ഖത്തർ ലോകകപ്പിലെ വിസ്മയ സമ്മാനങ്ങൾ ഇങ്ങനെയാണ്
ആദ്യമായി അറബ് മണ്ണിലേക്ക് വിരുന്നെത്തുന്ന ഫിഫ വേൾഡ് കപ്പിനെ (FIFA World Cup Qatar 2022) അവിസ്മരണീയ അനുഭവമാക്കാനുള്ള അവസാന മിനുക്കുപണികളിലാണ് ഖത്തർ. വർണാഭമായ ഉദ്ഘാടന ചടങ്ങുകളോടെ അൽഖോറിലെ അൽബൈത്തിൽ തുടങ്ങി, എൺപതിനായിരം കാണികളെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഫൈനലടക്കം നിർണായക മത്സരങ്ങൾ അരങ്ങേറുന്ന പശ്ചിമേഷ്യയിലെ വലിയ സ്റ്റേഡിയമായ ലുസൈലും മറ്റു ആറു സ്റ്റേഡിയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഫാൻസോണുകളുടെ നിർമാണം അന്തിമഘട്ടത്തിലെത്തിനിൽക്കുന്നു. ഫുട്ബാൾ ആരാധകരെയും കളിക്കാർക്കൊപ്പം ടീം ഒഫീഷ്യലുകളെയും ഒരേപോലെ സന്തോഷിപ്പിക്കുന്ന നിരവധി പ്രത്യേകതകളുണ്ട് ഖത്തർ വേൾഡ് കപ്പിൽ. ഫിഫ തന്നെ വിശേഷിപ്പിച്ച ‘മോസ്റ്റ് കോംപാക്ട് വേൾഡ് കപ്പ്’ എന്നതാണ് അതിൽ ഒന്നാമത്തെത്. എല്ലാം ‘ദോഹ’യെന്ന ഒരു കുടക്കീഴിൽ, എന്നാലങ്കാരികമായി പറയാം. ലോകം ഒരുമാസക്കാലത്തേക്ക് ഖത്തർ എന്ന കൊച്ചു രാജ്യത്ത് ദോഹയെന്ന ചെറു നഗരത്തിലേക്ക് ചുരുങ്ങുന്ന മനോഹര കാഴ്ചക്ക് ഇനി വെറും ഒരു മാസത്തെ കാത്തിരിപ്പ് മാത്രം.
ഒരു മണിക്കൂറിനകം എത്തിച്ചേരാവുന്ന എട്ട് സ്റ്റേഡിയങ്ങളും നിരവധി ഫാൻ സോണുകളും ടീമുകളുടെ പരിശീലന ഗ്രൗണ്ടുകളും അവരുടെ ബേസ് കാമ്പുകളും എല്ലാം ദോഹയുടെ പരിസര പ്രദേശങ്ങളിൽ മാത്രം. മുൻ ലോകകപ്പുകളിലെ ഹോസ്റ്റ് സിറ്റികളെ വച്ച് നോക്കുമ്പോൾ കാണികൾക്കും കളിക്കാർക്കും ഏറ്റവും ചുരുങ്ങിയ ദൂരം മാത്രം സഞ്ചരിച്ചു കളികൾ കാണാനും, ഖത്തറിലെ മറ്റു സൗകര്യങ്ങൾ ആസ്വദിക്കാനും സാധ്യമാകും.
ഒന്നിൽ കൂടുതൽ മത്സരങ്ങൾ കാണാനാവസരം
താൻ ഇഷ്ടപ്പെടുന്ന രാജ്യത്തെ, ഇഷ്ടടീമിനെ, കളിക്കാരെ നേരിട്ട് കാണാനും പ്രോത്സാഹിപ്പിക്കാനും, മുഖത്തു ചായം പൂശിയും, കൈകളിൽ കൊടികളേന്തിയും, ശബ്ദമുഖരിതമായ താളത്തിനൊത്ത് ഗാലറിയിൽ മെക്സിക്കൻ ആവേശത്തിരമാലയുടെ ഭാഗമാവാനും കൊതിക്കാത്ത ഫുട്ബാൾ പ്രേമികളുണ്ടാകുമോ? ഏതൊരു കളിക്കമ്പക്കാരനും തല്സമയം സ്റ്റേഡിയത്തിൽ കാളികാണാനുള്ള അവസരം നഷ്ടപ്പെടുത്താറില്ല. ഒന്നിൽ കൂടുതൽ മത്സരങ്ങൾ ഒരു ദിവസം കാണാനാവസരമുണ്ടെങ്കിലോ, തീർച്ചയായും പൊളിക്കും.
മുൻ വേൾഡ് കപ്പുകളിൽ സ്റ്റേഡിയങ്ങൾക്കിടയിലുള്ള ദൂരം കൂടുതലായതുകൊണ്ട് ഒന്നിൽ കൂടുതൽ കളി ഒരു ദിവസം കാണുക അസാധ്യമായിരുന്നു. അവിടെയാണ് ഖത്തർ നിങ്ങളെ അതിശയിപ്പിക്കാൻ കാത്തിരിക്കുന്നത്. എട്ട് സ്റ്റേഡിയങ്ങളും ദോഹ നഗരത്തിന്റെ ചുറ്റുവട്ടത്തിലായതുകൊണ്ട് ഒരു കളികഴിഞ്ഞു അടുത്ത സ്റ്റേഡിയത്തിലെത്തൽ എളുപ്പമാണ്. പരമാവധി ഒരു മണിക്കൂറിൽ താഴെ മാത്രം യാത്ര ചെയ്താൽ മതി. ഫാൻസോണുകളും സ്റ്റേഡിയങ്ങളും ഇത്രയടുത്തു മറ്റൊരു വേൾഡ് കപ്പിലും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യ റൗണ്ടിലെ ഒരു ദിവസത്തെ പരമാവധി നാല് കളികളും ടിക്കറ്റ് ഉള്ള ആരാധകർക്ക് നേരിട്ട് കാണാൻ ഖത്തറിൽ അവസരമുണ്ടാകും. യാത്ര ഒരു തടസ്സമാകില്ല എന്ന് ചുരുക്കം.
ടീമുകളുടെ യാത്ര
റഷ്യൻ വേൾഡ് കപ്പിൽ പങ്കെടുത്ത ഈജിപ്ത് ടീം ആദ്യ റൗണ്ടിലെ മൂന്നുകളികൾക്കായി സഞ്ചരിച്ച ദൂരം 8,500 കിലോമീറ്ററാണ്. ബ്രസീൽ വേൾഡ് കപ്പിൽ അമേരിക്കൻ ടീം സഞ്ചരിച്ചതാകട്ടെ 14,000 കിലോമീറ്ററും. ഈ പതിവ് രീതിയിൽ നിന്ന് മാറി, ഒരു മണിക്കൂറിനുള്ളിൽ എത്താവുന്ന രീതിയിൽ ബേസ് ക്യാമ്പുകളും സ്റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളും സജ്ജീകരിച്ചതുകൊണ്ട് യാത്ര കളിക്കാരെ ബാധിക്കുന്നേയില്ല. പരിശീലനത്തിന് കൂടുതൽ സമയം ലഭിക്കുന്നതോടൊപ്പം ഈ ഊർജവും ആവേശവും ഗ്രൗണ്ടിൽ പ്രകടമാകുമെന്നതാണ് ഖത്തർ വേൾഡ് കപ്പിലെ മറ്റൊരു പ്രത്യേകത.
നാല് സ്റ്റേഡിയങ്ങൾ അടങ്ങിയ രണ്ടു ക്ലസ്റ്റർ
നാലുവീതം സ്റ്റേഡിയങ്ങളുടെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ചാണ് മാച്ച് ലിസ്റ്റ് ഫിഫ തയ്യാറാക്കിയത്. അൽബൈത്, ഖലീഫ, അൽ തുമാമ, റയ്യാൻ സ്റ്റേഡിയങ്ങൾ ആദ്യ ക്ലസ്റ്ററിലും, ലുസൈൽ, 974, എഡ്യൂക്കേഷൻ സിറ്റി, അൽ ജനൂബ് സ്റ്റേഡിയങ്ങൾ രണ്ടാം ക്ലസ്റ്ററിലുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒരു ദിവസം പരമാവധി നാലു കളികൾ എല്ലാം ഒരു ക്ലസ്റ്ററിൽ മാത്രമായിരിക്കും. അതുകൊണ്ടുതന്നെ കളികൾക്കിടയിലെ യാത്ര ഒരു ക്ലസ്റ്ററിൽ മാത്രമായി ചുരുങ്ങുന്നു. ഇരു ക്ലസ്റ്ററുകളിലും പരമാവധി താണ്ടേണ്ട ദൂരം 60 കിലോമീറ്ററിൽ താഴെ മാത്രം.
എല്ലാ സ്റ്റേഡിയങ്ങളും മെട്രോയുമായി ബന്ധിപ്പിച്ചതുകൊണ്ടു ഗതാഗതം കൂടുതൽ എളുപ്പമാകും. ഹയ്യ കാർഡുള്ളവർക്ക് പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്താം; അവർക്ക് തീർത്തും സൗജന്യ യാത്രയാകും ഖത്തറിലേതെന്നത് ഫുട്ബാൾ പ്രേമികൾക്ക് ഇരട്ടി മധുരമാകും.
ആദ്യത്തെ ശൈത്യകാല വേൾഡ് കപ്പ് ആയതു കൊണ്ടുതന്നെ കാലാവസ്ഥ കളിക്കാർക്കും കാണികൾക്കും ഒരേപോലെ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ തണുപ്പോ ചൂടോ ഇല്ലാത്ത മിതമായ കാലാവസ്ഥയും മഴയില്ലാത്ത തെളിഞ്ഞ അന്തരീക്ഷവും കൂടിയാവുമ്പോൾ ഖത്തർ ‘22 ഒരു വേറിട്ട അനുഭവം തന്നെയാകും. ടെക്നോളജി കൂടുതൽ ഉപയോഗപ്പെടുത്തുന്നതുകൊണ്ടു തന്നെ ടീം/ഫാൻ സൗഹൃദ ടൂർണമെന്റാകും ഖത്തറിലേതെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു.
പരിസ്ഥിതി അനുകൂല, സുസ്ഥിര കളിയിടങ്ങളും, ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നതിൽ കൂടുതൽ ശ്രദ്ധ ഖത്തർ പുലർത്തിയെന്നത് സന്ദർശകർക്ക് തീർച്ചയായും ഒരു പുതു അനുഭവമാകും. അറബ് സംസ്കാരം കൂടി ഇടകലർന്നുകൊണ്ടുള്ള ഇതുവരെ കാണാത്ത ഒരു വേൾഡ് കപ്പനുഭവം.
ഇന്ത്യക്കാരുടെ എക്കാലത്തെയും മികച്ച പങ്കാളിത്തം നമുക്ക് ഖത്തറിൽ കാണാം. വോളണ്ടീയറിങ്ങിൽ അടക്കം സകല മേഖലകളിലും നാം കരുത്തുതെളിയിച്ചു കഴിഞ്ഞു. ഓരോ ഗോളും ആഘോഷമാക്കാൻ ആരാധകരെ, നിങ്ങൾ ഒരുങ്ങിക്കൊള്ളുക. ഖത്തർ നിങ്ങളെ കാത്തിരിക്കുന്നു, വിസ്മയിപ്പിക്കാനായി …