A Unique Multilingual Media Platform

The AIDEM

Literature Politics Society

മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 10

  • October 27, 2022
  • 1 min read
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 10

മൂന്നാം അങ്കം (രംഗം ഒന്നിൻ്റെ തുടർച്ച)

(ഹിന്ദു പ്രതിനിധി) ഹി.പ്ര: ഒരു ചെറിയ സംശയം അങ്ങുന്നേ..സംസാരസ്വാതന്ത്ര്യം നിയന്ത്രിക്കണമെന്നാണോ ജനാബ് അമീർ ഖുസ്രു സൂചിപ്പിക്കുന്നത്?

അബ്ദുൾ റഹിം ഖാൻ ഇ ഖാന (ജൂറിയിലെ ഒരു അംഗം എഴുന്നേൽക്കുന്നു): ജനാബ് അമീർ ഖുസ്രു ഞങ്ങൾക്കെല്ലാം വേണ്ടിയാണ് സംസാരിച്ചത്. ആവിഷ്കാരസ്വാതന്ത്ര്യം പരിമിതപ്പെടുത്തണമെന്നല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. കൂടുതൽ നിർമ്മാണാത്മകമായ, സൃഷ്ടിപരമായ പ്രോഗ്രാമുകൾ വേണമെന്നേ ഞങ്ങൾ പറയുന്നുള്ളു. അത്രമാത്രം. കമ്പോളത്തെ കേന്ദ്രീകരിച്ചുള്ള പ്രോഗ്രാമുകൾക്കുപകരം, നമ്മുടെ സംസ്ക്കാരമൂല്യങ്ങളിൽ കേന്ദ്രീകരിച്ചുള്ള സൃഷ്ട്യുന്മുഖമായ, സംവേദാത്മകമായ പ്രോഗ്രാമുകൾ. കഴിയുമെങ്കിൽ, ഞങ്ങളുടെ കാലത്ത്, ഗോസ്വാമി തുളസീദാസ്ജിയും എനിക്കും തമ്മിൽ ബന്ധമുണ്ടാക്കാൻ സഹായിച്ച അതേ മൂല്യങ്ങൾ. ശരിയാണ്, 21-ആം നൂറ്റാണ്ട് 16-ആം നൂറ്റാണ്ടല്ല എന്നറിയാം. പഴയ കാലത്തെ ചെറുക്കുന്ന വിധം സാങ്കേതികവിദ്യയും ചരിത്രത്തിന്റെ ഒഴുക്കും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാവാം. അവയെ ബഹുമാനിക്കുകതന്നെ വേണം. കുഞ്ഞിനെ തൊട്ടിയോടൊപ്പം എറിയണമെന്നല്ല പറഞ്ഞത്, മറിച്ച്, അഴുക്കുപിടിച്ച വെള്ളം ഒഴുക്കിക്കളഞ്ഞ്, വെള്ളത്തെ ശുദ്ധീകരിക്കണമെന്ന് മാത്രം.

(പൊതുജനങ്ങൾക്കുള്ള ഗാലറിയിൽ ഒരു ഇളക്കം. കോടതിയിൽ സന്നിഹിതയായിരുന്ന അനിത എഴുന്നേറ്റ് ജഡ്ജിയെ അഭിസംബോധന ചെയ്യുന്നു)

അനിത (കോടതിയുടെ മുമ്പാകെ ഒരു എളിയ അഭ്യർത്ഥന സമർപ്പിക്കുന്നു. രവി പ്രസാദ് ശുക്ല എന്ന മുതിർന്ന ഒരു പൌരന് ഒന്ന് ചെറുതായി ഇടപെടാൻ കഴിയുമോ?

ജഡ്ജി (ഒന്നാലോചിച്ച്): ഒരു ചെറിയ ഇടപെടൽകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് ഞാൻ കരുതുന്നു.

ശുക്ലാജി (മുന്നോട്ട് വന്ന് ജഡ്ജിയെ അഭിമുഖീകരിക്കുന്നു): മഹത്തായ ഈ കോടതിയും, (ജൂറിയെ നോക്കി) വിശിഷ്ടരായ ഈ ജൂറിയും ചേർന്ന്, 5000 വർഷം പഴക്കമുള്ള ഒരു സംസ്കാരത്തിന്റെ എല്ലാ ദോഷങ്ങളും ബാലിശമായ ചില ടിവി ചാനലുകളുടെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ്.

അമീർ ഖുസ്രു: കാര്യങ്ങൾ വിശദീകരിക്കാൻ, പൊതുജനങ്ങളുടെ ഗാലറിയോട് ചില ചോദ്യങ്ങൾ ഹോദിക്കാൻ ഞാൻ കോടതിയുടെ അനുവാദം അഭ്യർത്ഥിക്കുന്നു.

ജഡ്ജി: ഞങ്ങൾക്ക് സന്തോഷമേയുള്ളു. തീർച്ചയായും അനുവദിച്ചിരിക്കുന്നു.

അമീർ ഖുസ്രു: വളരെയധികം പരിണമിക്കുകയും അഗാധതകളുള്ളതുമായ ഒരു സംസ്കാരമാണ് നമ്മുടേത്. എന്നാൽ നമ്മുടെ മനസ്സുകളെ ഒരു ബൌദ്ധികവിരുദ്ധതയും ഇന്ദ്രിയസംവേദനരാഹിത്യവും ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഗൌരവമുള്ള വിഷയങ്ങളെ ചർച്ച ചെയ്യാതെ കാഴ്ചവട്ടത്തിൽനിന്ന് ഒളിപ്പിച്ചുവെക്കുകയാണ് നമ്മൾ.

നിങ്ങളുടെ കാലത്തിന് അനുയോജ്യമായ ഒരുദാഹരണം പറയാം. ഈയിടെ അമേരിക്കയിൽ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്തവർഗ്ഗക്കാരനായ അമേരിക്കക്കാരനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്നത്, ഇതിനുമുമ്പൊരിക്കലും ഒരു ജനകീയപ്രക്ഷോഭങ്ങളിലും ബൌദ്ധിക ഇടപെടലുകളിലും കാണാത്തവണ്ണം, അമേരിക്കയിലും ലോകമൊട്ടാകെത്തന്നെയും ഒരു വലിയ സംവാദത്തിന് ഇടയാക്കി. വംശമഹിമ, സാമ്രാജ്യത്വത്തിന്റെ പങ്ക്, ഈ വിഷയത്തിലെ കൊളോണിയലിസം തുടങ്ങിയ എല്ലാ വിഷയങ്ങളും ഇഴകീറി പരിശോധിക്കപ്പെട്ടു. പക്ഷേ ഇന്ത്യയിലാകട്ടെ, അടിസ്ഥാനപ്രശ്നങ്ങൾ, ചില ആളുകളുടെ വികാരത്തെ അത് വ്രണപ്പെടുത്തുമെന്നതിനാലോ, പൊതിഞ്ഞുവെക്കാൻ അവരിഷ്ടപ്പെടുന്നതിനാലോ ചർച്ച ചെയ്യപ്പെടുന്നതേയില്ല. നമ്മുടെ നല്ല വശങ്ങളും ദോഷവശങ്ങളും ചർച്ച ചെയ്യാനുള്ള ഒരവസരമാണ് ഈ പ്രതിസന്ധി എന്നാണ് എനിക്ക് ഉണർത്തിക്കാനുള്ളത്. ശുക്ലാജി, മുസ്ലിമുകൾ പോയതോടെ, ഇനി അധസ്ഥിത ജാതികളും മറ്റ് പിന്നാക്കജാതികളും, ദളിതരും ആദിവാസികളും അധികാരം കൈക്കലാക്കുമോ എന്നതുമാത്രമാണ് താങ്കളുടേയും മറ്റ് സവർണ്ണവിഭാഗങ്ങളുടേയും ഒരേയൊരു ആശങ്ക എന്ന് ഞാൻ ഊഹിക്കുന്നു. ഒരു ചോദ്യം മറയില്ലാതെ ഞാൻ ചോദിക്കട്ടെ ശുക്ലാജി. ഒരു ദളിതൻ ഷൂസൂരാതെ നിങ്ങളുടെ വീട്ടിൽ കയറിയാൽ, അത് നിങ്ങളെ അസ്വസ്ഥമാക്കില്ലേ? സത്യം പറയൂ.

ശുക്ലാജി: ശരിയാണ്. അതുപോലെ ചിലത് സംഭവിച്ചിട്ടുണ്ട്. ഞാൻ അസ്വസ്ഥനായി.

അമീർ ഖുസ്രു: ഉയർന്ന ജാതിക്കാർക്കുമാത്രമേ ഷൂസ് ധരിച്ച് നിങ്ങളുടെ വീട്ടിനകത്ത് കയറാൻ അവകാശമുള്ളൂ എന്ന് നിങ്ങൾ വിശ്വസിച്ചതുകൊണ്ടാണ് നിങ്ങൾ അസ്വസ്ഥനായത്.

ശുക്ലാജി: അത് ശരിയാണ്.

അമീർ ഖുസ്രു: അത്തരം വിവേചനം കാണിക്കുന്നത് ജനാധിപത്യപരമാണോ?

ശുക്ലാജി: പക്ഷേ അതൊക്കെ പൂർവ്വാചാരങ്ങളാണ്.

അമീർ ഖുസ്രു: ആചാരങ്ങൾ ജനാധിപത്യ തത്ത്വങ്ങളും ഇന്ത്യൻ ഭരണഘടനയുമായി സംഘർഷത്തിലാണെങ്കിൽ ഏതാണ് നിലനിൽക്കുക?

ശുക്ലാജി: ഞാനെന്ത് പറയാനാണ്?

അമീർ ഖുസ്രു: പ്രശ്നം വളരെ വ്യക്തമാണ്. മനുഷ്യരെ തുല്യമായി കാണാൻ കഴിയാത്ത ഒരു പാരമ്പര്യത്തെയാണ് നിങ്ങൾ വിലമതിക്കുന്നതെങ്കിൽ, തുല്യത വിഭാവനം ചെയ്യുന്ന ഒരു മതേതര ഭരണഘടന നിങ്ങളുടെ പാരമ്പര്യവുമായി ഒത്തുപോവില്ല. അതല്ലേ നിങ്ങൾ സൂചിപ്പിച്ചതിന്റെ അർത്ഥം? നിങ്ങൾ പറഞ്ഞത് ഞാൻ വളച്ചൊടിച്ചിട്ടുണ്ടോ?

ശുക്ലാജി: ജനാബ് അമീർ ഖുസ്രു, ജനാധിപത്യവും പാരമ്പര്യവും തമ്മിൽ ഒരിക്കലും പൊരുത്തപ്പെടില്ല എന്നാണോ പറഞ്ഞുവരുന്നത്?

അമീർ ഖുസ്രു: ഒരിക്കലുമല്ല. സമൂഹത്തെ ഉറപ്പിച്ചുനിർത്തുന്ന നിലമാണ് പാരമ്പര്യം. എന്നാൽ, ആ പാരമ്പര്യം, ആളുകളെ വിവിധ തട്ടുകളിലാക്കുന്ന ഒന്നാണെങ്കിൽ അത് ജനാധിപത്യപരമല്ല. എന്താണ് ഈ വർണ്ണവിവേചനം? വംശത്തിന്റേയും നിറത്തിന്റേയും അടിസ്ഥാനത്തിലുള്ള വിവേചനം. ദക്ഷിണാഫ്രിക്കയിൽ, വർണ്ണവിവേചനം സ്ഥാപനവത്ക്കരിക്കപ്പെട്ടിരുന്നു. പാർലമെന്റുണ്ടായിരുന്നുവെങ്കിലും വെള്ളക്കാർ മാത്രമാണ് സീറ്റുകളിലേക്ക് മത്സരിച്ചിരുന്നത്. ജൊഹന്നസ്ബർഗ് പോലുള്ള പട്ടണങ്ങളിലെ ഏറ്റവും മുന്തിയ ഭാഗത്തായിരുന്നു വെള്ളക്കാരുടെ വീടുകൾ. ജനസംഖ്യയിൽ ഭൂരിപക്ഷമായിരുന്ന കറുത്ത വർഗ്ഗക്കാരാകട്ടെ, സൊവെറ്റൊ പോലുള്ള താരത‌മ്യേന താഴ്ന്ന വിഭാഗക്കാരുടെ ടൌൺഷിപ്പുകളിലായിരുന്നു ജീവിച്ചിരുന്നത്. ഇന്ത്യയിൽ ഇത് ഇത്രയ്ക്ക് സ്ഥാപനവത്ക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും, വ്യത്യാസങ്ങൾ കൂടുതൽ ആഴമുള്ളതാണ്. ദളിതനോ മുസ്ലിമിനോ ഉയർന്ന വർഗ്ഗക്കാരുടെ കോളനികളിൽ വീടുവെക്കാൻ പറ്റില്ലെന്ന് ഒരു നിയമവും നിലവിലില്ല. പക്ഷേ ഒരു ദളിതൻ അവിടെ വീട് വെക്കില്ല. കാരണം, അതാണ് പാരമ്പര്യം. ശുക്ലാജി, മുസ്ലിങ്ങൾ പോയ സ്ഥിതിക്ക് നിങ്ങൾക്ക് അധികാരം നഷ്ടമാവുമെന്നതാണ് താങ്കളുടെ അടിസ്ഥാന ഭയം. ത്രികോണ- ബഹുകോണ രൂപത്തിലുള്ള രാഷ്ട്രീയമായ കളികൾ ഈ സൂത്രവാക്യത്തിൽ ലളിതവത്ക്കരിക്കാവുന്നതാണ്:

ഇന്ത്യയിലെ 70% ഹിന്ദുക്കൾ അധസ്ഥിത വിഭാഗമാണ്. ബ്രാഹ്മണന്മാർ, ക്ഷത്രിയന്മാർ, വൈശ്യന്മാർ, കച്ചവടക്കാർ തുടങ്ങിയവരെ മൊത്തമായെടുത്താൽ 30 ശതമാനവും. ഒരു ന്യൂനപക്ഷമായതുകൊണ്ട്, സവർണ്ണവിഭാഗത്തിന് അധികാരം നഷ്ടപ്പെടും. അതല്ലേ നിങ്ങളുടെ ഭയം ശുക്ലാജീ?

ശുക്ലാജി: ഞങ്ങളുടെ പാരമ്പര്യത്തിൽ ധാരാളം വൈയക്തികമായ വിശ്വാസങ്ങളുണ്ട്. അതൊന്നും പൊതുസ്ഥലത്ത് ചർച്ച ചെയ്യാറില്ല.

അമീർ ഖുസ്രു: അതുതന്നെയാണ് വിഷയത്തിന്റെ കാതൽ. അവയെല്ലാം ഇഴകീറി പരിശോധിക്കപ്പെടണം.

ശുക്ലാജി: ഒറ്റരാത്രികൊണ്ട് ഞങ്ങൾക്ക് അടിമുടി മാറാനൊന്നും പറ്റില്ലെന്ന് എനിക്ക് തോന്നുന്നു.

അമീർ ഖുസ്രു: ഒറ്റരാത്രി കൊണ്ട് മാറ്റങ്ങളുണ്ടാവില്ലെന്ന് എനിക്കറിയാം. എന്നാൽ, ദരിദ്രരോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രമാവണമെങ്കിൽ, സാമ്രാജ്യത്വ, കൊളോണിയൽ, നവ ഉദാരവത്ക്കരണ സാമ്പത്തിക ഘടനയാകെ, സമ്പൂർണ്ണമായി പൊളിച്ചെഴുതേണ്ടിവരും. ഒരു പുതിയ ഇന്ത്യയെത്തന്നെ നമുക്ക് സൃഷ്ടിക്കേണ്ടിവരും. പ്രാഥമിക വിദ്യാഭ്യാസം മുതൽക്ക്. പക്ഷേ വിദ്യാഭ്യാസനയം രൂപപ്പെടുത്തുന്നതിനുമുൻപ്, വിഭാഗീയതകളില്ലാത്ത ഒരു ജനാധിപത്യ, സോഷ്യലിസ്റ്റ്, മതേതര റിപ്പബ്ലിക്കിനെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് ആവശ്യമാണ്. ഇതെല്ലാം കണക്കിലെടുക്കേണ്ടിവരും.

സോഷ്യലിസത്തെ ഉയർത്തിപ്പിടിച്ച് കുറച്ചുമുൻപ് സംസാരിച്ച അനിതയിലേക്ക് ഞാൻ വരാം. മുസ്ലിങ്ങളുടെ സാന്നിധ്യമാണ് ഇവിടെ വർഗ്ഗീയതയും സ്വത്വരാഷ്ട്രീയവും ഉണ്ടാവാൻ കാരണമെന്ന് അവർ വിശ്വസിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇപ്പോൾ മുസ്ലിങ്ങൾ പോയ സ്ഥിതിക്ക്, ഹിന്ദു സമൂഹത്തിന് ഒരു പുതിയ സോഷ്യലിസ്റ്റ് ക്ഷേമരാഷ്ട്രം നിർമ്മിക്കാനാവുമെന്ന് അവർ കരുതുന്നു.

അനിത: അതെ സർ, ഇപ്പോൾ അത് എളുപ്പമാണ്.

അമീർ ഖുസ്രു: ഇവിടെ ഈ ജൂറിയിലിരിക്കുന്ന എല്ലാവരുടേയും – ഇന്ത്യയുടെ സൌന്ദര്യം അതിന്റെ വിശാലമായ സാംസ്കാരിക, പൈതൃകമാണെന്ന് കരുതുന്ന ഈ ആളുകളുടെ – പ്രവൃത്തിയെല്ലാം ധാരാളിത്തമായിരുന്നു എന്നാണോ നിങ്ങൾ സൂചിപ്പിക്കുന്നത്. ഒഴിവാക്കാമായിരുന്ന പ്രവൃത്തിയായിരുന്നോ അവരുടേത്?

അനിത: ഖേദകരമായ പല കാര്യങ്ങളും ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ടെന്ന്, അങ്ങയോടുള്ള എല്ലാ ബഹുമാനത്തോടെയും ഞാൻ അറിയിക്കട്ടെ. കാ‍ലഗണനയ്ക്കനുസരിച്ച് നടന്ന സംഭവങ്ങളല്ല ചരിത്രമെന്നത്. 19-ആം നൂറ്റാണ്ടുവരെ പാശ്ചാത്യരാജ്യങ്ങളിൽ അടിമത്തം നിലനിന്നിരുന്നു. അതിനുമുൻപ്, അമേരിക്ക, ഓസ്ട്രേലിയ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ തദ്ദേശീയരെ നിഷ്കാസനം ചെയ്തിരുന്നു. മനുഷ്യചരിത്രത്തിലെ സങ്കടകരമായ ഒരു ഘട്ടമാണത്. എന്നാൽ കാലക്രമേണ, അമേരിക്കക്കാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും അവരുടെ കൊളോണിവത്ക്കരണത്തോടൊപ്പം സമഗ്രമായ ജനാധിപത്യസ്ഥാപനങ്ങൾ സ്ഥാപിച്ചു. അവരുടെ സാമ്പത്തിക മാതൃകകൾ ഇന്ന്, പരിഷ്കൃത ലോകത്തിന്റെ അസൂയയ്ക്ക് പാത്രമായിരിക്കുന്നു.

നമ്മൾ ഇന്ത്യക്കാർ ഒരു വംശഹത്യയും നടത്തിയിട്ടില്ല. 200 ദശലക്ഷം മുസ്ലിങ്ങൾ പോകാൻ തീരുമാനിച്ചത് ദൈവാനുഗ്രഹമാണെന്ന് തോന്നുന്നു. ഇനി നമുക്ക് തുല്യവിതരണത്തോടും സോഷ്യലിസത്തൊടുമുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കാൻ കഴിയും.

അമീർ ഖുസ്രു (അനിതയുടെ വാചകം പൂർത്തിയാക്കുന്നു)..സോഷ്യലിസമെന്നത് പൂർണ്ണമായും ഒരു ഹിന്ദു ചട്ടക്കൂടാണോ? ശുക്ലാജിയോട് ചോദിക്കൂ, അദ്ദേഹം സോഷ്യലിസത്തെ അംഗീകരിക്കുന്നുണ്ടോ? ബ്രാഹ്മണന്മാർക്കും ക്ഷത്രിയർക്കും വൈശ്യർക്കും, മറ്റ് പിന്നാക്കജാതിക്കാർക്കും ദളിതർക്കും മറ്റുള്ളവർക്കും തുല്യാവകാശമെന്നത്?

അനിത (ശുക്ലാജിയോട്): പിതാജീ?

ശുക്ലാജി: അത് പ്രശ്നമാവില്ലേ?

അനിത: എന്ത് പ്രശ്നം?

ശുക്ലാജി: ആ ദളിതൻ ചോട്ടേലാൽ നമ്മുടെ സ്വീകരണമുറിയിൽ കടന്നുവന്ന്, കസേരയിൽ കാലിന്മേൽ കാലുകയറ്റിവെച്ച് ഇരുന്നത് നീ കണ്ടതല്ലേ?

(ഗാലറിയിൽനിന്ന് ചോട്ടേലാൽ എഴുന്നേൽക്കുന്നു)

ചോട്ടേലാൽ (കൈകൂപ്പിക്കൊണ്ട്): എനിക്ക് പണ്ഡിറ്റ്ജിയോട് മാപ്പ് ചോദിക്കണം. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ആ വീട്ടിൽ ഞാൻ കടന്നുചെന്നത് അദ്ദേഹത്തെ ഇത്രമാത്രം കുപിതനാക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇനി അങ്ങിനെ ഒരിക്കലും സംഭവിക്കില്ല. മുസ്ലിങ്ങൾ പോയതോടെ, ഇനി നമ്മുടെ പഞ്ചായത്തിലേയും കോർപ്പറേഷനിലേയും. സംസ്ഥാന നിയമസഭകളിലേയും പാർലമെന്റിലേയും രാഷ്ട്രീയത്തിന് മാറ്റം വന്നിട്ടുണ്ടാകുമെന്നാണ്  ഞാൻ കരുതിയത്. എന്നെപ്പോലെയുള്ളവർക്ക് അധികാരഘടനയിൽ പുതിയ അവസരങ്ങളുണ്ടാകുമെന്ന് ഞാൻ കരുതി.  അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർത്ഥിക്കാൻ ഞാൻ അങ്ങയുടെ വീട്ടിലേക്ക് വന്നത്.

ശുക്ലാജി (വെറുപ്പ് മൂടിവെക്കാൻ കഴിയാതെ): തിരഞ്ഞെടുപ്പിൽ എന്നെ പുറത്താക്കാൻ എന്റെതന്നെ പിന്തുണയോ? ആയിരക്കണക്കിന് വർഷങ്ങളായി അധികാരം കൈവശം വെച്ചവരാണ് ഞങ്ങൾ.

അമീർ ഖുസ്രു (അനിതയോട്): ഒരു ഡയറി ഫാം തുടങ്ങുക എന്നത് നിങ്ങളുടെ സ്വപ്നമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനല്ലേ നിങ്ങൾ റഷീദ് ഘോസിയുടെ തൊഴുത്തിലേക്ക് തിരക്കിട്ട് ചെന്നത്? അത് ഏറ്റെടുക്കാൻ.

അനിത (അമ്പരപ്പോടെ): അങ്ങയ്ക്ക് അതെങ്ങിനെ മനസ്സിലായി?

അമീർ ഖുസ്രു (പുഞ്ചിരിച്ചുകൊണ്ട്): ആകാശത്ത് താമസിക്കുന്നതുകൊണ്ടുള്ള ഒരു ഗുണം, ഭൂമിയിലുള്ളവരുടെ മനസ്സ് വായിക്കാമെന്നതാണ്.

അനിത: ശരി, എനിക്കൊന്നും മറച്ചുവെക്കാനില്ല. ഞാൻ ആ തൊഴുത്തിൽ ചെന്നപ്പോൾ, ചുന്നിലാൽ അത് അതിനകംതന്നെ ഏറ്റെടുത്തുവെന്ന് മനസ്സിലായി.

അമീർ ഖുസ്രു: അത് നിങ്ങളെ അത്ഭുതപ്പെടുത്തിയോ?

അനിത: താഴ്ന്ന ജാതിക്കാർ ഇത്രപെട്ടെന്ന് നീങ്ങുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.

അമീർ ഖുസ്രു: അതിനുശേഷം, അൽതാഫിന്റെ വലിയ ബംഗ്ലാവ് മറ്റുള്ളവർ ഏറ്റെടുത്തതും നിങ്ങൾക്ക് കാണേണ്ടിവന്നു.

അനിത: താഴ്ന്ന ജാതിക്കാരായ ആളുകൾ – ദളിതുകൾ. അവിടെ ഒരു ഷൂ ഫാക്ടറി തുടങ്ങാമെന്ന് അവരോട് ആരോ പറഞ്ഞിരുന്നുവത്രെ.

അമീർ ഖുസ്രു: അപ്പോൾ എവിടെയാണ് പ്രശനം? പാവപ്പെട്ടവർ സാമൂഹികമായി ഉയർച്ച നേടണമെന്ന് നിങ്ങൾ ആഗ്രഹിച്ചു. അതൊക്കെ പോട്ടെ, എന്തായാലും, കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് നിങ്ങളെ ഞാൻ ബുദ്ധിമുട്ടിക്കില്ല. (ജഡ്ജിയുടെ നേരെ തിരിഞ്ഞ്), അങ്ങുന്നേ, റഹ്മാനി സഹോദരന്മാരുടെ കേസ് കൈകാര്യം ചെയ്യുന്ന പൊലീസിൽനിന്നുള്ള ഒരാൾ ഇവിടെയിരിക്കുന്നുണ്ട്. അദ്ദേഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കണമെന്നുള്ളതുകൊണ്ട് ആ ഉദ്യോഗസ്ഥനോട് മുന്നോട്ട് വരാൻ ഞാൻ ആവശ്യപ്പെടട്ടേ?

(മഫ്ടിയിലുള്ള പൊലീസ് കമ്മീഷണർ എഴുന്നേറ്റ് കോടതിയേയും ജൂറി അംഗങ്ങളേയും വന്ദിക്കുന്നു)

ജഡ്ജി (അമീർ ഖുസ്രുവിനോട്): ജനാബ്, ഇതാ നിങ്ങളുടെ ആൾ. സാക്ഷാൽ പൊലീസ് കമ്മീഷണർതന്നെ.

അമീർ ഖുസ്രു (പൊലീസ് കമ്മീഷണറോട്): താങ്കൾക്ക് അറിയാവുന്നതുപോലെ, റഹ്മാനി സഹോദരന്മാർ വെടിയേറ്റ് കൊല്ലപ്പെട്ടത്, അവരെ വിചാരണ ചെയ്യുന്ന അതേ കോടതിയിൽ‌വെച്ചാണ്. ആരാണ് അവരെ വെടിവെച്ചത്? കൊലപാതകി മുസ്ലിമായിരുന്നു എന്നതാണ് ഔദ്യോഗിക ഭാഷ്യമെന്ന് ഞാൻ മനസ്സിലാക്കുന്നു.

പൊലീസ് കമ്മീ: താങ്കൾ മനസ്സിലാക്കിയത് ശരിയാണ് സർ.

അമീർ ഖുസ്രു: ആ രണ്ടുപേരെ വെടിവെക്കാൻ മുസ്ലിങ്ങൾ തങ്ങളിലൊരാളെ ഇവിടെ ബാക്കിനിർത്തി എന്നത് വിചിത്രമായി തോന്നുന്നില്ലേ?

പൊലീസ് കമ്മീ: ശരിയാണ് സർ. വളരെ വിചിത്രമായി തോന്നുന്നു..വളരെ വിചിത്രം.

അമീർ ഖുസ്രു (അല്പനേരം മൌനമായി): അങ്ങുന്നേ, ഞാൻ എതിർവിസ്താരകന്റെ ചെരുപ്പണിയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അദ്ദേഹം ഈ ജൂറിയിൽ അംഗമായ എന്റെ സുഹൃത്ത് മൌലാനാ ഹസ്രത്ത് മൊഹാനിയോട് ചില ചോദ്യങ്ങൾ ചോദിക്കുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.

ജഡ്ജി (അമീർ ഖുസ്രുവിനോട്): ഈയൊരു വിചാരണയ്ക്ക് അങ്ങ് വലിയ ആഴവും പരപ്പും നൽകിയതുകൊണ്ട് അങ്ങുതന്നെ ജനാബ് മൊഹാനിയെ വിസ്തരിക്കണമെന്ന് ഞാൻ കരുതുന്നു. മാത്രമല്ല, എതിർവിസ്താരകൻ ഇവിടെ ഹാജരായിരിക്കുന്നത് ഹിന്ദു-മുസ്ലിം പ്രതിനിധികളെ വിസ്തരിക്കുന്നതിന് മാത്രമാണ്.

(ഹസ്രത്ത് മൊഹാനി ചോദ്യങ്ങൾ നേരിടാൻ തയ്യാറായി എഴുന്നേൽക്കുന്നു)

അമീർ ഖുസ്രു: ജനാബ് മോഹാനി, റഹ്മാനി സഹോദരന്മാരുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് എന്ത് വിചാരിക്കുന്നു?

ഹസ്രത്ത് മൊഹാനി: ഔദ്യോഗിക ഭാഷ്യത്തിൽ പ്രത്യക്ഷമായ ഒരു തെറ്റുണ്ട്. ഒന്നാമതായി, എല്ലാവരേയും കൂടെ കൊണ്ടുപോയ മുസ്ലിങ്ങൾ എന്തുകൊണ്ടാണ് റഹ്മാനി സഹോദരന്മാരെ ബാക്കിവെച്ചത്?

പൊലീസ് കമ്മീ (പ്രതിരോധത്തിലായപോലെ): അത് വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ ഞാൻ റഹ്മാനി സഹോദരന്മാരുടെ കാര്യത്തിൽ എനിക്കൊരു ബന്ധവുമില്ല. അവരുടെ സുരക്ഷ സ്പെഷ്യൽ സെല്ലിന്റെ ഉത്തരവാദിത്തമാണ്.

ഹസ്രത്ത്മൊഹാനി: സംഭവിച്ചത് എന്തായിരിക്കുമെന്നതിനെപ്പറ്റി ഇന്നത്തെ പത്രത്തിൽ ഇന്റലിജൻസ് ഉദ്യോഗസ്ഥരും മുൻ പൊലീസുദ്യോഗസ്ഥരും എഴുതിയിട്ടുണ്ട്. ഇന്ത്യയിൽ തീവ്രവാദം വളർത്തുന്നതിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ, സ്പെഷ്യൽ സെൽ റഹ്മാനി സഹോദരന്മാർക്കെതിരേ നടപടികൾക്കു തുടക്കമിട്ടു. വലിയ രീതിയിൽ ആസൂത്രണം ചെയ്ത ഒരു ഭീകരാക്രമണം നടന്നാൽ, പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യൻ സൈനികനീക്കത്തിന് സാധുത ലഭിക്കും. സാധാരണ സമയത്താണെങ്കിൽ, ഇത് അവർതന്നെ കൈകാര്യം ചെയ്തേനേ. എന്നാൽ, മുസ്ലിങ്ങളെല്ലാവരും അപ്രത്യക്ഷമായപ്പോൾ തങ്ങൾ വിഡ്ഢികളായത് സ്പെഷ്യൽ സെൽ തിരിച്ചറിഞ്ഞു. മുസ്ലിമുകളെന്ന് പറയപ്പെടുന്ന ആ രണ്ടുപേരെ അവർ കോടതിയിൽ ഹാജരാക്കുകയും, എന്നാൽ, അവർ മുസ്ലിമുകളല്ലെന്ന് നാടകീയമായ ഒരു വഴിത്തിരിവിലൂടെ, പാക്കിസ്ഥാൻ ഹൈക്കമ്മീഷന് തെളിയിക്കാനാവുകയും ചെയ്തു. അത്രത്തോളമെങ്കിലും വ്യക്തമാണ്.

എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് തീവ്രവാദികളേയും തീവ്രവാദ സംഭവങ്ങളേയും നിർമ്മിക്കേണ്ടത് ആവശ്യമായി വന്നത്. ആ ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ് – പാക്കിസ്ഥാനുമായുള്ള സംഘർഷം നിലനിർത്തേണ്ടത് ആവശ്യമാണ്. കശ്മീർ എന്നും തിളച്ചുമറിയേണ്ടത് പ്രധാനമാണ്, ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ശത്രുത നിലനിൽക്കേണ്ടതും ആവശ്യമാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ ശത്രുത ഉളവാക്കിയതുകൊണ്ട് മാത്രമായില്ല. പാക്കിസ്ഥാനും കശ്മീരും തിളയ്ക്കുകയും വേണം രാഷ്ട്രീയനേട്ടങ്ങൾ കൊയ്യാൻ, വർഗ്ഗീയതയെ ദേശീയതയുമായി കൂട്ടിക്കെട്ടണം.

അനിത: ജനാബ് അമീർ ഖുസ്രു, എനിക്കൊന്നും മനസ്സിലാവുന്നില്ല. അദ്ദേഹം എന്താണ് പറഞ്ഞുവരുന്നത് എന്നൊന്ന് വിശദീകരിക്കാമോ?

അമീർ ഖുസ്രു: അത് വളരെ ലളിതമാണ്. പ്രകൃത്യാ അസമത്വം നിലനിൽക്കുന്ന ഒരു സംവിധാനം പെട്ടെന്ന്, യഥാർത്ഥ ജനാധിപത്യത്തേയും സാമൂഹികമായ ഉയർച്ചയേയും, സാമൂഹികനീതിയേയും കുറിച്ചുള്ള സങ്കല്പത്തെ നേരിട്ടപ്പോൾ, രാഷ്ട്രീയപ്പാർട്ടികൾ, പ്രത്യേകിച്ചും അധികാരത്തിലുള്ളവർ ആശങ്കാകുലരായിരിക്കുന്നു. ഇതെല്ലാം സംഭവിക്കുന്നതാകട്ടെ, മുസ്ലിങ്ങൾ പോയതിനുശേഷവും. എണ്ണത്തിൽ തങ്ങൾക്കാണ് ശക്തിയെന്ന് താഴ്ന്ന ജാതിക്കാർ മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.

ഹിന്ദുസമൂഹത്തെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നതിന് മുസ്ലിങ്ങളെ വെറുപ്പിന് പാത്രമാക്കേണ്ടത് സവർണ്ണജാതിക്കാരുടെ ആവശ്യമാണെന്ന് ജനങ്ങൾ മനസ്സിലാക്കാനുള്ള സമയം അതിക്രമിച്ചു. ഒരു പൊതുവായ ശത്രുവിനെതിരേ – അതായത് മുസ്ലിമിനെതിരേ – ഒരുമിക്കണമെന്ന് വിശ്വസിക്കാൻ പാകത്തിൽ, ഹിന്ദുക്കളുടെ ഒരു വലിയ വിഭാഗത്തെ, മാസ് മീഡിയയുടെ സഹായത്തോടെ മസ്തിഷ്കപ്രക്ഷാളനം ചെയ്തിരിക്കുകയാണ്. പക്ഷേ ഇപ്പോൾ ആ പൊതുശത്രു അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു.

ഹി.പ്ര (പ്രതിഷേധിക്കുന്നു): ജനാബ് അമീർ ഖുസ്രു ചർച്ചയുടെ ഗതിയെ ഞങ്ങൾ ഹിന്ദുക്കൾക്കെതിരേ തിരിച്ചുവിട്ടിരിക്കുന്നു. ജൂറിയിലും ഞങ്ങൾക്ക് ശക്തമായ പ്രാതിനിധ്യം വേണം.

ജഡ്ജി: ഗോസ്വാമി തുളസീദാസ്, മഹാത്മാ ഫൂലെ, മൊഗുബായി, മുൻഷി ചുന്നിലാൽ ദിൽഗിർ, സന്ത് കബീർ എന്നിവരെക്കൊണ്ട് നിങ്ങൾക്ക് തൃപ്തിയാവുന്നില്ലെന്നുണ്ടോ? വേറെ ആരെയെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടോ?

ഹി.പ്ര: ഉണ്ട്, ഒരാളെ കണ്ടിട്ടുണ്ട്.

ജഡ്ജി: പേർ പറയൂ.

ഹി.പ്ര: സ്വാമി വിവേകാനന്ദൻ.

ജഡ്ജി: സ്വാമി ഈ ജൂറിയുമായി വിയോജിക്കുമെന്നാണോ നിങ്ങൾ പറയുന്നത്?

ജൂറി (വിവിധ ശബ്ദത്തിൽ): സ്വാമിജിയെ ഞങ്ങൾക്കെല്ലാവർക്കും ഇവിടെ വേണം.

(ഒരു കോടതിയുദ്യോഗസ്ഥൻ പ്രിന്റ് ചെയ്ത സന്ദേശവുമായി വന്ന് ജഡ്ജിയെ കാണിക്കുന്നു)

ജഡ്ജി: സ്വാമി വിവേകാനന്ദനിൽനിന്നുള്ള വാക്കുകൾ എന്റെ കൈയ്യിൽ കിട്ടിയിട്ടുണ്ട്.ജൂറി അംഗങ്ങളുടെ ഇടപെടൽ‌വഴി, പ്രത്യേകിച്ചും ജനാബ് അമീർ ഖുസ്രുവിന്റെ ഇടപെടലിലൂടെ കോടതി നടപടികളെല്ലാം വളരെ ഫലപ്രദമായി നടക്കുന്നുണ്ടെന്നാണ് സ്വാമിജിയുടെ ഉറച്ച അഭിപ്രായം. കോടതി വിചാരണയിൽ പങ്കെടുക്കുന്ന എല്ലാവർക്കും (കടലാസ്സുനോക്കി), ജഡ്ജി, എതിർവിസ്താരകൻ, സാക്ഷികൾ, പൊതുജനങ്ങൾ..തുടങ്ങി എല്ലാവർക്കും അദ്ദേഹം തന്റെ ആശംസകൾ നേർന്നിട്ടുണ്ട്.

തുളസീദാസ്: തയ്യാറെടുപ്പ് നടത്താതെയല്ല ഞങ്ങൾ ഇവിടെ വന്നിട്ടുള്ളത്. കാര്യങ്ങൾ വിശദമായിത്തന്നെ ഞങ്ങൾ ചർച്ച ചെയ്തു. ഞങ്ങളുടെ വക്താവ് ജനാബ് അമീർ ഖുസ്രു ഞങ്ങളുടെ കാഴ്ചപ്പാട് ഇതുവരേക്കും വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ ഉയർത്തിയിട്ടുള്ള ചില കാര്യങ്ങൾക്ക് നറുപടി നൽകണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു.

അമീർ ഖുസ്രു: ഹസ്രത്ത് മൊഹാനിയുടെ ഇടപെടൽ ഞാൻ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഹസ്രത്ത് മൊഹാനി: ചില നിരീക്ഷണങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. മുസ്ലിമുകളുടെ വിഷയമാണ് നമ്മെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നൊരു ധാരണ മാധ്യമങ്ങളിലെ വാർത്താ അവതരണം നൽകുന്നുണ്ട്. മാധ്യമങ്ങളുടെ വാർത്താ അവതരണം വളരെ പ്രാധാന്യമുള്ളതാണ്, കാരണം, ഇന്നത്തെ ലോകത്ത്, അത് ജീവിതത്തേക്കാൾ വലിയ ഒരു വിനിമയ മാധ്യമമായിട്ടുണ്ട്. ഞങ്ങളുടെ കാലത്ത്, പരിമിതമായ വായനക്കാരുള്ള ഏതാനും ചില ദിനപ്പത്രങ്ങളേ ഉണ്ടായിരുന്നുള്ളു.

നമ്മുടെ ഭരണഘടന എഴുതിയ കൊൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയെക്കുറിച്ച് ചില കാര്യങ്ങൾ പറയുന്നതിന് കോടതി എനിക്കനുവാദം കനിഞ്ഞുനൽകണം. ആ അസംബ്ലിയിൽ ഒരംഗമായിരുന്നു ഞാൻ. ലുട്ട്യൻസിന്റെ ദില്ലി എന്ന് വിളിക്കുന്ന സ്ഥലത്ത് ഞങ്ങൾക്കെല്ലാവർക്കും ബംഗ്ലാവുകൾ അനുവദിച്ചിരുന്നു. എന്നാൽ ഞാൻ താമസിച്ചിരുന്നത് ലിങ്ക് ഹൌസിന്റെ പിന്നിലുള്ള ബഹാദൂർഷാ സഫർ മാർഗ്ഗിലെ മസ്ജിദ് ഇ അബ്ദുൾ നബിയിലായിരുന്നു. എന്തിനാണ് ഞാൻ അങ്ങിനെ ചെയ്തത്? കാരണം, ഒരു നല്ല മുസൽമാൻ എന്ന നിലയ്ക്ക്, ഒരു ശരാശരി ഇന്ത്യക്കാരനായ എനിക്ക് അത് കൂടുതൽ സ്വീകാര്യമായി തോന്നി. എന്നാൽ നമ്മുടെ പല നേതാക്കൾക്കും താത്പര്യം തോന്നിയത്, സാമ്രാജ്യത്വം ഉപേക്ഷിച്ചുപോയ സൌകര്യങ്ങളിലും മന്ദിരങ്ങളിലുമായിരുന്നു. ഭരണഘടനയുടെ മാതൃകപോലും ബ്രിട്ടീഷ് ഭരണഘടനയിൽ വേരുകളുള്ള ഒന്നായിരുന്നു. 1935-ലെ ഇന്ത്യൻ സർക്കാർ ആക്ടിനെ അടിസ്ഥാനപ്പെടുത്തി സ്ഥാപിച്ച ഒന്നായിരുന്നു അത്.

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ 10 ശതമാനം മാത്രമേ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ടായിരുന്നുള്ളു. ഭരണഘടന എഴുതിയവരിൽ പലരും പാശ്ചാത്യ വിദ്യാഭ്യാസം നേടിയവരായിരുന്നു. ജനങ്ങളിൽ വേരുകളുള്ളിടത്തോളം, അതിൽ തെറ്റൊന്നുമുണ്ടായിരുന്നില്ല. മഹാത്മാഗാന്ധിക്ക് അതുണ്ടായിരുന്നിട്ടും അദ്ദേഹം ഭരണഘടന എഴുതിയില്ല. ജനങ്ങളുടെ യഥാർത്ഥ പ്രതിനിധികൾ, ജനങ്ങളുമായി താദാത്മ്യം പ്രാപിച്ച ആളുകൾ വേണമായിരുന്നു ഭരണഘടന എഴുതാൻ എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അത് ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടിയുള്ള ഒരു ഭരണഘടനയായിരുന്നില്ല. ഇന്ത്യയിലെ ഭരണവർഗ്ഗത്തിനുവേണ്ടിയുള്ളതായിരുന്നു. അതുകൊണ്ടാണ് ഞാനതിൽ ഒപ്പിടാതിരുന്നത്. ഇന്ന് 200 ദശലക്ഷം ആളുകൾ പോയതിനാൽ വലിയ ബഹളവും കലാപവുമൊക്കെ കാണുന്നു. രാജ്യത്തിനുനേരെ പുറം തിരിഞ്ഞുനിന്ന ആ 200 ദശലക്ഷം ആളുകൾ ആരായിരുന്നുവെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവരിൽ ഏറ്റവും ചുരുങ്ങിയത് 85-90 ശതമാനം‌പേരുടെയെങ്കിലും പൂർവ്വികർ, മുസ്ലിമുകൾ വരുന്നതിനും നൂറ്റാണ്ടുകൾക്കുമുന്നേ ഈ നാടിനെ സ്വന്തം നാടായി കണക്കാക്കിയവരായിരുന്നു. അവരോട് നമ്മൾ എങ്ങിനെയാണ് പെരുമാറിയതെന്ന് ഒന്ന് ആലോചിച്ചുനോക്കുക. ലളിതമായി പറഞ്ഞാൽ, നമ്മൾ അവരോട് നല്ല രീതിയിലല്ല പെരുമാറിയത്.

അതുകൊണ്ടാണ് നിരവധിപേർ സൂഫി സന്ന്യാസികളിലേക്ക് തിരിഞ്ഞത്. അവരുടെ വഴികൾ കൂടുതൽ ജനാധിപത്യപരമാണെന്ന് അവർ മനസ്സിലാക്കി. ഉപഭൂഖണ്ഡത്തിലെ എല്ലാ മുസ്ലിമുകളും, പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഇന്നുള്ളവരടക്കം, നമ്മളുടെ സ്വന്തമാളുകളായിരുന്നു. അവർ പരിവർത്തനം ചെയ്യപ്പെട്ടു.

ഈ ഉപഭൂഖണ്ഡത്തിലെ ഭൂരിഭാഗം മുസ്ലിമുകളും പരിവർത്തിതരാണ്.

അവർ അവരുടെ വിശ്വാസം ഉപേക്ഷിച്ച് മറ്റ് വിശ്വാസങ്ങളിലേക്ക് ചേക്കേറി. പക്ഷേ അവർ അവരുടെ സംസ്കാരം കൈവിട്ടില്ല.

ഹിന്ദു ഘടന ഉപേക്ഷിച്ചവർ നമ്മുടെ രാഷ്ട്രീയത്തിന്റെ ഇരകളായി. ഏകദേശം തുല്യമായ മൂന്ന് ഭാഗങ്ങളായി – ഇന്ത്യയിലേയും പടിഞ്ഞാറൻ പാക്കിസ്ഥാനിലേയും കിഴക്കൻ പാക്കിസ്ഥാനിലേയും – മുസ്ലിമുകളെ മുറിച്ചത് രാഷ്ട്രീയമായിരുന്നു. നമ്മുടെ നേതാക്കൾ ഒരേസമയം ദീർഘദർശികളും സങ്കുചിതവീക്ഷണക്കാരുമായിരുന്നു. വിഭജനം നടന്നില്ലായിരുന്നെങ്കിൽ അവിഭജിത ഇന്ത്യയിൽ 600 ദശലക്ഷം മുസ്ലിങ്ങളുണ്ടാവുമായിരുന്നു. ഇതിനെ ഇല്ലാതാക്കാൻ നമ്മുടെ നേതാക്കൾ ചെയ്തതെന്താണ്? അവർ സമുദായത്തെ വിഭജിച്ചു. അവിഭജിതമായ ഒരിന്ത്യയിൽ 600 ദശലക്ഷം മുസ്ലിമുകളുണ്ടായിരുന്നെങ്കിൽ, ജാതീയമായി വിഭജിതമായിരുന്ന ഈ സമൂഹത്തിൽ വിലപേശാൻ കഴിവുള്ള ഒരു ഒരു വലിയ വിഭാഗമായി അവർ മാറുമായിരുന്നു. അതുകൊണ്ട്, സുഹൃത്തുക്കളേ, നമ്മൾ അവരെ ജാതിയുടെ പിരമിഡിൽനിന്ന് ഇസ്ലാമെന്ന് പേരായ ഒരു മാർഗ്ഗത്തിലേക്ക് തള്ളിമാറ്റി. നമ്മുടെ രാഷ്ട്രീയ കെടുകാര്യസ്ഥതകൊണ്ട്, ഇപ്പോൾ 200 ദശലക്ഷത്തിനെ നമ്മൾ ഇവിടെനിന്ന് പറഞ്ഞയക്കുകയും ചെയ്തിരിക്കുന്നു – എവിടേക്കെന്ന് ദൈവത്തിനറിയാം.

ഗാലറിയിൽനിന്ന് ഒരു ശബ്ദം: അവർ എന്നന്നേക്കുമായി പോയതാണോ? ഇനിയൊരിക്കലും തിരിച്ചുവരില്ലേ?

(ജഡ്ജി ചുറ്റിക മേശയിലടിക്കുന്നു)

ജഡ്ജി: ജനാബ് അമീർ ഖുസ്രു, മൌലാനാ ഹസ്രത്ത് മൊഹാനി, ഭവാന്മാർ പറഞ്ഞുകഴിഞ്ഞോ?

അമീർ ഖുസ്രു: എതിർവിസ്താരകൻ വരച്ചുകാണിച്ച ത്രികോണം ഒരു ആരംഭബിന്ദു എന്ന നിലയ്ക്ക് ഉപയോഗപ്രദമാണ്.

എതിർവിസ്താരകൻ: എന്ത് ആരംഭത്തിന്?

അമീർ ഖുസ്രു: രാജ്യത്തെ വർഗ്ഗീയതാപം താഴ്ത്തുന്നതിനുള്ള തുടക്കത്തിന്. അതിന് നമ്മൾ കശ്മീർ പ്രശ്നത്തെ അഭിസംബോധന ചെയ്തേ പറ്റൂ. പക്ഷേ അത് അഭിസംബോധന ചെയ്യണമെങ്കിൽ പാക്കിസ്ഥാനെ ഇടപെടീക്കാതെ നമുക്ക് മറ്റൊരു മാർഗ്ഗമില്ല. 1972-ൽ ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും തമ്മിൽ നടന്ന സിം‌ല കരാർപോലെ ഒരു കരാർ കശ്മീരിൽ നടത്താവുന്നതാണ്. അതേപോലെ, ലോകത്തിലെ എല്ലാ മാധ്യമങ്ങളേയും സാക്ഷി നിർത്തിക്കൊണ്ട്, ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നും കശ്മീരിൽനിന്നുമുള്ള വിദഗ്ദ്ധരുടെ സംഘങ്ങൾക്ക് ശ്രീനഗറിൽ‌വെച്ചും ആലോചനകൾ നടത്താവുന്നതാണ്.

ഞങ്ങൾ കുറച്ചുമുമ്പ് വിമർശിച്ച മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യാം. സമാധാനത്തിനുവേണ്ടിയുള്ള ഈ ശ്രമത്തെ ഇന്ത്യയും, പാക്കിസ്ഥാനും, ലോകം മുഴുവനും ശ്രദ്ധയോടെ വീക്ഷിക്കും. കശ്മീരിലെ ജനങ്ങളുടെ കണ്ണുകളിൽ, അല്ല, ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും മുഴുവൻ ജനങ്ങളുടേയും കണ്ണുകളിൽ, ആനന്ദക്കണ്ണീർ നിറയും.

(പൊതുഗാലറിയിൽനിന്ന് വലിയ കരഘോഷം)

അമീർ ഖുസ്രു: അങ്ങുന്നേ, ഒരു ബ്രാഹ്മണസ്ത്രീ നിർമ്മിച്ച ആ പണ്ഡിതായിൻ കീ മസ്ജിദിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ദുരന്തകോമാളിത്തരത്തിനെക്കുറിച്ച് ഞാൻ സ്പർശിച്ചിട്ടേയില്ല. ആ പള്ളിയിൽനിന്നുള്ള ആരെങ്കിലും ഇവിടെ ഹാജരുണ്ടോ?

(ഒരു മനുഷ്യൻ വിറച്ചുകൊണ്ട് എഴുന്നേറ്റ് കൈകളുയർത്തുന്നു)

അമീർ ഖുസ്രു: (എതിർവിസ്താരകനോട്): അവിടെ അരങ്ങേറിയ സംഭവങ്ങളെക്കുറിച്ച് താങ്കൾ ദയവായി അയാളിൽനിന്ന് ചോദിച്ച് മനസ്സിലാക്കാമോ?

എതിർവിസ്താരകൻ (മസ്ജിദിലെ ആ മനുഷ്യനോട്): ദയവായി, കോടതിയോട് ആ കഥ പറയൂ. ചുരുക്കിപ്പറയണം.

മനുഷ്യൻ: ഞങ്ങളുടെ ഏകദേശം 20-30 സഹോദരന്മാർ ആ പള്ളിയുടെ വരാന്തയിൽ കിടക്കുന്നുണ്ട്. അവരെ ലിംഗാഗ്രച്ഛേദം നടത്തിയെങ്കിലും, കലിമ ചൊല്ലുന്നതിനുമുൻപ്, ചുമതലയുണ്ടായിരുന്ന മുല്ല അപ്രത്യക്ഷനായി. ആ പുരുഷന്മാരുടെ ലിംഗാഗ്രം പഴയതുപോലെ ആവണമെന്ന് പ്രാർത്ഥിച്ച് അവരുടെ സ്ത്രീകൾ അവിടെ ഇപ്പോൾ ശിവലിംഗപൂജ ചെയ്യുകയാണ്. വല്ലാത്തൊരു അവസ്ഥയിലാണ് ആ പുരുഷന്മാർ. അവിടെയുമില്ല, ഇവിടെയുമില്ല എന്ന അവസ്ഥ. അവർ ‘മുഴുവൻ മുസ്ലിം’ ആയിട്ടില്ല. തങ്ങളുടെ പുരുഷന്മാർക്ക് ഹിന്ദു സ്വത്വവും പൌരുഷവും ഒരുപോലെ നഷ്ടമായി എന്നാണ് ആ സ്ത്രീകൾ ഭയപ്പെടുന്നത്.

അമീർ ഖുസ്രു: ഇതൊരു വിചിത്രമായ കേസാണെന്ന് കോടതി ശ്രദ്ധിക്കണം. വെറുതെ സുന്നത്ത് ചെയ്തതുകൊണ്ടുമാത്രം ഒരാൾ പൂർണ്ണമായി ഇസ്ലാമിലേക്ക് മാറുന്നതല്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് നിരവധി ആധുനിക സമൂഹങ്ങളിൽ സുന്നത്ത് നടപ്പാക്കപ്പെടുന്നത്. എന്നാൽ എന്റെ ആശങ്ക മറ്റൊരു വലിയ പ്രശ്നത്തെക്കുറിച്ചുള്ളതാണ് – കൂടുതൽക്കൂടുതൽ ആളുകളെ അവരുടെ വിശ്വാസത്തിലേക്ക് ചേർത്താൽ സ്വർഗ്ഗത്തിൽ കൂടുതൽ ലാഭത്തിന്റെ പോയിന്റുകൾ ലഭിക്കുമെന്ന വിശ്വാസക്കാരാണ് നമ്മുടെ പുരോഹിതരും താഴെയുള്ള മുല്ലമാരും. ഇതിനേക്കാൾ ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന മറ്റൊരു ഏർപ്പാ‍ടില്ല. പരിവർത്തനം ഇല്ലാത്ത, അതിന്റെ കച്ചവടമില്ലാത്ത ഒരു സമുദായമാണ് അവരുടേത്. അങ്ങിനെയുള്ള ഒരു സമുദായത്തിന് ഇതൊരു ഭീഷണിയായി തോന്നാം. തങ്ങളുടെ ജനസംഖ്യയെ വർദ്ധിപ്പിക്കാൻ കഴിയില്ലെന്നും അതിനെ ഇല്ലാതാക്കാൻ മാത്രമേ ഇത് സഹായിക്കൂ എന്നും അവർ ഭയപ്പെടും. കൂടുതൽക്കൂടുതൽ ഹിന്ദുക്കളെ മതപരിവർത്തനത്തിലൂടെ അവർക്ക് നഷ്ടപ്പെടാം. അത്തരമൊരു അവസ്ഥയിലുള്ള സമുദായത്തിന് ഭയപ്പാട് തോന്നാവുന്നതാണ്. അപ്രത്യക്ഷരായ 200 ദശലക്ഷം മുസ്ലിങ്ങൾ തിരിച്ചുവരുമോ എന്നതല്ല സുപ്രധാന വിഷയം. ആളുകളെ മുറിവേൽ‌പ്പിക്കാത്ത സ്വഭാവരീതികൾ നമ്മൾ നിർവ്വചിക്കണം.

മനുഷ്യൻ: സർ, ഞങ്ങൾക്കുവേണ്ടി മഹാത്മാ ഫൂലെ സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മഹാത്മാവേ, തലമുറകളായി അടിച്ചമർത്തപ്പെടുന്നതുകൊണ്ട് ഹിന്ദുസമുദായത്തിലെ താഴേത്തട്ടിലുള്ള ആളുകൾ മറ്റ് വിശ്വാസങ്ങളിലേക്ക് മാറുന്നു എന്നത് സത്യമല്ലേ?

മഹാത്മാ ഫൂലെ: അതെ, ഹിന്ദുസമുദായത്തിൽ അസമത്വമുണ്ട്. സവർണ്ണരുടെ നീചമായ മനസ്ഥിതി താഴ്ന്ന ജാതിക്കാർക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഹിന്ദു സമുദായത്തിൽ നവോത്ഥാനം ആവശ്യമാണ്.

അമീർ ഖുസ്രു: നന്ദി മഹാത്മാവേ. (ജഡ്ജിയോട്) അതിനാൽ അങ്ങുന്നേ താഴേത്തട്ടിൽ ധാരാളം പ്രവർത്തനങ്ങൾ ആവശ്യമാണ്. നമുക്ക് എല്ലാം പുതുതായി ആലോചിക്കേണ്ടിവരും. കാരണം, ഭ്രഷ്ടരായവർക്ക് തുല്യതയോ നീതിയോ നൽകാൻ നമ്മുടെ കൈയ്യിലുള്ള സംവിധാനത്തിന് പ്രാപ്തിയില്ല. സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാടുകൾ അത്യന്താപേക്ഷിതമാണ്.

എതിർവിസ്താരകൻ: ഉത്തരം ആവശ്യമായ ഒരു ചോദ്യത്തിലേക്ക് ഈ ജൂറി വെളിച്ചം വീശണമെന്ന് ഞാൻ താഴ്മയായി അഭ്യർത്ഥിക്കുന്നു: മുസ്ലിങ്ങളുടെ തിരിച്ചുവരവ് സാധ്യമാക്കുന്ന എന്തെല്ലാം ഉപാധികളാണ് നമ്മൾ സൃഷ്ടിക്കേണ്ടത്?

അമീർ ഖുസ്രു: ഞാൻ പറഞ്ഞ കാര്യത്തോട് ഈ വിശിഷ്ടരായ ജൂറി യോജിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വീണ്ടും ഒരിക്കൽക്കൂടി സമഗ്രമായ ഒരു രാജ്യമാകാനുള്ള പൊതുവായ ചട്ടക്കൂട് നമ്മൾ നൽകിക്കഴിഞ്ഞു. ഈ കോടതി സുപ്രീം കോടതിയിലേക്ക് അയയ്ക്കുന്ന ശുപാർശകളിൽ ഭരണാധികാരികൾ നടപടികളെടുക്കുകയും, നയങ്ങൾ നിർവ്വചിക്കാൻ കഴിവുള്ള പാർലമെന്റിൽ അവ സമർപ്പിക്കുകയുമാണ് ഇനി ചെയ്യാനുള്ളത്. നമ്മളെല്ലാം നശ്വരരായ മനുഷ്യരാണ്. ഞങ്ങൾ കാത്തിരുന്ന് കാണുന്നുണ്ടാവും.

ജഡ്ജി: സുപ്രീം കോടതിയിൽ ഞങ്ങളുടെ കണ്ടെത്തലുകൾ സമർപ്പിക്കാൻ കുറച്ച് ദിവസങ്ങളെടുത്തേക്കും. പാർലമെന്റ് ആ രേഖ പഠിച്ചുകഴിഞ്ഞാൽ, രാഷ്ട്രപതിഭവനിൽ‌വെച്ച് ഒരു പത്രസമ്മേളനം നടത്താൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

(മുസ്ലിം പ്രതിനിധി) മു.പ്ര: ആരായിരിക്കും പത്രസമ്മേളനത്തെ അഭിസംബോധന ചെയ്യുക?

ജഡ്ജി: അർദ്ധരാതിയിൽ ഇന്ത്യൻ സ്വാതന്ത്ര്യച്ചടങ്ങുകൾ നടന്ന അതേ ദർബാർ ഹാളിൽ‌വെച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിയായിരിക്കും അത് നിർവ്വഹിക്കുക. (കറുത്ത സഫാരി സൂട്ടും കറുത്ത തലക്കെട്ടും കെട്ടിയ ആറുപേർ കോടതിയിലേക്ക് പെട്ടെന്ന് പ്രവേശിച്ചതോടെ കോടതിയിൽ ഒരു ചെറിയ ഇളക്കം. അവരുടെ നേതാവ്, അധികം ആരോഗ്യമില്ലാത്ത, കറുത്ത നിറമുള്ള ഒരാൾ കോടതിയെ അഭിസംബോധന ചെയ്യുന്നു).

നേതാവ്: മുസ്ലിങ്ങൾ പോയതോടെ, ഞങ്ങൾ ദളിതർക്കും പിന്നാക്കജാതികൾക്കും ഒരു പുതിയ സാഹചര്യം തുറന്നുകിട്ടി. സംഖ്യാപരമായ മേൽക്കോയ്മ. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടിരുന്ന ഈ ഭൂരിഭാഗം, പുതിയ ഭരണഘടന അവതരിപ്പിക്കപ്പെട്ടിട്ടുപോലും പീഡിപ്പിക്കപ്പെട്ടിരുന്ന ഈ വിഭാഗം ആദ്യമായി, മുന്നാക്കവിഭാഗങ്ങളുമായി നേർക്കുനേരെ മത്സരിക്കാൻ പോവുന്നു. തിരഞ്ഞെടുപ്പുകൾ നീട്ടിവെക്കുന്നതിൽ ഹിന്ദു ഭരണവർഗ്ഗം വിജയിച്ചിരിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അവർക്കൊപ്പമാണ്. മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എതിർപ്പ് അറിയിച്ചുവെങ്കിലും അവരെ കടത്തിവെട്ടി.

മുസ്ലിങ്ങൾ തിരിച്ചുവന്നതിനുശേഷമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന അസാധ്യമായ ഒരു ഉപാധി മുന്നോട്ടുവെച്ചിരിക്കുന്നു. അവർ എന്നാണ് തിരിച്ചുവരിക എന്ന് അവർക്കറിയാമോ? തിരിച്ചുവരാൻ ഉദ്ദേശിച്ചുകൊണ്ടാവില്ല 200 ദശലക്ഷം ആളുകൾ അപ്രത്യക്ഷമാവുക. ഹിന്ദു ഭരണവർഗ്ഗത്തിന് തിരഞ്ഞെടുപ്പ് ഗൊദയിൽ സംഖ്യാപരമായി മേൽക്കോയ്മയുള്ള അവർണ്ണരോട് മത്സരിക്കേണ്ടിവരുന്നത് നീട്ടിവെക്കാനുള്ള ഒരു കുറുക്കുവഴിയാണ് ഈ ‘മുസ്ലിമുകൾ വരുന്നതുവരെ കാത്തിരിക്കുക- എന്ന പുതിയ തന്ത്രം. ആർക്കറിയാം, ഒരുപക്ഷേ ആ മത്സരത്തിൽ ഒരു ദളിത് പ്രധാനമന്ത്രിതന്നെ അധികാരത്തിൽ വരില്ലെന്ന്?

ശുക്ലാജി(എഴുന്നേറ്റ് നിന്ന്): എതിർപ്പുണ്ട് സർ, എതിർപ്പുണ്ട്. ആദ്യം ഞങ്ങൾക്കറിയേണ്ടത് ഇയാളാരാണെന്നാണ്. രണ്ടാമതായി, ഇത് ബഹുവംശ, ബഹുഭാഷാ, ബഹുമത രാഷ്ട്രമാണെന്നത് ഇയാൾ മറക്കുന്നു.

ജഡ്ജി (നേതാവിനോട്): ദയവായി സ്വയം പരിചയപ്പെടുത്തുക.

നേതാവ്: ചന്ദൻ മൊഹോത്തെ, ദളിത് യൂത്ത് ലീഗിന്റെ പ്രസിഡന്റ്. അങ്ങുന്നേ, ഹ്രസ്വമായ ഒരു കാര്യം അവതരിപ്പിക്കാൻ അനുവദിക്കുക. ലംബമാനമായ ഒരു അധികാരശ്രേണിയിലൂടെ ഞങ്ങളെ വിഭജിച്ചുനിർത്തുന്ന മനുസ്മൃതി….

ശുക്ലാജി (ഇടയിൽക്കയറി): അതിനെന്താണ് കുഴപ്പം. അതൊന്നും ഇവിടെ പ്രസക്തമല്ല. (നേതാവിന്റെ അതേ വസ്ത്രം ധരിച്ച നാലുപേർ, കോടതിമുറിയുടെ വലത്തേ കോണിൽ എഴുന്നേറ്റ് നിൽക്കുന്നു)

ഒരാൾ (ദേഷ്യത്തൊടെ): ചർച്ച ചെയ്യുന്നതിലൊന്നും കാര്യമില്ല. ഇത് അട്ടിമറിക്കപ്പെട്ട കോടതിയാണ്. നിലവിലുള്ള സ്ഥിതി നിലനിർത്താനുള്ള ഭരണവർഗ്ഗത്തിന്റെ പദ്ധതിയാണ് ഇത്. അധികാരം മറ്റവർക്ക് ലഭിക്കുമോ എന്ന് അവർ ഭയപ്പെടുന്നു.

അനിത: ആർക്ക്?

ഒരാൾ: ഞങ്ങൾക്ക്.

അനിത: ഞങ്ങൾക്ക് അധികാരം കിട്ടുന്നതും നഷ്ടപ്പെടുന്നതും മുസ്ലിങ്ങളെ ആശ്രയിച്ചാണോ? എന്തുതരം യുക്തിയാണത്? അധികാരത്തിലിരിക്കുന്ന പാർട്ടി മുസ്ലിങ്ങളെ ഗോമാംസം കഴിക്കുന്നതിന്റെയും ലവ് ജിഹാദിന്റെയും പേരിൽ വേട്ടയാടുന്നു എന്ന് ആദ്യം നിങ്ങൾ പുരപ്പുറത്തു കയറിനിന്ന് കരഞ്ഞു. കെട്ടിച്ചമച്ച തീവ്രവാദകേസുകൾ ചുമത്തി മുസ്ലിങ്ങളെ അറസ്റ്റ് ചെയ്യുന്നു എന്നായി പിന്നെ ആരോപണം. അവരെ ഞങ്ങൾ ഇത്രമാത്രം വെറുക്കുന്നുണ്ടെങ്കിൽ, അവർ തിരിച്ചുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്തിനാണ്? നിങ്ങൾ ആരോപിക്കുന്നതുപോലെ മുസ്ലിങ്ങളെ ഞങ്ങൾ വെറുക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിന് ഞങ്ങൾ അവരുടെ തിരിച്ചുവരവ് ആഗ്രഹിക്കണം?

ചന്ദൻ മൊഹൊത്തെ: പ്രകൃത്യാ നിങ്ങൾ മുസ്ലിങ്ങളെ വെറുക്കുന്നില്ല. രാഷ്ട്രീയകാരണങ്ങളാലാണ് മുസ്ലിങ്ങളോടുള്ള വെറുപ്പ് നിങ്ങൾ സൃഷ്ടിച്ചത്. ദളിതുകളെ അടിച്ചമർത്തുന്നതിന് സാമൂഹികമായ അംഗീകാരവുമുണ്ട്.
അനിത: വിചിത്രമായ ഈ യുക്തി ഒന്ന് വിശദീകരിക്കൂ.

ചന്ദൻ:നിങ്ങൾ മുസ്ലിമിനെതിരേ ഒരമ്പെയ്യുന്നു, അയാൾക്ക് വേദനിക്കുന്നു. അയാൾ പ്രതികരിക്കുമ്പോൾ അത് വർഗ്ഗീയമായ സംഘർഷത്തിലേക്ക് നയിക്കുന്നു. ബാബറിന്റെ മക്കളെന്നും, ഹിന്ദുക്ഷേത്രധ്വംസകരെന്നും, ഗോമാംസം ഭക്ഷിക്കുന്നവരെന്നും ലവ് ജിഹാദികളെന്നും നിങ്ങൾ വിശേഷിപ്പിക്കുന്ന ഈ ശത്രുവിനെതിരേ നിങ്ങൾ വലിയ ഹിന്ദുസമുദായത്തെ അണിനിരത്തുന്നു. അതോടെ ഒരു ഹിന്ദു ഐക്യമായി. ഈ വിധത്തിലാണ് നിങ്ങൾ ഹിന്ദുരാഷ്ട്രത്തിലേക്ക് തവളച്ചാട്ടം നടത്തുന്നത്.

(‘ഹിന്ദുരാഷ്ട്രം’ എന്ന ശബ്ദം പ്രതിദ്ധ്വനിച്ച് പതുക്കെപ്പതുക്കെ നേർക്കുമ്പോൾ കർട്ടൻ വീഴുന്നു)

 

തുടരും… അടുത്ത സീൻ നവംബർ  4ന്  വായിക്കുക.


തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ

പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.