A Unique Multilingual Media Platform

The AIDEM

Articles Politics

‘ഏഴര’- ആസാദിയുടെ കൊടുക്കൽ വാങ്ങലുകൾ

  • August 20, 2022
  • 1 min read
‘ഏഴര’- ആസാദിയുടെ കൊടുക്കൽ വാങ്ങലുകൾ

ധൃതി പിടിച്ചെഴുതുന്ന ചരിത്രാഖ്യാനമാണ് മാധ്യമപ്രവർത്തനം എന്നത് കാലങ്ങളായി പ്രചാരത്തിലുള്ള ഒരു പാഴ്-പറച്ചിലാണ്. മാധ്യമപ്രവർത്തനത്തിൽ നിന്ന് കാൽപ്പനിക രചനകളിലേക്കു ചുവടു മാറി വിശ്വപ്രശസ്തനായ ഗബ്രിയേൽ ഗാർസിയ മാർകേസ് പോലും ഈ ക്ളീഷേ കടം കൊണ്ടിട്ടുണ്ട് എന്നാണ് ചില പണ്ഡിതർ പറയുന്നത്. അതെന്തുമാകട്ടെ, ‘ഏഴര’ എന്ന ഈ ലേഖന പരമ്പരയിലൂടെ ചെയ്യാൻ ശ്രമിക്കുന്ന പരിപാടി, അക്ഷരാർത്ഥത്തിൽ ഈ ക്ളീഷേ നടപ്പാക്കാൻ ശ്രമിക്കുക എന്നതാണ്.

ഏതെങ്കിലും സമകാലിക സംഭവത്തെ മുൻനിർത്തി ഈ “ധൃതി പിടിച്ച“ രചന നിർവഹിക്കുന്നതിനേക്കാൾ ശ്രമകരമാണ് ഒരു രാഷ്ട്രത്തിന്റെ 75 ാം പിറന്നാളിൽ ഇത് ചെയ്യാൻ ശ്രമിക്കുക എന്നത്. കാരണം ലളിതം. ബൃഹത്തും, ബഹുമുഖവുമായ ലക്ഷക്കണക്കിന് സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക അനുഭവങ്ങളിലൂടെ ഒരു രാഷ്ട്രം കടന്നുപോയ എഴുപത്തഞ്ചു വർഷങ്ങളെയാണ് ഏഴരയോ, എട്ടോ, ലക്കങ്ങളുള്ള ഒരു ലേഖന പരമ്പരയിൽ സ്വാംശീകരിക്കാൻ ശ്രമിക്കുന്നത് എന്നത് കൊണ്ട് തന്നെ.

അതും ഇന്ത്യയെ പോലെ വൈവിധ്യപൂർണമായ, അനേകത്വത്തിന്റെ പ്രതീകമായ ഒരു രാഷ്ട്രമാവുമ്പോൾ ഈ അനുഭവങ്ങളുടെ മാനങ്ങൾ ഒരേ സമയം സൂക്ഷ്മവും സ്ഥൂലവുമായ അനേക ലക്ഷം തലങ്ങളിലാണ് പരന്നു കിടക്കുന്നത്. മനുഷ്യ ജീവിതത്തിന്റെയും സാമൂഹിക ക്രമങ്ങളുടെയും രാഷ്ട്രീയ-പ്രത്യയശാസ്ത്ര സിദ്ധാന്തങ്ങളുടെയും ഒക്കെ ധാരകൾ അന്തർലീനമായ മാനങ്ങൾ. ഏതൊരു വിശ്ലേഷണത്തെയും സങ്കീർണതയുടെ ആഴങ്ങളിലേക്ക് തള്ളിയിടാൻ പ്രാപ്തമായ വൈവിധ്യമാണ് ഈ ധാരകളിൽ ഓരോന്നിലും ഉള്ളതും. ഇത്തരം സന്ദർഭങ്ങളിൽ പത്രക്കാരുടെ സ്ഥിരം അഭ്യാസമായ ചുരുക്കെഴുത്ത് അല്ലെങ്കിൽ പ്രെസ്സി റൈറ്റിംഗ് അല്ലെങ്കിൽ എഡിറ്റിംഗ് എന്നിവയെ കാര്യമായി ആശ്രയിക്കേണ്ടി വരും . ഭാഷാപരമായി മാത്രമല്ല പ്രതിപാദ്യത്തിന്റെ (thematic) തലത്തിലും ഈ “പ്രയോഗം“ ആവശ്യമായി വരും .

ഈ പശ്ചാത്തലത്തിൽ നിന്ന് ഇന്ത്യയുടെ 75 വർഷങ്ങളെ എങ്ങനെ വിലയിരുത്താം എന്ന ചോദ്യത്തിന് എന്റെ മറുപടി രാജ്യത്തെ മുഴുവൻ ബാധിച്ച അടിസ്ഥാനപരമായ ദിശാമാറ്റങ്ങളിലേക്ക്‌ (paradigm shifts – പാരഡൈം ഷിഫ്റ്റ് )നോക്കൂ എന്നതാണ്. ജനതയുടെ ജീവിതത്തെയും അവർ വർത്തമാനത്തെയും വരുംകാലത്തെയും കണ്ട രീതികളെയും ആ കാണലുകളുമായി സമരസപ്പെട്ടു ജീവിക്കാൻ എടുത്ത തയ്യാറെടുപ്പുകളെയും ഒക്കെ സാരമായി സ്പർശിച്ച, പല തരത്തിലും തലങ്ങളിലും അടിസ്ഥാനപരമായി മാറ്റിമറിച്ച സംഭവ-വികാസങ്ങളാണ് എന്റെ കണ്ണിൽ പാരഡൈം ഷിഫ്റ്റ്.

അങ്ങനെയുള്ള പാരഡൈം ഷിഫ്റ്റുകളെ മൊത്തത്തിൽ അവതരിപ്പിക്കുകയാണ് “ഏഴരയുടെ “ആദ്യ ലക്കത്തിൽ ചെയ്യുന്നത്. ഏഴര പതിറ്റാണ്ടിനെ സമഗ്രമായി എടുത്ത്, ഈ കാലത്ത് വ്യത്യസ്ത ഘട്ടങ്ങളിൽ ഉയർന്നു വന്ന നിർണായക സ്വാധീനങ്ങളെ അടയാളപ്പെടുത്തിയതിനു ശേഷം ഓരോ ദശകത്തെയും പ്രത്യേകമായി പരിശോധിക്കാം.

ശരിയാണ്, ഈ പാരഡൈം ഷിഫ്റ്റുകളുടെ ഗണന സർവസമ്മതമായിക്കൊള്ളണം എന്നില്ല. എങ്കിലും ഇവിടെ ലിസ്റ്റ് ചെയ്യുന്ന രാഷ്ട്രീയ- സാമൂഹിക-സാമ്പത്തിക സംഭവ-വികാസങ്ങളും അവ സൃഷ്ടിച്ച ദീർഘകാല ആഘാതങ്ങളും സ്വാധീനങ്ങളും വസ്തുനിഷ്ഠമായ വിശകലനത്തിൽ അടിസ്ഥാനപരമായ ദിശാമാറ്റത്തെ കുറിക്കുന്നവ തന്നെയാണ് എന്നാണ് എന്റെ ബോധ്യം. (വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ഈ വേദിയിൽ തന്നെ ചർച്ചക്ക് കൊണ്ട് വരാൻ വായനക്കാർ തയ്യാറാകുമെന്നും പ്രതീക്ഷിക്കുന്നു.)

ഏതാണ്ട് നാല് പതിറ്റാണ്ടായി ജീവിതായോധന മാർഗമായി സ്വീകരിച്ച രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തനത്തിന് ഇടയിൽ പല ഘട്ടങ്ങളിലായി അടിസ്ഥാനപരമായ ഈ ദിശാമാറ്റങ്ങൾ കണ്ടെത്താനും പരിശോധിക്കാനും ശ്രമിച്ചിട്ടുണ്ട്. ആ അന്വേഷണത്തിന്റെ തുടർച്ചയാണ് ഇവിടെ. ഈ ദിശാമാറ്റങ്ങളുടെ ഗുണദോഷങ്ങളെ കുറിച്ച്, അവ സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ പുരോഗമനപരമാണോ അല്ലയോ എന്ന ഒരു മൂല്യവിചാരം തീർച്ചയായും ഉണ്ട്. പക്ഷെ അതും എല്ലാവര്ക്കും സ്വീകാര്യമായി കൊള്ളണം എന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലും 21 ാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിലും ഇന്ത്യൻ രാഷ്ട്രീയ പത്രപ്രവർത്തകർക്ക് ഇടയിൽ ഒരു വിഭാഗം സജീവമായി ചർച്ച ചെയ്ത വിഷയമായിരുന്നു ഈ പാരഡൈം ഷിഫ്റ്റുകൾ. ഈ ചർച്ചകളിൽ 2001 വരെ ഞാൻ എണ്ണിയിരുന്നത് അഞ്ച് പാരഡൈം ഷിഫ്റ്റുകൾ ആയിരുന്നു. ഇരുപത് വർഷത്തിന് ഇപ്പുറം എന്റെ കണക്കിൽ ഈ അടിസ്ഥാന ദിശാമാറ്റങ്ങൾ ആറായി.

ആദ്യത്തെ പാരഡൈം ഷിഫ്റ്റ് ആയി ഞാൻ കാണുന്നത് സ്വാതന്ത്ര്യ പ്രാപ്തിയെയും അതിനെ തുടർന്നുള്ള രണ്ടര വർഷത്തിനുള്ളിൽ നടന്ന ഭരണഘടനാ രൂപീകരണത്തെയുമാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ പുതുതായും ഔപചാരികമായും നിലവിൽ വന്ന ഇന്ത്യ എന്ന ഭൂമിശാസ്ത്ര ഘടകത്തെയും അതിന്റെ ഭരണ-നിർവഹണ സംവിധാനങ്ങളെയും സാമൂഹിക സത്തയെ പ്രതിനിധാനം ചെയ്ത ഇന്ത്യൻ ജനതയെയും സ്വാതന്ത്ര്യം, സമത്വം, സാമൂഹ്യനീതി എന്നീ ആശയങ്ങളാൽ ബന്ധിപ്പിക്കുന്നതായിരുന്നു ഭരണഘടനയുടെ രൂപീകരണം.

പ്രകടമായ വ്യത്യാസങ്ങളും, അത്ര പ്രകടമല്ലാത്ത എന്നാൽ നിർണായകമായ ഈഷൽഭേദങ്ങളും, ഏറ്റുമുട്ടിയ ഒരു സജീവ വേദിയായിരുന്നു ഭരണഘടന രൂപവൽക്കരിക്കാൻ നിയുക്തമായ കോൺസ്റ്റിറ്റുവെന്റ് അസ്സംബ്ലി. എല്ലാവർക്കും തുല്യശക്തിയുള്ള വോട്ടവകാശമാണോ വേണ്ടത് എന്ന സന്ദേഹം പോലും ആ വേദിയിൽ കടന്നു വന്നു. ലോകം കണ്ട സാമൂഹിക വിവേചന സമ്പ്രദായങ്ങളിൽ ഏറ്റവും തീവ്രം എന്ന് തന്നെ വിലയിരുത്തേണ്ട, അപ്പാർത്തീഡിന്റെ അവസാനവാക്കായ (ultimate form of apartheid) ജാതി വ്യവസ്ഥയും തലമുറകളായി അത് സമൂഹത്തിൽ അടിച്ചേൽപ്പിച്ച ഉച്ചനീചത്വങ്ങളും ദിനേന എന്നോണം ഈ ഉച്ചനീചത്വങ്ങൾക്ക് അന്നത്തെ ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരുന്ന പ്രകടിത രൂപങ്ങളും തന്നെയായിരുന്നു ഇങ്ങനെയൊരു സംവാദത്തിലേക്ക് വഴി വെച്ചത്.

പക്ഷെ, എല്ലാറ്റിനും ഒടുവിൽ സമത്വത്തെയും സാമൂഹിക നീതിയെയും അടിവരയിട്ടു കൊണ്ട് തന്നെ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. മറ്റെല്ലാറ്റിനും ഉപരിയായി ഭരണഘടന ഉൾക്കൊണ്ട ആശയങ്ങളുടെ പൊരുൾ ഒരു ജനതയുടെ ജീവിതം ആഴത്തിൽ മാറ്റി മറിക്കാൻ പര്യാപ്തമായിരുന്നു. ആധുനികതയുടെ (modernity) ഉദാത്ത സങ്കല്പങ്ങളെ നല്ല നിലയിൽ സ്വാംശീകരിച്ചു അത്. സമഗ്രവും ലിംഗ-ജാതി-മത ഭേദമില്ലാത്തതുമായ പ്രായപൂർത്തി വോട്ടവകാശത്തിൽ അടിത്തറയിട്ട പാർലമെന്ററി ജനാധിപത്യ സംവിധാനത്തിലേക്ക് ആ ഭരണഘടന രാജ്യത്തെ നയിച്ചു.

പല തലങ്ങളിലും ഒന്നാം പാരഡൈം ഷിഫ്റ്റിന്റെ തുടർച്ചയെന്നു തോന്നിപ്പിക്കുന്നവയായിരുന്നു രണ്ടാം പാരഡൈം ഷിഫ്റ്റിന്റെ ഭാഗമായി ഉണ്ടായ സംഭവവികാസങ്ങൾ. 1969 -1971 കാലയളവിൽ, അന്ന് ഇന്ത്യൻ ഭരണം നിയന്ത്രിച്ചിരുന്ന ഇന്ദിരാഗാന്ധിയും അവർ നയിച്ച കോൺഗ്രസ്സും, കൊണ്ടുവന്ന രണ്ടു സുപ്രധാന നിയമ നിർമാണങ്ങളെയാണ് രണ്ടാം പാരഡൈം ഷിഫ്റ്റായി ഞാൻ എണ്ണുന്നത്.

സ്വാതന്ത്ര്യ പൂർവ്വകാലത്ത് നാട്ടുരാജാക്കന്മാരായിരുന്നവർക്ക് നൽകി വന്ന പ്രിവിപേഴ്സ് റദ്ദാക്കിക്കൊണ്ടുള്ള തീരുമാനവും 14 സ്വകാര്യ ബാങ്കുകളുടെ ദേശസാൽക്കരണവും ആയിരുന്നു രണ്ടാം പാരഡൈം ഷിഫ്റ്റിന് നിദാനമായ സംഭവങ്ങൾ. ബാങ്ക് ദേശസാൽക്കരണ പ്രക്രിയ 1969 ൽ തുടങ്ങി 1970 ലും പ്രിവിപേഴ്സ് റദ്ദാക്കിക്കൊണ്ടുള്ള ഭരണ നിർവഹണ നടപടികൾ 1970 ൽ തുടങ്ങി 1971 ലും പൂർത്തീകരിച്ചു.

ഭരണഘടന അടിവരയിട്ട സമത്വഭാവനയെ പ്രത്യക്ഷമായി തന്നെ വെല്ലുവിളിക്കുന്ന സമ്പ്രദായമായിരുന്നു പ്രിവിപേഴ്സ്. നാട്ടുരാജാക്കന്മാർ പണ്ട് അനുഭവച്ചിരുന്ന സുഖസൗകര്യങ്ങൾ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇല്ലാതായപ്പോൾ, ഭാരതവുമായി സ്വന്തം രാജ്യങ്ങളെയും പ്രവിശ്യകളെയും ആദ്യം സമന്വയിപ്പിക്കുകയും പിന്നെ ലയിപ്പിക്കുകയും ചെയ്തപ്പോൾ, അവർക്ക് നാശ-നഷ്ടങ്ങൾ സംഭവിച്ചുവെന്നും അതിന് പരിഹാരമായി ഒരു സ്ഥിരം പ്രതിഫലം നൽകണം എന്ന ന്യായത്തിലായിരുന്നു പ്രിവിപേഴ്സ് എന്ന പരിപാടി കെട്ടിപ്പൊക്കിയിരുന്നത്.

നിലവിൽ വന്ന സമയം മുതൽ തന്നെ വ്യാപകമായി വിമർശിക്കപ്പെട്ട ഈ സമ്പ്രദായം മാറ്റാൻ പക്ഷെ സ്വാതന്ത്ര്യലബ്ധിയുടെ രണ്ടര പതിറ്റാണ്ടോളം വേണ്ടി വന്നു. സമാനമായ രീതിയിൽ, സ്വകാര്യബാങ്കുകൾ സാധാരണക്കാരന്റെ നിക്ഷേപത്തിന് മേൽ വെറുതെ അടയിരിക്കുകയാണെന്നും ദേശ സമ്പത്തിനെ ക്രിയാത്മകമായി വിന്യസിക്കാൻ അവ തടസ്സം നിൽക്കുകയാണെന്നുമുള്ള വിമർശനവും വ്യാപകമായിരുന്നു. ഇടതുപക്ഷ പാർട്ടികൾ അടക്കമുള്ള വിവിധ പ്രതിപക്ഷ കക്ഷികളും, ട്രേഡ് യൂണിയനുകളും ഈ കാര്യം വര്ഷങ്ങളായി ചൂണ്ടിക്കാട്ടി വരികയായിരുന്നു.

സ്വാതന്ത്ര്യലബ്ധി മുതൽ 1971 വരെ ജവഹർ ലാൽ നെഹ്‌റുവിന്റേയും ലാൽബഹദൂർ ശാസ്ത്രിയുടെയും ഇന്ദിരാ ഗാന്ധിയുടെയും നേതൃത്വത്തിൽ രാജ്യം ഭരിച്ച കോൺഗ്രസ്സ് പക്ഷെ ഏറെക്കാലം ഈ ആവശ്യങ്ങൾക്ക് മുഖം തിരിഞ്ഞു നിന്നു. പക്ഷെ 1967 ൽ നടന്ന തെരഞ്ഞെടുപ്പുകൾ, പ്രത്യേകിച്ചും ആ വര്ഷം സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകൾ, കോൺഗ്രസ്സിനു കണ്ണുതുറപ്പൻ അനുഭവമായി. വിലക്കയറ്റവും മറ്റ് സാമ്പത്തിക വിഷയങ്ങളും നിർണായക സ്വാധീനം ചെലുത്തിയ ആ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് വലിയ തിരിച്ചടി നേരിട്ടു. കേന്ദ്ര തലസ്ഥാനമായ ദൽഹി മുതൽ ബീഹാർ, ഒഡിഷ, തമിഴ്‌നാട്, കേരളം അങ്ങനെ എല്ലാ ഭൂമിശാസ്ത്ര മേഖലകളിലും ഏറിയും കുറഞ്ഞുമുള്ള തിരിച്ചടികൾ.

ഇന്ദിരാ ഗാന്ധിയെ സോഷ്യലിസം കണ്ടെത്താൻ നിർബന്ധിതമാക്കിയ സാമൂഹിക-രാഷ്ട്രീയ സാഹചര്യം ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ സൃഷ്ടിച്ചു. ഇങ്ങനെയൊരു “റിയൽ പൊളിറ്റിക് “ ഘടകം ഉണ്ടായിരുന്നുവെങ്കിലും പ്രിവിപേഴ്സ് റദ്ദാക്കിക്കൊണ്ടുള്ള തീരുമാനവും 14 സ്വകാര്യ ബാങ്കുകളുടെ ദേശസാൽക്കരണവും നാടുവാഴിത്തത്തോടും രാജഭരണമൂല്യങ്ങളോടും ഉള്ള എതിർപ്പ് അടിവരയിട്ടു. ഒപ്പം സാധാരണക്കാരന്റെ സാമ്പത്തിക ക്രയ-വിക്രയ ശേഷിയിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കി.

മൂന്നാമത്തെ പാരഡൈം ഷിഫ്റ്റ് 1975 -77 വർഷങ്ങളിൽ അടിയന്തരാവസ്ഥ എന്ന സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കരാളമായ ഒരു കാലഘട്ടമായും അതിനു എതിരായ ജനകീയ പ്രതിരോധമായും അവതീർണമായി. 1969-71 വര്ഷങ്ങളിൽ ഇന്ദിരാഗാന്ധിയിൽ പ്രകടമായ അതിതീവ്ര റിയൽ-പൊളിറ്റിക്ക് സ്വാധീനം തന്നെയാണ് 1975 ജൂൺ മാസം അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുന്നതിലേക്ക് നയിച്ചത്.

പൗരാവകാശങ്ങൾ പാടേ അടിച്ചമർത്തപ്പെട്ട ആ കാലത്തിനു എതിരായി ഒളിഞ്ഞും തെളിഞ്ഞും ഉയർന്നു വന്ന പ്രതിരോധത്തിൽ പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾക്ക് അപ്പുറം ഇടത്-വലത്-മധ്യ പക്ഷ രാഷ്ട്രീയ ധാരകൾ ഒന്നിച്ചു വന്നു. തെറ്റായ ഒരു റിയൽ-പൊളിറ്റിക്ക് കണക്കുകൂട്ടലിൽ (political miscalculation) തുടങ്ങിയ ആ ദുരനുഭവം അവസാനിച്ചതും മറ്റൊരു റിയൽ-പൊളിറ്റിക്ക് കണക്കുകൂട്ടൽ കാരണമായിരുന്നു.

1977 ന്റെ ആദ്യ മാസങ്ങളിൽ ലോകസഭാ തെരഞ്ഞെടുപ്പ് നടത്തിയാൽ അടിയന്താരാവസ്ഥയെ സാധൂകരിക്കുന്ന ജനകീയ വിജയം ലഭിക്കും എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇലക്ഷൻ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന തോൽവി. ഒരു പാട് തലങ്ങളിൽ സ്വാതന്ത്ര്യ സമരകാലത്ത് കണ്ട ജനാധിപത്യ മൂല്യ ബോധ്യങ്ങൾ ഇന്ത്യ തിരിച്ചു പിടിച്ച ഒരു ജനകീയ പോരാട്ടമാണ് ആ മൂന്നാം പാരഡൈം ഷിഫ്റ്റിൽ ലോകം കണ്ടത്.

അതിന്റെ ഭാഗമായി അധികാരത്തിൽ ഏറിയ ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ കേന്ദ്ര സർക്കാർ മറ്റു പാരഡൈം ഷിഫ്റ്റുകൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച രാഷ്ട്രീയ നിരീക്ഷകർക്കൊക്കെ തെറ്റി എന്ന് സ്ഥാപിച്ചു തുടർന്നുള്ള രണ്ടു വർഷങ്ങൾ. ആഭ്യന്തര കലഹത്തിന്റെയും താൻ പോരിമയുടെയും ഇതിഹാസങ്ങൾ തന്നെ രചിച്ചു ആ സർക്കാർ വിടവാങ്ങി ; പരക്കെ രാഷ്ട്രീയ കപ്പൽച്ചേദവും വാരി വിതറിയായിരുന്നു ആ സ്ഥലം വിടൽ.

ജനതാ ദുരന്തത്തിലേക്ക് വഴി തെളിച്ച ഒരു പ്രധാന ഘടകം 1977നു മുൻപ് ഭാരതീയ ജനസംഘം എന്ന പേരിൽ നിലനിന്ന ഹിന്ദുത്വ രാഷ്ട്രീയ പാർട്ടിയായിരുന്നു. അടിയന്താരവസ്ഥ ഉണ്ടാക്കിയ സവിശേഷമായ ജനാധിപത്യധ്വംസനകാലത്തിൽ സ്വന്തം ഹിന്ദുത്വ അസ്തിത്വം ഉപേക്ഷിച്ചു എന്ന മട്ടിൽ ജനതാ പാർട്ടിയിൽ ലയിച്ച ജനസംഘവും അതിന്റെ നേതൃത്വവും രഹസ്യമായി സർക്കാരിന് അകത്തും പുറത്തും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശയങ്ങൾക്ക് കൂടുതൽ വേരോട്ടവും വ്യാപ്തിയും നൽകി.

ആ മന്ത്രിസഭയിൽ വിദേശ കാര്യ മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയും ‌വാർത്ത-പ്രക്ഷേപണ മന്ത്രിയായിരുന്ന ലാൽ കൃഷ്ണ അദ്‌വാനിയും ആയിരുന്നു ഈ അഞ്ചാംപത്തി പരിപാടികളുടെ നായകർ. പഴയ ജനസംഘക്കാർ രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന ഹിന്ദുത്വയുടെ മാതൃസംഘടനയിലെ അംഗത്വം നിലനിര്ത്തുകയും ചെയ്തു. പല തരം പടലപിണക്കങ്ങൾക്ക് ഇടയിൽ ഈ ഇരട്ട അംഗത്വവും ജനതാപാർട്ടിയിലെ വഴക്കുകൾക്കും ആത്യന്തികമായ തകർച്ചക്കും കാരണമായി.

ഇന്ദിരാഗാന്ധിയും കോൺഗ്രസ്സും അധികാരത്തിലേക്ക് തിരിച്ചു വരുന്നതിലേക്ക് നയിച്ച “ ജനതാ ദുരന്തം “ കഴിഞ്ഞുള്ള വർഷങ്ങളിൽ വിവിധ അതിർത്തി സംസ്ഥാനങ്ങളിൽ തീവ്രവാദ പ്രസ്ഥാനങ്ങൾ പടർന്നു കയറി കൊണ്ടിരുന്നു. പഞ്ചാബ്, ജമ്മു-കാശ്മീർ, വിവിധ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയിലൊക്കെ പല രൂപങ്ങളിൽ, വ്യത്യസ്ത മുദ്രാവാക്യങ്ങളും പ്രത്യയശാസ്ത്രങ്ങളും പിൻപറ്റി വിഘടനവാദ ശക്തികൾ സംഘടിക്കുകയും വളരുകയും ചെയ്തു.

അമൃതസറിലെ സുവർണ ക്ഷേത്രം

ഈ തീവ്രവാദ നീക്കങ്ങളുടെ ഒരു പ്രധാന കേന്ദ്രം പഞ്ചാബായിരുന്നു. സ്വതന്ത്ര ഖലിസ്ഥാൻ രാഷ്ട്ര മുദ്രാവാക്യം ഉയർത്തി വളർന്ന ഈ പ്രസ്ഥാനം 1980 കളുടെ ആദ്യവര്ഷങ്ങളിൽ തന്നെ അമൃതസറിലെ സുവർണ ക്ഷേത്രത്തിലും അടിത്തറയുണ്ടാക്കി. ഇന്ദിരാ ഗാന്ധിയുടെ സർക്കാരിന് സുവര്ണക്ഷേത്രത്തിലേക്ക് പടയോട്ടം തന്നെ നടത്തേണ്ടി വന്നു. ആ “കുറ്റത്തിന് “ ഖലിസ്ഥാൻ പ്രസ്ഥാന നേതൃത്വം വധ ശിക്ഷ വിധിച്ചു. സ്വന്തം അംഗരക്ഷകരാൽ ഇന്ദിരാ ഗാന്ധി 1984 ഒക്ടോബർ 31 നു വധിക്കപ്പെട്ടു.

തീവ്രവാദം കൊടുമ്പിരികൊണ്ട, ഒരു പ്രധാനമന്ത്രിയുടെ വധത്തിന് തന്നെ കാരണമായ, 1980 കൾ ഒരു പാരഡൈം ഷിഫ്റ്റ് ആയി എണ്ണപ്പെടേണ്ടതാണ് എന്ന അഭിപ്രായം രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിൽ ഈ വിഷയം ചർച്ച ചെയ്ത ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർക്ക് ഇടയിൽ ഉണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിക്ക് മുൻപ് 1948 ൽ മഹാത്മാ ഗാന്ധിയുടെയും അതിനു ശേഷം 1991 ൽ രാജീവ് ഗാന്ധിയുടെയും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിരുന്നുവെന്നും അവ രാജ്യത്തെ ഉലച്ച ദാരുണ സംഭവങ്ങൾ ആയിരിക്കെ തന്നെ പാരഡൈം ഷിഫ്റ്റ് ആയി എണ്ണാൻ തക്കതായ ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കിയില്ല എന്നായിരുന്നു എന്റെ പക്ഷം .

പക്ഷെ , ഇന്ദിരാഗാന്ധി വധത്തിനു ശേഷം, രാഷ്ട്രീയത്തിൽ കാര്യമായ മുൻപരിചയമില്ലാതെ പ്രധാനമന്ത്രി പദത്തിലേക്ക് കയറി വന്ന രാജീവ് ഗാന്ധിയുടെ അഞ്ചു വർഷ ഭരണം (1984 -89) നിസ്സംശയം സാരവത്തായ പാരഡൈം ഷിഫ്റ്റ് നടന്ന കാലമായിരുന്നു. നാൽപതാം വയസ്സിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു അഞ്ചുവർഷത്തിനകം അഴിമതി ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിലിൽ തിരഞ്ഞെടുപ്പ് നേരിട്ട് പരാജയം ഏറ്റുവാങ്ങിയാണ് രാജീവ് ഗാന്ധി അധികാരത്തിൽ നിന്നും ഇറങ്ങുന്നത്. സ്വന്തം മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും ഒക്കെ ആയിരുന്ന വിശ്വനാഥ പ്രതാപ് സിംഗ് നയിച്ച അഴിമതി വിരുദ്ധ പോരാട്ടങ്ങൾ ആയിരുന്നു രാജീവിന്റെ അധികാര ഭ്രംശത്തിലേക്ക് നയിച്ചത്.

1984ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷം കൊടുമ്പിരികൊണ്ട സിഖ് വിരുദ്ധ കലാപങ്ങൾ കലുഷമാക്കിയ അന്തരീക്ഷത്തിൽ പ്രധാനമന്ത്രിയായ രാജീവ് ഒരേസമയം രാഷ്ട്രീയ പരിചയമില്ലാത്തതിന്റെ അപക്വതയുടെയും ചെറുപ്പത്തിന്റെ തുടിപ്പും പ്രസരിപ്പും കൊണ്ടുവന്ന താരതമ്യം ഇല്ലാത്ത ഊർജ്ജത്തിന്റെയും മിശ്രിതമായിരുന്നു. രണ്ടാമത്തെ ഘടകത്തിന്റെ ശക്തിയിൽ ഭരണരംഗത്ത് ഒട്ടനവധി പരീക്ഷണങ്ങൾക്ക് രാജീവ് തുടക്കമിട്ടു. അരുൺ സിങ്, സാം പിത്രോഡ, അരുൺ നെഹ്‌റു, മണിശങ്കർ അയ്യർ എന്നിങ്ങനെ വലിയ രാഷ്ട്രീയ പരിചയമില്ലാത്ത ചെറുപ്പക്കാരുടെ ഒരു പുതിയ സംഘമാണ് ഈ പരീക്ഷണങ്ങൾ മുന്നോട്ട് നീക്കിയത്.

വിവരസാങ്കേതികവിദ്യക്കും നിത്യജീവിതത്തിലെ അതിന്റെ പ്രായോഗിക രൂപങ്ങൾക്കും മുമ്പില്ലാത്ത ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു സാങ്കേതികശാസ്ത്ര വിഭാഗം രാജീവ് മന്ത്രിസഭയിൽ ഉണ്ടായി. സാം പിട്രോഡ എന്ന ടെക്നോക്രാറ്റ് അതിനു നേതൃത്വം നൽകി. ഇടത് -വലത്-മധ്യ ഭേദമില്ലാതെ രാഷ്ട്രീയത്തിലെ അക്കാലത്തെ താപ്പാനകൾ ഒക്കെ ഈ നീക്കങ്ങളെ എതിർത്തു. ഒരു വലിയ സംഘം രാഷ്ട്രീയ നിരീക്ഷകരും എതിർപ്പിന്റെ വഴിയിൽ തന്നെയായിരുന്നു.

ഇന്ത്യൻ സമൂഹത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ തിരിച്ചറിയാത്ത അരാഷ്ട്രീയ സമീപനത്തിന്റെ മൂർദ്ധന്യാവസ്ഥയാണ് ഈ നീക്കങ്ങളിൽ പ്രതിഫലിക്കുന്നത് എന്ന് പോലും വിമർശനമുണ്ടായി. പക്ഷെ ഏതാണ്ട് നാല് പതിറ്റാണ്ടുകൾക്ക് ഇപ്പുറത്ത് നിന്ന് തിരിഞ്ഞു നോക്കുമ്പോൾ അക്കാലത്ത് “അരാഷ്ട്രീയത്തിന്റെ മൂർദ്ധന്യാവസ്ഥ“ എന്ന് മുദ്ര കുത്തിയ ഈ സാങ്കേതികവിദ്യാനയമാണ് സാധാരണ ജീവിതങ്ങളെ ഏറ്റവും ആഴത്തിൽ ബാധിച്ച, സർവതലസ്പർശിയായ മാറ്റം ഉണ്ടാക്കിയത് എന്ന് വ്യക്തം.

ബോഫോഴ്സ്, എച്ച് ഡി ഡബ്ല്യു അന്തർവാഹിനി എന്നീ പ്രതിരോധ കരാറുകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അധികാരമിറങ്ങിയ രാജീവ് ഗാന്ധി സർക്കാരിന് പകരം 1989 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നത് വിശ്വനാഥ് പ്രതാപ്സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാരായിരുന്നു. ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷം കിട്ടാതിരുന്ന ഒരു തൂക്ക് പാർലമെന്റിൽ ഒരു വശത്ത് ഇടതുപക്ഷവും മറുവശത്ത് ജനസംഘത്തിന്റെ പിന്തുടർച്ചയായി വലത് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്ത ഭാരതീയ ജനതാ പാർട്ടിയും പുറത്തുനിന്ന് പിന്തുണ നൽകിയ ഈ സർക്കാർ കഷ്ടിച്ച് ഒരു വർഷമേ അധികാരത്തിൽ ഉണ്ടായിരുന്നുള്ളൂ.

പക്ഷെ ആ ചെറിയ കാലാവധിയിൽ തന്നെ ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കിയ ഒരു നിർണായക പാരഡൈം ഷിഫ്റ്റിന് ആ സർക്കാർ വഴിവെച്ചു. 1970 കളുടെ അവസാനം പ്രവർത്തനം ആരംഭിച്ചു 1980 ൽ പ്രവർത്തനം പൂർത്തീകരിച്ച മണ്ഡൽ കമ്മീഷന്റെ റിപ്പോർട്ട് പത്ത് വർഷത്തെ ”പൊടി പിടിച്ചിരിപ്പിനു ശേഷം” നടപ്പാക്കാൻ തീരുമാനിച്ചതിലൂടെ ആയിരുന്നു ഈ പാരഡൈം ഷിഫ്റ്റ്. നൂറ്റാണ്ടുകളായി സാമൂഹിക നീതി നിഷേധിക്കപ്പെട്ട ഇന്ത്യയിലെ പിന്നോക്ക ജാതി വിഭാഗങൾക്ക് സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ശുപാർശയാണ് മണ്ഡൽ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

ഇന്ത്യയിൽ അങ്ങോളമിങ്ങോളവും, പ്രകടമായ ജാതിവിവേചനം കൊടി കുത്തി വാണിരുന്ന ഉത്തര-പശ്ചിമ – പൂർവ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും, സവിശേഷമായ സാമൂഹ്യ ആഘാതം സൃഷ്ടിക്കുന്നതായിരുന്നു ഈ നീക്കം. ഹിന്ദുത്വ എന്ന പ്രത്യശാസ്ത്രത്തിലൂടെ ഏകീകൃത ഹിന്ദു സാമൂഹിക-രാഷ്ട്രീയ സ്വത്വം പടുത്ത് ഉയർത്താൻ ശ്രമിച്ച ഹിന്ദുത്വവാദികളുടെയും അവരുടെ രാഷ്ട്രീയ പ്രതിരൂപമായ ബി ജെ പിയുടെയും സമീപ-ഇടക്കാല-ദീർഘകാല പദ്ധതികളെ വലിയ തോതിൽ വെല്ലുവിളിക്കുന്നതായിരുന്നു ഈ തീരുമാനം. സ്വാഭാവികമായും വിശ്വനാഥ് പ്രതാപ് സിംഗ് സർക്കാരിനുള്ള പിന്തുണ ബി ജെ പി പിൻവലിച്ചു.

എങ്കിലും ഈ തീരുമാനം സൃഷ്ടിച്ച സാമൂഹിക-രാഷ്ട്രീയ അനുരണനങ്ങൾ ഇന്ത്യയെ അക്ഷാരാർഥത്തിൽ ഇളക്കി മറിച്ചു. സ്വന്തം ആവശ്യങ്ങളും അവകാശങ്ങളും ചോദിച്ചു വാങ്ങാൻ, അതിനായി ശബ്ദമുയർത്താൻ മടിച്ചു നിന്നിരുന്ന പിന്നോക്ക ജാതി- ദളിത് വിഭാഗങ്ങൾ പുതിയ സാമൂഹിക- രാഷ്ട്രീയ ഊർജം കൈവരിക്കുന്നത് കാണാനായി.

ഉത്തരേന്ത്യയിൽ വലിയ തോതിൽ പ്രകടമായ ഈ പ്രതിഭാസം, പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ പിന്നോക്കജാതി നേതൃത്വം മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും അധികാരത്തിന്റെ തലപ്പത്ത് എത്തുന്ന സ്ഥിതിവിശേഷം ഉണ്ടാക്കി . ഉന്നതജാതി ഹിന്ദുവിൻറെ മേൽക്കോയ്മയുടെ പ്രത്യയശാസ്ത്രം സ്വാംശീകരിച്ച ബി ജെ പ്പിക്കും ഈ പ്രതിഭാസം അംഗീകരിച്ചു അതിനെ ഉൾക്കൊണ്ട് മുന്നോട്ടു നയിക്കേണ്ടി വന്നു.

കൂടുതൽ കെട്ടുറപ്പുള്ള സംഘടനാ സംവിധാനവും ദീർഘകാല ആസൂത്രണത്തിന്റെ പരാമ്പര്യവും അതിൻറെ അടിത്തറയും ബലവും ഒക്കെ കാരണം ഈ പിന്നോക്ക ജാതി – ദളിത് ശാക്തീകരണത്തെ സ്വന്തം സ്ഥാപിതതാല്പര്യങ്ങളുടെ വഴിക്ക് നയിക്കാൻ ബി ജെ പ്പിക്കും അതിന്റെ മാതൃസംഘടനയായ ആർ എസ് എസിനും ഒപ്പമുള്ള സംഘപരിവാർ ശക്തികൾക്കും കഴിഞ്ഞു. 1977 ൽ ജനതാപാർട്ടിയിൽ ഒളിഞ്ഞിരുന്നു സ്വന്തം അജണ്ട മുന്നോട്ട് നീക്കാൻ കാണിച്ച അതെ രാഷ്ട്രീയ കൗശലം 1991 നും 2014 നും ഇടയിലുള്ള കാലയളവിൽ സംഘപരിവാർ പല രൂപങ്ങളിൽ പ്രയോഗിച്ചു.

ആവശ്യമുള്ളപ്പോൾ ചില മതനിരപേക്ഷ പാർട്ടികളുമായി രാഷ്ട്രീയ – തെരഞ്ഞെടുപ്പ് കൂട്ട്കെട്ടുണ്ടാക്കി, വേണ്ടാത്തപ്പോൾ ഈ കൂട്ടുകെട്ടുകൾ തകർത്തു. ബിഹാറിൽ മതനിരപേക്ഷ കക്ഷിയായ ജനതാദൾ യുണൈറ്റഡ് മുതൽ ജമ്മു കാശ്മീരിൽ മുസ്ലിം അനുഭാവം മറച്ചു വെക്കാത്ത പീപ്പ്ൾസ് ഡെമോക്ക്രാറ്റിക്ക് പാർട്ടി വരെ ഈ കൗശലക്കെണിയിൽ വീണു. സാമൂഹിക തലത്തിൽ ഹിന്ദുത്വ വിഭാഗീയതയുടെ പ്രത്യയശാസ്ത്രം വളർത്തുകയും, വ്യാപകമായ വർഗീയ ആക്രമണങ്ങളാൽ അവയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. 1992 ൽ അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകർക്കാൻ പടച്ചുണ്ടാക്കിയ ആക്രമണോല്സുകമായ കാർസേവക സംഘങ്ങൾ മുതൽ 2002ൽ ഗുജാറാത്തിൽ സംഹാര താണ്ഡവമാടിയ കൊലക്കൂട്ടങ്ങൾ വരെ ഇതിന്റെ ഉപകരണങ്ങളായി.

എല്ലാറ്റിനും ഒപ്പം, ഭരണഘടനാ സ്ഥാപനങ്ങൾ നിയന്ത്രിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ അവയെ സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്ക് കീഴ്‌പ്പെടുത്തി. കോർപ്പറേറ്റുകളും മാധ്യമങ്ങളും കൈകോർത്ത പ്രചാരണ പരിപാടികളിലൂടെ പുതിയ വികസന ബിംബങ്ങൾ സൃഷ്ടിച്ചു. ഇതിന്റെയെല്ലാം ആകെത്തുകയായാണ് സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിലെ ആറാമത്തെ പാരഡൈം ഷിഫ്റ്റ് ഉണ്ടാവുന്നത് ; ഹിന്ദുത്വ അധീശത്വം.

നരേന്ദ്ര മോദി നയിച്ച 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തോടെ ആരംഭിച്ച ഈ അധീശത്വം 2019 ലെ വർധിത ഭൂരിപക്ഷത്തോടെയുള്ള തുടർവിജയത്തിനു ശേഷം കൂടുതൽ തീവ്രവും വ്യാപകവുമായി. പൗരാവകാശങ്ങൾക്കും ജനാധിപത്യ ഭരണ സംവിധാനങ്ങൾക്കും മേൽ ദിനേന എന്നോണം ചോദ്യചിഹ്നങ്ങൾ ഉയരുന്ന ഒരു അധീശത്വ കാലമാണ് ഇത്. ഇങ്ങനെയൊരു കാലത്തിലൂടെയാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ഇന്ത്യ ആചരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ സമീകരണങ്ങൾ കാരണവും അവയിൽ പ്രതിപക്ഷത്തിന്റെ പൊതു അവസ്ഥ പരിതാപകരമായി തുടരുകയും ചെയ്യുന്നത് കാരണം ഈ ഹിന്ദുത്വ അധീശത്വ പാരഡൈം ഷിഫ്റ്റ് ദീർകാലം നിലനിൽക്കാൻ തന്നെയാണ് സാധ്യത.

പക്ഷെ അങ്ങനെയൊരു അധീശത്വ കാലത്ത് നിൽക്കുമ്പോഴും കടന്നു പോയ വഴികളിലെ നാഴികക്കല്ലുകളെ ഓർത്തു വെക്കുന്നതും ഓർത്തെടുക്കുന്നതും പ്രധാനമാണ്. ഒരു ജനത എന്ന നിലയിൽ ഇന്ത്യക്കാരൻ കടന്നു വന്ന വഴികളാണ് ഈ ഓർത്തെടുക്കലിൽ ഉള്ളത്.. ഒരു രാഷ്ട്രം എന്ന നിലയിൽ ഇന്ത്യ എന്ന ഭാരതം താണ്ടിയ ദൂരങ്ങളാണ് ഇവിടെ കുറിക്കപ്പെട്ടിരിക്കുന്നത്.

ഈ ആറു നിർണായക പാരഡൈം ഷിഫ്റ്റുകളെ ഓർക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകത്തിൽ തന്നെ തുടക്കം കുറിക്കുകയും എന്നാൽ അപൂര്ണമായി നിലനിൽക്കുകയും ചെയ്ത ഒരു പാരഡൈം ഷിഫ്റ്റ് പരിശ്രമത്തെ കൂടി അടയാളപ്പെടുത്തേണ്ടതുണ്ട്. ഭൂപരിഷ്കരണം എന്നതാണ് ആ അപൂർണ പാരഡൈം ഷിഫ്റ്റ്. ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതലിങ്ങോട്ട് വന്ന ഭരണ സാരഥികൾ ഒക്കെ വാക്കാൽ പ്രതിബദ്ധത പ്രഖ്യാപിച്ച ഈ പദ്ധതി രാജ്യത്തിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും നടപ്പാക്കാതെ തന്നെ ഇരിക്കുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിങ്ങനെയുള്ള ഇടങ്ങൾ മാത്രമാണ് നാണം കെടുത്തുന്ന ഈ ചരിത്രത്തിന് അപവാദം. ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകത്തിൽ നെഹ്‌റു നിര്ദേശിച്ചിട്ടും നടക്കാതെ പോയ ഒരു രാഷ്ട്രീയ പരീക്ഷണം സംഭവിച്ചിരുന്നുവെങ്കിൽ ഈ നിർണായക പാരഡൈം ഷിഫ്റ്റും ചിലപ്പോൾ പൂർത്തിയായേനെ. അതെ കുറിച്ച് അടുത്ത് ആഴ്ച.

ഭരണകൂടത്തിന്റെ ദശകം ; പക്ഷെ

തുടരും…


ഈ പരമ്പരയിലെ അടുത്ത ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ഏഴര’- ആസാദിയുടെ കൊടുക്കൽ വാങ്ങലുകൾ

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.

3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
ജി പി രാമചന്ദ്രൻ
ജി പി രാമചന്ദ്രൻ
2 years ago

സമഗ്ര വീക്ഷണം.

Venu Edakkazhiyur
Venu Edakkazhiyur
2 years ago

ഇന്ത്യ കൊളോണിയൽ വാഴ്ചയിൽ നിന്ന് സ്വതന്ത്രമായി എന്ന പാരഡൈം ഷിഫ്റ്റ് പോലെ പ്രധാനമാണ് ഇന്ത്യ ഹിന്ദുത്വ കൊളോണിയൽ വാഴ്ചക്ക് അടിപ്പെട്ടതും ഇവയുടെ അന്തരാള ഘട്ടത്തിൽ നടന്ന മാറ്റങ്ങൾ ഈ പുതിയ അടിമത്ത വ്യവസ്ഥയിലേക്കുള്ള വഴിവെട്ടലായിരുന്നോ എന്നാണ് എന്റെ സംശയം. ഏതാണ്ട് നാൽപ്പത് വർഷങ്ങളോളം വാർത്തകളുടെ തീച്ചൂളയിൽ പണിയെടുത്ത ലേഖകന്റെ വിലയിരുത്തൽ പ്രാധാന്യമുള്ളതാണ്; കാതോർക്കേണ്ടതും. ഉദ്യോഗജനകമായ ഒരു തുടർക്കഥപോലെ അടുത്ത ലക്കം കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന രചന. അഭിവാദ്യങ്ങൾ!

E Jayachandran
E Jayachandran
2 years ago

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 75 വർഷത്തെ രാഷ്ട്രീയ സാമൂഹ്യ മാറ്റങ്ങളുടെ സമഗ്രമായ വിശകലനം