A Unique Multilingual Media Platform

The AIDEM

Articles Society

പോക്സോ കേസുകളിൽ സംഭവിക്കുന്നത്

  • August 19, 2022
  • 1 min read
പോക്സോ കേസുകളിൽ സംഭവിക്കുന്നത്

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ കേരളത്തിൽ കൂടുതൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതികൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നല്ല കാര്യം. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, ചൈൽഡ് പോർണോഗ്രാഫി തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് 2012 ഇൽ പാസ്സായ പോക്സോ നിയമം. പക്ഷെ നിലവിൽ പോക്സോ കേസുകളുടെ കണക്കുകളും, അവയുടെ നടത്തിപ്പും എല്ലാം സൂക്ഷ്മമായി പരിശോധിച്ചാൽ നിരവധി ചോദ്യങ്ങൾ ഉയരും. അഭിലഷണീയമായ വിധത്തിലാണോ കാര്യങ്ങൾ നടക്കുന്നത് എന്ന് സംശയിക്കേണ്ടി വരും. ഇതാ ചില കണക്കുകളും വിവരങ്ങളും.

പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈംഗിക പീഡനത്തിനും, അതിക്രമങ്ങൾക്കും ഇരയാകുന്ന കേസുകളെയാണ് പോക്സോ കേസുകൾ അഥവാ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫെൻസെസ് ആക്ട് 2012 എന്ന നിയമത്തിലെ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ എന്ന് വിളിക്കുന്നത്. 2022 ഫെബ്രുവരി 17 നു ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് കേരളത്തിൽ പോക്സോ കേസുകൾ കൂടി വരുന്നു എന്നും, 2021 ഇൽ അത് 3549 കേസുകളായി ഉയർന്നു എന്നുമാണ്.

ഇനി ഔദ്യോഗിക കണക്കുകൾ നോക്കാം. 2019-20 വർഷത്തിൽ 73 പോക്സോ പരാതികൾ രെജിസ്റ്റർ ചെയ്തു എന്ന് കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 2019-20 ലെ വാർഷിക റിപ്പോർട്ടിൽ പേജ് 14 ഇൽ കൊടുത്ത കള്ളിതിരിച്ചുള്ള കണക്കിൽ പറയുന്നു. എന്നാൽ 2019 ഇൽ കുട്ടികളുടെ കോടതികളിലും പ്രത്യേക പോക്സോ കോടതികളിലുമായി വിചാരണ പൂർത്തിയാക്കിയ 1406 പോക്സോ കേസുകളിൽ 1093 എണ്ണത്തിലാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചതെന്നും 167 കേസുകളിൽ പ്രതികളെ വെറുതെ വിട്ടു എന്നും ഇതേ വാർഷിക റിപ്പോർട്ടിൽ പേജ് 39 ഇൽ കൊടുത്ത കള്ളിതിരിച്ചുള്ള കണക്കിൽ പറയുന്നു. എന്നാൽ തൊട്ടു താഴെ നൽകിയ വിശദീകരണത്തിൽ പറയുന്നത്, 1093 കേസുകൾ വെറുതെ വിട്ടു, 167 കേസുകൾ ശിക്ഷിച്ചു എന്നാണ്. ഇതിൽ ഏത് കണക്കാണ് ശരി എന്ന് വ്യക്തമല്ല. ഇതേ വർഷം കോടതിക്ക് മുൻപിൽ ആകെ വന്ന 8678 കേസുകളിൽ 7271 എണ്ണം വിചാരണ പൂർത്തിയാവാതെ ബാക്കിയായെന്നും കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 2019-20 ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

ഇനി 2020-21 ലെ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് നോക്കാം. ഈ റിപ്പോർട്ട് അനുസരിച്ച്, ആ വർഷത്തിൽ വെറും 65 പോക്സോ കേസുകൾ (പേജ് 14) മാത്രമാണ് സംസ്ഥാനത്തു രെജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇതേ റിപ്പോർട്ടിൽ മറ്റൊരിടത്തു പറയുന്നത് (പേജ് 35), 2020 ജനുവരി മുതൽ ഡിസംബർ വരെ 3030 പോക്സോ കേസുകൾ സംസ്ഥാനത്തു രെജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ്. ഇതിൽ ഏതു കണക്കാണ് ശരി എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ തന്നെ വിശദീകരിക്കേണ്ടിയിരിക്കുന്നു. കൂടുതൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ബാലാവകാശ കമ്മീഷനാണ് പോക്സോ കേസുകളുടെ മോണിറ്ററിങ് അതോറിട്ടി എന്നിരിക്കിലും പോക്സോ കേസുകളുടെ കൃത്യമായ കണക്കുകൾ ശേഖരിക്കാൻ അവർക്കു ഇന്ന് വരെ കഴിഞ്ഞിട്ടില്ല എന്നാണ്. കേരള പോലീസിന്റെ വെബ്‌സൈറ്റിലും നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യുറോവിന്റെ ഔദ്യോഗിക വെബ്സൈറ്റിലുമാണ് കൃത്യമായ കണക്കുകൾ ലഭിക്കുക എന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വിശദീകരിച്ചു. ഈ കേസുകൾ നിരീക്ഷിക്കാനും വിലയിരുത്താനും ചുമതലപ്പെട്ട ബാലാവകാശ കമ്മീഷന് കൃത്യമായ കണക്കുകൾ സമാഹരിക്കാൻ ആവുന്നില്ലെങ്കിൽ എന്തിനാണ് ഈ കമ്മീഷൻ എന്ന ചോദ്യം ചോദിക്കേണ്ടി വരും.

കേരള പോലീസിന്റെ വെബ്‌സൈറ്റ് പ്രകാരം 2019 ഇൽ കേരളത്തിൽ രെജിസ്റ്റർ ചെയ്തത്, 3640 പോക്സോ കേസുകളാണ്. 2020 ഇൽ 3056 കേസുകൾ. 2021 ഇൽ 3559 കേസുകൾ. 2022 ഇൽ ഇതുവരെ 1777 കേസുകൾ. വിചിത്രമാണ് കാര്യങ്ങൾ, 2019 ഇൽ പോലീസ് 3640 പോക്സോ കേസുകൾ രെജിസ്റ്റർ ചെയ്തപ്പോൾ ബാലാവകാശ കമ്മീഷൻ അറിഞ്ഞത്‌, 73 കേസുകൾ മാത്രം! ശിക്ഷിക്കപ്പെട്ടത് എത്ര എന്ന് പോലീസ് വെബ്‌സൈറ്റിൽ വിവരം ലഭ്യവുമല്ല.

2020 ഇൽ കോടതികൾ തീർപ്പാക്കിയ കേസുകളിൽ എത്രയെണ്ണം ശിക്ഷിക്കപ്പെട്ടു എന്ന് പരിശോധിക്കുമ്പോഴാണ് ശരിക്കും ഞെട്ടുന്നത്. ബാലാവകാശ കമ്മീഷൻ 2020-21 ലെ വാർഷിക റിപ്പോർട്ട് പ്രകാരം, ആകെ 881 കേസുകൾ കോടതികൾക്ക് മുന്നിൽ വന്നു. ഇതിൽ 12 എണ്ണമാണ് തീർപ്പാക്കിയത്. ശിക്ഷിച്ചത് 3 എണ്ണം മാത്രം. ഇനി 869 കേസുകൾ തീർപ്പാക്കാനുണ്ട്. കോവിഡ് സാഹചര്യത്തിൽ കണക്കുകൾ പൂർണമായി ലഭ്യമല്ല എന്ന വിശദീകരണം റിപ്പോർട്ടിൽ ഈ കണക്കുകൾക്കു താഴെ കൊടുത്തിട്ടുണ്ട്. പക്ഷെ പുതുക്കിയ റിപ്പോർട്ട് കാണുന്നില്ല.

 

 

ഒരു വശത്തു കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് തന്നെ കുറവാണ്. കുട്ടികളിൽ ആ സംഭവം ഉണ്ടാക്കുന്ന ആഴത്തിലുള്ള ഭയാശങ്കകൾ, സമൂഹത്തിലും കുടുംബത്തിനകത്തും നിലനിൽക്കുന്ന ദുരഭിമാന സങ്കല്പങ്ങൾ, പലപ്പോഴും അടുത്ത ബന്ധുക്കളോ രക്ഷിതാക്കളുടെ സുഹൃത്തുക്കളോ പരിചയക്കാരോ ആണ് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ നടത്തുന്നത് എന്നതിനാൽ പ്രശനം കേസാക്കുന്നതിനു പകരം രഹസ്യമായി ഒത്തുതീർക്കുന്ന പ്രവണത, പോലീസ് സ്റ്റേഷനുകളിൽ പോക്സോ കേസുകളിലെ ഇരകളോട്/അതിജീവിതമാരോട് അനുഭാവപൂർണമായ പെരുമാറ്റം കുറവാണ് എന്ന സത്യം, കാര്യം പുറത്തറിയുമ്പോൾ ഉണ്ടാകാനിടയുള്ള പൊതുജനസമക്ഷത്തിലെ അപമാനം, വിചാരണ തീരാൻ വരുന്ന കാലതാമസം, ഇതെല്ലാം പോക്സോ കേസുകളിൽ നീതി നടപ്പാവുന്നതിന് തടസ്സമാവുന്നു.

14 ജില്ലകളിലായി 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ (സി.ഡബ്ലിയു.സി.) ഉണ്ട്. ഒരു പോക്സോ കേസ് റിപ്പോർട്ട് ചെയ്‌താൽ 24 മണിക്കൂറിനുള്ളിൽ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിൽ ഹാജരാക്കണം എന്ന് പോക്സോ നിയമം അനുശാസിക്കുന്നു. എന്നാൽ 2019-20 കാലയളവിൽ റിപ്പോർട്ട് ചെയ്ത 1619 കേസുകളിൽ 294 കേസുകളിൽ മാത്രമാണ് ഇതുണ്ടായതെന്നും, ഇത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്നും കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 2019-20 ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ സി.ഡബ്ലിയു.സി. ക്കു മുന്നിൽ ഹാജരാക്കാൻ ഉണ്ടാകുന്ന കാലതാമസം കേസ് നിയമവ്യവസ്ഥക്കു പുറത്തു ഒത്തുതീർക്കാനുള്ള സന്ദർഭം ഒരുക്കുന്നു. കുറ്റവാളികൾക്ക് ഇരയുടെ രക്ഷിതാക്കൾക്കുമേൽ സമ്മർദ്ദം ചെലുത്താനും, ചിലപ്പോഴെങ്കിലും പോലീസിനെ സ്വാധീനിക്കാനും ഒക്കെയുള്ള പഴുതായി ഇത് മാറുന്നു. മാത്രമല്ല 2019-20 ഇൽ പോലീസ് സ്റ്റേഷനുകളിൽ ആകെ രജിസ്റ്റർ ചെയ്ത 3616 പോക്സോ കേസുകളിൽ 1619 കേസുകൾ മാത്രമാണ് പോലീസ് ബന്ധപ്പെട്ട സി.ഡബ്ലിയു.സി. കളിലേക്കു നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2020-21 കാലയളവിലും ഇതേ സ്ഥിതി തുടരുന്നു. ആകെ രെജിസ്റ്റർ ചെയ്ത 3030 കേസുകളിൽ 1551 കേസുകളുടെ വിവരം മാത്രമാണ് പോലീസ് സി.ഡബ്ലിയു.സി. യെ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നുവെച്ചാൽ ഭൂരിഭാഗം കേസുകളിലും സി.ഡബ്ലിയു.സി. യെ അറിയിക്കാതെ കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് (പലപ്പോഴും ഒത്തുതീർക്കുന്നതിലും) പൊലീസിന് താൽപ്പര്യം എന്നർത്ഥം.

ഇരയാവുന്ന കുട്ടികൾ, വിശിഷ്യാ പെൺകുട്ടികൾ, അവരുടെ സുരക്ഷക്കായി സർക്കാർ ഉടമസ്ഥതയിലുള്ള നിർഭയ ഹോമുകളിലേക്ക് മാറ്റപ്പെടുന്നു. ഇത് തന്നെ എത്രത്തോളം കുട്ടിയുടെ മനസികാരോഗ്യത്തിന് നല്ലതാണ് എന്ന് പുനരാലോചന വേണ്ടതാണ്. കുട്ടിയെ സുരക്ഷിതമായി സ്വന്തം വീട്ടിലോ, ബന്ധുക്കളുടെ വീട്ടിലോ താമസിപ്പിക്കാൻ പറ്റിയ സാഹചര്യം ഒട്ടും ഇല്ലാത്ത സാഹചര്യത്തിൽ മാത്രമാണ് ഹോമുകളിലേക്ക് മാറ്റുന്നത് എന്ന ന്യായീകരണമാണ് ഇതിനുള്ളത്. പല പ്രായക്കാരായ ഇത്തരം ഇരകൾ/അതിജീവിതമാർ ഒരുമിച്ചു ഒരിടത്തു താമസിക്കുമ്പോൾ ഉണ്ടാകുന്ന മനസ്സ് കെടുത്തുന്ന അന്തരീക്ഷം ഒരു വശത്ത്. ഇവർ ഓരോരുത്തരും നേരിടുന്ന പ്രശ്നങ്ങൾ വളരെ വ്യത്യസ്തമായിരിക്കും. ഒരു ടീനേജ് പ്രായത്തിലുള്ള പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്ന ഒറ്റ കാരണത്താൽ അവളുടെ വളരെ സ്വാഭാവികമായ ഒരു പ്രണയവും അതിനെ തുടർന്നുണ്ടായ ശാരീരിക ബന്ധവും പോക്സോ കുറ്റകൃത്യമായി മാറുകയും അവളുടെ കാമുകൻ കുറ്റവാളിയായി നിയമത്തിനു മുന്നിൽ എത്തുകയും ചെയ്യാറുണ്ട്. ആ പെൺകുട്ടിയും പലപ്പോഴും നിർഭയ ഹോമുകളിലും താമസിക്കാൻ നിർബ്ബന്ധിതയാവുന്നു. മകളുടെ പ്രണയം പൊളിക്കാൻ അച്ഛനമ്മമാർ കണ്ടെത്തുന്ന കുറുക്കു വഴിയായിരിക്കും പലപ്പോഴും അത്. പോക്സോ കേസുകളിൽ ഇരകളായി നിർഭയ ഹോമുകളിൽ എത്തുന്ന തീരെ ചെറിയ പെൺകുട്ടികളുടെ മാനസികാവസ്ഥ മറ്റൊന്നായിരിക്കും. തങ്ങൾക്കു എന്താണ് സംഭവിച്ചത് എന്ന് തന്നെ വ്യക്തമായി മനസ്സിലാവാത്ത അവസ്ഥ, മാതാപിതാക്കളിൽ നിന്ന് മാറി നിൽക്കുന്നതിന്റെ ഒറ്റപ്പെടൽ, അരക്ഷിതാവസ്ഥ, പീഡനത്തിന് ഇരയായതിന്റെ ശാരീരിക് പ്രശ്നങ്ങൾ, അങ്ങനെ പലതും നിറഞ്ഞ ഒരിരുണ്ട സ്ഥലത്തായിരിക്കും അവർ. പീഡനത്തിന് ഇരയാകുന്ന മുതിർന്ന കുട്ടികളാവട്ടെ കൂടുതൽ തിരിച്ചറിവുള്ളതുകൊണ്ട് ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്കകളിൽ ആയിരിക്കും. ഇവരെല്ലാം ഒരുമിച്ചു ഒരിടത്തു കൂട്ടിൽ അടക്കപ്പെട്ടതു പോലെ താമസിക്കുന്ന സംവിധാനമാണല്ലോ നമ്മുടെ നിർഭയ ഹോമുകൾ. അവിടത്തെ ജീവനക്കാരെ മോശമാക്കി കാണിക്കാനല്ല ഇത് പറയുന്നത്. സംവിധാനം അങ്ങനെയാണ് എന്ന് ചൂണ്ടിക്കാണിക്കാനാണ്.

ഇനി, ഈ ഹോമുകളിലെ ജീവനക്കാർക്ക് വല്ല പ്രത്യേക പരിശീലനവും കിട്ടുന്നുണ്ടോ? പി.എസ്.സി. എഴുതിക്കിട്ടുന്ന ഒരു ജോലി എന്നതിനപ്പുറം ഈ കുട്ടികൾക്കാവശ്യമായ ശാരീരികവും മാനസികവുമായ പരിചരണത്തെയും, പിന്തുണയേയും പറ്റി ഈ ജീവനക്കാർക്ക് എത്രത്തോളം ധാരണയുണ്ട്? പലപ്പോഴും ഇത്തരം സ്ഥാപനങ്ങളുമായി അടുത്ത് ബന്ധപ്പെടുന്ന സാമൂഹ്യപ്രവർത്തകരിൽ നിന്ന് മനസ്സിലാകുന്നത് ഈ കുട്ടികളെ ‘പിഴച്ചു പോയവൾ’ എന്ന മട്ടിൽ ആക്ഷേപിക്കുന്ന ജീവനക്കാരും ഉണ്ട്. നമ്മുടെ നിർഭയ ഹോമുകളിൽ നിന്ന് ഓരോ വർഷവും ചാടിപ്പോകുന്ന കുട്ടികളുടെ എണ്ണം എടുത്താൽ തന്നെ ഈ പ്രശ്നങ്ങളുടെ ആഴം വ്യക്തമാവും.

അതാതു ജില്ലകളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഒരു താൽക്കാലിക അഭയകേന്ദ്രം എന്ന നിലക്ക് മാത്രമാണ് നിർഭയ ഹോമുകൾ കണക്കാക്കുന്നത്. ഈ ഹോമുകൾ നേരിടുന്ന ആവശ്യമായ ഫണ്ടിന്റെ അഭാവവും, സ്ഥലപരിമിതിയും ഒരു വശത്ത്. മറുവശത്ത് എത്തുന്ന ഓരോ കുട്ടിയുടെയും പ്രശനം സവിശേഷമാണെന്ന് മനസ്സിലാക്കി ആവശ്യമായ ശാരീരിക-മാനസിക സഹായങ്ങൾ നൽകാൻ കൃത്യമായ ഒരു പരിപാടി ഇല്ല എന്ന ഗുരുതരമായ പ്രശ്നവും. പല നിർഭയ ഹോമുകളിലും വൃത്തിയില്ലാത്ത ശുചിമുറികളും ചോരുന്ന മേൽക്കൂരകളുമാണ് ഉള്ളതെന്ന വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ട്. 14 നിർഭയ ഹോമുകൾ കേരളത്തിലുണ്ട്. ഇപ്പോൾ ഏതാണ്ട് 350 അന്തേവാസികളും. രണ്ടും മൂന്നും കൊല്ലം നീണ്ടു പോകുന്ന പോക്സോ കേസുകളുണ്ട്. അപ്പോൾ അത്രയും കാലം കുട്ടികൾ ഈ ഹോമുകളിൽ കഴിയേണ്ടി വരുന്നു.

പോക്സോ നിയമം വന്ന ശേഷം ഇതുവരെ രെജിസ്റ്റർ ചെയ്യപ്പെട്ടത് ഏകദേശം 20000 കേസുകളാണെന്നും ഇവയിൽ ഏതാണ്ട് 5000 ത്തോളം കേസുകളിലാണ് അതിജീവിതകളായ കുട്ടികളെ ഹോമുകളിൽ പാർപ്പിച്ചു കേസ് നടത്തിയിട്ടുള്ളത് എന്നും ജുവനൈൽ ജസ്റ്റിസ്‌ ബോർഡ് മുൻ അംഗം അഡ്വ. ജെ. സന്ധ്യ പറയുന്നു. ഹോമുകളിൽ പാർപ്പിച്ചു കേസ് നടത്തുമ്പോൾ 90 ശതമാനത്തിൽ കൂടുതൽ കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നതായി കണ്ടുവരുന്നു എന്നും, കുട്ടികൾ അവരുടെ വീടുകളിലോ, ഹോമുകൾക്കു പുറത്തു ബന്ധുവീടുകളിലോ താമസിച്ചു കേസ് നടക്കുമ്പോൾ, ഭൂരിഭാഗം കേസുകളും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നുമാണ് സന്ധ്യ നിരീക്ഷിക്കുന്നത്. ഇതിന്റെ കാരണം, ഹോമുകൾക്കു പുറത്തു താമസിക്കുമ്പോൾ അതിജീവിതകളായ കുട്ടികൾക്ക് മേൽ കേസ് നിയമവ്യവസ്ഥക്കു പുറത്തു ഒത്തുതീർക്കാനായി കടുത്ത സമ്മർദ്ദം ഉണ്ടാവുന്നു എന്നതും, രക്ഷിതാക്കൾ പോലും പലപ്പോഴും അതിനു വഴങ്ങുകയോ കൂട്ടുനിൽക്കുകയോ ചെയ്യുന്നു എന്നതുമാണ്. എന്നാൽ ഹോമുകളിലെ താമസമാവട്ടെ മറ്റൊരു തരത്തിൽ കുട്ടികളുടെ ദുരിതം കൂട്ടുകയും ചെയ്യുന്നു. ഹോമുകൾക്കു പുറത്തു നിന്ന് കേസുകൾ നടത്തുന്ന കുട്ടികൾക്കും അവരുടെ കുടുംബത്തിനും പിന്തുണ നൽകാനുള്ള കൃത്യമായ സംവിധാനം ഇപ്പോഴും പ്രവർത്തനരഹിതമാണ് എന്നർത്ഥം. സി.ഡബ്ലിയു.സി. ഇവർക്കു കൗൺസിലറുടെയും, സോഷ്യൽ വർക്കാരിന്റേയും സഹായം നൽകാൻ തയ്യാറാവാറുണ്ട്. എന്നാൽ ഭൂരിഭാഗം കേസുകളും സി.ഡബ്ലിയു.സി. ക്കു മുന്നിൽ എത്തുന്നില്ല എന്ന് നേരത്തെ പറഞ്ഞ കണക്കുകൾ വ്യക്തമാക്കുന്നു. ഏതായാലും മുൻപത്തെ അപേക്ഷിച്ചു ഈ സംവിധാനങ്ങളെല്ലാം ക്രമേണ ഒരൽപ്പം മെച്ചപ്പെട്ടു വരുന്നുണ്ട് എന്ന പകുതി വസ്തുതയും, പകുതി ആഗ്രഹചിന്തയും കലർന്ന പ്രതികരണങ്ങളാണ്, ‘ദി ഐഡം’ സംസാരിച്ച പ്രോസിക്യൂട്ടർമാരിൽ നിന്നും, മറ്റു ബന്ധപ്പെട്ട സാമൂഹ്യപ്രവർത്തകരിൽ നിന്നുമൊക്കെ ഉണ്ടായത്. നമ്മുടെ കുട്ടികൾക്ക് വേണ്ടി അത്രയും മതിയോ നമ്മുടെ പരിശ്രമങ്ങൾ എന്ന് നാമോരോരുത്തരും സ്വയം ചോദിക്കേണ്ടി വരും.

കേസുകൾ കോടതിയിൽ എത്തുമ്പോൾ എന്താണ് സംഭവിക്കുന്നത്? പകുതിയെങ്കിലും കേസുകൾ കോടതിക്ക് പുറത്തു ഒത്തുതീർക്കപ്പെടുന്നു. കേരളത്തിൽ 2013 നും 2016 നും ഇടയിൽ 530 പോക്സോ കേസുകളിൽ കോടതികൾ വിധി പറഞ്ഞപ്പോൾ, 70 കേസുകളിൽ മാത്രമാണ് കുട്ടികൾക്ക് അനുകൂലമായ വിധിപ്രസ്താവം ഉണ്ടായത് എന്ന് 2017 ഇൽ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നാണക്കേട് ഒഴിവാക്കാൻ കുട്ടിയുടെ രക്ഷിതാക്കൾ അതിനു തയ്യാറാവുന്നു. അല്ലെങ്കിൽ പീഡിപ്പിച്ചയാളെ ബന്ധുവോ സുഹൃത്തോ ആയതുകൊണ്ട് ആകെമൊത്തം സാമൂഹ്യബന്ധങ്ങളെ കരുതി അവർ കേസ് ഒത്തുതീർക്കുന്നു. എന്നാൽ നിയമം നിയമത്തിന്റെ വഴിക്കു പോകണമല്ലോ. അപ്പോൾ ഇരയായ കുട്ടി കോടതിയിൽ മൊഴി മാറ്റി പറയാൻ നിര്ബന്ധിതയാവുന്നു. രക്ഷിതാക്കൾ തന്നെ അവളെ അതിനു പ്രേരിപ്പിക്കുന്നു, അവരുടെ വക്കീൽ എന്തൊക്കെ മാറ്റിപ്പറയണമെന്നു അവളെ ഇരുത്തി പഠിപ്പിക്കുന്നു. പിന്നെ മൊഴി മാറിയ സാക്ഷിയുടെ (ഇരയുടെ) ക്രോസ് വിസ്താരമാണ്. പബ്ലിക് പ്രോസിക്യൂട്ടർ കുട്ടിയുടെ മൊഴി മാറ്റങ്ങളെ കീറിമുറിച്ചു ചോദ്യം ചെയ്യണം. അതിൽ അനാസ്ഥ കാണിച്ചാൽ പ്രോസിക്യൂട്ടർക്കെതിരെ നാളെ ഒരു ആരോപണം വരാം. അതുകൊണ്ടു കൂട്ടിൽ നിർത്തി കുട്ടിയെ അവൾ നേരിട്ട ദുരനുഭവത്തിലൂടെ ഒരിക്കൽ കൂടി വലിച്ചിഴക്കുന്നു. അവളുടെ ഉത്തരങ്ങൾ വലിച്ചുകീറുന്നു. വീണ്ടും വീണ്ടും നുണ പറയാൻ അവൾ നിർബന്ധിതയാവുന്നു. കോടതിയിൽ, ഇതിനിടയിൽ ഒരു കൗൺസിലിംഗ് പിന്തുണയോ ഒന്നും അവൾക്കു ലഭ്യമല്ല. കുട്ടിയേയും കുടുംബത്തെയും പിന്തുണക്കാൻ ഒരു സോഷ്യൽ വർക്കർ അവിടെ ഇല്ല. ഒടുവിൽ പറയേണ്ട നുണകളെല്ലാം ഭദ്രമായി പറഞ്ഞുറപ്പിച്ചു ഈ കുട്ടി സാക്ഷിക്കൂട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥയോട് എന്ത് മതിപ്പാണ് ആ കുട്ടിക്ക് പിന്നെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നത്? ഇത് ഈ ലേഖിക ചോദിക്കുന്നതല്ല, ഇത്തരം ക്രോസ് വിസ്താരങ്ങൾ ചെയ്യേണ്ടി വന്ന്, മനസ്സ് തകർന്ന് ജോലി തന്നെ രാജി വെച്ച ഒരു വനിതാ പ്രോസിക്യൂട്ടർ ഈ ലേഖികയോട് ചോദിച്ചതാണ്. നിരവധി പ്രോസിക്യൂട്ടർമാർ ഈ ദുരവസ്ഥ അനുഭവിക്കുന്നു.

പോക്സോ കേസുകളിൽ കുട്ടി മജിസ്‌ട്രേറ്റിനു മുന്നിൽ പ്രതിക്കെതിരെ മൊഴി കൊടുത്താൽ മാത്രമാണ് പ്രതിയെ ശിക്ഷിക്കാനാവുന്നത്. ചെറിയ കുട്ടികൾക്ക് കൃത്യമായി ഇങ്ങനെ ഒരു മൊഴി നൽകാൻ കഴിഞ്ഞെന്നു വരില്ല. മുകളിൽ പറഞ്ഞ ഒത്തുതീർക്കലുകൾ മറുവശത്ത്. പോക്സോ കേസുകളും ബലാത്സംഗ കേസുകളും തീർപ്പാക്കാൻ കൂടുതൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടുതൽ കോടതികൾ വന്നത് കൊണ്ട് പരിഹരിക്കാവുന്നവയല്ലല്ലോ. വനിതാ ശിശു ക്ഷേമ വകുപ്പിന്റെ കാവൽ എന്ന പദ്ധതിയിലൂടെ ഈ കുട്ടികൾക്ക് പിന്തുണ നൽകാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. കാവൽ പദ്ധതി ഒരു നല്ല കാൽവെയ്പ്പാണ്. പോക്സോ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന സി.ഡബ്ലിയു.സി. അംഗങ്ങൾ, പ്രോസിക്യൂട്ടർമാർ, സോഷ്യൽ വർക്കർമാർ, തുടങ്ങി എല്ലാവർക്കും ബാംഗ്ലൂരിലെ പ്രശസ്തമായ നിംഹാൻസ് എന്ന മാനസികാരോഗ്യ-പഠന കേന്ദ്രത്തിൽ പരിശീലനം നൽകുന്നത് ഈ പദ്ധതിയുടെ ഭാഗമായിട്ടാണ്. എന്നാൽ 50 കേസുകളിൽ, പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഈ പരിശീലനം നടന്നത്.

പോക്‌സോ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് ചില നല്ല നടപടികൾ സർക്കാർ കൈക്കൊണ്ടിരുന്നു. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്, സ്‌പെഷൽ ജുവനൈൽ പോലീസ് യൂണിറ്റ്. കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് ഇവർ. ഒരു പോലീസ് സ്റ്റേഷനിൽ ഈ യൂണിറ്റിൽ നിന്നുള്ള ഒരാൾ ഉണ്ടെങ്കിൽ ആ പോലീസ് ഓഫീസർ ആയിരിക്കും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്. ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ അനുഭവത്തിൽ ഈ ഓഫീസർമാർ വളരെ നല്ല നിലയിൽ ഈ കേസുകൾ കൈകാര്യം ചെയ്യാറുണ്ട്. എന്നാൽ എല്ലാ പോലീസ് സ്റ്റേഷനിലും ഈ യൂണിറ്റിൽ നിന്നുള്ള ഓഫീസർമാരുടെ സേവനം ലഭ്യമാക്കിയിട്ടില്ല. മാത്രമല്ല, ഒരു സ്റ്റേഷനിൽ നിന്ന് ഇത്തരം ഒരു ഓഫീസർ സ്ഥലം മാറി പോകുന്നതോടുകൂടി അന്വേഷണത്തിൽ അതുവരെ ഉണ്ടായ നല്ല കാഴ്ചപ്പാടുകൾ ഇല്ലാതാവുന്നതായും കാണുന്നു. ഒരു പോലീസ് സ്റ്റേഷനിൽ ഇത്തരം ഒരാൾ ഉണ്ടാവണം എന്ന് നിർബന്ധമാക്കുകയും അതിനു വേണ്ട അത്രയും പോലീസുകാർക്ക് പരിശീലനം നൽകുകയും വേണം.

പോക്സോ കേസുകളുടെ ദുരുപയോഗം മറ്റൊരു ഗുരുതരമായ വിഷയമാണ്. 2022 ജൂലൈയിൽ ഇത്തരമൊരു കേസിൽ കേരള ഹൈക്കോടതി കവരത്തി സ്വദേശിയായ ഒരു പ്രതിയെ വെറുതെ വിട്ടു. കുട്ടിയെ കാണാതായതിൽ പ്രതിക്ക് യാതൊരു പങ്കുമില്ല എന്ന് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടർന്നാണിത്. പോക്സോ കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കണമെന്നു നിയമം പറയുമ്പോൾ തന്നെ 2021 ലെ 10500 പോക്സോ കേസുകൾ ഇനിയും തീർപ്പായിട്ടില്ല എന്ന് സംസ്ഥാന നിയമസഭയുടെ രേഖകൾ സൂചിപ്പിക്കുന്നു. ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകൾ വൈകുന്നതാണ് കാലതാമസത്തിന്റെ ഒരു കാരണം. 2022 ജൂണിൽ എറണാകുളത്ത് കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി നിലവിൽ വന്നിട്ടുണ്ട്. എന്നാൽ കുറച്ചു കളിപ്പാട്ടങ്ങളും, നിറങ്ങളും ചേർത്ത കെട്ടിടവും, അൽപ്പം ഭേദപ്പെട്ട അന്തരീക്ഷവും ഒരുക്കുന്ന കോസ്‌മെറ്റിക് പരിഷ്കാരത്തിനപ്പുറം പോവേണ്ടതുണ്ട് ഈ കേസുകളുടെ നടത്തിപ്പ്.

About Author

വി. എം. ദീപ

ദി ഐഡം എക്സിക്യൂട്ടീവ് എഡിറ്റർ. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം പ്രവർത്തിച്ചിട്ടിട്ടുണ്ട്.