പരമ്പരയിലെ മൂന്നാമത്തെ ലേഖനം എഴുതുന്നത് ഷബീർ അഹമ്മദാണ്. ജമാഅത്തെ ഇസ്ലാമി, ആർ എസ് എസ്സുമായി നടത്തിയ ചർച്ച സിപിഐ എമ്മിനെ ചൊടിപ്പിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ മുസ്ലീം ജനവിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് എന്ന് ലേഖകൻ വിലയിരുത്തുന്നു. മറ്റ് മുസ്ലീം സംഘടനകളുടേയും കോൺഗ്രസിന്റെയും മൗനവും തർക്കങ്ങളും യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നത് ആർ എസ് എസിനായിരിക്കുമെന്നും ഷബീർ അഹമ്മദ് വിശദീകരിക്കുന്നു.
പക്ഷെ ഇതിനു മറുപടിയായി ജമാഅത്തെ ഇസ്ലാമി കുത്തിപ്പൊക്കിയത്, പണ്ട് മുഖ്യമന്ത്രി പിണറായിയും, അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ചേർന്ന് ആർ എസ് എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചർച്ചയാണ്. കഴിഞ്ഞ ദിവസം കേരള പര്യടനം തുടങ്ങിയ ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്ക് നേരിടേണ്ടി വരുന്ന പ്രധാന ചോദ്യം ഇപ്പോൾ ആ ചർച്ചയെ കുറിച്ചാണ്. അന്ന് ആ വാർത്ത വന്നപ്പോൾ, അത് നിഷേധിച്ചു പ്രസ്താവന നടത്തിയ മാസ്റ്റർ ഇന്നിപ്പോൾ പറഞ്ഞത്, അത് സമാധാനത്തിനു വേണ്ടിയുള്ള ചർച്ചയായിരുന്നു എന്നാണ്.
അത് പോലെ തന്നെ, ജമാഅത്തെ ഇസ്ലാമി ഈ ഡൽഹി ചർച്ച ഒരു തുറന്ന ചർച്ചയായിരുന്നു എന്ന് പറയുമ്പോൾ, എന്തുകൊണ്ട് കേരളത്തിലെ പ്രബലമായ മുസ്ലിം സംഘടനകൾ ഇത് അറിയാതെ പോയി? അവർക്കു ഈ സംഗമത്തിലേക്ക് ക്ഷണം കിട്ടിയിരുന്നോ? എങ്കിൽ അവർ അത് നിഷേധിച്ച കാര്യം എന്തുകൊണ്ട് പുറത്തു പറഞ്ഞില്ല? ഇതിനും മറുപടി പറയേണ്ട ഉത്തരവാദിത്വം ജമാഅത്തെ ഇസ്ലാമിക്കുണ്ട്. കേരളത്തിലെ മറ്റു മുസ്ലിം സംഘടനകൾ പൊതുവെ ഈ ചർച്ചയെ തള്ളിപ്പറഞ്ഞെങ്കിലും, അവരാരും ഇതിനെ ഒരു വലിയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവന്നില്ല. ഇതിനു കാരണവും രാഷ്ട്രീയം തന്നെയാണ്. അത് കൂടാതെ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനക്ക് ആവശ്യമില്ലാത്ത പ്രാധാന്യം നൽകേണ്ട എന്ന സമുദായ നേതാക്കളുടെ തീരുമാനവും.
ഈ ചർച്ചക്ക് തിരഞ്ഞെടുത്ത സമയവും രാഷ്ട്രീയ നിരീക്ഷകരിൽ സംശയം ജനിപ്പിക്കുന്നു. അവരുടെ ഉടമസ്ഥതയിലുള്ള വാർത്ത ചാനൽ കേന്ദ്ര സർക്കാർ നിരോധിച്ചതിന്റെ വാർഷികത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഈ ചർച്ച നടന്നത്. കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്ന സംഘടന എന്ന നിലക്ക് സമൂഹത്തിലെ പ്രശ്നങ്ങളെ കുറിച്ച് ആർ എസ് എസ്സുമായി ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് അതിൽ പങ്കെടുത്തതെന്നാണ് ജമാഅത്തിന്റെ നേതാക്കൾ ന്യായീകരിച്ചത്.എങ്കിൽ വാർത്താ ചാനൽ കേസ് കോടതിയിൽ വരാനിരിക്കെ, അതേ കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്ന ആർ എസ് എസ്സുമായി ചർച്ചയിൽ പങ്കെടുത്തത്, ആ കേസുമായി ബന്ധപ്പെട്ടാണോ എന്ന് ജനം ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല. മാത്രമല്ല ജമാഅത്തെ ഇസ്ലാമി ആ ചർച്ചയിൽ ഉന്നയിച്ചത് പശുഗുണ്ടകളുടെ വിളയാട്ടവും, ബുൾഡോസർ ഭരണവും, ന്യൂനപക്ഷ പീഡനങ്ങളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളാണ് എന്നാണ് പറഞ്ഞത്. ഇതെല്ലാം ആർ എസ് എസ്സുമായി സംസാരിക്കേണ്ട വിഷയങ്ങളാണോ? ഇത്തരം നിയമലംഘനങ്ങളെ നേരിടേണ്ട ഭരണകൂട സംവിധാനങ്ങൾ ഇപ്പോഴും ഈ നാട്ടിലില്ലേ? ഇത്തരം ആക്രമങ്ങളെ ഇത് വരെ ഒന്ന് തള്ളിപ്പറയാൻ പോലും തയ്യാറാകാത്തവരുടെ കൂടെ തന്നെ ചർച്ചക്ക് ഇരിക്കേണ്ടി വരുന്നത് ശരിയാണോ?
അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പും പിന്നീട് ഉണ്ടാവുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പും സി പി എമ്മിന് വളരെ പ്രധാനപ്പെട്ടതാകയാൽ മുസ്ലിം ജന വിഭാഗത്തെ സ്വാധീനിക്കുക എന്നതായിരിക്കാം അവർ ഈ വിഷയം ഉയർത്തിക്കാട്ടുന്നതിന് പിന്നിലുള്ള അജണ്ട. അടുത്ത പാർലമെന്റ് ഇലക്ഷനിൽ ഫാസിസ്റ്റു ശക്തികൾക്കെതിരെ ഒന്നിച്ചു നിൽക്കേണ്ടതിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞത് കൊണ്ടാണ് മുസ്ലിം ലീഗും മറ്റു മുസ്ലിം സംഘടനകളും ജമാഅത്തിന്റെ ഈ ഡൽഹി ചർച്ചയെ ഒരു വലിയ വിഷയമായി ഉയർത്തിപ്പിടിക്കാത്തത്. ഇതേ കാരണം കൊണ്ടു തന്നെയാണ് സംസ്ഥാന കോൺഗ്രസ്സും ഇപ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനം ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. പക്ഷേ ഇവരെല്ലാം മറക്കുന്നതോ, അല്ലെങ്കിൽ സംസാരിക്കാൻ ഇഷ്ടപ്പെടാത്തതോ ആയ ഒരു വിഷയം, ഇത്തരം ചർച്ചകളും അതിനു പിന്നാലെ ഉണ്ടാകുന്ന തർക്കങ്ങളും ഉപകാരപ്പെടുന്നത് ആർ എസ് എസ്സിന് മാത്രമാണ് എന്നതാണ്.
പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാം
സമാധാനജീവിതം സർക്കാർ ഉറപ്പുതരാതെ ആർ.എസ്.എസ്സുമായി മുംസ്ലീകൾ എന്തിന് ചർച്ച തുടരണം?
രാഷ്ട്രീയ ജന്മികളെ ആർക്കു വേണം?
മൗദൂദിസ്റ്റുകളുടെ ന്യായീകരണങ്ങൾ ആർ.എസ്.എസിന് അനുകൂലമായ പൊതുബോധനിർമ്മിതിയാണ്