ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികവേളയിൽ വിവിധതലങ്ങളിലുള്ള ചർച്ചകളാലും വിലയിരുത്തലുകളാലും നമ്മുടെ സാമൂഹ്യരംഗം മുഖരിതമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ മുഖ്യധാരയിൽ ഇല്ലാതിരുന്ന ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന് രാജ്യാധികാരത്തിൽ മേൽക്കോയ്മയുള്ള ഒരു സാഹചര്യത്തിലാണ് ഇന്ത്യൻ പൊതുസമൂഹം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികം ആചരിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് നിലവിലില്ലാതിരുന്നതും, സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് നിലവിൽ നിന്നിരുന്നതുമായ വിഭജനത്തിൻ്റെ ആശയകാലുഷ്യം എഴുപത്തഞ്ചാം വാർഷികത്തിൽ നില നിൽക്കുന്നു എന്നതാണ് നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം. 1925 ൽ രൂപീകൃതമായ രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ നൂറാം ജന്മദിനത്തിന് മൂന്നുകൊല്ലങ്ങൾ ബാക്കിയുള്ളപ്പോൾ അവർ പൊരുതാതിരുന്ന സ്വാതന്ത്ര്യത്തിൻ്റെ മേൽ അവർ അധികാരം കയ്യാളുന്ന കാഴ്ചയാണ് നാം കാണുന്നത്.
ഗാന്ധിയോ സർദാർ പട്ടേലോ നെഹ്‌റുവോ അംബേദ്കറോ മൗലാനാ ആസാദോ 1940 കൾ വരെ സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ല ഇന്ത്യ മതത്തിൻ്റെ പേരിൽ വിഭജിക്കപ്പെടുമെന്ന്. എന്നാൽ അതിനെത്രയോ മുന്നേ മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടാക്കണമെന്ന പ്രത്യയശാസ്ത്രപരിസരം ഇന്ത്യയിലെ ഹിന്ദുവാദികൾക്ക് ഉണ്ടായിരുന്നു . സവർക്കറും ഗോൾവാൾക്കറും അർത്ഥശങ്കയ്ക്കിടമില്ലാതെ അത് പറഞ്ഞിട്ടുള്ളതാണ്. മുഹമ്മദലി ജിന്ന ഇരുരാഷ്ട്രവാദം ലീഗ് വേദിയിൽ അവതരിപ്പിച്ചപ്പോൾ ആദ്യം ആ വേദിയിൽ പിന്തുണയുമായി എത്തിയത് സവർക്കർ ആയിരുന്നു. എന്നാൽ സവർക്കർ കരുതിയത് ഒരു രാജ്യത്തിൽ രണ്ടു രാഷ്ട്രം, ഒന്ന് ഹിന്ദു രണ്ട് മുസ്‌ലിം എന്നായിരുന്നു. അതാണ് ഇപ്പോൾ പരോക്ഷമായി നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അവിടെയാണ് മൗലാന അബുൾ കലാം ആസാദിൻ്റെ ജീവിതം പ്രസക്തമാകുന്നത്. സ്വതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികത്തിൽ പണ്ഡിറ്റ് നെഹ്‌റു എന്നോ ഗാന്ധിയെന്നോ അംബേദ്‌കർ എന്നോ പറയുന്നതുപോലെ, ഒരു പക്ഷേ ഇന്നത്തെ ചരിത്രസന്ദർഭത്തിൽ അതിലുമധികമായി നാം സ്മരിക്കേണ്ട, വീണ്ടും കണ്ടെത്തേണ്ട ജീവിതമാണ് മൗലാനാ അബുൾ കലാം ആസാദിൻ്റേത്.
1940 ൽ ജിന്ന സവർക്കർ സംസാരിക്കുന്നതുപോലെ വാദിച്ചു, ഹിന്ദുവും മുസൽമാനും രണ്ടു മതങ്ങളല്ല, രണ്ടു സംസ്കാരങ്ങൾ തന്നെയാണെന്ന്. അക്കൊല്ലം തന്നെ മൗലാനാ ആസാദ് പ്രതികരിച്ചു, ഞാൻ മുസൽമാനാണ്. എന്നാൽ ഇന്ത്യയിൽ നിന്നും എന്നെ ഇറുത്തുമാറ്റാൻ കഴിയില്ല. ആസാദ് ജനിച്ചത് മെക്കയിലായിരുന്നു . ആസാദിൻ്റെ ഉമ്മയുടെ ബാപ്പ മദീനയിലെ മതപുരോഹിതനായിരുന്നു . ആസാദിൻ്റെ ബാപ്പ അഫ്‌ഗാനിസ്താനിലെ മതപൗരോഹിത്യപരമ്പരയിൽ പെട്ടയാളായിരുന്നു . ആസാദിൽ നിന്നാണ് ഗാന്ധിജി പ്രവാചകനബിയെക്കുറിച്ചും വിശുദ്ധ ഖുർ -ആനെക്കുറിച്ചും കൂടുതൽ അറിഞ്ഞത്. ആസാദാകട്ടെ ഭഗവദ് ഗീത മനസ്സിലാക്കിയത് ഗാന്ധിജിയിൽ നിന്നും.
1947 ൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ ഗാന്ധിജിക്കൊപ്പം തുല്യവേദന പങ്കിട്ട രണ്ടുപേർ മുസ്‌ലീങ്ങളായിരുന്നു. ഒന്ന് മൗലാനാ അബുൾ കലാം ആസാദും രണ്ട് ഖാൻ അബ്ദുൾ ഗാഫർ ഖാൻ എന്ന അതിർത്തിഗാന്ധിയും. വിഭജനകാലത്ത് മതത്തിൻ്റെ പേരിൽ ആളുകൾ പരസ്പരം വെട്ടിക്കൊല്ലുമ്പോൾ ഡൽഹിയിലെ ജുമാ മസ്ജിദിൻ്റെ പടവുകളിൽ നിന്ന് ആസാദ് വിശ്വാസികളോട് പറഞ്ഞു. “നിങ്ങൾ എങ്ങോട്ടാണ് ഈ ഒളിച്ചോടുന്നത് ? ഈ രാജ്യം നമ്മൾ കൂടി ഉണ്ടാക്കിയതാണ്. ഈ ഡൽഹി നഗരം പടുത്തുയർത്തിയത് നമ്മൾ കൂടിയാണ്. ഈ രാജ്യം നമ്മുടെ പൊതുസ്വത്താണ്. നാം ഇവിടെത്തന്നെ കഴിയേണ്ടവരാണ്”
ഒന്നാം സ്വാതന്ത്ര്യദിനത്തിൽ അന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത് പതിനാറംഗ മന്ത്രിസഭയായിരുന്നു. അതിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നു മൗലാനാ ആസാദ്. അദ്ദേഹം ഏതെങ്കിലും മതവിഭാഗത്തിൻ്റെ മന്ത്രിയെപ്പോലെയല്ല പെരുമാറിയത്. ഈ രാജ്യത്തെ സാർവത്രികവിദ്യാഭ്യാസത്തിൻ്റെ അടിത്തറയിട്ടത് ആസാദ് ആയിരുന്നു.
എന്നാൽ കോൺഗ്രസ്സ് എന്നത് പണ്ഡിറ്റ് നെഹ്‌റുവിൻ്റെ സന്തതിപരമ്പരയുടെ സ്വന്തം മാത്രമായി മാറിയത് 1970 കളോടെയാണ്. അതോടെ തമസ്ക്കരിക്കപ്പെട്ട നിരവധി മഹത്ജീവിതങ്ങളിൽ ഒന്നാണ് മൗലാന അബുൾ കലാം ആസാദിൻ്റേത്. പണ്ഡിറ്റ് നെഹ്‌റു എന്ന ഒരൊറ്റ ജനാധിപത്യമാതൃകയെ മുൻനിർത്തി ഇന്നത്തെ രാഷ്ട്രീയസാചര്യത്തിൽ മതേതരമൂല്യത്തെ ഇന്ത്യയ്ക്ക് തിരിച്ചുപിടിക്കാൻ കഴിയില്ല. അത് നെഹ്‌റുവിനോടും നമ്മൾ ചെയ്യുന്ന നീതികേടായിരിക്കും. ആസാദും അംബേദ്‌കറും പട്ടേലും രാജാജിയും നേതാജിയും ലോഹ്യയും നെഹ്‌റുവിനുതുല്യം പങ്കുവഹിച്ചതാണ് ഈ മതേതരജനാധിപത്യം പുലരാൻ. 1970 കൾക്കു ശേഷമുള്ള കോൺഗ്രസ്സ് നേതൃത്വം രാഷ്ട്രീയ അജ്ഞതയുടെ അമാവാസിയിലാണ് പുലർന്നത്. ആ ഇരുട്ടിൽ വളർന്നതാണ് വിധേയത്വത്തിൻ്റെ ഇന്ത്യൻ രാഷ്ട്രീയം. അതുകൊണ്ടാണ് ബാബ്‌റി പള്ളി പൊളിച്ചപ്പോൾ ഒരു ആസാദോ, പട്ടേലോ, നെഹ്‌റുവോ ഇതു നടപ്പില്ല എന്നു പറയാൻ കോൺഗ്രസ്സിൽ ഇല്ലാതെപോയത്.
ഈ ചെറിയ കുറിപ്പ് ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. മൗലാനാ അബുൾ കലാം ആസാദ് ആണ് സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികത്തിൽ ഇന്ത്യൻ മതേതര സമൂഹം അതിൻ്റെ കൊടിപ്പടത്തിൽ പകർത്തേണ്ട ചിത്രം. അതു ചെയ്തില്ല എങ്കിൽ ഈ ഏകമതപ്രളയത്തിൽ നെഹ്‌റുവും ഒലിച്ചുപോകും.