ലോട്ടറി വ്യാപാരമാണ് നീറ്റ്
നീറ്റിനെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ കെ രാജൻ കമ്മിറ്റിയിലെ അംഗവും മുൻ വൈസ് ചാൻസലറുമായ പ്രഫ. എൽ ജവഹർ നേസനുമായി ദി ഐഡം മാനേജിംഗ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ നടത്തിയ അഭിമുഖത്തിൻ്റെ മലയാളം പരിഭാഷ.
വെങ്കിടേഷ് രാമകൃഷ്ണൻ: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ സംബന്ധിച്ച് സംഘർഷഭരിതമായ ഘട്ടത്തിലാണ് നാമുള്ളത്. നീറ്റ് പോലുള്ള എൻട്രൻസ് പരീക്ഷകളുടെ കാര്യത്തിൽ വിശഷിച്ചും. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആദ്യഘട്ടത്തിൽ പ്രതികരിച്ചത്, നീറ്റിൽ നിസ്സാരമായ ചില പാകപ്പിഴകൾ സംഭവിച്ചിട്ടേയുള്ളൂ, അഴിമതിയൊന്നും നടന്നിട്ടില്ലെന്നായിരുന്നു. പിന്നീട് അന്വേഷണം നടക്കുകയും അഴിമതി സംബന്ധിച്ച് സൂചന ലഭിക്കുകയും ദേശീയ ടെസ്റ്റിംഗ് ഏജൻസി മേധാവിയെ ചുമതലയിൽ നിന്നു മാറ്റുകയുമുണ്ടായി.
നീറ്റിലെ പിഴവുകൾ ആദ്യമായി ഗൗരവത്തോടെ ഉന്നയിച്ച ഏക ഇന്ത്യൻ സംസ്ഥാനം തമിഴ്നാട് ആണ്. തമിഴ്നാട് സർക്കാർ വർഷങ്ങളായി ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്.
ഡി എം കെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ നീറ്റ് വിഷയം പരിശോധിക്കാൻ ജസ്റ്റിസ് എ കെ രാജൻ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി 2022ൽ റിപ്പോർട്ട് സമർപ്പിച്ചു. നീറ്റ് റദ്ദാക്കണമെന്ന ആവശ്യമാണ് അതീവ ഗൗരവത്തോടെ ജസ്റ്റിസ് രാജൻ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവച്ചത്. ആ സമിതിയിൽ അംഗവും മുൻ വൈസ് ചാൻസലറുമായ പ്രഫ. എൽ ജവഹർ നേസൻ ദി ഐഡവും രിസാല അപ്ഡേറ്റുമായി സംസാരിക്കുകയാണ്.
ജസ്റ്റിസ് എ കെ രാജൻ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് താങ്കൾ. കുട്ടികൾ തമ്മിലുള്ള, വിശേഷിച്ച് സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന വിദ്യാർഥികളും അല്ലാത്തവരുമായുള്ള വിവേചനം കൂടുതൽ വഷളാക്കാൻ മാത്രമേ നീറ്റ് ഉപകരിക്കൂ എന്നായിരുന്നു ജ. രാജൻ കമ്മിറ്റിയുടെ പ്രധാന കണ്ടെത്തൽ. കുട്ടികളുടെ മെറിറ്റ് പരിശോധിക്കാൻ പ്ലസ്ടു മാർക്ക് മാത്രമല്ല പരിഗണിക്കുന്നത്.
ദേശീയതലത്തിൽ ഒരു ഏകീകൃത പരീക്ഷ വേണം എന്നതായിരുന്നു നീറ്റ് മുന്നോട്ടുവച്ച ലക്ഷ്യങ്ങളിൽ മുഖ്യം. ഈ വാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.
പ്രഫ. ജവഹർ നേസൻ: മെഡിക്കൽ എൻട്രൻസ് പരീക്ഷ പരിശോധിച്ച പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 92-ാമത്തെ റിപ്പോർട്ട്, ഇത്തരം പരീക്ഷകൾ പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ശിപാർശ ചെയ്യുകയായിരുന്നു. മെഡിക്കൽ പ്രവേശനത്തിന് ദേശീയ തലത്തിൽ പൊതുപരീക്ഷ നടത്തണമെന്നായിരുന്നു കമ്മിറ്റി ശിപാർശയുടെ കാമ്പ്. മെഡിക്കൽ വിദ്യാഭ്യാസ രംഗം വാണിജ്യവത്കരിക്കപ്പെടുന്നത് തടയുക എന്നതായിരുന്നു അതു മുന്നോട്ടുവെച്ച വലിയ ലക്ഷ്യം.
ദേശീയ യോഗ്യതാ- പ്രവേശന പരീക്ഷയിലൂടെ (നീറ്റ്) കമ്മിറ്റി മുന്നോട്ടുവെച്ച ലക്ഷ്യം മെഡിക്കൽ രംഗത്തുണ്ടായ വാണിജ്യവത്കരണം പിഴുതെറിയുക എന്നതായിരുന്നു. പക്ഷേ യഥാർഥത്തിൽ സംഭവിച്ചത് നേരെ മറിച്ചാണ്. നീറ്റിനു മുമ്പ് കച്ചവട സാധ്യതയുണ്ടായിരുന്നത് കാപിറ്റേഷൻ ഫീ എന്ന നിലയിൽ മാത്രമായിരുന്നു. തമിഴ്നാട്ടിൽ അത് പ്രതിവർഷം 5 – 7 ലക്ഷം ആയിരുന്നു. പക്ഷേ ഇപ്പോൾ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത് മുപ്പത് ലക്ഷത്തോളം രൂപയാണ്. പ്രതിവർഷം ചുരുങ്ങിയത് 25 ലക്ഷം ഫീ ആയി വാങ്ങുന്നുണ്ട്. അപ്പോൾ, മെഡിക്കൽ വിദ്യാഭ്യാസ രംഗം കച്ചവടമുക്തമാക്കുക എന്ന ലക്ഷ്യം നീറ്റ് പ്രാബല്യത്തിൽ വന്ന ശേഷം സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല കച്ചവടം തകൃതിയായി നടക്കുകയാണ്.
ഇപ്പോൾ മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഇരിക്കണമെങ്കിൽ ഒരു വിദ്യാർഥി ചുരുങ്ങിയത് പത്തു ലക്ഷം രൂപ ചെലവിടേണ്ടിവരുന്നുണ്ട്. ഞങ്ങൾ സമർപ്പിച്ച റിപ്പോർട്ടു പ്രകാരം, 71 ശതമാനം കുട്ടികളും മെഡിക്കൽ പ്രവേശന പരീക്ഷക്ക് (നീറ്റ്) ഒന്നിലധികം തവണ ഹാജരാകേണ്ടിവരുന്നുണ്ട്. രണ്ടും മൂന്നും തവണ റിപ്പീറ്റ് ചെയ്ത ശേഷമാണ് അവർ യോഗ്യത നേടുന്നത്. കൂടുതൽ പേരും രണ്ടാമത്തെയോ മൂന്നാമത്തെയോ ശ്രമത്തിലാണ് യോഗ്യത നേടുന്നത്. ഓരോ വർഷവും അഞ്ചു മുതൽ പത്തു ലക്ഷം രൂപ വരെ കുട്ടികൾ ഇതിനായി ചെലവഴിക്കുന്നു എന്ന് റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. അപ്പോൾ ഏറ്റവും ചുരുങ്ങിയത് ശരാശരി, പത്തു ലക്ഷം രൂപ മെഡിക്കൽ എൻട്രൻസ് പരീക്ഷക്കിരിക്കാൻ വേണ്ടി മാത്രം ഒരു കുട്ടിക്ക് ചെലവഴിക്കേണ്ടിവരുന്നു. ഈ മേഖലയിൽ രാജ്യത്ത് ശക്തിപ്പെട്ട അശുഭകരമായ കോച്ചിംഗ് റാക്കറ്റ് കുട്ടികളിൽ നിന്ന് ലക്ഷങ്ങളാണ് ഊറ്റിയെടുക്കുന്നത്. മെഡിക്കൽ പരീക്ഷ, നീറ്റ് ആവിഷ്കരിച്ച ശേഷം പതിന്മടങ്ങ് കച്ചവടവത്കരിക്കപ്പെട്ടിരിക്കയാണെന്നു ചുരുക്കം. പരിശീലന ചെലവ് ഇരട്ടിയിലേറെ വർധിച്ചതിനു പുറമെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 25-30 ലക്ഷം രൂപ ഓരോ വർഷവും ഫീ ആയി നൽകേണ്ടി വരുന്നു. രാജ്യത്ത് ശരാശരി ഒരു ലക്ഷം മെഡിക്കൽ സീറ്റുകളിൽ അമ്പതു ശതമാനം സ്വകാര്യ ക്വാട്ടയിൽ വരുന്ന സീറ്റുകളാണ്. അമ്പതിനായിരം സീറ്റുകളിൽ നിന്ന് മിനിമം 25 ലക്ഷം രൂപ ഈടാക്കുമ്പോൾ വരുന്ന സംഖ്യ എത്രയാകുമെന്ന് നമുക്കു കണക്കു കൂട്ടി നോക്കാവുന്നതാണ്. അതുകൊണ്ടു നീറ്റ് പരീക്ഷയുടെ അടിസ്ഥാന ലക്ഷ്യം തന്നെ തകിടം മറിഞ്ഞിരിക്കുന്നു.
രണ്ടാമത്തെ കാര്യം, നീറ്റ് അക്കാദമിക പരീക്ഷയാണോ അതോ മത്സര പരീക്ഷയാണോ എന്നതാണ്. തീർച്ചയായും അത് അക്കാദമിക പരീക്ഷയാകണം. അപ്പോൾ മാത്രമേ കുട്ടികളെ അക്കാദമികമായി റിക്രൂട്ട് ചെയ്യാൻ കഴിയൂ. എന്നാൽ, നീറ്റ് പരീക്ഷ ഡിസൈൻ ചെയ്തിരിക്കുന്നത് പൂർണമായി മത്സര പരീക്ഷയുടെ നിലവാരത്തിൽ മാത്രമാണ്. കുട്ടികളുടെ അക്കാദമിക നിലവാരം അളക്കാൻ നീറ്റ് തീരെ പര്യാപ്തമല്ല.
നീറ്റിനെ സാറ്റുമായി (സ്കൊളാറ്റിക് അസെസ്മെന്റ് ടെസ്റ്റ്) താരതമ്യം ചെയ്യുന്നത് സംഗതമായിരിക്കും. അത് കുട്ടികളുടെ അറിവ് പരിശോധിക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. നീറ്റിലേതുപൊലെ നൽകിയിട്ടുള്ള നാല് ഉത്തരങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുന്ന തരത്തിൽ ലളിതമല്ല ചോദ്യങ്ങൾ. സാറ്റിൽ, ഒരാൾ ശരിയായി വർക്കൗട്ട് ചെയ്താലേ ശരിയായ ഉത്തരങ്ങൾ എഴുതാൻ കഴിയൂ. സാറ്റിന്റെ നൂറു വർഷത്തെ ചരിത്രം പരിശോധിച്ചാൽ, ഈ പരീക്ഷ നിരന്തരം അവലോകനം ചെയ്ത് തിരുത്തലുകൾ വരുത്തി, പോരായ്മകൾ നികത്തി പരിഷ്കരിക്കപ്പെട്ടുകൊണ്ടേയിരിക്കയാണ് എന്നു വ്യക്തമാകും.
നീറ്റ് ഏർപ്പെടുത്തി പത്തു വർഷത്തിനിടെ നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) ഒരു തവണ പോലും ദേശീയ എൻട്രൻസ് പരീക്ഷാ രീതി വിലയിരുത്തുകയോ അവലോകനം ചെയ്യുകയോ തിരുത്തൽ വരുത്തുകയോ ക്രമക്കേടുകളെ കുറിച്ച് പരിശോധിക്കുകയോ ചെയ്തിട്ടില്ല. അതിന്റെ അക്കാദമിക സാധുത, സാമൂഹിക സാധുത, മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള പ്രാമാണികത എന്നിവ എൻ ടി എ ഇതുവരെ പരിശോധിച്ചിട്ടുണ്ടോ? ഈ ദിശയിൽ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല. തമിഴ്നാട് സർക്കാർ മാത്രമാണ് ഈ വിഷയത്തെ കുറിച്ചു പഠിക്കാൻ ഒരു ഉന്നത കമ്മിറ്റിക്ക് രൂപം നൽകിയത്.
തമിഴ്നാട് സർക്കാർ രൂപീകരിച്ച കമ്മിറ്റിയിൽ, ഡാറ്റ ശേഖരിക്കുന്നതിലും വിവരങ്ങൾ അവലോകനം ചെയ്യുന്നതിലും റിപ്പോർട്ട് തയ്യാറാക്കുന്നതിലും നിർണായക ഉത്തരവാദിത്തം നിർവഹിച്ചയാൾ എന്ന നിലയിൽ, നീറ്റ് വിഷയത്തിൽ രണ്ടു മാനങ്ങളുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഒന്ന്, നീറ്റ് വിദ്യാർഥികളുടെ അക്കാദമിക കഴിവോ അറിവോ പരിശോധിക്കാൻ പര്യാപ്തമല്ല. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം മെഡിക്കൽ പ്രവേശനത്തിന് വിവിധ പരീക്ഷകളുണ്ട്. അവിടെയൊന്നും പ്രവേശനപരീക്ഷയുടെ മാർക്ക് മാത്രമല്ല പഗിണിക്കുന്നത്. ഹയർ സെക്കൻഡറി ഉൾപ്പെടെ വിവിധ തലങ്ങളിലെ അഭിരുചികളും അറിവും കണക്കിലെടുക്കുന്നുണ്ട്. മെഡിക്കൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ അഭിരുചി ഇവിടെ നിർണായക ഘടകമാണ്. വിദ്യാർഥികളെ സമഗ്രമായി മൂല്യനിർണയം നടത്തേണ്ടതുണ്ട്. എന്നാൽ നമ്മൾ പരീക്ഷ വിജയിക്കുക എന്ന ഒരൊറ്റ ഘടകത്തിനു മാത്രമാണ് ഊന്നൽ നൽകിയിട്ടുള്ളത്. അത് പരമാബദ്ധമാണ്.
അക്കാദമികമായി നീറ്റ് എന്തുകൊണ്ട് സാധുവല്ല എന്ന് ഞങ്ങളുടെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മെഡിക്കൽ പഠനരംഗത്ത് ആഗോളാടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ട കോമൺ എജ്യുക്കേഷനൽ കോഡ് മാനദണ്ഡങ്ങളൊന്നും നീറ്റ് പരിഗണിച്ചിട്ടില്ല. യു എസിൽ 50 സംസ്ഥാന ഗവർണർമാരും കൂടിയിരുന്ന് ചർച്ച ചെയ്താണ് പൊതു വിദ്യാഭ്യാസ മാനദണ്ഡം രൂപപ്പെടുത്തിയത്. ഈ മാനദണ്ഡം പക്ഷേ, ഒരു നിയമമോ പാഠ്യപദ്ധതിയോ അല്ല. അതു പൊതുവായ നിർദേശം മാത്രമാണ്. അതാണ് ഇന്ത്യയും യു എസും തമ്മിലുള്ള പ്രധാന വ്യത്യാസം.
അതുപ്രകാരം രാജ്യത്തെ ഏതു വിദ്യാഭ്യാസ ബോർഡ് പരീക്ഷ (ദേശീയ, സംസ്ഥാന) എഴുതിയ വിദ്യാർഥികൾക്കും ഈ പൊതു മാനദണ്ഡം അനുസരിച്ച് മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കാൻ കഴിയും. അപ്പോൾ, ഹയർ സെക്കൻഡറിയിൽ ഏതു ബോർഡ് പരീക്ഷ എഴുതിയ വിദ്യാർഥിക്കും വിവേചനരഹിതമായും മുൻവിധി കൂടാതെയും മെഡിക്കൽ പ്രവേശന പരീക്ഷക്കിരിക്കാനാകും.
സാറ്റ് നടത്തുന്നത് ഗവൺമെന്റല്ലെന്നറിയുക. കോളേജ് ബോർഡ് ആണ് ഈ പ്രവേശന പരീക്ഷ നടത്തുന്നത്. ഈ സ്വകാര്യ ഏജൻസിയെ ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നത് അതിന്റെ സത്യസന്ധതയും പ്രാമാണികതയും വിവേചനരഹിതമായ രീതിയും കൊണ്ടാണ്. എന്നാൽ, ഹാവാർഡ് യൂനിവേഴ്സിറ്റി, കലിഫോർണിയ ബർക്ക്ലി യൂനിവേഴ്സിറ്റി, സ്റ്റാൻഫഡ് യൂനിവേഴ്സിറ്റി തുടങ്ങിയ വിഖ്യാത സർവകലാശാലകൾ സാറ്റിനെ നിരാകരിക്കുകയാണ്. അവർ, സമഗ്രമായ മൂല്യനിർണയത്തിലൂടെയാണ് മെഡിക്കൽ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. അവിടെ മെഡിക്കൽ പ്രവേശനവിഷയത്തിൽ വികേന്ദ്രീകൃത സമീപനമാണ് നടപ്പിലുള്ളത്.
ചൈനയിലെ പൊതുപ്രവേശന പരീക്ഷയും ദേശീയ തലത്തിലാണ് നടത്താറുള്ളതെങ്കിലും വികേന്ദ്രിത സ്വഭാവത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ പോലും സ്റ്റേറ്റുകളുടെ പങ്കാളിത്തമുണ്ട്. വിവിധ വശങ്ങൾ സമന്വയിപ്പിച്ചാണ് ചൈനയിലും പൊതുപ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾക്കു വേണ്ട വിവിധ കഴിവുകളും അഭിരുചികളും സമഗ്രമായി പരിശോധിക്കപ്പെടുന്നു.
നീറ്റ് നിരാകരിക്കാൻ രാജൻ കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുള്ള പോയിന്റുകൾ ഇവയാണ്:
ഒന്ന് മുൻവിധി. നീറ്റ് അടിസ്ഥാനമാക്കുന്നത് എൻ സി ആർ ടി സിലബസ് പ്രകാരമുള്ള സി ബി എസ് ഇ സ്കോർ ആണ്. എന്നാൽ രാജ്യത്തെ 85 ശതമാനം കുട്ടികളും സ്റ്റേറ്റ് ബോർഡ് പരീക്ഷകൾ എഴുതിയാണ് മെഡിക്കൽ പഠനത്തിനെത്തുന്നത് എന്നതാണ് വസ്തുത. അതിനർഥം വ്യത്യസ്തമായ പഠന പക്രിയയിലൂടെയാണ് നമ്മുടെ കുട്ടികൾ നീറ്റിന് എത്തുന്നത്. അപ്പോൾ, രാജ്യത്തെ ബഹുഭൂരിപക്ഷം വിദ്യാർഥികളുടെ പഠനനിലവാരം കണക്കിലെടുക്കാതെ, സി ബി എസ് ഇ സിലബസ് മാത്രം പരിഗണനയിലെടുക്കുകയാണ് നീറ്റ്. അത് ശുദ്ധമായ മുൻവിധിയും വിവേചനവുമാണ്. അതിലൊരു വരേണ്യതയുടെ പ്രശ്നം കൂടിയുണ്ട്.
രണ്ട്, നീറ്റ് കോച്ചിംഗിനെ പുഷ്ടിപ്പെടുത്തുകയും പഠനത്തെ അവഗണിക്കുകയും ചെയ്യുന്നു. അക്കാദമിക രംഗത്ത് ഏറ്റവും വേണ്ട കാര്യം പഠന പ്രക്രിയയാണ്. പ്രവേശനപരീക്ഷകൾ പഠനമികവ് പരിശോധിക്കുന്ന തരത്തിലാവണം സംഘടിപ്പിക്കേണ്ടത്. അക്കാദമിക മികവ് കണ്ടെത്തേണ്ടത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ്, കോച്ചിംഗിന്റെ അടിസ്ഥാനത്തിലല്ല. മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനത്തിന്റെ പേരിൽ രാജ്യത്ത് 1.5 ലക്ഷം കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. കോച്ചിംഗ് രംഗം പുഷ്ടിപ്പെടുമ്പോൾ പഠന രംഗം ചവിട്ടിത്താഴ്ത്തപ്പെടുകയാണ്. പഠന മികവു പരിഗണിക്കാതെ കുട്ടികളെ അസാധാരണമായ വിധത്തിലാണ് കോച്ചിംഗ് സെന്ററുകൾ പരുവപ്പെടുത്തുന്നത്. ഇത്തരം കുട്ടികൾ മെഡിക്കൽ പഠനത്തിന് യോഗ്യരല്ല തന്നെ.
വിയോജിക്കുന്ന മൂന്നാമത്തെ കാര്യം, നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷയുടെ (നീറ്റ്) നഷ്ടമായ പ്രവചനാത്മകതയാണ്. കുട്ടികളുടെ നിലവാരം മുൻകൂട്ടി നിശ്ചയിക്കാൻ കഴിയാത്ത വിധം നീറ്റ് ലക്ഷ്യം മറന്നുപോയിരിക്കുന്നു. നീറ്റ് മുന്നോട്ടുവെക്കുന്ന വാഗ്ദാനം സംബന്ധിച്ച് എൻ ടി എ ഉൾപ്പെടെ ഏതെങ്കിലും ഏജൻസി നാളിതുവരെ ഏതെങ്കിലും തരത്തിൽ പരിശോധന നടത്തിയിട്ടില്ല. അഥവാ മെഡിക്കൽ പ്രവേശനപരീക്ഷക്കിരിക്കുന്ന വിദ്യാർഥികളുടെ ഗുണനിലവാരം സംബന്ധിച്ച് ഒരു അവലോകനവും രാജ്യത്തു നടന്നിട്ടില്ല. സാറ്റ് പോലുള്ള പരീക്ഷാ ഏജൻസികൾ വർഷം തോറും കുട്ടികളുടെ പഠന നിലവാരം വിലയിരുത്താറുണ്ട്. ഈ പ്രവേശന പരീക്ഷ വഴി മെഡിക്കൽ പഠനരംഗം ആവശ്യപ്പെടുന്ന നിശ്ചിത കഴിവും അഭിരുചിയും അറിവുമുള്ള കുട്ടികളെയാണോ നാം ഓരോ വർഷവും തിരഞ്ഞെടുക്കാറുള്ളത്? നിശ്ചിത നിലവാരം മുൻകൂട്ടി കാണുന്നതിൽ നീറ്റ് സമ്പൂർണ പരാജയമാണ്.
വെങ്കിടേഷ് രാമകൃഷ്ണൻ: എന്തുതരം മാനദണ്ഡങ്ങളാണ് മെഡിക്കൽ വിദ്യാർഥികളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പുവരുത്തുന്നതു സംബന്ധിച്ച് മുന്നോട്ടുവെക്കാനുള്ളത്?
പ്രഫ. ജവഹർ നേസൻ: ബന്ധപ്പെട്ട മേഖലയിലേക്കാവശ്യമായ അറിവും കഴിവും അഭിരുചിയും വിദ്യാർഥികൾക്ക് ഉണ്ടോ എന്നു പരിശോധിച്ചു കണ്ടെത്തുന്നതിനു പ്രാപ്തമാണോ പരീക്ഷാ സ്കീമും ചോദ്യങ്ങളും എന്ന് ഏജൻസി ഉറപ്പുവരുത്തണം. മെഡിക്കൽ പഠനം ആവശ്യപ്പെടുന്ന അറിവും പ്രാപ്തിയും അഭിരുചിയും വിലയിരുത്താൻ കഴിയണം. എൻ ടി എ ഇതുവരെ അത്തരമൊരു സ്റ്റെപ്പ് എടുത്തിട്ടില്ല.
ജസ്റ്റിസ് രാജൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്, നീറ്റിന്റെ സമഗ്രമായ അക്കാദമികമായ ലക്ഷ്യം മുൻകൂട്ടി നിശ്ചയിക്കുന്നതിൽ ദേശീയ പരീക്ഷാ ഏജൻസി ഇരുട്ടിൽ തപ്പുകയാണ് എന്നാണ്. അഥവാ മെഡിക്കൽ പഠനരംഗത്തേക്കു വരുന്ന വിദ്യാർഥിയുടെ അറിവും പഠനനിലവാരവും ഗുണവും സംബന്ധിച്ച് എൻ ടി എക്ക് യാതൊരു പിടിപാടും കാഴ്ചപ്പാടുമില്ല. അതുകൊണ്ടാണ് ഈ ലക്ഷ്യം മുന്നിൽവെച്ച് വർഷം തോറും പരീക്ഷാ സംവിധാനവും ചോദ്യങ്ങളും റിവ്യു ചെയ്യണമെന്ന് തമിഴ്നാട് റിപ്പോർട്ട് നിർദേശിക്കുന്നത്.
മറ്റൊന്ന്, ദേശീയ പ്രവേശന പരീക്ഷ വൈദ്യ പഠന രംഗത്ത് സാമൂഹിക അനീതിക്ക് വഴിയൊരുക്കുന്നു എന്നതാണ്. സാമൂഹികാസമത്വത്തിന് കളമൊരുക്കുന്ന ചില മാനദണ്ഡങ്ങൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നു വരുന്നവർ, ഗ്രാമപ്രദേശങ്ങളിൽ നിന്നു വരുന്നവർ, പ്രാദേശിക ഭാഷകളിൽ പഠിക്കുന്നവർ, സർക്കാർ സ്കൂളുകളിൽ പഠിച്ചവർ, ഉയർന്ന വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത കുടുംബങ്ങളിൽ നിന്നു വരുന്നവർ എന്നിങ്ങനെ പല തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷക്കിരിക്കുന്നുണ്ട്. നീറ്റ് വരുന്നതിനു മുമ്പും ശേഷവുമുള്ള ഇവരുടെ പ്രവേശന റെക്കോഡ് പരിശോധിക്കുമ്പോൾ വിവേചനം വ്യക്തമാകും.
പത്തുവർഷത്തെ നീറ്റിന്റെ രേഖകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്, രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന കുട്ടികളോട് ഈ പ്രവേശന പരീക്ഷ സാമൂഹികമായ വിവേചനം കാണിക്കുന്നു എന്നാണ്. മെഡിക്കൽ പഠനരംഗത്തെത്തുന്നതിൽ നിന്ന് നീറ്റ് ഈ വിഭാഗങ്ങളെ തഴയുന്നുണ്ട്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളോട് നീറ്റ് ചെയ്യുന്ന ബലാത്കാരമാണ് ഇതെന്നു ഞാൻ പറയും.
വെങ്കിടേഷ് രാമകൃഷ്ണൻ: നേരത്തെ തമിഴ്നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അരികുവത്കരിക്കപ്പെട്ടവരുമായ വിദ്യാർഥികളിൽ 60 ശതമാനം മെഡിക്കൽ പഠനരംഗത്ത് എത്തിയിരുന്നുവെങ്കിൽ നീറ്റ് ഏർപ്പെടുത്തിയ ശേഷം അത് അതിശയകരമാം വിധം ഇടിഞ്ഞു എന്ന് റിപ്പോർട്ടിൽ കാണുന്നു. എന്തുതരം വീഴ്ചയാണ് താങ്കൾക്കു കാണാൻ കഴിഞ്ഞത്?
പ്രഫ. ജവഹർ നേസൻ: പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾ ഭീകരമായ തോതിൽ തഴയപ്പെട്ടിരിക്കുന്നു. സർക്കാർ സ്കൂളുകളിൽ പഠിച്ച കുട്ടികൾ ചുരുങ്ങിയ തോതിലെങ്കിലും (ഏതാണ്ട് 20 ശതമാനം) നീറ്റിനു മുമ്പ് മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയിരുന്നു. എന്നാൽ നീറ്റ് സംവിധാനം ആരംഭിച്ച ശേഷം അത് വല്ലാതെ ശുഷ്കിച്ചുപോയി. 2017ൽ അതിന്റെ ശരാശരി പൂജ്യമാണ്! അതുകൊണ്ടാണ് സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് 7.5 ശതമാനം സംവരണം ഏർപ്പടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. സാമ്പത്തികമോ പ്രാദേശികമോ മതപരമോ ആയ ഏതു പശ്ചാത്തലത്തിൽ നിന്നു വരുന്ന വിദ്യാർഥികളെയും ആകർഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസത്തിനു കഴിയണമെന്നാണ് ദി വേൾഡ് മെഡിക്കൽ എജ്യുക്കേഷൻ ഫെഡറേഷൻ നിർദേശിക്കുന്നത്. നീറ്റ് ഏർപ്പെടുത്തിയ ശേഷം, മെഡിക്കൽ പ്രവേശനം നേടുന്ന ഗ്രാമീണ മേഖലകളിലെ വിദ്യാർഥികളിൽ 12 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ മുന്നിൽ തമിഴ്/ മലയാളം വിദ്യാർഥികൾ പിന്തളളപ്പെടുന്നു. നീറ്റ് കൊണ്ടുവരുന്നതിനു മുമ്പ് സി ബി എസ് ഇ വിദ്യാർഥികൾ പത്തു ശതമാനത്തിൽ താഴെ മാത്രമായിരുന്നു പ്രവേശനം നേടിയിരുന്നതെങ്കിൽ ഇപ്പോഴത് ഏതാണ്ട് 50 ശതമാനമായിരിക്കുന്നു. എന്തുകൊണ്ടാണ് ഈ വിവേചനം സംഭവിച്ചത്! നീറ്റ് പരീക്ഷാ സംവിധാനം സി ബി എസ് ഇയെ അടിസ്ഥാനപ്പെടുത്തി ആവുകയും അതിനായുള്ള ചെലവേറിയ കോച്ചിംഗ് സംവിധാനം താങ്ങാൻ പിന്നാക്ക വിഭാഗങ്ങൾക്കു കഴിയാതിരിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ഈ വിവേചനം പ്രത്യക്ഷമായത്. മികച്ച കോച്ചിംഗ് സെന്ററുകൾ വലിയ നഗരങ്ങൾ കേന്ദ്രീകരിച്ചാകുന്നതും ഗ്രാമീണ മേഖലയിലെ കുട്ടികൾ പിന്തള്ളപ്പെടുന്നതിനു കാരണമാകുന്നു.
ഇവിടെ നിങ്ങൾ എന്തു ചെയ്യും? ഇത് വിദ്യാഭ്യാസമാണോ ലോട്ടറി കച്ചവടമാണോ? ഞാൻ വിചാരിക്കുന്നു, ഇതൊരു ലോട്ടറി വ്യാപാരമാണെന്ന്. പരീക്ഷ ജയിക്കുക എന്നത് ഒരുതരം ഭാഗ്യ പരീക്ഷണമായിരിക്കുന്നു. ഞങ്ങളുടെ റിപ്പോർട്ടു പ്രകാരം നീറ്റ് യോഗ്യത നേടുന്ന 99 ശതമാനം കുട്ടികളും ഏതെങ്കിലും തരത്തിലുള്ള കോച്ചിംഗ് നേടിയവരാണ്. കൂടുതലും നഗരങ്ങളിലുള്ളവരുമാണ്. 70 ശതമാനവും റിപ്പീറ്റ് ചെയ്യുന്നവരാണ്.
ഇവർ ഗ്രാമീണ മേഖലയിലെ ഗവൺമെന്റ് ആശുപത്രികൾ സേവനം ചെയ്യുമെന്ന് താങ്കൾ കരുതുന്നുണ്ടോ? ഇല്ലെന്നാണ് കൃത്യമായ ഉത്തരം. ഞങ്ങളുടെ രേഖകൾ അത് വ്യക്തമാക്കുന്നുണ്ട്. നീറ്റിനു ശേഷം മെഡിക്കൽ പി.ജി നേടിയവരിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയാണ് തിരഞ്ഞെടുത്തത്! അതിനർഥം, വൈദ്യ സേവനത്തിന്റെ പേരിൽ സ്വകാര്യ മേഖല പുഷ്ടിപ്പെടുന്നു, കച്ചവടം പൊടിപൊടിക്കുന്നു എന്നു തന്നെ.
വെങ്കിടേഷ് രാമകൃഷ്ണൻ: നീറ്റ് സംവിധാനം മെഡിക്കൽ രംഗത്തെ ഗുണനിലവാര തകർച്ചക്ക് കാരണമായതിനെ കുറിച്ച് കമ്മിറ്റി റിപ്പോർട്ടു പറയുന്നുണ്ട്. വൈദ്യസേവന രംഗത്ത് തമിഴ്നാട് സ്വാതന്ത്ര്യത്തിനു മുമ്പത്തെ സാഹചര്യത്തിലേക്കു കൂപ്പു കുത്തി എന്നും വിലയിരുത്തുന്നു. എങ്ങനയാണത്?
പ്രഫ. ജവഹർ നേസൻ: നീറ്റിനു മുമ്പ് സംസ്ഥാനത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ സേവനം ചെയ്തിരുന്നത് ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നുള്ള ഡോക്ടർമാരാണ്. നീറ്റിനു ശേഷം നൂറു ശതമാനം അഖിലേന്ത്യ ക്വാട്ട ഏർപ്പെടുത്തിയതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നുള്ളവർ സംസ്ഥാനത്ത് പ്രവേശനം നേടി. ഒരിക്കൽ 99 ശതമാനം സംസ്ഥാനത്തു നിന്നുള്ളവർ പി ജി പ്രവേശനം നേടിയ സ്ഥാനത്ത് അത് ഗണ്യമായി കുറഞ്ഞു. ഏതാണ്ട് എഴുപത് ശതമാനം കുട്ടികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരായി. വലിയ ചെലവും സവിശേഷതകളുമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ പി ജി പൂർത്തിയാക്കി അവരെല്ലാം വിവിധ സംസ്ഥാനങ്ങളിലേക്കു തിരിച്ചുപോയി.
തിരിച്ചുപോകുന്നവർ അവരുടെ സംസ്ഥാനങ്ങളിൽ ഗവൺമെന്റ് ആശുപത്രികളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഞങ്ങളതിനെ സ്വാഗതം ചെയ്യുമായിരുന്നു. അവരധികവും പോയത് സ്വകാര്യ ആശുപത്രികളിലേക്കാണ്. ഞങ്ങളുടെ സർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ മികച്ച ഡോക്ടർമാരുടെ അഭാവമുണ്ടായി. ആ സന്ദർഭത്തിൽ ഞങ്ങൾ വിഷയം ഉയർത്തിയിരുന്നു. തുടർന്ന് അമ്പതു ശതമാനം സീറ്റ് സംസ്ഥാന ഗവൺമെന്റിൽ നിക്ഷിപ്തമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുണ്ടായി.
അമ്പത് ശതമാനം ക്വാട്ടയിൽ കുട്ടികളെത്തുമ്പോഴും കച്ചവട താത്പര്യത്തിന്റെ വിഷയം കടന്നുവരുന്നുണ്ട്. ഇവരുടെ കോച്ചിംഗും തുടർന്നുള്ള മെഡിക്കൽ സേവനവും സ്വകാര്യമേഖലക്കും കച്ചവട താത്പര്യങ്ങൾക്കുമാണ് വളംവെച്ചത്. അങ്ങനെ നല്ല ഡോക്ടർമാരെ ലഭിക്കാതെ സർക്കാർ നിയന്ത്രണത്തിലുള്ള പൊതുജനാരോഗ്യ മേഖല തകരാൻ തുടങ്ങിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആരോഗ്യമേഖല സ്വാതന്ത്ര്യ പൂർവകാലത്തേത്തു പോലെ ശോചനീയമായി എന്നു ഞങ്ങൾ പറഞ്ഞത്.
വെങ്കിടേഷ് രാമകൃഷ്ണൻ: നീറ്റ് സംവിധാനം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കു വിരുദ്ധവും സാമൂഹിക നീതി തകർക്കുന്നതുമാണെന്നാണ് സംസ്ഥാനം വാദിക്കുന്നത്. പിന്നെ എന്താണ് ഫലപ്രദമായ ബദൽ?
പ്രഫ. ജവഹർ നേസൻ: ഞങ്ങൾ ചില നിർദേശങ്ങൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മെഡിക്കൽ പ്രവേശന യോഗ്യത ഹയർ സെക്കൻഡറി പരീക്ഷയെ അടിസ്ഥാനമാക്കി പുനർ നിർണയിക്കണം. രാജ്യത്തെ 85 ശതമാനം വിദ്യാർഥികളും സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. 15 ശതമാനം മാത്രമാണ് ദേശീയ സിലബസ് പഠിച്ചെത്തുന്നത്. അതുകൊണ്ടു തന്നെ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അധികാരം നൽകണം.
ഹയർ സെക്കൻഡറി യോഗ്യതയായി പരിഗണിക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനം. അത് ഭംഗിയായി രൂപകൽപന ചെയ്തതും നന്നായി നിരീക്ഷിക്കപ്പെടുന്നതും സമയബന്ധിതമായി നടക്കുന്നതും തെളിയിക്കപ്പെട്ട മെക്കാനിസം ഉപയോഗപ്പെടുത്തുന്നതുമാണ്. ക്രമക്കേടുകൾ നടന്നിട്ടില്ലാത്തതും കോപ്പിയടി ഇല്ലാത്തതും പേപ്പർ ചോർച്ച റിപ്പോർട്ടു ചെയ്യപ്പെടാത്തതുമായ രീതിയാണത്. കുട്ടികൾ പന്ത്രണ്ടു വർഷമായി ആർജിച്ചെടുത്ത അക്കാദമിക മികവാണ് അവിടെ പരിശോധിക്കപ്പെടുന്നത്. മാത്രമല്ല അക്കാദമിക നിലവാരം അളക്കാനുള്ള ടെസ്റ്റാണത്, കേവലമൊരു മത്സര പരീക്ഷയല്ല.
ഹയർ സെക്കൻഡറി പഠിക്കുന്ന വിദ്യാർഥികൾ സവിശേഷമായ പരിശീലനം നേടുന്നവരാണ്. നാമക്കൽ ജില്ലയിലെ ഒരു സ്കൂളിൽ നിന്ന് നേരത്തെ 100 കുട്ടികൾ മെഡിക്കൽ പ്രവേശനത്തിന് യോഗ്യത നേടിയിരുന്നു. ഈ സ്കൂളുകൾ കേവലം പഠനത്തിൽ മാത്രമല്ല ഊന്നൽ നൽകുന്നത്. അവർ നല്ല കോച്ചിംഗും നൽകുന്നുണ്ട്.
മെഡിക്കൽ പ്രവേശന പരീക്ഷാ രംഗത്ത് പരിഷ്കരണം അനിവാര്യമാണ്. മനഃപാഠമാക്കാനുള്ള കഴിവും പരീക്ഷയെഴുതാനുള്ള മികവുമല്ല പരിഗണിക്കേണ്ടത് എന്ന് തമിഴ്നാട് ഉറച്ചുവിശ്വസിക്കുന്നതിനാൽ അക്കാദമിക പരിജ്ഞാനവും അറിവും ആണ് പരിശോധിക്കപ്പെടേണ്ടത് എന്നാണ് ഞങ്ങൾക്കു നിർദേശിക്കാനുള്ളത്. അപ്പോൾ സമൂഹത്തിലെ എല്ലാവർക്കും മത്സര പരീക്ഷയിൽ പങ്കെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടും.
ഹയർ സെക്കൻഡറിയിലും നഗര- ഗ്രാമ, സാമ്പത്തിക വിഷയങ്ങൾ ചെറിയ തോതിൽ ഉണ്ടാകാം. എന്നാൽ ഞങ്ങൾക്കു നിർദേശിക്കാനുള്ളത്, പരീക്ഷയിലെ ഘടനാ മാറ്റമാണ്. പ്രതികൂല മാർക്ക് നൽകുന്ന നിലവിലെ രീതി പുനഃപരിശോധിക്കണം. സാറ്റിൽ, അമേരിക്ക ചെയ്തതുപോലെ, നെഗറ്റീവ് സ്കോർ നൽകുന്ന മാനദണ്ഡം പരിഷ്കരിച്ചാൽ, ഏതു പശ്ചാത്തലത്തിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശന പരീക്ഷക്കിരിക്കാനും വിജയിക്കാനും സാധിക്കും. സാമൂഹിക നീതി ഉറപ്പുവരുത്താൻ കഴിയും.
തമിഴ്നാട്ടിൽ 9 പ്രതികൂല ഘടകങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് പരിഹരിച്ചാൽ, പോരായ്മ നികത്താൻ ചില പരിഹാരമാർഗങ്ങൾ പ്രയോഗത്തിൽ വരുത്തിയാൽ എല്ലാ പശ്ചാത്തലത്തിൽ നിന്നു വരുന്ന ഹയർസെക്കൻഡറി വിദ്യാർഥികൾക്കും തുല്യ അവസരം ലഭിക്കും. സാമൂഹിക നീതി ഉറപ്പുവരുത്താൻ സാധിക്കും. അവർ അവരുടെ നാടുകളിലേക്ക് തിരിച്ചുപോവുകയും മെഡിക്കൽ സേവനം എല്ലാ മേഖലയിലും ഉറപ്പുവരുത്താൻ സാധിക്കുകയും ചെയ്യും.
വെങ്കിടേഷ് രാമകൃഷ്ണന്: മെഡിക്കല്‍ പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറി മാനദണ്ഡമായി എടുക്കുമ്പോള്‍ ഒരു പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്. കേരളം, തമിഴ്നാട് പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയുമല്ല പല സംസ്ഥാനങ്ങളും ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കോപ്പിയടിയും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും അനിയന്ത്രിതമായ തുടര്‍ക്കഥയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സംവിധാനം വളരെ ശോചനീയമാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും സ്ഥിതി ഇതായിരിക്കേ എങ്ങനെയാണ് ഹയര്‍സെക്കന്‍ഡറി ഒരു മികച്ച മാനദണ്ഡമായി നിര്‍ദേശിക്കാന്‍ കഴിയുക?
പ്രൊഫ. ജവഹര്‍ നേസൻ: ബിഹാറില്‍ സംസ്ഥാനമൊട്ടാകെ സ്കൂള്‍ തലത്തില്‍ കോപ്പിയടിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. നീറ്റിലും ഇതേ തരത്തില്‍ സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ നന്നായി കോപ്പിയടിക്കാന്‍ കഴിയുന്നവരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയായി അതു മാറുമല്ലോ.
നീറ്റ് പരീക്ഷയില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികളുടെ അടിവസ്ത്രം വരെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. എന്നാല്‍ ബിഹാര്‍, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ശനമായ പരിശോധനകളില്ലെന്നു മാത്രമല്ല സുലഭമായി കോപ്പിയടിക്കാനുള്ള സാഹചര്യം ലഭിക്കുന്നു. ചോദ്യപ്പേപ്പര്‍ വില്പനക്കു ലഭിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കുമ്പോള്‍ മറ്റിടങ്ങളില്‍ വളരെ അയഞ്ഞ ചട്ടക്കൂടുകളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്.
ഇനി, സംസ്ഥാനമാണ് പരീക്ഷ നടത്തുന്നതെങ്കില്‍ അവര്‍ മികച്ച സംവിധാനം ഒരുക്കും. ആലോചനകളും തിരുത്തലുകളും വരുത്തി അവര്‍ മികവുറ്റ മെക്കാനിസം രൂപപ്പെടുത്തിയെടുക്കും. നീറ്റിനു മുമ്പ് ബിഹാറോ മറ്റു സംസ്ഥാനങ്ങളോ എന്ന ചോദ്യം ഉയര്‍ന്നിരുന്നില്ല. നീറ്റിനെ തുടര്‍ന്ന് കേന്ദ്രീകൃത പരീക്ഷ ഏര്‍പ്പെടുത്തിയപ്പോള്‍, സത്യന്ധരായ നല്ല കുട്ടികളും തട്ടിപ്പുകാരായ വിദ്യാര്‍ഥികളും ഒരേ പരീക്ഷക്കിരിക്കുന്ന സാഹചര്യം ഉണ്ടായി. നേരുള്ള വിദ്യാര്‍ഥികള്‍ ഇവിടെ വഞ്ചിക്കപ്പെടുകയാണ്. വലിയ വിവേചനം നേരിടുകയാണ്.
പ്രവേശന പരീക്ഷ സംസ്ഥാന വിഷയമാവുകയാണെങ്കില്‍ അവിടെ വേര്‍തിരിവുണ്ടാകില്ല. സംസ്ഥാനത്തൊട്ടാകെ ദുഷിച്ചതാണെങ്കില് അവിടെ വിവേചനത്തിന്റെ പ്രശ്നം വരുന്നില്ലല്ലോ. ഇപ്പോള്‍ തമിഴ്നാടും ബിഹാറുമായി വിവേചനം നിലനില്‍ക്കുന്നുണ്ട്. തെറ്റായാലും ശരിയായാലും നീറ്റിനു മുമ്പ് സംസ്ഥാനങ്ങള്‍ തമ്മില്‍ വിവേചനമുണ്ടായിരുന്നില്ല. ശരിയായ രീതി തിരഞ്ഞെടുക്കുന്നവരും വളഞ്ഞ വഴിക്ക് പോകുന്നവരും ഒരേ പരീക്ഷക്ക് മത്സരിക്കുകയാണിപ്പോൾ. പരീക്ഷാ മെക്കാനിസം കുറ്റമറ്റതാക്കാന്‍ ഓരോ സംസ്ഥാനവും ശ്രദ്ധിച്ചാല്‍ മതിയാകും.
വെങ്കിടേഷ് രാമകൃഷ്ണന്: കേന്ദ്രീകൃത പ്രവേശന പരീക്ഷയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താനാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ നീറ്റ് സമ്പൂര്‍ണമായി ഉപേക്ഷിച്ച് പുതിയൊരു സംവിധാനം നടപ്പാക്കുക എന്നതു മാത്രമാണ് താങ്കള്‍ക്ക് മുന്നോട്ടുവെക്കാനുള്ള നിര്‍ദേശം?
പ്രഫ. ജവഹര്‍ നേസൻ: വിദ്യാഭ്യാസം കൊണ്ടെന്താണ് അര്‍ഥമാക്കുന്നതെന്ന് നീറ്റിനെ പിന്തുണയ്ക്കുന്നവര്‍ക്ക് മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. അക്കാദമികമായി നീറ്റിന് സാധുതയില്ലെന്നു നമ്മള് കണ്ടു. അത് വിദ്യാര്‍ഥികളുടെ കഴിവോ അറിവോ സിദ്ധിയോ അളക്കുന്നില്ല. മത്സരപരീക്ഷയെഴുതാനുള്ള ശേഷി മാത്രമാണ് പരിഗണിക്കുന്നത്. അത് പഠനപ്രക്രിയക്കു പകരം കോച്ചിംഗിനെ പ്രോത്സാഹിപ്പിക്കുന്നു. അത് സാമൂഹിക നീതിക്കെതിരാണ്. ഈ കാരണങ്ങളാല്‍ നീറ്റ് ഉപയോഗശൂന്യമാണ്.
ക്രമക്കേടുകള്‍ ഇല്ലാതാക്കിയാല്‍, അഴിമതി തുടച്ചുനീക്കിയാല്‍ നീറ്റ് മികച്ച എന്‍ട്രന്‍സ് പരീക്ഷാ സംവിധാനമല്ലേ എന്നാണ് താങ്കള്‍ ചോദിച്ചത്. ക്രമക്കേടുകള്‍ പരിഹരിക്കുന്നതല്ല വിഷയം. അത് കേന്ദ്രം നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ. കേന്ദ്രത്തെ നമുക്കു തത്ക്കാലം വിശ്വാസത്തിലെടുക്കാം. കുറുക്കുവഴികള്‍ അടക്കും എന്നു കരുതാം. എങ്കിലും ആരാണ് ഈ പരീക്ഷ നടത്തുക? എന്‍ ടി എയോ അതുപോലുള്ള ഏജന്‍സികളോ ആകും. സമ്പൂര്‍ണമായി ബ്യൂറോക്രാറ്റുകളും അഡ്മിനിസ്ട്രേറ്റര്മാരുമാകും അതില്‍. വിദ്യാഭ്യാസ വിചക്ഷണരാരും അതിലുണ്ടാകില്ല.
എന്നാല്‍ സംസ്ഥാനത്തെ, കേരളമോ കര്‍ണാടകമോ തമിഴ്നാടോ ആവട്ടെ, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡുകള്‍ എടുക്കുക. അവിടെ സ്കൂള്‍ വിദ്യാഭ്യാസ ഡയരക്ടറേറ്റും കീഴില്‍ ജില്ലാ ഡയരക്ടറേറ്റും അതിനു കീഴില്‍ ഉപവിദ്യാഭ്യാസ ഡയരക്ടറേറ്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. കരിക്കുലം ലഭ്യമാക്കുന്നതു മുതല്‍ പരീക്ഷ വരെയുള്ള എല്ലാ കാര്യങ്ങളും നിരന്തരം പരിശോധിക്കാനും നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും കൃത്യമായ സംവിധാനം അവിടെയുണ്ട്. ക്രമക്കേടുകള്‍ നടക്കാനും ദുഷിക്കാനുമുള്ള സാധ്യത ഇവിടെ വളരെ വിരളമാണ്.
എന്നാല്‍, ദേശീയ ടെസ്റ്റിംഗ് ഏജന്‍സിക്ക് ഇത്തരം സംവിധാനങ്ങളൊന്നുമില്ല. വിദ്യാഭ്യാസ ബോര്‍ഡ് ഇല്ല. അതൊരു അഡ്മിനിസ്ട്രേറ്റീവ് ചട്ടക്കൂട് മാത്രമാണ്. ഒരു സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍ അവിടെയില്ല. നേരിട്ടെത്തുന്ന പുതുമുഖങ്ങളാണവിടെ. പരീക്ഷാ സംവിധാനം നിരീക്ഷിക്കാനുള്ള വിഭവശേഷി എന്‍ ടി എക്കില്ല. അതിനൊരു സംവിധാനം ഉണ്ടായാല്‍ പോലും ഇന്ത്യ പോലെ വൈവിധ്യം നിറഞ്ഞ രാജ്യത്ത് അതിന് ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയില്ല. അക്കാദമിക ചട്ടക്കൂട് ഇല്ലാത്ത നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി അനുയോജ്യമായൊരു നിര്‍വഹണ വിഭാഗമേ അല്ല.
വെങ്കിടേഷ് രാമകൃഷ്ണന്: നീറ്റ് വിഷയം ഇപ്പോള്‍ കേരളത്തിന്റെയോ തമിഴ്നാടിന്റെയോ മാത്രം പ്രശ്നമല്ല. അത് രാജ്യത്തെ ഒട്ടാകെ ബാധിക്കുന്ന വിഷയമായിരിക്കുന്നു. പ്രതിപക്ഷ നേതൃത്തിലേക്കെത്തുന്ന രാഹുല്‍ ഗാന്ധി വിഷയം ശക്തമായി ഉന്നയിച്ചു കഴിഞ്ഞു. താങ്കളുടെ റിപ്പോര്‍ട്ടിനെ കുറിച്ച് മറ്റുള്ളവരുടെ പ്രതികരണം എങ്ങനെയാണ്?
പ്രഫ. ജവഹര്‍ നേസൻ: മറ്റുള്ള സംസ്ഥാനങ്ങള്‍ തമിഴ്നാട് റിപ്പോര്‍ട്ടിനെ കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല എന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടു മാസത്തിനകം തമിഴ്നാട് സര്‍ക്കാര്‍ ഇന്ത്യയിലെ പ്രബലമായ 12 ഭാഷകളിലേക്ക് അത് മൊഴിമാറ്റം ചെയ്യുകയും പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് സൗജന്യമായി ലഭ്യമാണ്. കേരളം, മഹാരാഷ്ട്ര പോലെ ചില സംസ്ഥാനങ്ങള്‍ക്ക് തമിഴ്നാട് ഗവണ്മെന്റ് നേരിട്ട് റിപ്പോര്‍ട്ട് അയച്ചുകൊടുക്കുകയും പൊതുശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
പക്ഷേ മറ്റു സംസ്ഥാനങ്ങള്‍ വിഷയത്തെ കണ്ടത് തമിഴ്നാടിന്റെ പ്രശ്നം മാത്രമായാണ്. ആ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിലും മികച്ചൊരു പരിഹാരം നിര്‍ദേശിക്കപ്പെട്ടാല്‍ ഞങ്ങളതിനെ സ്വാഗതം ചെയ്യും. പക്ഷേ അതു സംഭവിച്ചില്ല.
ഇപ്പോള്‍ വിഷയം ഗൗരവതരമായി മാറുകയും പൊതുജനങ്ങളുടെ ആരോഗ്യത്തെ തകിടം മറിക്കുന്ന പ്രശ്നമായി വരികയും അഴിമതി ഉള്‍പ്പെടെ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ പോലും ഇതര സംസ്ഥാനങ്ങള്‍ക്ക് വിഷയത്തിന്റെ മര്‍മം പിടികിട്ടിയില്ല എന്നു തോന്നുന്നു. അഴിമതിയും ക്രമക്കേടും കെടുകാര്യസ്ഥതയുമായി മാത്രമാണ് അവരൊക്കെ വിഷയത്തെ കണ്ടത്. യഥാര്‍ഥത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടത്, നീറ്റ് പരീക്ഷയുടെ അക്കാദമിക സാധുതയാണ്, നിയമപരമായ സാധുതയാണ്, സാമൂഹിക നീതിയാണ്. ഈ നിലയിലെല്ലാം നീറ്റ് വമ്പന്‍ തോല്‍വിയാണ്.
വിഷയം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കള്‍ ആദ്യം അറിയേണ്ടത്, നീറ്റ് പ്രശ്നം അഴിമതിയുടെയോ ക്രമക്കേടിന്റെയോ ഇടനിലക്കാരുടെ ഇടപെടലിന്റെയോ പ്രശ്നമല്ലെന്നാണ്. ഇത് പൊതുജനാരോഗ്യത്തിന്റെ പ്രശ്നമാണ്. വൈദ്യരംഗത്തെ പ്രതിസന്ധിയാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ചോരുകയാണ്. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ പോലുള്ള മികച്ചൊരു രാഷ്ട്രീയ നേതാവ് ഈ വിഷയത്തെ സമഗ്രമായി കാണാത്തത്? നേരത്തെ മന്മോഹന് സിംഗിന്റെ കാലത്ത് വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും ഇപ്പോഴാണത് വളരെ ദയനീയമായി മാറിയത്.
പ്രതിപക്ഷ നേതാവാകുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ വിഷയം പൊതുജനാരോഗ്യ പ്രശ്നമായും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സമഗ്ര വിഷയമായും കാണണം. നീറ്റ് ഉയര്‍ത്തുന്ന അക്കാദമികവും സാമൂഹികവുമായ പ്രശ്നമായും ആരോഗ്യമേഖലയെ സമഗ്രമായി ബാധിക്കുന്ന പ്രശ്നമായും ഉയര്‍ത്തിക്കൊണ്ടുവരണം. നീറ്റിലെ അഴിമതിയും ക്രമക്കേടും തട്ടിപ്പും തടയുകയല്ല പരിഹാരം. പൊതു താത്പര്യം പരിഗണിച്ച് രാജ്യത്തു നിന്ന് നീറ്റ് ഇല്ലാതാക്കാനും നിരാകരിക്കാനും വേണ്ടി പ്രയത്നിക്കുകയാണ് വേണ്ടത്. രാഹുല്‍ ഗാന്ധിയോടും മറ്റു സംസ്ഥാനങ്ങളോടുമുള്ള എന്റെ അഭ്യര്‍ഥന ഇതാണ്.
ഈ അഭിമുഖം വീഡിയോ രൂപത്തിൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.