ഭാരത് ജോഡോ യാത്ര ഒരാഴ്ച്ച പിന്നിടുമ്പോൾ കോൺഗ്രസ്സിനും യാത്രയുടെ നേതാവ് രാഹുൽ ഗാന്ധിക്കും അത്ര സുഖകരമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. ഗോവയിൽ കോൺഗ്രസ്സിന്റെ പതിനൊന്ന് എംഎൽഎമാരിൽ എട്ടുപേർ ബിജെപിയിലേക്ക് കൂറുമാറിയാതായി സ്ഥിരീകരിക്കപ്പെട്ടു. കൂറുമാറിയവരിൽ പ്രതിപക്ഷ നേതാവ് മൈക്കേൽ ലോബോ, മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് എന്നിവരും ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഗോവയിൽ എംഎൽഎമാരെ അമ്പലങ്ങളിലും പള്ളികളിലും കൊണ്ടുപോയി പ്രതിജ്ഞ ചെയ്യിക്കുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. എന്നാൽ ആ പ്രതിജ്ഞകൾ കൊണ്ടൊന്നും എംഎൽഎമാർ പാർട്ടി വിട്ടുപോകുന്നതിനെ കോൺഗ്രസ്സിന് തടയാനായില്ല. ഇതോടെ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ജോഡോ യാത്ര കോൺഗ്രസ് ഛോഡോ യാത്രയായി മാറിയെന്ന തരത്തിൽ ദേശീയ തലത്തിൽ പരിഹസിക്കപ്പെടുകയാണ്.
സമഗ്രമായ കോൺഗ്രസ്സ് പുനരുദ്ധാരണമാണ് ഭാരത് ജോഡോ യാത്രയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും അതിന്റെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും സമഗ്രമായ ചിന്ത കോൺഗ്രസ്സ് നേതൃത്വത്തിന് ഉണ്ടായിരുന്നുവോ എന്ന സംശയവും ദിനേനയെന്നോണം വർധിച്ചുകൊണ്ടിരിക്കുകയാണ്. വികലം എന്ന് മാത്രം വിളിക്കാവുന്ന യാത്രയുടെ സഞ്ചാരപാതതന്നെ ഈ അപൂർണ്ണ തയ്യാറെടുപ്പിന്റെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര കേരളത്തിൽ എത്തിയശേഷം കോയമ്പത്തൂർ വഴി തമിഴ്നാട്, അവിടെ നിന്നും കർണാടകത്തിലെ മൈസൂരിലും ബെല്ലാരിയിലും റായ്ച്ചൂരും തുടർന്ന്, ആന്ധ്രാപ്രദേശിലെ ആളൂർ, തെലങ്കാനയിലെ വികാരാബാദ്, മഹാരാഷ്ട്രയിലെ നന്ദേഡ്, ജൽഗാവ് ജാമോദ്, മധ്യപ്രദേശിലെ ഇൻഡോർ, ഉജ്ജയിൻ, രാജസ്ഥാനിലെ ആൽവാർ, ഉത്തർപ്രദേശിലെ ബുലന്ത്ശഹ്ർ, ഡൽഹി, ഹരിയാനയിലെ അംബാല, പഞ്ചാബിലെ പത്താൻകോട്ട്, എന്നീ പ്രദേശങ്ങൾ സഞ്ചരിച്ച് ജമ്മുവിൽ അവസാനിക്കും. ബിജെപിയെ പ്രതിരോധിക്കാനാണ് ഈ യാത്ര എന്ന് വാദിക്കുമ്പോഴും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും ബിജെപിക്ക് ശക്തമായ വേരോട്ടവുമുള്ള ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ യാത്രയിൽ ഉൾപെടുന്നുമില്ല.
കന്യാകുമാരി മുതൽ കാശ്മീർ വരെ എന്ന് പറയുമ്പോഴും 12 സംസ്ഥാനങ്ങളിൽ മാത്രമാണ് പര്യടനം നടത്തുന്നത് അതിൽ ഏഴ് സംസ്ഥാനങ്ങൾ ബിജെപിക്ക് വലിയ സ്വാധീനം ഇല്ലാത്തവയുമാണ്. കോൺഗ്രസ്സിന് ലോക്സഭയിൽ 19 എംപിമാരുള്ള കേരളത്തിൽ 18 ദിവസം പര്യടനം നടത്തുന്ന കോൺഗ്രസ്സ്, ബിജെപി ശക്തമായ ഉത്തർപ്രദേശിൽ രണ്ടു ദിവസം മാത്രമായിരുന്നു യാത്ര നടത്തുന്നത്. എന്നാൽ ജോഡോ യാത്രയുടെ റൂട്ട് വിവാദമായതോടെ ഉത്തർപ്രദേശിൽ അഞ്ചു ദിവസം പര്യടനം നടത്തുമെന്ന് കോൺഗ്രസ്സിന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ജോഡോ യാത്രയിൽ ബിജെപി സർക്കാരിനെയോ സംഘപരിവാർ രാഷ്ട്രീയത്തെയോ വിമർശിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ലെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തുകയും കൃത്യമായ രാഷ്ട്രീയം സംസാരിക്കാതെ ഇലക്ഷൻ കാലത്ത് കാണിക്കുന്ന സ്ഥിരം ഗിമ്മിക്കുകൾ കാണിച്ചുകൊണ്ടുമുളള ഈ യാത്ര എത്രത്തോളം ഫലവത്താകുമെന്നാണ് ഉയരുന്ന ചോദ്യം.
എന്നാൽ കോൺഗ്രസാണ് ഇന്ത്യയിലെ വലിയ പ്രതിപക്ഷ പാർട്ടിയെന്നും ബിജെപിയെ ചെറുക്കാൻ സാധിക്കുന്ന പ്രാദേശിക പാർട്ടികൾ ഉള്ള ഇടങ്ങളിൽ അവരുമായി കൈകോർക്കുകയുമാണ് വേണ്ടതെന്നും ബീഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് മാധ്യമങ്ങളോട് പറയുകയുണ്ടായി. ഈ നീക്കത്തിന്റെ ഭാഗമാണ് ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ്സ് ചില സംസ്ഥാങ്ങളെ ഒഴിവാക്കാൻ കാരണമെന്ന് ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും വാദിക്കുന്നു. എന്നാൽ അത്തരത്തിൽ ഒരു സ്ഥിരീകരണവും ഇതുവരെ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
സെപ്തംബർ 7ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 148 ദിവസം കൊണ്ട് പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോയി 3,570 കിലോമീറ്റർ സഞ്ചരിച്ച് ശ്രീനഗറിൽ സമാപിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, വർധിച്ച് വരുന്ന സാമൂഹ്യ പ്രശ്നങ്ങൾ, ജനാധിപത്യ ധ്വംസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് ജനങ്ങളിൽ എത്തിക്കുക, 2024 ലെ പൊതുതിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക എന്നതുമാണ് ജാഥയുടെ ലക്ഷ്യമായി കോൺഗ്രസ്സ് പറയുന്നത്.
ഭാരത് ജോഡോ യാത്രയുടെ സാഹചര്യം പരിശോധിക്കുമ്പോൾ 2014 ന് ശേഷം പാർലമെന്ററി തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നിരന്തരം പരാജയപെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണം ഉണ്ടായിരുന്ന പാർട്ടി ഇന്ന് കേവലം രണ്ടു സംസ്ഥാനങ്ങൾ മാത്രം ഭരിക്കുകയും ലോകസഭയിൽ വെറും 53 എംപി മാർ മാത്രമാവുകയും ചെയ്തു. ആം ആദ്മി പാർട്ടിയുടെ വരവോടെ ബിജെപി ബദൽ തേടുന്നവർ കോൺഗ്രസ്സിനെ മാറ്റി ചിന്തിക്കുകയാണ് എന്നതിന്റെ തെളിവെന്നോണം പഞ്ചാബിൽ അട്ടിമറി നടത്തിയിരിക്കുന്നു. ഒരു ഭാഗത്ത് കോൺഗ്രസ് വിട്ട് നേതാക്കന്മാർ ബിജെപിയിലേക്ക് പോകുകയും അതേസമയം സംഘടനാ തെരഞ്ഞെടുപ്പിനും നേതൃമാറ്റത്തിനും മുറവിളികൂട്ടി മറ്റൊരു വിമത പക്ഷം പാർട്ടിക്കകത്തുതന്നെ നിൽക്കുന്നു. ഈ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ ഏകദേശം രണ്ടു വർഷത്തിലേറെയായി ഒരു സ്ഥിരം ദേശീയ അധ്യക്ഷൻ പോലുമില്ലാതെ പ്രതിസന്ധിയിൽ ഉഴറുകയാണ് കോൺഗ്രസ്സ്.
ഇന്ത്യയിലെ ജനങ്ങളുമായി അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങൾ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മനസിലാക്കാനും ആശയ പ്രചാരണം നടത്താനും അവരെ പ്രക്ഷോഭങ്ങളിൽ അണിനിരത്താനുമുള്ള ഉപാധികളായിരുന്നു സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി അടക്കമുള്ള നേതാക്കൾ നടത്തിയിരുന്ന പദയാത്രകൾ. ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നടത്തിയ കാലത്തിൽ നിന്നും മറ്റൊരു രാഷ്ട്രീയ സാഹചര്യത്തിൽ എത്തിനിൽക്കുന്ന ഇന്നത്തെ ഇന്ത്യ പുതിയൊരു മുന്നേറ്റത്തിന് കാത്തിരിക്കുകയാണ്. രാഷ്ട്രീയം മതാധിഷ്ഠിതമായ ഒരു കാലത്തിൽ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യവുമായുള്ള ഈ ഭാരത് ജോഡോ യാത്ര ഒരു പക്ഷെ കോൺഗ്രസിന്റെ ജോഡോ യാത്രകൂടിയാണ്.
2024 തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ചിട്ടയാർന്ന പ്രവർത്തനങ്ങൾ, വർഗീയതയ്‌ക്കെതിരെയുള്ള പ്രചരണം, കോൺഗ്രസ്സ് ആശയ പ്രചരണം തുടങ്ങിയവ എത്രയും പെട്ടന്ന് ആരംഭിക്കേണ്ടത് കോൺഗ്രസിന്റെ നിലനില്പിനോളം വിലയുള്ളതാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രാധാന്യം അല്ലെങ്കിൽ അതിന്റെ പ്രവർത്തങ്ങൾക്ക് പാർലമെന്ററി സീറ്റുകൾ ഒരു മാനദണ്ഡമല്ലെന്ന് പറയാമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഭരണം നേടുകയെന്നത് തന്നെയാണ് കോൺഗ്രസ്സിന് മുന്നിലെ ഒരേയൊരു പോംവഴി. അമിത് ഷായും മോദിയും പറയുന്നത് പോലെ കോൺഗ്രസ്സ് മുക്തമാകില്ല ഭാരതം എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വവും ഭിന്നിച്ചു നിൽക്കുന്ന കോൺഗ്രസിനെ ഒന്നിച്ചു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വവും ഈ യാത്രയുടെ നായകസ്ഥാനമേറ്റെടുത്തുകൊണ്ട് രാഹുൽ ഗാന്ധിയിൽ നിക്ഷിപ്തമായിരിക്കുകയാണ്.
എങ്കിലും പ്രതിസന്ധിയുടെ നിലയില്ലാ കയത്തിൽ നിൽക്കുന്ന കോൺഗ്രസിന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പുതിയ പ്രതീക്ഷകൾ നൽകുമെന്നതിൽ സംശയമില്ല. പദയാത്രകൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രങ്ങളിലേക്കും ജനങ്ങളിലേക്കും പടർന്നുകയറിയ ചരിത്രമുള്ള ഒരു മണ്ണിൽ കോൺഗ്രസ്സിന്റെയും രാഹുൽ ഗാന്ധി എന്ന നേതാവിന്റെയും ഉയിർത്തെഴുന്നേൽപ്പാകുമോ എന്ന് കണ്ടറിയാം. മുതിർന്ന കോൺഗ്രസ്സ് നേതാവ് ജയറാം രമേശ് പറഞ്ഞതുപോലെ “ഉറക്കമുണർന്ന ആന” യാകുമോ കോൺഗ്രസ്സ് എന്നും.
രാജ്യം മുഴുവൻ നീളുന്ന ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയുള്ള പദയാത്രകൾ സമീപകാലത്തൊന്നും കോൺഗ്രസടക്കമുള്ള ഒരു രാഷ്ട്രീയപാർട്ടികളും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പദയാത്രകളുടെ ചരിത്രം പരിശോധിച്ചാൽ കർഷകരുടെ ലോങ്ങ് മാർച്ചായിരുന്നു ഈ അടുത്തകാലത്ത് നടന്ന ഇന്ത്യയൊന്നാകെ ചർച്ചചെയ്ത ഏറ്റവും വലിയ യാത്രകളിലൊന്ന്. വരൾച്ചയും വിളത്തകർച്ചയും വിലത്തകർച്ചയുംമൂലം പൊറുതിമുട്ടിയ മഹാരാഷ്ട്രയിലെ കർഷകർ കാൽലക്ഷം കൃഷിക്കാരുമായി 2018 മാർച്ച് ആറിന് നാസിക്കിൽ നിന്നുമാണ് ലോങ്ങ് മാർച്ച് ആരംഭിച്ചത്. 200 കിലോമീറ്റർ താണ്ടി മുംബൈയിലേക്ക് നടന്ന മാർച്ച് കേന്ദ്രസർക്കാരിന്റെ കാർഷികനിയമഭേദഗതിക്കെതിരേ 2021-ൽ ഹരിയാണയിലും പഞ്ചാബിലും ആരംഭിച്ച് രാജ്യമാകെ പടർന്ന കർഷകസമരത്തിന് വലിയ പ്രചോദനമാവുകയും ചെയ്തു. എന്നാൽ
1983 ജനുവരി ആറിനാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യകണ്ട ഏറ്റവും വലുതും അവസാനത്തെയുമായ ദേശീയ പദയാത്ര നടന്നത്. ജനതാപാർട്ടി അധ്യക്ഷനായിരുന്ന ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന ഭാരതയാത്ര. ഗ്രാമീണ ഇന്ത്യയുടെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ ശ്രദ്ധയിൽക്കൊണ്ടുവരാനായി കന്യാകുമാരിയിൽനിന്ന് തുടങ്ങി 173 ദിവസത്തിൽ 4620 കിലോമീറ്റർ സഞ്ചരിച്ച് രാജ്ഘട്ടിലാണ് സമാപിച്ചത്.
2016ൽ കോൺഗ്രസ് ഉപാധ്യക്ഷനായിരിക്കുമ്പോൾ കിസാൻ ജാഥ എന്നപേരിൽ ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി പദയാത്ര നടത്തുകയുണ്ടായി. 2017 തെരഞ്ഞെടുപ്പ് ലക്‌ഷ്യം വച്ചായിരുന്നു പദയാത്ര നടത്തിയതെങ്കിലും ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ചരിത്രത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ പദയാത്ര നടത്തി നേട്ടമുണ്ടാക്കിയപ്പോൾ രാഹുൽ ഗാന്ധിക്ക് ഇത്തരം യാത്രകൾ വിപരീത ഫലമാണ് നേടിക്കൊടുത്തത്.
അപര്യാപ്തതകൾ ഏറെ ഉണ്ടെങ്കിലും ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ “ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം” എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ് എന്ന അഭിപ്രായവും ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർക്കിടയിലുണ്ട്. തകർച്ചയിൽ നിന്നും തകർച്ചയിലേക്കും സംഘടനാപരമായ അനൈക്യത്തിലൂടെയും കടന്നുപോകുന്ന, ഇന്ത്യ കണ്ട എക്കാലത്തെയും വലിയ രാഷ്ട്രീയ പാർട്ടിക്കും, സ്വന്തം പ്രസ്ഥാനത്തിന്റെ പതനത്തിൽ നിരാശയിലാണ്ട അണികൾക്കും രാഹുലിന്റെ യാത്ര പുതിയ പ്രതീക്ഷകളിലേക്കു തുറക്കുന്ന വാതിലാണ് എന്ന് അവർ വാദിക്കുന്നു.