“I always need an adversary. Without an adversary, I cannot live” (എനിക്ക് ഇപ്പോഴും ഒരു പ്രതിയോഗി വേണം. ഒരു പ്രതിയോഗി ഇല്ലാതെ എനിക്ക്ജീവിക്കാൻ പറ്റില്ല.) 15 വർഷത്തോളം നീണ്ട ഞങ്ങളുടെ പരസ്പര സ്നേഹവും ബഹുമാനവും നിറഞ്ഞ ബന്ധത്തിനിടയ്ക്ക് ഏതോ ഒരു വൈകുന്നേരം – പകുതി തമാശയായും പകുതി കാര്യമായും – ഡോ. എം. കുഞ്ഞാമൻ പറഞ്ഞതാണിത്. വിവാദങ്ങൾക്കതീതമായി, ആശയങ്ങളിലധിഷ്ഠിതമായ ചർച്ചകളിലും അഭിപ്രായവ്യത്യാസങ്ങളിലും ഡോ. കുഞ്ഞാമൻ തീർത്തും അഭിരമിച്ചിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. “എതിര്” എന്ന പുസ്തകം അദ്ദേഹം എഴുതുന്നതിന് ഒരു ദശകം മുമ്പേ ആയിരുന്നു ഈ സംഭാഷണം. അതാണ് അദ്ദേഹത്തിൻറെ പുസ്തകത്തിൻറെ ശീർഷകം എന്നറിഞ്ഞപ്പോൾ എനിക്ക് ഓർമ്മ വന്നതും ഈ സംഭാഷണം തന്നെ.
തീക്ഷ്ണമായ ജീവിത സാഹചര്യങ്ങളിലൂടെ നടന്നു വന്ന, ധൈഷണിക ലോകത്ത് തന്റേതായ മുഖമുദ്ര പതിപ്പിച്ച, ഒരു സാമൂഹ്യ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ഡോ കുഞ്ഞാമൻ. അദ്ദേഹം കടന്നുവന്ന പാതകളെ കുറിച്ച് അദ്ദേഹം തന്നെ എഴുതുകയും അത് പലയിടത്തായി പകർത്തപ്പെടുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിൻറെ പല പരാമർശങ്ങളിലും അദ്ദേഹം തന്നെ വിമർശനാത്മകമായി പേരെടുത്ത് പറയുന്ന ചില വ്യക്തികളോട് അദ്ദേഹത്തിന് തന്നെ വലിയ ബഹുമാനം ഉണ്ടായിരുന്നു എന്നതും വാസ്തവമാണ്. അത്തരം പരാമർശങ്ങൾ അദ്ദേഹത്തിൻറെ ജീവിതാനുഭവങ്ങളുടെ ചൂട് പറ്റിയതാണ് എന്നിരിക്കുമ്പോൾ തന്നെ അതൊന്നും വ്യക്തിപരമായ അനിഷ്ടങ്ങളുടെ ഭാഗമായി അദ്ദേഹം കണ്ടിട്ടില്ല. അവരിൽ പലരും അദ്ദേഹത്തിൻറെ ജീവിതയാത്രയിൽ വഹിച്ച പുരോഗമനപരമായ പങ്കിനെ അദ്ദേഹം തന്നെ പലപ്പോഴും എടുത്തു കാട്ടുകയും ചെയ്തിട്ടുണ്ട്.
ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യത്തിൽ ഡോ. കുഞ്ഞാമന് എടുക്കേണ്ടി വന്ന ഒരു തീരുമാനമാണ് കേരളത്തിൽ നിന്ന് മാറി നിൽക്കുക എന്നത്. അനവധി സുഹൃത്തുക്കളുടെ സ്നേഹപൂർണ്ണമായ അഭിപ്രായങ്ങളും അതിലേക്ക് വഴി തെളിച്ചിട്ടുണ്ട്. ആ പേരുകൾ ഒന്നും ഇവിടെ പറയുന്നത് വിവേകമാവില്ല. അങ്ങനെയാണ് 2007ൽ അദ്ദേഹം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) പ്രൊഫസർ ആയി വരുന്നത്. 2006 മുതൽ ഞാൻ അവിടെ ഉണ്ടായിരുന്നു. മുംബൈ ക്യാമ്പസിൽ ആ സമയത്ത് അദ്ദേഹത്തിനായി ഒരു പ്രൊഫസർ തസ്തിക ഉടനടി മാറ്റിവയ്ക്കാൻ അന്നത്തെ ഡയറക്ടർ ഡോ. പരശുരാമന് സാധിച്ചിരുന്നില്ല. അതിനാലാണ് ടിസ്സിന്റെ ഗ്രാമീണ ഓഫ്-ക്യാമ്പസായ തുൽജാപൂരിൽ അദ്ദേഹം പ്രൊഫസറായി സ്ഥാനമേൽക്കുന്നത്. അദ്ദേഹം അവിടെയുള്ളത് ആ ക്യാമ്പസിന് ഗുണം ചെയ്യും എന്നും അത് അദ്ദേഹത്തിനും ഗുണം ചെയ്യും എന്നും ഡോ. പരശുരാമൻ കരുതിയിരുന്നു. റിട്ടയർ ആയതിനു ശേഷം കുറച്ചു കാലം കൂടി ഡോ. കുഞ്ഞാമൻ അവിടെ തുടർന്നു. അതിനു ശേഷമാണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങി വന്നത്.
ഈ കാലയളവിലെ ഒട്ടേറെ ഓർമ്മകൾ എനിക്കുണ്ട്. 2007 മുതൽ കുറച്ച് കാലം ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു പഠിപ്പിച്ചിരുന്ന ഒരു കോഴ്സ് ആയിരുന്നു “ഇന്ത്യൻ ഇക്കോണമി”. എകദേശം 400 വിദ്യാർഥികളും പക്ഷെ ചെറിയ ക്ലാസ്സ് റൂമുകളും ആണ് അന്ന് മുംബൈ ടിസ്സിൽ ഉണ്ടായിരുന്നത്. അതിനാൽ ഒരേ സമയത്ത് ഇവരെ രണ്ട് ക്ലാസുകൾ ആയി തിരിച്ച്, 200 വിദ്യാർഥികളെ ഞാനും 200 വിദ്യാർത്ഥികളെ ഡോ കുഞ്ഞാമനും ആണ് പഠിപ്പിക്കുക. സിലബസ് ഒരു വഴിയും ഡോ കുഞ്ഞാമന്റെ ക്ലാസുകൾ മറ്റൊരു വഴിയുമാണ് പലപ്പോഴും. ഒഴുകി വരുന്ന ഒരു പ്രഭാഷണം പോലെ അദ്ദേഹം സംസാരിക്കും. പലപ്പോഴും ചിന്തകൾ – ചിലത് റെട്ടെറിക്കൽ എന്ന് വിശേഷിപ്പിക്കാവുന്നതാണ് എങ്കിലും – സിലബസിന് പുറത്തേക്ക് സഞ്ചരിക്കും. ഒരു ദിവസം ക്ലാസ് ആരംഭിക്കുന്നതിനു മുൻപ് ഒരു ചായ കുടിക്കാൻ ഇരുന്നപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: “ഇന്നു നമുക്ക് ഒന്നു മുതൽ മൂന്നു വരെയുള്ള പഞ്ചവത്സര പദ്ധതികൾ തീർക്കണം.” ഉറപ്പ് എന്ന് പറഞ്ഞ് അദ്ദേഹം ക്ലാസിലേക്ക് പോയി. ആറു മണിക്ക് ക്ലാസ് തീർന്നിട്ട് ഞങ്ങൾ മറ്റൊരു ചായക്ക് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു: “തീർത്തല്ലോ അല്ലേ സാറേ?” മറുപടിയില്ല. കുറെ കഴിഞ്ഞ് ഏറെ കുറ്റബോധത്തോടെ അദ്ദേഹം പറഞ്ഞു: “എടോ, ഞാൻ ഒന്നാം പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോൾ വെറുതെ ഒരു രസത്തിന് Commodity Fetishism എന്ന വാക്ക് ഉപയോഗിച്ചു. അപ്പോൾ ഒരു വിദ്യാർത്ഥി ചോദിച്ചു അതെന്താ സാറേ സംഭവം എന്ന്. പിന്നെ ഞാൻ ബാക്കി ക്ലാസ്സ് മുഴുവൻ അതിനെക്കുറിച്ച് അങ്ങ് സംസാരിച്ചു. ബാക്കി അടുത്ത ക്ലാസ്സിൽ തീർക്കാം”. ഇതായിരുന്നു ഡോ. കുഞ്ഞാമന് ക്ലാസ് റൂമുകൾ. തുറന്ന ചിന്തയുടെയും സംഭാഷണത്തിന്റെയും ഇടങ്ങൾ. ക്ലാസിലെ അദ്ദേഹത്തിൻറെ വൺ-ലൈനറുകൾ വിദ്യാർത്ഥികൾക്കിടയിൽ വളരെ പോപ്പുലർ ആയിരുന്നു.
അക്കാഡമിക് കൗൺസിലിലും ഞങ്ങൾ മൂന്നു വർഷത്തോളം ഒരുമിച്ചുണ്ടായിരുന്നു. വളരെ വ്യവസ്ഥാപിതമായ രീതികളിൽ ചർച്ചകൾ മുന്നോട്ടു പോകുമ്പോൾ ഡോ കുഞ്ഞാമൻ ഒരു പടക്കം പൊട്ടിക്കും. ഒരിക്കൽ ഒരു അധ്യാപകൻ “സോഷ്യൽ എക്സ്ക്ലൂഷൻ” എന്ന ശീർഷകമുള്ള ഒരു കോഴ്സിന്‍റെ ഘടന അവതരിപ്പിക്കുകയായിരുന്നു. കുഞ്ഞാമൻ പറഞ്ഞു: “I disagree with the very title of this course. In Indian society, Dalits and Adivasis are not socially excluded; they are socially included and then exploited”! (ഈ തലക്കെട്ടിനോട് തന്നെ എനിക്ക് വിയോജിപ്പുണ്ട്. ഇന്ത്യൻ സമൂഹത്തിൽ ദളിതരും ആദിവാസികളും സാമൂഹികമായി പുറന്തള്ളപ്പെടുകയല്ല . മറിച്ച് അവരെ സാമൂഹികമായി ഉൾപ്പെടുത്തുകയും അതിനുശേഷം ചൂഷണം ചെയ്യുകയുമാണ്).
ടിസ്സിലെ ദീർഘകാലമായ ജീവിതം അദ്ദേഹത്തെ സഹായിച്ചിരുന്നു; പൂർണ്ണമായല്ലെങ്കിലും. അദ്ദേഹത്തിൻറെ അടുത്ത കാലത്തെ ചില പരാമർശങ്ങളെ മുൻനിർത്തി അദ്ദേഹവും കേരളത്തിലെ ഇടതുപക്ഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുറെ motivated (സ്ഥാപിത താല്പര്യങ്ങൾ ഉള്ള) ആയ അഭിപ്രായങ്ങൾ വായിക്കാൻ കഴിഞ്ഞു. അതിലൊക്കെ കുറെയേറെ ശരിയും തെറ്റുമുണ്ട് എന്നാണ് എൻറെ പക്ഷം. പലരും വായിച്ചെടുക്കുന്ന ലീനിയർ ആയ ഒരു ആഖ്യാനത്തിന്റെ ഭാഗമായിരുന്നില്ല ഡോ. കുഞ്ഞാമന് അക്കാര്യങ്ങൾ. ഉദാഹരണത്തിന്, ഇഎംഎസിനെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. അതിനെക്കുറിച്ച് ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞത് എകദേശം ഇങ്ങനെ: “എ.കെ.ജി സെന്ററിലെ യോഗങ്ങളിൽ ഞാൻ പാർട്ടിയെ കഠിനമായി വിമർശിക്കും. അവസാനം ഇ.എംഎ.സ് മറുപടി പറയുമ്പോൾ അതൊരു മറുപടി മാത്രമല്ല ഒരു അടിച്ചിരുത്തലും കൂടിയാണ്. പക്ഷെ എനിക്ക് ഉള്ളിൽ സന്തോഷമാണ്. അടിച്ചിരുത്തിയെങ്കിലും ഇഎംഎസ് ആണല്ലോ നമ്മളെ അടിച്ചിരുത്തിയത്!”
ഡോ. കുഞ്ഞാമന് കേരളത്തിൽ ചില സ്ഥാനങ്ങൾ കിട്ടിയില്ല എന്നൊക്കെ ചിലർ പറയാറുണ്ട്. പക്ഷെ അദ്ദേഹം കേരളം വിടേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നില്ലെങ്കിൽ ഇപ്പറയുന്ന സ്ഥാനങ്ങളിൽ പലതും അദ്ദേഹത്തെ തേടിയെത്തിയേനെ. അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിരുന്ന രണ്ട് സന്ദർഭങ്ങൾ ഓർമ്മ വരുന്നു. ഈ രണ്ടിന്റെയും വാസ്തവം എന്തെന്ന് എനിക്കിന്നും അറിയില്ല. എങ്കിലും അദ്ദേഹം തന്നെ എന്നോട് പറഞ്ഞ രൂപത്തിലാണ് ഞാൻ ഇവിടെ എഴുതുന്നത്.
ഒന്ന്, ചില ദളിത് സംഘടനകളുടെ നേതാക്കൾ പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനെ കാണാൻ പോയത്രെ. ചില പേരുകൾ അദ്ദേഹത്തെ ഏൽപ്പിക്കുകയും അതിൽ ഉൾപ്പെട്ടിട്ടുള്ളവരെ സർവകലാശാലകളിലെ വിസിമാരായി പരിഗണിക്കണം എന്നുമായിരുന്നു അവരുടെ അഭ്യർത്ഥന. അതിൽ ഡോ. കുഞ്ഞാമന്റെ പേര് അവർ പരാമർശിച്ചപ്പോൾ പിണറായി പറഞ്ഞുവത്രെ: “കുഞ്ഞാമൻ നിങ്ങളുടെ ആളല്ലല്ലോ, ഞങ്ങളുടെ ആളല്ലേ!” ഈ വിവരം പിന്നീട് അറിഞ്ഞ താൻ വളരെ അഭിമാനിതനായി എന്ന് അദ്ദേഹം പറഞ്ഞു. തന്നെ പാർട്ടിയുടെ ഭാഗമായിട്ടാണ് പിണറായി കണ്ടത് എന്നത് അദ്ദേഹത്തിൽ ഉണ്ടാക്കിയ സന്തോഷം ചെറുതായിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്.
രണ്ട്, താൻ കേരളം വിടുന്നു എന്ന വിവരം അറിയിക്കാൻ മുഖ്യമന്ത്രിയായിരുന്ന വിഎസിനെ കാണാൻ ഡോ കുഞ്ഞാമൻ എത്തി. സ്വതസിദ്ധമായ ശൈലിയിൽ വിഎസ് ചോദിച്ചുവത്രെ: “ഈ ടാറ്റയിൽ ഒക്കെ പോയി പണിയെടുക്കണോ? ഇവിടെ നിന്നാൽ പോരെ? നിങ്ങൾക്ക് ഇവിടെ തന്നെ വലിയ സംഭാവനകൾ ചെയ്യാൻ കഴിയും” (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് എന്നാൽ ടാറ്റ കമ്പനിയാണ് എന്നായിരുന്നു വിഎസ് കരുതിയത്!). വിഎസ് ഉദ്ദേശിച്ചത് എന്താണ് എന്ന് തനിക്ക് മനസ്സിലായെന്നും പക്ഷെ കേരളം വിടുന്നതാണ് തനിക്ക് നല്ലത് എന്ന് അദ്ദേഹത്തോട് പറഞ്ഞു പോന്നുവെന്നും ഡോ കുഞ്ഞാമൻ ഒരിക്കൽ ഓർത്തെടുത്തിരുന്നു. ഇത് രണ്ടിൽ നിന്നും ഞാൻ വായിച്ചെടുത്തത് കേരളത്തിൽ തന്നെ അദ്ദേഹം തുടർന്നിരുന്നുവെങ്കിൽ പല പ്രധാന സ്ഥാനങ്ങളിലേക്കും അദ്ദേഹം നിയോഗിക്കപ്പെട്ടേനെ എന്നാണ്. അത് അദ്ദേഹത്തിനും നല്ല ബോധ്യമുണ്ടായിരുന്നു. അതേ സമയം, ആ വിഷയങ്ങളിൽ നിരാശപ്പെടാനും അദ്ദേഹം മുതിർന്നില്ല. അങ്ങനെയായിരുന്നു അദ്ദേഹം.
കേരളത്തിലേക്ക് മടങ്ങി വന്നതിനു ശേഷം ഡോ. കുഞ്ഞാമൻ്റെ പല അഭിപ്രായങ്ങളും പല രീതിയിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് എന്നത് വാസ്തവമാണ്. അതിനെക്കുറിച്ച് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ ദൗർഭാഗ്യവശാൽ എനിക്ക് അവസരങ്ങൾ ഉണ്ടായില്ല. പക്ഷേ അത്തരം പരാമർശങ്ങളും അദ്ദേഹവും പാർട്ടിയും തമ്മിൽ നടന്ന സൗഹാർദ്ദപൂർണവും പരസ്പര ബഹുമാനത്തിൽ ഊന്നിയതുമായ സംവാദങ്ങളുടെ ഭാഗമാണ് എന്ന് കരുതാനാണ് എനിക്ക് ആഗ്രഹം. അദ്ദേഹത്തിൻറെ മരണവാർത്ത അറിഞ്ഞതിനു ശേഷം മുഖ്യമന്ത്രിയും എം.വി ഗോവിന്ദൻ മാസ്റ്ററും പുറപ്പെടുവിച്ച പ്രസ്താവനകൾ ശ്രദ്ധേയമാണ്. മൗലികമായ ധാരണകളും അഭിപ്രായങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ കുഞ്ഞാമന് കേരളത്തിന്റെ വികസന കാര്യത്തിൽ സ്വന്തമായ കാഴ്ചപ്പാടുണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. ജീവിതാനുഭവങ്ങളുടെ കനൽപ്പാതകളെ നിശ്‌ചയദാർഡ്യത്തോടെ മറികടന്ന് അക്കാദമിക് പാണ്ഡിത്യത്തിന്റെ അപാരത കണ്ട സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ഡോ കുഞ്ഞാമനെന്നാണ് ഗോവിന്ദൻ മാസ്റ്റർ എഴുതിയത്. അദ്ദേഹത്തിൻറെ അടുത്ത കാലത്തെ പല പരാമർശങ്ങളോടും ഇവർ എടുത്ത സമീപനം ശത്രുതാപരമായിരുന്നില്ല എന്നത് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ.
കേരളത്തിലെ ഭൂപരിഷ്കരണത്തിന് ശേഷമുള്ള സാഹചര്യത്തെ കുറിച്ച് ഡോ. കുഞ്ഞാമൻ 1996ലെ ഇന്ത്യ ടുഡേയിൽ എഴുതിയ ഒരു ലേഖനം എം. ജി. രാധാകൃഷ്ണൻ പങ്കു വച്ചിരുന്നത് കാണാനിടയായി.
അദ്ദേഹത്തെ കുറിച്ച് ഒട്ടേറെ കാര്യങ്ങൾ ഇനിയും എഴുതാൻ കഴിയും. മറ്റൊരിക്കലാവാം. അദ്ദേഹത്തിൻറെ ഉജ്ജ്വലമായ ജീവിത സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കട്ടെ. അടുത്തറിഞ്ഞ ഈ ധിഷണാശാലിയുടെ വിയോഗത്തിൽ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളോട് അനുശോചനവും അറിയിക്കട്ടെ.
വിട, ഡോ. കുഞ്ഞാമൻ. ആ മറ്റൊരു ലോകത്തിലും താങ്കൾക്ക് “എതിര്” നിൽക്കാൻ, സംവദിക്കാൻ, ഒരു adversary ഉണ്ടാവട്ടെ.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.