A Unique Multilingual Media Platform

The AIDEM

Articles Sports ഗംബീത്ത - കളി വെറും കളിയല്ല

മെനോറ്റിസ്മോ- ഫൂട്‌ബോളിലെ ഹൃദയപക്ഷം

  • February 22, 2022
  • 1 min read
മെനോറ്റിസ്മോ- ഫൂട്‌ബോളിലെ ഹൃദയപക്ഷം

A team, above all, is an idea – Cesar Luis Menotti

രാഷ്ട്രീയത്തിലെന്ന പോലെ ഫൂട്ബോളിലും വലതുപക്ഷവും ഇടതുപക്ഷവുമുണ്ട്. കളിയേയും ജീവിതത്തേയും ഒരു യുദ്ധമായി കണ്ട് അതിൽ ഏതുവിധേനെയും വിജയം നേടാൻ നോക്കുന്നത് ഒരു വലതുപക്ഷ ആശയമാണ്. അവിടെ എങ്ങനെയും വിജയം കൈവരിക്കുന്നതിനുള്ള കൂലിപ്പട്ടാളം മാത്രമാണ് കളിക്കാർ. ആജ്ഞയനുസരിച്ച് പ്രവർത്തിക്കുക, ജയിക്കുക എന്നതിലപ്പുറം ഒന്നിനും കൊള്ളാത്ത അൽപബുദ്ധികളെ സൃഷ്ടിക്കാനേ അതിന് കഴിയൂ. എന്നാൽ ഇടതുപക്ഷ ഫൂട്ബോൾ ഇതിന് കടകവിരുദ്ധമാണ്. അത് ബുദ്ധിയുടേയും സർഗ്ഗാത്മകതയുടേയും ആഘോഷമാണ്, കളിയെ ഒരു ഉത്സവമാക്കിമാറ്റലാണ് അതിന്റെ ലക്ഷ്യം. ഹൃദയവും മസ്തിഷ്‌കവും ഒരു പോലെ പ്രവർത്തിക്കുന്ന മനുഷ്യസ്നേഹികളാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത്. ഫൂട്ബോൾ ടീമെന്നാൽ ഒരു സംഘം ആളുകളല്ല, മറിച്ച് ഒരു ആശയവും, അതിനോടുള്ള മനുഷ്യരുടെ പ്രതിബദ്ധതയുമാണ്. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ആശയത്തെ പ്രതിരോധിക്കാൻ പരിശീലകൻ കളിക്കാരിലേക്ക് പകർന്നു നൽകേണ്ടുന്ന വിശ്വാസസംഹിത കൂടി ചേരുമ്പോഴാണ് അത് പൂർണ്ണമാവുന്നത്. ഏതു കളിയും സാഹസികമാണ്, തോൽവി എന്ന അപകടസാധ്യത അതിന്റെ അവിഭാജ്യഘടകം തന്നെയാണ്. തോൽക്കാൻ തയ്യാറല്ലാത്തവർക്ക് കളി ആസ്വദിക്കാനോ ആഘോഷിക്കാനോ ആവില്ല. നിലനിൽപില്ലാത്ത എന്തെങ്കിലും തത്വശാസ്ത്രം പകരം നൽകി കളിയിലെ സാഹസികതയും ഒപ്പം ആഘോഷാംശവും നഷ്ടപ്പെടുത്താൻ ഒരു പരിശീലകനും അവകാശമില്ല. കളിയിലെ പരാജയസാധ്യത ഒഴിവാക്കാൻ കളിക്കാതിരിക്കുക എന്ന ഒരൊറ്റ മാർഗ്ഗമേ ഉള്ളൂ. ( Futbol sin trampa, as quoted by Jonathan Wilson)

അർജന്റൈൻ ഫൂട്ബോളിലെ എക്കാലത്തേയും മികച്ച പ്രതിഭകളിലൊരാളായ സീസർ ലൂയിസ് മെനോറ്റിയുടെ ഈ വാക്കുകളിൽ നിന്ന് അയാളുടെ ജീവിതവീക്ഷണം വായിച്ചെടുക്കാം. മെനോറ്റിയെ കേവലമൊരു കളിക്കാരനോ പരിശീലകനോ ആയി കാണുന്നതിനേക്കാൾ, ഫൂട്ബോളെന്ന പ്രയോഗത്തെ ഒരു രാഷ്ട്രീയ വ്യവഹാരമായിക്കണ്ട ദാർശനികനായി വിലയിരുത്തുന്നതാവും നന്നാവുക. അർജന്റീനക്ക് ആദ്യത്തെലോകകപ്പ് നേടിക്കൊടുത്ത പരിശീലകനെന്നതിലുപരി ഫൂട്ബോൾ എന്ന കളിയുടെ ആന്തരികഭാവങ്ങളും രാഷ്ട്രീയ സ്വഭാവവും കണ്ടെത്താൻ ശ്രമിച്ച ധിഷണാശാലി എന്ന നിലയിലാവും മെനോറ്റിയെ ഒരു പക്ഷെ വരും തലമുറ മനസ്സിലാക്കുക. കളിക്കളത്തിനു പുറത്ത് ഗാലറിയിലും റേഡിയോ -ടെലിവിഷൻ പ്രക്ഷേപണത്തിനു മുന്നിലുമുള്ള ആരാധകരുടെ സ്വപ്നങ്ങൾക്ക് വ്യാഖ്യാനം നൽകുന്ന കലാകാരന്മാരായാണ് മെനോറ്റി കളിക്കാരെ വിഭാവനം ചെയ്തിരുന്നത്. കളിയിലും ജീവിതത്തിലും ഇടതുപക്ഷമായിരുന്നു മെനോറ്റി; അർജന്റൈൻ കമ്മ്യൂണിസ്റ്റുകളുടെ അചഞ്ചലനായ അനുഭാവി. തനിക്കു കീഴിൽ അർജന്റീന  നേടിയ ലോകകപ്പ് വിജയത്തിനുമേൽ പട്ടാളഭരണത്തിന്റെ നിഴൽ വീണിരുന്നുവെന്നത് മെനോറ്റിയെ പലതരത്തിലും അസ്വസ്ഥനാക്കിയിരുന്നുവെന്ന് ജോനതൻ വിൽസൻ വിലയിരുത്തിയിട്ടുണ്ട് (Angels with dirty faces). അർജന്റൈൻ ടീം 1978 ലെ ലോകകപ്പ് നേടിയത് ഭരണകൂടത്തിന്റെ സഹായത്താലാണെന്ന വാദം നിരാകരിക്കുകയാണ് മെനോറ്റി പിൽക്കാലത്ത് ചെയ്തിട്ടുള്ളത്. കാലങ്ങളായി അർജന്റീന കളിച്ചുവന്ന ലാ നുസ്ത്ര എന്ന തനതു ഫൂട്ബോളിന് ലഭിച്ച അംഗീകാരമാണ് ലോകചാംപ്യൻ പദവിയെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. ടൂർണമെന്റിലുടനീളം അർജന്റീന കാഴ്ചവച്ച മെച്ചപ്പെട്ട പ്രകടനം ഇതിനെ സാധൂകരിക്കുന്നത് തന്നെയായിരുന്നു  എന്ന് സാക്ഷ്യപ്പെടുത്തുന്നവർ ഏറെയുണ്ടുതാനും. വിജയത്തെ പട്ടാളഭരണകൂടം അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തി എന്ന വസ്തുത ലഭിച്ച പിന്തുണ പക്ഷെ, മത്സരഫലം അട്ടിമറിക്കുംവിധം ഭരണകൂടം ടൂർണമെന്റിൽ ഇടപെട്ടു എന്ന ആരോപണത്തിന് ലഭിച്ചില്ല. പെറുവുമായുള്ള മത്സരം വലിയ മാർജിനിൽ ജയിച്ചത് ഭരണകൂടങ്ങൾ തമ്മിലുള്ള ധാരണപ്രകാരമായിരുന്നു എന്ന ഗുരുതരമായ ആരോപണം പോലും ഗൂഢാലോചനാസിദ്ധാന്തം എന്നതിനപ്പുറം തെളിയിക്കപ്പെട്ടില്ല. അതേസമയം എല്ലാ വിവാദങ്ങൾക്കുമപ്പുറം ലൂയിസ് മെനോറ്റി എന്ന പരിശീലകനും അദ്ദേഹത്തിന്റെ പദ്ധതികളും അർജന്റൈൻ ഫൂട്ബോളിൽ പുതിയൊരു പാതവെട്ടിത്തുറന്നുവെന്നതും 1978ലെ ലോകകപ്പ് അതിന്റെ പരീക്ഷണവേദിയായിരുന്നുവെന്നതും ചോദ്യം ചെയ്യപ്പെടാത്ത വസ്തുത തന്നെയാണ്.

സൂക്ഷ്മമായി നോക്കിയാൽ പതിനാറു വർഷത്തെ ഇടവേളയിലുണ്ടായ രണ്ട് പരാജയങ്ങളാണ് അർജന്റൈൻ ഫൂട്ബോളിൽ ‘മെനോറ്റിസ്മോ’ പതിഭാസത്തിന് കാരണമായതെന്ന് കാണാം. 1958 ലോകകപ്പിൽ സ്വീഡനിലെ ഹെൽസിൻബർഗ് സ്റ്റേഡിയത്തിൽ വച്ച് ചെക്കോസ്ലോവാക്യയോടും 1974 ലെ ജർമ്മനി ലോകകപ്പിൽ യൊഹാൻ ക്രൈഫിന്റെ ഡച്ച് ടീമിനോടുമേറ്റ കനത്ത പരാജയങ്ങൾ അർജന്റൈൻ ഫൂട്ബോളിനെ രണ്ടു തരത്തിലാണ് ബാധിച്ചത്. വൻവിജയങ്ങളേക്കാൾ കനത്ത തോൽവികൾക്കാണ് ഒരു ടീമിന്റെ കേളീശൈലി ആകെ ഉടച്ചുവാർക്കാനുള്ള ശേഷിയുണ്ടാവുക. വിജയസൂത്രവാക്യം ഏറ്റവുമടുത്ത തോൽവിവരെ ആവർത്തിക്കപ്പെടുക എന്നതാണ് ഏത് കളിയുടേയും ചരിത്രമെന്നതിനാൽ വിജയങ്ങൾ ഒരർത്ഥത്തിൽ യാഥാസ്ഥിതികമാണ്. തോൽവികളിൽ നിന്ന്  പഠിക്കുന്ന കഠിനപാഠങ്ങളാണ് ഏത് വിപ്ലവവും സാധ്യമാക്കിയിട്ടുള്ളത്. ചെക്കോസ്ലോവാക്യയോടുള്ള തോൽവി നിരാശാഭരിതമായ ഒരു തിരിഞ്ഞു നടത്തത്തിനാണ് അവരെ പ്രേരിപ്പിച്ചതെങ്കിൽ നെതർലാൻഡ്സിനോടേറ്റ പരാജയം ഒരു തിരിച്ചുവരവിന്റെ വഴിമരുന്നാവുകയായിരുന്നു. ഈ ചരിത്രസന്ധിയിലാണ് സീസർ ലൂയിസ് മെനോറ്റിയിലൂടെ, ഒരു പരിശീലകൻ അർജന്റൈൻ ടീമിന്റെ നടുനായകത്വമേറ്റെടുക്കുന്നത്.

1974ലെ ലോകകപ്പിൽ യൊഹാൻ ക്രൈഫിന്റെ നെതർലാൻഡ്സിനോടേറ്റ കനത്ത തോൽവിക്കു ശേഷമാണ് മെനോറ്റി ദേശീയടീമിന്റെ കോച്ചായി വരുന്നത്. ഒരർത്ഥത്തിൽ മെനോറ്റി അതിന് യൊഹാൻ ക്രൈഫിനോട് കടപ്പെട്ടിട്ടുണ്ടെന്ന് പറയാം. അതേസമയം ഡച്ചുകാരുടെ സമഗ്രഫൂട്ബോളെന്ന (Total football) അഭിപ്രായത്തിൽ മൈതാനത്ത് അവരവർക്കുള്ള ഇടം സൃഷ്ടിക്കുകയും എതിരാളിക്ക് ഇടം നിഷേധിക്കുകയും ചെയ്യുക എന്നതാണ് ഫൂട്ബോളിന്റെ അടിസ്ഥാന തത്വം (Creation and negation of playing space). അല്ലാതെ എല്ലാവരും കളം നിറഞ്ഞുകളിക്കുന്നതല്ല ഈ കളി’ 1975 ലെ ഒരു അഭിമുഖത്തിൽ മെനോറ്റി തന്റെ നയം വ്യക്തമാക്കി. കായികക്ഷമതയേക്കാളും കരുത്തിനേക്കാളും പ്രധാനം  സിദ്ധിയും സാങ്കേതിക വൈഭവവുമാണെന്ന്  വിശ്വസിച്ച മെനോറ്റി കളിക്കാരുടെ ഭൗതികവേഗവും മനോവേഗവും തമ്മിലുണ്ടായിരിക്കേണ്ടത് ഒരു വൈരുദ്ധ്യാത്മക ബന്ധമാണെന്ന് വിശ്വസിച്ചു. യൂറോപ്യൻ ടീമുകളോടേറ്റ തോൽവിയിൽ നിന്ന് മുക്തരാവാൻ അവരുടെ ശൈലി അനുകരിക്കാൻ നോക്കിയതാണ് തുടർപരാജയങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം വിലയിരുത്തി. യൂറോപ്യൻ കരുത്തിനേയും വേഗത്തേയും തോൽപ്പിക്കാൻ തനതു കേളീശൈലിയുടെ ഏറ്റവും സൗന്ദര്യാത്മകമായ പ്രയോഗത്തിലൂടെയേ സാധിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

എതിരാളികളെ ഓരോരുത്തരെയായി നേരിട്ടും (Man- to- man) ഇടം തിരിച്ചും (Zonal) പിടിച്ചു പ്രതിരോധിക്കാനായി ഒരു അയഞ്ഞ വിന്യാസരീതിയാണ് മെനോറ്റി പരീക്ഷിച്ചത്. അന്ന് മിക്ക ടീമുകളും വിജയകരമായി പരീക്ഷിച്ചിരുന്ന 4-4-2 വിന്യാസത്തെ ഫലപ്രദമായി മറികടക്കാൻ മുൻനിരയിൽ ചെറിയൊരു മാറ്റം വരുത്തുകയാണ് മെനോറ്റി ചെയ്തത്. രണ്ട് വിംഗർമാരേയും ഒരു സെന്റർ ഫോർവേഡിനേയും പരീക്ഷിച്ച മെനോറ്റിസ്മോ രീതി ഇന്നും ചില്ലറ മാറ്റങ്ങളോടേയും പുതിയ പേരിട്ടുമെല്ലാം അർജന്റീനയടക്കം പല ടീമുകളും തുടരുന്നുണ്ട്. തന്റേതായ പുതിയ ശൈലി ആവിഷ്‌കരിക്കാനൊന്നും ശ്രമിക്കുന്നില്ലെന്ന് ആവർത്തിക്കുമ്പോഴും പഴയ കാൽപനിക സൗന്ദര്യം കളിക്കളത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രായോഗിക ശ്രമങ്ങളാണ് മെനോറ്റി നടത്തിയത്. ഈ ടീം ലോകകപ്പ് ജയിച്ചാൽ നിഷേധാത്മകവും ഹിംസാത്മകവുമായ ഫൂട്ബോളിൽ നിന്ന് അർജന്റീനയിലെ കളിക്കാർക്കും പരിശീലകർക്കും പിന്മാറേണ്ടി വരുമെന്ന് മെനോറ്റിക്ക് വ്യക്തമായി അറിയാമായിരുന്നു. താൻ ഏറ്റെടുത്തിരിക്കുന്നത് കേവലമൊരു ഫൂട്ബോൾ ടീമിലെ പരിഷ്‌കരണ ദൗത്യമല്ലെന്നും അതിനപ്പുറമുള്ള മാനങ്ങൾ അതിനുണ്ടെന്നും മനസ്സിലാക്കാനുള്ള രാഷ്ട്രീയബോധം കൂടിയാണ് ലൂയിസ് മെനോറ്റിയെ വ്യത്യസ്തനാക്കിയത്. അതുകൊണ്ട്  തന്നെയാണ് ലോകകപ്പ് ജയിച്ചപ്പോൾ അത്യാഹ്ലാദത്തോളം പോന്ന രാഷ്ട്രീയ നിരാശയും അദ്ദേഹത്തെ ബാധിച്ചത്.

എഴുപതുകളുടെ രണ്ടാം പകുതിയിൽ അട്ടിമറിയിലൂടെ ജനറൽ ഹോർഹെ റാഫേൽ വിദേല അധികാരത്തിലെത്തിയതോടെ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ അടിച്ചർത്തലിനാണ് അർജന്റീന സാക്ഷ്യം വഹിച്ചത്. രാജ്യത്തെ, കമ്യൂണിസ്റ്റ് വിരുദ്ധ ക്രിസ്ത്യൻ ഭരണകൂടമെന്ന് പ്രഖ്യാപിച്ച വിദേലയുടെ പട്ടാളം നടത്തിയ അതിക്രമങ്ങൾ  മുപ്പതിനായിരം യുവാക്കളെയാണ് ഒരു തെളിവുമില്ലാത്തവിധം അപ്രത്യക്ഷരാക്കിയത്. അവരെല്ലാം പലയിടത്തായി കൊടിയ പീഡനങ്ങൾക്ക് ശേഷം കൂട്ടക്കൊലക്കിരയായി എന്നാണ് ലോകം പിന്നീട് മനസ്സിലാക്കിയത്. തടവിൽ പ്രസവിച്ച യുവതികളുടെ കൈക്കുഞ്ഞുങ്ങളെ നിർബന്ധിതമായി കവർന്ന് ഇഷ്ടക്കാർക്ക് ദത്തുനൽകി എന്ന കേസിലാണ് വിദേല പിന്നീട് ശിക്ഷിക്കപ്പെട്ടത്. തെരുവുകളിൽ ചോരപ്പുഴയൊഴുകിയ ഈ കാലത്താണ് ഫൂ്ട്‌ബോൾ ലോകകപ്പിന് അർജന്റീന ആതിഥേയത്വം വഹിക്കുന്നത്. കാണാതായവരുടെ അമ്മമാർ തെരുവിൽ നടത്തിയിരുന്ന അനിശ്ചിതകാല സമരം, മാദ്രെ ദി പ്ലാസ ദി മയോ (The Mothers of May Square) ലോകമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്ന കാലം. ഫൂട്ബോളിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയെടുക്കാനായി ഭരണകൂടം കോടിക്കണക്കിന് ഡോളറാണ് പൊടിച്ചത്. ലോകകപ്പ് വിജയത്തിനായി ഗൂഢാലോചനയും ഒത്തുകളിയും നടത്തിയതായുള്ള ആരോപണമുയർന്നതും ഈ പശ്ചാത്തലത്തിലാണ്. പെറോണിന്റെ ഭരണകാലത്ത് ദേശീയ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ട ഇടുതുപക്ഷ പശ്ചാത്തലമുള്ള സീസർ മെനോറ്റിയെ പട്ടാളഭരണകൂടം പിരിച്ചുവിടുമെന്ന പൊതുധാരണ തെറ്റിച്ചുകൊണ്ട് അദ്ദേഹത്തെ നിലനിർത്തിയതിനു പിന്നിലും ഇതേ കാരണം തന്നെയായിരുന്നുവെന്ന് പിൽക്കാലത്ത് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്. പരിശീലകനെന്ന നിലയിൽ ലോകകപ്പ് വിജയത്തിന്റെ അഭിമാന നിമിഷത്തിലുംസീസർ ലൂയിസ് മെനോറ്റി എന്ന രാഷ്ട്രീയജീവി പരാജിതനായി കാണപ്പെട്ടതും ഇക്കാരണത്താലാണ്.

ലോകകപ്പിന്റെ ചരിത്രത്തിലിന്നോളം മറ്റോരു പരിശീലകനും അനുഭവിച്ചിട്ടില്ലാത്ത രാഷ്ട്രീയ സമ്മർദ്ദമായിരുന്നിരിക്കണം മെനോറ്റി നേരിട്ടത്. അതുകൊണ്ടു തന്നെ ഓരോ തീരുമാനത്തിലും തന്റെ നിലപാട് വ്യക്തമാക്കാനുള്ള ബാധ്യതയും അദ്ദേഹത്തിനു മേൽ വന്നു ചേർന്നു. ടീം തെരഞ്ഞെടുപ്പുമുതൽ ഫൈനൽ വിസിൽ വരെ മെനോറ്റി എടുത്ത തീരുമാനങ്ങളിലെല്ലാം അത് പ്രതിഫലിക്കുകയും ചെയ്തു. ദ്യേഗോ മറഡോണയെ ഒഴിവാക്കാനെടുത്ത തീരുമാനം മുതൽ മരിയോ കെംപസിനെ കളിപ്പിച്ച സ്ഥാനം വരെ വലിയ ചർച്ചകൾക്കിടയാക്കി. രണ്ടു പതിറ്റാണ്ടായി തുടരുന്ന കളിക്കളത്തിലെ നിഷേധാത്മക സമഗ്രാധിപത്യത്തെ വേരോടെ പിഴുതുകളയുക എന്ന നിലപാടെടുക്കുമ്പോൾ അത് വിശാലമായ അർത്ഥത്തിൽ എല്ലാ തരം ആധിപത്യപ്രവണതകൾക്കുമെതിരായ പ്രതീകാത്മക ചെറുത്തുനിൽപായി മാറുമെന്ന് മെനോറ്റി വിചാരിച്ചിരിക്കണം. ഫൈനലിനിറങ്ങും മുമ്പ് മെനോറ്റി ടീമംഗങ്ങളോട് പറഞ്ഞത് നമ്മൾ ജനങ്ങളുടെ പ്രതിനിധികളായാണ് കളത്തിലിറങ്ങുന്നതെന്നാണ്. ഇരകളാക്കപ്പെട്ട വർഗ്ഗത്തിൽ നിന്നാണ് നമ്മൾ വരുന്നത്. ഈ രാജ്യത്തിപ്പോൾ നേരോടെ നിലനിൽക്കുന്ന ഒരേയൊരു സംഗതി ഫൂട്ബോളാണ്, ഇവിടെ നമ്മൾ കളിക്കുന്നത് ഉപരിവർഗ്ഗത്തിന്റെ ഇരിപ്പിടങ്ങളിലിരുന്ന്  കളികാണുന്ന യൂണിഫോമിട്ട പട്ടാളക്കാർക്കുവേണ്ടിയല്ല. നമ്മൾ സ്വാതന്ത്ര്യത്തിനൊപ്പമാണ് ഏകാധിപത്യത്തിനൊപ്പമല്ല- ഡ്രസ്സിംഗ് റൂമിൽ കളിക്കാരോട് സംസാരിക്കുമ്പോൾ ഫൂട്ബോളിലെ അർജന്റീനത്വത്തെ (Argentinidad) രാഷ്ട്രീയമായി ഇടതു പക്ഷത്ത് പ്രതിഷ്ഠിക്കുകയായിരുന്നു മെനോറ്റിയെന്ന് നരവംശ ശാസ്ത്രജ്ഞനായ എദ്വാർദോ ആർക്കെറ്റി നിരീക്ഷിക്കുന്നു (Masculine national virtues and moralities in football). വിജയിച്ചത് രാഷ്ട്രമല്ല ജനങ്ങളാണെന്ന് മെനോറ്റി പറയാൻ ശ്രമിച്ചുവെങ്കിലും വിദേല ഭരണകൂടം ലോകകിരീട നേട്ടം അവർക്കനുകൂലമാക്കുക തന്നെ ചെയ്തു. അതേസമയം കളിക്കാർ ക്ലബ് ഫൂട്ബോളിനായി  രാജ്യം വിട്ടു പോകാതിരിക്കാൻ നിലവിലെ രാഷ്ട്രീയാവസ്ഥ മെനോറ്റി ഉപയോഗപ്പെടുത്തി എന്ന വിമർശം ജോനതൻ വിൽസനുൾപ്പെടെയുള്ളവർ ഉന്നയിക്കുന്നുണ്ട്.റിക്കാർദോ ബൊച്ചീനിക്ക് പകരം നോർബെർതോ അലോൻസോയെ ടീമിൽ ഉൾപ്പെടുത്തിയതിലും കൗമാരക്കാരനായിരുന്ന മറഡോണയെ ഒഴിവാക്കിയതിലും മെനോറ്റിയുടെ സ്വാർത്ഥതാൽപര്യങ്ങൾ കണ്ടവരും കുറവല്ല. മെനോറ്റിക്ക് താനൊരിക്കലും മാപ്പു നൽകില്ലെന്ന് അന്ന് തുറന്നടിച്ച മറഡോണ പക്ഷെ പിന്നീടൊരു മെനോറ്റിസ്തയായി മാറിയെന്നത് മറ്റൊരു വസ്തുത. ഒരാൾക്ക് മാപ്പുനൽകലും അയാളെ അംഗീകരിക്കലും രണ്ടാണെന്നാണ് എൽ ദ്യേഗോയിൽ ഇതേക്കുറിച്ച് മറഡോണ നൽകുന്ന വിശദീകരണം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശയായാണ് മരണം വരെ ദ്യേഗോ മറഡോണ ആ അവസരനിഷേധത്തെ കണ്ടിരുന്നത്. ലൂയി മെനോറ്റിയുടെ കായികതത്വശാസ്ത്രത്തിന് ഏറ്റവും യോജിച്ച കളിക്കാരനായിരുന്നു മറഡോണ. പക്ഷെ ആദ്യഘട്ടത്തിൽ മെനോറ്റിക്ക് സ്വീകാര്യനാകാതിരുന്ന മറഡോണയെ സ്വീകരിച്ചത്, ധൈഷണികമായി എതിർ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന കാർലോസ് ബിലാർദോ ആണെന്നതും വിരോധാഭാസമായി തോന്നാം.

1986 ലെ ലോകകപ്പ് ടീമിലേക്ക് തന്നെ ക്ഷണിക്കാൻ ബിലാർദോ സ്പെയിനിലേക്ക് വന്നതിനെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്, മറഡോണ. കടപ്പുറത്ത് വ്യായാമം ചെയ്യുന്ന മറഡോണയോടൊപ്പം ഓടിക്കൊണ്ടാണ് പരിശീലകനായ ബിലാർദോ ടീമിനെ കുറിച്ച് പറയുന്നത്. മെക്സിക്കോ ലോകകപ്പിനുള്ള തന്റെ ടീമിന്റെ ക്യാപ്റ്റൻ മറഡോണയാണെന്ന് ബിലാർദോ പറയുമ്പോൾ അത്ഭുതപരതന്ത്രനാവുകയാണ് ദ്യേഗോ. മറഡോണയെ മാത്രമല്ല അക്കാലത്ത് വിദേശത്തുണ്ടായിരുന്ന ദാനിയേൽ പാസറെല്ല ഉൾപ്പെടെയുള്ള മുതിർന്ന കളിക്കാരെയെല്ലാം പോയിക്കാണുകയായിരുന്നു ബിലാർദോയുടെ രീതി. ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിൽ ക്ഷുഭിതനായ പാസറെല്ല പക്ഷെ ലോകകപ്പ് ടീമിൽ നിന്ന് മാറിനിൽക്കുകയാണുണ്ടായത്. ലോകകപ്പ് തുടങ്ങുമ്പോഴേക്കും മറഡോണയും പാസറെല്ലയും തമ്മിലുള്ള സംഘർഷം ടീമിനെ പരസ്യമായ ചേരിതിരിവിലേക്കെത്തിച്ചിരുന്നു. ഡ്രെസ്സിംഗ് റൂമിൽ തമ്മിൽത്തല്ലിയ ഒരു സംഘം കളിക്കാരാണ് ഏതാനും ദിവസങ്ങൾക്കുശേഷം മെക്സിക്കോ സിറ്റിയിലെ അസ്തേക്കാ സ്റ്റേഡിയത്തിൽ ലോകകപ്പുയർത്തിയതെന്നത് ഏതാണ്ട് അവിശ്വസനീയമായ കാര്യം തന്നെയാണ്.

ഓരോ പരാജയത്തിനും ശേഷം, വിരുദ്ധശൈലിയുള്ള പരിശീലകരിലേക്ക് പാസ്സ് ചെയ്യപ്പെടുക എന്നത് അർജന്റൈൻ ഫൂട്ബോളിന് അതിനകം ശീലമായിട്ടുണ്ടായിരുന്നു. എഴുപത്തെട്ടിലെ കിരീടനേട്ടത്തിനു ശേഷം 1982 ൽ ആദ്യ റൗണ്ടിൽ പുറത്തായതോടെയാണ് മെനോറ്റിയുടെ കാൽപനികകാലത്തിന് അവസാനമാവുന്നത്. എൺപത്തിരണ്ടിൽ മെനോറ്റിയുടെ ടീമിൽ കളിക്കാനിറങ്ങിയെങ്കിലും ചുവപ്പുകാർഡ് കണ്ട് പുറത്താവുകയായിരുന്നു മറഡോണ. ആന്റൈ ഫൂട്ബോളിനാൽ കുപ്രശസ്തിനേടിയ സൂബെൽദിയ സ്‌കൂളിലെ പ്രധാനിയായിരുന്നു കാർലോസ് ബിലാർദോ. കൈയിലൊളിപ്പിച്ച സൂചികൊണ്ട് എതിരാളികളെ കുത്തുമെന്നും ഡോക്ടറെന്ന നിലയിൽ ലഭിക്കുന്ന വ്യക്തിഗത വിവരങ്ങൾ എതിർകളിക്കാരെ മാനസികമായി തളർത്താനുപയോഗിക്കുമെന്നും ആരോപണം നേരിട്ടയാളാണ് ബിലാർദോ. തെളിവുകളുടെ പിൻബലത്തിലൊന്നുമല്ലെങ്കിലും ഇതെല്ലാം പൂർണ്ണമായും ആരും തള്ളിക്കളഞ്ഞിരുന്നുമില്ല. മെനോറ്റിയുടെ ആശയലോകത്ത് വലതുപക്ഷമെന്ന് നിസ്സംശയം വിളിക്കുന്ന കായികാദർശത്തിനുടമയായിരുന്നു ബിലാർദോ. ആദ്യഘട്ടത്തിൽ മെനോറ്റിയുമായി സൗഹൃദത്തിൽ നീങ്ങിയ ബിലാർദോ പിന്നീട് മെനോറ്റിസ്മോക്കെതിരായ ശക്തമായ നിലപാടിലേക്ക് നീങ്ങി. പാസറെല്ലയെ മാറ്റി മറഡോണയെ ക്യാപ്റ്റനാക്കിയതും ലാ നുസ്ത്ര എന്ന കൽപനാലോകത്തെ അപ്പാടെ നിരസിച്ചതുമെല്ലാം ഈ ശീതയുദ്ധത്തിന്റെ ഭാഗമായി കാണുന്നവരേറെയുണ്ടായിരുന്നു. മെനോറ്റിയുടെ സർഗ്ഗാത്മക ഫൂട്ബോൾ സങ്കൽപത്തെ പാടെ പൊളിച്ച് കൃത്യമായ രൂപരേഖ തയ്യാറാക്കി വരച്ച ചിത്രം പോലെ യന്ത്രസമാനമായി കളിക്കുന്ന രീതിയായിരുന്നു ബിലാർദോയുടേത്. വിംഗർമാർ അപ്രസക്തരായിത്തുടങ്ങിയിരുന്ന അക്കാലത്ത് പ്രതിരോധത്തിലെ രണ്ടു പേരെ മധ്യനിരയിലേക്ക് കൊണ്ടുവന്ന് 3-5-2 എന്ന വിന്യാസരീതിയാണ് ലോകകപ്പിൽ ബിലാർദോ പരീക്ഷിച്ചത്. വരച്ചവരയിൽ നീങ്ങാൻ വിസ്സമ്മതിച്ച ക്യാപ്റ്റൻ മറഡോണ മാത്രമായിരുന്നു ബിലാർദോയുടെ തലവേദന. അവസാനം മറഡോണക്കു വേണ്ടി മാത്രം അൽപം മെനോറ്റിസ്മോ കൂടി അനുവദിക്കുന്ന ശൈലീസങ്കരം ബിലാർദോ തയ്യാറാക്കി. നിയതമായ സ്ഥാനമില്ലാത്ത രണ്ടാം സ്ട്രൈക്കറായി മറഡോണയെ സ്വതന്ത്രനാക്കിയപ്പോഴാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളടക്കം  പിറന്നത്. ബിലാർദോയുടെ കണിശതയാർന്ന ആസൂത്രണവും മെനോറ്റിയുടെ ക്രിയാത്മകതയുടെ സ്വാതന്ത്ര്യവും കൂടി ചേർന്ന വേഷമാണ് മറഡോണ മെക്സിക്കോയിൽ കൈകാര്യം ചെയ്തതെന്നർത്ഥം. എന്നാൽ 1986 ലെ ലോകകപ്പുമായി നാട്ടിലെത്തിയതോടെ മെനോറ്റിയോളമോ അതിലുമൽപം ഉയരെയോ ആയിട്ടുണ്ടായിരുന്നു പരിശീലകനെന്ന നിലയിൽ ബിലാർദോയുടെ സ്ഥാനം. മെനോറ്റിസ്തകളും ബിലാർദിസ്തകളുമെന്ന ദ്വന്ദ്വം അർജന്റൈൻ ഫൂട്ബോളിൽ സ്ഥായിയാവുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർഫൈനലിൽ മറഡോണ നേടിയ രണ്ട് ഗോളുകളിൽ ആദ്യത്തേതിനെ ബിലാർദിസ്മൊയായും രണ്ടാമത്തേത് മെനോറ്റിസ്മൊയായും വ്യാഖ്യാനിച്ചാൽ മെനോറ്റി പക്ഷപാതം വെളിവാകുമെങ്കിലും, അത് വസ്തുതാപരം കൂടിയാകും.

ആശയപരവും ശൈലീപരവുമായ ഈ ദ്വന്ദ്വം പിന്നീടിങ്ങോട്ടുള്ള അർജന്റീനയുടെ കളികളിലെല്ലാം ചർച്ചാവിഷയമായി. മെനോറ്റിസ്തകളായ ദാനിയേൽ പാസറെല്ലയും ഹോർഹെ സാംപൗളിയും ബിലാർദോയുടെ ശിഷ്യനായ അലഹാന്ദ്രോ സബേയയും മുതൽ രണ്ടുപേർക്കുമിടയിൽ ഇടം കണ്ടെത്താൻ ശ്രമിച്ച ആൽഫിയോ ബസീലെയും മാർസെലോ ബിയേൽസയും ഹോസെ പെക്കർമാനും മാത്രമല്ല പരിശീലകന്റെ വേഷത്തിലെത്തിയപ്പോൾ സാക്ഷാൽ ദ്യേഗോ മറഡോണക്കുവരെ ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. ഇവരിൽ ചിന്തകൊണ്ടും പ്രയോഗം കൊണ്ടും മെനോറ്റിക്കും ബിലാർദോക്കുമൊപ്പമെത്തിയ പരിശീലകനാണ് മാർസെലോ ബിയേൽസ .ഫൂട്‌ബോൾ കളിക്കേണ്ടത് മൈതാനത്തെ എതിരാളിയുടെ പകുതിയിലാണെന്ന സിദ്ധാന്തത്തിലൂന്നിയാണ് ബിയേൽസ തന്റെ വിന്യാസങ്ങളൊരുക്കിയത്. എതിരാളിയുടെ പകുതിയിൽ വച്ചു തന്നെ പന്ത് കൈവശമാക്കുക എന്ന തന്ത്രം ഫലപ്രദമായി നടപ്പാക്കുമ്പോൾ പ്രതിരോധക്കാർക്കു വരെ കയറിക്കളിക്കാനുള്ള അവസരമൊരുങ്ങുന്നു എന്നതാണ് ബിയേൽസ രീതിയുടെ സവിശേഷത. പിന്നീട് ഹൈപ്രസ്സ് ഫൂട്‌ബോളായി പരിണമിച്ച ഈ ശൈലി ഹോർഹെ സാംപൗളി ചിലെയിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ആശയപരമായി വിരുദ്ധധ്രുവങ്ങളിൽ നിന്ന രണ്ട് അതികായരുടെ ശൈലികളെ സമന്വയിപ്പിക്കാനുള്ള ശ്രമങ്ങൾ മറ്റ് പല പരിശീലകരും നടത്തിക്കണ്ടിട്ടുണ്ട്. എന്നാൽ ഒരു കളിയിൽ തന്നെ മെനോറ്റിസ്മോയും ബിലാർദിസ്മോയും മാറി മാറി പുറത്തെടുക്കുമ്പോഴാണ് എതിരാളികളെ സംബന്ധിച്ചിടത്തോളം അർജന്റീന പ്രവചനാതീതമായ ടീമായി മാറുന്നത്. ഒരു പക്ഷെ ഈ രണ്ട് സ്‌കൂളുകളിൽ നിന്നും പുറത്തുകടന്ന് അർജന്റൈൻ ഫൂട്ബോൾ ലാ നുസ്ത്ര യുടെ പുതിയ വ്യാഖ്യാനങ്ങളും അതിൽ നിന്നുള്ള തുടർച്ചയും തേടേണ്ട സമയവും അതിക്രമിച്ചിട്ടുണ്ട്.

About Author

രാജീവ് രാമചന്ദ്രൻ

മാധ്യമപ്രവർത്തകൻ , കളി എഴുത്തുകാരൻ. ചെളി പുരളാത്ത പന്ത് - പുസ്തകത്തിന്റെ രചയിതാവ്.