവിതത്തിലാദ്യമായി ഒരു മദ്രസ കാണാനായി മോഹന്‍ ഭാഗവത് കയറിച്ചെന്നത്. മുസ്‌ലിംകളിലെ ബഹുഭാര്യത്വം, മദ്രസാ സമ്പ്രദായം ഇവയെ കുറിച്ചൊക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ആര്‍.എസ്.എസ് ഉന്നയിക്കുന്നതെന്ന് ഈ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ രണ്ട് ആഴ്ചകള്‍ക്കു ശേഷമാണ് ദല്‍ഹിയിലെ മദ്രസ തജ്‌വീദുല്‍ ഖുര്‍ആനിലേക്ക് ആര്‍.എസ്.എസ് സര്‍സംഘ് ചാലക് കയറിവന്നത്. വായനക്കാരുടെ സൗകര്യത്തിനു വേണ്ടി ഒരു ചെറിയ വിശദീകരണം കൂടി നല്‍കട്ടെ. കേരളത്തില്‍ മനസ്സിലാക്കപ്പെടുന്ന മട്ടില്‍ കുട്ടികളുടെ അവധി സമയ മതപാഠശാലകളല്ല ഉത്തരേന്ത്യയിലെ മദ്രസകള്‍. സ്വകാര്യ വിദ്യാഭ്യാസ മേഖല മാത്രമല്ല, സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ദരിദ്രരായ മുസ്‌ലിംകള്‍ക്ക് അപ്രാപ്യമായി നിലകൊള്ളുമ്പോള്‍ ഫീസും ഭക്ഷണവും താമസവും സൗജന്യമായി നല്‍കിയാണ് അവിടത്തെ മദ്രസകള്‍ വിദ്യാര്‍ഥികളെ ഏറ്റെടുക്കുന്നത്. മദ്രസാ ബോര്‍ഡിന്റെ പരീക്ഷ പാസാകുന്നവര്‍ക്ക് ബി.യു.എം.എസ് അടക്കമുള്ള കോഴ്‌സുകളിലടക്കം പ്രവേശനത്തിനുള്ള അര്‍ഹതയും ഉത്തരേന്ത്യയിലുണ്ട്. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ രൂപപ്പെട്ട ഈ സംവിധാനത്തിന് ആര്‍.എസ്.എസ് ആരോപിക്കുന്ന ഭീകരവാദ നഴ്‌സറികളുടെ ചിത്രം ഒരിക്കല്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ മദ്രസകളെ ശരിയായി മനസ്സിലാക്കാന്‍ വൈ.എസ്. ഖുറൈശിയും ഒപ്പമുള്ളവരുമാണ് ഭാഗവതിനെ പ്രേരിപ്പിച്ചതെന്നു വിശ്വസിക്കുന്നിടത്തും വലിയ അബദ്ധമുണ്ട്. അദ്ദേഹത്തിനോ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പിക്കോ അറിയാത്തതല്ല ഇന്ത്യന്‍ മദ്രസകളുടെ യഥാര്‍ഥ ചരിത്രം. ഒരു ‘കയ്യിലെടുക്കല്‍ തന്ത്ര’മായി ആ സന്ദര്‍ശനത്തെ കാണുന്നതാണ് ശരി.

മദ്രസകളും മുസ്‌ലിംകളും

പക്ഷേ, മുസ്‌ലിം നേതൃത്വത്തെ വിശ്വാസത്തിലെടുക്കാന്‍ ഈ മദ്രസാ സന്ദര്‍ശനമാണ് ആര്‍.എസ്.എസിനെ ഏറ്റവുമധികം സഹായിച്ചത്. പ്രത്യേകിച്ചും, ദയൂബന്തിന്റെയും അജ്മീറിന്റെയും ബറേല്‍വി സംഘത്തിന്റെയും നേതാക്കളെ. അതിന്റെ ഗൗരവം ബോധ്യപ്പെടുത്താനായി മാത്രം ചില കണക്കുകള്‍ ചൂണ്ടിക്കാണിക്കട്ടെ. ന്യൂനപക്ഷ മന്ത്രാലയം സഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, ഇന്ന് ഇന്ത്യയില്‍ 24,010 മദ്രസകളാണുള്ളത്. 4,878 എണ്ണം രജിസ്റ്റര്‍ ചെയ്യാത്തവയാണ്. പക്ഷെ രാജ്യത്തുടനീളം മദ്രസകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ഉത്തര്‍പ്രദേശിനെ എടുക്കുക. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട മദ്രസകളില്‍ 2017 ല്‍ 3.71 ലക്ഷം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നിടത്ത് 2018 ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ 2.7 ലക്ഷവും, 2019 ല്‍ 2.06 ലക്ഷവും, 2020 ല്‍ 1.82 ലക്ഷവും, ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം 1.68 ലക്ഷവുമായി ചുരുങ്ങി. പകുതിയിലേറെയാണ് അഞ്ചു വര്‍ഷത്തിനിടയില്‍ ഉണ്ടായ ഇടിവ്. ഓരോ വര്‍ഷവും ശരാശരി 40,000 വീതം വിദ്യാര്‍ഥികള്‍ എണ്ണം കുറഞ്ഞു വരികയാണുണ്ടായത്. എന്തുകൊണ്ടിത് സംഭവിക്കുന്നു? വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഒരുപോലെ ഭയം സൃഷ്ടിക്കുകയാണ് യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ചെയ്യുന്നത്. 5,000 ത്തില്‍ പരം മദ്രസകള്‍ ഇതിനകം യു.പിയില്‍ അടച്ചു പൂട്ടിച്ചു. ആസാമില്‍ ഇത് കുറെക്കൂടി വ്യാപകമായ തോതിലാണ് നടന്നു വരുന്നത്. നിസ്സാരമായ ക്രമക്കേടുകളുടെ പേരിലാണ് പലയിടത്തും താഴുവീണത്. കടലാസില്‍ മാത്രം നിലനിന്ന, മായാവതിയുടെ കാലത്ത് അംഗീകാരം കൊടുത്ത, ചില മദ്രസകള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു എന്നത് നിഷേധിക്കുന്നില്ല. വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാത്തതിന്റെ പേരില്‍, അടച്ചു പൂട്ടിച്ചവയുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ തുച്ഛമാണ് ഈ തട്ടിപ്പുകാരുടെ എണ്ണം. യു.പിയിലെ മദ്രസകളിലൂടെ ജില്ലാഭരണകൂടങ്ങളുടെ പിണിയാളുകള്‍ തലങ്ങും വിലങ്ങും ഓടിനടക്കുന്നുണ്ട്. മദ്രസാ നടത്തിപ്പിന് എവിടെ നിന്ന് പണം വരുന്നു? എന്താണ് സിലബസ്? എവിടെ നിന്നാണ് കുട്ടികള്‍ വരുന്നത്? ആരാണ് അധ്യാപകര്‍ ? എന്നും മറ്റുമുള്ള കാര്യങ്ങള്‍ സര്‍ക്കാറിനെ കൃത്യമായി അറിയിക്കണമെന്നാണ് ചട്ടം. അതിലൊന്നും ഒരു തെറ്റുമില്ലെന്നു മാത്രമല്ല ഏതാണ്ടെല്ലാ മദ്രസകളും യു.പിയില്‍ ചെയ്തുവരുന്ന കാര്യവുമാണത്. യു.പിയിലാണ് രാജ്യത്ത് ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്യപ്പെട്ട മദ്രസകളുള്ളതും. മദ്രസകളെ വ്യവസ്ഥാപിതമാക്കി നടത്താന്‍ സഹായിക്കാനാണ് സര്‍ക്കാര്‍ ഈ അന്വേഷണങ്ങള്‍ നടത്തുന്നതെന്നാണ് ഇതെ കുറിച്ച് മുന്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അവകാശപ്പെട്ടത്. എന്നാല്‍ സംഭവിക്കുന്നതോ? അവരുടെ സാമ്പത്തിക സോഴ്‌സുകളില്‍ പിടിമുറുക്കുകയും, മദ്രസകള്‍ക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കൊടുക്കുകയും, മദ്രസാ നടത്തിപ്പുകാരെ കള്ളക്കേസുകളില്‍ കുടുക്കുകയുമൊക്കെയാണ്. വൈരനിര്യാതന ബുദ്ധിയോടെയല്ല, നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ബി.ജെ.പി വാദിച്ചു നില്‍ക്കുന്നുമുണ്ട്. അതായത് സുതാര്യമായി നടത്താന്‍ മദ്രസകളെ സഹായിക്കുകയാണെന്ന്. പക്ഷെ മദ്രസാ വിദ്യാഭ്യാസ രംഗം ആത്യന്തികമായി ഇന്ത്യയില്‍ തകര്‍ന്നടിയുകയാണ് ചെയ്തത്.

ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര ജനറൽ സെക്രട്ടറി ടി ആരിഫ് അലി

രണ്ടാം ക്‌ളാസു മുതല്‍ മദ്രസയില്‍ പഠിച്ച് 2019 ല്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചു കയറിയ ശാഹിദ് റസാഖാനെ പോലെയുള്ളവരുടെ അടിസ്ഥാനം കൂടിയാണ് മദ്രസകളെന്ന് കൂട്ടത്തില്‍ ഓര്‍മ്മിപ്പിക്കട്ടെ. പിതാവിന്റെ ദാരിദ്യമായിരുന്നു റസയെ ഏഴാം വയസ്സില്‍ ബീഹാറിലെ ഗയയിലുള്ള മദ്രസയിലെത്തിച്ചത്. അതിനു ശേഷമാണ് ജെ.എന്‍.യുവിലേക്കും സിവില്‍ സര്‍വീസിലേക്കും അയാള്‍ എത്തിപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്യുന്ന എത്രയോ പേര്‍ ഇങ്ങനെയുണ്ട്. മദ്രസാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയുമ്പോള്‍ അപ്പുറത്ത് പൊതുവിദ്യാഭ്യാസ ബോര്‍ഡിലേക്ക് ഈ വിദ്യാര്‍ഥികള്‍ അധികമായി എത്തിപ്പെടുന്നുണ്ടോ? ഇല്ല എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരുകയ്യില്‍ ഖുര്‍ആനും മറ്റേ കയ്യില്‍ ലാപ്‌ടോപ്പും സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചവര്‍ക്ക് തന്നെയാണ് ഈ സാഹചര്യം എന്തുകൊണ്ടുണ്ടായി എന്ന് വിശദീകരിക്കേണ്ട ബാധ്യത. ജനാധിപത്യം മുതല്‍ സാമ്പത്തികം വരെയുള്ള മേഖലകളെയെല്ലാം ‘നേരെയാക്കിയ’ മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തന ശൈലി മുന്നില്‍ വെച്ചു നോക്കുമ്പോള്‍ മദ്രസാ വിദ്യാഭ്യാസ പദ്ധതിയെ മാത്രമായി അവര്‍ പുഷ്ടിപ്പെടുത്തേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അത്രയും യുവാക്കള്‍ തെരുവില്‍ എത്തിപ്പെടുന്നതിന്റെ അപകടങ്ങള്‍ ഒടുവിലെങ്കിലും ആര്‍.എസ്.എസ് അധ്യക്ഷന് മനസ്സിലായി എന്നാണ് മുസ്‌ലിം നേതൃത്വം വിലയിരുത്തിയത്.

ചര്‍ച്ച ആരുടെ ആഗ്രഹം?

ഒന്നാം ഘട്ട ചര്‍ച്ച നടക്കുന്ന അവസരത്തില്‍ ഉറുദു കവി ജാവേദ് അഖ്തര്‍ തുടക്കമിട്ട ഒരു വിവാദം ഇന്ത്യയിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ഇപ്പോള്‍ പലരും ഓര്‍ക്കുന്നുണ്ടാവില്ല. മദ്രസകള്‍ അടച്ചു പൂട്ടുന്നതിന്റെയും ഹിജാബിനെ ചൊല്ലി മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസിനെയും അഫ്ഗാന്‍ താലിബാനെയും തുലനം ചെയ്ത അഖ്തറുടെ പ്രസ്താവന പുറത്തു വന്നത്.  കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 3, 4 തീയതികളില്‍ നാഗ്പൂരില്‍ നടന്ന ആര്‍.എസ്.എസ് ഉന്നതതല നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്കു വരികയുമുണ്ടായി. അതെ തുടര്‍ന്നാണ് മുസ്‌ലിംകളുമായി ഒരു ഡയലോഗ് ആവശ്യമുണ്ടെന്ന നിലപാടിലേക്ക് മോഹന്‍ ഭാഗവത് എത്തുന്നത്. മറുഭാഗത്ത് ഇത്രയേറെ കടുത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടും ആര്‍.എസ്.എസുമായി ചര്‍ച്ച വേണമെന്ന് മുസ്‌ലിം സംഘടനകള്‍ ഒറ്റക്കോ സംയുക്തമായോ ആവശ്യപ്പെട്ടിരുന്നില്ല. രാജ്യത്തിന്റെ ഉപ്പും വെണ്ണയുമായി ജീവിക്കുന്ന ഒരുകൂട്ടം സഹജീവികളെ കുറിച്ച് ഇക്കണ്ട കാലമത്രയും പറഞ്ഞു പരത്തിയ ദുഷിപ്പുകള്‍ക്കും അവരോട് ചെയ്തുകൂട്ടിയ ദ്രോഹങ്ങള്‍ക്കുമൊടുവില്‍ ചര്‍ച്ചയാവാമെന്നു ആര്‍.എസ്.എസിനു തോന്നി. അത്രയേയുള്ളൂ. എന്തുകൊണ്ട് ഇങ്ങനെയൊരു മാറ്റം എന്നതിനെ കുറിച്ചാലോചിച്ച് തലപുണ്ണാക്കാന്‍ മാത്രമൊന്നും അവകാശബോധങ്ങളുടെയോ അവസര സമത്വത്തിന്റെയോ ആര്‍ഭാടം അവകാശപ്പെടാനില്ലാത്ത സമുദായമാകയാല്‍ മുമ്പും പിമ്പുമാലോചിക്കാതെ കിട്ടിയ ക്ഷണം സ്വീകരിച്ചു എന്ന് ‘സിമ്പിളായി’ പറയുന്നതാണ് നല്ലത്. പക്ഷെ, ആദ്യ ചുവടില്‍ തന്നെ മുസ്‌ലിം സംഘടനകള്‍ക്ക് ഒരു കാര്യത്തില്‍ പിഴച്ചു. മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കുന്നവരുടെയും സമുദായത്തിലെ ശേഷിച്ച സംഘടനകളുടെയും പിന്തുണ ഉറപ്പാക്കാതെയാണ് ക്ഷണം കിട്ടിയവര്‍ ചര്‍ച്ചക്കു പോയത്. ഇടനിലക്കാരായിരുന്നു ഒരുപക്ഷേ അതിന്റെ ഉത്തരവാദികള്‍. നടക്കാന്‍ പോകുന്നത് ചര്‍ച്ചയായാലും പ്രലോഭനമായാലും ഭീഷണിയായാലും അന്തിമ ഫലത്തില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്ന തിരിച്ചറിവും പോയവര്‍ക്ക് നല്ലതു പോലെ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാവാം അവരതിന് വലിയ പ്രാധാന്യം നല്‍കാതിരുന്നത്. എന്തായാലും ക്ഷണിക്കപ്പെട്ടവരും അല്ലാത്തവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുസ്‌ലിം സംഘടനകള്‍ക്കകത്ത് മറനീക്കി പുറത്തുവന്നു. പൗരത്വ നിയമ പ്രക്ഷോഭാനന്തരം മുസ്‌ലിം കൂട്ടായ്മയില്‍ പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ വിള്ളലായി അത് മാറുകയും ചെയ്തു.

ചർച്ചയിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദിനെ പ്രതിനിധീകരിച്ച കേന്ദ്ര ഉപദേശക സമിതി അംഗം മാലിക്ക് മുഹ്ത്താസിം ഖാൻ

ഈ ചര്‍ച്ചക്ക് ആര്‍.എസ്.എസ് നിശ്ചയിച്ച ഘടന മുസ്‌ലിംകള്‍ക്ക് ഏറെയൊന്നും ഗുണം ചെയ്യുന്ന ഒന്നല്ല. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവരുടെ എതിര്‍പക്ഷത്ത് മുസ്‌ലിം സംഘടനകളുമായി മാത്രമാണ് ചര്‍ച്ചകള്‍ നടന്നത്. ഹിന്ദുമതത്തിന്റേതെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന, എന്നാല്‍ തികച്ചും രാഷ്ട്രീയ പ്രേരിതമായ ചില ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ആര്‍.എസ്.എസ് മുന്നോട്ടു വെച്ചത്. മറുപക്ഷത്ത് മുസ്‌ലിംകളല്ലാത്ത ആരുമില്ലാത്തതു കൊണ്ട് ഈ ആവശ്യങ്ങള്‍ക്ക് മൊത്തം ഹിന്ദുസമൂഹത്തിന്റെ പിന്തുണയുണ്ടെന്നും വന്നു. ഇതിലൂടെ രാജ്യം എന്നത് ആര്‍.എസ്.എസും, പ്രശ്‌നം എന്നത് മുസ്‌ലിംകളാണെന്നുമായി മാറുന്നുണ്ട്. ചര്‍ച്ചയുടെ വിഷയങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിലും അതിന്റെ സാമൂഹികമായ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയുന്നതിലും സംഭവിച്ച പാളിച്ചയായിരുന്നു അത്. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ ഹിന്ദുമത വിശ്വാസങ്ങളുമായി മാത്രം ബന്ധപ്പെട്ടതല്ലല്ലോ. അവര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം ഉല്‍പ്പാദിപ്പിച്ച വര്‍ഗീയ സംഘര്‍ഷങ്ങളും നിയമരാഹിത്യവും, അതിന്റെ മറപിടിച്ച് തടിച്ചു കൊഴുത്ത രാഷ്ട്രീയ അഴിമതിയും എല്ലാ രാജ്യവാസികളെയും ഒരുപോലെയാണ് ബാധിച്ചത്. ആ വിഷയങ്ങളെ കുറിച്ച് ഹിന്ദു സമൂഹത്തില്‍ നിന്നു തന്നെയാണ് ആര്‍.എസ്.എസുമായി ചര്‍ച്ച നടക്കേണ്ടത്. പക്ഷേ മുസ്‌ലിംകള്‍ക്കു കൂടി ബാധകമായ വിഷയങ്ങളുണ്ടെങ്കില്‍ എന്തോ കാരണം കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടുന്ന പൊതുസമൂഹം ഒരു തരം മൗനമോ നിസ്സഹായതയോ പാലിച്ചു വരുന്നതാണ് രാജ്യം കാണുന്നത്. ഈ ദയനീയ സാഹചര്യത്തില്‍ നിന്നാണ് ആര്‍.എസ്.എസുമായി മുസ്‌ലിംകള്‍ ഒറ്റക്ക് സംസാരിക്കാന്‍ ചെല്ലുന്നത്. ഹിന്ദു മതത്തെയും സംസ്‌കാരത്തെയും വിശ്വസമൂഹത്തിനു മുമ്പില്‍ ഇടിച്ചു താഴ്ത്തുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തന ശൈലിക്കെതിരെ അഭിപ്രായമുള്ളവര്‍ പോലും അതെ കുറിച്ച് ഹിന്ദുമതത്തിന്റെ ബാനറില്‍ നിന്ന് ആര്‍.എസ്.എസുമായി സംസാരിക്കാന്‍ തയാറാവുന്നില്ല. അതേസമയം നടന്ന ചര്‍ച്ചയെ വിമർശിക്കാനായി എല്ലാവരും രംഗത്തെത്തുന്നതും കാണാനുണ്ട്. മുസ്‌ലിംകളെ രാഷ്ട്രീയമായി ആരു സംരക്ഷിക്കും എന്ന തര്‍ക്കമാണ് ഒടുവില്‍ ബാക്കിയാവുന്നത്.

ക്രമസമാധാന പ്രശ്‌നങ്ങളും ആര്‍.എസ്.എസും

മോഹന്‍ഭാഗവതുമായി കാണുന്നതിന് മുമ്പെ, മുസ്‌ലിം സംഘടനകള്‍ ഒന്നിച്ചെടുത്ത തീരുമാനമനുസരിച്ച് ഈ കൂടിക്കാഴ്ചയില്‍ ഉന്നയിക്കണമെന്ന് അവര്‍ക്ക് തോന്നിയ വിഷയങ്ങള്‍, യഥാര്‍ഥത്തില്‍ ആര്‍.എസ്.എസുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളേ ആയിരുന്നില്ല. ആര്‍.എസ്.എസ് രൂപം കൊടുത്ത ഹിന്ദുത്വ പ്രത്യയ ശാസ്ത്രമാണ് കേന്ദ്രസര്‍ക്കാറിനെ നയിക്കുന്നതെന്ന ബോധമായിരിക്കാം മുസ്‌ലിംകള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍  ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് മറുപടി പറയാന്‍ നരേന്ദ്ര മോദിക്കും അമിത് ഷാക്കുമായിരുന്നു കൂടുതല്‍ ബാധ്യത ഉണ്ടായിരുന്നത്. നിലവില്‍ മുസ്‌ലിം നേതൃത്വം ഉന്നയിച്ച വിഷയങ്ങള്‍ക്ക് അഥവാ ആര്‍.എസ്.എസ് നേതൃത്വം ഉറപ്പ് നല്‍കിയാല്‍ തന്നെയും അത് പാലിക്കപ്പെടാനുള്ള സാധ്യതകള്‍ അങ്ങേയറ്റം നേര്‍ത്തതാണ്. സദ്ഭാവനയെ കുറിച്ചും മുസ്‌ലിം – ഹിന്ദു ബന്ധങ്ങളെ കുറിച്ചുമൊക്കെ കഴിഞ്ഞ എത്രയോ കാലമായി,  പറയുന്നതല്ല, ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്. മോഹന്‍ ഭാഗവതിന്റെ വിജയ ദശമി പ്രഭാഷണങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന ഉന്നതമായ നിലവാരത്തിലുള്ള സദ്ഭാവന അതിന്റെ ഏറ്റവും ലഘുവായ രൂപത്തില്‍ പോലും മുസ്‌ലിംകള്‍ക്ക് രാജ്യത്തെവിടെയും സംഘ്പരിവാറില്‍ നിന്നും അനുഭവിക്കാനായിട്ടില്ല. ഹിന്ദുത്വത്തെ കുറിച്ച പ്രത്യയശാസ്ത്രപരമായ തിരുത്തല്‍ ചര്‍ച്ചകളാണ് ആര്‍.എസ്.എസുമായി നടക്കേണ്ടിയിരുന്നത്. ജുഡീഷ്യറിയിലും ഭരണ നിര്‍വഹണ മേഖലകളിലും ഹിന്ദുത്വം പിടി മുറുക്കുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അനല്‍പ്പമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുണ്ടല്ലോ. സ്വന്തം ആശയധാരയെ ആര്‍.എസ്.എസ് നിയന്ത്രിക്കുമോ ഇല്ലയോ എന്നതാണ് ചര്‍ച്ചയുടെ വിഷയമാകേണ്ടിയിരുന്നത്. പ്രായോഗിക തലത്തില്‍ ക്രമസാധാനം ഉറപ്പുവരുത്താനുള്ള ഭരണഘടനാപരമായ ബാധ്യത കേന്ദ്രസര്‍ക്കാറിന്റേതാണെന്ന ലളിതമായ തത്വം ചര്‍ച്ചക്കു പോയ സംഘടനകള്‍ മറന്നു. അക്കാര്യത്തില്‍ മോദിയാണ് മുസ്‌ലിംകളെ ചര്‍ച്ചക്കു വിളിക്കേണ്ടത്. ഇപ്പോഴത്തെ ചര്‍ച്ചയില്‍ ആര്‍.എസ്.എസിന് ഭരണഘടനാതീതമായ ഒരു പദവി മുസ്‌ലിം നേതാക്കള്‍ കല്‍പ്പിച്ചു കൊടുക്കുകയാണ് ചെയ്തത്.

മോഹൻ ഭാഗവത്

ആര്‍.എസ്.എസ് എന്തിന് ഇങ്ങനെയൊരു ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിക്കുന്നു എന്ന ചോദ്യമാണ് യഥാര്‍ഥത്തില്‍ ഉയരേണ്ടിയിരുന്നത്. ഭരണവ്യവസ്ഥയും സംവിധാനങ്ങളുമൊക്കെ പൂര്‍ണമായും ചൊല്‍പ്പടിയില്‍ വന്ന കാലത്ത് വേണമെങ്കില്‍ മുസ്‌ലിം സമൂഹത്തെ കയ്യിലെടുക്കാന്‍ നിഷ്പ്രയാസം സാധിക്കുന്ന സാഹചര്യമാണ് ആര്‍.എസ്.എസിനു മുമ്പിലുള്ളത്. സത്യപ്രതിജ്ഞാ സമയത്ത് തൊട്ടു വണങ്ങിയ ആ ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ ബി.ജെ.പിയുടെ ജനപ്രതിനിധികള്‍ പ്രായോഗികമായി കൂടി അംഗീകരിക്കാന്‍ തയാറായാല്‍ തീരുന്ന പ്രശ്‌നങ്ങളേ ഇന്ന് രാജ്യത്തുള്ളൂ.

സാമാന്യബോധ്യങ്ങളുടെ പ്രശ്‌നം

ഹിന്ദുക്കളെ ‘കാഫിറുകള്‍’ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കുക, മുസ്‌ലിംകള്‍ ബീഫ് ഭക്ഷിക്കുന്നത് സ്വമേധയാ ഉപേക്ഷിക്കുക, കാശി, മഥുര മസ്ജിദുകള്‍ കൂടി വിട്ടുകൊടുക്കുക എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും ഇതുവരെ നടന്ന ചര്‍ച്ചകളില്‍ ആര്‍.എസ്.എസ് മുന്നോട്ടുവെച്ചത്. ഇതില്‍ മൂന്നാമത്തെതാണ് പരമപ്രധാനമായ ആവശ്യമെന്ന് വ്യക്തം. ഇനിയൊരിക്കല്‍ കൂടി മന്ദിര്‍-മസ്ജിദ് തര്‍ക്കമുണ്ടാക്കി തമ്മിലടിപ്പിച്ചാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് അവര്‍ക്ക് തോന്നുന്നുണ്ടാവും. ആര്‍.എസ്.എസുമായി ആദ്യവട്ട ചര്‍ച്ചയില്‍ പങ്കെടുത്ത അഞ്ചംഗ സംഘത്തിലെ പ്രധാനി ആയിരുന്ന മുന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ വൈ.എസ് ഖുറൈശി തന്റെ പ്രശസ്തമായ ‘പോപുലേഷന്‍ മിത്ത്’ എന്ന പുസ്തകം ആര്‍.എസ്.എസ് ആചാര്യന് സമ്മാനിക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ജനസംഖ്യ രാജ്യത്ത് താഴോട്ടു പോകുകയാണെന്ന സര്‍ക്കാർ കണക്കുകള്‍ തന്നെ ലഭ്യമായിരിക്കെയാണ് ആയിരം വര്‍ഷം കൊണ്ടുപോലും മുസ്‌ലിംകള്‍ ഇന്ത്യയില്‍ ഭൂരിക്ഷമാവുകയില്ലെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുന്ന ഈ ഗ്രന്ഥം കൂടി അദ്ദേഹം മോഹന്‍ ഭാഗവതിന് സമര്‍പ്പിച്ചത്. പുരുഷന്‍മാരുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറവാണ് സ്ത്രീകളുടെ എണ്ണം എന്നിരിക്കെ ചിലര്‍ക്ക് ഒരു ഭാര്യപോലും കിട്ടാനിടയില്ലാത്ത മുസ്‌ലിം സമൂഹത്തിന്റെ യഥാര്‍ഥ ചിത്രം തിരിച്ചറിഞ്ഞ് ഭാഗവത് ചിരിച്ചുവെന്ന് ഇതേ കുറിച്ച് പിന്നീട് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഖുറൈശി എടുത്തു പറയുകയും ചെയ്തു. എന്നിട്ടും മുസ്‌ലിം ജനസംഖ്യയെ പൈശാചികവല്‍ക്കരിക്കുന്ന പഴകിത്തേഞ്ഞ സിദ്ധാന്തം തൊട്ടടുത്ത വിജയദശമി പ്രഭാഷണത്തില്‍ ആവര്‍ത്തിക്കുകയാണ് ഭാഗവത് ചെയ്തത്. മുസ്‌ലിംകള്‍ പൊതുസംജ്ഞ എന്ന നിലയില്‍ ഹിന്ദുക്കളെ എവിടെയും കാഫിറുകളെന്ന് വിശേഷിപ്പിക്കാറില്ലെങ്കിലും അതൊരു മുഖ്യപ്രശ്‌നമായി ഭാഗവത് എടുത്തു പറഞ്ഞു. ആ വാക്കിന്റെ അര്‍ഥമോ അത് ആരെ കുറിച്ചാണ് ഉപയോഗിക്കാറുള്ളതെന്നോ അദ്ദേഹം മനസ്സിലാക്കിയിട്ടേയില്ല. മറുഭാഗത്ത് ഭാഗവത് അടക്കമുള്ളവര്‍ മുസ്‌ലിംകളെ ഭീകരന്‍മാര്‍ എന്ന അര്‍ഥത്തില്‍ ജിഹാദികള്‍ എന്ന് നിരന്തരം വിശേഷിപ്പിക്കുന്നുമുണ്ട്. അതും ആ വാക്കിന്റെ അര്‍ഥത്തെ കുറിച്ച അവരുടെ അറിവില്ലായ്മയാണ് സൂചിപ്പിക്കുന്നത്. ബീഫ് ഭക്ഷിക്കരുതെന്ന് മുസ്‌ലിംങ്ങളോട് പറയുന്നത് വിശ്വാസപരമായ അടിത്തറയില്‍ നിന്നുകൊണ്ടാണെങ്കില്‍ സമീപകാലത്ത് ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി കുത്തനെ വര്‍ധിച്ചത് ആര്‍.എസ്.എസ് നേതാവിനെ അല്‍പ്പം പോലും അലോസരപ്പെടുത്തുന്നുമില്ല. ഗോമാതാവിനെ അറുത്തു കൂട്ടി ഭാരതമാതാവിനു വേണ്ടി ഇറച്ചിയാക്കി വിദേശനാണ്യം സമ്പാദിക്കുന്ന സ്വന്തം ഗവണ്‍മെന്റിന്റെ ചെയ്തികളോട് അദ്ദേഹത്തിന് ഒട്ടും പരിഭവമില്ല!

ആശയതലത്തില്‍ നിന്നും ഒരു രാജ്യത്തെ ഭരണ നിര്‍വഹണത്തിന്റെ ചാലകശക്തിയായി ആര്‍.എസ്.എസ് വളര്‍ന്ന സാഹചര്യത്തലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന മാട്ടിറച്ചിക്കൊലകള്‍ മുതല്‍ പൗരത്വ നിഷേധം വരെയുള്ള അജണ്ടകളെ ചൊല്ലി അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളുമൊക്കെ ആര്‍.എസ്.എസിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കി തുടങ്ങിയിട്ടുണ്ട്. ആഗോള പ്രതിഛായ തന്നെയാണ് നിലവില്‍ അവരുടെ മുഖ്യ പ്രശ്‌നം. അതോടൊപ്പം ആഭ്യന്തരമായ ചില പ്രതിസന്ധികളും സംഘ്പരിവാറിനകത്ത് തലപൊക്കുന്നുണ്ട്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദവിയില്‍ നിന്നും മാറ്റാനുള്ള രഹസ്യമായ ആലോചനകള്‍ കഴിഞ്ഞ കുറെക്കാലമായി തന്നെ സംഘിനകത്ത് നിശ്ശബ്ദമായി നടക്കുന്നുണ്ട്. ഇന്ത്യക്കകത്ത് നിന്ന് മോദിയെ നീക്കുക എളുപ്പമാവില്ലെന്നും അന്താരാഷ്ട്ര തലത്തിലാണ് ‘ലോബിയിംഗ്’ ആദ്യം തുടങ്ങേണ്ടതെന്നും തിരിച്ചറിഞ്ഞതിന്റെ ഭാഗമായിരിക്കാം ഗുജറാത്ത് വംശഹത്യയും അദാനിയുടെ സാമ്പത്തിക ക്രമക്കേടുകളുമൊക്കെ ഇപ്പോള്‍ വിദേശമാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. മോദിയെ തകര്‍ക്കണമെങ്കില്‍ അദാനിയെ കൂടി വീഴ്ത്തണമെന്ന ഈ ഗൃഹപാഠവും കൃത്യമാണ്. ബി.ജെ.പിയിലെ രണ്ടാം നിര നേതാക്കളായാലും ആര്‍.എസ്.എസിലെ ചാതുര്‍വര്‍ണ്യ ലോബിയായാലും മോദിക്കെതിരെയുള്ള ഈ രഹസ്യനീക്കങ്ങള്‍ക്ക് ഒരേസമയം ഗുണപരവും പ്രതികൂലവുമായ ചില മാനങ്ങള്‍ ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളമുണ്ട്. രാഷ്ട്ര നിര്‍മ്മാണമാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യമെന്നും അത് താലിബാനല്ലെന്നും ആര്‍.എസ്.എസ് അവകാശപ്പെടുന്നുണ്ടാവാം. എന്നാല്‍ മോദിയുടെ പ്രവര്‍ത്തന ശൈലിയിലൂടെയാണ്  ഹിന്ദുരാജ്യം എന്ന സംഘടനയുടെ അടിസ്ഥാന ലക്ഷ്യം ആര്‍.എസ്.എസ് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത്. വികസന രാഷ്ട്രമെന്ന സങ്കല്‍പ്പത്തില്‍ നിന്നും കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധികളിലേക്കും ഇന്ത്യ നീങ്ങിത്തുടങ്ങുന്ന കാലത്ത് മന്ദിര്‍- മസ്ജിദ് രാഷ്ട്രീയത്തിന്റെ പഴകിത്തേഞ്ഞ വഴി തന്നെയാവാം ബി.ജെ.പിയെ രക്ഷപ്പെടുത്തുക. സ്വന്തം നിലപാടുകളിലും മറ്റുള്ളവരെ കുറിച്ച് പറഞ്ഞു പരത്തുന്ന നുണക്കഥകളിലും അല്‍പ്പം പോലും മാറ്റം വരുത്താതെയും എന്നാല്‍ രക്തരൂക്ഷിതമാവാതെയും ഹിന്ദു രാഷ്ട്രത്തിലേക്കുള്ള അവസാനത്തെ ചുവട് നേടിയെടുക്കാനാവുമോ എന്നായിരിക്കാം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ പിന്നിലുള്ള താല്‍പര്യം. കേരളത്തിലും ഉത്തരേന്ത്യയിലുമൊക്കെ ഈ ചര്‍ച്ചകള്‍ വലിയ കോലാഹലമുണ്ടാക്കിയതിന്റെ പബ്‌ളിക് റിലേഷന്‍ നേട്ടവും ആര്‍.എസ്.എസിനാണ്. മുസ്‌ലിംകള്‍ക്കല്ല.

ഇല മുള്ളില്‍ വീണാലും മറിച്ചായാലും കേട് ഇലക്കു മാത്രമാണെന്ന അടിസ്ഥാനപാഠമാണ് ഈ ചര്‍ച്ച ഓര്‍മ്മിപ്പിച്ചത്. ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാജ്യത്തില്‍, സ്വന്തം പങ്ക് നിര്‍ണയിക്കാനോ മുസ്‌ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാനോ ഒന്നും ഈ ചര്‍ച്ചകള്‍ കൊണ്ട് കഴിയില്ല. വിശ്വാസ്യത അല്‍പ്പം പോലുമില്ലാത്ത സംഘമാണത്. അതേസമയം മിനിമം നിയമവ്യവസ്ഥയെങ്കിലും രാജ്യത്ത് ഉറപ്പു വരുത്താന്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ വിചാരിച്ചാല്‍ കഴിയുമെന്ന പ്രതീക്ഷയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. പക്ഷേ, ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഹരിയാനയില്‍ രണ്ട് യുവാക്കളെ ഗോരക്ഷക ഗുണ്ടകളും  പോലീസും ചേര്‍ന്ന് ചുട്ടുകൊന്നത്. അതിലുള്‍പ്പെട്ടവരെ മാതൃകാപരമായി ശിക്ഷിക്കാനും ഇനിയൊരിക്കല്‍ കൂടി ഇത്തരമൊരു സംഭവം ഇന്ത്യയില്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുമുള്ള നീക്കങ്ങള്‍ക്ക് ആര്‍.എസ്.എസ് ഇതുവരെ രംഗത്തെത്തിയിട്ടുമില്ല. അവരെ കൊണ്ട് സാധ്യമായ, ഏറ്റവും ലളിതമായ ഈയൊരു കാര്യം പോലും ഉറപ്പു നല്‍കാതെ, കാശിയും മഥുരയും ചുളുവില്‍ നേടിയെടുക്കാനും അന്താരാഷ്ട്ര തലത്തില്‍ പ്രതിഛായ മെച്ചപ്പെടുത്താനുമുള്ള ഈ ആര്‍.എസ്.എസ് ‘ചര്‍ച്ചാ’ അജണ്ടയുടെ അടുത്ത ഘട്ടങ്ങളില്‍ എന്തിന് മുസ്‌ലിം സമൂഹം സഹകരിക്കണം? പ്രധാനമന്ത്രി മോദിയും അമിത് ഷായും നിയമവാഴ്ചയും സ്വൈര്യജീവിതവും ഉറപ്പ് നല്‍കട്ടെ. ആ ഉറപ്പുകളെ പരസ്യമായി ആര്‍.എസ്.എസ് സ്വാഗതം ചെയ്യട്ടെ. എന്നിട്ടല്ലേ ഇനി ചര്‍ച്ചകള്‍ നടത്തുന്നതില്‍ അര്‍ഥമുള്ളൂ?

 

പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാം

രാഷ്ട്രീയ ജന്മികളെ ആർക്കു വേണം?

മൗദൂദിസ്റ്റുകളുടെ ന്യായീകരണങ്ങൾ ആർ.എസ്.എസിന് അനുകൂലമായ പൊതുബോധനിർമ്മിതിയാണ് 

ഡൽഹി ജമാഅത്തിന്റെ കേരള ത‍ർക്കങ്ങൾ

About Author

എ. റശീദുദ്ദീന്‍

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. മാധ്യമം ദിനപത്രം, മീഡിയ വൺ ചാനൽ എന്നിവയിൽ പ്രവർത്തിച്ചിരുന്നു