A Unique Multilingual Media Platform

The AIDEM

Articles Caste Kerala Society

കുഞ്ഞാമൻ സാർ വിടവാങ്ങുമ്പോൾ

  • December 4, 2023
  • 1 min read
കുഞ്ഞാമൻ സാർ വിടവാങ്ങുമ്പോൾ

ഒറ്റ വാചകത്തിലാണ് കുഞ്ഞാമൻ സാർ തന്റെ ജീവിതത്തെ നിർവചിക്കുന്നത്  “എതിര്: ചെറോണയുടെയും അയ്യപ്പന്റേയും മകന്റെ ജീവിത സമരം”.

കേരള സർവകലാശാലയിലെ സാമ്പത്തിക കാര്യവിഭാഗത്തിൽ പ്രൊഫസർ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗം, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (TISS) പ്രൊഫസർ എന്നിങ്ങനെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമുന്നത പദവികൾ വഹിക്കുമ്പോഴും സ്വന്തം ജീവിതാവസ്ഥയുടെ തീവ്രത അദ്ദേഹത്തെ വിട്ടുമാറിയില്ല.

ഡോ. എം. കുഞ്ഞാമൻ

ജീവിതകഥയുടെ തുടക്കത്തിൽ ആദ്യത്തെ പാരഗ്രാഫിൽ തന്നെ അദ്ദേഹമിത് വിവരിക്കുന്നു: “ഇരുട്ട് നിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛൻ അയ്യപ്പൻ. അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛൻ കന്നുപൂട്ടാൻ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്ന് മറ്റൊന്നിനെ ഊട്ടി വളർത്തി.”

ഒരൊറ്റ മണ്ണെണ്ണ വിളക്ക് മാത്രമുള്ള ഒരു ചാളയിലാണ് ജീവിതം. പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ അമ്മ വിളക്കെടുത്തു അടുക്കളയിലേക്കു പോകും.

അതോടെ ലോകം ഒരു ഇരുട്ടായി തന്നെ ചുറ്റിവരിയും എന്നാണു കുഞ്ഞാമൻ സാർ എഴുതുന്നത്.

ജന്മിമാരുടെ വീട്ടിൽ തൊടിയിൽ മണ്ണ് കുഴിച്ചു ഇലയിട്ട് അതിൽ തരുന്ന കഞ്ഞി കുടിച്ചും സദ്യ കഴിഞ്ഞു വരുന്ന എച്ചിൽ തിന്നുമാണ് വളർന്നത്.

ഓംപ്രകാശ് വാല്മീകിയുടെ ജൂഠൻ എന്ന പേരിലുള്ള ആത്മകഥയുണ്ട്. എച്ചിൽ തിന്നു ജീവിക്കുന്ന ഒരു സമുദായത്തിന്റെ കഥയാണ്. കേരളത്തിലും അത്തരം ജാതിസമൂഹങ്ങൾ ഉണ്ടായിരുന്നു എന്ന് എത്ര പേർക്കറിയാം.

സ്കൂളിൽ ചില അധ്യാപകർ പേരല്ല വിളിക്കുക… പാണൻ എന്ന ജാതിപ്പേരാണ്.

“സാർ എന്നെ കുഞ്ഞാമൻ എന്ന് വിളിക്കണം, ജാതിപ്പേര് വിളിക്കരുത്” എന്ന് പറഞ്ഞപ്പോൾ മറുപടിയായി കിട്ടിയത് ചെകിട്ടത്തു ആഞ്ഞു ഒരടിയാണ്.

ഈ അടിയും മണ്ണെണ്ണ വിളക്കിന്റെ ഇരുട്ടും ഇപ്പോഴും കുഞ്ഞാമൻ സാറിന്റെ ഓർമകളിൽ നിന്നും മാഞ്ഞു പോയിട്ടില്ല… അതുകൊണ്ടു തന്നെ ചെറിയ ക്‌ളാസ്സുകളിൽ എന്നെ ജാതിപ്പേര് വിളിക്കരുത് എന്ന് പറഞ്ഞ അതെ ശക്തിയിലാണ് ഇപ്പോഴും അദ്ദേഹം സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കുന്നത്.

“ജീവിതത്തിൽ എനിക്കിപ്പോഴും സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയുന്നില്ല” കുഞ്ഞാമൻ സാർ പറയുന്നു. “തലച്ചോറല്ല, വയറാണ് ശരീരത്തിലെ പ്രധാന അവയവം. അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കാത്തവന് അഭിമാനം എന്നൊന്നില്ല.”

ഡോ. എം. കുഞ്ഞാമൻ്റെ ആത്മകഥ “എതിര്”/DC Books

എതിര് എന്നാണു തന്റെ ആത്മകഥക്ക് കുഞ്ഞാമൻ സാർ ഇട്ട പേര്. തന്റെ ജീവിതത്തിലാകെ അദ്ദേഹം അത് പ്രാവർത്തികമാക്കി.

എം.എക്ക് ഒന്നാം റാങ്കോടെയാണ് അദ്ദേഹം ജയിച്ചത്… പ്രശസ്തമായ സി.ഡി.എസിലാണ് തുടർ പഠനം… അന്ന് അതി ശക്തനായ കെ.എൻ രാജിനോട് പോലും ശബ്ദമുയർത്തി സംസാരിക്കാൻ അദ്ദേഹത്തിന് മടിയുണ്ടായില്ല.

“താങ്കൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നെങ്കിൽ ഒരു നോബൽ സമ്മാന ജേതാവായേനെ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട്.” കുഞ്ഞാമൻ സാർ കെ.എൻ രാജിനോട് ഒരിക്കൽ പറഞ്ഞു. എങ്കിലും അവസാന കാലം വരെ തന്നോട് ഏറെ സ്നേഹമായിരുന്നു രാജിനെന്നു കുഞ്ഞാമൻ സാർ ഓർക്കുന്നു.

തുടക്ക കാലത്തു കുറച്ചൊക്കെ ആഭിമുഖ്യം പുലർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടികളെ അദ്ദേഹം നിരന്തരമായി ചോദ്യം ചെയ്തു…

“കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന് എന്ന മുദ്രാവാക്യവുമായാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയതെങ്കിലും ഞങ്ങൾക്കൊന്നും ഭൂമി കിട്ടിയില്ല… അടിസ്ഥാന മാറ്റമുണ്ടാക്കാതെ വൈകാരിക മുദ്രാവാക്യമാണ് പാർട്ടി ഉയർത്തിയത്… എന്റെ അച്ഛനെപ്പോലൊരാളുടെ ജീവിതം മുമ്പത്തെപ്പോലെ തന്നെ തുടർന്നു, മാറ്റമില്ലാതെ. മേലാളന്മാർക്കു വിധേയപ്പെട്ടും അവരുടെ അടിമകളായും.” കുഞ്ഞാമൻ സാർ എഴുതുന്നു.

എ.കെ.ജി സെന്ററിലെ സെമിനാറുകളിൽ ഇ.എം.എസ്സിനെ നേരിട്ട് വിമർശിക്കുമായിരുന്നു താൻ എന്ന് കുഞ്ഞാമൻ സാർ എഴുതുന്നുണ്ട്. ഒരിക്കൽ അത്തരമൊരു സെമിനാറിൽ നിശ്ശബ്ദനായിരുന്ന അദ്ദേഹത്തോട്, “വിമർശിക്കണം. വിമർശനത്തിലൂടെ ആണ് മാർക്സിസം വളരുന്നത്. എന്നെയും വിമർശിക്കണം. വിമർശിക്കപ്പെടാതിരിക്കാൻ ഞാൻ ദൈവമല്ല.” എന്ന് നേരിട്ട് പറഞ്ഞ ഇ.എം.എസ്സാണ് തന്റെ ശരിയായ അദ്ധ്യാപകൻ എന്നും ഒരിടത്തു കുഞ്ഞാമൻ സാർ സൂചിപ്പിക്കുന്നുണ്ട്.

ഇ.എം.എസ് നമ്പൂതിരിപ്പാട്

അധ്യാപകൻ എന്ന നിലയിലും ഗവേഷകൻ എന്ന നിലയിലും വ്യത്യസ്തമായ ധാരാളം ചിന്താരീതികളെ നിരന്തരമായി പിന്തുടരുന്ന ഒരു സമീപനം ആത്മകഥാപരമായ ഈ ചെറിയ പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

സാമൂഹിക ശാസ്ത്ര ഗവേഷകൻ എന്ന നിലയിലും ഏറെ വ്യത്യസ്തമായ സമീപനമാണ് കുഞ്ഞാമൻ സാർ അവതരിപ്പിക്കുന്നത്.

“ഇത്തരം ഗവേഷണങ്ങൾ നടക്കുന്നത് നമ്മുടെ മുന്നിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. സാമൂഹിക പ്രക്രിയ സദാ ചലനാത്മകമായതിനാൽ ഈ വസ്തുതകൾ വച്ച് നാളെ മറ്റൊരാൾക്ക് മറ്റൊരു നിഗമനത്തിൽ എത്തിച്ചേരാൻ കഴിയും. ഇവിടെ തെറ്റും ശരിയും ഇല്ല.”

A wrong idea is not a bad idea എന്നും കുഞ്ഞാമൻ സാർ പറയുന്നു.

കുഞ്ഞാമൻ സാറിന്റെ ആത്മകഥ വായിച്ചപ്പോൾ കേരള സമൂഹത്തിന്റെ സങ്കീർണതകളെക്കുറിച്ചു ഞാൻ ചിന്തിച്ചു പോയി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടത്തിലാണ് അദ്ദേഹം ജനിക്കുന്നത്. ഉയർന്ന ജാതിക്കാർ മൃഗങ്ങളെപ്പോലെ കരുതുന്ന ഒരു ജാതിയിലാണ് പിറന്നത്. തന്റെ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ സമൂഹം തന്നോട് പെരുമാറിയ രീതി അദ്ദേഹം ഒരിക്കലും മറന്നില്ല. അതിനു കാരണക്കാരായവർക്ക് ഒരിക്കലും മാപ്പു കൊടുത്തില്ല. കാലമിത്ര കഴിഞ്ഞിട്ടും കേരള സമൂഹത്തിലെ ദളിത് ജീവിതം ഇപ്പോഴും പാർശ്വവൽകൃതരായി തുടരുന്നുവെന്ന യാഥാർഥ്യം അദ്ദേഹം ചൂണ്ടിക്കാട്ടിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ മറ്റു സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാമൂഹിക നീതി കൈവരിക്കുന്നതിൽ കേരളം ഒരല്പം മുന്നോട്ട് പോയിട്ടുണ്ടാവാം. എന്നാൽ ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ടവർ അവിടെത്തന്നെ നിൽക്കുന്നുവെങ്കിൽ ഒരു സമൂഹം എന്ന നിലയിൽ നാം പരാജയപ്പെട്ടിരിക്കുന്നു.

ഈ പരാജയത്തിന്റെ കാരണമാണ് കുഞ്ഞാമൻ സാർ തന്റെ ആത്മകഥയിലൂടെ വിവരിക്കുന്നത്.

ഒരു ഘട്ടം കഴിഞ്ഞാൽ സ്വന്തം കഥ പറയുന്നത് നിർത്തി സാമൂഹിക അപഗ്രഥനത്തിലേക്കു കടക്കുകയാണ് ഈ പുസ്തകം.

ഡോ. എം. കുഞ്ഞാമൻ

കേരളത്തിൽ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഭൂപരിഷ്കരണത്തെക്കുറിച്ചു ഒരു മുഴുവൻ അധ്യായം തന്നെയുണ്ട്. സംവരണത്തിന്റെ സങ്കീർണതകൾ പരിശോധിക്കുന്ന മറ്റൊരധ്യായം.

അംബേദ്‌കർ ചിന്താ പദ്ധതി രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാക്കിയ ഒരു റാഡിക്കൽ ദളിത് ഇന്റലിജൻഷ്യ ഇന്ത്യയിൽ രൂപപ്പെട്ടു വരുന്നുവെന്നും രോഹിത് വെമുലയുടെ ആത്മഹത്യക്കു ശേഷം യുവാക്കൾ ഈ രംഗത്തു ഏറെ മുന്നോട്ടു പോയെന്നും തുൾജാപ്പൂർ ക്യാമ്പസ് ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

“പുതിയ തലമുറ കുറേക്കൂടി നിർഭയരും ആത്മവിശ്വാസമുള്ളവരും ആണ്.” എന്ന് കുഞ്ഞാമൻ സാർ പറയുമ്പോൾ സ്വതന്ത്ര ബുദ്ധിയായ ഒരു അധ്യാപകനെയാണ് നാം കാണുന്നത്.

ഇതോടൊപ്പം ദളിത് സമൂഹത്തിൽ നിന്ന് അതിശക്തമായ ഒരു ക്യാപിറ്റലിസ്റ് ക്ലാസ് ഉയർന്നു വരുന്നതും പ്രശ്നപരിഹാരത്തിനുള്ള ഒരു മാർഗമായി അദ്ദേഹം കാണുന്നുണ്ട്.

ഇതൊക്കെ മുഖ്യധാരാ ദളിത് ചിന്തകരിൽ നിന്ന് കുറച്ചൊക്കെ വേറിട്ട് നിൽക്കുന്ന ചിന്തകളാണ്. നമുക്കവയോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ കേരള സമൂഹം വ്യാപകമായി വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ട ഒരു ആത്മകഥയാണിത്.

കാരണം ഇത് ഒരു വ്യക്തിയുടെ മാത്രം കഥയല്ല… ഒരു സമൂഹത്തിന്റെ ജീവചരിത്രമാണ്.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

ജി. സാജൻ

അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക നിരീക്ഷകനും. ദീർഘകാലം തിരുവനന്തപുരം ദൂരദർശനിൽ കാർഷിക വിഭാഗത്തിന്റെ പ്രൊഡ്യൂസർ ആയിരുന്ന ജി സാജൻ വികസനോന്മുഖ മാധ്യമ രംഗത്തു് നിർണായകമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ‘നൂറുമേനിയുടെ കൊയ്ത്തുകാർ’ എന്ന പരമ്പര കാർഷിക പരിപാടികളിൽ പുതിയ പാത തുറന്നു. കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനെ തിരഞ്ഞെടുക്കാനുള്ള സോഷ്യൽ റിയാലിറ്റി ഷോ ആയ ‘ഗ്രീൻ കേരള എക്സ്പ്രസ്’ ഏറ്റവും നല്ല കുടുംബശ്രീ യൂണിറ്റിനെ തിരഞ്ഞെടുക്കാനുള്ള ‘ഇനി ഞങ്ങൾ പറയാം’ ഇന്ത്യയിലെ ഏറ്റവും നല്ല വനിതാ കർഷകയെ കണ്ടെത്താനുള്ള ദേശീയ റിയാലിറ്റി ഷോ എന്നിവയുടെയെല്ലാം പ്രൊഡ്യൂസർ ആയിരുന്നു. ദൂരദർശന്റെ ബാംഗ്ളൂർ, ഷില്ലോങ്, പോർട്ട് ബ്ളയർ, ഡൽഹി കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശന്റെ പ്രോഗ്രാം മേധാവിയായി വിരമിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ എഡിറ്റോറിയൽ അംഗം ആണ്.